വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ അവനെ “എന്‍റെ സ്‌നേ​ഹി​തൻ” എന്നു വിളിച്ചു

യഹോവ അവനെ “എന്‍റെ സ്‌നേ​ഹി​തൻ” എന്നു വിളിച്ചു

“നീയോ, എന്‍റെ ദാസനായ യിസ്രാ​യേലേ, ഞാൻ തിര​ഞ്ഞെ​ടുത്ത യാക്കോ​ബേ, എന്‍റെ സ്‌നേ​ഹി​ത​നായ അബ്രാ​ഹാ​മി​ന്‍റെ സന്തതിയേ, നീ എന്‍റെ ദാസൻ.”—യെശ. 41:8.

ഗീതം: 91, 22

1, 2. (എ) മനുഷ്യർക്ക് ദൈവ​ത്തി​ന്‍റെ സുഹൃ​ത്തു​ക്കൾ ആകാൻ കഴിയു​മെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പരിചി​ന്തി​ക്കും?

പിറന്നു​വീ​ഴു​ന്നതു മുതൽ മരിക്കുന്ന നിമി​ഷം​വരെ മനുഷ്യൻ ഏറ്റവും അധികം ആഗ്രഹി​ക്കു​ന്നതു സ്‌നേ​ഹ​മാണ്‌. പ്രേമാ​ത്മ​ക​സ്‌നേഹം മാത്രമല്ല വേണ്ടത്‌, സ്‌നേഹം നിറഞ്ഞ ഉറ്റ സൗഹൃ​ദ​ങ്ങ​ളും മനുഷ്യന്‌ ആവശ്യ​മാണ്‌. എന്നാൽ നമുക്ക് ഏറ്റവും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ യഹോ​വ​യിൽനി​ന്നുള്ള സ്‌നേ​ഹ​മാണ്‌. ദൈവം അദൃശ്യ​നും സർവശ​ക്ത​നും ആയതു​കൊണ്ട് ദൈവ​വു​മാ​യി അത്തരം ഒരു അടുത്ത സൗഹൃദം സ്ഥാപി​ക്കാൻ കഴിയി​ല്ലെ​ന്നാണ്‌ അനേക​രും ചിന്തി​ക്കു​ന്നത്‌. എന്നാൽ സത്യം എന്താ​ണെന്ന് നമുക്ക് അറിയാം.

2 മനുഷ്യർ ദൈവ​ത്തി​ന്‍റെ സ്‌നേ​ഹി​ത​രാ​യി​ട്ടു​ണ്ടെന്നു ബൈബിൾ പറയുന്നു. അവരുടെ മാതൃ​ക​യിൽനിന്ന് നമ്മൾ പാഠം ഉൾക്കൊ​ള്ളണം. എന്തു​കൊണ്ട്? കാരണം ദൈവ​വു​മാ​യുള്ള സൗഹൃ​ദ​മാണ്‌ ജീവി​ത​ത്തിൽ നമുക്കു വെക്കാ​നാ​കുന്ന ഏറ്റവും പ്രധാ​ന​ല​ക്ഷ്യം. ഇപ്പോൾ നമുക്ക് അബ്രാ​ഹാ​മി​ന്‍റെ ദൃഷ്ടാന്തം ചിന്തി​ക്കാം. (യാക്കോബ്‌ 2:23 വായി​ക്കുക.) അവൻ എങ്ങനെ​യാണ്‌ ദൈവ​ത്തി​ന്‍റെ സ്‌നേ​ഹി​ത​നാ​യി​ത്തീർന്നത്‌? ദൈവ​വു​മാ​യുള്ള അബ്രാ​ഹാ​മി​ന്‍റെ അടുത്ത സൗഹൃ​ദ​ത്തി​ന്‍റെ അടിസ്ഥാ​നം വിശ്വാ​സ​മാ​യി​രു​ന്നു. അവൻ “വിശ്വാ​സ​ത്താൽ നീതീ​ക​രണം പ്രാപിച്ച സകലർക്കും . . . പിതാ​വാ​യി” അറിയ​പ്പെ​ടു​ന്നു. (റോമ. 4:11) അബ്രാ​ഹാ​മി​ന്‍റെ മാതൃ​ക​യെ​ക്കു​റി​ച്ചു പഠിക്കവെ, നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘അബ്രാ​ഹാ​മി​ന്‍റെ വിശ്വാ​സം അനുക​രി​ക്കാ​നും ദൈവ​വു​മാ​യുള്ള എന്‍റെ സൗഹൃദം ശക്തമാ​ക്കാ​നും എനിക്ക് എങ്ങനെ കഴിയും?’

അബ്രാ​ഹാം എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​നാ​യത്‌?

3, 4. (എ) അബ്രാ​ഹാ​മി​ന്‍റെ വിശ്വാ​സ​ത്തി​ന്‍റെ ഏറ്റവും വലിയ പരി​ശോ​ധന എന്തായി​രു​ന്നെന്ന് വിശദീ​ക​രി​ക്കുക. (ബി) യിസ്‌ഹാ​ക്കി​നെ യാഗം അർപ്പി​ക്കാൻ അബ്രാ​ഹാം മനസ്സൊ​രു​ക്കം കാണി​ച്ചത്‌ എന്തു​കൊണ്ട്?

3 ഇതൊന്നു ഭാവന​യിൽ കണ്ടു​നോ​ക്കൂ! 125 വയസ്സുള്ള അബ്രാ​ഹാം ഇപ്പോൾ ഒരു മല കയറു​ക​യാണ്‌.  [1] ഏകദേശം 25 വയസ്സുള്ള മകൻ യിസ്‌ഹാക്ക് അവന്‍റെ തൊട്ടു​പി​ന്നി​ലുണ്ട്. യിസ്‌ഹാ​ക്കി​ന്‍റെ കൈയിൽ യാഗത്തി​നുള്ള വിറകും അബ്രാ​ഹാ​മി​ന്‍റെ കൈയിൽ തീ പിടി​പ്പി​ക്കാ​നുള്ള സാധന​ങ്ങ​ളും കത്തിയും ഉണ്ട്. ഒരുപക്ഷേ അബ്രാ​ഹാ​മി​ന്‍റെ ജീവി​ത​ത്തി​ലെ ഏറ്റവും വിഷമം നിറഞ്ഞ യാത്ര​യാ​യി​രു​ന്നു അത്‌. അത്‌ പക്ഷേ പ്രായാ​ധി​ക്യം​കൊ​ണ്ടാ​യി​രു​ന്നില്ല. കാരണം, അവന്‌ അപ്പോ​ഴും നല്ല ആരോ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ആ യാത്ര​യു​ടെ ഉദ്ദേശ്യ​മാണ്‌ അതിനെ വിഷമ​ക​ര​മാ​ക്കി​യത്‌. യഹോ​വ​യു​ടെ കല്‌പ​ന​പ്ര​കാ​രം അബ്രാ​ഹാം തന്‍റെ മകനെ യാഗമർപ്പി​ക്കാൻ പോകു​ക​യാ​യി​രു​ന്നു.—ഉല്‌പ. 22:1-8.

4 സാധ്യ​ത​യ​നു​സ​രിച്ച് അബ്രാ​ഹാ​മി​ന്‍റെ വിശ്വാ​സ​ത്തി​ന്‍റെ ഏറ്റവും വലിയ പരി​ശോ​ധ​ന​യാ​യി​രു​ന്നു അത്‌. അബ്രാ​ഹാ​മി​നോട്‌ സ്വന്തം മകനെ യാഗമർപ്പി​ക്കാൻ ആവശ്യ​പ്പെട്ട ദൈവം ക്രൂര​നാ​ണെ​ന്നാണ്‌ ചിലർ പറയു​ന്നത്‌. തന്‍റെ മകനോട്‌ സ്‌നേ​ഹ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാണ്‌ അബ്രാ​ഹാം അതിനു തയ്യാറാ​യ​തെന്നു മറ്റു ചിലരും പറയുന്നു. ആളുകൾ ഇങ്ങനെ​യൊ​ക്കെ പറയു​ന്നത്‌ വിശ്വാ​സം ഇല്ലാത്ത​തു​കൊ​ണ്ടും യഥാർഥ വിശ്വാ​സം എന്താ​ണെ​ന്നും അത്‌ എങ്ങനെ​യാണ്‌ പ്രവർത്തി​ക്കു​ന്ന​തെ​ന്നും അറിയി​ല്ലാ​ത്ത​തു​കൊ​ണ്ടു​മാണ്‌. (1 കൊരി. 2:14-16) അബ്രാ​ഹാം ഒന്നും ചിന്തി​ക്കാ​തെ അന്ധമാ​യി​ട്ടല്ല ദൈവത്തെ അനുസ​രി​ച്ചത്‌. യഥാർഥ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ അവൻ അത്‌ ചെയ്‌തത്‌. ശാശ്വ​ത​മായ ഹാനി വരുത്തുന്ന എന്തെങ്കി​ലും ചെയ്യാൻ യഹോവ തന്നോട്‌ ഒരിക്ക​ലും ആവശ്യ​പ്പെ​ടി​ല്ലെന്ന് അബ്രാ​ഹാ​മിന്‌ അറിയാ​മാ​യി​രു​ന്നു. അനുസ​രണം ഉള്ളവനാ​യി​രു​ന്നാൽ യഹോവ തന്നെയും തന്‍റെ മകനെ​യും അനു​ഗ്ര​ഹി​ക്കു​മെന്ന് അവന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. അത്ര ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ അബ്രാ​ഹാ​മിന്‌ എന്താണ്‌ ആവശ്യ​മാ​യി​രു​ന്നത്‌? അവന്‌ അറിവും അനുഭ​വ​ജ്ഞാ​ന​വും വേണമാ​യി​രു​ന്നു.

5. എങ്ങനെ​യാ​യി​രി​ക്കാം അബ്രാ​ഹാം യഹോ​വ​യെ​ക്കു​റി​ച്ചു പഠിച്ചത്‌, ആ അറിവ്‌ അവനെ എങ്ങനെ സ്വാധീ​നി​ച്ചു?

5 അറിവ്‌. ഊർ എന്ന പട്ടണത്തി​ലാ​യി​രു​ന്നു അബ്രാ​ഹാം വളർന്നു​വ​ന്നത്‌. അബ്രാ​ഹാ​മി​ന്‍റെ പിതാവ്‌ ഉൾപ്പെടെ അവി​ടെ​യുള്ള ആളുകൾ വ്യാജ​ദൈ​വ​ങ്ങ​ളെ​യാണ്‌ ആരാധി​ച്ചി​രു​ന്നത്‌. (യോശു. 24:2) പിന്നെ എങ്ങനെ​യാണ്‌ അബ്രാ​ഹാം യഹോ​വ​യെ​ക്കു​റിച്ച് അറിഞ്ഞത്‌? നോഹ​യു​ടെ മകനായ ശേം അബ്രാ​ഹാ​മി​ന്‍റെ ഒരു പൂർവ​പി​താ​വാ​യി​രു​ന്നെ​ന്നും അബ്രാ​ഹാ​മിന്‌ ഏതാണ്ട് 150 വയസ്സാ​കു​ന്ന​തു​വരെ ശേം ജീവി​ച്ചി​രു​ന്നെ​ന്നും ബൈബിൾ പറയുന്നു. ശക്തമായ വിശ്വാ​സ​ത്തിന്‌ ഉടമയാ​യി​രു​ന്നു ശേം. സാധ്യ​ത​യ​നു​സ​രിച്ച് യഹോ​വ​യെ​ക്കു​റിച്ച് അവൻ ബന്ധുക്ക​ളോ​ടു പറഞ്ഞി​ട്ടു​ണ്ടാ​കണം. നമുക്ക് ഉറപ്പു പറയാ​നാ​കി​ല്ലെ​ങ്കി​ലും ശേമിൽനി​ന്നാ​യി​രി​ക്കണം അബ്രാ​ഹാം യഹോ​വ​യെ​ക്കു​റി​ച്ചു പഠിച്ചത്‌. താൻ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ യഹോ​വയെ സ്‌നേ​ഹി​ക്കാൻ അബ്രാ​ഹാ​മി​നെ പ്രേരി​പ്പി​ച്ചു. ആ അറിവ്‌ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ സഹായി​ച്ചു.

6, 7. അബ്രാ​ഹാ​മി​നു​ണ്ടായ അനുഭ​വങ്ങൾ അവന്‍റെ വിശ്വാ​സം ശക്തമാ​ക്കി​യത്‌ എങ്ങനെ?

6 അനുഭ​വങ്ങൾ. ജീവി​ത​ത്തി​ലെ അനുഭ​വങ്ങൾ യഹോ​വ​യി​ലുള്ള വിശ്വാ​സം ശക്തമാ​ക്കാൻ അബ്രാ​ഹാ​മി​നെ സഹായി​ച്ചത്‌ എങ്ങനെ? ചിന്തകൾ വികാ​ര​ങ്ങ​ളി​ലേ​ക്കും വികാ​രങ്ങൾ പ്രവർത്ത​ന​ത്തി​ലേ​ക്കും നയിക്കു​മെന്ന് ചിലർ പറയുന്നു. ദൈവ​ത്തെ​ക്കു​റി​ച്ചു പഠിച്ച കാര്യങ്ങൾ അബ്രാ​ഹാ​മി​ന്‍റെ ഹൃദയത്തെ സ്വാധീ​നി​ച്ചു. അത്‌ ‘സ്വർഗ്ഗ​ത്തി​ന്നും ഭൂമി​ക്കും നാഥനാ​യി അത്യു​ന്ന​ത​ദൈ​വ​മായ യഹോ​വ​യോ​ടുള്ള’ ആഴമായ ആദരവ്‌ അവനിൽ ഉളവാക്കി. (ഉല്‌പ. 14:23) അത്തരം ആഴമായ ആദരവി​നെ “ദൈവ​ഭയം” എന്നാണ്‌ ബൈബിൾ വിളി​ക്കു​ന്നത്‌. (എബ്രാ. 5:7) ദൈവ​വു​മാ​യി ഒരു അടുത്ത സൗഹൃ​ദ​മു​ണ്ടാ​യി​രി​ക്കു​ന്ന​തി​നു നമുക്കു ദൈവ​ഭയം ആവശ്യ​മാണ്‌. (സങ്കീ. 25:14) ആ ഗുണമാണ്‌ യഹോ​വയെ അനുസ​രി​ക്കാൻ അബ്രാ​ഹാ​മി​നെ പ്രേരി​പ്പി​ച്ചത്‌.

7 ദൈവം അബ്രാ​ഹാ​മി​നോ​ടും സാറാ​യോ​ടും ഊർ നഗരത്തി​ലെ അവരുടെ വീട്‌ ഉപേക്ഷിച്ച് മറ്റൊരു ദേശ​ത്തേക്കു പോകാൻ പറഞ്ഞു. അവർ ഇപ്പോൾ ചെറുപ്പം അല്ലെന്നു മാത്രമല്ല, ശിഷ്ടകാ​ലം അവർ കൂടാ​ര​ങ്ങ​ളിൽ കഴിച്ചു​കൂ​ട്ടു​ക​യും ചെയ്യണ​മാ​യി​രു​ന്നു. പല പ്രതി​ബ​ന്ധ​ങ്ങ​ളും ഉണ്ടാകു​മെന്ന് അറിയാ​മാ​യി​രു​ന്നി​ട്ടും യഹോ​വയെ അനുസ​രി​ക്കാൻ അബ്രാ​ഹാം തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. അവൻ അനുസ​രി​ച്ച​പ്പോൾ യഹോവ അവനെ അനു​ഗ്ര​ഹി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, അബ്രാ​ഹാ​മി​ന്‍റെ സുന്ദരി​യായ ഭാര്യയെ പിടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും അവന്‍റെ ജീവന്‌ ഭീഷണി നേരി​ടു​ക​യും ചെയ്‌ത രണ്ടു സാഹച​ര്യ​ങ്ങ​ളി​ലും യഹോവ അവരെ അത്ഭുത​ക​ര​മാ​യി സംരക്ഷി​ച്ചു. (ഉല്‌പ. 12:10-20; 20:2-7, 10-12, 17, 18) ആ അനുഭ​വങ്ങൾ അബ്രാ​ഹാ​മി​ന്‍റെ വിശ്വാ​സം ശക്തമാക്കി.

8. യഹോ​വ​യു​മാ​യുള്ള നമ്മുടെ സൗഹൃദം ശക്തമാ​ക്കുന്ന തരത്തി​ലുള്ള അറിവും അനുഭ​വ​ജ്ഞാ​ന​വും നമുക്ക് എങ്ങനെ നേടി​യെ​ടു​ക്കാം?

8 നമുക്കു യഹോ​വ​യു​ടെ ഉറ്റ സുഹൃ​ത്തു​ക്ക​ളാ​കാൻ കഴിയു​മോ? തീർച്ച​യാ​യും കഴിയും! അബ്രാ​ഹാ​മി​നെ​പ്പോ​ലെ നമ്മളും യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കണം. ആവശ്യ​മാ​യി​രി​ക്കുന്ന അറിവും അനുഭ​വ​ങ്ങ​ളും നമുക്കും നേടി​യെ​ടു​ക്കാ​നാ​കും. അബ്രാ​ഹാ​മി​നു ലഭ്യമാ​യി​രു​ന്ന​തി​ലും അധികം വിവരങ്ങൾ നമുക്ക് ഇന്ന് ലഭ്യമാണ്‌. (ദാനീ. 12:4; റോമ. 11:33) ‘സ്വർഗ്ഗ​ത്തി​ന്നും ഭൂമി​ക്കും നാഥനാ​യ​വനെ’ക്കുറി​ച്ചുള്ള വിവര​ങ്ങ​ളാൽ സമ്പന്നമാ​ണു ബൈബിൾ. പഠിക്കുന്ന കാര്യങ്ങൾ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും യഹോ​വ​യോട്‌ ആദരവു​ള്ള​വ​രാ​യി​രി​ക്കാ​നും നമ്മളെ സഹായി​ക്കും. ദൈവ​ത്തോ​ടുള്ള ഈ സ്‌നേ​ഹ​വും ആദരവും അവനെ അനുസ​രി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കും. അങ്ങനെ ചെയ്യു​മ്പോൾ അവൻ എങ്ങനെ​യാണ്‌ നമ്മളെ സംരക്ഷി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യു​ന്ന​തെന്നു നമ്മൾ അനുഭ​വി​ച്ച​റി​യും. യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കു​മ്പോൾ നമുക്കു സംതൃ​പ്‌തി​യും സമാധാ​ന​വും സന്തോ​ഷ​വും ലഭിക്കും. (സങ്കീ. 34:8; സദൃ. 10:22) യഹോ​വ​യെ​ക്കു​റിച്ച് നമ്മൾ എത്ര കൂടു​ത​ലാ​യി പഠിക്കു​ന്നു​വോ, യഹോ​വ​യു​ടെ അനു​ഗ്ര​ഹങ്ങൾ എത്ര​ത്തോ​ളം അനുഭ​വി​ച്ച​റി​യു​ന്നു​വോ, അത്ര​ത്തോ​ളം യഹോ​വ​യു​മാ​യുള്ള നമ്മുടെ സൗഹൃദം ശക്തമാ​യി​ത്തീ​രും.

ദൈവ​ത്തോ​ടുള്ള സൗഹൃദം അബ്രാ​ഹാം കാത്തു​സൂ​ക്ഷി​ച്ചത്‌ എങ്ങനെ?

9, 10. (എ) ഒരു സൗഹൃദം ശക്തമാ​കാൻ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? (ബി) അബ്രാ​ഹാം യഹോ​വ​യു​മാ​യുള്ള സൗഹൃ​ദത്തെ വില​യേ​റി​യ​താ​യി കണ്ടു​വെ​ന്നും അത്‌ ശക്തമാ​ക്കി​യെ​ന്നും എന്തു കാണി​ക്കു​ന്നു?

9 സൗഹൃദം ഒരു വില​യേ​റിയ നിധി​പോ​ലെ​യാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 17:17 വായി​ക്കുക.) അലങ്കാ​ര​ത്തി​നാ​യി മാത്രം ഉപയോ​ഗി​ക്കുന്ന വളരെ വിലപി​ടി​പ്പുള്ള ഒരു പൂപ്പാ​ത്രം​പോ​ലെയല്ല അത്‌. പകരം, വിടരാ​നാ​യി വെള്ളവും പരിച​ര​ണ​വും ഒക്കെ ആവശ്യ​മുള്ള മനോ​ഹ​ര​മായ ഒരു പൂമൊ​ട്ടു​പോ​ലെ​യാണ്‌. അബ്രാ​ഹാം യഹോ​വ​യു​മാ​യുള്ള സൗഹൃ​ദത്തെ വളരെ വില​യേ​റിയ ഒന്നായി വീക്ഷി​ക്കു​ക​യും അത്‌ കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്‌തു. അവൻ എങ്ങനെ​യാണ്‌ അത്‌ ചെയ്‌തത്‌?

10 തന്‍റെ ദൈവ​ഭ​യ​വും അനുസ​ര​ണ​വും ശക്തമാ​ക്കു​ന്ന​തിൽ അബ്രാ​ഹാം തുടർന്നു. ഉദാഹ​ര​ണ​ത്തിന്‌, കുടും​ബ​ത്തോ​ടും ദാസന്മാ​രോ​ടും ഒപ്പം കനാനി​ലേക്ക് യാത്ര ചെയ്യവെ ചെറു​തും വലുതു​മായ ഏതു തീരു​മാ​നങ്ങൾ എടുത്ത​പ്പോ​ഴും തന്നെ നയിക്കാൻ അബ്രാ​ഹാം യഹോ​വയെ അനുവ​ദി​ച്ചു. യിസ്‌ഹാക്ക് ജനിക്കു​ന്ന​തിന്‌ ഒരു വർഷം മുമ്പ് അതായത്‌ അബ്രാ​ഹാ​മിന്‌ 99 വയസ്സാ​യ​പ്പോൾ അവന്‍റെ വീട്ടി​ലുള്ള എല്ലാ പുരു​ഷ​ന്മാ​രെ​യും പരി​ച്ഛേദന ചെയ്യാൻ യഹോവ അവനോട്‌ ആവശ്യ​പ്പെട്ടു. അബ്രാ​ഹാം യഹോ​വയെ ചോദ്യം ചെയ്‌തോ? തന്നോട്‌ പറഞ്ഞത്‌ അനുസ​രി​ക്കാ​തി​രി​ക്കാൻ എന്തെങ്കി​ലും ഒഴിക​ഴിവ്‌ കണ്ടെത്തി​യോ? ഇല്ല. അവൻ യഹോ​വ​യിൽ വിശ്വ​സി​ച്ചു. യഹോവ കല്‌പി​ച്ചത്‌ അവൻ “അന്നുതന്നേ” ചെയ്‌തു.—ഉല്‌പ. 17:10-14, 23

11. അബ്രാ​ഹാം സൊ​ദോം, ഗൊ​മോറ പട്ടണങ്ങ​ളെ​ക്കു​റിച്ച് ഉത്‌ക​ണ്‌ഠ​പ്പെ​ട്ടത്‌ എന്തു​കൊണ്ട്, യഹോവ അവനെ സഹായി​ച്ചത്‌ എങ്ങനെ?

11 എല്ലായ്‌പോ​ഴും, ചെറിയ കാര്യ​ങ്ങ​ളിൽപ്പോ​ലും, അബ്രാ​ഹാം യഹോ​വയെ അനുസ​രി​ച്ചത്‌ അവർ തമ്മിലുള്ള സൗഹൃദം ശക്തമാക്കി. യഹോ​വ​യോട്‌ ഒരു മടിയും കൂടാതെ എന്തും ചോദി​ക്കാ​നും സംസാ​രി​ക്കാ​നും അബ്രാ​ഹാ​മി​നു സ്വാത​ന്ത്ര്യം തോന്നി. ഉദാഹ​ര​ണ​ത്തിന്‌, താൻ സൊ​ദോം, ഗൊ​മോറ പട്ടണങ്ങളെ നശിപ്പി​ക്കാൻ പോകു​ക​യാ​ണെന്ന് യഹോവ അവനോ​ടു പറഞ്ഞ​പ്പോൾ അബ്രാ​ഹാം അസ്വസ്ഥ​നാ​യി. എന്തു​കൊണ്ട്? ദുഷ്ടന്മാ​രോ​ടൊ​പ്പം നല്ലവരും നശിപ്പി​ക്ക​പ്പെ​ടു​മോ എന്ന് അബ്രാ​ഹാം ചിന്തിച്ചു. സൊ​ദോ​മിൽ ജീവി​ച്ചി​രുന്ന തന്‍റെ സഹോ​ദ​ര​പു​ത്ര​നായ ലോത്തി​നെ​യും അവന്‍റെ കുടും​ബ​ത്തെ​യും കുറിച്ച് അവന്‌ ഉത്‌കണ്‌ഠ തോന്നി​യി​രി​ക്കാം. “സർവ്വഭൂ​മി​ക്കും ന്യായാ​ധി​പ​തി​യായ” യഹോ​വ​യിൽ അവൻ വിശ്വാ​സം പ്രകട​മാ​ക്കി. അതു​കൊണ്ട് തന്‍റെ ആശങ്കകൾ അബ്രാ​ഹാം യഹോ​വയെ താഴ്‌മ​യോ​ടെ അറിയി​ച്ചു. യഹോവ തന്‍റെ സ്‌നേ​ഹി​ത​നോ​ടു ക്ഷമയോ​ടെ ഇടപെ​ടു​ക​യും താൻ കരുണ​യു​ള്ള​വ​നാ​ണെന്ന് അവനെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. ന്യായ​വി​ധി നടപ്പി​ലാ​ക്കുന്ന സാഹച​ര്യ​ങ്ങ​ളി​ലും താൻ നല്ല ആളുകളെ അന്വേ​ഷിച്ച് അവരെ രക്ഷിക്കു​മെന്ന് യഹോവ ഉറപ്പു കൊടു​ത്തു.—ഉല്‌പ. 18:22-33.

12, 13. (എ) അബ്രാ​ഹാ​മി​ന്‍റെ അറിവും അനുഭ​വ​ജ്ഞാ​ന​വും അവനെ പിന്നീട്‌ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌? (ബി) അബ്രാ​ഹാ​മിന്‌ യഹോ​വ​യിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നെന്ന് എന്തു തെളി​യി​ക്കു​ന്നു?

12 അബ്രാ​ഹാം നേടിയ അറിവും അനുഭ​വ​ജ്ഞാ​ന​വും യഹോ​വ​യു​മാ​യുള്ള അവന്‍റെ സൗഹൃദം നിലനി​റു​ത്താൻ അവനെ സഹായി​ച്ചു എന്ന കാര്യം വ്യക്തമാണ്‌. അതു​കൊണ്ട് പിന്നീട്‌ യഹോവ അബ്രാ​ഹാ​മി​നോ​ടു തന്‍റെ മകനെ യാഗം അർപ്പി​ക്കാൻ ആവശ്യ​പ്പെ​ട്ട​പ്പോൾ, യഹോവ ക്ഷമിക്കു​ന്ന​വ​നും കരുണ​യു​ള്ള​വ​നും ആശ്രയ​യോ​ഗ്യ​നും സംരക്ഷണം നൽകു​ന്ന​വ​നും ആണെന്നുള്ള കാര്യ​ത്തിൽ അബ്രാ​ഹാ​മിന്‌ ഒരു സംശയ​വു​മി​ല്ലാ​യി​രു​ന്നു. യഹോ​വ​യ്‌ക്കു പെട്ടെ​ന്നൊ​രു മാറ്റം വന്ന് പരുക്ക​നോ ക്രൂര​നോ ആയി മാറി​യ​ത​ല്ലെന്ന് അബ്രാ​ഹാ​മിന്‌ ഉറപ്പാ​യി​രു​ന്നു. നമ്മൾ അങ്ങനെ പറയു​ന്നത്‌ എന്തു​കൊണ്ട്?

13 തന്നോ​ടൊ​പ്പം വന്ന ദാസന്മാ​രെ വിട്ടു​പി​രി​യു​ന്ന​തി​നു മുമ്പ് അബ്രാ​ഹാം അവരോ​ടു പറഞ്ഞു: “നിങ്ങൾ കഴുത​യു​മാ​യി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിട​ത്തോ​ളം ചെന്നു ആരാധന കഴിച്ചു മടങ്ങി​വ​രാം.” (ഉല്‌പ. 22:5) അവൻ എന്താണ്‌ അർഥമാ​ക്കി​യത്‌? താൻ യിസ്‌ഹാ​ക്കി​നെ യാഗം അർപ്പി​ക്കാൻ പോകു​ക​യാ​ണെന്ന് അറിഞ്ഞി​ട്ടും യിസ്‌ഹാ​ക്കി​നോ​ടൊ​പ്പം മടങ്ങി​വ​രാ​മെന്നു പറഞ്ഞ​പ്പോൾ അവൻ കള്ളം പറയു​ക​യാ​യി​രു​ന്നോ? അല്ല. യഹോ​വ​യ്‌ക്ക് യിസ്‌ഹാ​ക്കി​നെ മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ക്കാ​നുള്ള പ്രാപ്‌തി​യു​ണ്ടെന്ന് അബ്രാ​ഹാ​മിന്‌ അറിയാ​മാ​യി​രു​ന്നെന്നു ബൈബിൾ പറയുന്നു. (എബ്രായർ 11:19 വായി​ക്കുക.) വാർധ​ക്യ​ത്തി​ലാ​യി​രി​ക്കെ ഒരു മകനെ ജനിപ്പി​ക്കാ​നുള്ള പ്രാപ്‌തി യഹോവ തങ്ങൾക്കു നൽകിയ കാര്യം അബ്രാ​ഹാം ഓർത്തു. (എബ്രാ. 11:11, 12, 18) യഹോ​വ​യ്‌ക്ക് ഒന്നും അസാധ്യ​മ​ല്ലെന്ന് അങ്ങനെ അവൻ മനസ്സി​ലാ​ക്കി. അന്നേ ദിവസം എന്താണ്‌ സംഭവി​ക്കാൻ പോകു​ന്ന​തെന്ന് അബ്രാ​ഹാ​മിന്‌ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ, ആവശ്യ​മെ​ങ്കിൽ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​ന്ന​തി​നാ​യി, യഹോവ, തന്‍റെ മകനായ യിസ്‌ഹാ​ക്കി​നെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രു​മെ​ന്നുള്ള വിശ്വാ​സം അബ്രാ​ഹാ​മി​നു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അബ്രാ​ഹാ​മി​നെ ‘വിശ്വാ​സ​ത്താൽ നീതീ​ക​രണം പ്രാപി​ക്കുന്ന സകലർക്കും പിതാവ്‌’എന്ന് വിളി​ച്ചി​രി​ക്കു​ന്നത്‌.

14. യഹോ​വയെ സേവി​ക്കു​ന്ന​തിൽ എന്തു പ്രതി​ബ​ന്ധ​ങ്ങ​ളാണ്‌ നിങ്ങൾ നേരി​ടു​ന്നത്‌, അബ്രാ​ഹാ​മി​ന്‍റെ മാതൃക നിങ്ങളെ എങ്ങനെ സഹായി​ച്ചേ​ക്കാം?

14 ഇന്ന് മക്കളെ യാഗം അർപ്പി​ക്കാൻ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നില്ല. എന്നാൽ താൻ വെച്ചി​രി​ക്കുന്ന കല്‌പ​നകൾ അനുസ​രി​ക്ക​ണ​മെന്ന് അവൻ നമ്മളോ​ടു പറയുന്നു. എന്തിനാണ്‌ ഈ കല്‌പ​നകൾ തന്നിരി​ക്കു​ന്ന​തെന്ന് നമുക്ക് എല്ലായ്‌പോ​ഴും മനസ്സി​ലാ​ക​ണ​മെ​ന്നില്ല. ചില​പ്പോൾ അത്‌ അനുസ​രി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. നിങ്ങൾക്ക് അങ്ങനെ തോന്നു​ന്നു​ണ്ടോ? ചിലരെ സംബന്ധിച്ച് പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടു​ന്നതു ബുദ്ധി​മു​ട്ടുള്ള ഒരു കാര്യ​മാണ്‌. ലജ്ജ നിമിത്തം അപരി​ചി​ത​രായ ആളുക​ളോ​ടു സംസാ​രി​ക്കു​ന്നത്‌ അവർക്ക് അത്ര എളുപ്പമല്ല. ജോലി​സ്ഥ​ല​ത്തോ സ്‌കൂ​ളി​ലോ മറ്റുള്ള​വ​രിൽനിന്ന് വ്യത്യ​സ്‌ത​രാ​യി നിൽക്കു​ക​യെ​ന്നതു മറ്റു ചിലർക്ക് ഒരു വെല്ലു​വി​ളി​യാണ്‌. (പുറ. 23:2; 1 തെസ്സ. 2:2) അസാധ്യ​മെന്നു തോന്നുന്ന ഒരു സംഗതി ചെയ്യാൻ നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ടു​ന്നെ​ങ്കിൽ അബ്രാ​ഹാ​മി​ന്‍റെ അനന്യ​മായ വിശ്വാ​സ​ത്തെ​യും ധൈര്യ​ത്തെ​യും കുറിച്ച് ചിന്തി​ക്കുക. വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ മാതൃ​ക​യെ​ക്കു​റി​ച്ചു ധ്യാനി​ക്കു​മ്പോൾ അവരെ അനുക​രി​ക്കാ​നും നമ്മുടെ സ്‌നേ​ഹി​ത​നായ യഹോ​വ​യോ​ടു കൂടുതൽ അടുത്തു​ചെ​ല്ലാ​നും അതു നമ്മളെ പ്രചോ​ദി​പ്പി​ക്കും.—എബ്രാ. 12:1, 2.

അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തുന്ന ഒരു സൗഹൃദം

15. യഹോ​വയെ എല്ലായ്‌പോ​ഴും അനുസ​രി​ച്ച​തു​നി​മി​ത്തം അബ്രാ​ഹാ​മിന്‌ ഒരിക്ക​ലും ഖേദം തോന്നി​യി​ല്ലെന്ന് നമുക്ക് ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്?

15 യഹോ​വ​യു​ടെ കൽപ്പനകൾ അനുസ​രി​ച്ചതു നിമിത്തം അബ്രാ​ഹാ​മിന്‌ എപ്പോ​ഴെ​ങ്കി​ലും ഖേദം തോന്നി​യോ? അബ്രാ​ഹാം “വയോ​ധി​ക​നും കാലസ​മ്പൂർണ്ണ​നു​മാ​യി (“സംതൃ​പ്‌ത​നു​മാ​യി,” NW) നല്ല വാർദ്ധ​ക്യ​ത്തിൽ . . . മരിച്ചു.” (ഉല്‌പ. 25:8) 175 വയസ്സാ​യ​പ്പോ​ഴേ​ക്കും അബ്രാ​ഹാ​മി​ന്‍റെ ആരോ​ഗ്യം ക്ഷയിച്ചി​രു​ന്നെ​ങ്കി​ലും തന്‍റെ ജീവി​ത​ത്തി​ലേക്ക് അവനു സംതൃ​പ്‌തി​യോ​ടെ തിരി​ഞ്ഞു​നോ​ക്കാ​നാ​യി. എന്തു​കൊണ്ട്? യഹോ​വ​യു​മാ​യുള്ള സൗഹൃ​ദത്തെ ചുറ്റി​പ്പ​റ്റി​യുള്ള ഒരു ജീവി​ത​മാ​യി​രു​ന്നു അവന്‍റേത്‌. എന്നാൽ അബ്രാ​ഹാം വയോ​ധി​ക​നും സംതൃ​പ്‌ത​നും ആയിരു​ന്നു എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്‍റെ അർഥം അവനു ഭാവി​യിൽ ജീവി​ക്കാൻ ആഗ്രഹം ഇല്ലായി​രു​ന്നു എന്നാണോ?

16. പറുദീ​സ​യിൽ അബ്രാ​ഹാം എന്തെല്ലാം സന്തോ​ഷങ്ങൾ ആസ്വദി​ക്കും?

16 അബ്രാ​ഹാം “ദൈവം​തന്നെ ശിൽപ്പി​യും നിർമാ​താ​വും ആയിരി​ക്കുന്ന, യഥാർഥ അടിസ്ഥാ​ന​ങ്ങ​ളുള്ള നഗരത്തി​നാ​യി . . . കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു” എന്ന് ബൈബിൾ പറയുന്നു. (എബ്രാ. 11:10) ആ നഗരം അഥവാ ദൈവ​രാ​ജ്യം ഭൂമി​യു​ടെ മേൽ ഭരണം നടത്തുന്ന ഒരു ദിവസം വരു​മെ​ന്നും താൻ അതു കാണു​മെ​ന്നും അബ്രാ​ഹാം വിശ്വ​സി​ച്ചി​രു​ന്നു. അത്‌ അങ്ങനെ​തന്നെ സംഭവി​ക്കു​ക​യും ചെയ്യും! പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കു​ക​യും ദൈവ​ത്തോ​ടുള്ള സൗഹൃദം കൂടുതൽ ശക്തി​പ്പെ​ടു​ത്തു​ക​യും ചെയ്യു​മ്പോൾ അബ്രാ​ഹാം എത്ര സന്തുഷ്ട​നാ​യി​രി​ക്കും എന്നൊന്ന് ഭാവന​യിൽ കാണുക. തന്‍റെ വിശ്വാ​സ​ത്തി​ന്‍റെ മാതൃക, പിൽക്കാ​ല​ങ്ങ​ളിൽ ജീവി​ച്ചി​രുന്ന ദൈവ​ദാ​സരെ സഹായി​ച്ചെന്ന് അറിയു​മ്പോൾ അബ്രാ​ഹാ​മി​നെ അതെത്ര സന്തോ​ഷി​പ്പി​ക്കും! മോരി​യാ മലയിൽവെച്ച് യിസ്‌ഹാ​ക്കി​നെ തിരികെ ലഭിച്ചത്‌ ശ്രേഷ്‌ഠ​മായ ഒന്നിന്‍റെ പ്രതീകം ആയിരു​ന്നെന്ന് പറുദീ​സ​യി​ലാ​യി​രി​ക്കു​മ്പോൾ അബ്രാ​ഹാം മനസ്സി​ലാ​ക്കും. (എബ്രാ. 11:19) യിസ്‌ഹാ​ക്കി​നെ യാഗം അർപ്പി​ക്കാൻ ഒരുങ്ങി​യ​പ്പോൾ തനിക്ക് അനുഭ​വ​പ്പെട്ട വേദന, ഒരു മറുവി​ല​യെന്ന നിലയിൽ തന്‍റെ പ്രിയ​പു​ത്ര​നായ ക്രിസ്‌തു​യേ​ശു​വി​നെ നൽകി​യ​പ്പോൾ യഹോവ അനുഭ​വിച്ച വേദന എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ദശലക്ഷ​ങ്ങളെ സഹായി​ച്ചു എന്നും അവൻ തിരി​ച്ച​റി​യും. (യോഹ. 3:16) സ്‌നേ​ഹ​ത്തി​ന്‍റെ എക്കാല​ത്തെ​യും ഏറ്റവും വലിയ പ്രവൃ​ത്തി​യായ മറുവി​ല​യോട്‌ കൂടുതൽ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കാൻ അബ്രാ​ഹാ​മി​ന്‍റെ മാതൃക തീർച്ച​യാ​യും നമ്മളെ സഹായി​ക്കു​ന്നു!

17. എന്താണ്‌ നിങ്ങളു​ടെ ഉറച്ച തീരു​മാ​നം, അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പരിചി​ന്തി​ക്കും?

17 അബ്രാ​ഹാ​മി​ന്‍റെ വിശ്വാ​സം അനുക​രി​ക്കാൻ നമു​ക്കെ​ല്ലാം ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. അവനെ​പ്പോ​ലെ നമുക്ക് അറിവ്‌ വേണം, അനുഭ​വ​ത്തി​ലൂ​ടെ യഹോ​വയെ രുചി​ച്ച​റി​യു​ക​യും വേണം. യഹോ​വയെ അറിയു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​തിൽ തുടരു​മ്പോൾ, യഹോവ നമ്മളെ എങ്ങനെ​യാണ്‌ അനു​ഗ്ര​ഹി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​ന്ന​തെന്ന് നമ്മൾ കാണും. (എബ്രായർ 6:10-12 വായി​ക്കുക.) യഹോവ എന്നെന്നും നമ്മുടെ സ്‌നേ​ഹി​ത​നാ​യി​രി​ക്കട്ടെ! ദൈവ​ത്തി​ന്‍റെ അടുത്ത സുഹൃ​ത്തു​ക്ക​ളാ​യി​ത്തീർന്ന വിശ്വ​സ്‌ത​രായ മൂന്ന് വ്യക്തി​ക​ളു​ടെ മാതൃ​കകൾ നമ്മൾ അടുത്ത ലേഖന​ത്തിൽ പരിചി​ന്തി​ക്കും.

^ [1] (ഖണ്ഡിക 3) അബ്രാം എന്നും സാറായി എന്നും ആയിരു​ന്നു അബ്രാ​ഹാ​മി​ന്‍റെ​യും സാറാ​യു​ടെ​യും യഥാർഥ പേരുകൾ. എന്നാൽ ഈ ലേഖന​ത്തിൽ അവർക്കു യഹോവ പിന്നീട്‌ നൽകിയ പേരു​ക​ളാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌.