വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ജനനനിയന്ത്രണമാർഗമായി ഗർഭാ​ശ​യ​ത്തിൽ നിക്ഷേ​പി​ക്കുന്ന ഉപകര​ണങ്ങൾ (ഐയുഡി) ക്രിസ്‌ത്യാ​നി​കൾക്ക് ഉപയോ​ഗി​ക്കാ​മോ?

ഈ വിഷയ​വു​മാ​യി ബന്ധപ്പെട്ട വസ്‌തു​ത​ക​ളും ബൈബിൾത​ത്ത്വ​ങ്ങ​ളും ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ വിലയി​രു​ത്തണം. എന്നിട്ട് ദൈവ​മു​മ്പാ​കെ ഒരു നല്ല മനസ്സാക്ഷി നിലനി​റു​ത്താൻ കഴിയുന്ന വിധത്തിൽ ഒരു തീരു​മാ​ന​മെ​ടു​ക്കണം.

ആദ്യം ആദാമി​നും ഹവ്വയ്‌ക്കും, പിന്നീടു നോഹ​യ്‌ക്കും കുടും​ബ​ത്തി​നും യഹോവ ഇങ്ങനെ ഒരു കല്‌പന കൊടു​ത്തു: ‘നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരു​കുക.’ (ഉൽപ. 1:28; 9:1) ക്രിസ്‌ത്യാ​നി​കൾക്ക് ഈ കല്‌പന ബാധക​മാ​ണെന്നു ബൈബിൾ പറയു​ന്നില്ല. കുടും​ബാ​സൂ​ത്ര​ണ​ത്തി​ന്‍റെ ഭാഗമാ​യോ തത്‌കാ​ലം കുട്ടികൾ വേണ്ടെ​ന്നു​വെ​ക്കു​ന്ന​തു​കൊ​ണ്ടോ ഏതെങ്കി​ലും തരത്തി​ലുള്ള ജനനനി​യ​ന്ത്ര​ണ​മാർഗങ്ങൾ സ്വീക​രി​ക്ക​ണോ എന്നത്‌ ഓരോ ദമ്പതി​ക​ളു​ടെ​യും തീരു​മാ​ന​മാണ്‌. ഏതെല്ലാം വസ്‌തു​ത​ക​ളാണ്‌ അവർ കണക്കി​ലെ​ടു​ക്കേ​ണ്ടത്‌?

ക്രിസ്‌ത്യാനികൾ ജനനനി​യ​ന്ത്ര​ണ​മാർഗങ്ങൾ ഉപയോ​ഗി​ക്കാൻ തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പ് ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ കാര്യങ്ങൾ വിലയി​രു​ത്തണം. ഗർഭച്ഛി​ദ്രത്തെ ഒരു ജനനനി​യ​ന്ത്ര​ണ​മാർഗ​മാ​യി ക്രിസ്‌ത്യാ​നി​കൾ കാണു​ന്നില്ല. ജീവ​നോട്‌ ആദരവു​ള്ള​വ​രാ​യി​രി​ക്കാ​നാ​ണു ബൈബിൾ പറയു​ന്നത്‌, അതിന്‌ എതിരാ​ണു ഗർഭച്ഛി​ദ്രം. മറ്റൊരു മനുഷ്യ​നാ​യി പിറക്കേണ്ട ഒരു അജാത​ശി​ശു​വി​ന്‍റെ ജീവൻ നശിപ്പി​ക്കുന്ന വിധത്തിൽ ക്രിസ്‌ത്യാ​നി​കൾ ഒന്നും ചെയ്യില്ല. (പുറ. 20:13; 21:22, 23; സങ്കീ. 139:16; യിരെ. 1:5) അങ്ങനെ​യെ​ങ്കിൽ, ഐയുഡി ഉപയോ​ഗി​ക്കു​ന്നതു ശരിയാ​ണോ?

1979 മെയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ (ഇംഗ്ലീഷ്‌) 30, 31 പേജു​ക​ളിൽ ഈ വിഷയ​ത്തെ​ക്കു​റിച്ച് ഒരു ലേഖന​മു​ണ്ടാ​യി​രു​ന്നു. ഗർഭധാ​രണം തടയു​ന്ന​തി​നു പ്ലാസ്റ്റി​ക്കു​കൊ​ണ്ടുള്ള ഐയുഡി-കളാണ്‌ അക്കാലത്ത്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. അവ ഗർഭപാ​ത്ര​ത്തിൽ നിക്ഷേ​പി​ച്ചി​രു​ന്നു. ഐയുഡി-കൾ എങ്ങനെ​യാ​ണു പ്രവർത്തി​ക്കു​ന്ന​തെന്നു കൃത്യ​മാ​യി അറിയി​ല്ലെന്ന് ആ ലേഖനം പ്രസ്‌താ​വി​ച്ചു. ബീജവും അണ്ഡവും കൂടി​ച്ചേർന്ന് ബീജസ​ങ്ക​ലനം നടക്കു​ന്ന​തി​നെ ഐയുഡി-കൾ തടയു​ന്നെ​ന്നാ​യി​രു​ന്നു അക്കാലത്തെ ചില വിദഗ്‌ധ​രു​ടെ അഭി​പ്രാ​യം. ബീജസ​ങ്ക​ലനം നടക്കു​ന്നി​ല്ലാ​ത്ത​തു​കൊണ്ട് ജീവൻ ഉരുവാ​കു​ന്നു​മില്ല.

എന്നാൽ, ഐയുഡി ഉള്ളപ്പോ​ഴും ബീജസ​ങ്ക​ലനം നടന്നതാ​യി തെളി​വു​ക​ളുണ്ട്. ബീജസ​ങ്ക​ലനം നടന്ന ഒരു അണ്ഡം (സിക്താണ്ഡം) ഒന്നുകിൽ അണ്ഡവാ​ഹി​നി​ക്കു​ഴ​ലിൽ വളർന്നേ​ക്കാം. (ഗർഭാ​ശ​യ​ത്തി​നു വെളി​യി​ലെ ഗർഭധാ​രണം എന്നാണ്‌ ഇതിനു പറയു​ന്നത്‌.) അല്ലെങ്കിൽ അതു ഗർഭപാ​ത്ര​ത്തി​ലേക്കു സഞ്ചരി​ച്ചേ​ക്കാം. ഗർഭപാ​ത്ര​ത്തിൽ എത്തുന്ന സിക്താണ്ഡം ഗർഭപാ​ത്ര​ത്തി​ന്‍റെ ഭിത്തി​യിൽ പറ്റിപ്പി​ടി​ക്കു​ന്ന​തി​നെ ഐയുഡി തടയുന്നു. അങ്ങനെ ആ സിക്താണ്ഡം നശിക്കു​ന്നു. അതു ഗർഭച്ഛി​ദ്ര​ത്തി​നു തുല്യ​മാണ്‌. ഇങ്ങനെ പറഞ്ഞു​കൊ​ണ്ടാണ്‌ ആ ലേഖനം അവസാ​നി​ച്ചത്‌: “ഐയുഡി ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ചിന്തി​ക്കുന്ന ആത്മാർഥ​ത​യുള്ള ഒരു ക്രിസ്‌ത്യാ​നി അക്കാര്യം ജീവനു ബൈബിൾ കല്‌പി​ക്കുന്ന മൂല്യ​ത്തി​ന്‍റെ വെളി​ച്ച​ത്തിൽ തൂക്കി​നോ​ക്കേ​ണ്ട​താണ്‌.”—സങ്കീ. 36:9.

1979-ൽ ആ ലേഖനം പ്രസി​ദ്ധീ​ക​രി​ച്ച​തി​നു ശേഷം ഇക്കാര്യ​ത്തിൽ ശാസ്‌ത്രീ​യ​മോ വൈദ്യ​ശാ​സ്‌ത്ര​പ​ര​മോ ആയ എന്തെങ്കി​ലും പുരോ​ഗതി ഉണ്ടായി​ട്ടു​ണ്ടോ?

രണ്ടു പുതിയ തരം ഐയുഡി-കൾ ഇപ്പോൾ നിലവി​ലുണ്ട്. അതിൽ ഒന്നിന്‍റെ പ്രധാ​ന​ഘ​ടകം ചെമ്പാണ്‌. 1988 ആയപ്പോ​ഴേ​ക്കും അത്‌ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽ വ്യാപ​ക​മാ​യി ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. കൂടാതെ, ഒരുതരം ഹോർമോൺ ഉത്‌പാ​ദി​പ്പി​ക്കുന്ന ഐയുഡി-യും 2001-ൽ വിപണി​യിൽ വന്നു. ഈ രണ്ടു തരം ഐയുഡി-കളു​ടെ​യും പ്രവർത്ത​ന​ത്തെ​ക്കു​റിച്ച് നമുക്ക് എന്ത് അറിയാം?

ചെമ്പ്: നേരത്തേ പറഞ്ഞതു​പോ​ലെ, ബീജം ഗർഭപാ​ത്ര​ത്തി​ലൂ​ടെ സഞ്ചരിച്ച് അണ്ഡത്തിന്‍റെ അടുത്ത്‌ എത്തുന്ന​തി​നെ ഐയുഡി-കൾ തടയുന്നു. ചെമ്പ് പ്രധാ​ന​ഘ​ട​ക​മായ ഐയുഡി-കളിലെ ചെമ്പ് ബീജത്തി​നു ഹാനി​ക​ര​മാണ്‌. അങ്ങനെ അത്‌ ഒരു ബീജനാ​ശി​നി​യാ​യി പ്രവർത്തി​ക്കു​ന്നു. * കൂടാതെ, ചെമ്പ് അടങ്ങിയ ഐയുഡി-കൾ ഗർഭാ​ശ​യ​ഭി​ത്തി​യി​ലും മാറ്റങ്ങൾ വരുത്തു​ന്നെ​ന്നാ​ണു പറയ​പ്പെ​ടു​ന്നത്‌.

ഹോർമോൺ: ജനനനി​യ​ന്ത്ര​ണ​ഗു​ളി​ക​ക​ളിൽ കാണു​ന്ന​തി​നു സമാന​മായ ഹോർമോൺ അടങ്ങിയ പലതരം ഐയുഡി-കളുണ്ട്. ഇതു പഴയ ഐയുഡി-കൾ പോ​ലെ​തന്നെ പ്രവർത്തി​ക്കും. കൂടാതെ, ഇവയ്‌ക്കു മറ്റു ചില സവി​ശേ​ഷ​ത​ക​ളു​മുണ്ട്. ഗർഭാ​ശ​യ​ത്തിൽ ഹോർമോൺ ഉത്‌പാ​ദി​പ്പി​ക്കുന്ന ഈ ഐയുഡി-കൾ ചില സ്‌ത്രീ​ക​ളിൽ അണ്ഡോ​ത്‌പാ​ദനം തടസ്സ​പ്പെ​ടു​ത്തു​ന്നു, അങ്ങനെ വരു​മ്പോൾ ബീജസ​ങ്ക​ലനം നടക്കില്ല. എന്നാൽ ഈ ഹോർമോൺ ഇതു മാത്രമല്ല ചെയ്യു​ന്നത്‌. അതു ഗർഭാ​ശ​യ​ഭി​ത്തി​യു​ടെ കട്ടി കുറയ്‌ക്കു​ക​യും ചെയ്യുന്നു. * കൂടാതെ, ഇതു ഗർഭാ​ശ​യ​മു​ഖത്ത്‌ രൂപം​കൊ​ള്ളുന്ന കട്ടിയുള്ള ശ്ലേഷ്‌മ​ത്തി​ന്‍റെ സാന്ദ്രത വർധി​പ്പി​ക്കു​ന്നു. അങ്ങനെ യോനീ​നാ​ള​ത്തി​ലൂ​ടെ ഗർഭപാ​ത്ര​ത്തി​ലേക്കു ബീജം സഞ്ചരി​ക്കു​ന്ന​തിന്‌ ആ ശ്ലേഷ്‌മം ഒരു തടയായി നിൽക്കു​ന്നു.

നമ്മൾ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ വിപണി​യിൽ പുതി​യ​താ​യി വന്ന രണ്ട് ഐയുഡി-കളും ഗർഭാ​ശ​യ​ഭി​ത്തി​യിൽ മാറ്റങ്ങൾ ഉണ്ടാക്കു​ന്ന​താ​യി കരുത​പ്പെ​ടു​ന്നു. ഇനി അഥവാ, അണ്ഡം ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ക​യും ബീജസ​ങ്ക​ലനം നടക്കു​ക​യും ചെയ്യു​ന്നെ​ങ്കി​ലോ? അതു ഗർഭാ​ശ​യ​ത്തിൽ പ്രവേ​ശി​ച്ചേ​ക്കാം. പക്ഷേ, കട്ടി കുറഞ്ഞ ഗർഭാ​ശ​യ​ഭി​ത്തി​യിൽ പറ്റിപ്പി​ടി​ക്കാൻ അതിനു സാധി​ക്കില്ല. അങ്ങനെ ഗർഭധാ​ര​ണ​ത്തി​ന്‍റെ തുടക്ക​ത്തിൽത്തന്നെ സിക്താണ്ഡം നശിക്കാൻ ഇടയാ​കും. ഇത്തരം സാഹച​ര്യ​ങ്ങൾ വളരെ വിരള​മാ​യേ സംഭവി​ക്കാ​റു​ള്ളൂ എന്നാണ്‌ കരുത​പ്പെ​ടു​ന്നത്‌, ഗർഭനി​രോ​ധ​ന​ഗു​ളി​ക​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ​തന്നെ.

അതുകൊണ്ട് ചെമ്പോ ഹോർമോ​ണോ അടങ്ങിയ ഐയുഡി-കൾ ബീജസ​ങ്ക​ലനം നടക്കു​ന്നത്‌ എപ്പോ​ഴും തടയു​മെന്ന് ആർക്കും ഉറപ്പി​ച്ചു​പ​റ​യാ​നാ​കില്ല. എങ്കിലും, ഐയുഡി-കൾ വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളിൽ പ്രവർത്തി​ക്കു​ന്നെന്നു നമ്മൾ കണ്ടു. ഐയുഡി-കൾ ഉപയോ​ഗി​ച്ചാൽ ഗർഭി​ണി​യാ​കാ​നുള്ള സാധ്യത വളരെ കുറവാ​ണെന്ന് ഈ ശാസ്‌ത്രീ​യ​തെ​ളി​വു​കൾ സൂചി​പ്പി​ക്കു​ന്നു.

ഐയുഡി ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ചിന്തി​ക്കുന്ന ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ, പ്രാ​ദേ​ശി​ക​മാ​യി ലഭ്യമാ​യി​രി​ക്കുന്ന ഐയുഡി-കളെപ്പ​റ്റി​യും അതിന്‍റെ ഗുണങ്ങ​ളെ​യും ഭാര്യ​ക്കു​ണ്ടാ​യേ​ക്കാ​വുന്ന ദോഷ​ങ്ങ​ളെ​യും കുറി​ച്ചും ഡോക്‌ട​റോ​ടു ചോദി​ക്കാൻ ആഗ്രഹി​ച്ചേ​ക്കാം. എന്നാൽ ഡോക്‌ട​റോ മറ്റാ​രെ​ങ്കി​ലു​മോ അവർക്കു​വേണ്ടി ഒരു തീരു​മാ​ന​മെ​ടു​ക്ക​ണ​മെന്നു പ്രതീ​ക്ഷി​ക്ക​രുത്‌, അതിന്‌ അനുവ​ദി​ക്കു​ക​യും അരുത്‌. (റോമ. 14:12; ഗലാ. 6:4, 5) അത്‌ ഓരോ ദമ്പതി​ക​ളു​ടെ​യും തീരു​മാ​ന​മാണ്‌. അവർ ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തും ദൈവ​മു​മ്പാ​കെ ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കാൻ സഹായി​ക്കു​ന്ന​തും ആയ ഒരു തീരു​മാ​ന​മെ​ടു​ക്കണം.—1 തിമൊ​ഥെ​യൊസ്‌ 1:18, 19-ഉം 2 തിമൊ​ഥെ​യൊസ്‌ 1:3-ഉം താരത​മ്യം ചെയ്യുക.

^ ഖ. 4 ഇംഗ്ലണ്ടിന്‍റെ ദേശീയ ആരോ​ഗ്യ​സ​മി​തി പുറത്തി​റ​ക്കിയ ഒരു പുസ്‌തകം ഇങ്ങനെ റിപ്പോർട്ട് ചെയ്‌തു: “ചെമ്പിന്‍റെ അളവ്‌ കൂടു​ത​ലുള്ള ഐയുഡി-കൾ 99 ശതമാ​ന​ത്തി​ല​ധി​കം ഫലപ്ര​ദ​മാണ്‌. അതായത്‌, അത്തരം ഐയുഡി ഉപയോ​ഗി​ക്കുന്ന സ്‌ത്രീ​ക​ളിൽ ഒരു ശതമാ​ന​ത്തിൽ താഴെ മാത്രമേ ഒരു വർഷത്തി​നു​ള്ളിൽ ഗർഭി​ണി​ക​ളാ​കാ​റു​ള്ളൂ. ചെമ്പിന്‍റെ അളവ്‌ കുറവുള്ള ഐയുഡി-കൾ അത്ര ഫലം ചെയ്യില്ല.”

^ ഖ. 5 ഹോർമോൺ അടങ്ങിയ ഐയുഡി-കൾ ഗർഭാ​ശ​യ​ഭി​ത്തി​യു​ടെ കട്ടി കുറയ്‌ക്കു​ന്ന​തി​നാൽ ആർത്തവ​ര​ക്ത​സ്രാ​വം നിയ​ന്ത്രി​ക്കു​ന്ന​തി​നു വിവാ​ഹി​ത​രും അല്ലാത്ത​വ​രും ആയ സ്‌ത്രീ​കൾക്ക് ഡോക്‌ടർമാർ ഇതു നിർദേ​ശി​ക്കാ​റുണ്ട്.