വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ‘കൊടു​ങ്കാറ്റ്‌’ അടുത്ത​ടുത്ത്‌ വരുന്ന ഈ സമയത്ത്‌ ആളുകൾ മുന്നറി​യി​പ്പു കേൾക്കണം

ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ—ദൈവം എപ്പോ​ഴും മതിയായ മുന്നറി​യി​പ്പു കൊടു​ക്കു​മോ?

ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ—ദൈവം എപ്പോ​ഴും മതിയായ മുന്നറി​യി​പ്പു കൊടു​ക്കു​മോ?

കാലാ​വ​സ്ഥാ​നി​രീ​ക്ഷണ കേന്ദ്ര​ത്തിൽ ജോലി ചെയ്യുന്ന ഒരാൾ പെട്ടെന്ന്‌ ഒരു വലിയ കൊടു​ങ്കാറ്റ്‌ അടുത്ത​ടുത്ത്‌ വരു​ന്നെന്നു മനസ്സി​ലാ​ക്കു​ന്നു. ധാരാളം ആളുകൾ തിങ്ങി​പ്പാർക്കുന്ന ഒരു സ്ഥലത്തേ​ക്കാണ്‌ അതിന്റെ വരവ്‌. ആളുകളെ രക്ഷിക്കാൻ അദ്ദേഹം ആഗ്രഹി​ക്കു​ന്നു. കാര്യങ്ങൾ കൈവി​ട്ടു​പോ​കു​ന്ന​തി​നു മുമ്പ്‌, ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കാൻ കഴിയു​ന്ന​തെ​ല്ലാം അദ്ദേഹം ചെയ്യുന്നു.

സമാന​മാ​യി, യഹോവ ഇന്നു മനുഷ്യർക്ക്‌ ഒരു ‘കൊടു​ങ്കാ​റ്റി​നെ​ക്കു​റിച്ച്‌’ മുന്നറി​യി​പ്പു കൊടു​ക്കു​ന്നുണ്ട്‌. ഇത്ര വിനാ​ശ​കാ​രി​യായ ഒരു കൊടു​ങ്കാ​റ്റി​നെ​ക്കു​റിച്ച്‌ അവർ ഒരു കാലാ​വസ്ഥാ റിപ്പോർട്ടി​ലും കേട്ടി​രി​ക്കാൻ ഇടയില്ല. ദൈവം എങ്ങനെ​യാണ്‌ അതി​നെ​ക്കു​റിച്ച്‌ മുന്നറി​യി​പ്പു കൊടു​ക്കു​ന്നത്‌? മുന്നറി​യി​പ്പു നൽകി​യിട്ട്‌ ആളുകൾക്കു പ്രതി​ക​രി​ക്കാൻ ദൈവം മതിയായ സമയം കൊടു​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? ഉത്തരം കണ്ടുപി​ടി​ക്കാൻ യഹോവ മുൻകാ​ലത്ത്‌ കൊടുത്ത ചില മുന്നറി​യി​പ്പു​കൾ നമുക്കു ചിന്തി​ക്കാം.

ദൈവം മുൻകാ​ലത്ത്‌ കൊടുത്ത ചില മുന്നറി​യി​പ്പു​കൾ

ബൈബിൾക്കാ​ല​ങ്ങ​ളിൽ യഹോവ നിരവധി ‘കൊടു​ങ്കാ​റ്റു​ക​ളെ​പ്പറ്റി,’ അഥവാ ന്യായ​വി​ധി​ക​ളെ​പ്പറ്റി, മുന്നറി​യി​പ്പു കൊടു​ത്തി​ട്ടുണ്ട്‌. തന്റെ കല്‌പ​നകൾ മനഃപൂർവം ലംഘി​ക്കു​ന്ന​വർക്ക്‌ എതി​രെ​യാ​യി​രു​ന്നു ആ ന്യായ​വി​ധി​കൾ. (സുഭാ. 10:25; യിരെ. 30:23) ഓരോ സന്ദർഭ​ത്തി​ലും അനുസ​ര​ണം​കെട്ട ആളുകൾക്കു ദൈവം നേര​ത്തേ​തന്നെ മുന്നറി​യി​പ്പു കൊടു​ത്തു. തന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ മാറ്റങ്ങൾ വരുത്താൻ നിർദേ​ശ​ങ്ങ​ളും കൊടു​ത്തു. (2 രാജാ. 17:12-15; നെഹ. 9:29, 30) മാറ്റം വരുത്താൻ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അടിയ​ന്തി​ര​മാ​യി പ്രവർത്തി​ക്കാൻ അവരെ പ്രേരി​പ്പി​ക്കു​ന്ന​തി​നും ദൈവം പലപ്പോ​ഴും ഭൂമി​യി​ലെ തന്റെ വിശ്വ​സ്‌ത​ദാ​സ​ന്മാ​രെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—ആമോ. 3:7.

അങ്ങനെ​യു​ള്ള ഒരു വിശ്വ​സ്‌ത​ദാ​സ​നാ​യി​രു​ന്നു നോഹ. തന്റെ കാലത്തെ അസാന്മാർഗി​ക​ളായ, അക്രമാ​സ​ക്ത​രായ ആളുകൾക്കു നോഹ വരാൻപോ​കുന്ന ആഗോള ജലപ്ര​ള​യ​ത്തെ​ക്കു​റിച്ച്‌ ധൈര്യ​ത്തോ​ടെ മുന്നറി​യി​പ്പു കൊടു​ത്തു, അതും അനേക​വർഷങ്ങൾ. (ഉൽപ. 6:9-13, 17) രക്ഷപ്പെ​ടാൻ എന്തു ചെയ്യണ​മെ​ന്നും നോഹ അവരോ​ടു പറഞ്ഞു. ഒന്നു ചിന്തി​ക്കുക: നോഹയെ ‘നീതി​യു​ടെ പ്രഘോ​ഷകൻ’ എന്നു ബൈബി​ളിൽ വിളി​ച്ചി​രി​ക്കു​ന്നു. നോഹ എത്രമാ​ത്രം സമയം അതിനു​വേണ്ടി ചെലവ​ഴി​ച്ചു​കാ​ണും!—2 പത്രോ. 2:5, ഓശാന.

നോഹ അത്ര​യെ​ല്ലാം ശ്രമി​ച്ചി​ട്ടും, ദൈവം നോഹ​യി​ലൂ​ടെ നൽകിയ സന്ദേശ​ത്തിന്‌ അക്കാലത്തെ ആളുകൾ ഒരു ശ്രദ്ധയും കൊടു​ത്തില്ല. തങ്ങൾക്ക്‌ ഒട്ടും വിശ്വാ​സ​മി​ല്ലെന്ന്‌ അവർ തെളി​യി​ച്ചു. അതിന്റെ ഫലമായി, ‘ജലപ്ര​ളയം വന്ന്‌ എല്ലാവ​രെ​യും തുടച്ചു​നീ​ക്കി​യ​പ്പോൾ’ അവരെ​ല്ലാം നശിച്ചു​പോ​യി. (മത്താ. 24:39; എബ്രാ. 11:7) മരണത്തെ മുഖാ​മു​ഖം കണ്ട സമയത്ത്‌, ദൈവം തങ്ങൾക്കു മതിയായ മുന്നറി​യി​പ്പു നൽകി​യി​ല്ലെന്നു പറയാൻ അവർക്കു കഴിയി​ല്ലാ​യി​രു​ന്നു.

മറ്റു ചില അവസര​ങ്ങ​ളിൽ, തന്റെ ന്യായ​വി​ധി​യു​ടെ ‘കൊടു​ങ്കാറ്റ്‌’ ആരംഭി​ക്കു​ന്ന​തി​നു കുറച്ച്‌ സമയം മുമ്പ്‌ യഹോവ വ്യക്തി​കൾക്കു മുന്നറി​യി​പ്പു കൊടു​ത്തി​ട്ടുണ്ട്‌. അപ്പോൾപ്പോ​ലും, ആളുകൾക്കു മാറ്റം വരുത്താൻ ആവശ്യ​ത്തി​നു സമയമു​ണ്ടെന്നു ദൈവം ഉറപ്പു​വ​രു​ത്തി. ഉദാഹ​ര​ണ​ത്തിന്‌, ഈജി​പ്‌തു​കാ​രു​ടെ മേൽ പത്തു ബാധകൾ വരുത്തി​യ​പ്പോൾ യഹോവ മുന്നറി​യി​പ്പു​കൾ നൽകി. ഏഴാമത്തെ ബാധ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. വിനാ​ശ​കാ​രി​യായ ആലിപ്പ​ഴ​വർഷ​മാ​യി​രു​ന്നു ആ ബാധ. അതെപ്പറ്റി ഫറവോ​നും ദാസർക്കും മുന്നറി​യി​പ്പു കൊടു​ക്കാൻ യഹോവ മോശ​യെ​യും അഹരോ​നെ​യും അയച്ചു. പക്ഷേ തൊട്ട​ടുത്ത ദിവസം ആലിപ്പഴം പെയ്യാൻ തുടങ്ങു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ നമ്മൾ ചിന്തി​ച്ചേ​ക്കാം: ഒരു അഭയസ്ഥാ​നം കണ്ടുപി​ടി​ക്കാ​നും കൊടു​ങ്കാ​റ്റിൽനിന്ന്‌ രക്ഷപ്പെ​ടാ​നും ദൈവം മതിയായ സമയം കൊടു​ത്തോ? ബൈബിൾ പറയുന്നു: “ഫറവോ​ന്റെ ദാസരിൽ യഹോ​വ​യു​ടെ വാക്കു​കളെ ഭയപ്പെ​ട്ട​വ​രെ​ല്ലാം അവരുടെ ദാസ​രെ​യും മൃഗങ്ങ​ളെ​യും വേഗം വീടു​ക​ളി​ലെ​ത്തി​ച്ചു. എന്നാൽ യഹോ​വ​യു​ടെ വാക്കുകൾ കാര്യ​മാ​യെ​ടു​ക്കാ​തി​രു​ന്നവർ അവരുടെ ദാസ​രെ​യും മൃഗങ്ങ​ളെ​യും വയലിൽത്തന്നെ വിട്ടു.” (പുറ. 9:18-21) യഹോവ മതിയായ മുന്നറി​യി​പ്പു കൊടു​ത്തു എന്നതിൽ സംശയ​മില്ല. പെട്ടെന്നു പ്രതി​ക​രി​ച്ച​വർക്ക്‌ ആ ബാധയു​ടെ കെടു​തി​ക​ളിൽനിന്ന്‌ രക്ഷപ്പെ​ടാൻ കഴിഞ്ഞു.

പത്താമത്തെ ബാധയ്‌ക്കു മുമ്പും ഫറവോ​നും ദാസർക്കും മുന്നറി​യി​പ്പു കിട്ടി​യി​രു​ന്നു. എന്നാൽ അവർ ബുദ്ധി​ശൂ​ന്യ​മാ​യി ആ മുന്നറി​യി​പ്പു തള്ളിക്ക​ളഞ്ഞു. (പുറ. 4:22, 23) ഫലമോ? തങ്ങളുടെ ആദ്യജാ​ത​ന്മാർ മരിച്ചു​വീ​ഴു​ന്നത്‌ അവർക്കു കാണേ​ണ്ടി​വന്നു. എന്തൊരു ദുരന്തം! (പുറ. 11:4-10; 12:29) മുന്നറി​യിപ്പ്‌ അനുസ​രിച്ച്‌ പ്രവർത്തി​ക്കാൻ അവർക്ക്‌ ആവശ്യ​ത്തി​നു സമയം കിട്ടി​യി​രു​ന്നോ? തീർച്ച​യാ​യും. വരാൻപോ​കുന്ന പത്താമത്തെ ബാധ​യെ​ക്കു​റിച്ച്‌ മോശ പെട്ടെ​ന്നു​തന്നെ ഇസ്രാ​യേ​ല്യർക്കു മുന്നറി​യി​പ്പു കൊടു​ത്തി​രു​ന്നു. കുടും​ബ​ങ്ങ​ളു​ടെ രക്ഷയ്‌ക്കു​വേണ്ടി അവർ ചെയ്യേണ്ട കാര്യ​ങ്ങ​ളും പറഞ്ഞു​കൊ​ടു​ത്തു. (പുറ. 12:21-28) എത്ര പേർ ആ മുന്നറി​യിപ്പ്‌ ശ്രദ്ധിച്ചു? ചില കണക്കുകൾ അനുസ​രിച്ച്‌ 30 ലക്ഷത്തിൽ കൂടുതൽ ആളുകൾ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യിൽനിന്ന്‌ ഒഴിവാ​കു​ക​യും ഈജി​പ്‌ത്‌ വിട്ടു​പോ​കു​ക​യും ചെയ്‌തു. അതിൽ ഇസ്രാ​യേ​ല്യർ മാത്രമല്ല, ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത​വ​രും ഈജി​പ്‌തു​കാ​രും അടങ്ങിയ “ഒരു വലിയ സമ്മി​ശ്ര​പു​രു​ഷാ​ര​വും” ഉണ്ടായി​രു​ന്നു.—പുറ. 12:38, അടിക്കു​റിപ്പ്‌.

ഈ ഉദാഹ​ര​ണങ്ങൾ കാണി​ക്കു​ന്ന​തു​പോ​ലെ, തന്റെ മുന്നറി​യി​പ്പു​കൾ ശ്രദ്ധി​ക്കാൻ ആളുകൾക്കു മതിയായ സമയം ലഭിക്കു​ന്നു​ണ്ടെന്ന്‌ എല്ലായ്‌പോ​ഴും യഹോവ ഉറപ്പു വരുത്തി​യി​രു​ന്നു. (ആവ. 32:4) എന്തിനാ​ണു ദൈവം ഇങ്ങനെ ചെയ്‌തത്‌? “ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ” യഹോവ ആഗ്രഹി​ക്കു​ന്നെന്നു പത്രോസ്‌ അപ്പോ​സ്‌തലൻ വിശദീ​ക​രി​ക്കു​ന്നു. (2 പത്രോ. 3:9) ദൈവ​ത്തിന്‌ ആളുക​ളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടാ​യി​രു​ന്നു എന്നല്ലേ ഇതു കാണി​ക്കു​ന്നത്‌? തന്റെ ന്യായ​വി​ധി വരുന്ന​തി​നു മുമ്പ്‌ ആളുകൾ ആവശ്യ​മായ മാറ്റങ്ങൾ വരുത്തി മാനസാ​ന്ത​ര​പ്പെ​ടാൻ ദൈവം ആഗ്രഹി​ച്ചു.—യശ. 48:17, 18; റോമ. 2:4.

ദൈവ​ത്തി​ന്റെ മുന്നറി​യിപ്പ്‌ ഇക്കാലത്ത്‌

ഇന്നും ലോക​വ്യാ​പ​ക​മാ​യി ഒരു അടിയ​ന്തി​ര​സ​ന്ദേശം അറിയി​ക്കു​ന്നുണ്ട്‌. ആളുകൾ അതിനു ചെവി കൊടു​ക്കണം. ഒരു ‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ ഇന്നത്തെ വ്യവസ്ഥി​തി നശിപ്പി​ക്ക​പ്പെ​ടു​മെന്നു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. (മത്താ. 24:21) ഭാവി​യി​ലെ ന്യായ​വി​ധി​യെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു വിശദ​മായ ഒരു പ്രവച​നം​തന്നെ നടത്തി. ആ സമയം അടുത്ത​ടുത്ത്‌ വരു​മ്പോൾ തന്റെ അനുഗാ​മി​കൾ എന്തെല്ലാം കാണു​ക​യും അനുഭ​വി​ക്കു​ക​യും ചെയ്യു​മെന്നു യേശു വിശദീ​ക​രി​ച്ചു. ലോക​മെ​ങ്ങും നടക്കാൻപോ​കുന്ന വലിയ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു എടുത്തു​പ​റഞ്ഞു. അതാണു നമ്മൾ ഇന്നു കണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തും.—മത്താ. 24:3-12; ലൂക്കോ. 21:10-13.

ആ പ്രവച​ന​ത്തി​നു ചേർച്ച​യിൽ തന്നെ സേവി​ക്കാ​നും അനുസ​രി​ക്കാ​നും യഹോവ ഇന്ന്‌ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അനുസ​ര​ണ​മുള്ള മനുഷ്യർ ഇപ്പോൾത്തന്നെ മെച്ചപ്പെട്ട ഒരു ജീവി​ത​വും നീതി​യുള്ള തന്റെ പുതിയ ലോക​ത്തി​ലെ അനു​ഗ്ര​ഹ​ങ്ങ​ളും ആസ്വദി​ക്ക​ണ​മെ​ന്നാണ്‌ യഹോ​വ​യു​ടെ ആഗ്രഹം. (2 പത്രോ. 3:13) തന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ ആളുകളെ സഹായി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു. അതിനാ​യി ജീവര​ക്ഷാ​ക​ര​മായ ഒരു സന്ദേശ​വും നൽകി​യി​ട്ടുണ്ട്‌. “എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും” എന്നു യേശു മുൻകൂ​ട്ടി​പ്പറഞ്ഞ ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത​യാണ്‌’ അത്‌. (മത്താ. 24:14) ഈ ‘സാക്ഷ്യം,’ അഥവാ ദൈവി​ക​സ​ന്ദേശം, അറിയി​ക്കു​ന്ന​തിന്‌ ഏതാണ്ട്‌ 240 ദേശങ്ങ​ളി​ലാ​യി ദൈവം തന്റെ യഥാർഥ ആരാധ​കരെ ഉപയോ​ഗി​ക്കു​ന്നു. പരമാ​വധി ആളുകൾ തന്റെ മുന്നറി​യി​പ്പി​നു ശ്രദ്ധ കൊടു​ക്കാ​നും നീതി​യുള്ള തന്റെ ന്യായ​വി​ധി​യു​ടെ ‘കൊടു​ങ്കാ​റ്റിൽനിന്ന്‌’ രക്ഷ നേടാ​നും യഹോവ ആഗ്രഹി​ക്കു​ന്നു.—സെഫ. 1:14, 15; 2:2, 3.

അതു​കൊണ്ട്‌, തന്റെ മുന്നറി​യി​പ്പു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ യഹോവ ആളുകൾക്ക്‌ ആവശ്യ​ത്തി​നു സമയം കൊടു​ക്കു​മോ ഇല്ലയോ എന്നതല്ല ചോദ്യം. ദൈവം എപ്പോ​ഴും അതു ചെയ്യു​മെ​ന്ന​തി​നു തെളി​വു​ക​ളുണ്ട്‌. എന്നാൽ അനുവ​ദി​ച്ചി​രി​ക്കുന്ന സമയത്തി​നു​ള്ളിൽ ആളുകൾ ദൈവ​ത്തി​ന്റെ മുന്നറി​യി​പ്പു ശ്രദ്ധി​ക്കു​മോ എന്നതാണു ചോദ്യം. ദൈവ​ത്തി​ന്റെ സന്ദേശ​വാ​ഹ​ക​രെന്ന നിലയിൽ ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യത്തെ അതിജീ​വി​ക്കു​ന്ന​തി​നു പരമാ​വധി ആളുകളെ സഹായി​ക്കാൻ തുടർന്നും നമുക്കു ശ്രമി​ക്കാം.