വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരുക

സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരുക

നിങ്ങളു​ടെ ജീവി​ത​ത്തി​ലെ ഏറ്റവും സന്തോ​ഷ​നിർഭ​ര​മായ ദിവസം ഏതാണ്‌? അതു നിങ്ങളു​ടെ വിവാ​ഹ​ദി​നം ആണോ? ഒരു കുഞ്ഞ് പിറന്ന​പ്പോ​ഴാ​ണോ? അതോ നിങ്ങൾ സ്‌നാ​ന​മേറ്റ ദിവസ​മാ​ണോ? സാധ്യ​ത​യ​നു​സ​രിച്ച് സ്‌നാ​ന​മേറ്റ ആ ദിവസം​തന്നെ ആയിരി​ക്കാം നിങ്ങളു​ടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെ​ട്ട​തും സന്തോ​ഷ​ക​ര​വും ആയ ദിനം. അന്ന്, നിങ്ങൾ പൂർണ ഹൃദയ​ത്തോ​ടും ദേഹി​യോ​ടും മനസ്സോ​ടും ശക്തി​യോ​ടും കൂടെ​യാണ്‌ ദൈവത്തെ സേവി​ക്കു​ന്ന​തെന്ന് തെളി​യി​ച്ച​പ്പോൾ നിങ്ങളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ എത്രമാ​ത്രം സന്തോ​ഷി​ച്ചു​കാ​ണും!—മർക്കോ. 12:30.

സ്‌നാ​ന​മേറ്റ അന്നുമു​തൽ യഹോ​വയെ സേവി​ക്കു​ന്ന​തിൽ നിങ്ങൾ വളരെ സന്തോഷം ആസ്വദി​ക്കു​ന്നു​ണ്ടാ​കാം. എന്നിരു​ന്നാ​ലും പല പ്രചാ​ര​കർക്കും ആദ്യമു​ണ്ടാ​യി​രു​ന്നത്ര സന്തോഷം ഇപ്പോ​ഴില്ല. എന്തു​കൊ​ണ്ടാണ്‌ ഇത്‌ സംഭവി​ക്കു​ന്നത്‌? യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ന്ന​തിൽ തുടരാൻ നമുക്ക് എന്തെല്ലാം കാരണ​ങ്ങ​ളുണ്ട്?

ചിലർക്ക് സന്തോഷം നഷ്ടമാ​യ​തി​ന്‍റെ കാരണം

രാജ്യ​സ​ന്ദേശം നമുക്ക് വളരെ​യ​ധി​കം സന്തോഷം തരുന്നു. എന്തു​കൊണ്ട്? കാരണം ദൈവ​രാ​ജ്യം ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കു​മെ​ന്നും പുതിയ ലോകം ആനയി​ക്കു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. സെഫന്യാ​വു 1:14 നമുക്ക് ഈ ഉറപ്പു തരുന്നു: “യഹോ​വ​യു​ടെ മഹാദി​വസം അടുത്തി​രി​ക്കു​ന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെ​ട്ടു​വ​രു​ന്നു.” എന്നാൽ അന്ത്യം പ്രതീ​ക്ഷി​ച്ച​തി​ലും അകലെ​യാണ്‌ എന്ന് നമുക്ക് തോന്നു​ന്നെ​ങ്കിൽ അത്‌ ആദ്യമു​ണ്ടാ​യി​രുന്ന നമ്മുടെ സന്തോഷം നഷ്ടപ്പെ​ടു​ത്തി​യേ​ക്കാം. ദൈവ​സേ​വ​ന​ത്തി​ലുള്ള നമ്മുടെ തീക്ഷ്ണ​ത​യ്‌ക്ക് അത്‌ മങ്ങലേൽപ്പി​ച്ചേ​ക്കാം.—സദൃ. 13:12.

സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​മ്പോൾ സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരാൻ നമുക്ക് പ്രോ​ത്സാ​ഹനം ലഭിക്കും. ഒരുപക്ഷേ സത്യാ​രാ​ധ​ന​യി​ലേക്ക് നമ്മളെ ആകർഷി​ച്ചത്‌ ദൈവ​ജ​ന​ത്തി​ന്‍റെ നല്ല നടത്തയാ​യി​രി​ക്കാം. ദൈവ​സേ​വനം സന്തോ​ഷ​ത്തോ​ടെ തുടങ്ങാൻ അതു നമ്മളെ സഹായി​ച്ചി​ട്ടു​ണ്ടാ​കാം. (1 പത്രോ. 2:12) എന്നാൽ ദൈവ​ത്തി​ന്‍റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ പരാജ​യ​പ്പെ​ടു​മ്പോൾ സഭയി​ലുള്ള ചിലരെ അത്‌ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും അവരുടെ സന്തോഷം നഷ്ടപ്പെ​ടാൻ ഇടയാ​ക്കു​ക​യും ചെയ്‌തേ​ക്കാം.

പണത്തോ​ടും വസ്‌തു​വ​ക​ക​ളോ​ടും ഉള്ള സ്‌നേ​ഹ​വും നമ്മുടെ സന്തോഷം നഷ്ടപ്പെ​ടു​ത്തും. എങ്ങനെ? യഥാർഥ​ത്തിൽ, നമുക്ക് ഒരാവ​ശ്യ​വു​മി​ല്ലാത്ത സാധന​ങ്ങൾപോ​ലും വാങ്ങി​ക്കൂ​ട്ടാൻ സാത്താന്‍റെ ലോകം നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. എന്നാൽ നമ്മൾ യേശു​വി​ന്‍റെ പിൻവ​രുന്ന വാക്കുകൾ മനസ്സിൽപ്പി​ടി​ക്കു​ന്നു: “രണ്ടുയ​ജ​മാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും കഴിയു​ക​യില്ല. ഒന്നുകിൽ അവൻ ഒന്നാമനെ ദ്വേഷിച്ച് മറ്റവനെ സ്‌നേ​ഹി​ക്കും; അല്ലെങ്കിൽ ഒന്നാമ​നോ​ടു പറ്റി​ച്ചേർന്ന് മറ്റവനെ നിന്ദി​ക്കും. നിങ്ങൾക്ക് ഒരേസ​മയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കുക സാധ്യമല്ല.” (മത്താ. 6:24) നമുക്ക് ഒരേസ​മയം സന്തോ​ഷ​ത്തോ​ടെ ദൈവത്തെ സേവി​ക്കാ​നും അതേ സമയം​തന്നെ ഈ ലോക​ത്തി​ലു​ള്ളത്‌ പരമാ​വധി സ്വന്തമാ​ക്കാ​നും കഴിയില്ല.

‘രക്ഷയുടെ ദൈവ​ത്തിൽ ഘോഷി​ച്ചു​ല്ല​സി​ക്കുക’

യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക് യഹോ​വയെ സേവി​ക്കുക എന്നത്‌ ഭാരമുള്ള ഒരു കാര്യമല്ല. (1 യോഹ. 5:3) യേശു ഇങ്ങനെ പറഞ്ഞു: “ക്ലേശി​ത​രും ഭാരം ചുമക്കു​ന്ന​വ​രും ആയു​ള്ളോ​രേ, എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരും. എന്‍റെ നുകം ഏറ്റു​കൊണ്ട് എന്നിൽനി​ന്നു പഠിക്കു​വിൻ. ഞാൻ സൗമ്യ​ത​യും താഴ്‌മ​യും ഉള്ളവനാ​ക​യാൽ നിങ്ങൾ ഉന്മേഷം കണ്ടെത്തും; എന്തെന്നാൽ എന്‍റെ നുകം മൃദു​വും എന്‍റെ ചുമട്‌ ലഘുവും ആകുന്നു.” (മത്താ. 11:28-30) ഒരു യഥാർഥ ക്രിസ്‌ത്യാ​നി ആയിരി​ക്കു​ന്നത്‌ നവോ​ന്മേ​ഷ​വും സന്തോ​ഷ​വും നൽകും. തീർച്ച​യാ​യും യഹോ​വ​യു​ടെ സേവന​ത്തിൽ സന്തോ​ഷ​ത്തോ​ടെ തുടരാൻ നമുക്ക് നല്ല കാരണ​ങ്ങ​ളുണ്ട്. അതിൽ മൂന്നെണ്ണം നമുക്ക് ഇപ്പോൾ നോക്കാം.—ഹബ. 3:18.

നമ്മൾ സേവി​ക്കു​ന്നത്‌ നമ്മുടെ ജീവദാ​താ​വായ സന്തുഷ്ട​ദൈ​വ​ത്തെ​യാണ്‌. (പ്രവൃ. 17:28; 1 തിമൊ. 1:11) നമ്മുടെ ജീവന്‌ നമ്മൾ കടപ്പെ​ട്ടി​രി​ക്കു​ന്നതു സ്രഷ്ടാ​വി​നോ​ടാണ്‌. അതു​കൊണ്ട് സ്‌നാ​ന​മേ​റ്റിട്ട് എത്ര വർഷം കഴിഞ്ഞാ​ലും നമ്മുടെ ജീവിതം യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ന്ന​തി​നാ​യി നമുക്ക് ഉപയോ​ഗി​ക്കാം.

രാജ്യപ്രത്യാശയെക്കുറിച്ച് ഓർമി​ച്ചു​കൊ​ണ്ടും പ്രവർത്ത​ന​നി​ര​ത​നാ​യി​രു​ന്നു​കൊ​ണ്ടും ഹെക്‌ടർ സന്തോഷം നിലനി​റു​ത്തു​ന്നു

40 വർഷം സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സേവിച്ച ഹെക്‌ട​റി​ന്‍റെ അനുഭവം ശ്രദ്ധി​ക്കുക. ഇപ്പോൾ “വാർദ്ധ​ക്യ​ത്തി​ലും” അദ്ദേഹം സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്നു. (സങ്കീ. 92:12-14) ഭാര്യ​യു​ടെ രോഗം ദൈവ​സേ​വ​ന​ത്തി​ലെ അദ്ദേഹ​ത്തി​ന്‍റെ പങ്ക് കുറ​ച്ചൊ​ക്കെ പരിമി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഹെക്‌ട​റിന്‌ സന്തോഷം നഷ്ടപ്പെ​ട്ടി​ട്ടില്ല. അദ്ദേഹം പറയുന്നു: “അവളുടെ രോഗം ഓരോ ദിവസം കഴിയു​ന്തോ​റും വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അത്‌ എന്നെ വല്ലാതെ ദുഃഖി​പ്പി​ക്കു​ന്നുണ്ട്. അവളെ പരിച​രി​ക്കു​ന്ന​തിൽ പല ബുദ്ധി​മു​ട്ടു​ക​ളു​മുണ്ട്, എങ്കിലും ദൈവ​സേ​വ​ന​ത്തി​ലെ എന്‍റെ സന്തോഷം കവർന്നെ​ടു​ക്കാൻ ഇതിനെ ഒന്നും ഞാൻ അനുവ​ദി​ച്ചി​ട്ടില്ല. യഹോവ മനുഷ്യ​നെ സൃഷ്ടി​ച്ച​തി​ന്‍റെ ഉദ്ദേശ്യം എന്താ​ണെ​ന്നും എന്‍റെ ജീവന്‌ ഞാൻ കടപ്പെ​ട്ടി​രി​ക്കു​ന്നത്‌ അവനോട്‌ ആണെന്നും ഉള്ള ബോധ്യം എനിക്കുണ്ട്. അത്‌ യഹോ​വയെ ആഴമായി സ്‌നേ​ഹി​ക്കാ​നും മുഴു ഹൃദയ​ത്തോ​ടെ സേവി​ക്കാ​നും എന്നെ പ്രേരി​പ്പി​ക്കു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ സജീവ​മാ​യി ഏർപ്പെ​ടാൻ കഠിന​ശ്രമം ചെയ്‌തു​കൊ​ണ്ടും രാജ്യ​പ്ര​ത്യാ​ശ​യിൽ മനസ്സു കേന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടും ഞാൻ എന്‍റെ സന്തോഷം നഷ്ടപ്പെ​ടാ​തെ കാത്തു​സൂ​ക്ഷി​ക്കു​ന്നു.”

സന്തുഷ്ട​ജീ​വി​തം സാധ്യ​മാ​ക്കു​ന്ന​തി​നാ​യി യഹോവ മറുവില പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. “തന്‍റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തിന്‌ അവനെ നൽകു​വാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേ​ഹി​ച്ചു.” (യോഹ. 3:16) അതെ, മറുവില എന്ന യഹോ​വ​യു​ടെ സ്‌നേ​ഹ​പു​ര​സ​ര​മായ സമ്മാന​ത്തിൽ വിശ്വാ​സം അർപ്പി​ക്കു​മ്പോൾ നമുക്ക് പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ക​യും നിത്യ​ജീ​വൻ ലഭിക്കു​ക​യും ചെയ്യും. നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ എത്ര നല്ല കാരണം! മറുവി​ല​യോ​ടുള്ള നന്ദി യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും.

ഖെസൂസ്‌ ജീവിതം ലളിത​മാ​ക്കു​ക​യും വർഷങ്ങ​ളോ​ളം യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ക​യും ചെയ്‌തു

മെക്‌സി​ക്കോ​യി​ലുള്ള ഖെസൂസ്‌ ഇങ്ങനെ പറയുന്നു: “ഞാൻ ജോലിക്ക് അടിമ​യാ​യി​രു​ന്നു എന്നുതന്നെ പറയാം. നിർബ​ന്ധ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും ചില​പ്പോൾ ഞാൻ തുടർച്ച​യാ​യി അഞ്ചു ഷിഫ്‌റ്റു​ക​ളിൽ ജോലി ചെയ്‌തി​രു​ന്നു. പണം ഉണ്ടാക്കാൻവേണ്ടി മാത്ര​മാണ്‌ ഞാൻ അങ്ങനെ ചെയ്‌തത്‌. എന്നാൽ പിന്നീട്‌ ഞാൻ യഹോ​വ​യെ​ക്കു​റി​ച്ചും മനുഷ്യർക്കു​വേണ്ടി യഹോവ തന്‍റെ പ്രിയ​പു​ത്രനെ നൽകി​യ​തി​നെ​ക്കു​റി​ച്ചും പഠിച്ചു. അപ്പോൾ യഹോ​വയെ സേവി​ക്ക​ണ​മെന്ന് എനിക്ക് ശക്തമായ ആഗ്രഹം തോന്നി. അതു​കൊണ്ട് ഞാൻ എന്‍റെ ജീവിതം യഹോ​വ​യ്‌ക്ക് സമർപ്പി​ച്ചു. 28 വർഷമാ​യി ജോലി ചെയ്‌തി​രുന്ന കമ്പനി വിടാ​നും മുഴു​സമയ ശുശ്രൂഷ ഏറ്റെടു​ക്കാ​നും ഞാൻ തീരു​മാ​നി​ച്ചു.” സന്തോ​ഷ​ക​ര​മായ ദൈവ​സേ​വ​ന​ത്തി​ന്‍റെ തുടക്ക​മാ​യി​രു​ന്നു അത്‌.

ധാർമി​ക​മാ​യി ശുദ്ധി​യുള്ള ഒരു ജീവിതം നയിക്കു​ന്ന​തും നമുക്ക് സന്തോഷം നൽകുന്നു. യഹോ​വയെ അറിയാൻ ഇടയാ​കു​ന്ന​തി​നു മുമ്പ് നിങ്ങളു​ടെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നെന്ന് ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! അപ്പൊ​സ്‌ത​ല​നായ പൗലോസ്‌ റോമി​ലെ ക്രിസ്‌ത്യാ​നി​കളെ, അവർ ഒരിക്കൽ “പാപത്തി​ന്‍റെ അടിമകൾ” ആയിരു​ന്നെ​ന്നും ഇപ്പോൾ അവർ “നീതി​യു​ടെ അടിമ​ക​ളാ​യി”ത്തീർന്നെ​ന്നും ഓർമി​പ്പി​ച്ചു. ഒരു വിശു​ദ്ധ​ജീ​വി​തം നയിച്ച​തി​നാൽ അവർക്കു നിത്യ​ജീ​വന്‍റെ പ്രത്യാ​ശ​യു​ണ്ടാ​യി​രു​ന്നു. (റോമ. 6:17-22) നമ്മളും യഹോ​വ​യു​ടെ നിലവാ​രങ്ങൾ പിൻതു​ട​രു​ന്നു. അങ്ങനെ അസാന്മാർഗി​ക​മോ അക്രമാ​സ​ക്ത​മോ ആയ ഒരു ജീവിതം നയിക്കു​ന്ന​തിൽനിന്ന് ഉണ്ടാകുന്ന ഹൃദയ​വേദന നമ്മൾ ഒഴിവാ​ക്കു​ന്നു. സന്തോ​ഷി​ക്കാ​നുള്ള എത്ര വലിയ ഒരു കാരണം!

“യഹോ​വയെ സേവി​ക്കാ​നാ​യി ചെലവ​ഴിച്ച വർഷങ്ങ​ളാണ്‌ എന്‍റെ ജീവി​ത​ത്തി​ലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലം.”—ഖെയ്‌മി

ഖെയ്‌മി​യു​ടെ അനുഭവം നോക്കുക. ഒരു പരിണാ​മ​വാ​ദി​യും നിരീ​ശ്വ​ര​വാ​ദി​യും ആയിരുന്ന അദ്ദേഹം ഒരു ബോക്‌സ​റും ആയിരു​ന്നു. അദ്ദേഹം ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ ഹാജരാ​കാൻ തുടങ്ങി. അവിടെ കണ്ട സ്‌നേഹം അദ്ദേഹ​ത്തിൽ മതിപ്പു​ള​വാ​ക്കി. എന്നാൽ പഴയ ജീവി​ത​ഗതി ഉപേക്ഷി​ക്കാൻ അദ്ദേഹം ആദ്യം ദൈവ​ത്തിൽ വിശ്വ​സി​ക്ക​ണ​മാ​യി​രു​ന്നു. സഹായ​ത്തി​നാ​യി അദ്ദേഹം യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഖെയ്‌മി പറയുന്നു: “പതു​ക്കെ​പ്പ​തു​ക്കെ ഒരു സ്‌നേ​ഹ​വാ​നായ പിതാ​വി​ന്‍റെ​യും കരുണ​യുള്ള ദൈവ​ത്തി​ന്‍റെ​യും അസ്‌തി​ത്വം ഞാൻ തിരി​ച്ച​റി​ഞ്ഞു. യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോട്‌ അടുത്തു പറ്റിനിൽക്കു​ന്നത്‌ എനി​ക്കൊ​രു സംരക്ഷ​ണ​മാണ്‌. ഞാൻ മാറ്റം വരുത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ ബോക്‌സർമാ​രായ എന്‍റെ ചില സുഹൃ​ത്തു​ക്ക​ളെ​പ്പോ​ലെ ഞാനും കൊല്ല​പ്പെ​ട്ടേനേ. യഹോ​വയെ സേവി​ക്കാ​നാ​യി ചെലവ​ഴിച്ച വർഷങ്ങ​ളാണ്‌ എന്‍റെ ജീവി​ത​ത്തി​ലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലം.”

മടുത്തു​പോ​ക​രുത്‌!

ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അന്ത്യത്തി​നാ​യി കാത്തി​രി​ക്കവെ, നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്കണം? ഓർക്കുക, ദൈ​വേഷ്ടം ചെയ്‌തു​കൊണ്ട് ലഭിക്കാ​നി​രി​ക്കുന്ന നിത്യ​ജീ​വ​നാ​യി നമ്മൾ പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌. “അതു​കൊണ്ട് നന്മ ചെയ്യു​ന്ന​തിൽ മടുത്തു​പോ​ക​രുത്‌. തളർന്നു​പോ​കാ​ഞ്ഞാൽ തക്കസമ​യത്തു നാം കൊയ്യും.” (ഗലാ. 6:8, 9) യഹോ​വ​യു​ടെ സഹായ​ത്തോ​ടെ നമുക്ക് സഹിച്ചു​നിൽക്കാം, “മഹാകഷ്ട”ത്തെ അതിജീ​വി​ക്കാൻവേണ്ട ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ പരി​ശ്ര​മി​ക്കാം, യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ന്ന​തിൽ തുടരാം.—വെളി. 7:9, 13, 14; യാക്കോ. 1:2-4.

നമ്മൾ യഹോ​വ​യ്‌ക്കു​വേണ്ടി ചെയ്യുന്ന എല്ലാറ്റി​നെ​ക്കു​റി​ച്ചും, യഹോ​വ​യോ​ടും ആ നാമ​ത്തോ​ടും കാണി​ക്കുന്ന സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും, യഹോ​വ​യ്‌ക്ക് അറിയാം. അതു​കൊണ്ട് യഹോവ നമ്മുടെ സഹിഷ്‌ണു​ത​യ്‌ക്കു പ്രതി​ഫലം തരു​മെന്ന് ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാം. യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ന്ന​തിൽ തുടരു​ന്നെ​ങ്കിൽ നമ്മൾ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീ​ദി​നെ​പ്പോ​ലെ ആയിരി​ക്കും. അവൻ പറഞ്ഞു: “ഞാൻ യഹോ​വയെ എപ്പോ​ഴും എന്‍റെ മുമ്പിൽ വെച്ചി​രി​ക്കു​ന്നു; അവൻ എന്‍റെ വലത്തു​ഭാ​ഗ​ത്തു​ള്ള​തു​കൊ​ണ്ടു ഞാൻ കുലു​ങ്ങി​പ്പോ​ക​യില്ല. അതു​കൊ​ണ്ടു എന്‍റെ ഹൃദയം സന്തോ​ഷി​ച്ചു എന്‍റെ മനസ്സു ആനന്ദി​ക്കു​ന്നു; എന്‍റെ ജഡവും നിർഭ​യ​മാ​യി വസിക്കും.”—സങ്കീ. 16:8, 9.