വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരി​ത്ര​സ്‌മൃ​തി​കൾ

ദശലക്ഷ​ങ്ങൾക്ക് അറിയാ​മാ​യി​രുന്ന ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ

ദശലക്ഷ​ങ്ങൾക്ക് അറിയാ​മാ​യി​രുന്ന ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ

“ബ്രസീ​ലിൽ ദൈവ​വേ​ല​യ്‌ക്കാ​യി ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച ഒരു കാർ മാത്രമേ ഉള്ളൂ, ആ കാർ ആകട്ടെ ‘വാച്ച് ടവർ ഉച്ചഭാ​ഷി​ണി കാർ’ എന്ന പേരിൽ ദശലക്ഷ​ങ്ങൾക്ക് അറിയാം.”—നഥനയേൽ എ. യൂലി, 1938-ൽ.

1930-കളുടെ തുടക്ക​ത്തിൽ ബ്രസീ​ലി​ലെ രാജ്യ​വേ​ല​യു​ടെ പുരോ​ഗതി പൊതു​വെ മന്ദഗതി​യി​ലാ​യി​രു​ന്നു. എന്നാൽ 1935-ൽ മുൻനി​ര​സേ​വ​ക​രാ​യി സേവി​ച്ചി​രുന്ന ദമ്പതി​ക​ളായ നഥനയേൽ യൂലി​യും മോഡ്‌ യൂലി​യും, അന്ന് പ്രസം​ഗ​വേ​ല​യ്‌ക്കു നേതൃ​ത്വം വഹിച്ചി​രുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോ​ദ​രന്‌ തങ്ങളുടെ ശുശ്രൂഷ വർധി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നും “എവിടെ പോയി സേവി​ക്കാ​നും സന്തോ​ഷമേ ഉള്ളൂ” എന്നും എഴുതി.

ഒരു സിവിൽ എഞ്ചിനീ​യർ ആയി ജോലി​യിൽനിന്ന് വിരമിച്ച നഥന​യേ​ലിന്‌ അന്ന് 62 വയസ്സാ​യി​രു​ന്നു. ഐക്യ​നാ​ടു​ക​ളി​ലെ കാലി​ഫോർണി​യ​യി​ലുള്ള സാൻ ഫ്രാൻസി​സ്‌കോ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സഭയിൽ സേവന​ഡ​യ​റ​ക്‌ടർ ആയിരു​ന്നു അദ്ദേഹം. അവിടെ അദ്ദേഹം പ്രസം​ഗ​വേല സംഘടി​പ്പി​ക്കു​ക​യും സുവാർത്ത വ്യാപി​പ്പി​ക്കു​ന്ന​തി​നാ​യി ഉച്ചഭാ​ഷി​ണി സംവി​ധാ​നം ഉപയോ​ഗി​ക്കു​ക​യും ചെയ്‌തി​രു​ന്നു. ബ്രസീൽ എന്ന വിസ്‌തൃ​ത​മായ ബഹുഭാ​ഷാ​പ്ര​ദേ​ശത്ത്‌ ബ്രാഞ്ച് ദാസനെന്ന പുതിയ നിയമനം ലഭിച്ച​പ്പോൾ അദ്ദേഹ​ത്തി​ന്‍റെ അനുഭ​വ​പ​രി​ച​യ​വും മനസ്സൊ​രു​ക്ക​വും ഒരു അനു​ഗ്ര​ഹ​മാ​ണെന്ന് തെളിഞ്ഞു.

1936-ൽ നഥന​യേ​ലും മോഡും, സഹമുൻനി​ര​സേ​വ​ക​നും ദ്വിഭാ​ഷി​യും ആയിരുന്ന ആന്‍റോ​ണ്യൂ പി. ആൻഡ്രാ​ഡി​നോ​ടൊ​പ്പം ബ്രസീ​ലിൽ എത്തി​ച്ചേർന്നു. വില​യേ​റിയ ചരക്കു​ക​ളു​മാ​യി​ട്ടാണ്‌ അവർ വന്നത്‌; 35 ഗ്രാമ​ഫോ​ണു​ക​ളും ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച ഒരു കാറും. ഭൂവി​സ്‌തൃ​തി​യിൽ ലോകത്ത്‌ അഞ്ചാം സ്ഥാനത്തുള്ള ബ്രസീ​ലിൽ പക്ഷേ അന്ന് വെറും 60 രാജ്യ​പ്ര​ചാ​ര​കരേ ഉണ്ടായി​രു​ന്നു​ള്ളൂ! എന്നാൽ ഏതാനും വർഷങ്ങൾക്കു​ള്ളിൽ ദശലക്ഷ​ങ്ങ​ളു​ടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ഈ നൂതന​മായ ശബ്ദോ​പ​ക​ര​ണങ്ങൾ അവരെ സഹായി​ക്കു​മാ​യി​രു​ന്നു.

യൂലി ദമ്പതികൾ എത്തി ഒരു മാസത്തി​നു ശേഷം ബ്രാ​ഞ്ചോ​ഫീസ്‌ ബ്രസീ​ലി​ലെ ആദ്യത്തെ കൺ​വെൻ​ഷൻ സംഘടി​പ്പി​ച്ചു. സാവോ പൗലോ​യി​ലാണ്‌ അത്‌ നടന്നത്‌. മോഡ്‌ ആ സമയത്ത്‌ പൊതു​പ്ര​സം​ഗം പരസ്യ​പ്പെ​ടു​ത്തി​ക്കൊണ്ട് ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാറിന്‍റെ പ്രവർത്തനം ആരംഭി​ച്ചു. അതിന്‍റെ ഫലമായി പരിപാ​ടിക്ക് 110 പേർ ഹാജരാ​യി. കൺ​വെൻ​ഷൻ പരിപാ​ടി​കൾ പ്രചാ​ര​ക​രു​ടെ മനോ​വീ​ര്യം ഉയർത്തി. ശുശ്രൂ​ഷ​യി​ലുള്ള പങ്ക് വർധി​പ്പി​ക്കാൻ അവർ പ്രചോ​ദി​ത​രാ​യി. പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും സാക്ഷ്യ​ക്കാർഡു​ക​ളും അതോ​ടൊ​പ്പം ഇംഗ്ലീഷ്‌, ജർമൻ, പോളിഷ്‌, സ്‌പാ​നിഷ്‌, ഹംഗേ​റി​യൻ പിന്നീട്‌ പോർച്ചു​ഗീസ്‌ എന്നീ ഭാഷക​ളി​ലും ലഭ്യമാ​യി​രുന്ന ഗ്രാമ​ഫോൺ റെക്കോർഡി​ങ്ങു​ക​ളും ഉപയോ​ഗിച്ച് എങ്ങനെ പ്രസം​ഗി​ക്ക​ണ​മെന്ന് അവർ പഠിച്ചു.

ബ്രസീലിലെ ദശലക്ഷ​ങ്ങ​ളു​ടെ അടുക്കൽ സുവാർത്ത​യു​മാ​യി ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ എത്തി

1937-ൽ സാവോ പൗലോ​യി​ലും റിയോ ഡി ജനൈ​റോ​യി​ലും ക്യൂരി​റ​റി​ബാ​യി​ലും സർവീസ്‌ കൺ​വെൻ​ഷ​നു​കൾ (ഈ കൺ​വെൻ​ഷ​നു​ക​ളു​ടെ ഭാഗമാ​യി വയൽസേ​വനം സംഘടി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു.) നടന്നു. സുവി​ശേ​ഷ​വേ​ല​യ്‌ക്ക് അത്‌ പുതു​ജീ​വൻ നൽകി. കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ വന്നവർ ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ ഉപയോ​ഗി​ച്ചു​കൊണ്ട് വീടു​തോ​റു​മുള്ള വേലയിൽ ഏർപ്പെട്ടു. അന്നൊരു കൊച്ചു​കു​ട്ടി​യാ​യി​രുന്ന ഴൂസ്‌ മഗ്ലോ​വ്‌സ്‌കി പിന്നീട്‌ ഇങ്ങനെ എഴുതി: “ഞങ്ങൾ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ഒരു സ്റ്റാൻഡിൽ വെക്കും. റെക്കോർഡു ചെയ്‌തി​ട്ടുള്ള ഒരു സന്ദേശം, സൗണ്ട് കാർ പ്രക്ഷേ​പണം ചെയ്യു​മ്പോൾ എന്താണ്‌ സംഭവി​ക്കു​ന്ന​തെന്ന് കാണാൻ വീടിനു വെളി​യിൽ വരുന്ന ജനങ്ങ​ളോ​ടു ഞങ്ങൾ സംസാ​രി​ക്കും.”

സ്‌നാനം നദിക​ളി​ലാണ്‌ നടന്നത്‌. കുളി​ക്കാൻ വന്നവർ വെയിൽ കായു​ന്നു​ണ്ടാ​യി​രു​ന്നു. ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ ഉപയോ​ഗിച്ച് സുവാർത്ത അറിയി​ക്കാ​നുള്ള എത്ര നല്ല അവസര​ങ്ങ​ളാ​യി​രു​ന്നു അത്‌! റഥർഫോർഡ്‌ സഹോ​ദ​രന്‍റെ സ്‌നാ​ന​പ്ര​സം​ഗം അവി​ടെ​യെ​ങ്ങും മുഴങ്ങി​ക്കേട്ടു. പ്രസംഗം പോർച്ചു​ഗീ​സി​ലേക്ക് പരിഭാഷ ചെയ്യവെ ജിജ്ഞാസ നിറഞ്ഞ ആളുകൾ കാറിനു ചുറ്റും കൂടി. അതിനു ശേഷം പോളീഷ്‌ ഭാഷയിൽ റെക്കോർഡു ചെയ്‌ത രാജ്യ​ഗീ​ത​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ സ്‌നാനം നടന്നു. സഹോ​ദ​രീ​സ​ഹോ​ദ​രങ്ങൾ വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ കൂടെ പാടി. “പെന്തെ​ക്കൊ​സ്‌തിൽ ഓരോ വ്യക്തി​യും തങ്ങളുടെ ഭാഷയിൽ എങ്ങനെ​യാ​യി​രി​ക്കാം മനസ്സി​ലാ​ക്കി​യ​തെന്ന് ഇത്‌ ഒരുവനെ ഓർമി​പ്പി​ക്കു​ന്നു” എന്ന് 1938-ലെ വാർഷി​ക​പു​സ്‌തകം (ഇംഗ്ലീഷ്‌) റിപ്പോർട്ട് ചെയ്യുന്നു.

കൺ​വെൻ​ഷ​നു​കൾ കഴിഞ്ഞ് എല്ലാ ഞായറാ​ഴ്‌ച​യും, മഴയാ​യാ​ലും വെയി​ലാ​യാ​ലും, സാവോ പൗലോ​യു​ടെ നഗരമ​ധ്യ​ത്തി​ലെ​യും അടുത്ത പട്ടണങ്ങ​ളി​ലെ​യും പാർക്കു​ക​ളി​ലും താമസ​സ്ഥ​ല​ങ്ങ​ളി​ലും ഫാക്‌ട​റി​ക​ളി​ലും ഉള്ള ആളുകളെ ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാറിൽനിന്ന് റെക്കോർഡ്‌ ചെയ്‌ത പ്രസം​ഗങ്ങൾ കേൾപ്പി​ക്കു​മാ​യി​രു​ന്നു. സാവോ പൗലോ​യ്‌ക്ക് 97 കിലോ​മീ​റ്റർ വടക്കു കിഴക്കാ​യി 3,000 അന്തേവാ​സി​ക​ളുള്ള കുഷ്‌ഠ​രോ​ഗി​ക​ളു​ടെ ഒരു കോള​നി​യു​ണ്ടാ​യി​രു​ന്നു. അവിടെ ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ ഉപയോ​ഗിച്ച് ഒരു പ്രതി​മാസ പരിപാ​ടി കേൾപ്പി​ക്കു​മാ​യി​രു​ന്നു. കാല​ക്ര​മേണ അവിടെ നല്ല പുരോ​ഗ​തി​യുള്ള ഒരു സഭ രൂപം​കൊ​ണ്ടു. വേദനാ​ക​ര​മായ കഷ്ടപ്പാ​ടു​കൾക്കു മധ്യേ​യും ആ രാജ്യ​പ്ര​ചാ​രകർ ബൈബി​ളി​ലെ ആശ്വാ​സ​ദാ​യ​ക​മായ സന്ദേശം മറ്റൊരു കുഷ്‌ഠ​രോഗ കോള​നി​യിൽ എത്തിക്കാ​നുള്ള അനുമതി വാങ്ങി.

പോർച്ചു​ഗീസ്‌ ഭാഷയി​ലുള്ള റെക്കോർഡി​ങ്ങു​കൾ 1938-ന്‍റെ അവസാ​ന​ത്തോ​ടെ എത്തി​ച്ചേർന്നു. ‘മരിച്ച​വ​രു​ടെ തിരു​നാ​ളിൽ,’ “മരിച്ചവർ എവിടെ?,” “യഹോവ,” “സമ്പത്ത്‌” എന്നീ വിഷയ​ങ്ങ​ളി​ലുള്ള റെക്കോർഡി​ങ്ങു​കൾ കേൾപ്പി​ച്ചു​കൊണ്ട് ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ സെമി​ത്തേ​രി​കൾതോ​റും സഞ്ചരിച്ചു. ദുഃഖാർത്ത​രായ 40,000-ത്തിലധി​കം ആളുക​ളു​ടെ അടുക്കൽ ഈ വിവരങ്ങൾ എത്തി.

രോഷാ​കു​ല​രാ​യ വൈദി​കർ ബൈബിൾസ​ത്യ​ത്തി​ന്‍റെ ഈ തുറന്ന പ്രഖ്യാ​പ​നത്തെ എതിർത്തു. ഉച്ചഭാ​ഷി​ണി ഘടിപ്പിച്ച കാർ നിശബ്ദ​മാ​ക്കാൻ അവർ പ്രാ​ദേ​ശിക അധികാ​രി​ക​ളു​ടെ മേൽ സമ്മർദം ചെലുത്തി. ഒരു സന്ദർഭ​ത്തിൽ ഒരു പുരോ​ഹി​തൻ കാർ വളയാ​നാ​യി ഒരു ജനക്കൂ​ട്ടത്തെ പ്രേരി​പ്പി​ച്ചത്‌ യൂലി സഹോ​ദരി ഓർക്കു​ന്നു. എന്നാൽ സ്ഥലത്തെ മേയറും പോലീസ്‌ അധികാ​രി​ക​ളും അപ്പോൾ അവിടെ എത്തി​ച്ചേർന്നു. അവർ മുഴു പരിപാ​ടി​യും ശ്രദ്ധി​ച്ചു​കേട്ടു. ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മാ​യി​ട്ടാണ്‌ മേയർ അവി​ടെ​നിന്ന് പോയത്‌. അന്ന് യാതൊ​രു പ്രശ്‌ന​വു​മു​ണ്ടാ​യില്ല. ഇത്തരം എതിർപ്പു​കൾക്കു മധ്യേ​യും 1940-ലെ വാർഷി​ക​പു​സ്‌ത​ക​ത്തി​ലെ (ഇംഗ്ലീഷ്‌) ബ്രസീ​ലി​നെ​ക്കു​റി​ച്ചുള്ള റിപ്പോർട്ടിൽ 1939 എന്ന വർഷത്തെ “വലിയ ദിവ്യാ​ധി​പ​തി​യെ സേവി​ക്കാ​നും അവിടു​ത്തെ നാമത്തെ പ്രഘോ​ഷി​ക്കാ​നും ഉള്ള ഏറ്റവും നല്ല സമയം” എന്ന് പ്രഖ്യാ​പി​ച്ചു.

തീർച്ച​യാ​യും വാച്ച് ടവർ ഉച്ചഭാ​ഷി​ണി കാറിന്‍റെ വരവ്‌ ബ്രസീ​ലി​ലെ പ്രസം​ഗ​വേ​ല​യിൽ ഒരു വഴിത്തി​രി​വാ​യി​രു​ന്നു. വിഖ്യാ​ത​മായ ആ കാർ 1941-ൽ വിറ്റെ​ങ്കി​ലും, ബ്രസീൽ എന്ന വിസ്‌തൃ​ത​മായ പ്രദേ​ശ​ത്തുള്ള ആത്മാർഥ​ഹൃ​ദ​യ​രായ ആളുക​ളു​ടെ അടുക്കൽ സുവാർത്ത എത്തിക്കു​ന്ന​തിൽ ലക്ഷക്കണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷികൾ തുടരു​ന്നു.—ബ്രസീ​ലി​ലെ ശേഖര​ത്തിൽനിന്ന്.