യുവജനങ്ങളേ, “സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക”
“നിങ്ങൾ എപ്പോഴും അനുസരിക്കാറുള്ളതുപോലെ, . . . ഭയത്തോടും വിറയലോടും കൂടെ സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക.”—ഫിലി. 2:12.
1. സ്നാനം ഒരു സുപ്രധാനപടിയായിരിക്കുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
ഓരോ വർഷവും ആയിരക്കണക്കിനു ബൈബിൾവിദ്യാർഥികളാണു സ്നാനപ്പെടുന്നത്. അതിൽ കൗമാരക്കാരും കുട്ടികളും ഉൾപ്പെടെ ധാരാളം ചെറുപ്പക്കാരുണ്ട്. സത്യത്തിലുള്ള മാതാപിതാക്കൾ വളർത്തിക്കൊണ്ടുവന്നതായിരിക്കാം അവരിൽ പലരെയും. നിങ്ങൾ അവരിൽ ഒരാളാണോ? എങ്കിൽ നിങ്ങളെടുത്ത തീരുമാനം അഭിനന്ദനം അർഹിക്കുന്നു. സ്നാനം ക്രിസ്ത്യാനികൾക്കുള്ള ഒരു നിബന്ധനയാണ്. രക്ഷ നേടുന്നതിന് അതിപ്രധാനമായ ഒരു പടിയാണ് അത്.—മത്താ. 28:19, 20; 1 പത്രോ. 3:21.
2. ദൈവത്തിനു സമർപ്പിക്കുന്ന കാര്യത്തിൽ പേടിച്ച് പിന്മാറിനിൽക്കരുതാത്തത് എന്തുകൊണ്ട്?
2 സ്നാനം അനേകം അനുഗ്രഹങ്ങളിലേക്കുള്ള ഒരു വാതിലാണ്. എന്നാൽ അതോടൊപ്പം പല ഉത്തരവാദിത്വങ്ങളും വന്നുചേരുന്നു. എങ്ങനെ? സ്നാനപ്പെട്ട ദിവസം നിങ്ങളോട് ഈ ചോദ്യം ചോദിച്ചു: “യേശുക്രിസ്തുവിന്റെ ബലിമരണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ സ്വന്തപാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും യഹോവയുടെ ഇഷ്ടം ചെയ്യാൻ നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും ചെയ്തിട്ടുണ്ടോ?” ഇതിനു നിങ്ങൾ ‘ഉവ്വ്’ എന്ന് ഉത്തരം പറഞ്ഞു. നിങ്ങൾ യഹോവയ്ക്കു സമർപ്പിച്ചെന്നതിന്റെ തെളിവായിരുന്നു സ്നാനം. സമർപ്പിച്ചപ്പോൾ, നിങ്ങൾ യഹോവയെ സ്നേഹിച്ചുകൊള്ളാമെന്നും എല്ലാറ്റിനും ഉപരിയായി യഹോവയുടെ ഇഷ്ടം ചെയ്തുകൊള്ളാമെന്നും യഹോവയ്ക്കു
വാക്കു കൊടുത്തു. ഇതു ഗൗരവമേറിയ ഒരു പ്രതിജ്ഞയാണ്. ആ പ്രതിജ്ഞയെടുത്തതിൽ നിങ്ങൾക്കു ഖേദം തോന്നേണ്ടതുണ്ടോ? ഒരിക്കലുമില്ല. യഹോവയുടെ കൈകളിലേക്കു നിങ്ങളെ വിട്ടുകൊടുക്കുന്നത് ഒരിക്കലും തെറ്റായ ഒരു തീരുമാനമല്ല. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ നിങ്ങളുടെ അവസ്ഥ എന്തായിരുന്നേനേ എന്ന് ഒരു നിമിഷം ചിന്തിക്കുക. യഹോവയുമായി ബന്ധമില്ലെങ്കിൽ നിങ്ങൾ സാത്താന്റെ ഭരണത്തിൻകീഴിലായിരിക്കും. നിങ്ങൾ രക്ഷപ്പെടണമെന്ന് അവനു യാതൊരു താത്പര്യവുമില്ല. യഹോവയുടെ പരമാധികാരത്തെ തള്ളിക്കളഞ്ഞ് നിങ്ങൾ അവന്റെ പക്ഷം ചേരാനാണു സാത്താൻ ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്ത് നിങ്ങളുടെ നിത്യജീവൻ നഷ്ടമാകുന്നതു കാണാൻ അവനു സന്തോഷമേ ഉള്ളൂ.3. യഹോവയ്ക്കു നിങ്ങളെ സമർപ്പിച്ചതുകൊണ്ട് നിങ്ങൾക്ക് എന്തൊക്കെ അനുഗ്രഹങ്ങൾ ലഭിച്ചു?
3 സാത്താനെ പിന്തുണയ്ക്കുന്നതിനു പകരം, യഹോവയ്ക്കു നിങ്ങളുടെ ജീവിതം സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്തതുകൊണ്ട് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുക. യഹോവയ്ക്കു ജീവിതം വിട്ടുകൊടുത്തിരിക്കുന്നതുകൊണ്ട് നിങ്ങൾക്കു തികഞ്ഞ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയാനാകും: “യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും?” (സങ്കീ. 118:6) ദൈവത്തിന്റെ പക്ഷത്തായിരിക്കാനും ദൈവത്തിന്റെ അംഗീകാരം നേടാനും ഉള്ള പദവിയാണു നിങ്ങൾക്കു കിട്ടിയിരിക്കുന്നത്. അതിലും മഹത്തായ മറ്റ് എന്താണുള്ളത്!
ഓരോരുത്തരുടെയും ഉത്തരവാദിത്വം
4, 5. (എ) സമർപ്പണം വ്യക്തിപരമായ ഉത്തരവാദിത്വമാണെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) യുവാക്കൾ ഉൾപ്പെടെ എല്ലാവരും നേരിടേണ്ടിവരുന്ന പരിശോധനകൾ ഏതൊക്കെ?
4 സ്നാനമേൽക്കുന്നതോടെ നിങ്ങൾ യഹോവയുമായി ഒരു ബന്ധത്തിലേക്കു വരുന്നു. അവകാശമായി കിട്ടുന്ന കുടുംബസ്വത്തുപോലെയല്ല ഇത്. നിങ്ങൾ മാതാപിതാക്കളുടെ കൂടെയാണു താമസിക്കുന്നതെങ്കിൽപ്പോലും സ്വന്തം രക്ഷയ്ക്കായി നിങ്ങൾതന്നെ പ്രവർത്തിക്കണം. ഇക്കാര്യം ഒരിക്കലും മറന്നുപോകരുത്. കാരണം ഭാവിയിൽ നിങ്ങൾക്ക് എന്തൊക്കെ പരിശോധനകളുണ്ടാകുമെന്നു മുൻകൂട്ടിപ്പറയാനാകില്ല. ഉദാഹരണത്തിന്, ചെറുപ്രായത്തിലേ സ്നാനമേറ്റ ഒരു കുട്ടിക്കു കൗമാരത്തിലെത്തുമ്പോൾ അതുവരെ നേരിട്ടിട്ടില്ലാത്ത സമ്മർദങ്ങളെ നേരിടേണ്ടിവന്നേക്കാം. കൗമാരപ്രായത്തിലുള്ള ഒരു പെൺകുട്ടി അതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “സ്കൂളിൽവെച്ച് ഒരു കഷണം ബർത്ത്ഡേ കേക്ക് കഴിക്കാൻ പറ്റിയില്ലെന്നു വിചാരിച്ച് യഹോവയുടെ സാക്ഷിയായിരിക്കുന്നതിൽ ഒരു കുട്ടിക്കും വിഷമം തോന്നണമെന്നില്ല. പക്ഷേ, ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ലൈംഗികതയിൽ ഏർപ്പെടാനുള്ള ആഗ്രഹം ശക്തമാകും. യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ആ പ്രായത്തിലുള്ള കുട്ടികൾക്കു പൂർണബോധ്യമുണ്ടായിരിക്കണം.”
5 യുവജനങ്ങളായ നിങ്ങൾക്കു മാത്രമല്ല പരിശോധനകളുണ്ടാകുന്നത്. സ്നാനമേറ്റ മുതിർന്നവർക്കും വിശ്വാസത്തിന്റെ അപ്രതീക്ഷിതമായ പരിശോധനകളുണ്ടാകും. രോഗങ്ങളും കുടുംബജീവിതത്തിലെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ഒക്കെ അതിൽ ഉൾപ്പെട്ടേക്കാം. അതുകൊണ്ട് ഏതു പ്രായക്കാരായാലും നമ്മൾ ഓരോരുത്തരും പരിശോധനകളുണ്ടാകുമ്പോൾ യഹോവയോടു വിശ്വസ്തരായിരിക്കണം.—യാക്കോ. 1:12-14.
6. (എ) ഏത് അർഥത്തിലാണ് യഹോവയ്ക്കു നിങ്ങൾ നടത്തിയ സമർപ്പണം നിരുപാധികമായിരിക്കുന്നത്? (ബി) ഫിലിപ്പിയർ 4:11-13-ൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം?
6 യഹോവയ്ക്കു നിങ്ങൾ സ്വയം സമർപ്പിച്ചതു നിരുപാധികമായിട്ടാണ്. അതായത്, എന്തൊക്കെ പരിശോധനകളുണ്ടായാലും യഹോവയെ സേവിക്കുന്നതിൽ തുടരുമെന്നു പ്രപഞ്ചത്തിന്റെ പരമാധികാരിക്കു നിങ്ങൾ വാക്കു കൊടുത്തു. കൂട്ടുകാരോ മാതാപിതാക്കളോ യഹോവയെ സേവിക്കുന്നതു നിറുത്തിയാൽപ്പോലും നിങ്ങൾ യഹോവയെ സേവിക്കുന്നതു നിറുത്തില്ല എന്നാണു പറഞ്ഞത്. ഇക്കാര്യം ഓർക്കുന്നതു പരിശോധനകളുണ്ടാകുമ്പോൾ വിശ്വസ്തരായി നിൽക്കാൻ സഹായിക്കും. (സങ്കീ. 27:10) ഏതു സാഹചര്യത്തിലും, സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള കരുത്ത് യഹോവയുടെ സഹായത്താൽ നിങ്ങൾക്കു ലഭിക്കും.—ഫിലിപ്പിയർ 4:11-13 വായിക്കുക.
7. “ഭയത്തോടും വിറയലോടും കൂടെ” സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക എന്നു പറയുന്നതിന്റെ അർഥം എന്താണ്?
7 നിങ്ങൾ യഹോവയുടെ ഒരു സുഹൃത്തായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. പക്ഷേ, ആ സൗഹൃദം നിലനിറുത്തുന്നതിനും രക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തിക്കുന്നതിനും നിങ്ങൾ കഠിനശ്രമം ചെയ്യണം. ഫിലിപ്പിയർ 2:12 ഇങ്ങനെ പറയുന്നു: “ഭയത്തോടും വിറയലോടും കൂടെ സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക.” യഹോവയുമായുള്ള സൗഹൃദം നിലനിറുത്തുന്നതിനും പരിശോധനകളുണ്ടായാലും യഹോവയോടു വിശ്വസ്തരായി തുടരുന്നതിനും നല്ല ശ്രമം നടത്തണമെന്നാണ് ആ വാക്കുകൾ സൂചിപ്പിക്കുന്നത്. നമ്മുടെ വിശ്വസ്തതയ്ക്ക് ഒരിക്കലും ഒരു കോട്ടവും തട്ടില്ലെന്നു വിചാരിക്കരുത്. യഹോവയെ ദീർഘകാലം സേവിച്ചവർപോലും പിന്നീട് അവിശ്വസ്തരായിത്തീർന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ നിങ്ങളുടെ രക്ഷയ്ക്കുവേണ്ടി നിങ്ങൾക്ക് എങ്ങനെ പരിശ്രമിക്കാൻ കഴിയും?
ബൈബിൾ പഠിക്കുക
8. വ്യക്തിപരമായ പഠനത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
8 യഹോവയുടെ സുഹൃത്താകുന്നതിന് ആശയവിനിമയം കൂടിയേ തീരൂ. നമ്മൾ യഹോവ പറയുന്നതു ശ്രദ്ധിക്കണം, യഹോവയോടു സംസാരിക്കുകയും വേണം. യഹോവ പറയുന്നതു ശ്രദ്ധിക്കാനുള്ള പ്രമുഖവിധം വ്യക്തിപരമായ ബൈബിൾപഠനമാണ്. അതിൽ ദൈവവചനവും ബൈബിളധിഷ്ഠിതപ്രസിദ്ധീകരണങ്ങളും വായിക്കുന്നതും ധ്യാനിക്കുന്നതും ഉൾപ്പെടുന്നു. ബൈബിൾ പഠിക്കുന്നതു വെറുതേ കുറെ അറിവ് നേടാൻവേണ്ടി മാത്രമായിരിക്കരുത്. പരീക്ഷയിൽ ജയിക്കാൻവേണ്ടി കുറെ കാര്യങ്ങൾ കാണാതെ പഠിക്കുന്നതുപോലെയല്ല ബൈബിൾ പഠിക്കേണ്ടത്. പകരം അത് ഒരു യാത്ര പോലെയാണ്. യഹോവയുടെ വ്യക്തിത്വത്തിന്റെ പുതിയ വശങ്ങൾ കണ്ടെത്താൻ ദൈവവചനത്തിലൂടെ യാത്ര ചെയ്യണം. അപ്പോൾ ദൈവത്തോടു കൂടുതൽ അടുക്കാൻ നിങ്ങൾക്കു കഴിയും. ദൈവം നിങ്ങളോടും കൂടുതൽ അടുക്കും.—യാക്കോ. 4:8.
9. വ്യക്തിപരമായി പഠിക്കാൻ നിങ്ങളെ സഹായിച്ചിരിക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയാണ്?
9 നല്ലൊരു പഠനപരിപാടിക്കുവേണ്ട ധാരാളം സഹായങ്ങൾ യഹോവയുടെ സംഘടന തന്നിട്ടുണ്ട്. അതിലൊന്നാണ് jw.org-ൽ “കൗമാരക്കാർ” എന്നതിനു കീഴിൽ “ബൈബിൾപഠനം രസകരമാക്കാം” എന്ന ഭാഗം. ബൈബിൾസംഭവങ്ങളിൽനിന്നുള്ള പാഠങ്ങൾ പഠിക്കാൻ അതു നിങ്ങളെ സഹായിക്കും. അതുപോലെ, നമ്മുടെ വെബ്സൈറ്റിലെ “ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?” പഠനസഹായികൾ ഉപയോഗിക്കുന്നെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളിലുള്ള ബോധ്യം വർധിക്കും. ബൈബിൾപഠനം രസകരമാക്കാനുള്ള മറ്റ് ആശയങ്ങൾ 2009 ജൂലൈ ലക്കം ഉണരുക!-യിലെ “യുവജനങ്ങൾ ചോദിക്കുന്നു—ബൈബിൾവായന രസകരമാക്കാൻ എങ്ങനെ കഴിയും?” എന്ന ലേഖനത്തിൽ കാണാം. സ്വന്തരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കുന്നതിൽ പഠനത്തിനും ധ്യാനത്തിനും ഒരു സുപ്രധാനപങ്കുണ്ട്.—സങ്കീർത്തനം 119:105 വായിക്കുക.
പ്രാർഥിക്കുക
10. സ്നാനമേറ്റ ഒരു ക്രിസ്ത്യാനി പ്രാർഥിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
10 യഹോവ പറയുന്ന കാര്യങ്ങൾ കേൾക്കാവുന്ന ഒരു വിധം വ്യക്തിപരമായി പഠിക്കുന്നതാണെന്നു നമ്മൾ കണ്ടു. യഹോവയോടു നമ്മൾ സംസാരിക്കുന്നതു പ്രാർഥനയിലൂടെയാണ്. പ്രാർഥനയെ നിരർഥകമായ ഒരു ചടങ്ങായിട്ടല്ല ക്രിസ്ത്യാനികൾ കാണേണ്ടത്, അതു കാര്യസാധ്യത്തിനുവേണ്ടി നടത്തുന്ന ക്രിയകളുമല്ല. അതു നമ്മുടെ സ്രഷ്ടാവുമായുള്ള സംഭാഷണമാണ്. നിങ്ങൾ പറയുന്നതു കേൾക്കാൻ യഹോവ ആഗ്രഹിക്കുന്നു. (ഫിലിപ്പിയർ 4:6 വായിക്കുക.) എന്തെങ്കിലും ഉത്കണ്ഠയുള്ളപ്പോൾ “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക” എന്നാണു ബൈബിൾ പറഞ്ഞിരിക്കുന്നത്. (സങ്കീ. 55:22) ലക്ഷക്കണക്കിനു സഹോദരീസഹോദരന്മാർ ആ വാക്കുകളുടെ സത്യത തിരിച്ചറിഞ്ഞിരിക്കുന്നു. ഉത്കണ്ഠകളുണ്ടാകുമ്പോൾ പ്രാർഥിക്കുന്നതു നിങ്ങളെയും സഹായിക്കും.
11. നിങ്ങൾ യഹോവയ്ക്ക് എപ്പോഴും നന്ദി പറയേണ്ടത് എന്തുകൊണ്ട്?
11 സഹായത്തിനുവേണ്ടിയുള്ള അപേക്ഷകൾ മാത്രമായിരിക്കരുത് പ്രാർഥന. ബൈബിൾ പറയുന്നു: “നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കുകയും വേണം.” (കൊലോ. 3:15) ചിലപ്പോൾ, നമ്മുടെ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധിച്ചിട്ട്, നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ കാണാതെപോയേക്കാം. ദിവസവും യഹോവയോടു നന്ദി പറയാനുള്ള മൂന്നു കാര്യങ്ങളെക്കുറിച്ചെങ്കിലും ചിന്തിക്കാൻ നിങ്ങൾക്കു കഴിയുമോ? പ്രാർഥിക്കുമ്പോൾ ആ അനുഗ്രഹങ്ങൾക്ക് യഹോവയോടു നന്ദി പറയുക. 12 വയസ്സുള്ളപ്പോൾ സ്നാനമേറ്റ അബീഗയിൽ എന്ന കൗമാരക്കാരി പറയുന്നു: “ഈ പ്രപഞ്ചത്തിൽ മറ്റാരെക്കാളും നന്ദി അർഹിക്കുന്നത് യഹോവയാണ്. യഹോവ തന്ന ദാനങ്ങൾക്ക് എല്ലായ്പോഴും നമ്മൾ നന്ദി നൽകേണ്ടതുണ്ട്. ഒരിക്കൽ ഞാൻ ഇങ്ങനെയൊരു രസകരമായ കാര്യം കേട്ടു: ‘ഇന്ന് യഹോവയ്ക്കു നന്ദി പറഞ്ഞ കാര്യങ്ങൾ മാത്രമാണു നാളെ ഉണരുമ്പോൾ നമുക്കുള്ളതെങ്കിൽ, നാളെ നമുക്ക് എന്തൊക്കെ കാണും?’” *
യഹോവയുടെ സഹായം അനുഭവിച്ചറിയുക
12, 13. നിങ്ങൾ യഹോവയുടെ നന്മ രുചിച്ചറിഞ്ഞ വിധങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
12 തീവ്രമായ പരിശോധനകളിലൂടെ കടന്നുപോയപ്പോഴെല്ലാം സഹിച്ചുനിൽക്കാൻ യഹോവ ദാവീദ് രാജാവിനെ സഹായിച്ചു. സ്വന്തം അനുഭവത്തിൽനിന്ന് ദാവീദിന് ഇങ്ങനെ പാടാൻ കഴിഞ്ഞു: “യഹോവ നല്ലവനെന്നു രുചിച്ചറിയൂ! ദൈവത്തിൽ അഭയം തേടുന്ന മനുഷ്യൻ സന്തുഷ്ടൻ.” (സങ്കീ. 34:8) ഈ വാക്യം യഹോവയുടെ സഹായം സ്വയം അനുഭവിച്ചറിയുന്നതിന്റെ മൂല്യം വ്യക്തമാക്കുന്നു. വിശ്വസ്തരായി നിൽക്കാൻ ദൈവം മറ്റുള്ളവരെ സഹായിച്ചതിന്റെ പ്രോത്സാഹനം പകരുന്ന അനുഭവങ്ങൾ ബൈബിളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും മീറ്റിങ്ങുകളിലൂടെയും നമ്മൾ കേൾക്കാറുണ്ട്. പക്ഷേ, യഹോവയുമായുള്ള ബന്ധം ശക്തമാകുന്നതിന് അതു മാത്രം മതിയോ? പോരാ. യഹോവയുടെ കൈ നിങ്ങളുടെ സ്വന്തം ജീവിതത്തിൽ പ്രവർത്തിക്കുന്നതു നിങ്ങൾ അനുഭവിച്ചറിയണം. നിങ്ങൾ എങ്ങനെയാണ് യഹോവയുടെ നന്മ വ്യക്തിപരമായി രുചിച്ചറിഞ്ഞിരിക്കുന്നത്?
13 ഓരോ ക്രിസ്ത്യാനിയും യഹോവയുടെ നന്മ രുചിച്ചറിഞ്ഞിരിക്കുന്ന ഒരു പ്രത്യേകവിധമുണ്ട്. ദൈവത്തോടും പുത്രനോടും അടുക്കാനുള്ള ക്ഷണം ലഭിച്ചതാണ് അത്. യേശു പറഞ്ഞു: “എന്നെ അയച്ച പിതാവ് ആകർഷിക്കാതെ ഒരു മനുഷ്യനും എന്റെ അടുത്ത് വരാൻ കഴിയില്ല.” (യോഹ. 6:44) നിങ്ങളെ യഹോവ ആകർഷിച്ചിരിക്കുന്നതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? ഒരു യുവവ്യക്തി ഇങ്ങനെ ചിന്തിച്ചേക്കാം: ‘യഹോവ എന്റെ മാതാപിതാക്കളെ ആകർഷിച്ചു. അവർ പോയ വഴിയേ ഞാനും പോയെന്നേ ഉള്ളൂ.’ പക്ഷേ, യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്തതിലൂടെ നിങ്ങൾ യഹോവയുമായി ഒരു വ്യക്തിപരമായ ബന്ധത്തിലേക്കു വന്നതാണെന്ന കാര്യം മറക്കരുത്. അതോടെ നിങ്ങൾ ‘ദൈവം അറിയുന്ന’ ഒരാളായിത്തീർന്നു. ബൈബിൾ ഈ ഉറപ്പു തരുന്നു: “ഒരാൾ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ ദൈവം അയാളെ അറിയുന്നു.” (1 കൊരി. 8:3) അതുകൊണ്ട് യഹോവയുടെ സംഘടനയിൽ നിങ്ങൾക്കുള്ള സ്ഥാനം എല്ലായ്പോഴും നിധിപോലെ കാത്തുസൂക്ഷിക്കുക.
14, 15. വിശ്വാസം ശക്തമാക്കാൻ ശുശ്രൂഷ നിങ്ങളെ എങ്ങനെ സഹായിക്കും?
14 നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയുമ്പോൾ നിങ്ങൾക്ക് യഹോവയുടെ പിന്തുണ അനുഭവിച്ചറിയാനാകും. യഹോവയെ രുചിച്ചറിയാനുള്ള മറ്റൊരു വിധമാണ് അത്. അതിനുള്ള നല്ല അവസരങ്ങൾ ശുശ്രൂഷയിലും സ്കൂളിലും ലഭിക്കും. സ്കൂളിൽ കൂട്ടുകാരോടു സത്യത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങളിൽ പലർക്കും അല്പം ബുദ്ധിമുട്ടായിരിക്കും, ഒരു കൂട്ടത്തോടാണെങ്കിൽ പ്രത്യേകിച്ചും. കൂട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്നതായിരിക്കാം നിങ്ങളുടെ ഉത്കണ്ഠ. നിങ്ങളെ എന്തു സഹായിക്കും?
15 ആദ്യംതന്നെ നിങ്ങളുടെ വിശ്വാസങ്ങൾ ശരിയാണെന്നു നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ടെന്നു ചിന്തിക്കുക. jw.org-ലുള്ള പഠനസഹായികൾ നിങ്ങളുടെ ഭാഷയിൽ ലഭ്യമാണോ? എങ്കിൽ അതു നന്നായി ഉപയോഗിക്കുക. നിങ്ങൾ എന്താണു വിശ്വസിക്കുന്നതെന്നും എന്തുകൊണ്ടാണ് അതു വിശ്വസിക്കുന്നതെന്നും നിങ്ങളുടെ വിശ്വാസങ്ങൾ എങ്ങനെ മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കാമെന്നും യിരെ. 20:8, 9.
ചിന്തിക്കാൻ സഹായിക്കുന്ന രീതിയിലാണ് അവ തയ്യാറാക്കിയിരിക്കുന്നത്. വിശ്വാസങ്ങളെക്കുറിച്ച് നിങ്ങൾക്കു ശക്തമായ ബോധ്യമുണ്ടായിരിക്കുകയും നന്നായി തയ്യാറാകുകയും ചെയ്യുന്നെങ്കിൽ യഹോവയുടെ നാമത്തിന് സാക്ഷ്യം കൊടുക്കാൻ നിങ്ങൾക്കു സ്വാഭാവികമായും തോന്നും.—16. നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള മടി എങ്ങനെ മറികടക്കാം?
16 എന്നാൽ നന്നായി തയ്യാറായിട്ടുണ്ടെങ്കിലും ചിലപ്പോൾ സംസാരിക്കാൻ മടി തോന്നിയേക്കാം. 13 വയസ്സുള്ളപ്പോൾ സ്നാനമേറ്റ 18-കാരിയായ ഒരു സഹോദരി ഇങ്ങനെ പറയുന്നു: “എന്റെ വിശ്വാസങ്ങളെക്കുറിച്ച് എനിക്കു നന്നായി അറിയാം. പക്ഷേ അതു പറഞ്ഞ് ഫലിപ്പിക്കാനാണു ബുദ്ധിമുട്ട്.” ഈ പ്രശ്നത്തെ സഹോദരി എങ്ങനെയാണു മറികടന്നത്? അവൾ പറയുന്നു: “എന്റെ കൂട്ടുകാർ അവർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒരു മടിയും കൂടാതെ എല്ലാം തുറന്നുപറയാറുണ്ട്. ഞാനും അതുപോലെ ചെയ്താൽ മതിയല്ലോ. എന്റെ വിശേഷങ്ങളൊക്കെ പറയുന്നതിന്റെ കൂട്ടത്തിൽ സാധാരണപോലെ ഇങ്ങനെ എന്തെങ്കിലും പറയും, ‘കഴിഞ്ഞ ദിവസം ഞാൻ ബൈബിൾ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ . . . ’ ആ സമയത്ത് നേരിട്ട് ബൈബിൾവിഷയങ്ങളല്ല പറയുന്നതെങ്കിലും ഞാൻ ബൈബിളിൽനിന്ന് എന്താണു പഠിപ്പിക്കുന്നതെന്ന് അറിയാൻ കൂട്ടുകാർക്ക് ആകാംക്ഷ തോന്നും. ചിലപ്പോൾ അവർ എന്നോടു ചോദ്യങ്ങൾ ചോദിക്കും. പല പ്രാവശ്യം ഉപയോഗിച്ച് ഈ രീതി എനിക്ക് ഇപ്പോൾ നല്ല വശമായി. കൂട്ടുകാരോടു സംസാരിച്ചുകഴിയുമ്പോൾ എനിക്കു ഒരുപാട് സന്തോഷം തോന്നും.”
17. നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം എന്താണ്?
17 മറ്റുള്ളവരെ മാനിക്കുകയും അവരോട് ആത്മാർഥമായ താത്പര്യം കാണിക്കുകയും ചെയ്യുന്നെങ്കിൽ അവർ തിരിച്ചും അങ്ങനെതന്നെ ചെയ്തേക്കാം. കുട്ടിയായിരുന്നപ്പോൾ സ്നാനമേറ്റ 17-കാരിയായ ഒലീവിയ ഇങ്ങനെ പറഞ്ഞു: “സംസാരിക്കുന്നതിനിടെ ബൈബിളിനെക്കുറിച്ച് ഞാൻ എന്തെങ്കിലും പറഞ്ഞാൽ ആളുകൾ എന്നെ ഒരു മതഭ്രാന്തിയായി കാണുമോ എന്ന് എനിക്കു പേടിയുണ്ടായിരുന്നു.” ഉത്കണ്ഠപ്പെടുത്തുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചായിരുന്നു ഒലീവിയ എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നത്. പക്ഷേ, പിന്നീട് ഒലീവിയ മാറിചിന്തിക്കാൻ തുടങ്ങി. അവൾ പറയുന്നു: “മിക്ക കുട്ടികൾക്കും യഹോവയുടെ സാക്ഷികളെക്കുറിച്ച് ഒന്നുംതന്നെ അറിയില്ല. സാക്ഷികളായി നമ്മളെ മാത്രമേ അവർക്കു പരിചയം കാണൂ. നമ്മൾ ഇടപെടുന്ന വിധമനുസരിച്ചായിരിക്കും അവർ പ്രതികരിക്കുന്നത്. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാൻ നമുക്കു നാണക്കേടോ മടിയോ, ഇനി സംസാരിച്ചുതുടങ്ങുമ്പോൾ പരുങ്ങലോ ഉണ്ടെന്ന് അവർക്കു തോന്നിയാൽ എന്തു സംഭവിക്കും? യഹോവയുടെ സാക്ഷിയായിരിക്കുന്നതിൽ നമുക്കു കുറച്ചിൽ തോന്നുന്നുണ്ടെന്ന് അവർ കരുതിയേക്കാം. ആത്മവിശ്വാസമില്ലാതെ ഇടപെടുന്നതുകൊണ്ട് അവർ മര്യാദയില്ലാതെ നമ്മളോട് പ്രതികരിക്കാനും സാധ്യതയുണ്ട്. എന്നാൽ സാധാരണകാര്യങ്ങൾ എങ്ങനെ സംസാരിക്കുമോ അതുപോലെ നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കുക. ബോധ്യത്തോടെ, പിരിമുറുക്കമില്ലാതെ സംസാരിക്കുമ്പോൾ അവർ നമ്മളെ ബഹുമാനിക്കാനുള്ള സാധ്യത കൂടുതലാണ്.”
സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക
18. സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
18 സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണെന്നു നമ്മൾ കണ്ടു. ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതും യഹോവയോടു പ്രാർഥിക്കുന്നതും യഹോവ നിങ്ങളെ വ്യക്തിപരമായി സഹായിച്ചതിനെക്കുറിച്ച് ചിന്തിക്കുന്നതും ‘പരിശ്രമിക്കുന്നതിൽ’ ഉൾപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുമ്പോൾ യഹോവ നിങ്ങളുടെ സുഹൃത്താണെന്ന കാര്യം നിങ്ങൾക്കു കൂടുതൽ വ്യക്തമാകും. അപ്പോൾ നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾ പ്രചോദിതരാകും.—സങ്കീർത്തനം 73:28 വായിക്കുക.
19. സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിക്കുന്നത് മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
19 യേശു പറഞ്ഞു: “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കട്ടെ.” (മത്താ. 16:24) യേശുവിനെ അനുഗമിക്കണമെങ്കിൽ ഓരോ ക്രിസ്ത്യാനിയും യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനപ്പെടുകയും വേണം. പക്ഷേ, അത് ശ്രേഷ്ഠമായ ഒരു ജീവിതത്തിന്റെ തുടക്കം മാത്രമാണ്. അത് ഇപ്പോൾത്തന്നെ എണ്ണമറ്റ അനുഗ്രഹങ്ങളിലേക്കു നയിക്കും. ഭാവിയിൽ ദൈവത്തിന്റെ പുതിയ ലോകത്തിൽ നിത്യജീവനും നേടിത്തരും. അതുകൊണ്ട് നമുക്കു സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിക്കുന്നതിൽ തുടരാം!
^ ഖ. 11 കൂടുതൽ വിവരങ്ങൾക്കായി jw.org-ലെ “യുവജനങ്ങൾ ചോദിക്കുന്നു—ഞാൻ എന്തിനു പ്രാർഥിക്കണം?” എന്ന ലേഖനവും അതിനോടൊപ്പമുള്ള അഭ്യാസവും കാണുക.