വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പുരാതന ഇസ്രായേലിൽ, മൂത്ത മകന്റെ അവകാശത്തിന്റെ ഭാഗമായിരുന്നോ മിശിഹയുടെ പൂർവികനായിരിക്കാനുള്ള പദവി?
അങ്ങനെയാണെന്ന രീതിയിൽ മുമ്പ് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ചില പരാമർശങ്ങൾ വന്നിട്ടുണ്ട്. അത് എബ്രായർ 12:16-നു ചേർച്ചയിലാണെന്നാണു നമ്മൾ വിചാരിച്ചിരുന്നത്. ഏശാവ് ‘വിശുദ്ധകാര്യങ്ങളെ മാനിച്ചില്ലെന്നും’ ‘ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി മൂത്ത മകൻ എന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ (യാക്കോബിനു) വെച്ചുമാറിയെന്നും’ ആ വാക്യം പറയുന്നു. ‘മൂത്ത മകന്റെ അവകാശങ്ങൾ’ കിട്ടിയപ്പോൾ അതോടൊപ്പം മിശിഹയുടെ ഒരു പൂർവികനായിരിക്കാനുള്ള പദവിയും യാക്കോബിനു കിട്ടിയതായി ഈ വാക്യം സൂചിപ്പിക്കുന്നതുപോലെ തോന്നി.—മത്താ. 1:2, 16; ലൂക്കോ. 3:23, 34.
എങ്കിലും മിശിഹയുടെ പൂർവികനാകാൻ ഒരു വ്യക്തി മൂത്ത മകനായിരിക്കണമെന്നില്ലെന്ന് ബൈബിൾവിവരണങ്ങൾ തെളിയിക്കുന്നു. ചില തെളിവുകൾ നോക്കാം:
യാക്കോബിനു (ഇസ്രായേൽ) ലേയയിലൂടെ ജനിച്ച മൂത്ത മകൻ രൂബേനായിരുന്നു, യാക്കോബ് ഏറെ സ്നേഹിച്ച ഭാര്യയായ റാഹേലിന്റെ മൂത്ത മകനായി യോസേഫും ജനിച്ചു. പിന്നീട്, രൂബേൻ ദുഷ്പ്രവൃത്തി ചെയ്തതു കാരണം മൂത്ത മകന്റെ അവകാശം യോസേഫിനു ലഭിച്ചു. (ഉൽപ. 29:31-35; 30:22-25; 35:22-26; 49:22-26; 1 ദിന. 5:1, 2) എങ്കിലും മിശിഹ വന്നത് രൂബേനിലൂടെയോ യോസേഫിലൂടെയോ അല്ലായിരുന്നു. പകരം യാക്കോബിനു ലേയയിലുണ്ടായ നാലാമത്തെ മകനായ യഹൂദയിലൂടെ ആയിരുന്നു.—ഉൽപ. 49:10.
ലൂക്കോസ് 3:32-ൽ മിശിഹയുടെ വംശാവലിയിലെ അഞ്ചു പേരെക്കുറിച്ച് പറഞ്ഞിരിക്കുന്നു. അവരെല്ലാം മൂത്ത മക്കളായിരുന്നിരിക്കണം. ഉദാഹരണത്തിന്, ബോവസിനു ഓബേദ് ജനിച്ചു. ഓബേദിന്റെ മകനായിരുന്നു യിശ്ശായി.—രൂത്ത് 4:17, 20-22; 1 ദിന. 2:10-12.
എന്നാൽ ദാവീദ് യിശ്ശായിയുടെ മൂത്ത മകനല്ലായിരുന്നു. യിശ്ശായിയുടെ എട്ടു മക്കളിൽ അവസാനത്തെയാളായിരുന്നു ദാവീദ്. എങ്കിലും ദാവീദിലൂടെയാണു മിശിഹ ജനിച്ചത്. (1 ശമു. 16:10, 11; 17:12; മത്താ. 1:5, 6) അതുപോലെ മിശിഹയുടെ വംശാവലിയിലെ അടുത്ത കണ്ണിയായിരുന്ന ശലോമോൻ ദാവീദിന്റെ മൂത്ത മകനല്ലായിരുന്നു.—2 ശമു. 3:2-5.
എന്നാൽ മൂത്ത മകന് യാതൊരു പ്രാധാന്യവുമില്ലെന്നാണോ ഇതിനർഥം? അല്ല. അദ്ദേഹത്തിന് ആദരണീയമായ ഒരു സ്ഥാനമുണ്ടായിരുന്നു. അടുത്ത കുടുംബത്തലവനാകുമായിരുന്ന അദ്ദേഹത്തിനു സ്വത്തിന്റെ ഇരട്ടി ഓഹരിയും ലഭിക്കുമായിരുന്നു.—ഉൽപ. 43:33; ആവ. 21:17; യോശു. 17:1.
എന്നാൽ മൂത്ത മകന്റെ അവകാശം വേറൊരു മകനു കൊടുക്കാനും കഴിയുമായിരുന്നു. ഉദാഹരണത്തിന്, അബ്രാഹാം മൂത്ത മകനായ യിശ്മായേലിനെ പറഞ്ഞയച്ചുകൊണ്ട് ആ അവകാശം യിസ്ഹാക്കിനു കൊടുത്തു. (ഉൽപ. 21:14-21; 22:2) നേരത്തെ സൂചിപ്പിച്ചതുപോലെ മൂത്ത മകന്റെ അവകാശം രൂബേനു കൊടുക്കാതെ യാക്കോബ് യോസേഫിനാണു കൊടുത്തത്.
എബ്രായർ 12:16-ലെ വാക്കുകൾ നമുക്ക് ഒന്നുകൂടി നോക്കാം: “അധാർമികപ്രവൃത്തികൾ ചെയ്യുന്നവരോ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി മൂത്ത മകൻ എന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ വെച്ചുമാറിയ ഏശാവിനെപ്പോലെ വിശുദ്ധകാര്യങ്ങളെ മാനിക്കാത്തവരോ നിങ്ങളുടെ ഇടയിലില്ലെന്ന് ഉറപ്പു വരുത്തുക.” എന്താണ് ഈ വാക്കുകളുടെ അർഥം?
മിശിഹയുടെ വംശാവലിയെക്കുറിച്ചല്ല അപ്പോസ്തലനായ പൗലോസ് ഇവിടെ ചർച്ച ചെയ്യുന്നത്. ക്രിസ്ത്യാനികളോട് അവരുടെ ‘പാദങ്ങൾക്കു നേരായ പാത ഒരുക്കാൻ’ അദ്ദേഹം പറഞ്ഞുകഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവർക്കു “ദൈവത്തിന്റെ അനർഹദയ നേടുന്നെന്ന്” ഉറപ്പു വരുത്താമായിരുന്നു. എന്നാൽ ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടിരുന്നെങ്കിൽ അവർക്ക് അതു നഷ്ടപ്പെടുമായിരുന്നു. (എബ്രാ. 12:12-16) അങ്ങനെ സംഭവിച്ചാൽ അവർ ഏശാവിനെപ്പോലെയാകും. ‘വിശുദ്ധകാര്യങ്ങളെ മാനിക്കുന്നതിൽ’ ഏശാവ് പരാജയപ്പെട്ടു, അതായത് വിശുദ്ധകാര്യങ്ങളെ തുച്ഛീകരിച്ചു.
ഗോത്രപിതാക്കന്മാരുടെ കാലത്താണു ഏശാവ് ജീവിച്ചിരുന്നത്. ബലികൾ അർപ്പിക്കാനുള്ള പദവി ഇടയ്ക്കൊക്കെ അദ്ദേഹത്തിനു ലഭിച്ചിരുന്നിരിക്കാം. (ഉൽപ. 8:20, 21; 12:7, 8; ഇയ്യോ. 1:4, 5) ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിച്ച ഏശാവ് ഒരു കപ്പ് സൂപ്പിനുവേണ്ടി ആ പദവികളെല്ലാം വലിച്ചെറിഞ്ഞു. അബ്രാഹാമിന്റെ സന്തതി അനുഭവിക്കുമെന്നു മുൻകൂട്ടിപ്പറഞ്ഞ കഷ്ടപ്പാടുകൾ ഒഴിവാക്കാൻ ഏശാവ് ആഗ്രഹിച്ചിരുന്നിരിക്കണം. (ഉൽപ. 15:13) യഹോവയെ ആരാധിക്കാത്ത രണ്ടു സ്ത്രീകളെ വിവാഹം കഴിച്ചുകൊണ്ട് മാതാപിതാക്കളെ നിരാശയിലാഴ്ത്തിയ ഏശാവ് അശുദ്ധമായതിനോടാണു തനിക്കു ചായ്വെന്നു വീണ്ടും തെളിയിച്ചു. (ഉൽപ. 26:34, 35) സത്യദൈവത്തെ ആരാധിക്കുന്ന ഒരാളെ മാത്രമേ വിവാഹംകഴിക്കൂ എന്നു തീരുമാനിച്ച യാക്കോബിൽനിന്ന് എത്ര വ്യത്യസ്തനായിരുന്നു ഏശാവ്!—ഉൽപ. 28:6, 7; 29:10-12, 18.
അതുകൊണ്ട് മിശിഹയായ യേശുവിന്റെ വംശാവലിയെക്കുറിച്ച് നമുക്ക് എന്തു നിഗമനത്തിലെത്താം? ചിലപ്പോഴൊക്കെ ആ കണ്ണി മൂത്ത മകനായിരുന്നു, എന്നാൽ എപ്പോഴും അങ്ങനെയല്ലായിരുന്നു. ജൂതന്മാരും ഈ കാര്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് യിശ്ശായിയുടെ ഏറ്റവും ഇളയ മകനായ ദാവീദിലൂടെയാണു ക്രിസ്തു വരുന്നതെന്ന് അവർ പറഞ്ഞത്.—മത്താ. 22:42.