വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പുനരു​ത്ഥാ​ന​ത്തിൽ എഴു​ന്നേ​റ്റു​വ​രു​മെന്ന് എനിക്ക് അറിയാം’

‘പുനരു​ത്ഥാ​ന​ത്തിൽ എഴു​ന്നേ​റ്റു​വ​രു​മെന്ന് എനിക്ക് അറിയാം’

‘നമ്മുടെ കൂട്ടു​കാ​രൻ ഉറങ്ങു​ക​യാണ്‌. ഞാൻ ചെന്ന് അവനെ ഉണർത്തട്ടെ.’​—യോഹ. 11:11.

ഗീതങ്ങൾ: 142, 129

1. മാർത്ത​യ്‌ക്ക് ആങ്ങളയായ ലാസറി​ന്‍റെ കാര്യ​ത്തിൽ എന്ത് ഉറപ്പു​ണ്ടാ​യി​രു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

മാർത്ത​യു​ടെ ഹൃദയം പിടയു​ക​യാണ്‌. ആങ്ങളയായ ലാസർ മരിച്ച​തി​ന്‍റെ ദുഃഖ​ത്തിൽ മാർത്ത​യ്‌ക്ക് ആശ്വാ​സ​മേ​കുന്ന എന്തെങ്കി​ലു​മു​ണ്ടോ? ഉണ്ട്. തന്‍റെ ഉറ്റ സുഹൃ​ത്തും ശിഷ്യ​യും ആയ മാർത്ത​യ്‌ക്ക് യേശു ഈ ഉറപ്പു കൊടു​ത്തു: “നിന്‍റെ ആങ്ങള എഴു​ന്നേ​റ്റു​വ​രും.” ആ വാക്കുകൾ മാർത്ത​യു​ടെ സങ്കടങ്ങ​ളെ​ല്ലാം മായ്‌ച്ചു​ക​ള​ഞ്ഞി​ട്ടു​ണ്ടാ​വില്ല. എങ്കിലും യേശു പറഞ്ഞ വാക്കുകൾ മാർത്ത വിശ്വ​സി​ച്ചു. മാർത്ത ഇങ്ങനെ പറഞ്ഞു: “അവസാ​ന​നാ​ളി​ലെ പുനരു​ത്ഥാ​ന​ത്തിൽ ലാസർ എഴു​ന്നേ​റ്റു​വ​രു​മെന്ന് എനിക്ക് അറിയാം.(യോഹ. 11:20-24) അതു ഭാവി​യിൽ സംഭവി​ക്കു​മെന്നു മാർത്ത​യ്‌ക്ക് ഉറപ്പാ​യി​രു​ന്നു. പക്ഷേ, യേശു അപ്പോൾത്തന്നെ ഒരു അത്ഭുതം ചെയ്‌തു, ലാസറി​നെ അന്നേ ദിവസം​തന്നെ ജീവനി​ലേക്കു തിരികെ കൊണ്ടു​വന്നു.

2. പുനരു​ത്ഥാ​ന​ത്തിൽ മാർത്ത​യ്‌ക്കു​ണ്ടാ​യി​രുന്ന അതേ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

2 യേശു​വോ യേശു​വി​ന്‍റെ പിതാ​വോ നമുക്കു​വേണ്ടി ഇപ്പോൾ അങ്ങനെ​യൊ​രു അത്ഭുതം ചെയ്യു​മെന്നു പ്രതീ​ക്ഷി​ക്കാ​നാ​കില്ല. എങ്കിലും, നിങ്ങളു​ടെ പ്രിയ​പ്പെ​ട്ടവർ ഭാവി​യിൽ പുനരു​ത്ഥാ​ന​ത്തിൽ വരു​മെന്നു മാർത്ത​യ്‌ക്കു​ണ്ടാ​യി​രു​ന്നത്ര ഉറപ്പു നിങ്ങൾക്കു​ണ്ടോ? ചില​പ്പോൾ നിങ്ങൾക്കു നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നതു നിങ്ങളു​ടെ ഇണയാ​യി​രി​ക്കാം, നിങ്ങളു​ടെ അച്ഛനോ അമ്മയോ ആകാം, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന മുത്തച്ഛ​നോ മുത്തശ്ശി​യോ ആകാം. അല്ലെങ്കിൽ നിങ്ങളു​ടെ കുട്ടി​യെ​യാ​യി​രി​ക്കാം നഷ്ടപ്പെ​ട്ടത്‌. അവരെ ഒന്നു കെട്ടി​പ്പി​ടി​ക്കാ​നും അവരോ​ടു സംസാ​രി​ക്കാ​നും അവരോ​ടൊത്ത്‌ പൊട്ടി​ച്ചി​രി​ക്കാ​നും നിങ്ങളു​ടെ ഹൃദയം തുടി​ക്കു​ന്നു​ണ്ടാ​യി​രി​ക്കും. നിങ്ങൾക്കു സന്തോ​ഷി​ക്കാൻ കാരണ​മുണ്ട്. മാർത്ത​യെ​പ്പോ​ലെ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘എന്‍റെ പ്രിയ​പ്പെ​ട്ടവർ പുനരു​ത്ഥാ​ന​ത്തിൽ എഴു​ന്നേ​റ്റു​വ​രു​മെന്ന് എനിക്ക് അറിയാം.’ എങ്കിലും, ഇങ്ങനെ ശക്തമായ ബോധ്യ​മു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന് ഓരോ ക്രിസ്‌ത്യാ​നി​യും ആഴമായി ചിന്തി​ക്കു​ന്നതു പ്രയോ​ജനം ചെയ്യും.

3, 4. യേശു നടത്തിയ പുനരു​ത്ഥാ​നങ്ങൾ മാർത്ത​യു​ടെ ബോധ്യം എങ്ങനെ ശക്തമാ​ക്കി​യി​ട്ടു​ണ്ടാ​കും?

3 ഗലീല​യി​ലെ നയിനു സമീപത്ത്‌ ജീവി​ച്ചി​രുന്ന വിധവ​യു​ടെ മകനെ യേശു ഉയിർപ്പി​ക്കു​ന്നത്‌, യരുശ​ലേ​മിന്‌ അടുത്ത്‌ താമസി​ച്ചി​രുന്ന മാർത്ത കണ്ടിരി​ക്കാൻ സാധ്യ​ത​യില്ല. എങ്കിലും അതെക്കു​റിച്ച് കേട്ടി​ട്ടു​ണ്ടാ​കും. യേശു യായീ​റൊ​സി​ന്‍റെ മകളെ ഉയിർപ്പിച്ച സംഭവ​മോ? ആ പെൺകു​ട്ടി​യു​ടെ വീട്ടിൽ വന്നവർക്ക് ‘അവൾ മരിച്ചു​പോ​യെന്ന് അറിയാ​മാ​യി​രു​ന്നു.’ എങ്കിലും യേശു അവളുടെ ചേതനയറ്റ കൈ പിടിച്ച് ഇങ്ങനെ പറഞ്ഞു: “കുഞ്ഞേ, എഴു​ന്നേൽക്കൂ!” ഉടൻതന്നെ അവൾ എഴു​ന്നേറ്റു. ഈ സംഭവ​വും മാർത്ത നേരിട്ട് കണ്ടിട്ടു​ണ്ടാ​കില്ല, പക്ഷേ, അതെക്കു​റിച്ച് അറിഞ്ഞി​ട്ടു​ണ്ടാ​കും. (ലൂക്കോ. 7:11-17; 8:41, 42, 49-55) യേശു​വി​നു രോഗി​കളെ സൗഖ്യ​മാ​ക്കാൻ കഴിയു​മെന്നു മാർത്ത​യ്‌ക്കും സഹോ​ദ​രി​യായ മറിയ​യ്‌ക്കും അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട് യേശു അവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ലാസർ മരിക്കി​ല്ലാ​യി​രു​ന്നെന്ന് അവർക്കു തോന്നി. എന്നാൽ യേശു​വി​ന്‍റെ പ്രിയ​സ്‌നേ​ഹി​ത​നായ ലാസർ മരിച്ചു. ലാസറിന്‌ ഇനി എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌? ഭാവി​യിൽ, ‘അവസാ​ന​നാ​ളിൽ’ ലാസർ ജീവനി​ലേക്കു തിരികെ വരു​മെന്നു മാർത്ത പറഞ്ഞതു ശ്രദ്ധി​ക്കുക. എന്തു​കൊ​ണ്ടാ​ണു മാർത്ത​യ്‌ക്ക് അത്‌ അത്ര ഉറപ്പാ​യി​രു​ന്നത്‌? നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രും ജീവനി​ലേക്കു വന്നേക്കാ​വുന്ന ഒരു പുനരു​ത്ഥാ​നം ഭാവി​യി​ലു​ണ്ടാ​കു​മെന്നു നിങ്ങൾക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്?

4 ഉറപ്പാ​യും പുനരു​ത്ഥാ​നം നടക്കു​മെന്നു വിശ്വ​സി​ക്കാൻ നമുക്ക് അനേകം കാരണ​ങ്ങ​ളുണ്ട്. അവയിൽ ചിലത്‌ ഇപ്പോൾ നോക്കാം. പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് ഒരുപക്ഷേ ഇതിനു മുമ്പ് ചിന്തി​ച്ചി​ട്ടി​ല്ലാത്ത ചില ആശയങ്ങൾ ദൈവ​വ​ച​ന​ത്തിൽനിന്ന് നമ്മൾ പഠിക്കും. പ്രിയ​പ്പെ​ട്ട​വരെ വീണ്ടും കാണാ​മെന്ന നമ്മുടെ വിശ്വാ​സ​ത്തിന്‌ അതു ബലമേ​കും.

പ്രത്യാശ ശക്തി​പ്പെ​ടു​ത്തുന്ന സംഭവങ്ങൾ

5. ലാസർ പുനരു​ത്ഥാ​ന​ത്തിൽ വരു​മെന്നു മാർത്ത​യ്‌ക്ക് ഉറപ്പു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊണ്ട്?

5 മാർത്ത​യു​ടെ വാക്കുകൾ ഒരിക്കൽക്കൂ​ടി മനസ്സി​ലേക്കു കൊണ്ടു​വ​രുക. ‘ലാസർ എഴു​ന്നേ​റ്റു​വ​രു​മെന്ന് ഞാൻ കരുതു​ന്നു’ എന്നല്ല, “ലാസർ എഴു​ന്നേ​റ്റു​വ​രു​മെന്ന് എനിക്ക് അറിയാം” എന്നാണു മാർത്ത പറഞ്ഞത്‌. അത്ര ഉറപ്പു തോന്നാൻ എന്തായി​രു​ന്നു കാരണം? യേശു​വി​നു മുമ്പ് നടന്നി​ട്ടുള്ള പുനരു​ത്ഥാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും മാർത്ത​യ്‌ക്ക് അറിയാ​മാ​യി​രു​ന്നി​രി​ക്കാം. ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾത്തന്നെ വീട്ടി​ലും സിന​ഗോ​ഗി​ലും വെച്ച് മാർത്ത അതെക്കു​റിച്ച് പഠിച്ചി​രു​ന്നു. അത്തരത്തി​ലുള്ള മൂന്നു തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ നമുക്കു ചർച്ച ചെയ്യാം.

6. ശ്രദ്ധേ​യ​മായ എന്ത് അത്ഭുത​മാണ്‌ ഏലിയ പ്രവർത്തി​ച്ചത്‌, മാർത്തയെ അത്‌ എങ്ങനെ സ്വാധീ​നി​ച്ചി​രി​ക്കാം?

6 ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആദ്യത്തെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് ചിന്തി​ക്കാം. അത്ഭുതങ്ങൾ ചെയ്യാൻ ദൈവം ഏലിയ പ്രവാ​ച​കനെ പ്രാപ്‌ത​നാ​ക്കിയ കാലത്താണ്‌ അതു നടന്നത്‌. ഫൊയ്‌നീ​ക്യ​യി​ലെ ഒരു തീര​ദേ​ശ​പ​ട്ട​ണ​മായ സാരെ​ഫാ​ത്തി​ലെ പാവപ്പെട്ട ഒരു വിധവ, ഏലിയയെ അതിഥി​യാ​യി സ്വീക​രി​ച്ചു. അവരുടെ വീട്ടിലെ മാവും എണ്ണയും തീർന്നു​പോ​കാ​തെ ദൈവം അത്ഭുത​ക​ര​മാ​യി അവർക്കു​വേണ്ടി കരുതി. അങ്ങനെ അവരുടെ ജീവൻ രക്ഷിച്ചു. (1 രാജാ. 17:8-16) എന്നാൽ, പിന്നീട്‌ ആ മകൻ രോഗം ബാധിച്ച് മരിച്ചു. ഏലിയ ആ വിധവ​യു​ടെ ദുഃഖം മനസ്സി​ലാ​ക്കി. അദ്ദേഹം കുട്ടി​യു​ടെ മൃതശ​രീ​രം തൊട്ട് ഇങ്ങനെ പ്രാർഥി​ച്ചു: “എന്‍റെ ദൈവ​മായ യഹോവേ, ഈ കുട്ടി​യു​ടെ പ്രാണൻ ഇവനിൽ മടക്കി​വ​രു​ത്തേ​ണമേ.” എന്താണു സംഭവി​ച്ചത്‌? ദൈവം ഏലിയ​യു​ടെ പ്രാർഥന കേട്ടു. കുട്ടി ജീവനി​ലേക്കു തിരി​ച്ചു​വന്നു! (1 രാജാ​ക്ക​ന്മാർ 17:17-24 വായി​ക്കുക.) ശ്രദ്ധേ​യ​മായ ഈ സംഭവം മാർത്ത​യ്‌ക്കു തീർച്ച​യാ​യും അറിയാ​മാ​യി​രു​ന്നു.

7, 8. (എ) ഒരു സ്‌ത്രീ​യു​ടെ ദുഃഖം അകറ്റാൻ എലീശ എന്തു ചെയ്‌തെന്നു വിവരി​ക്കുക. (ബി) എലീശ ചെയ്‌ത അത്ഭുതം യഹോ​വ​യ്‌ക്ക് എന്തിനുള്ള ശക്തിയു​ണ്ടെന്നു തെളി​യി​ക്കു​ന്നു?

7 തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന രണ്ടാമത്തെ പുനരു​ത്ഥാ​നം നടത്തി​യത്‌ ഏലിയ​യു​ടെ പിൻഗാ​മി​യായ എലീശ പ്രവാ​ച​ക​നാണ്‌. ശൂനേ​മി​ലെ പ്രമു​ഖ​യായ ഒരു സ്‌ത്രീ എലീശ​യ്‌ക്ക് ആതിഥ്യ​മ​രു​ളി. മക്കളി​ല്ലാ​യി​രുന്ന ആ സ്‌ത്രീ​ക്കും പ്രായം ചെന്ന ഭർത്താ​വി​നും ഒരു മകനെ കൊടു​ത്തു​കൊണ്ട് ദൈവം അവരെ അനു​ഗ്ര​ഹി​ച്ചു. എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞ​പ്പോൾ മകൻ മരിച്ചു​പോ​യി. ആ അമ്മയുടെ മനസ്സിൽ അണപൊ​ട്ടിയ ദുഃഖം ഒന്നു ഭാവന​യിൽ കാണുക. ഭർത്താ​വി​ന്‍റെ അനുവാ​ദ​ത്തോ​ടെ ആ സ്‌ത്രീ ഏകദേശം 30 കിലോ​മീ​റ്റർ യാത്ര ചെയ്‌ത്‌ കർമേൽ പർവത​ത്തിൽ എത്തി എലീശയെ കണ്ടു. എലീശ ഉടനെ സഹായി​യായ ഗേഹസി​യെ അവർക്കു മുമ്പേ ശൂനേ​മി​ലേക്ക് അയച്ചു. പക്ഷേ അയാൾക്ക് ആ കുട്ടിയെ ജീവനി​ലേക്കു കൊണ്ടു​വ​രാൻ കഴിഞ്ഞില്ല. അപ്പോ​ഴേ​ക്കും അടങ്ങാത്ത ദുഃഖ​വും പേറി ആ അമ്മ എലീശ​യോ​ടൊ​പ്പം ശൂനേ​മിൽ എത്തി​ച്ചേർന്നു.​—2 രാജാ. 4:8-31.

8 ശൂനേ​മിൽ എത്തിയ എലീശ കുട്ടി​യു​ടെ മൃതശ​രീ​ര​ത്തിന്‌ അടുത്തു​ചെന്ന് പ്രാർഥി​ച്ചു. അത്ഭുതം! മരിച്ച കുട്ടി ജീവനി​ലേക്കു തിരി​ച്ചു​വന്നു. മകനെ തിരി​ച്ചു​കി​ട്ടിയ ആ അമ്മയ്‌ക്ക് എന്തുമാ​ത്രം സന്തോഷം തോന്നി​ക്കാ​ണും! (2 രാജാ​ക്ക​ന്മാർ 4:32-37 വായി​ക്കുക.) ഹന്നയുടെ പ്രാർഥ​ന​യി​ലെ വാക്കുകൾ ആ സ്‌ത്രീ​യു​ടെ മനസ്സി​ലേക്ക് അപ്പോൾ വന്നിട്ടു​ണ്ടാ​കും. വന്ധ്യയാ​യി​രുന്ന ഹന്നയ്‌ക്കു ദൈവ​ത്തി​ന്‍റെ അനു​ഗ്ര​ഹ​ത്താൽ ഒരു മകനു​ണ്ടാ​യി. അവനെ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ സേവി​ക്കാൻ കൊണ്ടു​വ​ന്ന​പ്പോൾ ഹന്ന ഇങ്ങനെ പ്രാർഥി​ച്ചു: “യഹോവ . . . ശവക്കു​ഴി​യിൽ ഇറക്കുന്നു, ഉയർത്തു​ക​യും ചെയ്യുന്നു.” (1 ശമു. 2:6) അതെ, പുനരു​ത്ഥാ​ന​പ്പെ​ടു​ത്താ​നുള്ള തന്‍റെ കഴിവ്‌ തെളി​യി​ച്ചു​കൊണ്ട് ഒരു അക്ഷരീയ അർഥത്തിൽത്തന്നെ ശൂനേ​മി​ലെ ആ കുട്ടിയെ യഹോവ ‘ഉയർത്തി.’

9. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന മൂന്നാ​മത്തെ പുനരു​ത്ഥാ​ന​ത്തിൽ എലീശ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു വിവരി​ക്കുക.

9 എന്നാൽ എലീശ ഉൾപ്പെട്ട അവസാ​നത്തെ പുനരു​ത്ഥാ​ന​മ​ല്ലാ​യി​രു​ന്നു അത്‌. 50-ലധികം വർഷം ഒരു പ്രവാ​ച​ക​നാ​യി സേവി​ച്ച​ശേഷം ‘എലീശ​യ്‌ക്ക് ഒരു രോഗം പിടി​പെട്ട് മരിച്ചു.’ നാളുകൾ കടന്നു​പോ​യി. എലീശയെ അടക്കിയ സ്ഥലത്ത്‌ എലീശ​യു​ടെ അസ്ഥികൾ മാത്രം ബാക്കി​യാ​യി. ആ കാലത്ത്‌ ഇസ്രാ​യേ​ലി​ന്‍റെ ശത്രു​ക്ക​ളായ ഒരു സംഘം ദേശത്ത്‌ വന്നു. അപ്പോൾ ചില ഇസ്രാ​യേ​ല്യർ ഒരാളു​ടെ ശവം അടക്കാ​നാ​യി കൊണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ശത്രുക്കൾ വരുന്നതു കണ്ടപ്പോൾ മൃതശ​രീ​രം എലീശയെ അടക്കിയ സ്ഥലത്തേക്ക് ഇട്ടിട്ട് അവർ ഓടി​പ്പോ​യി. അപ്പോൾ എന്തു സംഭവി​ച്ചു? ബൈബിൾ ഇങ്ങനെ പറയുന്നു: “എലീശ​യു​ടെ അസ്ഥിക​ളിൽ തട്ടിയ​തും മരിച്ച ആൾ ജീവൻ വെച്ച് എഴു​ന്നേ​റ്റു​നി​ന്നു.” (2 രാജാ. 13:14, 20, 21) പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ഈ വിവര​ണങ്ങൾ ദൈവ​ത്തി​നു മരണത്തി​ന്‍റെ മേൽ അധികാ​ര​മു​ണ്ടെന്നു മാർത്ത​യ്‌ക്ക് ഉറപ്പു കൊടു​ത്തു. നമ്മുടെ കാര്യ​ത്തി​ലോ? ദൈവ​ത്തി​ന്‍റെ ശക്തിക്കു പരിധി​ക​ളി​ല്ലെന്ന് നമുക്കും ഉറപ്പു ലഭിക്കു​ന്നു.

ഒന്നാം നൂറ്റാ​ണ്ടിൽ നടന്ന സംഭവങ്ങൾ

10. ഒരു ക്രിസ്‌തീ​യ​സ​ഹോ​ദരി മരിച്ച​പ്പോൾ പത്രോസ്‌ എന്തു ചെയ്‌തു?

10 ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലും ദൈവ​ത്തി​ന്‍റെ വിശ്വ​സ്‌ത​ദാ​സർ പുനരു​ത്ഥാ​നം നടത്തി​യ​തി​നെ​പ്പ​റ്റി​യുള്ള വിവര​ണ​ങ്ങ​ളുണ്ട്. നയിൻ പട്ടണത്തിന്‌ അടുത്തു​വെ​ച്ചും യായീ​റൊ​സി​ന്‍റെ വീട്ടിൽവെ​ച്ചും യേശു നടത്തിയ പുനരു​ത്ഥാ​ന​ങ്ങ​ളെ​ക്കു​റിച്ച് നമ്മൾ കണ്ടു. അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ക്രിസ്‌ത്യാ​നി​യായ തബീഥയെ (ഡോർക്കസ്‌) ഉയിർപ്പി​ച്ച​താ​ണു മറ്റൊന്ന്. തബീഥ മരിച്ച​പ്പോൾ മൃതശ​രീ​രം ഇരുന്ന മുറി​യിൽ പത്രോസ്‌ എത്തി പ്രാർഥി​ച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “തബീഥേ, എഴു​ന്നേൽക്ക്!” അവൾ ജീവനി​ലേക്കു വന്നു. പുനരു​ത്ഥാ​ന​ത്തിൽ വന്ന തബീഥയെ സഹക്രി​സ്‌ത്യാ​നി​കൾക്കു പത്രോസ്‌ “കാണി​ച്ചു​കൊ​ടു​ത്തു.” അങ്ങനെ ഒരു സംഭവം നടന്നെന്ന് ആർക്കും ഒരു സംശയ​വു​മു​ണ്ടാ​യി​രു​ന്നില്ല. അതു​കൊണ്ട് ആ സംഭവ​ത്തെ​ക്കു​റിച്ച് കേട്ട “ധാരാളം പേർ കർത്താ​വിൽ വിശ്വ​സി​ച്ചു.” കർത്താ​വി​നെ​ക്കു​റി​ച്ചും മരിച്ച​വരെ ഉയിർപ്പി​ക്കാൻ യഹോ​വ​യ്‌ക്കു കഴിവു​ണ്ടെ​ന്ന​തി​നെ​ക്കു​റി​ച്ചും സാക്ഷ്യം കൊടു​ക്കാൻ ആ പുതിയ ശിഷ്യ​ന്മാർക്കു കഴിയു​മാ​യി​രു​ന്നു.​—പ്രവൃ. 9:36-42.

11. ഒരു യുവാ​വു​മാ​യി ബന്ധപ്പെട്ട എന്തു സംഭവ​മാ​ണു വൈദ്യ​നായ ലൂക്കോസ്‌ എഴുതി​യത്‌, അതു മറ്റുള്ള​വരെ എങ്ങനെ സ്വാധീ​നി​ച്ചു?

11 മറ്റൊരു പുനരു​ത്ഥാ​ന​ത്തി​നും അനേകർ സാക്ഷി​ക​ളാ​യി. ഒരിക്കൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌, ഇന്നത്തെ തുർക്കി​യു​ടെ വടക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി​ചെ​യ്യുന്ന ത്രോ​വാ​സി​ലെ ഒരു വീടിന്‍റെ മുകളി​ലത്തെ മുറി​യിൽ ഒരു യോഗ​ത്തിൽ പങ്കെടു​ക്കു​ക​യാ​യി​രു​ന്നു. പൗലോ​സി​ന്‍റെ പ്രസംഗം അർധരാ​ത്രി​വരെ നീണ്ടു. യൂത്തി​ക്കൊസ്‌ എന്ന ഒരു യുവാവ്‌ ജനൽപ്പ​ടി​യിൽ ഇരുന്ന് പ്രസംഗം കേൾക്കു​ക​യാ​യി​രു​ന്നു. ഉറക്കത്തിൽ ആണ്ടു​പോയ അവൻ മൂന്നാം നിലയിൽനിന്ന് താഴേക്കു വീണു. ഒരുപക്ഷേ വൈദ്യ​നായ ലൂക്കോ​സാ​യി​രി​ക്കാം ആദ്യം യൂത്തി​ക്കൊ​സി​ന്‍റെ അടുത്ത്‌ എത്തിയത്‌. അവനെ പരി​ശോ​ധി​ച്ച​പ്പോൾ ലൂക്കോ​സി​നു കാര്യം മനസ്സി​ലാ​യി. വീഴ്‌ച​യിൽ യൂത്തി​ക്കൊ​സി​നു പരിക്കു​പ​റ്റു​ക​യോ ബോധം പോകു​ക​യോ അല്ല ചെയ്‌തത്‌, യൂത്തി​ക്കൊസ്‌ മരിച്ചു! അപ്പോ​ഴേ​ക്കും പൗലോസ്‌ താഴെ ഇറങ്ങി​വ​ന്നി​രു​ന്നു. യൂത്തി​ക്കൊ​സി​നെ കെട്ടി​പ്പി​ടിച്ച് അദ്ദേഹം ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ഇവന്‌ ഇപ്പോൾ ജീവനുണ്ട്.” ആ അത്ഭുതം കണ്ടുനി​ന്ന​വരെ അത്‌ എത്ര ആഴമായി സ്വാധീ​നി​ച്ചു​കാ​ണും! പുനരു​ത്ഥാ​നം നടന്നെന്നു മനസ്സി​ലാ​യ​പ്പോൾ ആളുകൾക്കു “വലിയ ആശ്വാ​സ​മാ​യി.”​—പ്രവൃ. 20:7-12.

ഉറപ്പുള്ള ഒരു പ്രത്യാശ

12, 13. പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ഈ ചർച്ചയിൽനിന്ന് എന്തൊക്കെ ചോദ്യ​ങ്ങൾ മനസ്സിൽ വന്നേക്കാം?

12 ജീവദാ​താ​വായ ദൈവ​ത്തി​നു മരിച്ചു​പോയ വ്യക്തി​കളെ ജീവനി​ലേക്കു കൊണ്ടു​വ​രാ​നുള്ള കഴിവു​ണ്ടെന്നു മാർത്ത​യ്‌ക്ക് ഉറപ്പു​ണ്ടാ​യി​രു​ന്നു. പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ഈ വിവര​ണങ്ങൾ നമുക്കും അതേ ഉറപ്പ് തരേണ്ട​താണ്‌. എന്നാൽ ദൈവം അത്ഭുതങ്ങൾ ചെയ്യുന്ന ഒരു കാലഘ​ട്ട​ത്തി​ലാണ്‌ ആ പുനരു​ത്ഥാ​നങ്ങൾ നടന്നത്‌. മാത്രമല്ല ഏലിയ​യെ​യും യേശു​വി​നെ​യും പത്രോ​സി​നെ​യും പോലെ ദൈവ​ത്തി​ന്‍റെ ഒരു വിശ്വ​സ്‌ത​ദാ​സൻ അപ്പോൾ സന്നിഹി​ത​നു​മാ​യി​രു​ന്നു. എന്നാൽ ചരി​ത്ര​ത്തി​ലെ മറ്റു സമയങ്ങ​ളിൽ മരിച്ചു​പോ​യ​വ​രെ​ക്കു​റി​ച്ചെന്ത്? ആ കാലഘ​ട്ട​ങ്ങ​ളിൽ ദൈവം പുനരു​ത്ഥാ​നം നടത്തി​യി​ട്ടി​ല്ലാത്ത സ്ഥിതിക്ക്, പിന്നീട്‌ എപ്പോ​ഴെ​ങ്കി​ലും പുനരു​ത്ഥാ​നം നടത്തു​മെന്ന് അന്ന് ജീവി​ച്ചി​രുന്ന വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാർക്കു പ്രതീ​ക്ഷി​ക്കാ​നാ​കു​മാ​യി​രു​ന്നോ? “അവസാ​ന​നാ​ളി​ലെ പുനരു​ത്ഥാ​ന​ത്തിൽ (എന്‍റെ ആങ്ങള) എഴു​ന്നേ​റ്റു​വ​രു​മെന്ന് എനിക്ക് അറിയാം” എന്നു പറഞ്ഞ മാർത്ത​യു​ടെ അതേ ഉറപ്പ് അവർക്കു​ണ്ടാ​യി​രു​ന്നോ? ഭാവി​യിൽ ഒരു പുനരു​ത്ഥാ​നം നടക്കു​മെന്ന് മാർത്ത വിശ്വ​സി​ച്ചത്‌ എന്തു​കൊണ്ട്?

13 പിന്നീട്‌ ഒരു സമയത്ത്‌ പുനരു​ത്ഥാ​നം നടക്കു​മെന്ന് യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ദാസർക്ക് അറിയാ​മാ​യി​രു​ന്നെന്നു കാണി​ക്കുന്ന മറ്റു പല ഭാഗങ്ങ​ളും ബൈബി​ളി​ലു​ണ്ടെ​ന്ന​താണ്‌ സത്യം. ചിലതു നമുക്കു നോക്കാം.

14. അബ്രാ​ഹാ​മി​നെ​ക്കു​റി​ച്ചുള്ള വിവരണം പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

14 വർഷങ്ങൾ കാത്തി​രു​ന്ന​ശേ​ഷ​മാണ്‌ അബ്രാ​ഹാ​മി​നു യിസ്‌ഹാക്ക് ജനിക്കു​ന്നത്‌. യഹോവ അബ്രാ​ഹാ​മി​നോട്‌ ഇങ്ങനെ പറഞ്ഞു: “നിന്‍റെ മകനെ, നീ ഒരുപാ​ടു സ്‌നേ​ഹി​ക്കുന്ന നിന്‍റെ ഒരേ ഒരു മകനായ യിസ്‌ഹാ​ക്കി​നെ . . . ദഹനയാ​ഗ​മാ​യി അർപ്പി​ക്കണം.” (ഉൽപ. 22:2) ആ കല്‌പന കേട്ട​പ്പോൾ അബ്രാ​ഹാ​മി​നു​ണ്ടായ മനോ​വേദന ഒന്നു ഭാവന​യിൽ കാണുക. അബ്രാ​ഹാ​മി​ന്‍റെ സന്തതി​യി​ലൂ​ടെ​യാണ്‌ എല്ലാ ജനതക​ളും അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്ന​തെന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. (ഉൽപ. 13:14-16; 18:18; റോമ. 4:17, 18) “യിസ്‌ഹാ​ക്കി​ലൂ​ടെ​യാ​യി​രി​ക്കും” അനു​ഗ്രഹം വരുന്ന​തെ​ന്നും യഹോവ പറഞ്ഞി​രു​ന്നു. (ഉൽപ. 21:12) എന്നാൽ അബ്രാ​ഹാം യിസ്‌ഹാ​ക്കി​നെ യാഗമാ​യി അർപ്പി​ച്ചാൽ ഈ വാഗ്‌ദാ​ന​ങ്ങ​ളൊ​ക്കെ എങ്ങനെ നടപ്പാ​കും? മരിച്ച​വ​രിൽനിന്ന് മകനെ ഉയിർപ്പി​ക്കാൻ ദൈവ​ത്തി​നു കഴിയു​മെന്ന് അബ്രാ​ഹാം വിശ്വ​സി​ച്ചി​രു​ന്നെന്നു ദൈവ​പ്ര​ചോ​ദി​ത​മാ​യി പൗലോസ്‌ എഴുതി. (എബ്രായർ 11:17-19 വായി​ക്കുക.) ആ കല്‌പന അനുസ​രി​ച്ചാൽ, ഏതാനും മണിക്കൂ​റു​കൾക്കു​ള്ളി​ലോ ഒരു ദിവസ​ത്തി​നു​ള്ളി​ലോ ഒരു ആഴ്‌ച​യ്‌ക്കു​ള്ളി​ലോ യിസ്‌ഹാക്ക് ജീവനി​ലേക്കു വരു​മെന്ന് അബ്രാ​ഹാം കരുതി​യ​താ​യി ബൈബിൾ പറയു​ന്നില്ല. യിസ്‌ഹാക്ക് എന്ന് പുനരു​ത്ഥാ​ന​ത്തി​ലേക്കു വരു​മെന്ന് അബ്രാ​ഹാ​മിന്‌ അറിയാൻ ഒരു മാർഗ​വു​മി​ല്ലാ​യി​രു​ന്നു. എന്നാൽ ഒരു കാര്യം അബ്രാ​ഹാ​മിന്‌ ഉറപ്പാ​യി​രു​ന്നു: യഹോവ യിസ്‌ഹാ​ക്കി​നെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​മെന്ന്.

15. ഗോ​ത്ര​പി​താ​വായ ഇയ്യോ​ബിന്‌ എന്തു പ്രത്യാ​ശ​യു​ണ്ടാ​യി​രു​ന്നു?

15 ഭാവി​യിൽ നടക്കുന്ന ഒരു പുനരു​ത്ഥാ​ന​ത്തി​നാ​യി നോക്കി​യി​രുന്ന മറ്റൊ​രാ​ളാ​ണു ഗോ​ത്ര​പി​താ​വായ ഇയ്യോബ്‌. ഒരു കാര്യം അദ്ദേഹം ശ്രദ്ധിച്ചു. ഒരു മരം വെട്ടി​യി​ട്ടാൽ പിന്നെ​യും പൊട്ടി​ക്കി​ളിർക്കും, ഒരു പുതിയ ചെടി​പോ​ലെ അതു വളർന്നു​വ​രും. എന്നാൽ മനുഷ്യ​ന്‍റെ കാര്യം അങ്ങനെയല്ല. (ഇയ്യോ. 14:7-12; 19:25-27) ഒരു മനുഷ്യൻ മരിച്ചാൽ ശവക്കു​ഴി​യിൽനിന്ന് സ്വയം ജീവൻ പ്രാപി​ച്ചു​വ​രാൻ അയാൾക്കു കഴിയില്ല. (2 ശമു. 12:23; സങ്കീ. 89:48) പക്ഷേ, ദൈവ​ത്തിന്‌ ആരെ വേണ​മെ​ങ്കി​ലും പുനരു​ത്ഥാ​ന​പ്പെ​ടു​ത്താ​നുള്ള കഴിവുണ്ട്. വാസ്‌ത​വ​ത്തിൽ, ഇയ്യോ​ബി​നെ ഓർക്കാൻ യഹോവ ഒരു സമയം നിശ്ചയി​ക്കു​മെന്ന് ഇയ്യോബ്‌ പ്രതീ​ക്ഷി​ച്ചു. (ഇയ്യോബ്‌ 14:13-15 വായി​ക്കുക.) ഭാവി​യിൽ എപ്പോ​ഴാണ്‌ ആ സമയ​മെന്ന് ഇയ്യോ​ബിന്‌ അറിയി​ല്ലാ​യി​രു​ന്നു. എന്നാൽ, മനുഷ്യ​ജീ​വൻ സൃഷ്ടിച്ച ദൈവ​ത്തി​നു മരിച്ചു​പോയ ഒരാളെ ഓർക്കാ​നും അയാളെ ജീവനി​ലേക്കു കൊണ്ടു​വ​രാ​നും കഴിയു​മെന്നു മാത്രമല്ല, അതു ചെയ്യു​മെ​ന്നും ഇയ്യോ​ബിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു.

16. ഒരു ദൂതൻ ദാനി​യേൽ പ്രവാ​ച​കനെ എങ്ങനെ​യാ​ണു പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌?

16 എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന വിശ്വ​സ്‌ത​നായ മറ്റൊരു വ്യക്തി​യാ​ണു ദാനി​യേൽ. പതിറ്റാ​ണ്ടു​ക​ളോ​ളം ദാനി​യേൽ ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവിച്ചു. യഹോവ ദാനി​യേ​ലിന്‌ ആവശ്യ​മായ പിന്തുണ കൊടു​ക്കു​ക​യും ചെയ്‌തു. ഒരിക്കൽ ഒരു ദൂതൻ ദാനി​യേ​ലി​നെ ‘എത്രയും പ്രിയ​പ്പെ​ട്ടവൻ’ എന്നു വിളി​ക്കു​ക​യും ധൈര്യ​മു​ള്ള​വ​നാ​യി​രി​ക്കാ​നും സമാധാ​ന​ത്തോ​ടി​രി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു.​—ദാനി. 9:22, 23; 10:11, 18, 19.

17, 18. ഭാവി​യെ​ക്കു​റിച്ച് ദൈവം ദാനി​യേ​ലിന്‌ എന്തു വാക്കു കൊടു​ത്തു?

17 ദാനി​യേ​ലിന്‌ 100 വയസ്സിന്‌ അടുത്താ​യി. ജീവി​ത​യാ​ത്ര അതിന്‍റെ അവസാ​ന​ത്തോട്‌ അടുത്തു. തനിക്കാ​യി ദൈവം എന്തു ഭാവി​യാണ്‌ കരുതി​വെ​ച്ചി​രി​ക്കു​ന്നത്‌ എന്നു ദാനി​യേൽ ചിന്തി​ച്ചു​കാ​ണും. അദ്ദേഹം വീണ്ടും ജീവി​ക്കു​മോ? തീർച്ച​യാ​യും. ദൈവം അദ്ദേഹ​ത്തി​നു കൊടുത്ത ഈ ഉറപ്പു ദാനി​യേൽ പുസ്‌ത​ക​ത്തി​ന്‍റെ അവസാനം നമ്മൾ വായി​ക്കു​ന്നു: ‘നീയോ അവസാ​നം​വരെ ഉറച്ചു​നിൽക്കുക. നീ വിശ്ര​മി​ക്കും.’ (ദാനി. 12:13) ശവക്കു​ഴി​യിൽ “ആസൂ​ത്ര​ണ​വും അറിവും ജ്ഞാനവും” ഒന്നുമി​ല്ലെ​ന്നും മരിച്ചവർ അവിടെ വിശ്ര​മി​ക്കു​ക​യാ​ണെ​ന്നും വൃദ്ധനായ ദാനി​യേ​ലിന്‌ അറിയാ​മാ​യി​രു​ന്നു. ഉടൻതന്നെ ദാനി​യേ​ലി​ന്‍റെ അവസ്ഥയും അതുത​ന്നെ​യാ​കു​മാ​യി​രു​ന്നു. (സഭാ. 9:10) പക്ഷേ അതോടെ എല്ലാം അവസാ​നി​ക്കി​ല്ലാ​യി​രു​ന്നു. യഹോവ ദാനി​യേ​ലി​നു മഹത്തായ ഒരു വാഗ്‌ദാ​നം കൊടു​ത്തു.

18 ദാനി​യേൽ പ്രവാ​ച​ക​നുള്ള സന്ദേശം ഇങ്ങനെ തുടർന്നു: “കാത്തി​രി​പ്പി​ന്‍റെ കാലം കഴിയു​മ്പോൾ നിന്‍റെ ഓഹരി​ക്കാ​യി നീ എഴു​ന്നേൽക്കും.” പക്ഷേ ഒരു തീയതി​യോ ആ കാത്തി​രിപ്പ് എത്ര കാലം നീണ്ടുനിൽക്കുമെന്നോ ഒന്നും ദാനി​യേ​ലി​നോ​ടു പറഞ്ഞില്ല. ദാനി​യേൽ മരിച്ച് ‘വിശ്ര​മി​ക്കു​മാ​യി​രു​ന്നു.’ എങ്കിലും ‘ഓഹരി​ക്കാ​യി ദാനി​യേൽ എഴു​ന്നേൽക്കും’ എന്ന വാക്കുകൾ ഭാവി​യിൽ നടക്കാ​നി​രി​ക്കുന്ന ഒരു പുനരു​ത്ഥാ​ന​ത്തി​ലേക്കു വിരൽചൂ​ണ്ടി. അതു പക്ഷേ, ‘കാത്തി​രി​പ്പി​ന്‍റെ കാലം കഴിയു​മ്പോ​ഴാ​യി​രി​ക്കും.’ അതായത്‌, ദാനി​യേൽ മരിച്ച് കുറെ കാലം കഴിഞ്ഞ്.

പുനരുത്ഥാനമുണ്ടെന്നു മാർത്ത​യെ​പ്പോ​ലെ നിങ്ങൾക്കും ഉറപ്പു​ണ്ടാ​യി​രി​ക്കാം (19, 20 ഖണ്ഡികകൾ കാണുക)

19, 20. (എ) യേശു​വി​നോ​ടു മാർത്ത പറഞ്ഞ വാക്കുകൾ ഇതുവരെ നമ്മൾ ചർച്ച ചെയ്‌ത വിവര​വു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

19 അതു​കൊണ്ട് വിശ്വ​സ്‌ത​നായ ലാസർ ‘അവസാ​ന​നാ​ളി​ലെ പുനരു​ത്ഥാ​ന​ത്തിൽ എഴു​ന്നേ​റ്റു​വ​രു​മെന്നു’ വിശ്വ​സി​ക്കാൻ മാർത്ത​യ്‌ക്കു കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ദാനി​യേ​ലി​നു കൊടുത്ത വാഗ്‌ദാ​ന​വും മാർത്ത​യു​ടെ വിശ്വാ​സ​ത്തോ​ടെ​യുള്ള വാക്കു​ക​ളും ഇന്നു ജീവി​ച്ചി​രി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾക്ക് ഈ ഉറപ്പേ​കണം: പുനരു​ത്ഥാ​നം, അതു സംഭവി​ക്കു​ക​തന്നെ ചെയ്യും.

20 കഴിഞ്ഞ കാലത്ത്‌ നടന്ന യഥാർഥ​സം​ഭ​വ​ങ്ങ​ളിൽനിന്ന് നമ്മൾ ഒരു കാര്യം മനസ്സി​ലാ​ക്കി: പുനരു​ത്ഥാ​നം സാധ്യ​മാണ്‌, മരിച്ചു​പോ​യ​വരെ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രാൻ കഴിയും. അതു​പോ​ലെ, പിന്നീട്‌ ഒരു സമയത്ത്‌ പുനരു​ത്ഥാ​നം നടക്കു​മെന്ന് വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാർ പ്രതീ​ക്ഷി​ച്ചെന്നു നമ്മൾ പഠിച്ചു. പക്ഷേ വാഗ്‌ദാ​നം ചെയ്‌ത്‌ വളരെ നാളു​കൾക്കു ശേഷം പുനരു​ത്ഥാ​നം നടക്കു​മെ​ന്ന​തി​നു എന്തെങ്കി​ലും തെളി​വു​ണ്ടോ? ഉണ്ടെങ്കിൽ മാർത്ത കാത്തി​രു​ന്ന​തു​പോ​ലെ ഭാവി​യി​ലെ പുനരു​ത്ഥാ​ന​ത്തി​നാ​യി കാത്തി​രി​ക്കാൻ അതു നമുക്കു കൂടു​ത​ലായ കാരണങ്ങൾ തരും. ഭാവി​യിൽ ആ പുനരു​ത്ഥാ​നം എപ്പോ​ഴാ​യി​രി​ക്കും സംഭവി​ക്കുക? ഈ ചോദ്യ​ങ്ങൾ അടുത്ത ലേഖന​ത്തിൽ പഠിക്കും.