വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

സേവന​ത്തിൽ യഹോവ എനിക്ക് നല്ല ഫലങ്ങൾ തന്നിരി​ക്കു​ന്നു

സേവന​ത്തിൽ യഹോവ എനിക്ക് നല്ല ഫലങ്ങൾ തന്നിരി​ക്കു​ന്നു

യുദ്ധത്തിൽ ഏർപ്പെ​ടാ​ത്ത​തു​കൊണ്ട് ഞാൻ ഇതിനു മുമ്പും ജയിൽ ശിക്ഷ അനുഭ​വി​ച്ചി​ട്ടു​ണ്ടെന്ന് ആ ഉദ്യോ​ഗ​സ്ഥ​നോ​ടു പറഞ്ഞു. “ഇനിയും നിങ്ങൾ എന്നെ ജയിലിൽ അടയ്‌ക്കാൻ പോകു​ക​യാ​ണോ?” എന്ന് ഞാൻ ചോദി​ച്ചു. ഈ സംഭാ​ഷണം നടന്നത്‌ യു.എസ്‌. സേനയിൽ ചേരാ​നാ​യി രണ്ടാമത്തെ പ്രാവ​ശ്യം എന്നെ വിളി​ച്ച​പ്പോ​ഴാ​യി​രു​ന്നു.

ഐക്യ​നാ​ടു​ക​ളി​ലെ ഒഹാ​യോ​യി​ലുള്ള, ക്രുക്‌സ്‌വി​ല്ലിൽ ആണ്‌ ഞാൻ ജനിച്ചത്‌. 1926-ൽ. ഡാഡി​യും മമ്മിയും മതഭക്ത​ര​ല്ലാ​യി​രു​ന്നു, എന്നാൽ ഞങ്ങൾ എട്ടു മക്കളോ​ടും പള്ളിയിൽ പോകാൻ അവർ പറയു​മാ​യി​രു​ന്നു. ഞാൻ പോയി​രു​ന്നത്‌ ഒരു മെഥഡിസ്റ്റ് പള്ളിയി​ലാ​യി​രു​ന്നു. എനിക്ക് 14 വയസ്സു​ള്ള​പ്പോൾ, ഒരു വർഷം മുഴുവൻ മുടങ്ങാ​തെ ഞായറാഴ്‌ച പള്ളിയിൽ പോയ​തിന്‌ മതശു​ശ്രൂ​ഷ​ക​നിൽനിന്ന് എനിക്ക് ഒരു സമ്മാനം ലഭിച്ചു.

മാർഗരെറ്റ്‌ വാക്കർ (ഇടത്തു​നിന്ന് രണ്ടാമത്‌) സത്യം പഠിക്കാൻ എന്നെ സഹായി​ച്ചു

ഏതാണ്ട് ആ സമയത്ത്‌, എന്‍റെ അയൽവാ​സി​യാ​യി​രുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട മാർഗ​രെറ്റ്‌ വാക്കർ എന്‍റെ അമ്മയു​മാ​യി ബൈബിൾവി​ഷ​യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ഒരു ദിവസം ഈ ചർച്ചയിൽ പങ്കെടു​ക്കാൻ ഞാനും തീരു​മാ​നി​ച്ചു. എന്നാൽ അമ്മയുടെ പഠനത്തിന്‌ ഞാൻ ഒരു തടസ്സമാ​കു​മെന്ന് വിചാ​രിച്ച് അമ്മ എന്നോടു പുറത്തു​പോ​കാൻ പറഞ്ഞു. എങ്കിലും അവരുടെ ചർച്ചകൾ ഞാൻ ശ്രദ്ധി​ച്ചു​കേൾക്കു​മാ​യി​രു​ന്നു. ഒന്നു രണ്ട് പ്രാവ​ശ്യം കൂടി സന്ദർശി​ച്ചു കഴിഞ്ഞ​പ്പോൾ, മാർഗ​രെറ്റ്‌ എന്നോടു ചോദി​ച്ചു: “നിനക്ക് ദൈവ​ത്തി​ന്‍റെ പേര്‌ അറിയാ​മോ?” “അത്‌ എല്ലാവർക്കും അറിയാ​വു​ന്ന​തല്ലേ, ദൈവം” എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവർ, “നിന്‍റെ ബൈബിൾ എടുത്ത്‌ സങ്കീർത്തനം 83:18 നോക്കാ​മോ” എന്നു ചോദി​ച്ചു. ആ ഭാഗം നോക്കി​യ​പ്പോൾ, ദൈവ​ത്തി​ന്‍റെ പേര്‌ യഹോവ എന്നാ​ണെന്ന് എനിക്കു മനസ്സി​ലാ​യി. ഞാൻ എന്‍റെ കൂട്ടു​കാ​രു​ടെ അടു​ത്തേക്ക് ആവേശ​ത്തോ​ടെ ഓടി​ച്ചെന്ന് അവരോ​ടു പറഞ്ഞു: “ഇന്ന് നിങ്ങൾ വീട്ടിൽ ചെല്ലു​മ്പോൾ ബൈബിൾ എടുത്ത്‌ സങ്കീർത്തനം 83:18 ഒന്നു നോക്കണം. ദൈവ​ത്തി​ന്‍റെ പേര്‌ എന്താ​ണെന്ന് നിങ്ങൾക്ക് അപ്പോൾ മനസ്സി​ലാ​കും.” ഒരു വിധത്തിൽ പറഞ്ഞാൽ അന്നുമു​തൽ ഞാൻ സാക്ഷീ​ക​രി​ക്കാൻ തുടങ്ങി.

ബൈബിൾ പഠിച്ച് 1941-ൽ ഞാൻ സ്‌നാ​ന​മേറ്റു. താമസി​യാ​തെ​തന്നെ സഭയിൽ പുസ്‌ത​കാ​ധ്യ​യനം നടത്താൻ എന്നെ നിയമി​ച്ചു. ഈ അധ്യയ​ന​ത്തിൽ പങ്കെടു​ക്കാൻ ഞാൻ എന്‍റെ അമ്മയെ​യും കൂടപ്പി​റ​പ്പു​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു. അങ്ങനെ ഞാൻ നടത്തി​യി​രുന്ന പുസ്‌ത​കാ​ധ്യ​യ​ന​ത്തിൽ അവരെ​ല്ലാം ഹാജരാ​കാൻ തുടങ്ങി. ഡാഡിക്ക് പക്ഷേ താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു.

കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പ്

സഭയിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ എനിക്കു ലഭിച്ചു​തു​ടങ്ങി. ഞാൻ സ്വന്തമാ​യി ഒരു ദിവ്യാ​ധി​പത്യ ലൈ​ബ്രറി ഉണ്ടാക്കി. ഒരു ദിവസം എന്‍റെ ലൈ​ബ്ര​റി​യി​ലേക്ക് ചൂണ്ടി​ക്കൊണ്ട് ഡാഡി പറഞ്ഞു: “ഈ പുസ്‌ത​ക​ങ്ങ​ളൊ​ന്നും ഇനി ഇവിടെ കണ്ടു​പോ​ക​രുത്‌, നിന്നെ​യും കണ്ടു​പോ​ക​രുത്‌.” അങ്ങനെ എനിക്ക് വീട്ടിൽനിന്ന് ഇറങ്ങേ​ണ്ടി​വന്നു, ഒഹാ​യോ​യി​ലെ സാൻസ്‌വി​ലിൽ എനിക്ക് ഒരു മുറി കിട്ടി. അവിടെ താമസം തുടങ്ങി. എങ്കിലും കുടും​ബാം​ഗ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ഞാൻ കൂടെ​ക്കൂ​ടെ വീട്ടിൽ പോകു​മാ​യി​രു​ന്നു.

അമ്മ മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കു​ന്നത്‌ തടയാൻ ഡാഡി ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു. ചില സമയങ്ങ​ളിൽ അമ്മ മീറ്റി​ങ്ങു​കൾക്കു പോകു​മ്പോൾ ഡാഡി പുറകേ ചെന്ന് അമ്മയെ പിടി​ച്ചു​വ​ലിച്ച് വീട്ടി​ലേക്കു കൊണ്ടു​വ​രു​മാ​യി​രു​ന്നു. എന്നാലും അമ്മ പുറകു​വ​ശത്തെ വാതി​ലി​ലൂ​ടെ ഇറങ്ങി മീറ്റി​ങ്ങിന്‌ പോകു​മാ​യി​രു​ന്നു. ഞാൻ അമ്മയോട്‌ പറഞ്ഞു: “ഇതൊ​ന്നും​കൊണ്ട് അമ്മ വിഷമി​ക്കേണ്ട, ഓടി​ത്ത​ള​രു​മ്പോൾ ഡാഡി​തന്നെ മടുത്ത്‌ നിറു​ത്തി​ക്കോ​ളും.” അതുത​ന്നെ​യാണ്‌ സംഭവി​ച്ച​തും. ക്രമേണ അമ്മയെ തടയാ​നുള്ള ശ്രമം ഡാഡി ഉപേക്ഷി​ച്ചു. അങ്ങനെ കുറച്ചു​നാൾ കഴിഞ്ഞ് അമ്മയ്‌ക്ക് ഒരു തടസ്സവും കൂടാതെ മീറ്റി​ങ്ങു​കൾക്കു പോകാൻ കഴിഞ്ഞു.

1943-ൽ സഭയിൽ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ പരിപാ​ടിക്ക് തുടക്കം​കു​റി​ച്ചു. ഞാൻ വിദ്യാർഥി​പ്ര​സം​ഗങ്ങൾ നടത്താൻ തുടങ്ങി. പ്രസം​ഗ​ത്തി​നു ശേഷം ലഭിച്ചി​രുന്ന ബുദ്ധി​യു​പ​ദേശം പ്രസം​ഗങ്ങൾ നടത്താ​നുള്ള കഴിവ്‌ മെച്ച​പ്പെ​ടു​ത്താൻ എന്നെ സഹായി​ച്ചു.

യുദ്ധസ​മ​യത്തെ നിഷ്‌പ​ക്ഷത

രണ്ടാം ലോക​യു​ദ്ധ​ത്തിൽ രാഷ്‌ട്രങ്ങൾ പരസ്‌പരം പോരാ​ട്ടം നടത്തി​ക്കൊ​ണ്ടി​രുന്ന സമയമാ​യി​രു​ന്നു അത്‌. 1944-ൽ എനിക്ക് സൈന്യ​ത്തിൽ ചേരാ​നുള്ള ഉത്തരവ്‌ ലഭിച്ചു. ഒഹാ​യോ​യി​ലെ കൊളം​ബ​സി​ലുള്ള ഫോർട്ട് ഹെയ്‌സിൽ ഞാൻ റിപ്പോർട്ട് ചെയ്‌തു. അവിടെ എന്‍റെ കായി​ക​ക്ഷമത പരി​ശോ​ധി​ക്കു​ക​യും ചില രേഖക​ളൊ​ക്കെ പൂരി​പ്പി​ക്കു​ക​യും ചെയ്‌തു. എന്നാൽ ഒരു പട്ടാള​ക്കാ​ര​നാ​യി സേവി​ക്കി​ല്ലെന്ന് ഞാൻ അധികാ​രി​ക​ളോ​ടു പറഞ്ഞു. അപ്പോൾ അവർ എന്നെ പോകാൻ അനുവ​ദി​ച്ചെ​ങ്കി​ലും ദിവസങ്ങൾ കഴിഞ്ഞ് ഒരു ഉദ്യോ​ഗസ്ഥൻ എന്‍റെ വീട്ടിൽ വന്ന് ഇങ്ങനെ പറഞ്ഞു: “കോർവിൻ റോ​ബെസൻ, നിങ്ങൾക്ക് എതിരെ ഒരു അറസ്റ്റു​വാ​റണ്ട് ഉണ്ട്.”

രണ്ടാഴ്‌ച കഴിഞ്ഞ് കോട​തി​വി​ചാ​ര​ണ​യു​ടെ സമയത്ത്‌ ജഡ്‌ജി പറഞ്ഞു: “എനിക്ക് ഒറ്റയ്‌ക്ക് തീരു​മാ​നി​ക്കാൻ കഴിയു​മാ​യി​രു​ന്നെ​ങ്കിൽ ഞാൻ നിന്നെ ജീവപ​ര്യ​ന്തം തടവിനു വിധി​ക്കു​മാ​യി​രു​ന്നു. നിനക്ക് എന്തെങ്കി​ലും പറയാ​നു​ണ്ടോ?” ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു: “യുവർ ഓണർ, മതശു​ശ്രൂ​ഷ​ക​രു​ടെ ഗണത്തി​ലാണ്‌ നിങ്ങൾ എന്നെയും പെടു​ത്തേ​ണ്ടത്‌. കാരണം രാജ്യ​ത്തി​ന്‍റെ സുവി​ശേഷം പ്രസം​ഗി​ക്കുന്ന ഒരു ശുശ്രൂ​ഷ​ക​നാണ്‌ ഞാനും. എന്‍റെ കാര്യ​ത്തിൽ ഓരോ വീട്ടു​വാ​തി​ലും ആണ്‌ എന്‍റെ പ്രസം​ഗ​വേദി.” ജഡ്‌ജി ജൂറി അംഗങ്ങ​ളോട്‌ പറഞ്ഞു: “ഈ യുവാവ്‌ ഒരു ശുശ്രൂ​ഷ​ക​നാ​ണോ എന്ന് തീരു​മാ​നി​ക്കാ​നല്ല നിങ്ങൾ ഇവിടെ ഇരിക്കു​ന്നത്‌. പകരം സൈന്യ​ത്തിൽ പ്രവേ​ശി​ക്കാൻ ഇദ്ദേഹം തയ്യാറാ​ണോ അല്ലയോ എന്ന് തീരു​മാ​നി​ക്കാ​നാണ്‌.” അരമണി​ക്കൂ​റി​നു​ള്ളിൽ ജൂറി​യു​ടെ വിധി വന്നു, ഞാൻ കുറ്റക്കാ​ര​നാണ്‌ എന്നായി​രു​ന്നു അവരുടെ കണ്ടെത്തൽ. അഞ്ചു വർഷത്തെ തടവിനു വിധി​ച്ചു​കൊണ്ട് ജഡ്‌ജി എന്നെ കെന്‍റക്കി​യി​ലെ ആഷ്‌ലാ​ന്‍റി​ലുള്ള ജയിലി​ലേക്ക് അയച്ചു.

ജയിലിൽ യഹോവ എന്നെ സംരക്ഷി​ച്ചു

ഒഹാ​യോ​യി​ലെ കൊളം​ബ​സി​ലുള്ള ഒരു ജയിലി​ലാണ്‌ ആദ്യത്തെ രണ്ടാഴ്‌ച ഞാൻ ചെലവ​ഴി​ച്ചത്‌. ആദ്യത്തെ ദിവസം മുഴുവൻ ഞാൻ ഒരു ജയില​റ​യി​ലാ​യി​രു​ന്നു. അപ്പോൾ ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു: “അഞ്ചു വർഷം അറയിൽത്തന്നെ കിടക്കാൻ എനിക്കാ​കില്ല. എന്തു ചെയ്യണ​മെ​ന്നും എനിക്ക് അറിയില്ല.”

അടുത്ത ദിവസം ഗാർഡു​കൾ എന്നെ പുറത്തി​റ​ങ്ങാൻ അനുവ​ദി​ച്ചു. അവിടെ നിന്ന നല്ല ഉയരമുള്ള ഒരു വലിയ മനുഷ്യ​ന്‍റെ അടു​ത്തേക്കു ഞാൻ നടന്ന് ചെന്നു. ഞങ്ങൾ ഒരു ജനാല​യി​ലൂ​ടെ പുറ​ത്തേക്കു നോക്കി​ക്കൊ​ണ്ടു നിന്നു. അദ്ദേഹം എന്നോട്‌, “നീ ചെയ്‌ത കുറ്റം എന്താ?” എന്ന് ചോദി​ച്ചു. ഞാൻ പറഞ്ഞു, “ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌.” അപ്പോൾ അദ്ദേഹം, “ശരിക്കും! പിന്നെ നീ എങ്ങനെ ഇവിടെ എത്തി?” ഞാൻ പറഞ്ഞു, “യഹോ​വ​യു​ടെ സാക്ഷികൾ യുദ്ധത്തി​നു പോകു​ക​യോ ആളുകളെ കൊല്ലു​ക​യോ ചെയ്യില്ല.” അപ്പോൾ അദ്ദേഹം പറഞ്ഞു: “ആരെയും കൊല്ലാൻ തയ്യാറ​ല്ലാ​ത്ത​തു​കൊണ്ട് അവർ നിന്നെ ജയിലിൽ അടച്ചു. എന്നാൽ ആളുകളെ കൊല്ലു​ന്ന​തി​ന്‍റെ പേരി​ലാണ്‌ മറ്റുള്ള​വരെ അവർ ജയിലിൽ അടയ്‌ക്കു​ന്നത്‌. എന്തൊരു വിരോ​ധാ​ഭാ​സം!” അതി​നോ​ടു ഞാനും യോജി​ച്ചു.

തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു,“15 വർഷം ഞാൻ മറ്റൊരു ജയിലി​ലാ​യി​രു​ന്നു. അവി​ടെ​വെച്ച് ഞാൻ നിങ്ങളു​ടെ ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ച്ചി​ട്ടുണ്ട്.” അതു കേട്ടതും “ഈ മനുഷ്യന്‌ എന്‍റെ പക്ഷത്ത്‌ നിൽക്കാൻ തോന്ന​ണമേ” എന്നു ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ആ നിമിഷം, പോൾ എന്ന് പേരുള്ള അദ്ദേഹം പറഞ്ഞു: “ഇവി​ടെ​യുള്ള ആരെങ്കി​ലും നിന്നെ തൊട്ടാൽ, നീ ഒന്ന് ഒച്ചവെ​ച്ചാൽ മതി. അവരുടെ കാര്യം ഞാനേറ്റു.” അങ്ങനെ, ആ സെക്ഷനി​ലുള്ള 50 പേരിൽനി​ന്നും യാതൊ​രു പ്രശ്‌ന​വും എനിക്കു​ണ്ടാ​യില്ല.

കെന്‍റക്കിയിലെ ആഷ്‌ലാ​ന്‍റിൽ നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ മറ്റു സാക്ഷി​ക​ളോ​ടൊ​പ്പം ഞാനും തടവിൽ കഴിഞ്ഞു

ജയിൽ അധികൃ​തർ എന്നെ ആഷ്‌ലാ​ന്‍റി​ലേക്കു മാറ്റി. അവിടെ അപ്പോൾത്തന്നെ പക്വത​യുള്ള പല സഹോ​ദ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അവരു​മാ​യുള്ള സഹവാസം എന്നെയും മറ്റു സഹോ​ദ​ര​ങ്ങ​ളെ​യും ആത്മീയ​മാ​യി കരുത്ത​രാ​യി നിൽക്കാൻ സഹായി​ച്ചു. ആഴ്‌ച​തോ​റും വായി​ക്കാ​നാ​യി അവർ ഞങ്ങൾക്കു ബൈബി​ളി​ലെ ഒരു ഭാഗം പട്ടിക​പ്പെ​ടു​ത്തി​ത്തന്നു. സഹോ​ദ​രങ്ങൾ സംഘടി​പ്പി​ച്ചി​രുന്ന ഈ യോഗ​ങ്ങൾക്കാ​യി ഞങ്ങൾ ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും തയ്യാറാ​ക്കു​മാ​യി​രു​ന്നു. ഈ യോഗ​ങ്ങളെ ‘ബൈബിൾ ബീസ്‌’ എന്നാണ്‌ വിളി​ച്ചി​രു​ന്നത്‌. ഞങ്ങൾക്കി​ട​യിൽ ഒരു പ്രദേ​ശ​ദാ​സ​നും ഉണ്ടായി​രു​ന്നു. ഭിത്തി​യോ​ടു ചേർത്ത്‌ കട്ടിലു​കൾ ഇട്ടിരുന്ന ഒരു വലിയ ഡോർമി​റ്റ​റി​യി​ലാ​യി​രു​ന്നു ഞങ്ങൾ. പ്രദേ​ശ​ദാ​സൻ എന്നോട്‌ ഇങ്ങനെ പറയു​മാ​യി​രു​ന്നു: “ആ കാണുന്ന കട്ടിലു​കൾ നോക്കാ​നുള്ള ഉത്തരവാ​ദി​ത്വം നിന്‍റേ​താണ്‌. അതിൽ കിടക്കുന്ന ആളാണ്‌ നിന്‍റെ പ്രദേശം. ആ വ്യക്തി അവിടു​ന്നു പോകു​ന്ന​തി​നു മുമ്പ് അദ്ദേഹത്തെ സുവാർത്ത അറിയി​ച്ചെന്ന് ഉറപ്പു​വ​രു​ത്തണം.” അങ്ങനെ വളരെ ക്രമീ​കൃ​ത​മാ​യി ഞങ്ങൾ സുവാർത്ത പങ്കു​വെച്ചു.

ജയിലി​നു വെളി​യിൽ ഞാൻ കണ്ടെത്തി​യത്‌

1945-ൽ രണ്ടാം ലോക​യു​ദ്ധം അവസാ​നി​ച്ചു. എന്നാൽ കുറച്ചു​നാൾകൂ​ടി എനിക്കു തടവിൽ കഴി​യേ​ണ്ടി​വന്നു. “നിന്നെ ഇവിടുന്ന് പറഞ്ഞു​വി​ടാൻ പറ്റിയാൽ, പിന്നെ ബാക്കി​യു​ള്ള​വരെ നേരെ​യാ​ക്കാൻ എനിക്കു പറ്റും” എന്നു ഡാഡി എന്നോട്‌ പറഞ്ഞി​രു​ന്ന​തി​നാൽ കുടും​ബാം​ഗ​ങ്ങ​ളെ​ക്കു​റിച്ച് എനിക്ക് അല്‌പം ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. എന്നാൽ ജയിൽ മോചി​ത​നാ​യ​ശേഷം ആ ഉത്‌കണ്‌ഠ സന്തോ​ഷ​ത്തി​നു വഴിമാ​റി. ഡാഡി​യു​ടെ എതിർപ്പു​ണ്ടാ​യി​രു​ന്നി​ട്ടും എന്‍റെ കുടും​ബ​ത്തി​ലെ ഏഴു പേർ മീറ്റി​ങ്ങി​നു പോകു​ന്നു​ണ്ടാ​യി​രു​ന്നു. എന്‍റെ ഒരു അനിയത്തി സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തി​രു​ന്നു.

1913-ൽ യഹോ​വയെ സേവി​ക്കാൻ തുടങ്ങിയ ഒരു അഭിഷി​ക്ത​സ​ഹോ​ദ​ര​നായ ഡമി​ട്രി​യസ്‌ പാപാ​ജൊർജി​നൊ​പ്പം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നു

1950-ൽ കൊറി​യൻ യുദ്ധം ആരംഭി​ച്ച​പ്പോൾ ഫോർട്ട് ഹെയ്‌സിൽ റിപ്പോർട്ട് ചെയ്യാൻ ഒരിക്കൽകൂ​ടി എനിക്ക് നിർദേശം ലഭിച്ചു. അഭിരു​ചി​പ്പ​രീ​ക്ഷ​യ്‌ക്കു ശേഷം ഒരു ഉദ്യോ​ഗസ്ഥൻ എന്നോടു പറഞ്ഞു: “നിങ്ങളു​ടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടി​യ​വ​രിൽ ഒരാൾ നീയാണ്‌.” ഞാൻ പറഞ്ഞു, “അത്‌ ശരിയാ​യി​രി​ക്കാം, പക്ഷേ ഞാൻ സൈന്യ​ത്തിൽ ചേരില്ല.” 2 തിമൊ​ഥെ​യൊസ്‌ 2:3 ഉദ്ധരി​ച്ചു​കൊണ്ട് ഞാൻ പറഞ്ഞു, “ഞാൻ ഇപ്പോൾത്തന്നെ ക്രിസ്‌തു​വി​ന്‍റെ ഒരു പടയാ​ളി​യാണ്‌.” നീണ്ട ഒരു നിശ്ശബ്ദ​ത​യ്‌ക്കു ശേഷം അദ്ദേഹം പറഞ്ഞു, “നിനക്കു പോകാം.”

ഒഹാ​യോ​യി​ലെ സിൻസി​നാ​റ്റി​യിൽവെച്ച് നടന്ന ഒരു കൺ​വെൻ​ഷ​നി​ലെ ബെഥേൽ അപേക്ഷ​കർക്കാ​യുള്ള യോഗ​ത്തിൽ ഞാൻ പങ്കെടു​ത്തു. ദൈവ​രാ​ജ്യ​ത്തി​നു വേണ്ടി കഠിന​വേല ചെയ്യാൻ ഒരു സഹോ​ദരൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ സംഘട​ന​യ്‌ക്ക് അദ്ദേഹത്തെ ബെഥേ​ലിൽ ഉപയോ​ഗി​ക്കാ​നാ​കു​മെന്ന് അവി​ടെ​വെച്ച് മിൽട്ടൻ ജി. ഹെൻഷൽ സഹോ​ദരൻ ഞങ്ങളോ​ടു പറഞ്ഞു. ഞാൻ ബെഥേൽസേ​വ​ന​ത്തിന്‌ അപേക്ഷി​ച്ചു. അങ്ങനെ 1954 ആഗസ്റ്റ് മുതൽ ബ്രൂക്‌ലിൻ ബെഥേ​ലിൽ സേവി​ക്കാൻ തുടങ്ങി. അന്നുമു​തൽ ഇന്നുവരെ ഞാൻ ബെഥേ​ലിൽ സേവി​ക്കു​ന്നു.

അവിടെ എനിക്കു ചെയ്യാൻ ധാരാളം ജോലി​ക​ളു​ണ്ടാ​യി​രു​ന്നു. അനേകം വർഷം ഞാൻ അച്ചടി​ശാ​ല​യി​ലെ​യും ഓഫീസ്‌ സമുച്ച​യ​ത്തി​ലെ​യും ബോയി​ല​റു​കൾ പ്രവർത്തി​പ്പി​ച്ചി​രു​ന്നു, അതു​പോ​ലെ ഒരു മെക്കാ​നി​ക്കാ​യും പൂട്ടുകൾ നന്നാക്കുന്ന ഒരാളാ​യും ഒക്കെ സേവിച്ചു. ന്യൂ​യോർക്ക് സിറ്റി​യി​ലെ സമ്മേള​ന​ഹാ​ളു​ക​ളി​ലും ഞാൻ പ്രവർത്തി​ച്ചി​ട്ടുണ്ട്.

ബ്രൂക്‌ലിൻ ബെഥേ​ലി​ലെ ഓഫീസ്‌ സമുച്ച​യ​ത്തിൽ ബോയി​ല​റു​കൾ പരിപാ​ലി​ക്കു​ന്നു

ബെഥേ​ലി​ലെ ആത്മീയ​ദി​ന​ചര്യ ഞാൻ അതിയാ​യി പ്രിയ​പ്പെ​ടു​ന്നു, പ്രഭാ​താ​രാ​ധ​ന​യും ബെഥേൽ കുടും​ബാം​ഗ​ങ്ങ​ളു​ടെ വീക്ഷാ​ഗോ​പു​ര​പ​ഠ​ന​വും നിയമി​ത​സ​ഭ​യോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തും എല്ലാം. ഇതെക്കു​റി​ച്ചെ​ല്ലാം ചിന്തി​ക്കു​മ്പോൾ, ഈ കാര്യ​ങ്ങ​ളെ​ല്ലാം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എല്ലാ കുടും​ബ​ങ്ങ​ളി​ലും നടത്താൻ കഴിയു​ന്ന​താണ്‌, നടത്തേ​ണ്ട​തു​മാണ്‌. മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളും ഒരുമിച്ച് ദിനവാ​ക്യം ചർച്ച ചെയ്യുന്നു, ക്രമമായ കുടും​ബാ​രാ​ധന നടത്തുന്നു, സഭാ​യോ​ഗ​ങ്ങ​ളി​ലും സുവാർത്താ​പ്ര​സം​ഗ​വേ​ല​യി​ലും സജീവ​മാ​യി ഉൾപ്പെ​ടു​ന്നു; ഇങ്ങനെ​യൊ​ക്കെ ചെയ്യു​ക​യാ​ണെ​ങ്കിൽ സാധ്യ​ത​യ​നു​സ​രിച്ച് കുടും​ബ​ത്തി​ലെ എല്ലാവ​രും ആത്മീയാ​രോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കും.

ബെഥേ​ലി​ലും സഭയി​ലും എനിക്കു ധാരാളം സുഹൃ​ത്തു​ക്കളെ കണ്ടെത്താൻ കഴിഞ്ഞി​ട്ടുണ്ട്. അവരിൽ ഇതിനകം സ്വർഗീ​യ​പ്ര​തി​ഫലം ലഭിച്ച അഭിഷി​ക്ത​രും മറ്റുള്ള​വ​രും ഉണ്ട്. എന്നാൽ ബെഥേ​ലം​ഗങ്ങൾ ഉൾപ്പെ​ടെ​യുള്ള യഹോ​വ​യു​ടെ എല്ലാ ദാസരും അപൂർണ​രാണ്‌. ഒരു സഹോ​ദ​ര​നു​മാ​യി എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടെ​ങ്കിൽ അദ്ദേഹ​വു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ ഞാൻ എല്ലായ്‌പോ​ഴും ശ്രമി​ക്കും. ഞാൻ മത്തായി 5:23, 24-ലെ വാക്കുകൾ ഓർക്കു​ക​യും പരസ്‌പ​ര​മുള്ള അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ എങ്ങനെ പരിഹ​രി​ക്കാ​നാണ്‌ പ്രതീ​ക്ഷി​ക്കു​ന്ന​തെന്ന് ചിന്തി​ക്കു​ക​യും ചെയ്യുന്നു. ക്ഷമ ചോദി​ക്കു​ന്നത്‌ അത്ര എളുപ്പമല്ല, എന്നാൽ അങ്ങനെ ചെയ്‌ത​തി​നു ശേഷം വളരെ ചുരു​ക്ക​മാ​യേ ഒരു സുഹൃ​ത്തു​മാ​യുള്ള പ്രശ്‌നം നിലനിൽക്കു​ന്ന​താ​യി ഞാൻ കണ്ടിട്ടു​ള്ളൂ.

സേവന​ത്തിൽ നല്ല ഫലങ്ങൾ ലഭിക്കു​ന്നു

പ്രായാ​ധി​ക്യം​മൂ​ലം ഇപ്പോൾ വീടു​തോ​റും പോകു​ന്നത്‌ എനിക്ക് അത്ര എളുപ്പമല്ല, എങ്കിലും പിന്മാ​റാൻ ഞാൻ തയ്യാറല്ല. ഞാൻ കുറച്ച് ചൈനീസ്‌ മാൻഡ​റിൻ ഭാഷ പഠിച്ചു. അത്‌ ഉപയോ​ഗിച്ച് തെരു​വു​ക​ളിൽ ഞാൻ ചൈന​ക്കാ​രോട്‌ സുവാർത്ത അറിയി​ക്കാ​റുണ്ട്. ചില ദിവസ​ങ്ങ​ളിൽ 30 മുതൽ 40 വരെ മാസി​കകൾ സമർപ്പി​ച്ചി​ട്ടുണ്ട്.

ന്യൂയോർക്കിലെ ബ്രൂക്‌ലി​നിൽ ചൈനീസ്‌ ഭാഷക്കാ​രോ​ടു പ്രസം​ഗി​ക്കു​ന്നു

ചൈന​യി​ലു​ള്ള ഒരാൾക്ക് ഞാൻ മടക്കസ​ന്ദർശനം പോലും നടത്തി! ഒരു ദിവസം ഒരു പഴക്കട​യു​ടെ പരസ്യങ്ങൾ വിതരണം ചെയ്‌തു​കൊ​ണ്ടി​രുന്ന പ്രസന്ന​വ​ദി​യായ ഒരു പെൺകു​ട്ടി എന്നെ കണ്ട് പുഞ്ചി​രി​ച്ചു. ഞാനും ചിരിച്ചു, എന്നിട്ട് ചൈനീസ്‌ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​ര​വും ഉണരുക!-യും അവൾക്ക് കൊടു​ത്തു. അവൾ അത്‌ സ്വീക​രി​ച്ചു. അവളുടെ പേര്‌ കെയ്‌റ്റി എന്നായി​രു​ന്നു. അതിനു ശേഷം എപ്പോൾ കണ്ടാലും കെയ്‌റ്റി എന്‍റെ അടുത്തു​വന്ന് സംസാ​രി​ക്കു​മാ​യി​രു​ന്നു. ഞാൻ അവളെ പഴങ്ങളു​ടെ​യും പച്ചക്കറി​ക​ളു​ടെ​യും ഇംഗ്ലീഷ്‌ പേരുകൾ പഠിപ്പി​ച്ചു. ഞാൻ ഓരോ പേരുകൾ പറയും, അവൾ അത്‌ ആവർത്തി​ക്കും. ബൈബിൾവാ​ക്യ​ങ്ങ​ളും ഞാൻ അവൾക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു, അവൾ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം സ്വീക​രി​ച്ചു. എന്നാൽ ഏതാനും ആഴ്‌ചകൾ കഴിഞ്ഞ് പിന്നെ അവളെ കണ്ടതേ ഇല്ല.

മാസങ്ങൾക്കു ശേഷം പരസ്യങ്ങൾ വിതരണം ചെയ്‌തു​കൊ​ണ്ടി​രുന്ന മറ്റൊരു പെൺകു​ട്ടി​ക്കും ഞാൻ മാസി​കകൾ കൊടു​ത്തു. പിറ്റേ ആഴ്‌ച, തന്‍റെ മൊ​ബൈൽഫോൺ എന്‍റെ നേരെ നീട്ടി​യിട്ട് അവൾ എന്നോടു പറഞ്ഞു, “ചൈന​യിൽനിന്ന് ഒരു വ്യക്തി താങ്ക​ളോട്‌ സംസാ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു.” ഞാൻ പറഞ്ഞു “അതിന്‌ എനിക്കു ചൈന​യി​ലുള്ള ആരെയും പരിച​യ​മി​ല്ല​ല്ലോ!” എന്നാൽ അവൾ എന്നെ നിർബ​ന്ധി​ച്ചു. അപ്പോൾ ഫോൺ ഞാൻ മേടി​ച്ചിട്ട് പറഞ്ഞു: “ഹലോ, ഞാൻ റോ​ബെസൻ ആണ്‌.” അപ്പോൾ മറുത​ല​യ്‌ക്കൽനിന്ന് പറഞ്ഞു: “റോബി, ഇത്‌ ഞാനാ, കെയ്‌റ്റി. ഇപ്പോൾ ഞാൻ ചൈന​യി​ലാണ്‌.” “ചൈന​യി​ലോ,” ഞാൻ ചോദി​ച്ചു. “അതെ. താങ്കൾക്ക് ഫോൺ തന്നത്‌ ആരാ​ണെന്ന് അറിയാ​മോ റോബി? അത്‌ എന്‍റെ അനിയ​ത്തി​യാണ്‌. താങ്കൾ എന്നെ പല നല്ല കാര്യ​ങ്ങ​ളും പഠിപ്പി​ച്ചി​ട്ടുണ്ട്. എന്നെ പഠിപ്പി​ച്ച​തു​പോ​ലെ അവളെ​യും അതെല്ലാ​മൊ​ന്നു പഠിപ്പി​ക്കാ​മോ?” ഞാൻ പറഞ്ഞു: “എന്നെ​ക്കൊ​ണ്ടാ​കു​ന്ന​തു​പോ​ലെ ഞാൻ ചെയ്യാം. നീ ഇപ്പോൾ എവി​ടെ​യാ​ണെന്ന് അറിഞ്ഞ​തിൽ വളരെ സന്തോഷം.” അതിനു ശേഷം കെയ്‌റ്റി​യു​ടെ സഹോ​ദ​രി​യോട്‌ ഞാൻ അവസാ​ന​മാ​യി ഒരിക്കൽക്കൂ​ടി സംസാ​രി​ച്ചു. ആ പെൺകു​ട്ടി​കൾ എവി​ടെ​യാ​യി​രു​ന്നാ​ലും, അവർ യഹോ​വ​യെ​ക്കു​റിച്ച് കൂടുതൽ അറിയണം എന്നാണ്‌ എന്‍റെ ആഗ്രഹം.

യഹോ​വ​യ്‌ക്കു​ള്ള വിശു​ദ്ധ​സേ​വ​ന​ത്തിൽ ഞാൻ 73 വർഷം പിന്നി​ട്ടി​രി​ക്കു​ന്നു. തടവി​ലാ​യി​രി​ക്കെ നിഷ്‌പ​ക്ഷ​ത​യും വിശ്വ​സ്‌ത​ത​യും കാത്തു​സൂ​ക്ഷി​ക്കാൻ യഹോവ എന്നെ സഹായി​ച്ച​തിൽ ഞാൻ ഏറെ സന്തോ​ഷി​ക്കു​ന്നു. ഡാഡി​യു​ടെ എതിർപ്പു​ണ്ടാ​യി​രു​ന്നി​ട്ടും ഞാൻ മടുത്തു​പോ​കാ​തി​രു​ന്നത്‌ അവരെ​യും ധൈര്യ​പ്പെ​ടു​ത്തി എന്ന് എന്‍റെ കൂടെ​പ്പി​റ​പ്പു​കൾ പറയും. കാല​ക്ര​മേണ എന്‍റെ മൂന്നു സഹോ​ദ​ര​ന്മാ​രും മൂന്നു സഹോ​ദ​രി​മാ​രും അമ്മയും സ്‌നാ​ന​മേറ്റു. പിൽക്കാ​ലത്ത്‌ ഡാഡി​ക്കും മയം വന്നു, മരിക്കു​ന്ന​തി​നു മുമ്പ് അദ്ദേഹം ചില മീറ്റി​ങ്ങു​കൾക്കു പോകു​ക​യും ചെയ്‌തു.

ദൈ​വേ​ഷ്ടം അതാ​ണെ​ങ്കിൽ മരിച്ചു​പോയ എന്‍റെ കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളും പുതിയ ലോക​ത്തിൽ ജീവനി​ലേക്കു വരും. നിത്യ​ത​യി​ലു​ട​നീ​ളം നമ്മൾ സ്‌നേ​ഹി​ക്കു​ന്ന​വ​രോ​ടൊ​പ്പം യഹോ​വയെ സേവി​ക്കു​ന്ന​തി​ന്‍റെ സന്തോഷം ഒന്നു ഭാവന​യിൽ കാണുക! *

^ ഖ. 32 ഈ ലേഖനം പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മുമ്പ്, കോർവിൻ റോ​ബെസൻ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി മരിച്ചു.