ജീവിതകഥ
പരിശോധനകളിൽ തളരാതിരുന്നാൽ അനുഗ്രഹങ്ങൾ നിശ്ചയം
“നിങ്ങൾ ഒരു അച്ഛനാണോ?” ആ കെജിബി ഓഫീസർ അലറി. * “ഗർഭിണിയായ ഭാര്യയെയും കുഞ്ഞുമകളെയും നിങ്ങൾ ഉപേക്ഷിച്ചില്ലേ? ഇനി അവർക്ക് ആരാണുള്ളത്? ആര് അവർക്കു ഭക്ഷണം കൊടുക്കും? നിങ്ങളുടെ പരിപാടിയെല്ലാം നിറുത്തിയെന്ന് എഴുതി ഒപ്പിട്ട് തന്നിട്ട് വീട്ടിൽ പോ!” ഞാൻ പറഞ്ഞു: “ഇല്ല, ഞാൻ എന്റെ കുടുംബത്തെ ഉപേക്ഷിച്ചിട്ടില്ല. നിങ്ങൾ എന്നെ അറസ്റ്റ് ചെയ്തതാണ്. ഞാൻ എന്തു തെറ്റാണു ചെയ്തത്?” ആ ഓഫീസർ പറഞ്ഞു: “ഒരു സാക്ഷിയായിരിക്കുന്നതിലും വലിയ കുറ്റം വേറെയില്ല.”
1959-ൽ റഷ്യയിലെ ഇർകുട്ട്സ്ക് നഗരത്തിലുള്ള ഒരു ജയിലിൽവെച്ചാണ് ഈ സംഭവം നടന്നത്. ഞാനും ഭാര്യ മരിയയും ‘നീതി നിമിത്തം കഷ്ടത സഹിക്കാൻ’ തയ്യാറായിരുന്നതിനെക്കുറിച്ചും വിശ്വസ്തരായി നിന്നതുകൊണ്ട് ഞങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റിയും ഞാൻ പറയാം.—1 പത്രോ. 3:13, 14.
1933-ൽ യുക്രെയിനിലെ സൊളൊട്നികീ ഗ്രാമത്തിലാണു ഞാൻ ജനിച്ചത്. 1937-ൽ, എന്റെ ആന്റിയും ഭർത്താവും ഫ്രാൻസിൽനിന്ന് ഞങ്ങളെ കാണാൻ വന്നു. സാക്ഷികളായിരുന്ന അവർ ഞങ്ങൾക്കു വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച ഭരണകൂടം (ഇംഗ്ലീഷ്), വിമോചനം (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങൾ തന്നിട്ടുപോയി. ഈ പുസ്തകങ്ങൾ വായിച്ചപ്പോൾ പപ്പയുടെ ദൈവവിശ്വാസം വീണ്ടും ജ്വലിച്ചു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, 1939-ൽ രോഗം ബാധിച്ച് അദ്ദേഹത്തിനു തീരെ വയ്യാതായി. മരിക്കുന്നതിനു മുമ്പ് അദ്ദേഹം അമ്മയോടു പറഞ്ഞു: “ഇതാണു സത്യം. നീ മക്കളെ ഇതു പഠിപ്പിക്കണം.”
ഒരു പുതിയ വയലിലേക്ക്—സൈബീരിയ
1951 ഏപ്രിലിൽ അധികാരികൾ സാക്ഷികളെ പടിഞ്ഞാറൻ യുഎസ്എസ്ആർ-ൽനിന്ന് സൈബീരിയയിലേക്കു നാടുകടത്താൻ തുടങ്ങി. ആ സമയത്ത് അമ്മയെയും അനിയനായ ഗ്രിഗോറിയെയും എന്നെയും പടിഞ്ഞാറൻ യുക്രെയിനിൽനിന്ന് നാടുകടത്തി. ട്രെയിനിൽ 6,000-ത്തിലധികം കിലോമീറ്റർ സഞ്ചരിച്ച് ഞങ്ങൾ ഒടുവിൽ സൈബീരിയയിലെ ടൂളൂൺ നഗരത്തിൽ എത്തി. രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ എന്റെ ചേട്ടനായ ബോഗ്ഡനും അടുത്തുള്ള അങ്കാർസ്ക് നഗരത്തിലെ ഒരു ക്യാമ്പിൽ എത്തി. ചേട്ടനെ 25 വർഷത്തെ കഠിനതടവിനാണു വിധിച്ചിരുന്നത്.
അമ്മയും ഗ്രിഗോറിയും ഞാനും ടൂളൂണിന് അടുത്തുള്ള ജനവാസമേഖലകളിൽ പ്രസംഗിക്കാൻ തുടങ്ങി. പക്ഷേ അതിനു നല്ല നയം വേണമായിരുന്നു. ഉദാഹരണത്തിന്, ഞങ്ങൾ ആളുകളോട്, “ഇവിടെ ആർക്കെങ്കിലും പശുവിനെ വിൽക്കാനുണ്ടോ” എന്നു ചോദിക്കുമായിരുന്നു. പശുവിനെ വിൽക്കാൻ തയ്യാറുള്ള ആരെയെങ്കിലും കണ്ടാൽ പശുക്കളുടെ അത്ഭുതകരമായ രൂപകല്പനയെക്കുറിച്ച് ഞങ്ങൾ ആ വ്യക്തിയോടു പറയും. പിന്നെ പതിയെ ഞങ്ങൾ സ്രഷ്ടാവിനെക്കുറിച്ച് സംസാരിച്ചുതുടങ്ങും. സാക്ഷികൾ പശുക്കളെ അന്വേഷിച്ച് വീടുകളിൽ വരുന്നതിനെക്കുറിച്ച് ആ സമയത്ത് പത്രത്തിൽപ്പോലും വാർത്ത വന്നു. പക്ഷേ ഞങ്ങളുടെ യഥാർഥലക്ഷ്യം ആടുകളായിരുന്നു! ചെമ്മരിയാടുകളെപ്പോലെയുള്ള ആളുകളെ ഞങ്ങൾ കണ്ടെത്തുകയും ചെയ്തു. നിയമിച്ചുകൊടുത്തിട്ടില്ലാത്ത ആ പ്രദേശത്തെ താഴ്മയുള്ള, അതിഥിപ്രിയരായ ആളുകളുടെകൂടെ ബൈബിൾ പഠിക്കുന്നതു ശരിക്കും സന്തോഷമായിരുന്നു. ഇന്നു ടൂളൂണിൽ 100-ലധികം പ്രചാരകരുള്ള ഒരു സഭയുണ്ട്.
മരിയയുടെ വിശ്വാസം പരിശോധിക്കപ്പെടുന്നു
എന്റെ ഭാര്യ മരിയ യുക്രെയിനിൽവെച്ചാണു സത്യം പഠിച്ചത്. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലമായിരുന്നു അത്. അവൾക്ക് 18 വയസ്സുള്ളപ്പോൾ ഒരു കെജിബി ഓഫീസർ അവളെ ശല്യപ്പെടുത്താൻ തുടങ്ങി. താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അയാൾ പലവട്ടം നിർബന്ധിച്ചെങ്കിലും അവൾ അതിന് ഒട്ടും വഴങ്ങിക്കൊടുത്തില്ല. ഒരു ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾ കണ്ട കാഴ്ച ആ മനുഷ്യൻ അവളുടെ കട്ടിലിൽ കിടക്കുന്നതാണ്. മരിയ പുറത്തേക്ക് ഓടി. ഓഫീസർക്കു ദേഷ്യം കയറി. സാക്ഷിയാണെന്ന കാരണത്താൽ മരിയയെ ജയിലിൽ അടയ്ക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഒടുവിൽ അങ്ങനെതന്നെ സംഭവിച്ചു. 1952-ൽ മരിയയെ 10 വർഷത്തെ തടവിനു വിധിച്ചു. വിശ്വസ്തത കാത്തുസൂക്ഷിച്ചതിനു തടവിലായ യോസേഫിന്റെ അനുഭവമാണു മരിയയ്ക്ക് അപ്പോൾ ഓർമ വന്നത്. (ഉൽപ. 39:12, 20) മരിയയെ കോടതിയിൽനിന്ന് ജയിലിലേക്കു കൊണ്ടുപോയ ഡ്രൈവർ അവളോടു പറഞ്ഞു: “പേടിക്കേണ്ടാ! ജയിലിൽ പോകുന്ന പലരും തല ഉയർത്തിപ്പിടിച്ചുതന്നെയാണു പുറത്തിറങ്ങാറ്.” ആ വാക്കുകൾ അവളെ ശരിക്കും ബലപ്പെടുത്തി.
1952 മുതൽ 1956 വരെയുള്ള കാലം മരിയ, റഷ്യയിലെ ഗോർക്കി (ഇന്നത്തെ നിഷ്നീ നോവ്ഗ്റ്ട്ട്) നഗരത്തിന് അടുത്തുള്ള തൊഴിൽപ്പാളയത്തിലായിരുന്നു. മരം വെട്ടുന്നതായിരുന്നു ജോലി. കൊടുംതണുപ്പിൽപ്പോലും അതിന് ഇളവ് കിട്ടിയില്ല. മരിയയുടെ ആരോഗ്യം മോശമായി. ഒടുവിൽ 1956-ൽ മോചിതയായ മരിയ ടൂളൂണിലേക്കു പോന്നു.
ഭാര്യയിൽനിന്നും മക്കളിൽനിന്നും ഒരുപാട് അകലെ
ഒരു സഹോദരി വരുന്നുണ്ടെന്നു ടൂളൂണിലുള്ള ഒരു സഹോദരൻ പറഞ്ഞപ്പോൾ ഞാൻ സൈക്കിളുമെടുത്ത് ബസ് സ്റ്റോപ്പിലേക്കു പോയി. സഹോദരിയെ പരിചയപ്പെടുക, സഹോദരിയുടെ സാധനങ്ങൾ എടുക്കാൻ സഹായിക്കുക ഇതൊക്കെയായിരുന്നു ഉദ്ദേശ്യം. അന്നാണു ഞാൻ മരിയയെ ആദ്യമായി കാണുന്നത്. കണ്ടപ്പോൾത്തന്നെ അവളെ എനിക്ക് ഇഷ്ടമായി. അവളുടെ സ്നേഹം പിടിച്ചുപറ്റാൻ കുറച്ച് കഷ്ടപ്പെടേണ്ടിവന്നെങ്കിലും ഒടുവിൽ ഞാൻ വിജയിച്ചു. 1957-ൽ ഞങ്ങൾ വിവാഹിതരായി. ഒരു വർഷം കഴിഞ്ഞ് ഞങ്ങളുടെ മകൾ ഇറീന പിറന്നു. പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ബൈബിൾപ്രസിദ്ധീകരണങ്ങൾ അച്ചടിച്ചതിന് 1959-ൽ എന്നെ അറസ്റ്റ് ചെയ്തു. പിന്നെ ആറു മാസത്തെ ഏകാന്തതടവ്. സമാധാനത്തിനായി ആ സമയത്ത് ഞാൻ കൂടെക്കൂടെ പ്രാർഥിച്ചു, രാജ്യഗീതങ്ങൾ പാടി. ജയിൽമോചിതനായി സാക്ഷീകരണം നടത്തുന്നതിനെപ്പറ്റി ഭാവനയിൽ കാണുന്നതും എന്റെ പതിവായിരുന്നു.
ഒരിക്കൽ ജയിലിൽവെച്ചുള്ള ചോദ്യംചെയ്യലിന്റെ സമയത്ത് അന്വേഷണോദ്യോഗസ്ഥൻ അലറി: “എലിക്കുഞ്ഞുങ്ങളെ നിലത്തിട്ട് ചവിട്ടിയരയ്ക്കുന്നതുപോലെ നിന്നെയൊക്കെ ഞങ്ങൾ ഇല്ലാതാക്കും. അതിന് ഇനി അധികം താമസമില്ല.” ഞാൻ പറഞ്ഞു: “ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എല്ലാ ജനതകളോടും പ്രസംഗിക്കപ്പെടും എന്നാണു യേശു പറഞ്ഞത്. അതു തടയാൻ ആർക്കുമാകില്ല.” അതു കേട്ടപ്പോൾ ആ ഉദ്യോഗസ്ഥൻ അടവ് മാറ്റി. എന്നെ പറഞ്ഞ് അനുനയിപ്പിച്ച് എങ്ങനെയെങ്കിലും വിശ്വാസം തള്ളിപ്പറയിക്കാനായി പിന്നീട് അയാളുടെ ശ്രമം. അതിനെക്കുറിച്ചാണു ഞാൻ തുടക്കത്തിൽ പറഞ്ഞത്. ഭീഷണിയും അനുനയിപ്പിക്കാനുള്ള തന്ത്രവും ഫലിക്കാതെ വന്നപ്പോൾ എന്നെ ഏഴു വർഷത്തെ കഠിനതടവിനു ശിക്ഷിച്ച് സറൻസ്ക് നഗരത്തിന് അടുത്തുള്ള ഒരു ക്യാമ്പിലേക്ക് അയച്ചു. അവിടേക്കുള്ള യാത്രയ്ക്കിടെയാണു ഞങ്ങളുടെ രണ്ടാമത്തെ മകളായ ഓൾഗ പിറന്നെന്നു ഞാൻ അറിഞ്ഞത്. മരിയയും മക്കളും അങ്ങു ദൂരെയായിരുന്നെങ്കിലും എനിക്കും അവൾക്കും ഇതുവരെ യഹോവയോടു വിശ്വസ്തരായിരിക്കാൻ കഴിഞ്ഞല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് ആശ്വാസം തോന്നി.
ടൂളൂണിൽനിന്ന് സറൻസ്കിൽ വന്നുപോകാൻ 12 ദിവസത്തെ ട്രെയിൻയാത്രയുണ്ടായിരുന്നെങ്കിലും മരിയ എന്നെ കാണാനായി എല്ലാ വർഷവും വന്നിരുന്നു. വരുമ്പോഴൊക്കെ മരിയ എനിക്ക് ഒരു പുതിയ ജോടി ഷൂസും കൊണ്ടുവന്നിരുന്നു. ഷൂസിന്റെ ഹീലുകൾക്കകത്ത് വീക്ഷാഗോപുരത്തിന്റെ ഏറ്റവും പുതിയ ലക്കങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. ഒരു വർഷം മരിയ ഒരു പ്രത്യേകസമ്മാനവുമായാണു വന്നത്—അന്ന് അവളുടെകൂടെ ഞങ്ങളുടെ രണ്ടു കുഞ്ഞുമക്കളും ഉണ്ടായിരുന്നു. അവരെ കാണാൻ കഴിഞ്ഞതും അവരുടെകൂടെ ചെലവഴിച്ച ആ നിമിഷങ്ങളും എന്നെ എത്രമാത്രം സന്തോഷിപ്പിച്ചെന്നോ!
പുതിയ സ്ഥലങ്ങൾ, പുതിയ വെല്ലുവിളികൾ
1966-ൽ ഞാൻ തൊഴിൽപ്പാളയത്തിൽനിന്ന് മോചിതനായി. തുടർന്ന് ഞങ്ങൾ നാലു പേരുംകൂടെ കരിങ്കടലിന് അടുത്തുള്ള അർമവീർ നഗരത്തിലേക്കു താമസം മാറി. അവിടെവെച്ചാണു ഞങ്ങൾക്കു യാറോസ്ലാവ്, പാവെൽ എന്നീ ആൺമക്കൾ ജനിക്കുന്നത്.
അധികം വൈകിയില്ല. കെജിബി ഓഫീസർമാർ ഞങ്ങളുടെ വീട്ടിൽ ഇടയ്ക്കിടെ റെയ്ഡ് നടത്താൻ തുടങ്ങി. ബൈബിൾപ്രസിദ്ധീകരണങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. വീടിന്റെ മുക്കും മൂലയും അവർ അരിച്ചുപെറുക്കി. എന്തിന്, പശുക്കളുടെ തീറ്റയ്ക്കിടയിൽപ്പോലും അവർ തിരഞ്ഞു. അങ്ങനെ ഒരു റെയ്ഡ് നടക്കുന്ന സമയം. ചൂടു കാരണം ഓഫീസർമാർ വല്ലാതെ വിയർക്കാൻ തുടങ്ങി. അവരുടെ വസ്ത്രമാകെ പൊടിയും പിടിച്ചു. മരിയയ്ക്ക് അതു കണ്ട് വിഷമമായി. കാരണം അവർ മേലധികാരികളുടെ ഉത്തരവ് അനുസരിക്കുക മാത്രമായിരുന്നല്ലോ. മരിയ അവർക്കു കുടിക്കാൻ ജ്യൂസ് കൊടുത്തു. ഒരു പാത്രം വെള്ളവും തോർത്തുകളും ഒപ്പം വസ്ത്രങ്ങൾ വൃത്തിയാക്കാനുള്ള ബ്രഷും എത്തിച്ചു. കുറച്ച് കഴിഞ്ഞ് കെജിബി മേധാവി വന്നപ്പോൾ ഓഫീസർമാർ അദ്ദേഹത്തോടു മരിയ കാണിച്ച ദയയെക്കുറിച്ച് പറഞ്ഞു. അവർ വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ ആ മേധാവി ഒരു പുഞ്ചിരിയോടെ ഞങ്ങളെ കൈ വീശിക്കാണിച്ചു. ‘എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കാൻ’ ശ്രമിക്കുന്നതിന്റെ പ്രയോജനം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നി.—റോമ. 12:21.
വീട്ടിൽ പലവട്ടം റെയ്ഡ് നടന്നെങ്കിലും അർമവീറിലെ പ്രസംഗപ്രവർത്തനം ഞങ്ങൾ നിറുത്തിയില്ല. അടുത്തുണ്ടായിരുന്ന കുർഗാനിൻസ്ക് പട്ടണത്തിലെ പ്രചാരകരുടെ ഒരു ചെറിയ കൂട്ടത്തെ സഹായിക്കാനും ഞങ്ങൾക്കായി. ഇന്ന് അർമവീറിൽ ആറു സഭകളുണ്ട്, കുർഗാനിൻസ്കിൽ നാലും. അവിടത്തെ വളർച്ചയെക്കുറിച്ച് കേൾക്കുമ്പോൾ എനിക്ക് എത്ര സന്തോഷം തോന്നുന്നെന്നോ!
കഴിഞ്ഞുപോയ വർഷങ്ങളിൽ ചിലപ്പോഴൊക്കെ ഞങ്ങൾ ആത്മീയമായി ദുർബലരായിപ്പോയിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെ ഞങ്ങളെ തിരുത്താനും ആത്മീയമായി ബലപ്പെടുത്താനും യഹോവ വിശ്വസ്തരായ സഹോദരങ്ങളെ ഉപയോഗിച്ചിരിക്കുന്നു. അതിനു ഞങ്ങൾക്ക് യഹോവയോടു നന്ദിയുണ്ട്. (സങ്കീ. 130:3) മറ്റൊരു വലിയ പരിശോധനയുമുണ്ടായി. സഭയിലേക്കു ചില കെജിബി ഏജന്റുമാർ നുഴഞ്ഞുകയറിയിരുന്നു. ഞങ്ങൾക്ക് അതു തിരിച്ചറിയാനായില്ല. ഒറ്റ നോട്ടത്തിൽ അവർ വളരെ തീക്ഷ്ണതയുള്ളവരായിരുന്നു. ശുശ്രൂഷയിലും ഉത്സാഹത്തോടെ പ്രവർത്തിച്ചു. ചിലർക്കു സംഘടനയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾപോലും ലഭിച്ചു. പക്ഷേ കാലം അവരുടെ യഥാർഥമുഖം വെളിച്ചത്ത് കൊണ്ടുവന്നു.
1978-ൽ, 45 വയസ്സുള്ളപ്പോൾ മരിയ വീണ്ടും ഗർഭിണിയായി. അവൾക്ക് ആ സമയത്ത് ഗുരുതരമായ ഒരു ഹൃദ്രോഗമുണ്ടായിരുന്നതുകൊണ്ട് അവൾ മരിച്ചുപോകുമെന്നു ഭയന്ന ഡോക്ടർമാർ അവളെ ഗർഭച്ഛിദ്രത്തിനു നിർബന്ധിച്ചു. മരിയ പക്ഷേ സമ്മതിച്ചില്ല. എന്നാൽ ചില ഡോക്ടർമാർ ഒരു സിറിഞ്ചുമായി ആശുപത്രിയിൽ അവളെ വിടാതെ പിന്തുടർന്നു. എന്നാൽ കുഞ്ഞിനെ രക്ഷിക്കാൻ മരിയ ആശുപത്രിയിൽനിന്ന് ഓടിപ്പോയി.
നഗരം വിടാൻ ഞങ്ങളോടു കെജിബി ഉത്തരവിട്ടു. ഞങ്ങൾ എസ്റ്റോണിയയിലെ ടാലിൻ നഗരത്തിന് അടുത്തുള്ള ഒരു ഗ്രാമത്തിലേക്കു താമസം മാറി. അന്ന് അതു യുഎസ്എസ്ആർ-ന്റെ ഭാഗമായിരുന്നു. അവിടെവെച്ച് ഡോക്ടമാരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് മരിയ ആരോഗ്യമുള്ള ഒരു ആൺകുഞ്ഞിനു ജന്മം നൽകി. അവനു ഞങ്ങൾ വിറ്റാലി എന്നു പേരിട്ടു.
പിന്നീടു ഞങ്ങൾ എസ്റ്റോണിയയിൽനിന്ന് തെക്കൻ റഷ്യയിലെ ന്യെസ്ലോബ്നായാ എന്ന സ്ഥലത്തേക്കു താമസം മാറി. അടുത്തുള്ള പല പട്ടണങ്ങളും സുഖവാസകേന്ദ്രങ്ങളായിരുന്നു. രാജ്യത്ത് എല്ലായിടത്തുനിന്നുമുള്ള ആളുകൾ സന്ദർശിച്ചിരുന്ന ആ സ്ഥലങ്ങളിൽ ഞങ്ങൾ ജാഗ്രതയോടെ പ്രസംഗപ്രവർത്തനം നടത്തി. ആരോഗ്യപ്രശ്നങ്ങളുമായി അവിടെ വന്ന അവരിൽ ചിലർ പക്ഷേ തിരിച്ചുപോയതു നിത്യജീവന്റെ പ്രത്യാശയുമായിട്ടാണ്!
യഹോവയെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു
മക്കളുടെ മനസ്സിൽ യഹോവയോടുള്ള സ്നേഹവും യഹോവയെ സേവിക്കാനുള്ള ആഗ്രഹവും വളർത്തിയെടുക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. അവരുടെ മേൽ നല്ലൊരു സ്വാധീനമായിരിക്കാൻ കഴിയുന്ന സഹോദരങ്ങളെ ഞങ്ങൾ ഇടയ്ക്കിടെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. അതിലൊരാളായിരുന്നു 1970 മുതൽ 1995 വരെ സഞ്ചാരവേലയിലായിരുന്ന എന്റെ അനിയൻ ഗ്രിഗോറി. ഗ്രിഗോറി പതിവായി ഞങ്ങളെ സന്ദർശിച്ചിരുന്നു. എപ്പോഴും സന്തോഷവാനായ, തമാശകൾ പറയുന്ന
ഗ്രിഗോറി വീട്ടിൽ വരുന്നത് എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. അതിഥികൾ വരുമ്പോൾ ഞങ്ങൾ പലപ്പോഴും ബൈബിൾകളികൾ കളിക്കുമായിരുന്നു. മക്കൾക്കു ബൈബിളിലെ ചരിത്രവിവരണങ്ങൾ ഇഷ്ടമാകാൻ അതൊരു കാരണമായി.ഞങ്ങളുടെ മകനായ യാറോസ്ലാവ് 1987-ൽ ലാറ്റ്വിയയിലെ റീഗ നഗരത്തിലേക്കു താമസം മാറി. അവിടെ അവനു കുറച്ചുകൂടെ സ്വാതന്ത്ര്യത്തോടെ പ്രസംഗപ്രവർത്തനം നടത്താനായി. പക്ഷേ സൈനികസേവനം ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ അവനെ ഒന്നര വർഷത്തെ തടവിനു വിധിച്ചു. ഒൻപതു ജയിലുകളിലായാണ് അക്കാലം അവൻ കഴിച്ചുകൂട്ടിയത്. ഞാൻ പങ്കുവെച്ച ജയിലനുഭവങ്ങൾ, സഹിച്ചുനിൽക്കാൻ അവനെ സഹായിച്ചു. പിന്നീട് അവൻ മുൻനിരസേവനം തുടങ്ങി. 1990-ൽ ഞങ്ങളുടെ മകനായ പാവെൽ, ജപ്പാനു വടക്കുള്ള സാഖലീൻ ദ്വീപിൽ മുൻനിരസേവനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് പറഞ്ഞു. അന്ന് അവനു വയസ്സ് 19. ആദ്യം ഞങ്ങൾ സമ്മതിച്ചില്ല. ആ ദ്വീപിൽ ആകെ 20 പ്രചാരകർ മാത്രമാണുണ്ടായിരുന്നത്. പോരാത്തതിന്, അവിടം ഞങ്ങളുടെ സ്ഥലത്തുനിന്ന് 9,000 കിലോമീറ്റർ ദൂരെയും. പക്ഷേ പിന്നീടു ഞങ്ങൾ സമ്മതം മൂളി. അതൊരു നല്ല തീരുമാനമായിരുന്നു. അവിടെയുണ്ടായിരുന്ന ആളുകൾ രാജ്യസന്ദേശം നന്നായി ശ്രദ്ധിച്ചു. കുറച്ച് വർഷങ്ങൾക്കുള്ളിൽ അവിടെ എട്ടു സഭകളുണ്ടായി. പാവെൽ 1995 വരെ സാഖലീനിൽ സേവിച്ചു. അപ്പോൾ വീട്ടിൽ ഞങ്ങളുടെകൂടെ ഇളയ മകനായ വിറ്റാലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറുതായിരുന്നപ്പോൾമുതൽ അവനു ബൈബിൾ വായിക്കാൻ വലിയ ഇഷ്ടമായിരുന്നു. 14 വയസ്സായപ്പോൾ അവൻ മുൻനിരസേവനം തുടങ്ങി. ഞാനും അവന്റെകൂടെ രണ്ടു വർഷം മുൻനിരസേവനം ചെയ്തു. നല്ല രസമുള്ള കാലമായിരുന്നു അത്. 19 വയസ്സായപ്പോൾ പ്രത്യേക മുൻനിരസേവകനായി നിയമനം കിട്ടി വിറ്റാലിയും വീടു വിട്ടു.
1952-ൽ ഒരു കെജിബി ഓഫീസർ മരിയയോട് ഇങ്ങനെ പറഞ്ഞിരുന്നു: “നിന്റെ വിശ്വാസം ഉപേക്ഷിക്ക്. അല്ലെങ്കിൽ പത്തു വർഷം തടവിൽ കിടക്കേണ്ടിവരും. പുറത്ത് ഇറങ്ങുമ്പോഴേക്കും നീ ഒരു കിളവിയാകും. നിനക്ക് ആരുമുണ്ടാകില്ല.” പക്ഷേ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. നമ്മുടെ വിശ്വസ്തദൈവമായ യഹോവയുടെയും ഞങ്ങളുടെ മക്കളുടെയും സത്യം കണ്ടെത്താൻ ഞങ്ങൾ സഹായിച്ച അനേകരുടെയും സ്നേഹം അനുഭവിക്കാൻ ഞങ്ങൾക്കായി. ഞങ്ങളുടെ മക്കൾ സേവിച്ച സ്ഥലങ്ങൾ സന്ദർശിക്കാനും എനിക്കും മരിയയ്ക്കും അവസരം കിട്ടി. യഹോവയെക്കുറിച്ച് പഠിക്കാൻ ഞങ്ങളുടെ മക്കൾ സഹായിച്ച ആളുകളുടെ നന്ദി നിറഞ്ഞ മുഖങ്ങളും ഞങ്ങൾ കണ്ടു.
യഹോവയുടെ നന്മയ്ക്കു നന്ദിയോടെ
1991-ൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നിയമാംഗീകാരം ലഭിച്ചു. അതു പ്രസംഗപ്രവർത്തനത്തിനു പുത്തനുണർവ് പകർന്നു. വാരാന്തങ്ങളിൽ അടുത്തുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയി പ്രസംഗിക്കാൻ, ഞങ്ങളുടെ സഭ ഒരു ബസ് മേടിക്കുകപോലും ചെയ്തു.
യാറോസ്ലാവും ഭാര്യ ആല്യോനയും, പാവെലും ഭാര്യ റായയും ഇപ്പോൾ ബഥേലിൽ സേവിക്കുന്നു. വിറ്റാലിയും ഭാര്യ സ്വെറ്റ്ലാനയും സർക്കിട്ട് വേലയിലാണ്. ഇതും എനിക്കു വലിയൊരു സന്തോഷമാണ്. ഞങ്ങളുടെ മൂത്ത മകൾ ഇറീന കുടുംബസമേതം ജർമനിയിലാണ്. അവളുടെ ഭർത്താവ് വ്ലാഡീമിറും മൂന്ന് ആൺമക്കളും മൂപ്പന്മാരാണ്. മറ്റേ മകൾ ഓൾഗ എസ്റ്റോണിയയിലാണു താമസം, എന്നെ പതിവായി ഫോൺ വിളിക്കാറുണ്ട്. ഇതിനിടെ ദുഃഖകരമായ ഒരു കാര്യമുണ്ടായി, 2014-ൽ എന്റെ പ്രിയഭാര്യ മരിയ മരണമടഞ്ഞു. അവൾ പുനരുത്ഥാനപ്പെട്ട് വരുന്നതു കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു! ഞാൻ ഇപ്പോൾ ബൽഗോറഡ് പട്ടണത്തിലാണു താമസിക്കുന്നത്. ഇവിടെയുള്ള സഹോദരങ്ങൾ എനിക്കു വലിയൊരു സഹായമാണ്.
വർഷങ്ങളിലുടനീളമുള്ള ദൈവസേവനം എന്നെ പഠിപ്പിച്ച ഒരു കാര്യമുണ്ട്. വിശ്വസ്തരായിരിക്കാൻ എപ്പോഴും അത്ര എളുപ്പമല്ല. പക്ഷേ യഹോവ നമുക്കു പ്രതിഫലമായി തരുന്ന ഒരു സമാധാനമുണ്ടല്ലോ, അതു വിലമതിക്കാനാകാത്ത ഒരു നിധിയാണ്. ചിന്തിക്കാൻപോലും കഴിയാത്ത അനുഗ്രഹങ്ങളാണു വിശ്വസ്തരായി നിന്നതുകൊണ്ട് എനിക്കും മരിയയ്ക്കും ലഭിച്ചത്. 1991-ൽ യുഎസ്എസ്ആർ-ന്റെ പതനത്തിനു മുമ്പ് അവിടെ 40,000-ത്തോളം പ്രചാരകരേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മുമ്പ് യുഎസ്എസ്ആർ-ന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലെല്ലാംകൂടി ഇന്ന് 4,00,000-ത്തിലധികം പ്രചാരകരുണ്ട്. എനിക്ക് ഇപ്പോൾ 83 വയസ്സായി. ഇന്നും ഞാൻ ഒരു മൂപ്പനായി സേവിക്കുന്നു. എന്നും യഹോവയുടെ സഹായമുണ്ടായിരുന്നതുകൊണ്ടാണ് എനിക്കു സഹിച്ചുനിൽക്കാൻ കഴിഞ്ഞത്. അതെ, യഹോവ എന്നെ സമൃദ്ധമായിത്തന്നെ അനുഗ്രഹിച്ചിരിക്കുന്നു.—സങ്കീ. 13:5, 6.
^ ഖ. 4 സോവിയറ്റ് രാഷ്ട്ര സുരക്ഷാസമിതിയുടെ റഷ്യൻ ചുരുക്കപ്പേരാണു കെജിബി.