വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 43

യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കുക

യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കുക

“യഹോവ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌.”—നഹൂം 1:2.

ഗീതം 51 നമ്മൾ ദൈവ​ത്തി​നു സമർപ്പി​തർ!

പൂർവാവലോകനം *

1. യഹോവ നമ്മുടെ സമ്പൂർണ​ഭക്തി അർഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോവ നമ്മുടെ സമ്പൂർണ​ഭക്തി അർഹി​ക്കു​ന്നു. കാരണം യഹോ​വ​യാ​ണു നമ്മളെ സൃഷ്ടി​ച്ചത്‌, നമുക്കു ജീവൻ നൽകി​യത്‌. (വെളി. 4:11) നമ്മൾ എല്ലാവ​രും യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ചില​പ്പോൾ മറ്റു ചില കാര്യ​ങ്ങ​ളോട്‌ ആകർഷണം തോന്നി​യിട്ട്‌ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കു​ന്ന​തിൽ നമുക്കു വീഴ്‌ച വന്നേക്കാം. ഇത്‌ എങ്ങനെ​യാ​ണു സംഭവി​ക്കു​ന്ന​തെന്നു നമ്മൾ മനസ്സി​ലാ​ക്കണം. ആദ്യമാ​യി, സമ്പൂർണ​ഭ​ക്തി​യിൽ ഉൾപ്പെ​ടുന്ന ചില കാര്യങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.

2. പുറപ്പാട്‌ 34:14-ൽ പറയു​ന്ന​തു​പോ​ലെ, യഹോ​വ​യോ​ടു സമ്പൂർണ​ഭ​ക്തി​യു​ണ്ടെ​ങ്കിൽ നമ്മൾ എന്തു ചെയ്യും?

2 ബൈബി​ളിൽ, ദൈവ​ത്തോ​ടു ഭക്തിയു​ണ്ടാ​യി​രി​ക്കുക എന്നു പറഞ്ഞാൽ ദൈവ​ത്തോട്‌ ആഴമായ സ്‌നേ​ഹ​മു​ണ്ടാ​യി​രി​ക്കുക എന്നാണ്‌ അർഥം. നമുക്ക്‌ യഹോ​വ​യോ​ടു സമ്പൂർണ​മായ ഭക്തിയു​ണ്ടെ​ങ്കിൽ നമ്മൾ യഹോ​വയെ മാത്രമേ ആരാധി​ക്കു​ക​യു​ള്ളൂ. നമ്മുടെ ഹൃദയ​ത്തിൽ ദൈവ​ത്തി​നുള്ള സ്ഥാനത്ത്‌ മറ്റാ​രെ​യും, മറ്റൊ​ന്നി​നെ​യും നമ്മൾ അനുവ​ദി​ക്കില്ല.—പുറപ്പാട്‌ 34:14 വായി​ക്കുക.

3. യഹോ​വ​യോ​ടുള്ള നമ്മുടെ ഭക്തി അന്ധമ​ല്ലെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

3 യഹോ​വ​യോ​ടുള്ള നമ്മുടെ ഭക്തി അന്ധമല്ല. എന്തു​കൊണ്ട്‌? കാരണം യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മൾ അറിഞ്ഞ കാര്യ​ങ്ങ​ളാണ്‌ നമ്മുടെ ഭക്തിയു​ടെ അടിസ്ഥാ​നം. യഹോ​വ​യു​ടെ മനോ​ഹ​ര​മായ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ച​പ്പോൾ നമുക്കു വളരെ​യ​ധി​കം മതിപ്പു തോന്നി. യഹോവ ഇഷ്ടപ്പെ​ടുന്ന കാര്യ​ങ്ങ​ളും വെറു​ക്കുന്ന കാര്യ​ങ്ങ​ളും നമുക്കു മനസ്സി​ലാ​യി, നമുക്കും അങ്ങനെ​തന്നെ തോന്നി​ത്തു​ടങ്ങി. മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നമ്മൾ മനസ്സി​ലാ​ക്കി, അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു. തന്റെ സുഹൃ​ത്താ​യി​രി​ക്കാ​നുള്ള അവസരം യഹോവ തന്നതിൽ നമുക്ക്‌ അഭിമാ​നം തോന്നു​ന്നു. (സങ്കീ. 25:14) സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ നമ്മൾ പഠിക്കുന്ന ഓരോ കാര്യ​വും ആ സ്രഷ്ടാ​വി​ലേക്കു നമ്മളെ അടുപ്പി​ക്കു​ന്നി​ല്ലേ?—യാക്കോ. 4:8.

4. (എ) യഹോ​വ​യോ​ടുള്ള നമ്മുടെ ഭക്തി ദുർബ​ല​മാ​ക്കാൻ സാത്താൻ എന്തി​നെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

4 സാത്താ​നാണ്‌ ഈ വ്യവസ്ഥി​തി​യെ നിയ​ന്ത്രി​ക്കു​ന്നത്‌. നമ്മുടെ സ്വാഭാ​വി​ക​മായ ആഗ്രഹ​ങ്ങ​ളെ​യും ജഡിക​മായ ബലഹീ​ന​ത​ക​ളെ​യും മുത​ലെ​ടു​ക്കാൻ അവൻ ഈ വ്യവസ്ഥി​തി​യെ ഉപയോ​ഗി​ക്കു​ന്നു. (എഫെ. 2:1-3; 1 യോഹ. 5:19) നമ്മുടെ ഹൃദയ​ത്തിൽ മറ്റു കാര്യ​ങ്ങ​ളോ​ടും സ്‌നേഹം വളർത്തുക എന്നതാണ്‌ അവന്റെ ലക്ഷ്യം. യഹോ​വ​യ്‌ക്കു നമ്മൾ സമ്പൂർണ​ഭക്തി കൊടു​ക്കാ​തി​രി​ക്കാൻ വേണ്ടി​യാണ്‌ അവൻ ഇതു ചെയ്യു​ന്നത്‌. ഇക്കാര്യ​ത്തിൽ അവൻ ഒരു അളവു​വരെ വിജയി​ച്ചേ​ക്കാ​വുന്ന രണ്ടു കാര്യങ്ങൾ നോക്കാം. (1) പണവും വസ്‌തു​വ​ക​ക​ളും; (2) മോശ​മായ വിനോ​ദ​പ​രി​പാ​ടി​കൾ.

പണസ്‌നേ​ഹ​ത്തിന്‌ എതിരെ ജാഗ്രത പാലി​ക്കു​ക

5. പണസ്‌നേഹം നമ്മളിൽ വളർന്നു​വ​രാ​തി​രി​ക്കാൻ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

5 ആവശ്യ​ത്തി​നു ഭക്ഷണവും നല്ല വസ്‌ത്ര​ങ്ങ​ളും താമസി​ക്കാൻ കൊള്ളാ​വുന്ന ഒരു വീടും നമ്മൾ എല്ലാവ​രും ആഗ്രഹി​ക്കു​ന്നു. അതേസ​മയം, പണസ്‌നേഹം നമ്മളിൽ വളർന്നു​വ​രാ​തി​രി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കണം. സാത്താന്റെ ലോക​ത്തി​ന്റെ ഭാഗമായ പലരും “പണക്കൊ​തി​യ​ന്മാ​രും” വസ്‌തു​വ​ക​ക​ളോ​ടു ഭ്രമമു​ള്ള​വ​രും ആണ്‌. (2 തിമൊ. 3:2) തന്റെ അനുഗാ​മി​ക​ളിൽ പണത്തോ​ടുള്ള സ്‌നേഹം വളർന്നു​വ​ന്നേ​ക്കാ​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാ​ണു യേശു ഇങ്ങനെ പറഞ്ഞത്‌: “രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാ​നനെ സ്‌നേ​ഹി​ക്കും. അല്ലെങ്കിൽ ഒന്നാമ​നോ​ടു പറ്റിനിന്ന്‌ മറ്റേ യജമാ​നനെ നിന്ദി​ക്കും. നിങ്ങൾക്ക്‌ ഒരേ സമയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.” (മത്താ. 6:24) യഹോ​വയെ ആരാധി​ക്കു​ക​യും അതേസ​മയം പണക്കാ​ര​നാ​കാൻവേണ്ടി ധാരാളം സമയവും ശ്രമവും ചെലവ​ഴി​ക്കു​ക​യും ചെയ്യുന്ന ഒരു വ്യക്തി, ഒരർഥ​ത്തിൽ രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ശ്രമി​ക്കു​ക​യാണ്‌. അയാൾ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കു​ന്നില്ല.

ലവോദിക്യയിലെ ചിലർ തങ്ങളെത്തന്നെ എങ്ങനെയാണു വീക്ഷി​ച്ചത്‌ . . . യഹോ​വ​യും യേശു​വും അവരെ എങ്ങനെയാണു വീക്ഷി​ച്ചത്‌? (6-ാം ഖണ്ഡിക കാണുക)

6. ലവൊ​ദി​ക്യ​യി​ലെ സഭയോ​ടു യേശു പറഞ്ഞ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

6 എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോട്‌ അടുത്ത്‌, ലവൊ​ദി​ക്യ സഭയിലെ അംഗങ്ങൾ ഇങ്ങനെ വീമ്പി​ളക്കി: “ഞാൻ ധനിക​നാണ്‌; ഞാൻ ഒരുപാ​ടു സമ്പാദി​ച്ചു; എനിക്ക്‌ ഒന്നിനും കുറവില്ല.” പക്ഷേ യഹോ​വ​യും യേശു​വും അവരെ എങ്ങനെ​യാ​ണു കണ്ടത്‌? അവർ ‘കഷ്ടതയി​ലാ​ണെ​ന്നും അവരുടെ അവസ്ഥ ദയനീ​യ​മാ​ണെ​ന്നും അവർ ദരി​ദ്ര​രും അന്ധരും നഗ്നരും’ ആണെന്നും യേശു പറഞ്ഞു. പണക്കാ​രാ​യ​തു​കൊ​ണ്ടല്ല യേശു അവർക്കു ബുദ്ധി​യു​പ​ദേശം കൊടു​ത്തത്‌. പകരം, പണത്തോ​ടുള്ള സ്‌നേഹം യഹോ​വ​യു​മാ​യുള്ള അവരുടെ ബന്ധത്തിനു വിള്ളൽ വീഴ്‌ത്തി​യ​തു​കൊ​ണ്ടാണ്‌. (വെളി. 3:14-17) പണത്തിനു പിന്നാലെ പോകാ​നുള്ള ഒരു ആഗ്രഹം നമ്മുടെ ഉള്ളിൽ വളരു​ന്നു​ണ്ടെന്നു മനസ്സി​ലാ​യാൽ, നമ്മുടെ ചിന്ത നേരെ​യാ​ക്കാൻ പെട്ടെന്നു പ്രവർത്തി​ക്കണം. (1 തിമൊ. 6:7, 8) അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ, പണത്തെ​യും വസ്‌തു​വ​ക​ക​ളെ​യും നമ്മൾ സ്‌നേ​ഹി​ച്ചു​തു​ട​ങ്ങും. അങ്ങനെ സംഭവി​ച്ചാൽ യഹോവ നമ്മുടെ ആരാധന സ്വീക​രി​ക്കില്ല. കാരണം, യഹോ​വ​യ്‌ക്കു നമ്മുടെ ‘സമ്പൂർണ​ഭ​ക്തി​യാണ്‌’ വേണ്ടത്‌. (ആവ. 4:24) പണത്തിനു നമ്മുടെ ജീവി​ത​ത്തിൽ ആവശ്യ​ത്തി​ല​ധി​കം പ്രാധാ​ന്യം കൊടു​ക്കാൻ ഇടവ​ന്നേ​ക്കാ​വു​ന്നത്‌ എങ്ങനെ?

7-9. ഡേവിഡ്‌ എന്ന മൂപ്പന്റെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

7 ഐക്യ​നാ​ടു​ക​ളി​ലെ ഒരു മൂപ്പനായ ഡേവി​ഡി​ന്റെ അനുഭവം നോക്കാം. അദ്ദേഹം തന്നെത്തന്നെ വിശേ​ഷി​പ്പി​ച്ചതു ‘കഠിനാ​ധ്വാ​നി​യായ ഒരു ജോലി​ക്കാ​രൻ’ എന്നാണ്‌. അദ്ദേഹ​ത്തി​നു കമ്പനി​യിൽ ജോലി​ക്ക​യറ്റം കിട്ടി, അദ്ദേഹ​ത്തി​ന്റെ ജോലി​ക്കു ദേശീ​യ​ത​ല​ത്തിൽ അംഗീ​കാ​രം ലഭിക്കു​ക​പോ​ലും ചെയ്‌തു. സഹോ​ദരൻ പറഞ്ഞു: “ഇതെല്ലാം യഹോവ തരുന്ന അനു​ഗ്ര​ഹ​മാ​ണെ​ന്നാ​ണു ഞാൻ വിചാ​രി​ച്ചത്‌.” പക്ഷേ ശരിക്കും അതു സത്യമാ​യി​രു​ന്നോ?

8 ജോലി യഹോ​വ​യു​മാ​യുള്ള സൗഹൃ​ദത്തെ ബാധി​ക്കു​ന്ന​തി​ന്റെ ചില ലക്ഷണങ്ങൾ സഹോ​ദരൻ കാണാൻതു​ടങ്ങി. സഹോ​ദരൻ പറയുന്നു: “മീറ്റി​ങ്ങു​ക​ളു​ടെ സമയത്തും ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോ​ഴും ജോലി​സ്ഥ​ലത്തെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു എന്റെ ചിന്ത. ഞാൻ ധാരാളം പണം സമ്പാദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പക്ഷേ സമ്മർദം കൂടി​ക്കൂ​ടി​വന്നു. കുടും​ബ​ത്തി​ലും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കാൻ തുടങ്ങി.”

9 തന്റെ മുൻഗ​ണ​ന​ക​ളിൽ മാറ്റം വരുത്ത​ണ​മെന്നു സഹോ​ദ​രനു മനസ്സി​ലാ​യി. അദ്ദേഹം പറയുന്നു: “മാറ്റം വരുത്താൻ ഞാൻ ഉറച്ച തീരു​മാ​ന​മെ​ടു​ത്തു.” ജോലി​സ​മയം കുറയ്‌ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അദ്ദേഹം തൊഴി​ലു​ട​മ​യോ​ടു സംസാ​രി​ച്ചു. എന്തായി​രു​ന്നു ഫലം? സഹോ​ദ​രന്റെ ജോലി പോയി! അദ്ദേഹ​ത്തി​നു നിരു​ത്സാ​ഹം തോന്നി​യോ? സഹോ​ദരൻ പറയുന്നു: “തൊട്ട​ടുത്ത ദിവസം​തന്നെ തുടർച്ച​യാ​യി സഹായ മുൻനി​ര​സേ​വനം ചെയ്യാൻ ഞാൻ അപേക്ഷ കൊടു​ത്തു.” ജീവി​താ​വ​ശ്യ​ങ്ങൾക്കു​വേണ്ടി സഹോ​ദ​ര​നും ഭാര്യ​യും വീടുകൾ വൃത്തി​യാ​ക്കി​ക്കൊ​ടു​ക്കുന്ന ജോലി ചെയ്യാൻ തുടങ്ങി. അധികം താമസി​യാ​തെ, അദ്ദേഹം സാധാരണ മുൻനി​ര​സേ​വനം ആരംഭി​ച്ചു. പിന്നീടു സഹോ​ദ​രി​യും സഹോ​ദ​ര​നോ​ടൊ​പ്പം ചേർന്നു. പലരും താഴ്‌ന്ന​താ​യി കരുതി​യി​രുന്ന ജോലി​യാണ്‌ ഈ ദമ്പതികൾ തിര​ഞ്ഞെ​ടു​ത്തത്‌. എന്നാൽ അതൊ​ന്നും അവർക്ക്‌ ഒരു പ്രശ്‌ന​മാ​യി​രു​ന്നില്ല. അവരുടെ വരുമാ​നം പത്തി​ലൊ​ന്നാ​യി കുറ​ഞ്ഞെ​ങ്കി​ലും ഓരോ മാസ​ത്തെ​യും ചെലവു​കൾക്ക്‌ ആവശ്യ​മായ പണം അവർക്കു കിട്ടു​ന്നുണ്ട്‌. യഹോ​വ​യ്‌ക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻത​ന്നെ​യാണ്‌ അവരുടെ തീരു​മാ​നം. രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കു​ന്ന​വർക്കു​വേണ്ടി ദൈവം കരുതു​ന്നത്‌ എങ്ങനെ​യെന്ന്‌ അവർ അനുഭ​വി​ച്ച​റി​ഞ്ഞു.—മത്താ. 6:31-33.

10. നമുക്ക്‌ എങ്ങനെ നമ്മുടെ ഹൃദയം കാത്തു​സൂ​ക്ഷി​ക്കാം?

10 സമ്പന്നരാ​ണെ​ങ്കി​ലും അധികം പണമി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ലും, നമ്മൾ ഹൃദയം കാത്തു​സൂ​ക്ഷി​ക്കണം. എങ്ങനെ? നമ്മുടെ ഉള്ളിൽ പണസ്‌നേഹം വളരാൻ അനുവ​ദി​ക്ക​രുത്‌. നിങ്ങളു​ടെ ജോലിക്ക്‌ യഹോ​വ​യ്‌ക്കുള്ള സേവന​ത്തെ​ക്കാൾ പ്രാധാ​ന്യം കൊടു​ക്ക​രുത്‌. പിൻവ​രുന്ന ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കു​ന്നതു നിങ്ങളു​ടെ ഹൃദയ​ത്തിൽ എന്താണു​ള്ള​തെന്നു മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കും: ‘മീറ്റി​ങ്ങു​ക​ളി​ലാ​യി​രി​ക്കു​മ്പോ​ഴും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോ​ഴും ഞാൻ എന്റെ ജോലി​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടെ​ക്കൂ​ടെ ചിന്തി​ക്കാ​റു​ണ്ടോ? ഭാവി ഭദ്രമാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞാൻ പലപ്പോ​ഴും ആകുല​പ്പെ​ടാ​റു​ണ്ടോ? പണവും വസ്‌തു​വ​ക​ക​ളും എനിക്കും ഇണയ്‌ക്കും ഇടയിൽ പ്രശ്‌ന​ങ്ങൾക്കു കാരണ​മാ​കാ​റു​ണ്ടോ? യഹോ​വയെ സേവി​ക്കാൻ കൂടുതൽ സമയം കിട്ടാൻവേണ്ടി മറ്റുള്ളവർ താഴ്‌ന്ന​താ​യി കരുതുന്ന ഒരു ജോലി ചെയ്യേ​ണ്ടി​വ​ന്നാൽ അതിനു ഞാൻ തയ്യാറാ​ണോ?’ (1 തിമൊ. 6:9-12) ഈ ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ ഒരു കാര്യം ഓർക്കുക: യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു. “ഞാൻ നിന്നെ ഒരിക്ക​ലും കൈവി​ടില്ല; ഒരിക്ക​ലും ഉപേക്ഷി​ക്കില്ല” എന്ന വാഗ്‌ദാ​ന​വും യഹോവ നമുക്കു തന്നിട്ടുണ്ട്‌. അതു​കൊ​ണ്ടാ​ണു പൗലോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ എഴുതി​യത്‌: “നിങ്ങളു​ടെ ജീവിതം പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ.”—എബ്രാ. 13:5, 6.

വിനോ​ദം ശ്രദ്ധയോടെ തിരഞ്ഞെടുക്കുക

11. വിനോ​ദം ഒരു വ്യക്തിയെ എങ്ങനെ സ്വാധീ​നി​ക്കും?

11 നമ്മൾ സന്തോ​ഷ​ത്തോ​ടെ ജീവി​ക്ക​ണ​മെ​ന്നാണ്‌ യഹോ​വ​യു​ടെ ആഗ്രഹം. നമുക്കു സന്തോഷം തരുന്ന വിനോ​ദം ആസ്വദി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു. “തിന്നു​ക​യും കുടി​ക്കു​ക​യും അധ്വാ​ന​ത്തിൽ ആസ്വാ​ദനം കണ്ടെത്തു​ക​യും ചെയ്യു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി മനുഷ്യന്‌ ഒന്നുമില്ല” എന്നാണു ദൈവ​വ​ചനം പറയു​ന്നത്‌. (സഭാ. 2:24) എന്നാൽ ഈ ലോക​ത്തി​ലെ പല വിനോ​ദ​ങ്ങ​ളും ആളുകളെ മോശ​മാ​യി സ്വാധീ​നി​ക്കു​ന്ന​താണ്‌. അത്‌ അവരുടെ ധാർമി​ക​നി​ല​വാ​രങ്ങൾ അധഃപ​തി​ക്കാൻ ഇടയാ​ക്കു​ന്നു. ദൈവ​വ​ചനം കുറ്റം വിധി​ക്കുന്ന കാര്യങ്ങൾ അംഗീ​ക​രി​ക്കാ​നും, അതിനെ സ്‌നേ​ഹി​ക്കാൻപോ​ലും, ആളുകളെ പ്രേരി​പ്പി​ക്കു​ന്നു.

ആരു തയ്യാറാ​ക്കുന്ന വിനോദമാണു നിങ്ങൾ ആസ്വദി​ക്കു​ന്നത്‌? (11-14 ഖണ്ഡികകൾ കാണുക) *

12. 1 കൊരി​ന്ത്യർ 10:21, 22 അനുസ​രിച്ച്‌, നമ്മൾ വിനോ​ദം ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 നമ്മൾ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കാൻ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ നമുക്കു “യഹോ​വ​യു​ടെ മേശയിൽനി​ന്നും” “ഭൂതങ്ങ​ളു​ടെ മേശയിൽനി​ന്നും” കഴിക്കാൻ കഴിയില്ല. (1 കൊരി​ന്ത്യർ 10:21, 22 വായി​ക്കുക.) ഒരാളു​ടെ കൂടെ​യി​രുന്ന്‌ ഭക്ഷണം കഴിക്കു​ന്നതു മിക്ക​പ്പോ​ഴും സൗഹൃ​ദ​ത്തി​ന്റെ ഒരു സൂചന​യാണ്‌. അക്രമ​വും ഭൂതവി​ദ്യ​യും അധാർമി​ക​ത​യും ജഡിക​മായ മറ്റ്‌ അഭിലാ​ഷ​ങ്ങ​ളും മനോ​ഭാ​വ​ങ്ങ​ളും ഒക്കെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിനോ​ദങ്ങൾ നമ്മൾ തിര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കിൽ അതു ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളോ​ടൊ​പ്പ​മി​രുന്ന്‌ അവർ തയ്യാറാ​ക്കിയ ഭക്ഷണം കഴിക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും. അതു നമുക്കു​തന്നെ ദോഷം ചെയ്യും, യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം തകർക്കു​ക​യും ചെയ്യും.

13-14. യാക്കോബ്‌ 1:14, 15 പറയു​ന്ന​ത​നു​സ​രിച്ച്‌, നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഒരു ഉദാഹ​രണം പറയുക.

13 വിനോ​ദം ഭക്ഷണം​പോ​ലെ​യാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? എന്താണു കഴി​ക്കേ​ണ്ട​തെന്നു നമുക്കു തീരു​മാ​നി​ക്കാം. പക്ഷേ ഭക്ഷണം ഉള്ളിൽ ചെന്നു​ക​ഴി​ഞ്ഞാൽ, പിന്നെ നടക്കുന്ന കാര്യ​ങ്ങ​ളിൽ നമുക്കു നിയ​ന്ത്ര​ണ​മില്ല. ഭക്ഷണത്തി​ലെ ഘടകങ്ങൾ ക്രമേണ നമ്മുടെ ശരീര​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രും. നല്ല ഒരു ആഹാര​രീ​തി നമുക്ക്‌ ആരോ​ഗ്യം തരും. എന്നാൽ ആഹാര​രീ​തി മോശ​മാ​ണെ​ങ്കിൽ നമ്മൾ രോഗി​ക​ളാ​കും. നമ്മുടെ ആഹാര​രീ​തി​യു​ടെ ഗുണവും ദോഷ​വും ഒന്നും പെട്ടെന്നു കാണണ​മെ​ന്നില്ല. പക്ഷേ അതു പതി​യെ​പ്പ​തി​യെ കണ്ടുതു​ട​ങ്ങും.

14 സമാന​മാ​യി, ഏതു വിനോ​ദം വേണ​മെന്നു നമുക്കു തിര​ഞ്ഞെ​ടു​ക്കാം. അതിലൂ​ടെ നമ്മുടെ മനസ്സി​ലേക്ക്‌ എന്തെല്ലാം കടത്തി​വി​ട​ണ​മെന്നു നമ്മൾ തീരു​മാ​നി​ക്കു​ക​യാണ്‌. അതു കഴിഞ്ഞാൽ, പിന്നെ നമുക്ക്‌ അവയുടെ മേൽ നിയ​ന്ത്ര​ണ​മില്ല. അതു നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും സ്വാധീ​നി​ക്കും. നല്ല വിനോ​ദം നമുക്ക്‌ ഉന്മേഷം പകരും. മോശ​മായ വിനോ​ദം നമുക്കു ദോഷം ചെയ്യും. (യാക്കോബ്‌ 1:14, 15 വായി​ക്കുക.) മോശ​മായ വിനോ​ദം വരുത്തുന്ന ദോഷങ്ങൾ പെട്ടെന്നു തിരി​ച്ച​റി​യ​ണ​മെ​ന്നില്ല. പക്ഷേ ക്രമേണ അവ പുറത്തു​വ​രു​ക​തന്നെ ചെയ്യും. അതു​കൊ​ണ്ടാ​ണു ബൈബിൾ ഇങ്ങനെ​യൊ​രു മുന്നറി​യി​പ്പു തരുന്നത്‌: “വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌: ദൈവത്തെ പറ്റിക്കാ​നാ​കില്ല. ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും. ജഡത്തി​നു​വേണ്ടി വിതയ്‌ക്കു​ന്നവൻ ജഡത്തിൽനിന്ന്‌ നാശം കൊയ്യും.” (ഗലാ. 6:7, 8) യഹോവ വെറു​ക്കുന്ന കാര്യ​ങ്ങളെ ഉന്നമി​പ്പി​ക്കുന്ന എല്ലാ വിനോ​ദ​ങ്ങ​ളും നമ്മൾ തള്ളിക്ക​ള​യേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!—സങ്കീ. 97:10.

15. നമുക്ക്‌ ആസ്വദി​ക്കാ​നാ​യി യഹോവ ഏതു സമ്മാന​മാ​ണു തന്നിരി​ക്കു​ന്നത്‌?

15 യഹോ​വ​യു​ടെ ജനത്തിൽ മിക്കവ​രും നമ്മുടെ ഇന്റർനെറ്റ്‌ ടെലി​വി​ഷൻ ചാനലായ JW പ്രക്ഷേ​പ​ണ​ത്തി​ലെ പരിപാ​ടി​കൾ ആസ്വദി​ക്കാ​റുണ്ട്‌. മർലിൻ എന്ന സഹോ​ദരി പറയുന്നു: “JW പ്രക്ഷേ​പണം നല്ല ഒരു മനോ​ഭാ​വം നിലനി​റു​ത്താൻ എന്നെ സഹായി​ച്ചി​ട്ടുണ്ട്‌. കാണാൻ കൊള്ളി​ല്ലാത്ത ഒരു പരിപാ​ടി​യും അതിൽ ഇല്ലല്ലോ. ഏകാന്ത​ത​യോ നിരു​ത്സാ​ഹ​മോ തോന്നു​മ്പോൾ പ്രോ​ത്സാ​ഹനം പകരുന്ന ഒരു പ്രസം​ഗ​മോ ഏതെങ്കി​ലും ഒരു പ്രഭാ​താ​രാ​ധ​ന​യോ ഞാൻ കാണും. അത്‌ എന്നെ യഹോ​വ​യോ​ടും സംഘട​ന​യോ​ടും അടുപ്പി​ക്കു​ന്നു. JW പ്രക്ഷേ​പണം എന്റെ ജീവി​ത​ത്തിൽ നല്ല മാറ്റം വരുത്തി​യി​ട്ടുണ്ട്‌.” യഹോ​വ​യു​ടെ ഈ സമ്മാന​ത്തിൽനിന്ന്‌ നിങ്ങൾ പ്രയോ​ജനം നേടു​ന്നു​ണ്ടോ? പ്രതി​മാ​സ​പ​രി​പാ​ടി​കൾ കൂടാതെ, ധാരാളം ഓഡി​യോ-വീഡി​യോ പരിപാ​ടി​ക​ളും പ്രോ​ത്സാ​ഹനം പകരുന്ന പാട്ടു​ക​ളും നമുക്ക്‌ ആസ്വദി​ക്കാൻ കഴിയും.

16-17. വിനോ​ദ​ത്തി​നു​വേണ്ടി ചെലവ​ഴി​ക്കുന്ന സമയം നമ്മൾ നിയ​ന്ത്രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

16 നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ മാത്രമല്ല അതിനു​വേണ്ടി ചെലവ​ഴി​ക്കുന്ന സമയത്തി​ന്റെ കാര്യ​ത്തി​ലും നമ്മൾ ശ്രദ്ധി​ക്കണം. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ യഹോ​വയെ സേവി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ സമയം വിനോ​ദ​ത്തി​നു​വേണ്ടി ചെലവി​ട്ടേ​ക്കാം. വിനോ​ദ​ത്തി​നു​വേണ്ടി ചെലവ​ഴി​ക്കുന്ന സമയം നിയ​ന്ത്രി​ക്കു​ന്നതു പലർക്കും ഒരു ബുദ്ധി​മു​ട്ടാണ്‌. 18 വയസ്സുള്ള അബീഗ​യിൽ പറയുന്നു: “തിരക്കു പിടിച്ച ഒരു ദിവസ​ത്തി​നു ശേഷം ടിവി കാണു​ന്നതു സമ്മർദം കുറയ്‌ക്കാൻ എന്നെ സഹായി​ക്കു​ന്നു. പക്ഷേ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ ചില​പ്പോൾ മണിക്കൂ​റു​കൾതന്നെ ടിവി​യു​ടെ മുന്നിൽ ചെലവ​ഴി​ച്ചെ​ന്നു​വ​രാം.” ചെറു​പ്പ​ക്കാ​ര​നായ സാമുവൽ എന്ന സഹോ​ദരൻ പറയുന്നു: “ഇന്റർനെ​റ്റിൽ ഞാൻ കാണുന്ന ഹ്രസ്വ​വീ​ഡി​യോ​കൾക്കു കൈയും കണക്കു​മില്ല. ഒരെണ്ണം കാണാം എന്നു വിചാ​രി​ച്ചാ​ണു ഞാൻ തുടങ്ങു​ന്നത്‌. പിന്നെ, മൂന്നു നാല്‌ മണിക്കൂ​റു​കൾ കഴിഞ്ഞാ​യി​രി​ക്കും അതിന്റെ മുന്നിൽനിന്ന്‌ മാറു​ന്നത്‌.”

17 വിനോ​ദ​ത്തി​നു​വേണ്ടി ചെലവ​ഴി​ക്കുന്ന സമയം നിങ്ങൾക്ക്‌ എങ്ങനെ നിയ​ന്ത്രി​ക്കാം? ശരിക്കും നിങ്ങൾ എത്ര സമയമാ​ണു വിനോ​ദ​ത്തി​നു​വേണ്ടി ചെലവ​ഴി​ക്കു​ന്നത്‌ എന്നു കണ്ടെത്തു​ന്ന​താണ്‌ ആദ്യപടി. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? ഒരു ആഴ്‌ച​ത്തേക്ക്‌, ടിവി കാണാ​നും ഇന്റർനെ​റ്റിൽ പരതാ​നും മൊ​ബൈ​ലിൽ ഗെയിം കളിക്കാ​നും എത്ര സമയം എടുക്കു​ന്നു​ണ്ടെന്ന്‌ ഒരു കലണ്ടറിൽ എഴുതി​വെ​ക്കുക. വളരെ​യേറെ സമയം ചെലവ​ഴി​ക്കു​ന്നു​ണ്ടെന്നു മനസ്സി​ലാ​യാൽ ഒരു പട്ടിക​യു​ണ്ടാ​ക്കുക. കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങൾക്ക്‌ ആദ്യം സമയം നിശ്ചയി​ക്കുക. പിന്നെ, വിനോ​ദ​ത്തി​നുള്ള സമയം തീരു​മാ​നി​ക്കുക. അടുത്ത​താ​യി, ഈ പട്ടിക​യോ​ടു പറ്റിനിൽക്കാൻ സഹായി​ക്കേ​ണമേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കുക. ഇങ്ങനെ ചെയ്യു​ന്നെ​ങ്കിൽ വ്യക്തി​പ​ര​മായ ബൈബിൾപ​ഠനം, കുടും​ബാ​രാ​ധന, സഭാ​യോ​ഗങ്ങൾ, വയൽസേ​വനം തുടങ്ങിയ കാര്യ​ങ്ങൾക്ക്‌ ആവശ്യ​മായ സമയവും ഊർജ​വും നിങ്ങൾക്കു ലഭിക്കും. ‘വിനോ​ദ​ത്തി​നു​വേണ്ടി ഇത്രയ​ധി​കം സമയം കളഞ്ഞല്ലോ’ എന്നൊരു കുറ്റ​ബോ​ധം ഉണ്ടാകു​ക​യു​മില്ല.

യഹോ​വ​യ്‌ക്ക്‌ എന്നും സമ്പൂർണഭക്തി കൊടു​ക്കു​ക

18-19. നമുക്ക്‌ എങ്ങനെ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കാം?

18 സാത്താന്റെ ലോക​ത്തി​ന്റെ അവസാ​ന​ത്തെ​ക്കു​റി​ച്ചും വരാനി​രി​ക്കുന്ന പുതിയ ലോക​ത്തെ​ക്കു​റി​ച്ചും എഴുതി​യ​ശേഷം പത്രോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ പറഞ്ഞു: “പ്രിയ​പ്പെ​ട്ട​വരേ, നിങ്ങൾ ഇവയ്‌ക്കു​വേണ്ടി കാത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌, ഒടുവിൽ ദൈവം നോക്കു​മ്പോൾ നിങ്ങൾ കറയും കളങ്കവും ഇല്ലാതെ ദൈവ​വു​മാ​യി നല്ല ബന്ധത്തിൽ കഴിയു​ന്ന​വ​രാ​ണെന്നു കാണേ​ണ്ട​തി​നു നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക.” (2 പത്രോ. 3:14) ആ കല്‌പന അനുസ​രി​ക്കു​ക​യും ആത്മീയ​മാ​യും ധാർമി​ക​മാ​യും ശുദ്ധരാ​യി​രി​ക്കാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കു​ക​യാണ്‌.

19 യഹോ​വ​യ്‌ക്കു പകരം മറ്റു കാര്യ​ങ്ങൾക്കു നമ്മൾ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കാൻ സാത്താ​നും അവന്റെ ലോക​വും പ്രലോ​ഭി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. (ലൂക്കോ. 4:13) പക്ഷേ എന്തൊക്കെ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും, നമ്മുടെ ഹൃദയ​ത്തിൽ യഹോ​വ​യ്‌ക്കുള്ള സ്ഥാനം നമ്മൾ മറ്റാർക്കും, മറ്റൊ​ന്നി​നും കൊടു​ക്കില്ല. യഹോവ മാത്രമേ സമ്പൂർണ​ഭക്തി അർഹി​ക്കു​ന്നു​ള്ളൂ. അത്‌ യഹോ​വ​യ്‌ക്കു മാത്രം കൊടു​ക്കാ​നാ​ണു നമ്മുടെ ഉറച്ച തീരു​മാ​നം!

ഗീതം 30 എന്റെ പിതാവ്‌, എന്റെ ദൈവ​വും സ്‌നേ​ഹി​ത​നും

^ ഖ. 5 നമ്മൾ യഹോ​വ​യോ​ടു ഭക്തിയു​ള്ള​വ​രാണ്‌. പക്ഷേ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കു​ന്നു​ണ്ടോ? നമ്മൾ എടുക്കുന്ന തീരു​മാ​നങ്ങൾ ആ ചോദ്യ​ത്തിന്‌ ഉത്തരം തരും. നമുക്ക്‌ ഇപ്പോൾ ജീവി​ത​ത്തി​ന്റെ രണ്ടു പ്രത്യേക മേഖലകൾ പരി​ശോ​ധി​ക്കാം. അങ്ങനെ ചെയ്യു​ന്നത്‌, യഹോ​വ​യോ​ടുള്ള നമ്മുടെ ഭക്തിയു​ടെ ആഴം മനസ്സി​ലാ​ക്കാൻ സഹായി​ക്കും.

^ ഖ. 53 ചിത്രക്കുറിപ്പ്‌: വൃത്തി​യി​ല്ലാത്ത അടുക്ക​ള​യി​ലു​ണ്ടാ​ക്കിയ ഭക്ഷണം കഴിക്കാൻ നമ്മൾ ആഗ്രഹി​ക്കില്ല. കാരണം അതു മലിന​മാണ്‌. അങ്ങനെ​യാ​ണെ​ങ്കിൽ അക്രമ​വും ഭൂതവി​ദ്യ​യും അധാർമി​ക​ത​യും കൊണ്ട്‌ മലിന​മായ വിനോ​ദം നമ്മൾ എന്തിന്‌ ആസ്വദി​ക്കണം?