വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 36

അർമ​ഗെ​ദോൻ—ഒരു സന്തോ​ഷ​വാർത്ത

അർമ​ഗെ​ദോൻ—ഒരു സന്തോ​ഷ​വാർത്ത

“അവ അവരെ . . . അർമ​ഗെ​ദോൻ എന്ന്‌ അറിയ​പ്പെ​ടുന്ന സ്ഥലത്ത്‌ കൂട്ടിച്ചേർത്തു.”—വെളി. 16:16.

ഗീതം 150 രക്ഷയ്‌ക്കായ്‌ ദൈവത്തെ അന്വേ​ഷി​ക്കാം

പൂർവാവലോകനം *

1-2. (എ) അർമ​ഗെ​ദോൻ മനുഷ്യർക്കു സന്തോ​ഷ​വാർത്ത​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ ഏതു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

ഒരു ആണവയു​ദ്ധ​മോ പ്രകൃ​തി​ദു​ര​ന്ത​മോ ലോകത്തെ നശിപ്പി​ക്കു​മെന്നു ചിലയാ​ളു​കൾ വിശ്വ​സി​ക്കു​ന്നു. എന്നാൽ ബൈബിൾ പഠിപ്പി​ക്കു​ന്നതു തികച്ചും വ്യത്യ​സ്‌ത​മായ ഒരു കാര്യ​മാണ്‌. ഭൂമി​യിൽ നല്ല അവസ്ഥകൾ കൊണ്ടു​വ​രുന്ന ഒരു യുദ്ധം ഉടനെ നടക്കു​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌. ആ യുദ്ധത്തി​ന്റെ പേരാണ്‌ അർമ​ഗെ​ദോൻ. ആ യുദ്ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ നമുക്കു സന്തോഷം തരുന്ന​വ​യാണ്‌. (വെളി. 1:3) അർമ​ഗെ​ദോൻ യുദ്ധം മനുഷ്യ​രാ​ശി​യെ നശിപ്പി​ക്കില്ല, പകരം രക്ഷിക്കും. എങ്ങനെ?

2 അർമ​ഗെ​ദോൻ എങ്ങനെ​യാ​ണു മനുഷ്യ​രാ​ശി​യെ രക്ഷിക്കു​ന്ന​തെന്നു ബൈബിൾ കാണി​ച്ചു​ത​രു​ന്നുണ്ട്‌. (1) മനുഷ്യ​ഭ​രണം അവസാ​നി​പ്പി​ച്ചു​കൊണ്ട്‌, (2) ദുഷ്ടന്മാ​രെ നശിപ്പി​ക്കു​ക​യും നീതി​മാ​ന്മാ​രെ സംരക്ഷി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌, (3) ഭൂമിയെ നാശത്തിൽനിന്ന്‌ സംരക്ഷി​ച്ചു​കൊണ്ട്‌. (വെളി. 11:18) ഈ ആശയങ്ങൾ കുറച്ചു​കൂ​ടെ നന്നായി മനസ്സി​ലാ​ക്കാൻ നമുക്കു നാലു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താം: എന്താണ്‌ അർമ​ഗെ​ദോൻ? അതി​ലേക്കു നയിക്കുന്ന സംഭവങ്ങൾ എന്തൊ​ക്കെ​യാണ്‌? അർമ​ഗെ​ദോ​നിൽ രക്ഷ നേടാൻ നമ്മൾ എന്തു ചെയ്യണം? അർമ​ഗെ​ദോൻ അടുത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കുന്ന ഈ സമയത്ത്‌ നമുക്ക്‌ എങ്ങനെ വിശ്വ​സ്‌ത​രാ​യി നിൽക്കാം?

എന്താണ്‌ അർമ​ഗെ​ദോൻ?

3. (എ) അർമ​ഗെ​ദോൻ എന്തി​നെ​യാ​ണു കുറി​ക്കു​ന്നത്‌? (ബി)  വെളി​പാട്‌ 16:14, 16-ന്റെ അടിസ്ഥാ​ന​ത്തിൽ അർമ​ഗെ​ദോൻ ഒരു അക്ഷരീ​യ​സ്ഥ​ലമല്ല എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

3 വെളി​പാട്‌ 16:14, 16 വായി​ക്കുക. “അർമ​ഗെ​ദോൻ” എന്ന വാക്കു തിരു​വെ​ഴു​ത്തു​ക​ളിൽ ഒരു പ്രാവ​ശ്യം മാത്രമേ കാണു​ന്നു​ള്ളൂ. “മെഗി​ദ്ദോ​പർവതം” എന്ന്‌ അർഥം വരുന്ന എബ്രായ പദപ്ര​യോ​ഗ​ത്തിൽനി​ന്നാണ്‌ ഈ വാക്കു വന്നത്‌. (വെളി. 16:16, അടിക്കു​റിപ്പ്‌) പുരാതന ഇസ്രാ​യേ​ലി​ലെ ഒരു നഗരമാ​യി​രു​ന്നു മെഗി​ദ്ദോ. (യോശു. 17:11) എന്നാൽ അർമ​ഗെ​ദോൻ പരാമർശി​ക്കു​ന്നത്‌ ഭൂമി​യി​ലെ ഏതെങ്കി​ലും ഒരു സ്ഥലത്തെയല്ല. ശരിക്കും പറഞ്ഞാൽ, ‘ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്കാ​ന്മാർ’ യഹോ​വ​യ്‌ക്ക്‌ എതിരെ ഒരുമി​ച്ചു​കൂ​ടുന്ന സാഹച​ര്യ​ത്തെ​യാണ്‌ അർമ​ഗെ​ദോൻ കുറി​ക്കു​ന്നത്‌. (വെളി. 16:14) എങ്കിലും ഈ ലേഖന​ത്തിൽ, ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ ഒരുമിച്ച്‌ കൂടി​യ​തി​നു ശേഷം നടക്കാ​നി​രി​ക്കുന്ന യുദ്ധത്തെ പരാമർശി​ക്കാ​നും അർമ​ഗെ​ദോൻ എന്ന വാക്ക്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അർമ​ഗെ​ദോൻ ആലങ്കാ​രി​ക​മായ ഒരു സ്ഥലമാ​ണെന്നു നമുക്ക്‌ എങ്ങനെ അറിയാം? ഒന്ന്‌, മെഗി​ദ്ദോ എന്നു പേരുള്ള ഒരു പർവതം ഭൂമി​യി​ലില്ല. രണ്ട്‌, പുരാതന മെഗി​ദ്ദോ​യ്‌ക്കു ചുറ്റു​മുള്ള സ്ഥലത്ത്‌ ‘ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രും’ അവരുടെ സൈന്യ​ങ്ങ​ളും യുദ്ധാ​യു​ധ​ങ്ങ​ളും ഒതുങ്ങില്ല. മൂന്ന്‌, ലോകത്തെ ‘രാജാ​ക്ക​ന്മാർ’ ആക്രമി​ക്കാൻപോ​കുന്ന ദൈവ​ജനം ഭൂമി​യു​ടെ പല ഭാഗങ്ങ​ളിൽ ചിതറി​ക്കി​ട​ക്കു​ക​യാണ്‌. ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കാൻപോ​കു​ന്ന​തു​പോ​ലെ, അവരെ ആക്രമി​ക്കു​മ്പോ​ഴാണ്‌ അർമ​ഗെ​ദോൻ യുദ്ധം ആരംഭി​ക്കു​ന്നത്‌.

4. വരാനി​രി​ക്കുന്ന അന്തിമ​യു​ദ്ധത്തെ യഹോവ എന്തു​കൊ​ണ്ടാ​ണു മെഗി​ദ്ദോ​യു​മാ​യി ബന്ധപ്പെടുത്തിയിരിക്കുന്നത്‌?

4 യഹോവ ഈ അന്തിമ​യു​ദ്ധത്തെ എന്തു​കൊ​ണ്ടാണ്‌ മെഗി​ദ്ദോ​യു​മാ​യി ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌? ബൈബിൾക്കാലങ്ങളിൽ മെഗി​ദ്ദോ​യി​ലും അടുത്തുള്ള ജസ്രീൽ താഴ്‌വ​ര​യി​ലും വെച്ച്‌ ഒട്ടനവധി യുദ്ധങ്ങൾ നടന്നി​ട്ടുണ്ട്‌. തന്റെ ജനത്തെ സഹായി​ക്കു​ന്ന​തിന്‌ യഹോവ ഈ യുദ്ധങ്ങ​ളിൽ ചില​പ്പോൾ നേരിട്ട്‌ ഇടപെ​ട്ടി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “മെഗി​ദ്ദോ നീരു​റ​വിന്‌ അരികിൽവെച്ച്‌” നടന്ന ഒരു സംഭവം നോക്കുക. സീസെര എന്ന സൈന്യാ​ധി​പൻ നയിച്ച കനാന്യ സൈന്യ​ത്തെ തോൽപ്പി​ക്കാൻ യഹോവ ന്യായാ​ധി​പ​നായ ബാരാ​ക്കി​നെ സഹായി​ച്ചു. തങ്ങൾക്ക്‌ അത്ഭുത​ക​ര​മായ ജയം തന്നതിനു ബാരാ​ക്കും പ്രവാ​ചി​ക​യായ ദബോ​ര​യും യഹോ​വ​യ്‌ക്കു നന്ദി പറഞ്ഞു. അവർ ഇങ്ങനെ പാടി: “ആകാശ​ത്തു​നിന്ന്‌ നക്ഷത്രങ്ങൾ . . . സീസെ​ര​യ്‌ക്കെ​തി​രെ യുദ്ധം ചെയ്‌തു. കീശോൻ ജലപ്ര​വാ​ഹം അവരെ ഒഴുക്കി​ക്ക​ളഞ്ഞു.”—ന്യായാ. 5:19-21.

5. ബാരാക്ക്‌ നടത്തിയ യുദ്ധവും അർമ​ഗെ​ദോൻ യുദ്ധവും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

5 ബാരാ​ക്കും ദബോ​ര​യും അവരുടെ പാട്ട്‌ അവസാ​നി​പ്പി​ച്ചത്‌ ഈ വാക്കു​ക​ളോ​ടെ​യാണ്‌: “യഹോവേ, അങ്ങയുടെ ശത്രു​ക്ക​ളെ​ല്ലാം നശിച്ചു​പോ​കട്ടെ, എന്നാൽ അങ്ങയെ സ്‌നേ​ഹി​ക്കു​ന്നവർ ഉദിച്ചു​യ​രുന്ന സൂര്യ​നെ​പ്പോ​ലെ ശോഭി​ക്കട്ടെ.” (ന്യായാ. 5:31) അന്നത്തെ​പ്പോ​ലെ, അർമ​ഗെ​ദോ​നി​ലും ദൈവ​ത്തി​ന്റെ ശത്രുക്കൾ നശിപ്പി​ക്ക​പ്പെ​ടും. പക്ഷേ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നവർ രക്ഷപ്പെ​ടും. എന്നാൽ ഈ രണ്ടു യുദ്ധങ്ങ​ളും തമ്മിൽ ഒരു വലിയ വ്യത്യാ​സ​മുണ്ട്‌, അർമ​ഗെ​ദോ​നിൽ ദൈവ​ജനം യുദ്ധം ചെയ്യില്ല. അവർ നിരാ​യു​ധ​രാ​യി​രി​ക്കും. “ശാന്തരാ​യി​രുന്ന്‌” അവർ യഹോ​വ​യി​ലും യഹോ​വ​യു​ടെ സ്വർഗീ​യ​സൈ​ന്യ​ത്തി​ലും ‘ആശ്രയി​ക്കും.’ അതായി​രി​ക്കും “അവരുടെ ബലം.”—യശ. 30:15; വെളി. 19:11-15.

6. അർമ​ഗെ​ദോ​നിൽ യഹോവ എങ്ങനെ​യാ​ണു തന്റെ ശത്രു​ക്കളെ തോൽപ്പി​ക്കു​ന്നത്‌?

6 അർമ​ഗെ​ദോ​നിൽ ദൈവം എങ്ങനെ​യാ​ണു ശത്രു​ക്കളെ തോൽപ്പി​ക്കാൻപോ​കു​ന്നത്‌? അതിനു ദൈവം വ്യത്യ​സ്‌ത​രീ​തി​കൾ സ്വീക​രി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ദൈവം ഭൂകമ്പ​മോ ആലിപ്പ​ഴ​മോ അല്ലെങ്കിൽ ഇടിമി​ന്ന​ലോ ഉപയോ​ഗി​ച്ചേ​ക്കാം. (ഇയ്യോ. 38:22, 23; യഹ. 38:19-22) ശത്രുക്കൾ പരസ്‌പരം പോര​ടി​ക്കാ​നും ദൈവം ഇടയാ​ക്കി​യേ​ക്കാം. (2 ദിന. 20:17, 22, 23) ഇനി, ദുഷ്ടന്മാ​രെ കൊന്നു​ക​ള​യാൻ ദൈവം ദൂതന്മാ​രെ ഉപയോ​ഗി​ച്ചേ​ക്കാം. (യശ. 37:36) ഏതു രീതി ഉപയോ​ഗി​ച്ചാ​ലും ശരി, ദൈവ​ത്തി​ന്റെ വിജയം സമ്പൂർണ​മാ​യി​രി​ക്കും. ദൈവ​ത്തി​ന്റെ എല്ലാ ശത്രു​ക്ക​ളും ഇല്ലാതാ​കും, നീതി​മാ​ന്മാ​രായ എല്ലാവ​രും രക്ഷ നേടും.—സുഭാ. 3:25, 26.

അർമ​ഗെ​ദോ​നി​ലേക്കു നയിക്കുന്ന സംഭവങ്ങൾ

7-8. (എ) 1 തെസ്സ​ലോ​നി​ക്യർ 5:1-6 പറയു​ന്ന​ത​നു​സ​രിച്ച്‌, ലോക​നേ​താ​ക്കൾ അസാധാ​ര​ണ​മായ ഏതു പ്രഖ്യാ​പനം നടത്തും? (ബി) ഈ നുണ അപകടം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

7 “യഹോ​വ​യു​ടെ ദിവസം” വരുന്ന​തി​നു മുമ്പായി “സമാധാ​നം, സുരക്ഷി​ത​ത്വം” എന്ന പ്രഖ്യാ​പ​ന​മു​ണ്ടാ​കും. (1 തെസ്സ​ലോ​നി​ക്യർ 5:1-6 വായി​ക്കുക.) 1 തെസ്സ​ലോ​നി​ക്യർ 5:2-ലെ “യഹോ​വ​യു​ടെ ദിവസം” ‘മഹാക​ഷ്ട​ത​യെ​യാണ്‌’ പരാമർശി​ക്കു​ന്നത്‌. (വെളി. 7:14) മഹാകഷ്ടത ആരംഭി​ക്കാൻപോ​കു​ന്നെന്നു നമ്മൾ എങ്ങനെ അറിയും? വളരെ അസാധാ​ര​ണ​മായ ഒരു പ്രഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌. മഹാകഷ്ടത ആരംഭി​ക്കു​ന്ന​തി​ന്റെ സൂചന​യാ​യി​രി​ക്കും അത്‌.

8 ബൈബിൾ മുൻകൂ​ട്ടി​പ്പറഞ്ഞ “സമാധാ​നം, സുരക്ഷി​ത​ത്വം” എന്ന പ്രഖ്യാ​പ​ന​മാ​യി​രി​ക്കും അത്‌. ലോക​നേ​താ​ക്കൾ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ഒരു പ്രഖ്യാ​പനം നടത്തുക? നമുക്കു കൃത്യ​മാ​യി അറിയില്ല. മതനേ​താ​ക്ക​ന്മാർ ഇതിൽ പങ്കു​ചേ​രു​മോ? ചില​പ്പോൾ അവരും കൂടി​യേ​ക്കാം. എന്തായാ​ലും, ഈ പ്രഖ്യാ​പനം ഭൂതങ്ങ​ളിൽനിന്ന്‌ വരുന്ന മറ്റൊരു നുണ മാത്ര​മാണ്‌. പക്ഷേ ഈ നുണ വളരെ അപകടം ചെയ്യും. കാരണം, മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും വലിയ കഷ്ടത പടിവാ​തിൽക്കൽ എത്തിനിൽക്കുന്ന സമയത്ത്‌ നടത്തുന്ന ഈ പ്രഖ്യാ​പനം, കാര്യ​ങ്ങ​ളെ​ല്ലാം സുരക്ഷി​ത​മാ​ണെന്ന തെറ്റായ ധാരണ ആളുകൾക്കു കൊടു​ക്കും. എന്നാൽ, “ഗർഭി​ണി​ക്കു പ്രസവ​വേദന വരുന്ന​തു​പോ​ലെ, പ്രതീ​ക്ഷി​ക്കാത്ത നേരത്ത്‌ അവരുടെ മേൽ പെട്ടെ​ന്നുള്ള നാശം വരും.” യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ദാസന്മാർക്ക്‌ എന്തു സംഭവി​ക്കും? യഹോ​വ​യു​ടെ ദിവസം അത്ര പെട്ടെന്ന്‌ ആരംഭി​ക്കു​ന്നതു കണ്ട്‌ അവരും ഒന്ന്‌ അമ്പരന്നു​പോ​യേ​ക്കാം. പക്ഷേ അവർ തയ്യാറാ​യി​രി​ക്കും.

9. ദൈവം സാത്താന്റെ വ്യവസ്ഥി​തി​യെ ഒറ്റയടിക്ക്‌ ഇല്ലാതാ​ക്കു​മോ? വിശദീ​ക​രി​ക്കുക.

9 നോഹ​യു​ടെ കാലത്ത്‌ ചെയ്‌ത​തു​പോ​ലെ സാത്താന്റെ മുഴു​ലോ​ക​ത്തെ​യും ഒറ്റയടിക്ക്‌ യഹോവ ഇല്ലാതാ​ക്കില്ല. പകരം രണ്ടു ഘട്ടങ്ങളാ​യി​ട്ടാണ്‌ അതു ചെയ്യാൻപോ​കു​ന്നത്‌. ആദ്യം, എല്ലാ വ്യാജ​മ​ത​ങ്ങ​ളും ചേർന്നുള്ള ബാബി​ലോൺ എന്ന മഹതിയെ നശിപ്പി​ക്കും. പിന്നെ, അർമ​ഗെ​ദോ​നിൽ, സാത്താന്റെ ലോക​ത്തി​ന്റെ ബാക്കി​യുള്ള ഭാഗത്തെ ദൈവം തുടച്ചു​നീ​ക്കും. അതിൽ ഈ വ്യവസ്ഥി​തി​യി​ലെ രാഷ്‌ട്രീയ-സൈനിക-വാണിജ്യ ഘടകങ്ങൾ ഉൾപ്പെ​ടു​ന്നു. നമുക്ക്‌ ഈ രണ്ടു സംഭവ​ങ്ങ​ളും ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ക്കാം.

10. വെളി​പാട്‌ 17:1, 6-ഉം 18:24-ഉം പറയു​ന്ന​ത​നു​സ​രിച്ച്‌, യഹോവ എന്തു​കൊ​ണ്ടാ​ണു ബാബി​ലോൺ എന്ന മഹതിയെ നശിപ്പി​ക്കു​ന്നത്‌?

10 “മഹാ​വേ​ശ്യ​ക്കുള്ള ന്യായ​വി​ധി.” (വെളി​പാട്‌ 17:1, 6; 18:24 വായി​ക്കുക.) ബാബി​ലോൺ എന്ന മഹതി ദൈവ​നാ​മ​ത്തി​ന്മേൽ വലിയ നിന്ദ വരുത്തി​ക്കൂ​ട്ടി​യി​രി​ക്കു​ന്നു. ഈ “മഹാ​വേശ്യ” ദൈവ​ത്തെ​ക്കു​റിച്ച്‌ നുണക​ളാ​ണു പഠിപ്പി​ച്ചി​രി​ക്കു​ന്നത്‌. ഭൂമി​യി​ലെ ഭരണാ​ധി​കാ​രി​ക​ളു​മാ​യി സഖ്യം ചേർന്നു​കൊണ്ട്‌ അവൾ ആത്മീയ​വേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു. അധികാ​ര​വും സ്വാധീ​ന​വും ഉപയോ​ഗിച്ച്‌ അവളുടെ ആടുകളെ ചൂഷണം ചെയ്‌തി​രി​ക്കു​ന്നു. അതു​പോ​ലെ, ദൈവ​ദാ​സർ ഉൾപ്പെടെ പലരെ​യും അവൾ കൊന്നു. (വെളി. 19:2) യഹോവ എങ്ങനെ​യാ​ണു ബാബി​ലോൺ എന്ന മഹതിയെ നശിപ്പി​ക്കാൻപോ​കു​ന്നത്‌?

11. ‘കടുഞ്ചു​വപ്പു നിറമുള്ള കാട്ടു​മൃ​ഗം’ എന്താണ്‌, ബാബി​ലോൺ എന്ന മഹതി​ക്കെ​തി​രെ ദൈവം ആ കാട്ടു​മൃ​ഗത്തെ എങ്ങനെ ഉപയോ​ഗി​ക്കും?

11 ‘കടുഞ്ചു​വപ്പു നിറമുള്ള കാട്ടു​മൃ​ഗ​ത്തി​ന്റെ’ ‘പത്തു കൊമ്പു​കളെ’ ഉപയോ​ഗി​ച്ചാണ്‌ യഹോവ ‘മഹാ​വേ​ശ്യ​യെ’ നശിപ്പി​ക്കു​ന്നത്‌. ആ കാട്ടു​മൃ​ഗം ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​ന​യെ​യാ​ണു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌. ഈ സംഘട​നയെ പിന്തു​ണ​യ്‌ക്കുന്ന നിലവി​ലുള്ള രാഷ്‌ട്രീ​യ​ശ​ക്തി​ക​ളാ​ണു പത്തു കൊമ്പു​കൾ. ദൈവം നിശ്ചയിച്ച സമയത്ത്‌, ആ രാഷ്‌ട്രീ​യ​ശ​ക്തി​കൾ ബാബി​ലോൺ എന്ന മഹതി​ക്കെ​തി​രെ തിരി​യും. അവർ അവളുടെ സ്വത്തു കൊള്ള​യ​ടി​ക്കു​ക​യും അവളുടെ ദുഷ്ടത തുറന്നു​കാ​ട്ടു​ക​യും ചെയ്‌തു​കൊണ്ട്‌ “അവളെ നശിപ്പി​ക്കു​ക​യും നഗ്നയാ​ക്കു​ക​യും” ചെയ്യും. (വെളി. 17:3, 16) ഒരു ദിവസം കൊ​ണ്ടെ​ന്ന​പോ​ലെ സംഭവി​ക്കുന്ന പെട്ടെ​ന്നുള്ള ആ നാശം അവളെ പിന്തു​ണ​യ്‌ക്കുന്ന എല്ലാവ​രെ​യും ഞെട്ടി​ക്കും. കാരണം, “ഞാൻ രാജ്ഞി​യെ​പ്പോ​ലെ ഭരിക്കു​ന്നു. ഞാൻ വിധവയല്ല; എനിക്ക്‌ ഒരിക്ക​ലും ദുഃഖി​ക്കേ​ണ്ടി​വ​രില്ല” എന്നായി​രു​ന്ന​ല്ലോ അവൾ വീമ്പി​ള​ക്കി​യി​രു​ന്നത്‌.—വെളി. 18:7, 8.

12. എന്തു ചെയ്യാൻ യഹോവ രാഷ്‌ട്ര​ങ്ങളെ അനുവ​ദി​ക്കില്ല, എന്തു​കൊണ്ട്‌?

12 തന്റെ ജനത്തെ നശിപ്പി​ക്കാൻ ദൈവം രാഷ്‌ട്ര​ങ്ങളെ അനുവ​ദി​ക്കില്ല. കാരണം, അവർ അഭിമാ​ന​ത്തോ​ടെ യഹോ​വ​യു​ടെ പേരു വഹിക്കു​ന്ന​വ​രാണ്‌. കൂടാതെ ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ പുറത്ത്‌ കടക്കാ​നുള്ള കല്‌പന അവർ അനുസ​രി​ച്ചു. (പ്രവൃ. 15:16, 17; വെളി. 18:4) കൂടാതെ, അങ്ങനെ ചെയ്യാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിന്‌ അവർ കഠിനാ​ധ്വാ​നം ചെയ്‌തി​ട്ടുണ്ട്‌. അതു​കൊണ്ട്‌ യഹോ​വ​യു​ടെ ദാസന്മാർക്ക്‌ “അവൾക്കു വരുന്ന ബാധക​ളു​ടെ ഓഹരി” അനുഭ​വി​ക്കേ​ണ്ടി​വ​രില്ല. എങ്കിലും അവരുടെ വിശ്വാ​സം പരി​ശോ​ധി​ക്കുന്ന സംഭവ​മാണ്‌ തുടർന്ന്‌ നടക്കാൻപോ​കു​ന്നത്‌.

ഭൂമിയിൽ എവി​ടെ​യാ​യാ​ലും, തങ്ങൾക്ക്‌ എതി​രെ​യുള്ള ആക്രമണം തുടങ്ങു​മ്പോൾ ദൈവ​ജനം ദൈവ​ത്തിൽ ആശ്രയി​ക്കും (13-ാം ഖണ്ഡിക കാണുക) *

13. (എ) ആരാണു ഗോഗ്‌? (ബി) യഹസ്‌കേൽ 38:2, 8, 9 അനുസ​രിച്ച്‌, ഗോഗി​നെ അർമ​ഗെ​ദോൻ എന്ന ആലങ്കാ​രി​ക​സ്ഥ​ലത്ത്‌ എത്തിക്കു​ന്നത്‌ എപ്പോൾ?

13 ഗോഗി​ന്റെ ആക്രമണം. (യഹസ്‌കേൽ 38:2, 8, 9 വായി​ക്കുക.) എല്ലാ വ്യാജ​മ​ത​സം​ഘ​ട​ന​ക​ളെ​യും നശിപ്പി​ച്ചു​ക​ഴി​യു​മ്പോൾ കൊടു​ങ്കാ​റ്റി​നു ശേഷം തലയു​യർത്തി നിൽക്കുന്ന ഒറ്റപ്പെട്ട വൻമരം​പോ​ലെ ദൈവ​ജനം മാത്രം ഭൂമി​യിൽ ശേഷി​ക്കും. ആ കാഴ്‌ച സാത്താനെ അങ്ങേയറ്റം ദേഷ്യം പിടി​പ്പി​ക്കും. അവൻ എങ്ങനെ​യാ​യി​രി​ക്കും തന്റെ ദേഷ്യം പ്രകടി​പ്പി​ക്കു​ന്നത്‌? യഹോ​വ​യു​ടെ ദാസന്മാ​രെ ആക്രമി​ക്കു​ന്ന​തി​നു രാഷ്‌ട്ര​ങ്ങ​ളു​ടെ കൂട്ടത്തെ പ്രേരി​പ്പി​ക്കാൻ സാത്താൻ ‘അശുദ്ധ​മായ അരുള​പ്പാ​ടു​കൾ,’ അഥവാ ഭൂതങ്ങളെ ഉപയോ​ഗിച്ച്‌ വ്യാജ​മായ പ്രചാ​ര​ണങ്ങൾ, നടത്തും. (വെളി. 16:13, 14) രാഷ്‌ട്ര​ങ്ങ​ളു​ടെ ആ കൂട്ട​ത്തെ​യാ​ണു “മാഗോഗ്‌ ദേശത്തെ ഗോഗ്‌” എന്നു വിളി​ക്കു​ന്നത്‌. രാഷ്‌ട്രങ്ങൾ യഹോ​വ​യു​ടെ ജനത്തിനു നേരേ ആക്രമണം അഴിച്ചു​വി​ടു​മ്പോൾ അർമ​ഗെ​ദോൻ എന്ന ആലങ്കാ​രി​ക​സ്ഥ​ലത്ത്‌ രാഷ്‌ട്രങ്ങൾ എത്തി​ച്ചേ​രും, അഥവാ അർമ​ഗെ​ദോൻ യുദ്ധം ആരംഭി​ക്കും.—വെളി. 16:16.

14. ഗോഗ്‌ ഏതു കാര്യം തിരി​ച്ച​റി​യും?

14 ആ സമയത്ത്‌ ഗോഗ്‌ ‘മനുഷ്യ​ശ​ക്തി​യിൽ,’ അഥവാ സൈനി​ക​ബ​ല​ത്തിൽ, ആശ്രയി​ക്കും. (2 ദിന. 32:8) നമ്മളോ, നമ്മുടെ ദൈവ​മായ യഹോ​വ​യി​ലും. നമ്മുടെ നിലപാ​ടു രാഷ്‌ട്ര​ങ്ങൾക്കു മണ്ടത്തര​മാ​യി തോന്നി​യേ​ക്കാം. അതിനു കാരണ​വു​മുണ്ട്‌. ശക്തയായ ബാബി​ലോൺ എന്ന മഹതിയെ അവളുടെ ദൈവങ്ങൾ ‘കാട്ടു​മൃ​ഗ​ത്തി​ന്റെ​യും’ ‘പത്തു കൊമ്പു​ക​ളു​ടെ​യും’ കൈയിൽനിന്ന്‌ രക്ഷിച്ചില്ല. (വെളി. 17:16) അതു​കൊണ്ട്‌ ദൈവ​ജ​നത്തെ അനായാ​സം ഇല്ലാതാ​ക്കാ​മെന്നു ഗോഗ്‌ കണക്കു കൂട്ടും. “മേഘം ദേശത്തെ മൂടു​ന്ന​തു​പോ​ലെ,” ഗോഗ്‌ യഹോ​വ​യു​ടെ ജനത്തെ ആക്രമി​ക്കും. (യഹ. 38:16) പക്ഷേ താൻ ഒരു കെണി​യി​ലേ​ക്കാ​ണു നടന്നു​നീ​ങ്ങി​യ​തെന്നു പെട്ടെ​ന്നു​തന്നെ അവൻ മനസ്സി​ലാ​ക്കും. പണ്ട്‌ ചെങ്കട​ലിൽവെച്ച്‌ ഫറവോൻ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ യഹോ​വ​യ്‌ക്കെ​തി​രെ​യാ​ണു താൻ യുദ്ധം ചെയ്യു​ന്ന​തെന്നു ഗോഗ്‌ തിരി​ച്ച​റി​യും.—പുറ. 14:1-4; യഹ. 38:3, 4, 18, 21-23.

15. അർമ​ഗെ​ദോൻ യുദ്ധത്തിൽ യേശു എന്തു ചെയ്യും?

15 ക്രിസ്‌തു​വും സ്വർഗ​ത്തി​ലെ സൈന്യ​വും ദൈവ​ജ​നത്തെ സംരക്ഷി​ക്കും, രാഷ്‌ട്ര​ങ്ങ​ളെ​യും അവരുടെ സൈന്യ​ങ്ങ​ളെ​യും നശിപ്പി​ക്കു​ക​യും ചെയ്യും. (വെളി. 19:11, 14, 15) എന്നാൽ ഭൂത​പ്ര​ചാ​രണം ഉപയോ​ഗിച്ച്‌ രാഷ്‌ട്ര​ങ്ങളെ അർമ​ഗെ​ദോ​നിൽ എത്തിച്ച യഹോ​വ​യു​ടെ മുഖ്യ​ശ​ത്രു​വായ സാത്താന്റെ കാര്യ​മോ? യേശു അവനെ​യും കൂടെ​യുള്ള ഭൂതങ്ങ​ളെ​യും അഗാധ​ത്തി​ലേക്ക്‌ എറിയും, അവിടെ ആയിരം വർഷ​ത്തേക്ക്‌ അവരെ ബന്ധനത്തി​ലാ​ക്കും.—വെളി. 20:1-3.

അർമ​ഗെ​ദോൻ യുദ്ധത്തിൽ എങ്ങനെ രക്ഷ നേടാം?

16. (എ) ‘ദൈവത്തെ അറിയു​ന്നു’ എന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? (ബി) യഹോ​വയെ അറിയു​ന്ന​വർക്ക്‌ അർമ​ഗെ​ദോൻ യുദ്ധത്തിൽ എന്ത്‌ അനു​ഗ്ര​ഹ​മാ​ണു കാത്തി​രി​ക്കു​ന്നത്‌?

16 നമ്മൾ സത്യം പഠിച്ചിട്ട്‌ കുറെ വർഷങ്ങ​ളാ​യെ​ങ്കി​ലും അല്ലെങ്കി​ലും, അർമ​ഗെ​ദോ​നിൽ രക്ഷ കിട്ടണ​മെ​ങ്കിൽ ‘ദൈവത്തെ അറിയു​ക​യും’ ‘നമ്മുടെ കർത്താ​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അനുസ​രി​ക്കു​ക​യും’ വേണം. (2 തെസ്സ. 1:7-9) ദൈവ​ത്തിന്‌ ഇഷ്ടമുള്ള കാര്യ​ങ്ങ​ളും ഇഷ്ടമി​ല്ലാത്ത കാര്യ​ങ്ങ​ളും, ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളും അറിയു​മ്പോ​ഴാ​ണു നമ്മൾ ‘ദൈവത്തെ അറിയു​ന്നത്‌.’ കൂടാതെ, ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ദൈവ​ത്തി​നു സമ്പൂർണ​ഭക്തി കൊടു​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ദൈവത്തെ അറിയു​ന്നു എന്നു കാണി​ക്കാം. (1 യോഹ. 2:3-5; 5:3) നമ്മൾ ദൈവത്തെ അറിഞ്ഞാൽ, ‘ദൈവം അറിയുന്ന’ ഒരാളാ​കാൻ നമുക്കു കഴിയും, അതായത്‌ നമുക്കു ദൈവ​ത്തി​ന്റെ അംഗീ​കാ​രം കിട്ടും. (1 കൊരി. 8:3) അങ്ങനെ​യു​ള്ള​വർക്കാണ്‌ അർമ​ഗെ​ദോൻ യുദ്ധത്തിൽ രക്ഷ ലഭിക്കുക.

17. ‘നമ്മുടെ കർത്താ​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അനുസ​രി​ക്കുക’ എന്നാൽ എന്താണ്‌?

17 ‘നമ്മുടെ കർത്താ​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യിൽ’ യേശു പഠിപ്പിച്ച എല്ലാ സത്യങ്ങ​ളും ഉൾപ്പെ​ടു​ന്നു. ദൈവ​വ​ച​ന​ത്തിൽ നമുക്ക്‌ അതു കാണാം. ഈ സന്തോ​ഷ​വാർത്ത​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​മ്പോൾ നമ്മൾ അത്‌ അനുസ​രി​ക്കു​ക​യാണ്‌. അതിൽ ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​തും ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. (മത്താ. 6:33; 24:14) കൂടാതെ, യേശു ഏൽപ്പി​ച്ചി​രി​ക്കുന്ന പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം ചെയ്യുന്ന ക്രിസ്‌തു​വി​ന്റെ അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നുണ്ട്‌.—മത്താ. 25:31-40.

18. ക്രിസ്‌തു​വി​ന്റെ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർ, തങ്ങളോ​ടു കാണിച്ച സ്‌നേ​ഹ​ദ​യ​യ്‌ക്ക്‌ എങ്ങനെ​യാ​ണു പ്രത്യു​പ​കാ​രം ചെയ്യു​ന്നത്‌?

18 ‘വേറെ ആടുക​ളിൽപ്പെ​ട്ടവർ’ ചെയ്‌ത എല്ലാ സഹായ​ത്തി​നും പ്രത്യു​പ​കാ​രം ചെയ്യാൻ ദൈവ​ത്തി​ന്റെ അഭിഷി​ക്ത​ദാ​സ​ന്മാർക്കു പെട്ടെ​ന്നു​തന്നെ അവസരം ലഭിക്കും. (യോഹ. 10:16) എങ്ങനെ? അർമ​ഗെ​ദോൻ യുദ്ധം ആരംഭി​ക്കു​ന്ന​തി​നു മുമ്പ്‌, 1,44,000 പേരിൽ ഭൂമി​യിൽ ബാക്കി​യു​ള്ളവർ ദൈവ​ത്തി​ന്റെ അമർത്യ​ത​യുള്ള ആത്മവ്യ​ക്തി​ക​ളാ​യി സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടും. അങ്ങനെ ആ 1,44,000 അഭിഷി​ക്ത​ദാ​സ​ന്മാ​രും സ്വർഗീ​യ​സൈ​ന്യ​ത്തോ​ടൊ​പ്പം ചേർന്ന്‌ ഗോഗി​നെ തകർക്കു​ക​യും ‘മഹാപു​രു​ഷാ​രത്തെ’ സംരക്ഷി​ക്കു​ക​യും ചെയ്യും. (വെളി. 2:26, 27; 7:9, 10) ഈ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർ ഭൂമി​യി​ലുള്ള സമയത്ത്‌ അവരെ പിന്തു​ണ​യ്‌ക്കാൻ കഴിയു​ന്നതു മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ട​വർക്ക്‌ എത്ര വലിയ പദവി​യാണ്‌!

നമുക്ക്‌ എങ്ങനെ വിശ്വ​സ്‌ത​രാ​യി നിൽക്കാം?

19-20. എന്തെല്ലാം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും, അർമ​ഗെ​ദോൻ അടുത്തു​വ​രുന്ന ഈ സമയത്ത്‌ വിശ്വ​സ്‌ത​രാ​യി നിൽക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

19 ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ അവസാ​ന​കാ​ലത്ത്‌ യഹോ​വ​യു​ടെ ജനത്തിൽ മിക്കവ​രും പരി​ശോ​ധ​നകൾ നേരി​ടു​ന്നുണ്ട്‌. എന്നിരു​ന്നാ​ലും, നമുക്കു സന്തോ​ഷ​ത്തോ​ടെ സഹിച്ചു​നിൽക്കാൻ കഴിയും. (യാക്കോ. 1:2-4) നമ്മളെ വളരെയധികം സഹായി​ക്കുന്ന ഒന്നാണ്‌, മുടങ്ങാ​തെ, ഉള്ളുരു​കി പ്രാർഥി​ക്കു​ന്നത്‌. (ലൂക്കോ. 21:36) പ്രാർഥി​ക്കുക മാത്രമല്ല, എല്ലാ ദിവസ​വും ദൈവ​വ​ചനം പഠിക്കു​ക​യും പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും വേണം. വൈകാ​തെ നിറ​വേ​റാൻപോ​കുന്ന അത്ഭുത​ക​ര​മായ പ്രവച​ന​ങ്ങ​ളും നമ്മുടെ പഠനവി​ഷ​യ​മാ​യി​രി​ക്കണം. (സങ്കീ. 77:12) ഈ കാര്യ​ങ്ങ​ളെ​ല്ലാം ചെയ്യു​ന്ന​തോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കു​ക​യും ചെയ്യു​മ്പോൾ നമുക്കു നമ്മുടെ വിശ്വാ​സ​വും അതു​പോ​ലെ പ്രത്യാ​ശ​യും ശക്തമാ​ക്കി​നി​റു​ത്താൻ കഴിയും.

20 ബാബി​ലോൺ എന്ന മഹതി മേലാൽ ഇല്ല! അർമ​ഗെ​ദോൻ യുദ്ധം അവസാ​നി​ച്ചു! എത്ര ആവേശം നിറഞ്ഞ ഒരു സമയം! എല്ലാവ​രും ദൈവ​ത്തി​ന്റെ പേര്‌ ആദരി​ക്കു​ക​യും ഭരിക്കാ​നുള്ള ദൈവ​ത്തി​ന്റെ അവകാശം അംഗീ​ക​രി​ക്കു​ക​യും ചെയ്യു​മ്പോൾ എത്ര സന്തോ​ഷ​മാ​യി​രി​ക്കു​മെ​ന്നും ചിന്തി​ക്കുക! (യഹ. 38:23) അതു​കൊണ്ട്‌ ദൈവത്തെ അറിയു​ക​യും ദൈവ​ത്തി​ന്റെ മകനെ അനുസ​രി​ക്കു​ക​യും അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ അർമ​ഗെ​ദോൻ ഒരു സന്തോ​ഷ​വാർത്ത​യാ​യി​രി​ക്കും, സംശയ​മില്ല!—മത്താ. 24:13.

ഗീതം 143 പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കാം, ഉണർന്നി​രി​ക്കാം, കാത്തി​രി​ക്കാം

^ ഖ. 5 യഹോ​വ​യു​ടെ ജനം കാലങ്ങ​ളാ​യി അർമ​ഗെ​ദോ​നു​വേണ്ടി കാത്തി​രി​ക്കു​ക​യാണ്‌. ഈ ലേഖന​ത്തിൽ, എന്താണ്‌ അർമ​ഗെ​ദോൻ, അർമ​ഗെ​ദോ​നി​ലേക്കു നയിക്കുന്ന സംഭവങ്ങൾ എന്തൊ​ക്കെ​യാണ്‌, അർമ​ഗെ​ദോൻ അടു​ത്തെ​ത്തും​തോ​റും എങ്ങനെ വിശ്വ​സ്‌ത​രാ​യി തുടരാം എന്നീ കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യും.

^ ഖ. 71 ചിത്രക്കുറിപ്പ്‌: നമുക്കു ചുറ്റും നാടകീ​യ​സം​ഭ​വങ്ങൾ അരങ്ങേ​റും. നമ്മൾ (1) കഴിയു​ന്നി​ട​ത്തോ​ളം കാലം ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കും, (2) ക്രമമാ​യി പഠിക്കും, (3) ദൈവ​ത്തി​ന്റെ സംരക്ഷ​ണ​ത്തിൽ ആശ്രയി​ക്കും.

^ ഖ. 85 ചിത്രക്കുറിപ്പ്‌: പോലീ​സു​കാർ ഒരു ക്രിസ്‌തീ​യ​കു​ടും​ബ​ത്തി​ന്റെ വീട്ടി​ലേക്കു നടന്നടു​ക്കു​ന്നു, എന്നാൽ യേശു​വും ദൂതന്മാ​രും സംഭവ​ങ്ങ​ളെ​ല്ലാം കണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ ആ കുടും​ബ​ത്തിന്‌ അറിയാം.