വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 35

യഹോവ താഴ്‌മ​യുള്ള ദാസന്മാ​രെ വിലമ​തി​ക്കു​ന്നു

യഹോവ താഴ്‌മ​യുള്ള ദാസന്മാ​രെ വിലമ​തി​ക്കു​ന്നു

“യഹോവ . . . താഴ്‌മ​യു​ള്ള​വരെ ശ്രദ്ധി​ക്കു​ന്നു.”—സങ്കീ. 138:6.

ഗീതം 48 എന്നും യഹോ​വ​യോ​ടൊ​പ്പം നടക്കാം

പൂർവാവലോകനം *

1. താഴ്‌മ​യുള്ള ആളുക​ളെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌? വിശദീ​ക​രി​ക്കുക.

യഹോവ താഴ്‌മ​യുള്ള ആളുകളെ സ്‌നേ​ഹി​ക്കു​ന്നു. ശരിക്കും താഴ്‌മ​യു​ള്ള​വർക്കു മാത്രമേ യഹോ​വ​യു​മാ​യി ഒരു അടുത്ത സ്‌നേ​ഹ​ബന്ധം ആസ്വദി​ക്കാൻ കഴിയൂ. അതു​പോ​ലെ, യഹോവ “അഹങ്കാ​രി​ക​ളോട്‌ അകലം പാലി​ക്കു​ന്നു” എന്നും തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (സങ്കീ. 138:6) നമ്മൾ എല്ലാവ​രും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു. യഹോവ നമ്മളെ സ്‌നേ​ഹി​ക്കാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ നമ്മൾ താഴ്‌മ വളർത്തി​യെ​ടു​ക്കാൻ പഠി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌.

2. ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

2 ഈ ലേഖന​ത്തിൽ മൂന്നു ചോദ്യ​ങ്ങൾ നമ്മൾ ചർച്ച ചെയ്യും: (1) എന്താണു താഴ്‌മ? (2) നമ്മൾ ആ ഗുണം വളർത്തി​യെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (3) ഏതെല്ലാം സാഹച​ര്യ​ങ്ങ​ളിൽ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം? നമ്മൾ താഴ്‌മ വളർത്തി​യെ​ടു​ക്കു​ന്നത്‌ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കും. അതു നമുക്കും പ്രയോ​ജനം ചെയ്യും.—സുഭാ. 27:11; യശ. 48:17.

എന്താണ്‌ താഴ്‌മ?

3. എന്താണു താഴ്‌മ?

3 താഴ്‌മ എന്നതു മനസ്സിന്റെ വിനയ​മാണ്‌. താഴ്‌മ​യുള്ള ഒരു വ്യക്തിക്ക്‌ അഹങ്കാ​ര​വും അഹംഭാ​വ​വും ഉണ്ടായി​രി​ക്കു​ക​യില്ല. ബൈബിൾ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌, അങ്ങനെ​യുള്ള വ്യക്തി യഹോവ തന്നെക്കാൾ എത്രയോ ഉന്നതനാ​ണെന്നു സമ്മതി​ക്കും. എല്ലാവ​രും ഒന്നല്ലെ​ങ്കിൽ മറ്റൊരു വിധത്തിൽ തന്നെക്കാൾ ശ്രേഷ്‌ഠ​രാ​ണെന്ന്‌ ആ വ്യക്തി അംഗീ​ക​രി​ക്കും.—ഫിലി. 2:3, 4.

4-5. താഴ്‌മ​യു​ള്ള​വ​രാ​യി കാണ​പ്പെ​ടുന്ന ചില ആളുകൾ ചില​പ്പോൾ ശരിക്കും അങ്ങനെ അല്ലാത്തത്‌ എന്തു​കൊണ്ട്‌?

4 ചിലയാ​ളു​കൾ താഴ്‌മ​യു​ള്ള​വ​രാ​ണെന്നു തോന്നി​യേ​ക്കാം. അവരുടെ സംഭാ​ഷ​ണ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും സൗമ്യത നിഴലി​ച്ചേ​ക്കാം. വളർന്നു​വന്ന പശ്ചാത്ത​ല​വും മാതാ​പി​താ​ക്ക​ളു​ടെ പരിശീ​ല​ന​വും ഒക്കെയാ​യി​രി​ക്കും മറ്റുള്ള​വ​രോട്‌ ആദരവും മര്യാ​ദ​യും കാണി​ക്കാൻ അവരെ പ്രേരി​പ്പി​ക്കു​ന്നത്‌. എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവർക്കു അഹങ്കാ​ര​മു​ണ്ടാ​യി​രി​ക്കും. ഇപ്പോൾ അല്ലെങ്കിൽ പിന്നീട്‌, തങ്ങൾ ശരിക്കും ഹൃദയ​ത്തിൽ ആരാ​ണെന്ന്‌ അവർ പുറത്ത്‌ കാണി​ക്കും.—ലൂക്കോ. 6:45.

5 നേരെ മറിച്ച്‌, ചിലയാ​ളു​കൾ വെട്ടി​ത്തു​റന്ന്‌ കാര്യങ്ങൾ പറയു​ന്ന​വ​രും ആത്മവി​ശ്വാ​സം കൂടു​ത​ലു​ള്ള​വ​രും ആയിരി​ക്കും. അതിന്‌ അർഥം അവർക്ക്‌ അഹങ്കാ​ര​മു​ണ്ടെന്നല്ല. (യോഹ. 1:46, 47) എന്നാൽ നല്ല ആത്മവി​ശ്വാ​സ​മുള്ള ആളുകൾ സ്വന്തം കഴിവു​ക​ളിൽ മാത്രം ആശ്രയി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം. അല്ലെങ്കിൽ അവർ അഹങ്കാ​രി​ക​ളാ​യി​പ്പോ​യേ​ക്കാം. നമ്മൾ എങ്ങനെ​യു​ള്ള​വ​രാ​ണെ​ങ്കി​ലും, ഉള്ളിന്റെ ഉള്ളിൽ താഴ്‌മ വളർത്തി​യെ​ടു​ക്കാൻ നല്ല ശ്രമം ചെയ്യണം.

പൗലോസിനു താഴ്‌മ​യു​ണ്ടാ​യി​രു​ന്നു, തനിക്ക്‌ എന്തെങ്കി​ലും പ്രത്യേ​ക​ത​യു​ണ്ടെന്നു ചിന്തി​ച്ചി​ല്ല (6-ാം ഖണ്ഡിക കാണുക) *

6. 1 കൊരി​ന്ത്യർ 15:10-ൽ കാണുന്ന പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

6 പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ഉദാഹ​രണം നോക്കുക. അനേകം നഗരങ്ങ​ളിൽ പുതിയ സഭകൾ സ്ഥാപി​ക്കാ​നുള്ള പദവി യഹോവ പൗലോ​സി​നു കൊടു​ത്തു. യേശു​ക്രി​സ്‌തു​വി​ന്റെ മറ്റെല്ലാ അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കാ​ളും കൂടുതൽ നഗരങ്ങ​ളിൽ പോയി പൗലോസ്‌ പ്രസം​ഗി​ച്ചി​ട്ടു​ണ്ടാ​കണം. എങ്കിലും സഹോ​ദ​ര​ങ്ങൾക്കു മീതെ പൗലോസ്‌ തന്നെത്തന്നെ ഉയർത്തി​യില്ല. പൗലോസ്‌ താഴ്‌മ​യോ​ടെ ഇങ്ങനെ പറഞ്ഞു: “ഞാൻ അപ്പോ​സ്‌ത​ല​ന്മാ​രിൽ ഏറ്റവും ചെറി​യ​വ​നാണ്‌. ദൈവ​ത്തി​ന്റെ സഭയെ ഉപദ്ര​വിച്ച ഞാൻ അപ്പോ​സ്‌തലൻ എന്നു വിളി​ക്ക​പ്പെ​ടാൻപോ​ലും യോഗ്യ​നല്ല.” (1 കൊരി. 15:9) മാത്രമല്ല, യഹോ​വ​യു​മാ​യി തനിക്ക്‌ ഒരു ഉറ്റ ബന്ധത്തിൽ വരാൻ കഴിഞ്ഞത്‌ തന്റെ എന്തെങ്കി​ലും പ്രത്യേ​ക​ത​കൊ​ണ്ടോ ശുശ്രൂ​ഷ​യിൽ കഠിനാ​ധ്വാ​നം ചെയ്‌ത​തു​കൊ​ണ്ടോ അല്ല, പകരം ദൈവ​ത്തി​ന്റെ അനർഹദയ കാരണ​മാ​ണെന്നു പൗലോസ്‌ പറഞ്ഞു. അതായി​രു​ന്നു സത്യവും. (1 കൊരി​ന്ത്യർ 15:10 വായി​ക്കുക.) കൊരി​ന്ത്യർക്കുള്ള കത്തിൽ താഴ്‌മ​യു​ടെ എത്ര നല്ല പാഠമാണ്‌ അദ്ദേഹം വരച്ചി​ടു​ന്നത്‌! പ്രത്യേ​കിച്ച്‌ ആ സഭയിലെ ചില സഹോ​ദ​രങ്ങൾ പൗലോ​സി​നെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്നു കാണി​ക്കാൻവേണ്ടി പൗലോ​സി​നെ വിമർശി​ച്ച​പ്പോ​ഴും അദ്ദേഹം വീമ്പി​ള​ക്കി​യില്ല.—2 കൊരി. 10:10.

ഭരണസംഘാംഗമായി സേവിച്ച താഴ്‌മ​യുള്ള ഒരു സഹോ​ദ​ര​നാ​യി​രു​ന്നു കാൾ എഫ്‌. ക്ലൈൻ (7-ാം ഖണ്ഡിക കാണുക)

7. പരക്കെ അറിയ​പ്പെ​ട്ടി​രുന്ന ഒരു സഹോ​ദരൻ താൻ താഴ്‌മ​യുള്ള ഒരാളാ​ണെന്നു കാണി​ച്ചത്‌ എങ്ങനെ?

7 ഭരണസം​ഘാം​ഗ​മാ​യി സേവി​ച്ചി​ട്ടുള്ള കാൾ എഫ്‌. ക്ലൈൻ സഹോ​ദ​രന്റെ ജീവി​തകഥ അനേകം സഹോ​ദ​ര​ങ്ങൾക്കു പ്രോ​ത്സാ​ഹനം പകർന്നി​ട്ടുണ്ട്‌. വർഷങ്ങ​ളോ​ളം ക്ലൈൻ സഹോ​ദ​രനു പല ബലഹീ​ന​ത​ക​ളു​മാ​യും പ്രശ്‌ന​ങ്ങ​ളു​മാ​യും പോരാ​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ജീവി​ത​ക​ഥ​യിൽ അതെല്ലാം അദ്ദേഹം തുറന്നു​പ​റഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, 1922-ലാണ്‌ അദ്ദേഹം ആദ്യമാ​യി വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോയത്‌. അതു വളരെ ബുദ്ധി​മു​ട്ടാ​യി തോന്നിയ സഹോ​ദരൻ ഏതാണ്ട്‌ രണ്ടു വർഷ​ത്തേക്ക്‌ ആ പ്രവർത്തനം ചെയ്‌തില്ല. പിന്നീടു ബഥേലിൽവെച്ച്‌ അദ്ദേഹ​ത്തി​നു തിരുത്തൽ കിട്ടി​യ​പ്പോൾ കുറച്ച്‌ നാള​ത്തേക്ക്‌ അദ്ദേഹം നീരസം മനസ്സിൽ കൊണ്ടു​ന​ടന്നു. കൂടാതെ, ഒരിക്കൽ അദ്ദേഹം വിഷാ​ദ​രോ​ഗ​ത്തിന്‌ അടിമ​പ്പെട്ടു. പിന്നീടു സുഖം പ്രാപി​ച്ചു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും അദ്ദേഹം വളരെ പ്രധാ​ന​പ്പെട്ട അനേകം നിയമ​നങ്ങൾ ചെയ്‌തു. അറിയ​പ്പെ​ടുന്ന ഒരു സഹോ​ദരൻ ആയിരു​ന്നി​ട്ടും ക്ലൈൻ സഹോ​ദരൻ തന്റെ കുറവു​ക​ളെ​യും പരിമി​തി​ക​ളെ​യും കുറിച്ച്‌ തുറന്നു​പ​റ​യാ​നുള്ള താഴ്‌മ കാണിച്ചു. ധാരാളം സഹോ​ദ​രങ്ങൾ ക്ലൈൻ സഹോ​ദ​രനെ സ്‌നേ​ഹ​ത്തോ​ടെ ഓർക്കു​ന്നു, അദ്ദേഹ​ത്തി​ന്റെ സത്യസ​ന്ധ​മായ ജീവച​രി​ത്രം പലർക്കും ഇഷ്ടമാണ്‌. *

താഴ്‌മ വളർത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

8. താഴ്‌മ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും എന്നു മനസ്സി​ലാ​ക്കാൻ 1 പത്രോസ്‌ 5:6 നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

8 നമ്മൾ താഴ്‌മ വളർത്തേ​ണ്ട​തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു എന്നതാണ്‌. പത്രോസ്‌ അപ്പോസ്‌തലൻ ഇക്കാര്യം വ്യക്തമാ​ക്കി. (1 പത്രോസ്‌ 5:6 വായി​ക്കുക.) പത്രോ​സി​ന്റെ വാക്കു​ക​ളെ​ക്കു​റിച്ച്‌ “വന്ന്‌ എന്നെ അനുഗ​മി​ക്കുക” എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “അഹങ്കാരം വിഷമാണ്‌. അത്‌ നമ്മെ നാശത്തി​ലേക്കേ നയിക്കൂ. ധാരാളം കഴിവു​ക​ളും പ്രാപ്‌തി​ക​ളു​മുള്ള ഒരാളാ​ണെ​ങ്കിൽപ്പോ​ലും അയാൾ അഹങ്കാ​രി​യാ​ണെ​ങ്കിൽ ദൈവ​ദൃ​ഷ്ടി​യിൽ അയാൾ യാതൊ​രു ഉപയോ​ഗ​വു​മി​ല്ലാ​ത്ത​വ​നാ​യി​രി​ക്കും. എന്നാൽ വലിയ കഴിവു​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ഒരു വ്യക്തി താഴ്‌മ​യു​ള്ള​വ​നാ​ണെ​ങ്കിൽ ദൈവം അയാളെ പലവി​ധ​ങ്ങ​ളിൽ ഉപയോ​ഗി​ക്കും. . . . നാം താഴ്‌മ കാണി​ച്ചാൽ യഹോവ സന്തോ​ഷ​ത്തോ​ടെ നമുക്കും പ്രതി​ഫലം നൽകും.” * യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക എന്നതല്ലേ നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം?—സുഭാ. 23:15.

9. നമ്മുടെ താഴ്‌മ മറ്റുള്ള​വരെ നമ്മളി​ലേക്ക്‌ ആകർഷി​ക്കു​ന്നത്‌ എങ്ങനെ?

9 താഴ്‌മ​യു​ണ്ടെ​ങ്കിൽ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നതു കൂടാതെ നമുക്കു പല പ്രയോ​ജ​ന​ങ്ങ​ളും ലഭിക്കും. നമുക്കു താഴ്‌മ​യു​ണ്ടെ​ങ്കിൽ നമ്മു​ടെ​കൂ​ടെ ആയിരി​ക്കാൻ മറ്റുള്ളവർ ആഗ്രഹി​ക്കും. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ചിന്തി​ക്കുക: ആരു​ടെ​കൂ​ടെ ആയിരി​ക്കാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? (മത്താ. 7:12) തന്റെ ആഗ്രഹം​പോ​ലെ എല്ലാവ​രും പ്രവർത്തി​ക്ക​ണ​മെന്നു നിർബ​ന്ധം​പി​ടി​ക്കു​ക​യും മറ്റുള്ള​വ​രു​ടെ നിർദേ​ശങ്ങൾ കേൾക്കാ​തി​രി​ക്കു​ക​യും ചെയ്യുന്ന ഒരാളു​ടെ​കൂ​ടെ ആയിരി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​മോ? ഇല്ല. മറിച്ച്‌ “സഹാനു​ഭൂ​തി​യും സഹോ​ദ​ര​പ്രി​യ​വും മനസ്സലി​വും താഴ്‌മ​യും” കാണി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ആയിരി​ക്കു​ന്നതു നമുക്കു നവോ​ന്മേഷം പകരും. (1 പത്രോ. 3:8) അങ്ങനെ​യു​ള്ള​വ​രു​ടെ കൂടെ​യാ​യി​രി​ക്കാ​നല്ലേ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌? അതു​കൊണ്ട്‌ നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​ണെ​ങ്കിൽ മറ്റുള്ളവർ നമ്മളോട്‌ അടുക്കും.

10. താഴ്‌മ നമ്മുടെ ജീവിതം എളുപ്പ​മു​ള്ള​താ​ക്കു​ന്നത്‌ എങ്ങനെ?

10 താഴ്‌മ നമ്മുടെ ജീവിതം എളുപ്പ​മു​ള്ള​താ​ക്കും. എങ്ങനെ? ജീവി​ത​ത്തിൽ പലപ്പോ​ഴും നമുക്ക്‌ അനീതി​യെന്നു തോന്നുന്ന കാര്യങ്ങൾ കാണു​ക​യോ അനുഭ​വി​ക്കു​ക​യോ ചെയ്യേ​ണ്ടി​വ​രും. ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “ദാസർ കുതി​ര​പ്പു​റത്ത്‌ സവാരി ചെയ്യു​ന്നതു ഞാൻ കണ്ടിട്ടുണ്ട്‌. അതേസ​മയം പ്രഭു​ക്ക​ന്മാർ ദാസ​രെ​പ്പോ​ലെ നടന്നു​പോ​കു​ന്ന​തും കണ്ടിട്ടുണ്ട്‌.” (സഭാ. 10:7) നല്ല കഴിവു​ള്ള​വർക്കു​പോ​ലും ബഹുമ​തി​യോ അംഗീ​കാ​ര​മോ കിട്ടി​യെ​ന്നു​വ​രില്ല. എന്നാൽ കഴിവ്‌ കുറഞ്ഞ​വർക്കു കൂടുതൽ ആദരവും ശ്രദ്ധയും ചില​പ്പോ​ഴൊ​ക്കെ കിട്ടാ​റു​മുണ്ട്‌. എങ്കിൽപ്പോ​ലും, മോശം സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ അസ്വസ്ഥ​രാ​കു​ന്ന​തി​നു പകരം ജീവി​ത​യാ​ഥാർഥ്യ​ങ്ങളെ അംഗീ​ക​രി​ക്കു​ന്ന​താ​ണു ബുദ്ധി​യെന്നു ശലോ​മോൻ മനസ്സി​ലാ​ക്കി. (സഭാ. 6:9) താഴ്‌മ​യു​ണ്ടെ​ങ്കിൽ, ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ജീവി​ത​ത്തിൽ സംഭവി​ക്കു​മ്പോ​ഴും അവയോ​ടു പൊരു​ത്ത​പ്പെ​ടാൻ നമുക്ക്‌ എളുപ്പ​മാ​യി​രി​ക്കും.

താഴ്‌മ പരി​ശോ​ധി​ക്കുന്ന സാഹച​ര്യ​ങ്ങൾ

ഇതുപോലുള്ള സാഹച​ര്യ​ങ്ങൾ നമ്മുടെ താഴ്‌മ പരിശോധിച്ചേക്കാവുന്നത്‌ എങ്ങനെ? (11, 12 ഖണ്ഡികകൾ കാണുക) *

11. ബുദ്ധി​യു​പ​ദേശം ലഭിക്കു​മ്പോൾ നമുക്കു താഴ്‌മ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 താഴ്‌മ​യു​ള്ള​വ​രാ​ണെന്നു തെളി​യി​ക്കാൻ ഓരോ ദിവസ​വും അവസരം കിട്ടും. ചില സാഹച​ര്യ​ങ്ങൾ നോക്കാം. ബുദ്ധി​യു​പ​ദേശം കിട്ടു​മ്പോൾ. ഓർക്കുക: ആരെങ്കി​ലും നമുക്കു ബുദ്ധി​യു​പ​ദേശം തരു​ന്നെ​ങ്കിൽ അതിന്‌ അർഥം നമ്മൾ വിചാ​രി​ച്ച​തി​നെ​ക്കാൾ വലിയ തെറ്റാ​യി​രി​ക്കാം നമുക്കു പറ്റിയത്‌ എന്നാണ്‌. അതു​കൊണ്ട്‌ ആ ബുദ്ധി​യു​പ​ദേശം തള്ളിക്ക​ള​യാ​നാ​യി​രി​ക്കും നമുക്ക്‌ ആദ്യം തോന്നുക. ബുദ്ധി​യു​പ​ദേശം തന്ന വ്യക്തിയെ വിമർശി​ക്കാ​നോ അല്ലെങ്കിൽ അതു പറഞ്ഞ വിധം ശരിയ​ല്ലെന്നു സ്ഥാപി​ക്കാ​നോ ആയിരി​ക്കും നമ്മൾ ശ്രമി​ക്കു​ന്നത്‌. എന്നാൽ താഴ്‌മ​യു​ണ്ടെ​ങ്കിൽ നമ്മൾ ആ ബുദ്ധി​യു​പ​ദേശം ശ്രദ്ധി​ക്കും.

12. ആരെങ്കി​ലും ബുദ്ധി​യു​പ​ദേശം തരു​മ്പോൾ സുഭാ​ഷി​തങ്ങൾ 27:5, 6 അനുസ​രിച്ച്‌, നമ്മൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഒരു ഉദാഹ​രണം പറയുക.

12 താഴ്‌മ​യുള്ള ഒരാൾ ബുദ്ധി​യു​പ​ദേശം വിലമ​തി​ക്കും. ഇതു മനസ്സി​ലാ​ക്കു​ന്ന​തിന്‌ ഒരു ഉദാഹ​രണം നോക്കാം. നിങ്ങൾ രാജ്യ​ഹാ​ളി​ലാ​ണെന്നു വിചാ​രി​ക്കുക. കുറെ സഹോ​ദ​ര​ങ്ങ​ളോ​ടു സംസാ​രി​ച്ചു​ക​ഴി​ഞ്ഞു. അപ്പോ​ഴാണ്‌ ഒരു സഹോ​ദരൻ നിങ്ങളെ മാറ്റി​നി​റു​ത്തി ‘പല്ലിനി​ട​യിൽ എന്തോ പറ്റിപ്പി​ടി​ച്ചി​രി​പ്പുണ്ട്‌’ എന്നു പറയു​ന്നത്‌. നിങ്ങൾക്ക്‌ അൽപ്പം നാണ​ക്കേടു തോന്നും എന്നതിൽ സംശയ​മില്ല. പക്ഷേ അദ്ദേഹം നിങ്ങ​ളോട്‌ ആ കാര്യം പറഞ്ഞതിൽ നിങ്ങൾക്കു നന്ദി തോന്നി​ല്ലേ? ആരെങ്കി​ലും ഇതു നേരത്തേ പറഞ്ഞി​രു​ന്നെ​ങ്കിൽ എന്നു നിങ്ങൾ ആശിച്ചു​പോ​കും! ഇതു​പോ​ലെ, നമുക്ക്‌ ആവശ്യ​മുള്ള സമയത്ത്‌ ഒരു സഹവി​ശ്വാ​സി ധൈര്യം സംഭരിച്ച്‌ ഒരു ബുദ്ധി​യു​പ​ദേശം തന്നേക്കാം. അപ്പോൾ നമ്മൾ താഴ്‌മ​യോ​ടെ അതു സ്വീക​രി​ക്കണം. ആ വ്യക്തിയെ നമ്മൾ സുഹൃ​ത്താ​യി​ട്ടു കാണും. അല്ലാതെ ശത്രു​വാ​യി​ട്ടല്ല.സുഭാ​ഷി​തങ്ങൾ 27:5, 6 വായി​ക്കുക; ഗലാ. 4:16.

മറ്റുള്ളവർക്കു നിയമ​നങ്ങൾ ലഭിക്കു​മ്പോൾ താഴ്‌മ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (13, 14 ഖണ്ഡികകൾ കാണുക) *

13. മറ്റുള്ള​വർക്കു സഭയിൽ നിയമ​നങ്ങൾ കിട്ടു​മ്പോൾ നമുക്ക്‌ എങ്ങനെ താഴ്‌മ കാണി​ക്കാം?

13 മറ്റുള്ള​വർക്കു നിയമ​നങ്ങൾ കിട്ടു​മ്പോൾ. “മറ്റുള്ള​വർക്കു നിയമ​നങ്ങൾ കിട്ടു​ന്നതു കാണു​മ്പോൾ എനിക്ക്‌ എന്തു​കൊ​ണ്ടാണ്‌ അതു കിട്ടാ​ത്ത​തെന്നു ചില​പ്പോ​ഴൊ​ക്കെ ഞാൻ ചിന്തി​ക്കാ​റുണ്ട്‌,” ജയ്‌സൻ എന്ന മൂപ്പൻ പറയുന്നു. നിങ്ങൾക്ക്‌ എന്നെങ്കി​ലും അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാൻ “ആഗ്രഹി​ക്കു​ന്നത്‌” തെറ്റൊ​ന്നു​മല്ല. (1 തിമൊ. 3:1) എന്നാൽ നമ്മൾ ചിന്തി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നല്ല ജാഗ്രത വേണം. സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ, നമ്മുടെ ഹൃദയ​ത്തിൽ അഹങ്കാരം വേരു​പി​ടി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, സഭയിലെ ഏതെങ്കി​ലും ഒരു പ്രത്യേ​ക​നി​യ​മനം ചെയ്യാൻ ഏറ്റവും യോഗ്യ​ത​യു​ള്ളതു തനിക്കാ​ണെന്ന്‌ ഒരു സഹോ​ദരൻ ചിന്തി​ച്ചേ​ക്കാം. അല്ലെങ്കിൽ ഒരു ക്രിസ്‌തീ​യ​ഭാ​ര്യ ഇങ്ങനെ വിചാ​രി​ച്ചേ​ക്കാം: ‘ആ സഹോ​ദ​ര​നെ​ക്കാൾ എന്തു​കൊ​ണ്ടും യോഗ്യ​ത​യു​ള്ളത്‌ എന്റെ ഭർത്താ​വി​നല്ലേ?’ എന്നാൽ ശരിക്കും താഴ്‌മ​യു​ണ്ടെ​ങ്കിൽ ഇത്തരത്തി​ലൊ​ന്നും നമ്മൾ ചിന്തി​ക്കില്ല.

14. മറ്റുള്ള​വർക്കു നിയമ​നങ്ങൾ കിട്ടി​യ​പ്പോൾ മോശ പ്രതി​ക​രിച്ച വിധത്തിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം?

14 മറ്റുള്ള​വർക്കു നിയമ​നങ്ങൾ കിട്ടി​യ​പ്പോൾ മോശ പ്രതി​ക​രിച്ച വിധം നമുക്ക്‌ ഒരു മാതൃ​ക​യാണ്‌. ഇസ്രാ​യേൽ ജനതയെ നയിക്കാ​നുള്ള നിയമനം മോശ വില​യേ​റി​യ​താ​യി കണ്ടു. എന്നാൽ മോശ​യോ​ടൊ​പ്പം സേവി​ക്കു​ന്ന​തിന്‌ യഹോവ മറ്റു ചില​രെ​യും അനുവ​ദി​ച്ച​പ്പോൾ മോശ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌? മോശ അസൂയ​പ്പെ​ട്ടില്ല. (സംഖ്യ 11:24-29) അതു​പോ​ലെ, ജനത്തിനു ന്യായ​പാ​ലനം ചെയ്യാ​നുള്ള ഉത്തരവാ​ദി​ത്വം മറ്റുള്ള​വർക്കും​കൂ​ടി ഏൽപ്പി​ച്ചു​കൊ​ടു​ത്തു​കൊ​ണ്ടും മോശ താഴ്‌മ കാണിച്ചു. (പുറ. 18:13-24) ഇത്‌ ഇസ്രാ​യേ​ല്യർക്ക്‌ അവരുടെ പ്രശ്‌നങ്ങൾ കുറെ​ക്കൂ​ടി വേഗത്തിൽ പരിഹ​രി​ച്ചു​കി​ട്ടാൻ ഇടയാക്കി. ഇസ്രാ​യേ​ല്യർക്കി​ട​യിൽ തനിക്കു​ണ്ടാ​യി​രുന്ന സ്ഥാന​ത്തെ​ക്കാൾ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നാ​ണു മോശ കൂടുതൽ പ്രാധാ​ന്യം കൊടു​ത്ത​തെന്ന്‌ ഇതു കാണി​ക്കു​ന്നു. നമുക്കുള്ള എത്ര നല്ല മാതൃക! ഓർക്കുക: യഹോ​വ​യ്‌ക്കു നമ്മളെ ശരിക്കും ഉപയോ​ഗി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ കഴിവു​ക​ളെ​ക്കാൾ നമുക്കു വേണ്ടതു താഴ്‌മ​യാണ്‌. കാരണം “ഉന്നത​നെ​ങ്കി​ലും” യഹോവ ‘താഴ്‌മ​യു​ള്ള​വ​രെ​യാണ്‌’ ശ്രദ്ധി​ക്കു​ന്നത്‌.—സങ്കീ. 138:6.

15. പല സഹോ​ദ​ര​ങ്ങ​ളു​ടെ​യും സാഹച​ര്യ​ങ്ങ​ളിൽ എന്തു മാറ്റമാ​ണു വന്നിട്ടു​ള്ളത്‌?

15 സാഹച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോൾ. അടുത്ത കാലത്ത്‌ വർഷങ്ങ​ളു​ടെ അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ നിയമ​ന​ങ്ങ​ളിൽ മാറ്റം ഉണ്ടായി. ഉദാഹ​ര​ണ​ത്തിന്‌, 2014-ൽ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാ​രെ​യും അവരുടെ ഭാര്യ​മാ​രെ​യും മുഴു​സമയ സേവന​ത്തി​ന്റെ മറ്റു മേഖല​ക​ളിൽ സേവി​ക്കാൻ ക്ഷണിച്ചു. ആ വർഷം​തൊട്ട്‌ 70 വയസ്സ്‌ തികയുന്ന സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ, തുടർന്ന്‌ ആ നിയമ​ന​ത്തിൽ സേവി​ക്കു​ക​യി​ല്ലെന്നു സംഘടന അറിയി​ച്ചു. 80 വയസ്സോ അതിൽ കൂടു​ത​ലോ ഉള്ള സഹോ​ദ​ര​ന്മാർ ഇനി മൂപ്പന്മാ​രു​ടെ സംഘത്തി​ന്റെ ഏകോ​പ​ക​നാ​യി സേവി​ക്കി​ല്ലെ​ന്നും അറിയി​പ്പു നടത്തി. കൂടാതെ ഇക്കഴിഞ്ഞ വർഷങ്ങ​ളിൽ നിരവധി ബഥേൽ കുടും​ബാം​ഗ​ങ്ങളെ മുൻനി​ര​സേ​വ​ക​രാ​യി നിയമി​ച്ചി​രി​ക്കു​ന്നു. വേറെ ചിലർക്കു ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളോ, കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളോ മറ്റു വ്യക്തി​പ​ര​മായ കാരണ​ങ്ങ​ളോ നിമിത്തം പ്രത്യേക മുഴു​സ​മ​യ​സേ​വനം നിറു​ത്തേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌.

16. നമ്മുടെ സഹോ​ദ​രങ്ങൾ എങ്ങനെ​യാ​ണു താഴ്‌മ​യോ​ടെ പുതിയ സാഹച​ര്യ​ങ്ങ​ളോ​ടു പൊരു​ത്ത​പ്പെ​ട്ടത്‌?

16 ഈ സഹോ​ദ​ര​ങ്ങ​ളിൽ മിക്കവർക്കും ഇത്തരം മാറ്റങ്ങൾ വരുത്തുക വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. വർഷങ്ങ​ളാ​യി ചെയ്‌തു​കൊ​ണ്ടി​രുന്ന പഴയ നിയമ​ന​ത്തോട്‌ അവർക്ക്‌ ഒരു ആത്മബന്ധ​മു​ണ്ടാ​യി​രു​ന്നു. തങ്ങൾ വളരെ​യ​ധി​കം പ്രിയ​പ്പെ​ട്ടി​രുന്ന നിയമ​ന​ത്തി​ലു​ണ്ടായ മാറ്റം പലരെ​യും ദുഃഖി​പ്പി​ച്ചു. അതിൽനിന്ന്‌ കരകയ​റാൻ അവർ കുറച്ച്‌ സമയ​മെ​ടു​ത്തു. ക്രമേണ അവർ പുതിയ നിയമ​ന​ത്തോ​ടു പൊരു​ത്ത​പ്പെട്ടു. എങ്ങനെ​യാണ്‌ അവർക്ക്‌ അതിനു കഴിഞ്ഞത്‌? യഹോ​വ​യോ​ടുള്ള അവരുടെ സ്‌നേ​ഹ​മാണ്‌ ഇതിന്റെ പ്രധാ​ന​കാ​രണം. ഏതെങ്കി​ലും ജോലി​ക്കോ സ്ഥാനത്തി​നോ നിയമ​ന​ത്തി​നോ അല്ല, ദൈവ​ത്തി​നാ​ണു തങ്ങൾ സമർപ്പണം നടത്തി​യി​രി​ക്കു​ന്ന​തെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. (കൊലോ. 3:23) നിയമനം ഏതായാ​ലും താഴ്‌മ​യോ​ടെ, യഹോ​വയെ തുടർന്നും സേവി​ക്കു​ന്ന​തിൽ അവർ സന്തോ​ഷി​ക്കു​ന്നു. ‘അവർ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുന്നു.’ കാരണം ദൈവ​ത്തി​നു തങ്ങളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്ന്‌ അവർക്ക്‌ അറിയാം.—1 പത്രോ. 5:6, 7.

17. താഴ്‌മ വളർത്തി​യെ​ടു​ക്കാൻ ദൈവ​വ​ചനം നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിൽ നമ്മൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 താഴ്‌മ വളർത്തി​യെ​ടു​ക്കാൻ ദൈവ​ത്തി​ന്റെ വചനം നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ ഇപ്പോൾ മനസ്സി​ലാ​ക്കാൻ കഴിയു​ന്നി​ല്ലേ? ഈ നല്ല ഗുണം വളർത്തി​യെ​ടു​ക്കു​മ്പോൾ, അതു നമുക്കും മറ്റുള്ള​വർക്കും ഒരു​പോ​ലെ പ്രയോ​ജനം ചെയ്യും. ജീവി​ത​ത്തി​ലെ ബുദ്ധി​മു​ട്ടു​കൾ കൈകാ​ര്യം ചെയ്യു​ന്നതു നമുക്കു കുറച്ചു​കൂ​ടെ എളുപ്പ​മാ​കും. അതിൽ ഉപരി, നമ്മൾ നമ്മുടെ സ്വർഗീ​യ​പി​താ​വി​നോ​ടു കൂടുതൽ അടുക്കും. “ഉന്നതനും ശ്രേഷ്‌ഠ​നും” ആണെങ്കി​ലും യഹോവ താഴ്‌മ​യുള്ള തന്റെ ദാസന്മാ​രെ സ്‌നേ​ഹി​ക്കു​ക​യും വിലയു​ള്ള​വ​രാ​യി കാണു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ അറിയു​ന്നതു നമ്മളെ എത്ര സന്തോ​ഷി​പ്പി​ക്കു​ന്നു!—യശ. 57:15.

ഗീതം 45 എന്റെ ഹൃദയ​ത്തിൻ ധ്യാനം

^ ഖ. 5 നമ്മൾ വളർത്തി​യെ​ടു​ക്കേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട ഗുണങ്ങ​ളിൽ ഒന്നാണു താഴ്‌മ. എന്താണു താഴ്‌മ? നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? സാഹച​ര്യ​ങ്ങ​ളിൽ മാറ്റം വരു​മ്പോൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌? ഈ ലേഖനം ഈ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങ​ളെ​ല്ലാം ചർച്ച ചെയ്യും.

^ ഖ. 7 1984 ഒക്ടോബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) “യഹോവ എനിക്കു വളരെ​യ​ധി​കം നന്മ ചെയ്‌തി​രി​ക്കു​ന്നു” എന്ന ലേഖന​വും 2001 മെയ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “യഹോവ എനിക്കു വളരെ​യ​ധി​കം നന്മ ചെയ്‌തി​രി​ക്കു​ന്നു!” എന്ന ലേഖന​വും കാണുക.

^ ഖ. 8 അധ്യാ. 3, ഖ. 23 കാണുക.

^ ഖ. 53 ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദ​രന്റെ വീട്ടിൽവെച്ച്‌ പൗലോസ്‌ അപ്പോ​സ്‌തലൻ കുട്ടികൾ ഉൾപ്പെടെ പലരു​മാ​യും സമയം ചെലവ​ഴി​ക്കു​ന്നു.

^ ഖ. 57 ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദരൻ ഒരു യുവസ​ഹോ​ദ​ര​നിൽനിന്ന്‌ തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കു​ന്നു.

^ ഖ. 59 ചിത്രക്കുറിപ്പ്‌: സഭയിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​നം വഹിക്കുന്ന യുവസ​ഹോ​ദ​ര​നോട്‌ ആ മുതിർന്ന സഹോ​ദരൻ അസൂയ​പ്പെ​ടു​ന്നില്ല.