വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യോട്‌ വിശ്വ​സ്‌ത​രെന്നു തെളി​യി​ക്കുക

യഹോ​വ​യോട്‌ വിശ്വ​സ്‌ത​രെന്നു തെളി​യി​ക്കുക

“യഹോവ എനിക്കും നിനക്കും എന്‍റെ സന്തതി​ക്കും നിന്‍റെ സന്തതി​ക്കും മദ്ധ്യേ എന്നേക്കും സാക്ഷി.”—1 ശമൂ. 20:42.

ഗീതം: 125, 62

1, 2. ദാവീ​ദു​മാ​യുള്ള യോനാ​ഥാ​ന്‍റെ സൗഹൃദം വിശ്വ​സ്‌ത​ത​യു​ടെ ഒരു ശ്രദ്ധേ​യ​മാ​തൃക ആയിരു​ന്നത്‌ എന്തു​കൊണ്ട്?

യുവാ​വായ ദാവീ​ദി​ന്‍റെ ധൈര്യം കണ്ട യോനാ​ഥാൻ അതിശ​യി​ച്ചി​ട്ടു​ണ്ടാ​കണം. മല്ലനായ ഗോലി​യാ​ത്തി​നെ കൊന്നിട്ട് ആ ‘ഫെലി​സ്‌ത്യ​ന്‍റെ തലയു​മാ​യി’ ദാവീദ്‌ ഇപ്പോൾ, യോനാ​ഥാ​ന്‍റെ പിതാ​വായ ശൗലിന്‍റെ മുമ്പാകെ നിൽക്കു​ക​യാണ്‌. (1 ശമൂ. 17:57) ദൈവം ദാവീ​ദി​നോ​ടൊ​പ്പ​മു​ണ്ടെന്ന കാര്യ​ത്തിൽ യോനാ​ഥാന്‌ ഒരു സംശയ​വു​മി​ല്ലാ​യി​രു​ന്നു. അന്നുമു​തൽ ദാവീ​ദും യോനാ​ഥാ​നും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി. പരസ്‌പരം എന്നും വിശ്വ​സ്‌ത​രാ​യി​രി​ക്കു​മെന്ന് അവർ ഉടമ്പടി​യും ചെയ്‌തു. (1 ശമൂ. 18:1-3) ശേഷിച്ച ജീവി​ത​കാ​ല​ത്തെ​ല്ലാം യോനാ​ഥാൻ ദാവീ​ദി​നോ​ടു വിശ്വ​സ്‌ത​നാ​യി പറ്റിനി​ന്നു.

2 ഇസ്രാ​യേ​ലി​ന്‍റെ അടുത്ത രാജാ​വാ​യി തനിക്കു പകരം ദാവീ​ദി​നെ​യാണ്‌ യഹോവ തിര​ഞ്ഞെ​ടു​ത്ത​തെന്ന് അറിഞ്ഞി​ട്ടും യോനാ​ഥാൻ ദാവീ​ദി​നോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു. ശൗൽ ദാവീ​ദി​നെ കൊല്ലാൻ ശ്രമി​ച്ച​പ്പോൾ യോനാ​ഥാൻ ഉത്‌ക​ണ്‌ഠ​പ്പെട്ടു. യെഹൂദ്യ മരുഭൂ​മി​യി​ലെ ഹോ​രേ​ശിൽ ദാവീദ്‌ പതിയി​രി​ക്കു​ന്ന​താ​യി യോനാ​ഥാൻ അറിഞ്ഞ​പ്പോൾ യഹോ​വ​യിൽ തുടർന്നും ആശ്രയി​ക്കാ​നുള്ള ശക്തി പകരാ​നാ​യി അവൻ ദാവീ​ദി​നെ തേടി​ച്ചെന്നു. അവൻ ദാവീ​ദി​നോ​ടു ഇങ്ങനെ പറഞ്ഞു: “ഭയപ്പെ​ടേണ്ടാ, എന്‍റെ അപ്പനായ ശൌലി​ന്നു നിന്നെ പിടി​കി​ട്ടു​ക​യില്ല; നീ യിസ്രാ​യേ​ലി​ന്നു രാജാ​വാ​കും; അന്നു ഞാൻ നിനക്കു രണ്ടാമ​നും ആയിരി​ക്കും.”—1 ശമൂ. 23:16, 17.

3. ദാവീ​ദി​നോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്ന​തി​നെ​ക്കാൾ യോനാ​ഥാന്‌ ഏറെ പ്രധാനം എന്തായി​രു​ന്നു, നമുക്ക് അത്‌ എങ്ങനെ അറിയാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 വിശ്വ​സ്‌ത​രായ ആളുകളെ സാധാ​ര​ണ​യാ​യി നമ്മൾ ആദരി​ക്കു​ന്നു. എന്നാൽ ദാവീ​ദി​നോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്ന​തു​കൊ​ണ്ടു മാത്ര​മാ​ണോ നമ്മൾ യോനാ​ഥാ​നെ ആദരി​ക്കു​ന്നത്‌? അല്ല, യോനാ​ഥാ​ന്‍റെ ജീവി​ത​ത്തിൽ ഏറ്റവും പ്രധാ​ന​മാ​യി​രു​ന്നത്‌ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌ത​ത​യാ​യി​രു​ന്നു. തനിക്ക് പകരം ദാവീദ്‌ രാജാ​വാ​കു​മെന്ന് അറിഞ്ഞി​ട്ടും, അവനോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്ന​തി​ന്‍റെ​യും അസൂയ തോന്നാ​ഞ്ഞ​തി​ന്‍റെ​യും കാരണം അതായി​രു​ന്നു. യഹോ​വ​യിൽ ആശ്രയി​ക്കാൻ യോനാ​ഥാൻ ദാവീ​ദി​നെ സഹായി​ക്കു​ക​യും ചെയ്‌തു. ഇരുവ​രും ദൈവ​ത്തോ​ടും പരസ്‌പ​ര​വും വിശ്വ​സ്‌ത​രാ​യി നില​കൊ​ണ്ടു. അങ്ങനെ അവർ ചെയ്‌ത ഈ ഉടമ്പടി​യോട്‌ അവർ പറ്റിനി​ന്നു: “യഹോവ എനിക്കും നിനക്കും എന്‍റെ സന്തതി​ക്കും നിന്‍റെ സന്തതി​ക്കും മദ്ധ്യേ എന്നേക്കും സാക്ഷി.”—1 ശമൂ. 20:42.

4. (എ) നമ്മളെ യഥാർഥ​ത്തിൽ സന്തുഷ്ട​രും സംതൃ​പ്‌ത​രും ആക്കുന്നത്‌ എന്താണ്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?

4 നമ്മളും, കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും സഹോ​ദ​ര​ങ്ങ​ളോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കണം. (1 തെസ്സ. 2:10, 11) എന്നാൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​താണ്‌ ഏറെ പ്രധാനം. കാരണം യഹോ​വ​യാണ്‌ നമുക്കു ജീവൻ നൽകി​യത്‌! (വെളി. 4:11) യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​മ്പോ​ഴാണ്‌ നമ്മൾ യഥാർഥ​ത്തിൽ സന്തുഷ്ട​രും സംതൃ​പ്‌ത​രും ആകുന്നത്‌. പ്രയാ​സ​ക​ര​മായ സമയങ്ങ​ളിൽപ്പോ​ലും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കണം. നാലു സാഹച​ര്യ​ങ്ങ​ളിൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ യോനാ​ഥാ​ന്‍റെ മാതൃക എങ്ങനെ സഹായി​ക്കു​മെന്ന് ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും: (1) അധികാ​ര​ത്തി​ലി​രി​ക്കുന്ന ആരെങ്കി​ലും ആദരവ്‌ അർഹി​ക്കു​ന്നില്ല എന്ന് നമുക്ക് തോന്നു​മ്പോൾ, (2) ആരോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കണം എന്ന് തിര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രുന്ന സാഹച​ര്യ​ത്തിൽ, (3) നേതൃ​ത്വ​മെ​ടു​ക്കുന്ന ഒരു സഹോ​ദരൻ നമ്മളെ തെറ്റി​ദ്ധ​രി​ക്കു​ക​യോ നമ്മോട്‌ അന്യാ​യ​മാ​യി പെരു​മാ​റു​ക​യോ ചെയ്യു​മ്പോൾ, (4) വാഗ്‌ദാ​നം പാലി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി തോന്നുന്ന ഒരു സാഹച​ര്യ​ത്തിൽ.

അധികാ​ര​ത്തി​ലി​രി​ക്കുന്ന ആരെങ്കി​ലും ആദരവ്‌ അർഹി​ക്കു​ന്നില്ല എന്നു തോന്നു​മ്പോൾ

5. ശൗൽ, രാജാ​വാ​യി ഭരണം നടത്തിയ സമയത്ത്‌ ഇസ്രാ​യേൽജ​ന​ത്തിന്‌ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നത്‌ എന്തു​കൊണ്ട്?

5 യോനാ​ഥാ​നും ഇസ്രാ​യേൽജ​ന​വും ഒരു പ്രതി​സ​ന്ധി​യി​ലാ​യി​രു​ന്നു. യോനാ​ഥാ​ന്‍റെ പിതാ​വായ ശൗൽ രാജാവ്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ക​യും യഹോവ അവനെ തള്ളിക്ക​ള​യു​ക​യും ചെയ്‌തു. (1 ശമൂ. 15:17-23) എന്നിട്ടും കുറച്ചു വർഷ​ത്തേക്കു കൂടി അധികാ​ര​ത്തിൽ തുടരാൻ ദൈവം ശൗലിനെ അനുവ​ദി​ച്ചു. “യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ” ഇരിക്കാ​നാ​യി തിര​ഞ്ഞെ​ടുത്ത രാജാവ്‌ വളരെ മോശ​മായ കാര്യങ്ങൾ ചെയ്‌ത​പ്പോൾ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കുക എന്നത്‌ ആ ജനത്തിന്‌ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നു.—1 ദിന. 29:23.

6. യോനാ​ഥാൻ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി നിലനി​ന്നെന്ന് നമുക്ക് എങ്ങനെ അറിയാം?

6 യോനാ​ഥാൻ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി നില​കൊ​ണ്ടു. ശൗൽ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാൻ തുടങ്ങിയ ഉടനെ യോനാ​ഥാൻ എന്താണ്‌ ചെയ്‌ത​തെന്ന് ചിന്തി​ക്കുക. (1 ശമൂ. 13:13, 14) ഒരു വലിയ ഫെലി​സ്‌ത്യ​സൈ​ന്യം 30,000 രഥങ്ങളു​ടെ അകമ്പടി​യോ​ടെ ഇസ്രാ​യേ​ലി​നെ ആക്രമി​ക്കാൻ വരുന്നു. ശൗലി​നു​ണ്ടാ​യി​രു​ന്നത്‌ ആകെ 600 പടയാ​ളി​ക​ളാ​യി​രു​ന്നു, അതിൽത്തന്നെ ആയുധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നതു ശൗലി​നും യോനാ​ഥാ​നും മാത്രം. എന്നാൽ യോനാ​ഥാൻ ഭയപ്പെ​ട്ടില്ല. അവൻ ശമൂവേൽ പ്രവാ​ച​കന്‍റെ വാക്കുകൾ ഓർത്തു: “യഹോവ തന്‍റെ മഹത്തായ നാമം​നി​മി​ത്തം തന്‍റെ ജനത്തെ കൈവി​ടു​ക​യില്ല.” (1 ശമൂ. 12:22) യോനാ​ഥാൻ തന്‍റെ ആയുധ​വാ​ഹ​ക​നോട്‌ ഇങ്ങനെ പറഞ്ഞു: “അധികം​കൊ​ണ്ടോ അല്‌പം​കൊ​ണ്ടോ രക്ഷിപ്പാൻ യഹോ​വെക്കു പ്രയാ​സ​മി​ല്ല​ല്ലോ.” അങ്ങനെ യോനാ​ഥാ​നും ആയുധ​വാ​ഹ​ക​നും ഒരുകൂ​ട്ടം ഫെലി​സ്‌ത്യ​രെ ആക്രമിച്ച് അവരിൽ 20 പേരെ കൊന്നു. യോനാ​ഥാന്‌ യഹോ​വ​യിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. യഹോവ അവനെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. ആ സമയത്ത്‌ ഒരു ഭൂമി​കു​ലു​ക്കം ഉണ്ടാകാൻ യഹോവ ഇടയാക്കി. ഫെലി​സ്‌ത്യർ ഭയപര​വ​ശ​രാ​യി. ആശയക്കു​ഴ​പ്പ​ത്തി​ലായ അവർ അന്യോ​ന്യം പടവെട്ടി മരിച്ചു. അങ്ങനെ ആ യുദ്ധത്തിൽ ഇസ്രാ​യേ​ല്യർ വിജയി​ച്ചു.—1 ശമൂ. 13:5, 15, 22; 14:1, 2, 6, 14, 15, 20.

7. യോനാ​ഥാൻ തന്‍റെ പിതാ​വി​നോട്‌ ഇടപെ​ട്ടത്‌ എങ്ങനെ?

7 ശൗൽ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ച്ചു​കൊ​ണ്ടി​രു​ന്നെ​ങ്കി​ലും, യോനാ​ഥാൻ സാധ്യ​മാ​യ​പ്പോ​ഴെ​ല്ലാം തന്‍റെ പിതാ​വി​നെ അനുസ​രി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ ജനത്തെ രക്ഷിക്കാൻ അവർ ഒന്നിച്ച് പോരാ​ടി.—1 ശമൂ. 31:1, 2.

8, 9. അധികാ​ര​സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വരെ നമ്മൾ ആദരി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

8 യോനാ​ഥാ​നെ​പ്പോ​ലെ, നമ്മൾ ജീവി​ക്കുന്ന രാജ്യത്തെ ഭരണാ​ധി​കാ​രി​കളെ സാധ്യ​മാ​കു​മ്പോ​ഴെ​ല്ലാം അനുസ​രി​ച്ചു​കൊണ്ട് നമുക്കും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാം. യഹോ​വ​യാണ്‌ ഈ “ഉന്നതാ​ധി​കാ​ര​ങ്ങൾക്കു” നമ്മുടെ മേൽ ഭരിക്കാ​നുള്ള അധികാ​രം അനുവ​ദി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ന്നത്‌. (റോമർ 13:1, 2 വായി​ക്കുക.) അതു​കൊ​ണ്ടാണ്‌ സർക്കാർ ഉദ്യോ​ഗ​സ്ഥ​രോ​ടു നമ്മൾ ആദരവ്‌ കാണി​ക്കേ​ണ്ടത്‌, അവർ അഴിമതി കാണി​ച്ചാ​ലും നമ്മുടെ ആദരവിന്‌ അർഹര​ല്ലെന്ന് തോന്നി​യാ​ലും. യഥാർഥ​ത്തിൽ, കുടും​ബ​ത്തി​ലും സഭയി​ലും ഉൾപ്പെടെ യഹോവ അധികാ​രം നൽകി​യി​രി​ക്കുന്ന എല്ലാവ​രെ​യും നമ്മൾ മാനി​ക്കണം.—1 കൊരി. 11:3; എബ്രാ. 13:17.

യഹോവയോടു വിശ്വ​സ്‌തത തെളി​യി​ക്കു​ന്ന​തി​നുള്ള ഒരു മാർഗം അവിശ്വാ​സി​യായ ഇണയോട്‌ ആദരവ്‌ കാണി​ക്കു​ന്ന​താണ്‌ (9-‍ാ‍ം ഖണ്ഡിക കാണുക)

9 തന്നോട്‌ മോശ​മാ​യി പെരു​മാ​റി​യി​ട്ടും ഭർത്താ​വി​നോട്‌ ബഹുമാ​നം കാണി​ച്ചു​കൊണ്ട് തെക്കേ അമേരി​ക്ക​യി​ലുള്ള ഓൾഗ [1] സഹോ​ദരി യഹോ​വ​യോട്‌ വിശ്വ​സ്‌തത തെളി​യി​ച്ചു. ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി​രു​ന്ന​തു​കൊണ്ട് ഭർത്താവ്‌ അവളെ വൈകാ​രി​ക​മാ​യി മുറി​പ്പെ​ടു​ത്തു​ക​യും അധി​ക്ഷേ​പി​ക്കു​ക​യും ഒക്കെ ചെയ്യു​മാ​യി​രു​ന്നു. ചില​പ്പോൾ സംസാ​രി​ക്കാൻപോ​ലും കൂട്ടാ​ക്കി​യി​രു​ന്നില്ല. കുട്ടി​കളെ കൊണ്ടു​പോ​കു​മെ​ന്നും അവളെ ഉപേക്ഷി​ക്കു​മെ​ന്നും ഭീഷണി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. എന്നാൽ ഓൾഗ “തിന്മയ്‌ക്കു പകരം തിന്മ” ചെയ്‌തില്ല. ഒരു നല്ല ഭാര്യ​യാ​യി​രി​ക്കാൻ അവൾ അപ്പോ​ഴും പരമാ​വധി ശ്രമിച്ചു. ഭക്ഷണം തയ്യാറാ​ക്കുക, വസ്‌ത്രങ്ങൾ കഴുകുക, കുടും​ബ​ത്തി​ലെ മറ്റ്‌ അംഗങ്ങൾക്കാ​യി കരുതുക, ഈ കാര്യ​ങ്ങ​ളി​ലൊ​ന്നും അവൾ ഒരു വീഴ്‌ച​യും വരുത്തി​യില്ല. (റോമ. 12:17) സാധി​ക്കു​മ്പോ​ഴെ​ല്ലാം ഭർത്താ​വി​നോ​ടൊ​പ്പം അദ്ദേഹ​ത്തി​ന്‍റെ കുടും​ബാം​ഗ​ങ്ങ​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും സന്ദർശി​ക്കാൻ പോകു​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അദ്ദേഹ​ത്തി​ന്‍റെ അച്ഛൻ മരിച്ച​പ്പോൾ ശവസം​സ്‌കാ​ര​ത്തി​നാ​യി അവർക്കു മറ്റൊരു നഗരത്തി​ലേക്കു പോക​ണ​മാ​യി​രു​ന്നു. ആ യാത്ര​യ്‌ക്ക് ആവശ്യ​മായ എല്ലാ കാര്യ​ങ്ങ​ളും അവൾ ക്രമീ​ക​രി​ച്ചു. ശവസം​സ്‌കാ​ര​ശു​ശ്രൂഷ തീരു​ന്ന​തു​വരെ അവൾ ഭർത്താ​വി​നെ കാത്ത്‌ പള്ളിയു​ടെ വെളി​യിൽ നിന്നു. എല്ലായ്‌പോ​ഴും ഓൾഗ കാണിച്ച ക്ഷമയും ആദരവും ഭർത്താ​വി​ന്‍റെ മനോ​ഭാ​വം മയപ്പെ​ടാൻ കാരണ​മാ​യി. ഇപ്പോൾ അദ്ദേഹം അവളെ മീറ്റി​ങ്ങു​കൾക്കു പോകാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും രാജ്യ​ഹാ​ളിൽ കൊണ്ടാ​ക്കു​ക​യും ചെയ്യും. ചില​പ്പോൾ അദ്ദേഹം മീറ്റി​ങ്ങു​കൾക്കു ഹാജരാ​കു​ക​യും ചെയ്യുന്നു.—1 പത്രോ. 3:1.

ആരോടു വിശ്വ​സ്‌ത​രാ​യി​രി​ക്കണം എന്ന് തിര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രുന്ന സാഹച​ര്യ​ത്തിൽ

10. ആരോട്‌ വിശ്വ​സ്‌ത​നാ​യി​രി​ക്ക​ണ​മെന്ന് യോനാ​ഥാൻ തീരു​മാ​നി​ച്ചത്‌ എങ്ങനെ?

10 ദാവീ​ദി​നെ കൊല്ലാൻ പോകു​ക​യാ​ണെന്ന് ശൗൽ പറഞ്ഞ​പ്പോൾ യോനാ​ഥാന്‌ ബുദ്ധി​മു​ട്ടുള്ള ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വന്നു. അവൻ പിതാ​വി​നോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ ആഗ്രഹി​ച്ചു, അതു​പോ​ലെ ദാവീ​ദി​നോ​ടും. എന്നാൽ ദൈവം ശൗലി​നോ​ടൊ​പ്പമല്ല മറിച്ച് ദാവീ​ദി​നോ​ടൊ​പ്പ​മാ​ണെന്ന് യോനാ​ഥാന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട് ദാവീ​ദി​നോട്‌ വിശ്വ​സ്‌ത​നാ​യി​രി​ക്കാ​നാ​യി​രു​ന്നു അവന്‍റെ തീരു​മാ​നം. ഒളിച്ചി​രി​ക്കാൻ അവൻ ദാവീ​ദിന്‌ മുന്നറി​യി​പ്പു​കൊ​ടു​ക്കു​ക​യും ദാവീ​ദി​നെ​ക്കു​റിച്ച് ശൗലി​നോട്‌ നല്ലത്‌ സംസാ​രി​ക്കു​ക​യും ചെയ്‌തു.—1 ശമൂവേൽ 19:1-6 വായി​ക്കുക.

11, 12. ദൈവ​ത്തോ​ടുള്ള സ്‌നേഹം ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

11 ആരോട്‌ വിശ്വ​സ്‌ത​യാ​യി​രി​ക്ക​ണ​മെ​ന്നതു സംബന്ധിച്ച് ഓസ്‌​ട്രേ​ലി​യ​ക്കാ​രി​യായ ആലീസ്‌ സഹോ​ദ​രിക്ക് ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വന്നു. അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി, പഠിക്കു​ന്ന​തി​നെ​ക്കു​റിച്ച് കുടും​ബാം​ഗ​ങ്ങ​ളോട്‌ അവൾ പറഞ്ഞു. താൻ ക്രിസ്‌മസ്‌ ആഘോ​ഷി​ക്കാ​ത്ത​തി​ന്‍റെ കാരണം അവരോട്‌ വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു. ആദ്യം അവളുടെ കുടും​ബാം​ഗ​ങ്ങൾക്കു നിരാ​ശ​യാണ്‌ തോന്നി​യത്‌. പിന്നെ ആ നിരാശ കടുത്ത കോപ​ത്തി​നു വഴിമാ​റി. ആലീസിന്‌ തങ്ങളെ​ക്കു​റിച്ച് ഒരു ചിന്തയു​മി​ല്ലെന്ന് അവർക്കു തോന്നി. ഇനി​യൊ​രി​ക്ക​ലും അവളെ കാണേ​ണ്ടെന്ന് അമ്മ അവളോട്‌ പറഞ്ഞു. ആലീസ്‌ പറയുന്നു: “അത്‌ എനിക്കു വലി​യൊ​രു ആഘാത​മാ​യി​രു​ന്നു. അത്‌ എന്നെ ആഴത്തിൽ മുറി​വേ​ല്‌പി​ച്ചു. കാരണം, എനിക്ക് എന്‍റെ കുടും​ബ​ത്തോട്‌ അത്രയ്‌ക്ക് സ്‌നേ​ഹ​മാ​യി​രു​ന്നു. എന്നുവ​രി​കി​ലും, എന്‍റെ ഹൃദയ​ത്തിൽ യഹോ​വ​യ്‌ക്കും അവന്‍റെ പുത്ര​നും ആയിരി​ക്കും ഒന്നാം സ്ഥാനം എന്ന് ഞാൻ ഉറച്ചി​രു​ന്നു. അടുത്ത സമ്മേള​ന​ത്തിന്‌ ഞാൻ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.”—മത്താ. 10:37.

12 യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യ്‌ക്കു മീതെ വരാൻ സ്‌പോർട്‌സ്‌ ടീം, സ്‌കൂൾ, രാജ്യം ഇങ്ങനെ യാതൊ​ന്നി​നെ​യും അനുവ​ദി​ക്ക​രുത്‌. ഉദാഹ​ര​ണ​ത്തിന്‌, ഹെൻറിക്ക് ചെസ്സ് കളിക്കു​ന്നതു വലിയ ഇഷ്ടമാ​യി​രു​ന്നു. സ്‌കൂ​ളി​നെ പ്രതി​നി​ധീ​ക​രിച്ച് ചാമ്പ്യൻഷിപ്പ് നേടണ​മെന്ന് അവൻ ആഗ്രഹി​ച്ചു. എന്നാൽ ഇതു വാരാ​ന്ത​ങ്ങ​ളി​ലെ അവന്‍റെ സമയം കവർന്നെ​ടു​ത്ത​തി​നാൽ മീറ്റി​ങ്ങു​കൾക്കോ ശുശ്രൂ​ഷ​യ്‌ക്കോ വേണ്ടത്ര സമയം കിട്ടി​യി​രു​ന്നില്ല. ദൈവ​ത്തോ​ടു​ള്ള​തി​നെ​ക്കാൾ സ്‌കൂ​ളി​നോ​ടുള്ള വിശ്വ​സ്‌ത​ത​യ്‌ക്കു പ്രാധാ​ന്യം വന്നെന്ന് അവൻ പറയുന്നു. അതു​കൊണ്ട് സ്‌കൂ​ളി​നു​വേണ്ടി ചെസ്സ് കളിക്കു​ന്നത്‌ നിറു​ത്താൻ അവൻ തീരു​മാ​നി​ച്ചു.—മത്താ. 6:33.

13. കുടും​ബ​പ്ര​ശ്‌നങ്ങൾ പരിഹ​രി​ക്കാൻ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

13 കുടും​ബ​ത്തി​ലെ വ്യത്യസ്‌ത അംഗങ്ങ​ളോട്‌ ഒരേസ​മയം വിശ്വ​സ്‌തത കാണി​ക്കു​ന്നത്‌ ചില​പ്പോൾ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ കെൻ പറയുന്നു: “പ്രായാ​ധി​ക്യ​ത്തി​ലെ​ത്തിയ എന്‍റെ അമ്മയെ കൂടെ​ക്കൂ​ടെ സന്ദർശി​ക്കാ​നും ഇടയ്‌ക്കി​ടെ അമ്മ എന്‍റെകൂ​ടെ വന്ന് താമസി​ക്കാ​നും ഞാൻ ആഗ്രഹി​ച്ചു. എന്നാൽ എന്‍റെ ഭാര്യ​യും അമ്മയും തമ്മിൽ അത്ര രസത്തി​ല​ല്ലാ​യി​രു​ന്നു.” അദ്ദേഹം തുടരു​ന്നു: “ഒരാളു​ടെ അപ്രീ​തി​ക്കു പാത്ര​മാ​കാ​തെ മറ്റൊ​രാ​ളെ സന്തോ​ഷി​പ്പി​ക്കാൻ എനിക്കാ​കു​മാ​യി​രു​ന്നില്ല.” ഇതെക്കു​റിച്ച് ബൈബിൾ എന്താണ്‌ പറയു​ന്ന​തെന്ന് കെൻ ചിന്തിച്ചു. ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ താൻ ഭാര്യയെ പ്രസാ​ദി​പ്പി​ക്ക​ണ​മെ​ന്നും അവളോ​ടാണ്‌ വിശ്വ​സ്‌ത​നാ​യി​രി​ക്കേ​ണ്ട​തെ​ന്നും അദ്ദേഹ​ത്തിന്‌ മനസ്സി​ലാ​യി. അതു​കൊണ്ട് ഭാര്യക്ക് യോജി​ക്കാൻ കഴിയുന്ന ഒരു തീരു​മാ​നം അദ്ദേഹം കണ്ടെത്തി. അതിനു ശേഷം, അവൾ എന്തു​കൊ​ണ്ടാണ്‌ അമ്മയോട്‌ ദയയോ​ടെ പെരു​മാ​റേ​ണ്ട​തെന്ന് അദ്ദേഹം വിശദീ​ക​രി​ച്ചു. അതു​പോ​ലെ അമ്മ എന്തു​കൊ​ണ്ടാണ്‌ തന്‍റെ ഭാര്യയെ ബഹുമാ​നി​ക്കേ​ണ്ട​തെന്ന് അമ്മയോ​ടും വിശദീ​ക​രി​ച്ചു.—ഉല്‌പത്തി 2:24; 1 കൊരി​ന്ത്യർ 13:4, 5 വായി​ക്കുക.

തെറ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ക​യോ അനീതിക്ക് ഇരയാ​കു​ക​യോ ചെയ്യു​മ്പോൾ

14. ശൗൽ എങ്ങനെ​യാണ്‌ യോനാ​ഥാ​നോ​ടു മോശ​മാ​യി പെരു​മാ​റി​യത്‌?

14 നേതൃ​ത്വ​മെ​ടു​ക്കുന്ന ഒരു സഹോ​ദരൻ നമ്മളോട്‌ അന്യാ​യ​മാ​യി ഇടപെ​ടു​ന്നെ​ങ്കിൽപ്പോ​ലും നമുക്ക് യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയും. ശൗൽ യഹോ​വ​യു​ടെ അഭിഷി​ക്ത​രാ​ജാ​വാ​യി​രു​ന്നി​ട്ടും സ്വന്തം മകനോട്‌ മോശ​മാ​യി​ട്ടാണ്‌ പെരു​മാ​റി​യത്‌. യോനാ​ഥാൻ എന്തു​കൊ​ണ്ടാണ്‌ ദാവീ​ദി​നെ സ്‌നേ​ഹി​ക്കു​ന്ന​തെന്ന് ശൗലിന്‌ മനസ്സി​ലാ​ക്കാൻ കഴിഞ്ഞില്ല. അതു​കൊണ്ട് യോനാ​ഥാൻ ദാവീ​ദി​നെ സഹായി​ക്കാൻ ശ്രമി​ച്ച​പ്പോൾ ശൗൽ കുപി​ത​നാ​യി. പലരു​ടെ​യും മുമ്പിൽവെച്ച് യോനാ​ഥാ​നെ അപമാ​നി​ക്കു​ക​യും ചെയ്‌തു. എന്നിട്ടും യോനാ​ഥാൻ തന്‍റെ പിതാ​വി​നോ​ടു ബഹുമാ​നം കാണിച്ചു. അതേസ​മ​യം​തന്നെ യഹോ​വ​യോ​ടും ഇസ്രാ​യേ​ലി​ലെ അടുത്ത രാജാ​വാ​യി ദൈവം തിര​ഞ്ഞെ​ടുത്ത ദാവീ​ദി​നോ​ടും അവൻ വിശ്വ​സ്‌ത​നാ​യി നില​കൊ​ണ്ടു.—1 ശമൂ. 20:30-41.

15. ഒരു സഹോ​ദരൻ നമ്മളോ​ടു മോശ​മാ​യി പെരു​മാ​റു​ന്നെ​ങ്കിൽ എങ്ങനെ പ്രതി​ക​രി​ക്കണം?

15 ഇന്ന് സഭകളിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​രങ്ങൾ എല്ലാവ​രോ​ടും നന്നായി പെരു​മാ​റാൻ ശ്രമി​ക്കു​ന്നു. എന്നാൽ ഈ സഹോ​ദ​ര​ങ്ങ​ളും അപൂർണ​രാണ്‌. അതു​കൊണ്ട് ചില കാര്യങ്ങൾ നമ്മൾ എന്തു​കൊ​ണ്ടാണ്‌ ചെയ്യു​ന്ന​തെന്ന് അവർക്ക് എപ്പോ​ഴും മനസ്സി​ലാ​ക​ണ​മെ​ന്നില്ല. (1 ശമൂ. 1:13-17) അതു​കൊണ്ട് നമ്മൾ എപ്പോ​ഴെ​ങ്കി​ലും തെറ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ക​യോ അനീതിക്ക് ഇരയാ​കു​ക​യോ ചെയ്യു​മ്പോൾ നമുക്ക് യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി നിലനിൽക്കാം.

വാഗ്‌ദാ​നങ്ങൾ പാലി​ക്കു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി​ത്തീ​രു​മ്പോൾ

16. സ്വാർഥ​രാ​യി​രി​ക്കാ​തെ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കേണ്ട ചില സാഹച​ര്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌?

16 ഇസ്രാ​യേ​ലി​ന്‍റെ അടുത്ത രാജാവ്‌ ദാവീ​ദാ​യി​രി​ക്ക​രുത്‌, യോനാ​ഥാൻ ആയിരി​ക്കണം എന്ന് ശൗൽ ആഗ്രഹി​ച്ചു. (1 ശമൂ. 20:31) എന്നാൽ യോനാ​ഥാൻ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കു​ക​യും ചെയ്‌തു. അതു​കൊണ്ട് സ്വാർഥ​നാ​യി​രി​ക്കു​ന്ന​തി​നു പകരം യോനാ​ഥാൻ ദാവീ​ദി​ന്‍റെ സുഹൃ​ത്താ​യി​ത്തീ​രു​ക​യും അവനോ​ടുള്ള തന്‍റെ വാഗ്‌ദാ​നം പാലി​ക്കു​ക​യും ചെയ്‌തു. യഥാർഥ​ത്തിൽ, യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും അവനോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ക​യും ചെയ്യുന്ന എല്ലാവ​രും “സത്യം​ചെ​യ്‌തി​ട്ടു ചേതം വന്നാലും മാറാത്ത”വരായി​രി​ക്കും. (സങ്കീ. 15:4) ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യ​തു​കൊണ്ട് നമ്മൾ വാക്കു പാലി​ക്കു​ന്ന​വ​രാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ഒരു ബിസി​നെസ്സ് ഉടമ്പടി ചെയ്യു​മ്പോൾ ആ ഉടമ്പടി പാലി​ക്കാൻ ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽപ്പോ​ലും ആ ഉടമ്പടി​യി​ലെ വ്യവസ്ഥ​ക​ളോട്‌ നമ്മൾ പറ്റിനിൽക്കും. വിവാ​ഹ​ജീ​വി​ത​ത്തിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ഭാര്യ​യും ഭർത്താ​വും പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രു​ന്നു​കൊണ്ട് യഹോ​വ​യോ​ടുള്ള സ്‌നേഹം കാണി​ക്കും.മലാഖി 2:13-16 വായി​ക്കുക.

ബിസിനെസ്സ് കരാറു​കളെ മാനി​ക്കു​ന്നത്‌ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌ത​ത​യും ബൈബി​ളി​നോ​ടുള്ള ആദരവും പരി​ശോ​ധി​ച്ചേ​ക്കാം. (16-‍ാ‍ം ഖണ്ഡിക കാണുക)

17. ഈ പഠനം നിങ്ങളെ എങ്ങനെ സഹായി​ച്ചി​രി​ക്കു​ന്നു?

17 നമ്മൾ യോനാ​ഥാ​നെ​പ്പോ​ലെ നിസ്വാർഥ​രും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രും ആയിരി​ക്കണം. സഹോ​ദ​ര​ങ്ങ​ളോ​ടും നമ്മൾ വിശ്വ​സ്‌ത​രാ​യി തുടരണം, അവർ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തുന്ന സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും. ബുദ്ധി​മു​ട്ടേ​റിയ സാഹച​ര്യ​ങ്ങ​ളി​ലും നമുക്ക് യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാം. അപ്പോൾ നമ്മൾ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ക​യാ​യി​രി​ക്കും. അതാണ്‌ നമുക്ക് യഥാർഥ സംതൃ​പ്‌തി നൽകി​ത്ത​രു​ന്നത്‌. (സദൃ. 27:11) യഹോവ നമുക്കാ​യി കരുതു​മെ​ന്നും നമുക്കു​വേണ്ടി എല്ലായ്‌പോ​ഴും ഏറ്റവും നല്ലത്‌ ചെയ്‌ത്‌ തരു​മെ​ന്നും നമുക്ക് ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാം. ദാവീ​ദി​ന്‍റെ കാലത്തെ വിശ്വ​സ്‌ത​രായ ചില ആളുക​ളിൽനി​ന്നും അവിശ്വ​സ്‌ത​രാ​യി​ത്തീർന്ന ചിലരിൽനി​ന്നും നമുക്ക് എന്തു പഠിക്കാ​നാ​കു​മെന്ന് അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.

^ [1] (ഖണ്ഡിക 9) ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.