വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 37

യഹോ​വ​യ്‌ക്കു മനസ്സോ​ടെ കീഴ്‌പെ​ടുക

യഹോ​വ​യ്‌ക്കു മനസ്സോ​ടെ കീഴ്‌പെ​ടുക

“നമ്മുടെ ആത്മീയ​ജീ​വന്റെ പിതാ​വി​നു മനസ്സോ​ടെ കീഴ്‌പെ​ടേ​ണ്ട​തല്ലേ?”—എബ്രാ. 12:9.

ഗീതം 9 യഹോവ നമ്മുടെ രാജാവ്‌

പൂർവാവലോകനം *

1. നമ്മൾ യഹോ​വ​യ്‌ക്കു കീഴ്‌പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നമ്മൾ യഹോ​വ​യ്‌ക്കു കീഴ്‌പെ​ടണം, * കാരണം യഹോവ നമ്മുടെ സ്രഷ്ടാ​വാണ്‌. അതു​കൊണ്ട്‌, സൃഷ്ടി​ക​ളായ നമ്മൾ എന്തു ചെയ്യണം എന്നു പറയാ​നുള്ള അവകാശം യഹോ​വ​യ്‌ക്കുണ്ട്‌. (വെളി. 4:11) യഹോ​വയെ അനുസ​രി​ക്കാൻ മറ്റൊരു കാരണ​വു​മുണ്ട്‌. യഹോ​വ​യു​ടെ ഭരണവി​ധ​മാണ്‌ ഏറ്റവും മികച്ചത്‌. ചരി​ത്ര​ത്തിൽ ഉടനീളം മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​കൾ ആളുക​ളു​ടെ മേൽ അധികാ​രം പ്രയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്നാൽ അവരുടെ ഭരണവി​ധ​വും യഹോ​വ​യു​ടെ ഭരണരീ​തി​ക​ളും താരത​മ്യം ചെയ്‌താൽ നമുക്ക്‌ ഒരു കാര്യം മനസ്സി​ലാ​ക്കാം: യഹോ​വ​യാണ്‌ ഏറ്റവും ജ്ഞാനവും സ്‌നേ​ഹ​വും കരുണ​യും അനുക​മ്പ​യും ഉള്ള ഭരണാ​ധി​കാ​രി.—പുറ. 34:6; റോമ. 16:27; 1 യോഹ. 4:8.

2. യഹോ​വ​യ്‌ക്കു കീഴ്‌പെ​ടാൻ എബ്രായർ 12:9-11 എന്തെല്ലാം കാരണ​ങ്ങ​ളാ​ണു നൽകു​ന്നത്‌?

2 നമ്മൾ പേടി​ച്ചിട്ട്‌ തന്നെ അനുസ​രി​ക്കാ​നല്ല യഹോവ ആഗ്രഹി​ക്കു​ന്നത്‌. പകരം സ്‌നേ​ഹ​മുള്ള പിതാ​വാ​യി നമ്മൾ ദൈവത്തെ കാണു​ന്ന​തു​കൊണ്ട്‌ അങ്ങനെ ചെയ്യാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌. ‘നമുക്കു നല്ലതു വരാൻ’ നമ്മളെ പരിശീ​ലി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌ ‘ആ പിതാ​വി​നു മനസ്സോ​ടെ കീഴ്‌പെ​ടാൻ’ എബ്രാ​യർക്കുള്ള കത്തിൽ പൗലോസ്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.—എബ്രായർ 12:9-11 വായി​ക്കുക.

3. (എ) യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?

3 എല്ലാ കാര്യ​ങ്ങ​ളി​ലും യഹോ​വയെ അനുസ​രി​ക്കു​ന്ന​തിന്‌ കഴിവി​ന്റെ പരമാ​വധി ശ്രമി​ച്ചു​കൊ​ണ്ടും സ്വന്തം വിവേ​ക​ത്തിൽ ആശ്രയി​ക്കാ​നുള്ള പ്രലോ​ഭ​നത്തെ ചെറു​ത്തു​കൊ​ണ്ടും നമ്മൾ യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ന്നു. (സുഭാ. 3:5) യഹോ​വ​യു​ടെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയു​മ്പോൾ കീഴ്‌പെ​ടു​ന്നത്‌ എളുപ്പ​മാ​യി​ത്തീ​രും. എന്തു​കൊണ്ട്‌? കാരണം, യഹോവ ചെയ്യുന്ന ഓരോ കാര്യ​ത്തെ​ക്കു​റി​ച്ചും പഠിക്കു​മ്പോൾ യഹോ​വ​യു​ടെ ഗുണങ്ങൾ നമുക്കു കൂടുതൽ നന്നായി മനസ്സി​ലാ​ക്കാം. (സങ്കീ. 145:9) യഹോ​വ​യെ​ക്കു​റിച്ച്‌ എത്ര കൂടുതൽ പഠിക്കു​ന്നോ, അത്രയ​ധി​കം നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കും. യഹോ​വയെ സ്‌നേ​ഹി​ക്കു​മ്പോൾ, ചെയ്യേ​ണ്ട​തും ചെയ്യരു​താ​ത്ത​തും ആയ കാര്യ​ങ്ങ​ളു​ടെ ഒരു വലിയ പട്ടിക നമുക്കു വേണ്ടി​വ​രില്ല. പകരം, യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​നും മോശ​മായ കാര്യങ്ങൾ വെറു​ക്കാ​നും ഒഴിവാ​ക്കാ​നും നമ്മൾ ശ്രമി​ക്കും. (സങ്കീ. 97:10) എന്നാൽ ചില​പ്പോ​ഴൊ​ക്കെ യഹോ​വയെ അനുസ​രി​ക്കു​ന്ന​തി​നു നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. അതിന്റെ കാരണം നമ്മൾ പഠിക്കും. മൂപ്പന്മാർക്കും അച്ഛനമ്മ​മാർക്കും ഗവർണ​റായ നെഹമ്യ​യു​ടെ​യും ദാവീദ്‌ രാജാ​വി​ന്റെ​യും യേശു​വി​ന്റെ അമ്മയായ മറിയ​യു​ടെ​യും മാതൃ​ക​യിൽനിന്ന്‌ എന്തെല്ലാം പഠിക്കാ​മെ​ന്നും ഈ ലേഖന​ത്തിൽ കാണും.

യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ന്നതു ബുദ്ധി​മു​ട്ടാ​യേ​ക്കാ​വു​ന്ന​തി​ന്റെ കാരണം

4-5. റോമർ 7:21-23 പറയു​ന്ന​ത​നു​സ​രിച്ച്‌, യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ന്നതു ബുദ്ധി​മു​ട്ടാ​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

4 യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ന്നതു ചില​പ്പോൾ ബുദ്ധി​മു​ട്ടാ​കു​ന്ന​തി​ന്റെ ഒരു കാരണം നമ്മൾ എല്ലാവ​രും പാപി​ക​ളും അപൂർണ​രും ആണ്‌ എന്നതാണ്‌. അതു​കൊണ്ട്‌ ധിക്കരി​ക്കാ​നുള്ള ഒരു ചായ്‌വ്‌ നമുക്കുണ്ട്‌. ദൈവത്തെ ധിക്കരി​ക്കു​ക​യും വിലക്ക​പ്പെട്ട പഴം കഴിക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ആദാമും ഹവ്വയും ശരിയും തെറ്റും എന്താ​ണെന്നു സ്വന്തമാ​യി തീരു​മാ​നി​ക്കാൻ തുടങ്ങി. (ഉൽപ. 3:22) ഇന്നും, മനുഷ്യ​വർഗ​ത്തിൽ മിക്കവ​രും യഹോ​വയെ അവഗണി​ക്കു​ക​യും ശരി​യേത്‌, തെറ്റേത്‌ എന്നു സ്വന്തമാ​യി തീരു​മാ​നി​ക്കു​ക​യും ചെയ്യുന്നു.

5 യഹോ​വയെ അറിയു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്ന​വർക്കു​പോ​ലും യഹോ​വ​യ്‌ക്കു പൂർണ​മാ​യി കീഴ്‌പെ​ടു​ന്ന​തി​നു ചില​പ്പോൾ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. പൗലോസ്‌ അപ്പോ​സ്‌തലൻ ഈ ബുദ്ധി​മു​ട്ടു നേരിട്ട ഒരാളാണ്‌. (റോമർ 7:21-23 വായി​ക്കുക.) പൗലോ​സി​നെ​പ്പോ​ലെ, യഹോ​വ​യു​ടെ കണ്ണിൽ ശരിയാ​യതു ചെയ്യാ​നാ​ണു നമ്മു​ടെ​യും ആഗ്രഹം. അതു​കൊണ്ട്‌ തെറ്റായ കാര്യങ്ങൾ ചെയ്യാ​നുള്ള പ്രവണ​ത​യ്‌ക്ക്‌ എതിരെ നമ്മൾ പോരാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കണം.

6-7. യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ന്നതു ബുദ്ധി​മു​ട്ടാ​കു​ന്ന​തി​ന്റെ രണ്ടാമത്തെ കാരണം എന്താണ്‌? ഒരു ഉദാഹ​രണം പറയുക.

6 നമ്മൾ വളർന്നു​വന്ന ചുറ്റു​പാ​ടു​കൾ നമ്മുടെ ചിന്താ​രീ​തി​യെ സ്വാധീ​നി​ക്കും. ഇതാണ്‌ യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ന്നതു ബുദ്ധി​മു​ട്ടാ​ക്കുന്ന മറ്റൊരു കാരണം. യഹോവ പറയുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ വളരെ വ്യത്യ​സ്‌ത​മാ​ണു പലയാ​ളു​ക​ളും നമ്മളോ​ടു പറയുന്ന കാര്യങ്ങൾ. അവർ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​തി​രി​ക്കാൻ നമ്മൾ കഠിനമായി ശ്രമി​ക്കണം. ഒരു ഉദാഹ​രണം നോക്കാം.

7 ചില പ്രദേ​ശ​ങ്ങ​ളിൽ പണമു​ണ്ടാ​ക്കു​ന്ന​തി​നു ജീവിതം മാറ്റി​വെ​ക്കാൻ ചെറു​പ്പ​ക്കാർക്കു സമ്മർദം അനുഭ​വ​പ്പെ​ടാ​റുണ്ട്‌. മേരി * എന്ന സഹോ​ദ​രിക്ക്‌ അത്തരം ഒരു സാഹച​ര്യം നേരിട്ടു. യഹോ​വ​യെ​ക്കു​റിച്ച്‌ അറിയു​ന്ന​തി​നു മുമ്പ്‌, മേരി രാജ്യത്തെ പ്രശസ്‌ത​മായ ഒരു സർവക​ലാ​ശാ​ല​യി​ലാ​ണു പഠിച്ചത്‌. മറ്റുള്ള​വ​രു​ടെ ആദരവ്‌ കിട്ടുന്ന, ഉയർന്ന ശമ്പളമുള്ള ഒരു ജോലി നേടാൻ കുടും​ബാം​ഗങ്ങൾ മേരിയെ നിർബ​ന്ധി​ച്ചു. മേരി​യു​ടെ ആഗ്രഹ​വും അതുത​ന്നെ​യാ​യി​രു​ന്നു. എന്നാൽ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ക​യും യഹോ​വയെ സ്‌നേ​ഹി​ക്കാൻ തുടങ്ങു​ക​യും ചെയ്‌ത​പ്പോൾ മേരി ലക്ഷ്യങ്ങ​ളിൽ മാറ്റം വരുത്തി. പക്ഷേ ഇന്നും പണമു​ണ്ടാ​ക്കാ​നുള്ള പ്രലോ​ഭനം ഇടയ്‌ക്കൊ​ക്കെ സഹോ​ദ​രി​ക്കു തോന്നാ​റുണ്ട്‌. മേരി പറയുന്നു: “ചില അവസര​ങ്ങ​ളിൽ പണമു​ണ്ടാ​ക്കാ​നുള്ള ചില നല്ല മാർഗങ്ങൾ ഞാൻ കാണാ​റുണ്ട്‌. പക്ഷേ അതു സ്വീക​രി​ച്ചാൽ എന്റെ ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കു തടസ്സം വരു​മെന്ന്‌ എനിക്ക്‌ അറിയാം. ഞാൻ വളർന്നു​വന്ന സാഹച​ര്യ​ങ്ങൾ ഓർക്കു​മ്പോൾ, അത്തരം അവസരങ്ങൾ വേണ്ടെ​ന്നു​വെ​ക്കാൻ ചില​പ്പോൾ ബുദ്ധി​മു​ട്ടു തോന്നും. ദൈവ​സേ​വ​ന​ത്തിൽനിന്ന്‌ ശ്രദ്ധ മാറ്റി​ക്ക​ള​യുന്ന ജോലി സ്വീക​രി​ക്കാ​നുള്ള പ്രലോ​ഭനം ശരിക്കും ശക്തമാണ്‌. അതിനെ ചെറു​ക്കാ​നുള്ള സഹായ​ത്തി​നാ​യി എനിക്കു പ്രാർഥി​ക്കേ​ണ്ടി​വ​രാ​റുണ്ട്‌.”—മത്താ. 6:24.

8. നമ്മൾ ഇനി എന്താണ്‌ പഠിക്കാൻപോ​കു​ന്നത്‌?

8 യഹോ​വ​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്നതു നമുക്കു​തന്നെ പ്രയോ​ജനം ചെയ്യും എന്നതിനു സംശയ​മില്ല. പക്ഷേ മൂപ്പന്മാർ, അച്ഛനമ്മ​മാർ തുടങ്ങി ഒരള​വോ​ളം അധികാ​ര​മുള്ള ആളുകൾ ദൈവ​ത്തി​നു കീഴ്‌പെ​ട്ടി​രു​ന്നാൽ, അതു മറ്റുള്ള​വർക്കും പ്രയോ​ജനം ചെയ്യും. നമുക്ക്‌ ഇപ്പോൾ ബൈബി​ളിൽനി​ന്നുള്ള ചില ഉദാഹ​ര​ണങ്ങൾ നോക്കാം. യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന വിധത്തിൽ അധികാ​രം ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ അതിൽനിന്ന്‌ നമുക്കു മനസ്സി​ലാ​ക്കാം.

മൂപ്പന്മാർക്കു നെഹമ്യ​യിൽനിന്ന്‌ എന്തു പഠിക്കാം?

യരുശലേം പുനർനിർമി​ക്കു​ന്ന​തിൽ നെഹമ്യ നേരിട്ട്‌ ഉൾപ്പെ​ട്ട​തു​പോ​ലെ, മൂപ്പന്മാർ രാജ്യ​ഹാ​ളിൽ ചില പണികൾ ചെയ്യുന്നു (9-11 ഖണ്ഡികകൾ കാണുക) *

9. ബുദ്ധി​മു​ട്ടുള്ള എന്തെല്ലാം സാഹച​ര്യ​ങ്ങ​ളാ​ണു നെഹമ്യ നേരി​ട്ടത്‌?

9 തന്റെ ജനത്തെ മേയ്‌ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ മൂപ്പന്മാർക്കു നൽകി​യി​ട്ടുണ്ട്‌. (1 പത്രോ. 5:2) നെഹമ്യ ദൈവ​ജ​ന​ത്തോട്‌ ഇടപെട്ട വിധം പരി​ശോ​ധി​ക്കു​ന്ന​തിൽനിന്ന്‌ മൂപ്പന്മാർക്കു ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും. യഹൂദ​യു​ടെ ഗവർണർ എന്ന നിലയിൽ, നെഹമ്യ​ക്കു വളരെ​യ​ധി​കം അധികാ​ര​മു​ണ്ടാ​യി​രു​ന്നു. (നെഹ. 1:11; 2:7, 8; 5:14) നെഹമ്യ​ക്കു​ണ്ടായ ചില ബുദ്ധി​മു​ട്ടു​ക​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ജനം ആലയം മലിന​മാ​ക്കി​യെന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി. മോശ​യു​ടെ നിയമം ആവശ്യ​പ്പെ​ട്ട​തു​പോ​ലെ, അവർ ലേവ്യരെ പിന്തു​ണ​ച്ചി​രു​ന്നില്ല. ശബത്ത്‌ നിയമം അവർ ലംഘിച്ചു. ചില പുരു​ഷ​ന്മാർ വിദേ​ശി​ക​ളായ സ്‌ത്രീ​കളെ വിവാഹം കഴിക്കു​ക​പോ​ലും ചെയ്‌തു. ഗവർണ​റായ നെഹമ്യക്ക്‌ ഇങ്ങനെ​യൊ​രു വിഷമ​സാ​ഹ​ച​ര്യം കൈകാ​ര്യം ചെയ്യേ​ണ്ടി​വന്നു.—നെഹ. 13:4-30.

10. തനിക്കു നേരിട്ട ബുദ്ധി​മു​ട്ടു​കൾ നെഹമ്യ എങ്ങനെ​യാ​ണു കൈകാ​ര്യം ചെയ്‌തത്‌?

10 നെഹമ്യ തന്റെ അധികാ​രം ദുർവി​നി​യോ​ഗം ചെയ്‌തില്ല. സ്വന്തം ആശയങ്ങൾ ദൈവ​ജ​ന​ത്തി​നു മേൽ അടി​ച്ചേൽപ്പി​ച്ചില്ല. പകരം ആത്മാർഥ​മായ പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യു​ടെ മാർഗ​നിർദേശം തേടി. ആളുകളെ യഹോ​വ​യു​ടെ നിയമങ്ങൾ പഠിപ്പി​ക്കു​ക​യും ചെയ്‌തു. (നെഹ. 1:4-10; 13:1-3) കൂടാതെ, യരുശ​ലേ​മി​ന്റെ മതിലു​കൾ പുനർനിർമി​ക്കു​ന്ന​തി​നു ജനത്തിന്റെ കൂടെ​നിന്ന്‌ നെഹമ്യ താഴ്‌മ​യോ​ടെ ജോലി ചെയ്യു​ക​പോ​ലും ചെയ്‌തു.—നെഹ. 4:15.

11. 1 തെസ്സ​ലോ​നി​ക്യർ 2:7, 8 അനുസ​രിച്ച്‌, മൂപ്പന്മാർ സഭയി​ലു​ള്ള​വ​രോട്‌ എങ്ങനെ​യാണ്‌ ഇടപെ​ടേ​ണ്ടത്‌?

11 നെഹമ്യ നേരി​ട്ട​തു​പോ​ലുള്ള പ്രശ്‌നങ്ങൾ മൂപ്പന്മാർക്കു നേരി​ടേ​ണ്ടി​വ​രി​ല്ലാ​യി​രി​ക്കാം. എങ്കിലും, അവർക്കു പല വിധങ്ങ​ളിൽ നെഹമ്യ​യെ അനുക​രി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, അവർ സഹോ​ദ​ര​ങ്ങ​ളു​ടെ പ്രയോ​ജ​ന​ത്തി​നാ​യി കഠിനാ​ധ്വാ​നം ചെയ്യുന്നു. അധികാ​ര​മു​ള്ള​തു​കൊണ്ട്‌ തങ്ങൾ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്ന്‌ അവർ വിചാ​രി​ക്കു​ന്നില്ല. പകരം അവർ സഭയിലെ സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടു​ന്നു. (1 തെസ്സ​ലോ​നി​ക്യർ 2:7, 8 വായി​ക്കുക.) അവർക്കു താഴ്‌മ​യും ആത്മാർഥ​മായ സ്‌നേ​ഹ​വും ഉള്ളതു​കൊണ്ട്‌ അവർ എപ്പോ​ഴും ദയയോ​ടെ സംസാ​രി​ക്കും. വർഷങ്ങ​ളാ​യിട്ട്‌ മൂപ്പനാ​യി സേവി​ക്കുന്ന ആൻഡ്രൂ സഹോ​ദരൻ പറയുന്നു: “ഒരു മൂപ്പൻ ദയയും സൗഹൃ​ദ​വും കാണി​ക്കു​മ്പോൾ സഹോ​ദ​രങ്ങൾ നല്ല രീതി​യിൽ പ്രതി​ക​രി​ക്കു​ന്നതു ഞാൻ കണ്ടിട്ടുണ്ട്‌. ഈ ഗുണങ്ങൾ മൂപ്പന്മാ​രോ​ടു സഹകരി​ക്കാൻ സഹോ​ദ​ര​ങ്ങളെ പ്രചോ​ദി​പ്പി​ക്കു​ന്നു.” അതു​പോ​ലെ, അനുഭ​വ​പ​രി​ച​യ​മുള്ള ഒരു മൂപ്പനായ ടോണി സഹോ​ദരൻ പറയുന്നു: “ഫിലി​പ്പി​യർ 2:3 പറയു​ന്ന​തു​പോ​ലെ മറ്റുള്ള​വരെ എന്നെക്കാൾ ശ്രേഷ്‌ഠ​രാ​യിട്ട്‌ കാണാൻ ഞാൻ എപ്പോ​ഴും ശ്രമി​ക്കു​ന്നു. ഒരു അധികാ​രി​യെ​പ്പോ​ലെ പ്രവർത്തി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ ഇത്‌ എന്നെ സഹായി​ക്കു​ന്നു.”

12. മൂപ്പന്മാർക്കു താഴ്‌മ വേണ​മെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

12 യഹോവ താഴ്‌മ​യു​ള്ള​വ​നാണ്‌. മൂപ്പന്മാ​രും അതു​പോ​ലെ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കണം. പ്രപഞ്ച​ത്തി​ന്റെ പരമാ​ധി​കാ​രി​യാ​ണെ​ങ്കി​ലും യഹോവ “സാധു​വി​നെ പൊടി​യിൽനിന്ന്‌” പിടി​ച്ചു​യർത്താൻ ‘കുനി​യു​ന്നു.’ (സങ്കീ. 18:35; 113:6, 7) അഹങ്കാ​ര​മു​ള്ള​വരെ യഹോ​വ​യ്‌ക്ക്‌ അറപ്പാ​ണെന്നു ബൈബിൾ പറയുന്നു.—സുഭാ. 16:5.

13. ഒരു മൂപ്പൻ ‘നാവിനു കടിഞ്ഞാ​ണി​ടേ​ണ്ടത്‌’ എന്തു​കൊണ്ട്‌?

13 യഹോ​വ​യ്‌ക്കു കീഴ്‌പെ​ടുന്ന ഒരു മൂപ്പൻ ‘നാവിനു കടിഞ്ഞാ​ണി​ടണം.’ അല്ലാത്ത​പക്ഷം, ആരെങ്കി​ലും തന്നോടു മര്യാ​ദ​യി​ല്ലാ​തെ പെരു​മാ​റി​യാൽ അദ്ദേഹം ദയയി​ല്ലാ​തെ സംസാ​രി​ച്ചേ​ക്കാം. (യാക്കോ. 1:26; ഗലാ. 5:14, 15) നമ്മൾ നേരത്തേ കണ്ട ആൻഡ്രൂ സഹോ​ദരൻ പറയുന്നു: “മുമ്പൊ​ക്കെ സഭയിലെ ആരെങ്കി​ലും ആദരവി​ല്ലാ​തെ എന്നോടു പെരു​മാ​റി​യാൽ തിരിച്ച്‌ ദയയി​ല്ലാ​തെ സംസാ​രി​ക്കാൻ എനിക്കു തോന്നി​യി​ട്ടുണ്ട്‌. എന്നാൽ ബൈബി​ളി​ലെ വിശ്വ​സ്‌ത​രായ വ്യക്തി​ക​ളു​ടെ മാതൃക ഞാൻ ധ്യാനി​ച്ചു. താഴ്‌മ​യും സൗമ്യ​ത​യും കാണി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ അത്‌ എന്നെ സഹായി​ച്ചി​ട്ടുണ്ട്‌.” മൂപ്പന്മാർ സഹോ​ദ​ര​ങ്ങ​ളോ​ടും സഹമൂ​പ്പ​ന്മാ​രോ​ടും സ്‌നേ​ഹ​ത്തോ​ടെ, ഹൃദ്യ​മാ​യി സംസാ​രി​ക്കു​മ്പോൾ അവർ യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ന്നെന്നു കാണി​ക്കു​ക​യാണ്‌.—കൊലോ. 4:6.

പിതാ​ക്ക​ന്മാർക്കു ദാവീദ്‌ രാജാ​വിൽനിന്ന്‌ എന്തു പഠിക്കാം?

14. യഹോവ പിതാ​ക്ക​ന്മാർക്ക്‌ ഏതു നിയമ​ന​മാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌, യഹോവ അവരിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്കു​ന്നു?

14 യഹോവ പിതാ​ക്ക​ന്മാ​രെ കുടും​ബ​ത്തി​ന്റെ തലയായി നിയമി​ച്ചി​രി​ക്കു​ന്നു. അവർ മക്കളെ പഠിപ്പി​ക്കാ​നും തിരു​ത്താ​നും മക്കൾക്കു മാർഗ​നിർദേ​ശങ്ങൾ കൊടു​ക്കാ​നും ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. (1 കൊരി. 11:3; എഫെ. 6:4) എന്നാൽ പിതാ​ക്ക​ന്മാ​രു​ടെ അധികാ​രം പരിമി​ത​മാണ്‌. എല്ലാ കുടും​ബ​ങ്ങൾക്കും പേരു വരാൻ കാരണ​മായ യഹോ​വ​യോട്‌ അവർ കണക്കു ബോധി​പ്പി​ക്കണം. (എഫെ. 3:14, 15) യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന വിധത്തിൽ തങ്ങളുടെ അധികാ​രം ഉപയോ​ഗി​ച്ചു​കൊണ്ട്‌ പിതാ​ക്ക​ന്മാർക്ക്‌ യഹോ​വ​യോ​ടുള്ള കീഴ്‌പെടൽ കാണി​ക്കാം. ഇക്കാര്യ​ത്തിൽ, ദാവീദ്‌ രാജാ​വി​ന്റെ ജീവി​ത​ത്തിൽനിന്ന്‌ അവർക്കു പലതും പഠിക്കാൻ കഴിയും.

ഒരു പിതാ​വി​ന്റെ പ്രാർഥ​ന​യിൽനിന്ന്‌ അദ്ദേഹ​ത്തി​ന്റെ താഴ്‌മ കുടും​ബാം​ഗ​ങ്ങൾക്കു മനസ്സി​ലാ​ക​ണം (15, 16 ഖണ്ഡികകൾ കാണുക) *

15. ദാവീദ്‌ രാജാവ്‌ പിതാ​ക്ക​ന്മാർക്ക്‌ ഒരു നല്ല മാതൃ​ക​യാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

15 യഹോവ ദാവീ​ദി​നെ സ്വന്തം കുടും​ബ​ത്തി​ന്റെ മാത്രമല്ല, മുഴുവൻ ഇസ്രാ​യേൽ ജനതയു​ടെ​യും തലയായി നിയമി​ച്ചു. രാജാ​വാ​യ​തു​കൊണ്ട്‌ ദാവീ​ദി​നു വലിയ അധികാ​ര​മു​ണ്ടാ​യി​രു​ന്നു. ചില അവസര​ങ്ങ​ളിൽ ദാവീദ്‌ ആ അധികാ​രം ദുർവി​നി​യോ​ഗം ചെയ്‌ത​തു​കൊണ്ട്‌ ഗുരു​ത​ര​മായ പിശകു​കൾ വരുത്തി. (2 ശമു. 11:14, 15) എന്നാൽ ശിക്ഷണം സ്വീക​രി​ച്ചു​കൊണ്ട്‌ യഹോ​വ​യോ​ടുള്ള കീഴ്‌പെടൽ ദാവീദ്‌ പ്രകട​മാ​ക്കി. പ്രാർഥ​ന​യിൽ ദാവീദ്‌ യഹോ​വ​യു​ടെ മുമ്പാകെ തന്റെ ഹൃദയം പകർന്നു. യഹോ​വ​യു​ടെ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കാൻ ദാവീദ്‌ പരമാ​വധി പരി​ശ്ര​മി​ച്ചു. (സങ്കീ. 51:1-4) കൂടാതെ, പുരു​ഷ​ന്മാ​രിൽനിന്ന്‌ മാത്രമല്ല, സ്‌ത്രീ​ക​ളിൽനി​ന്നും ദാവീദ്‌ താഴ്‌മ​യോ​ടെ ഉപദേശം സ്വീക​രി​ച്ചു. (1 ശമു. 19:11, 12; 25:32, 33) ദാവീദ്‌ തന്റെ തെറ്റു​ക​ളിൽനിന്ന്‌ പഠിച്ചു. ദൈവ​സേ​വ​ന​മാ​യി​രു​ന്നു ദാവീ​ദി​ന്റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം.

16. പിതാ​ക്ക​ന്മാർക്കു ദാവീ​ദിൽനിന്ന്‌ എന്തൊക്കെ പഠിക്കാം?

16 പിതാ​ക്ക​ന്മാർക്കു ദാവീദ്‌ രാജാ​വിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന ചില പാഠങ്ങൾ നോക്കാം: യഹോവ നിങ്ങൾക്കു നൽകി​യി​രി​ക്കുന്ന അധികാ​രം ഒരിക്ക​ലും ദുർവി​നി​യോ​ഗം ചെയ്യരുത്‌. തെറ്റു പറ്റിയാൽ സമ്മതി​ക്കുക. മറ്റുള്ളവർ തരുന്ന തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മായ ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കുക. അങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ നിങ്ങൾക്കു താഴ്‌മ​യു​ണ്ടെന്നു കുടും​ബാം​ഗങ്ങൾ മനസ്സി​ലാ​ക്കും, അപ്പോൾ അവർ നിങ്ങളെ ബഹുമാ​നി​ക്കും. കുടും​ബ​ത്തോ​ടൊ​പ്പം പ്രാർഥി​ക്കു​മ്പോൾ യഹോ​വ​യു​ടെ മുമ്പാകെ നിങ്ങളു​ടെ ഹൃദയം പകരുക. നിങ്ങൾ യഹോ​വയെ എത്രമാ​ത്രം ആശ്രയി​ക്കു​ന്നു​ണ്ടെന്ന്‌ അവർ മനസ്സി​ലാ​ക്കട്ടെ. ദൈവ​സേ​വ​നത്തെ കേന്ദ്രീ​ക​രിച്ച്‌ നിങ്ങളു​ടെ ജീവിതം മുന്നോട്ട്‌ കൊണ്ടു​പോ​കുക. (ആവ. 6:6-9) ഓർക്കുക: നിങ്ങളു​ടെ നല്ല മാതൃ​ക​യാ​ണു കുടും​ബ​ത്തി​നു കൊടു​ക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം.

അമ്മമാർക്കു മറിയ​യിൽനിന്ന്‌ എന്തു പഠിക്കാം?

17. കുടും​ബ​ത്തിൽ യഹോവ അമ്മമാർക്ക്‌ എന്ത്‌ ഉത്തരവാ​ദി​ത്വം ഏൽപ്പി​ച്ചി​ട്ടുണ്ട്‌?

17 കുടും​ബ​ത്തിൽ അമ്മയ്‌ക്ക്‌ യഹോവ ആദരണീ​യ​മായ ഒരു സ്ഥാനം കൊടു​ത്തി​ട്ടുണ്ട്‌. മക്കളുടെ മേൽ ചില അധികാ​ര​ങ്ങ​ളും കൊടു​ത്തി​ട്ടുണ്ട്‌. (സുഭാ. 6:20) വാസ്‌ത​വ​ത്തിൽ, ഒരു അമ്മ പറയു​ന്ന​തും ചെയ്യു​ന്ന​തും ആയ കാര്യങ്ങൾ മക്കളെ ആയുഷ്‌കാ​ലം മുഴുവൻ സ്വാധീ​നി​ച്ചേ​ക്കാം. (സുഭാ. 22:6) അമ്മമാർക്കു യേശു​വി​ന്റെ അമ്മയായ മറിയ​യിൽനിന്ന്‌ എന്തെല്ലാം പഠിക്കാ​മെന്നു നോക്കാം.

18-19. മറിയ​യു​ടെ മാതൃ​ക​യിൽനിന്ന്‌ അമ്മമാർക്ക്‌ എന്തെല്ലാം പഠിക്കാം?

18 മറിയ​യ്‌ക്കു തിരു​വെ​ഴു​ത്തു​കൾ നന്നായി അറിയാ​മാ​യി​രു​ന്നു. യഹോ​വ​യോട്‌ ആഴമായ ആദരവു​ണ്ടാ​യി​രുന്ന മറിയ യഹോ​വ​യു​മാ​യി ഒരു ഉറ്റ സൗഹൃദം വളർത്തി​യെ​ടു​ത്തി​രു​ന്നു. യഹോ​വ​യു​ടെ നിർദേ​ശ​ത്തി​നു കീഴ്‌പെ​ടാൻ എപ്പോ​ഴും മനസ്സു കാണിച്ചു. ജീവി​ത​ത്തി​ന്റെ ഗതിതന്നെ തിരി​ച്ചു​വി​ടുന്ന സാഹച​ര്യ​ത്തിൽപ്പോ​ലും മറിയ യഹോ​വയെ അനുസ​രി​ച്ചു.—ലൂക്കോ. 1:35-38, 46-55.

ക്ഷീണിച്ചിരിക്കുമ്പോൾ കുടും​ബാം​ഗ​ങ്ങ​ളോ​ടു സ്‌നേഹം കാണി​ക്കാൻ ഒരു അമ്മയ്‌ക്കു കൂടുതൽ ശ്രമം ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം (19-ാം ഖണ്ഡിക കാണുക) *

19 അമ്മമാരേ, നിങ്ങൾക്കു പല വിധങ്ങ​ളിൽ മറിയയെ അനുക​രി​ക്കാം. എങ്ങനെ? ഒന്ന്‌, യഹോ​വ​യു​മാ​യി ഒരു ഉറ്റ സൗഹൃദം വളർത്തി​യെ​ടു​ക്കുക. അതിനു​വേണ്ടി വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിക്കു​ക​യും യഹോ​വ​യോ​ടു തനിച്ച്‌ പ്രാർഥി​ക്കു​ക​യും ചെയ്യുക. രണ്ട്‌, യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്ന​തിന്‌ എപ്പോ​ഴും തയ്യാറാ​യി​രി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ മാതാ​പി​താ​ക്കൾ മിക്ക​പ്പോ​ഴും ദേഷ്യ​പ്പെ​ടു​ക​യും നിങ്ങ​ളോ​ടു പരുഷ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്‌തി​രു​ന്നെന്നു കരുതുക. അതു കാരണം കുട്ടി​കളെ ഇങ്ങനെ​യാ​ണു വളർത്തി​ക്കൊ​ണ്ടു​വ​രേ​ണ്ടത്‌ എന്ന ധാരണ നിങ്ങളിൽ വേരു​പി​ടി​ച്ചി​രി​ക്കാം. എന്നാൽ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ച​പ്പോൾ മക്കളോ​ടു ശാന്തമാ​യും ക്ഷമയോ​ടെ​യും ഇടപെ​ടണം എന്നു നിങ്ങൾ മനസ്സി​ലാ​ക്കി. എങ്കിലും അത്‌ എപ്പോ​ഴും എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല, വിശേ​ഷിച്ച്‌ നിങ്ങൾ ക്ഷീണി​ച്ചി​രി​ക്കുന്ന സമയത്ത്‌ അവർ അനുസ​രി​ക്കാ​തെ വരു​മ്പോൾ. (എഫെ. 4:31) അത്തരം അവസര​ങ്ങ​ളിൽ സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ തീവ്ര​മാ​യി പ്രാർഥി​ക്കുക. ലിഡിയ എന്നു പേരുള്ള അമ്മ പറയുന്നു: “ചില​പ്പോൾ മകൻ അനുസ​ര​ണ​ക്കേടു കാണി​ക്കു​മ്പോൾ പൊട്ടി​ത്തെ​റി​ക്കാ​തി​രി​ക്കാൻ എനിക്കു തീവ്ര​മാ​യി പ്രാർഥി​ക്കേ​ണ്ടി​വ​രും. ചില​പ്പോ​ഴൊ​ക്കെ ഞാൻ ദേഷ്യ​പ്പെ​ടാൻ തുടങ്ങും, എന്നാൽ പെട്ടെ​ന്നു​തന്നെ നിയ​ന്ത്രി​ക്കും. എന്നിട്ട്‌ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു നിശ്ശബ്ദ​മാ​യി പ്രാർഥി​ക്കും. ശാന്തമാ​യി മുന്നോ​ട്ടു​പോ​കാൻ പ്രാർഥന എന്നെ സഹായി​ക്കു​ന്നു.”—സങ്കീ. 37:5.

20. ചില അമ്മമാർ നേരി​ടുന്ന പ്രശ്‌നം എന്താണ്‌, അവർക്ക്‌ അത്‌ എങ്ങനെ മറിക​ട​ക്കാം?

20 ചില അമ്മമാർ നേരി​ടുന്ന മറ്റൊരു പ്രശ്‌ന​മുണ്ട്‌. അവർക്കു മക്കളോ​ടു സ്‌നേ​ഹ​മുണ്ട്‌, പക്ഷേ അതു പ്രകടി​പ്പി​ക്കു​ന്നതു ബുദ്ധി​മു​ട്ടാണ്‌. (തീത്തോ. 2:3, 4) എന്തു​കൊ​ണ്ടാ​യി​രി​ക്കാം? കാരണം അവരിൽ മിക്കവ​രു​ടെ​യും മാതാ​പി​താ​ക്കൾ അവരോ​ടു സ്‌നേഹം കാണി​ച്ചി​ട്ടില്ല. അങ്ങനെ വളർന്നു​വന്ന ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ, മാതാ​പി​താ​ക്ക​ളു​ടെ തെറ്റായ പാത പിന്തു​ട​ര​ണ​മെ​ന്നില്ല. യഹോ​വ​യു​ടെ ഇഷ്ടത്തിനു കീഴ്‌പെ​ടുന്ന ഒരു അമ്മ മക്കളോട്‌ എങ്ങനെ സ്‌നേഹം കാണി​ക്ക​ണ​മെന്നു പഠിക്ക​ണ​മാ​യി​രി​ക്കും. ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന രീതി മാറ്റാൻ അവർക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കാം, പക്ഷേ മാറ്റം വരുത്താൻ കഴിയും. ആ മാറ്റങ്ങൾ അമ്മയ്‌ക്കും കുടും​ബ​ത്തി​നും ഒരു​പോ​ലെ പ്രയോ​ജനം ചെയ്യും.

എപ്പോ​ഴും യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ക

21-22. യശയ്യ 65:13, 14 പറയു​ന്ന​ത​നു​സ​രിച്ച്‌, യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ എന്തെല്ലാം പ്രയോ​ജ​നങ്ങൾ ലഭിക്കും?

21 യഹോ​വ​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ ദാവീദ്‌ രാജാ​വിന്‌ അറിയാ​മാ​യി​രു​ന്നു. ദാവീദ്‌ എഴുതി: “യഹോ​വ​യു​ടെ ആജ്ഞകൾ നീതി​യു​ള്ളവ; അവ ഹൃദയാ​നന്ദം നൽകുന്നു; യഹോ​വ​യു​ടെ കല്‌പന ശുദ്ധമാ​യത്‌; അതു കണ്ണുകളെ പ്രകാ​ശി​പ്പി​ക്കു​ന്നു. അവയാൽ അങ്ങയുടെ ദാസനു മുന്നറി​യി​പ്പു ലഭിച്ചി​രി​ക്കു​ന്നു; അവ പാലി​ച്ചാൽ വലിയ പ്രതി​ഫ​ല​മുണ്ട്‌.” (സങ്കീ. 19:8, 11) ഇന്ന്‌, യഹോ​വ​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​വ​രും യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള ഉപദേശം തള്ളിക്ക​ള​യു​ന്ന​വ​രും തമ്മിലുള്ള വ്യത്യാ​സം നമുക്കു കാണാൻ കഴിയും. യഹോ​വ​യ്‌ക്കു കീഴ്‌പെ​ടു​ന്നവർ ‘ഹൃദയാ​ന​ന്ദ​ത്താൽ സന്തോ​ഷി​ച്ചാർക്കു​ന്നു.’—യശയ്യ 65:13, 14 വായി​ക്കുക.

22 മൂപ്പന്മാ​രും അച്ഛനമ്മ​മാ​രും യഹോ​വ​യ്‌ക്കു മനസ്സോ​ടെ കീഴ്‌പെ​ടു​മ്പോൾ അവരുടെ ജീവിതം മെച്ച​പ്പെ​ടും, അവരുടെ കുടും​ബങ്ങൾ കൂടുതൽ സന്തോ​ഷ​മു​ള്ള​താ​കും, സഭയുടെ ഐക്യം വർധി​ക്കും. ഏറ്റവും പ്രധാ​ന​കാ​ര്യം, അവർ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കും എന്നതാണ്‌. (സുഭാ. 27:11) അതിൽപ്പരം എന്താണു വേണ്ടത്‌!

ഗീതം 123 ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ടാം

^ ഖ. 5 യഹോ​വ​യ്‌ക്കു കീഴ്‌പെ​ടേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ഈ ലേഖനം വിശദീ​ക​രി​ക്കു​ന്നു. സഭയിൽ മൂപ്പന്മാർക്കും കുടും​ബ​ത്തിൽ അച്ഛനമ്മ​മാർക്കും ഒരു അളവോ​ളം അധികാ​ര​മുണ്ട്‌. ഗവർണ​റായ നെഹമ്യ​യിൽനി​ന്നും ദാവീദ്‌ രാജാ​വിൽനി​ന്നും യേശു​വി​ന്റെ അമ്മയായ മറിയ​യിൽനി​ന്നും അവർക്കു പഠിക്കാൻ കഴിയുന്ന ചില പാഠങ്ങ​ളും ഈ ലേഖനം ചർച്ച ചെയ്യുന്നു.

^ ഖ. 1 പദപ്രയോഗങ്ങളുടെ വിശദീ​ക​രണം: നിവൃ​ത്തി​യി​ല്ലാ​ത്ത​തു​കൊണ്ട്‌ ആരെ​യെ​ങ്കി​ലും അനുസ​രി​ക്കേ​ണ്ടി​വ​രുന്ന ആളുകൾക്കു കീഴ്‌പെ​ടുക, കീഴ്‌പെടൽ എന്നീ പദങ്ങൾ അരോ​ച​ക​മാണ്‌. എന്നാൽ, ദൈവ​ജനം കീഴ്‌പെ​ട​ലി​നെ കാണു​ന്നത്‌ അങ്ങനെയല്ല. അവർ ദൈവത്തെ അനുസ​രി​ക്കു​ന്നതു മനസ്സോ​ടെ​യാണ്‌.

^ ഖ. 7 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 62 ചിത്രക്കുറിപ്പുകൾ: യരുശ​ലേ​മി​ന്റെ മതിലു​കൾ പുനർനിർമി​ക്കു​ന്ന​തിൽ നെഹമ്യ നേരിട്ട്‌ പങ്കെടു​ത്ത​തു​പോ​ലെ, രാജ്യ​ഹാ​ളി​ന്റെ അറ്റകു​റ്റ​പ്പ​ണി​യിൽ ഒരു മൂപ്പൻ മകന്റെ​കൂ​ടെ ജോലി ചെയ്യുന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: കുടും​ബ​ത്തോ​ടൊ​പ്പം ഒരു പിതാവ്‌ യഹോ​വ​യോ​ടു ഹൃദയം തുറന്ന്‌ പ്രാർഥി​ക്കു​ന്നു.

^ ഖ. 66 ചിത്രക്കുറിപ്പ്‌: വീഡി​യോ ഗെയി​മു​കൾ കളിച്ചു​കൊണ്ട്‌ ഒരു കുട്ടി സമയം കളഞ്ഞു. വീട്ടിലെ അവന്റെ ജോലി​കൾ അവൻ ചെയ്‌തി​ട്ടില്ല, ഒന്നും പഠിച്ചി​ട്ടു​മില്ല. ജോലി കഴിഞ്ഞ്‌ ക്ഷീണി​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ലും അമ്മ ശാന്തമാ​യി അവനെ തിരു​ത്തു​ന്നു. ദേഷ്യ​പ്പെ​ടു​ക​യോ മോശ​മാ​യി സംസാ​രി​ക്കു​ക​യോ ചെയ്യു​ന്നില്ല.