വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ പുതിയ സഭയുമായി എങ്ങനെ ഇണങ്ങിച്ചേരാം?

നിങ്ങളുടെ പുതിയ സഭയുമായി എങ്ങനെ ഇണങ്ങിച്ചേരാം?

“ഇങ്ങോട്ടു മാറു​ന്ന​തി​നെ​ക്കു​റിച്ച് ഓർത്ത​പ്പോൾ എനിക്കാ​കെ ടെൻഷ​നാ​യി​രു​ന്നു. എനിക്കു സുഹൃ​ത്തു​ക്കളെ കിട്ടു​മോ, ആളുകൾക്ക് എന്നെ ഇഷ്ടമാ​കു​മോ എന്നൊക്കെ ഞാൻ സംശയി​ച്ചു.” വീട്ടിൽനിന്ന് 1,400-ലധികം കിലോ​മീ​റ്റർ അകലെ​യുള്ള ഒരു സഭയി​ലേക്കു മാറിയ അലന്‍റെ * വാക്കു​ക​ളാണ്‌ ഇത്‌. അലൻ പുതിയ സഭയു​മാ​യി ഇണങ്ങി​ച്ചേ​രാൻ ശ്രമി​ക്കു​ക​യാണ്‌.

മറ്റൊരു സഭയി​ലേക്കു മാറിയ ഒരാളാ​ണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കും ഉത്‌കണ്‌ഠ തോന്നി​യേ​ക്കാം. പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി ഇണങ്ങി​ച്ചേ​രാൻ എന്തു സഹായി​ക്കും? അതു വിചാ​രി​ച്ച​തി​നെ​ക്കാൾ ബുദ്ധി​മു​ട്ടാ​ണെ​ങ്കി​ലോ? ഇനി, നിങ്ങൾ വേറൊ​രു സഭയി​ലേക്കു പോകു​ന്നി​ല്ലെ​ങ്കിൽത്തന്നെ, നിങ്ങളു​ടെ സഭയി​ലേക്ക് ആരെങ്കി​ലും സ്ഥലം മാറി വരു​ന്നെ​ങ്കിൽ അവരെ സഹായി​ക്കാൻ എന്തു ചെയ്യാ​നാ​കും?

വേരു പിടിച്ച് പടർന്ന് പന്തലി​ക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

ഒരു ദൃഷ്ടാന്തം നോക്കാം: ഒരു മരം മറ്റൊ​രി​ട​ത്തേക്കു പറിച്ചു​ന​ടു​ക​യാ​ണെന്നു കരുതുക. മരം പറി​ച്ചെ​ടു​ക്കു​മ്പോൾ കൊണ്ടു​പോ​കാ​നുള്ള സൗകര്യ​ത്തി​നു​വേണ്ടി മിക്ക​പ്പോ​ഴും കുറെ​യ​ധി​കം വേരുകൾ മുറി​ച്ചു​മാ​റ്റും. ആ മരം തുടർന്നും ശക്തമായി നിൽക്കു​ന്ന​തിന്‌, മാറ്റി​ന​ട്ടാൽ ഉടനെ അതിൽ പുതിയ വേരുകൾ വളരണം. അതു​പോ​ലെ ഒരു സഭയിൽനിന്ന് മറ്റൊരു സഭയി​ലേക്കു മാറു​മ്പോൾ അൽപ്പ​മൊ​ക്കെ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. നേര​ത്തേ​യു​ണ്ടാ​യി​രുന്ന സഭയിൽ നിങ്ങളു​ടെ ‘വേരുകൾ’ പടർന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. അതായത്‌, നിങ്ങൾക്ക് അവിടെ നല്ലൊരു സുഹൃ​ദ്‌വ​ല​യ​മു​ണ്ടാ​യി​രു​ന്നു, നിങ്ങൾ ശീലിച്ച് പഴകിയ ഒരു ആത്മീയ​ച​ര്യ​യു​ണ്ടാ​യി​രു​ന്നു. ഇപ്പോൾ അതെല്ലാം മാറി, പുതിയ ചുറ്റു​പാ​ടിൽ നിങ്ങളു​ടെ വേരുകൾ പുതു​താ​യി പടർന്ന് പന്തലി​ക്കേ​ണ്ട​തുണ്ട്. അതിനു നിങ്ങളെ എന്തു സഹായി​ക്കും? ബൈബിൾത​ത്ത്വ​ങ്ങൾ പ്രാവർത്തി​ക​മാ​ക്കു​ന്ന​താണ്‌ അതിനുള്ള വഴി. ചില തത്ത്വങ്ങൾ നമുക്കു നോക്കാം.

ദൈവ​ത്തി​ന്‍റെ വചനം ദിവസ​വും വായി​ക്കുന്ന ഒരു വ്യക്തി ‘നീർച്ചാ​ലു​കൾക്ക​രി​കെ നട്ടിരി​ക്കുന്ന, കൃത്യ​സ​മ​യ​ത്തു​തന്നെ കായ്‌ക്കുന്ന, ഇലകൾ വാടാത്ത ഒരു മരം​പോ​ലെ​യാണ്‌. അവൻ ചെയ്യു​ന്ന​തെ​ല്ലാം സഫലമാ​കും.’​സങ്കീ. 1:1-3.

ഒരു മരം നന്നായി വളരണ​മെ​ങ്കിൽ അതിന്‍റെ വേരു ദിവസ​വും വെള്ളം വലി​ച്ചെ​ടു​ക്കണം. അതു​പോ​ലെ ദൈവ​വു​മാ​യി ശക്തമായ ബന്ധം നിലനി​റു​ത്താൻ ഒരു ക്രിസ്‌ത്യാ​നി ദൈവ​വ​ചനം എന്നും പഠിക്കണം. അതു​കൊണ്ട് ദിവസ​വും ബൈബിൾ വായി​ക്കുക, ക്രമമാ​യി മീറ്റി​ങ്ങു​കൾക്കു ഹാജരാ​കുക. കുടും​ബാ​രാ​ധ​ന​യും വ്യക്തി​പ​ര​മായ പഠനവും തുടരുക. ആത്മീയ​മാ​യി ശക്തരായി നിൽക്കാൻ മുമ്പ് നിങ്ങൾക്കു വേണ്ടി​യി​രുന്ന എല്ലാ ആത്മീയ​ശീ​ല​ങ്ങ​ളും പുതിയ സ്ഥലത്തും ആവശ്യ​മാണ്‌.

“ ഉന്മേഷം പകരു​ന്ന​വന്‌ ഉന്മേഷം ലഭിക്കും.”​സുഭാ. 11:25.

ശുശ്രൂ​ഷ​യിൽ കൂടു​ത​ലാ​യി ഏർപ്പെ​ടു​ന്നതു നിങ്ങളു​ടെ ഉത്സാഹം വർധി​പ്പി​ക്കും, പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി പെട്ടെന്ന് ഇണങ്ങി​ച്ചേ​രു​ക​യും ചെയ്യും. ഒരു ക്രിസ്‌തീ​യ​മൂ​പ്പ​നായ കെവിൻ പറയുന്നു: “പുതിയ സഭയിൽ എത്തിയ ഉടനെ ഞാനും ഭാര്യ​യും സഹായ മുൻനി​ര​സേ​വനം ആരംഭി​ച്ചു. അതാണു ഞങ്ങളെ ഏറ്റവും അധികം സഹായി​ച്ചത്‌. സഹോ​ദ​ര​ങ്ങ​ളും മുൻനി​ര​സേ​വ​ക​രും അതു​പോ​ലെ പുതിയ പ്രദേ​ശ​വും ആയി ഞങ്ങൾ പെട്ടെന്നു പരിച​യ​ത്തി​ലാ​യി.” 1,600 കിലോ​മീ​റ്റർ അകലെ​യുള്ള ഒരു സഭയി​ലേക്കു മാറിയ റോജർ പറയുന്നു: “പുതിയ സഭയു​മാ​യി ഇണങ്ങി​ച്ചേ​രാ​നുള്ള ഏറ്റവും നല്ല വഴി കൂടെ​ക്കൂ​ടെ വയൽസേ​വ​ന​ത്തി​നു പോകു​ന്ന​താണ്‌. അതു​പോ​ലെ, ഏതു സഹായ​വും ചെയ്യാൻ നിങ്ങൾ ഒരുക്ക​മാ​ണെന്നു മൂപ്പന്മാ​രോ​ടു പറയുക. രാജ്യ​ഹാൾ ശുചീ​ക​രി​ക്കുക, മീറ്റി​ങ്ങു​ക​ളിൽ പകരനി​യ​മനം നടത്തുക, നിങ്ങളു​ടെ വണ്ടിയിൽ സഹോ​ദ​ര​ങ്ങളെ മീറ്റി​ങ്ങു​കൾക്കു കൊണ്ടു​വ​രുക, ഈ വിധങ്ങ​ളി​ലൊ​ക്കെ സഹായി​ക്കാം. നിങ്ങൾ ആത്മത്യാ​ഗ​മ​നോ​ഭാ​വ​ത്തോ​ടെ എന്തും ചെയ്യാൻ തയ്യാറാ​ണെന്നു കാണു​മ്പോൾ സഹോ​ദ​രങ്ങൾ നിങ്ങളെ ഹൃദയ​ത്തി​ലേ​റ്റും.”

നിങ്ങൾ “ഹൃദയം വിശാ​ല​മാ​യി തുറക്കണം.”​2 കൊരി. 6:13.

സഹോ​ദ​ര​സ്‌നേ​ഹ​ത്തി​ന്‍റെ കാര്യ​ത്തിൽ വിശാ​ല​രാ​കുക. മറ്റൊരു സഭയി​ലേക്കു മാറി​യ​പ്പോൾ മെലി​സ്സ​യും കുടും​ബ​വും പുതിയ സൗഹൃ​ദങ്ങൾ സ്ഥാപി​ക്കാൻ ലക്ഷ്യം​വെച്ചു. മെലിസ്സ പറയുന്നു: “മീറ്റി​ങ്ങു​കൾ തുടങ്ങു​ന്ന​തി​നു മുമ്പും അതിനു ശേഷവും ഞങ്ങൾ സഹോ​ദ​ര​ങ്ങ​ളോട്‌ അടുത്ത്‌ ഇടപഴകി. വെറുതേ ഒരു അഭിവാ​ദനം പറഞ്ഞു​പോ​കു​ന്ന​തി​നു പകരം ഞങ്ങൾ അവരു​മാ​യി സംഭാ​ഷ​ണ​ങ്ങ​ളിൽ ഏർപ്പെട്ടു.” അങ്ങനെ ആ കുടും​ബ​ത്തി​നു സഭയിലെ സഹോ​ദ​ര​ങ്ങ​ളു​ടെ പേരുകൾ പെട്ടെന്നു പഠിക്കാൻ കഴിഞ്ഞു. സഹോ​ദ​ര​ങ്ങൾക്ക് ആതിഥ്യ​മേ​കി​ക്കൊ​ണ്ടും അവർ വിശാലത കാണിച്ചു. അതു സുഹൃ​ദ്‌ബ​ന്ധങ്ങൾ ശക്തമാ​ക്കാൻ സഹായി​ച്ചു. മെലിസ്സ പറയുന്നു: “ഞങ്ങൾ ഫോൺന​മ്പ​രു​കൾ കൈമാ​റി. അതു​കൊണ്ട് ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കും മറ്റു കാര്യ​ങ്ങൾക്കും ഞങ്ങൾക്ക് ഒരുമിച്ച് ഏർപ്പെ​ടാൻ കഴിഞ്ഞു.”

പുതിയ ആളുകളെ പരിച​യ​പ്പെ​ടു​ന്നതു നിങ്ങൾക്കു ചിന്തി​ക്കാൻപ​റ്റാത്ത കാര്യ​മാ​ണെ​ങ്കിൽ ചെറി​യ​ചെ​റിയ കാര്യങ്ങൾ ചെയ്‌തു​കൊണ്ട് തുടങ്ങാം. ഉദാഹ​ര​ണ​ത്തിന്‌, ഒന്നു പുഞ്ചി​രി​ക്കുക, നിങ്ങൾക്ക് അങ്ങനെ തോന്നു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും! ചിരി​ക്കുന്ന മുഖം ആളുകളെ നിങ്ങ​ളോ​ടു കൂടുതൽ അടുപ്പി​ക്കും. “സന്തോ​ഷ​ത്തോ​ടെ​യുള്ള നോട്ടം ഹൃദയ​ത്തിന്‌ ആഹ്ലാദം” എന്നാണ​ല്ലോ. (സുഭാ. 15:30, അടിക്കു​റിപ്പ്) സ്വന്തം നാട്ടിൽനി​ന്നും ദൂരെ ഒരിട​ത്തേക്കു മാറി​ത്താ​മ​സിച്ച റെയ്‌ച്ചൽ പറയുന്നു: “ഞാൻ പൊതു​വേ ഒതുങ്ങി​ക്കൂ​ടുന്ന ആളാണ്‌. പുതിയ സഭയിലെ സഹോ​ദ​ര​ങ്ങ​ളു​മാ​യി സംസാ​രി​ക്കാൻ എനിക്കു ചില​പ്പോൾ ബോധ​പൂർവം ശ്രമി​ക്കേ​ണ്ട​തുണ്ട്. ആരോ​ടും സംസാ​രി​ക്കാ​തെ രാജ്യ​ഹാ​ളിൽ ഒറ്റയ്‌ക്ക് ഇരിക്കുന്ന ആരെങ്കി​ലു​മു​ണ്ടോ എന്നു ഞാൻ നോക്കും. ആ വ്യക്തി എന്നെ​പ്പോ​ലെ ലജ്ജാലു​വാ​യി​രി​ക്കു​മ​ല്ലോ.” എല്ലാ മീറ്റി​ങ്ങു​കൾക്കു മുമ്പും ശേഷവും ഇതുവരെ സംസാ​രി​ച്ചി​ട്ടി​ല്ലാത്ത ഒരാളു​മാ​യി സംസാ​രി​ക്കാൻ എന്തു​കൊണ്ട് ലക്ഷ്യം​വെ​ച്ചു​കൂ​ടാ?

ചില​പ്പോൾ ആദ്യത്തെ കുറച്ച് ആഴ്‌ച​ക​ളൊ​ക്കെ ഉത്സാഹ​ത്തോ​ടെ മറ്റുള്ള​വ​രു​മാ​യി സംസാ​രി​ച്ചേ​ക്കാം. പക്ഷേ സമയം കടന്നു​പോ​കു​ന്ന​ത​നു​സ​രിച്ച് പുതുമ നഷ്ടപ്പെ​ടും. ആ സമയത്ത്‌ പുതിയ സുഹൃ​ത്തു​ക്കളെ കണ്ടെത്താൻ തുടർന്നും തീവ്ര​മാ​യി ശ്രമി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം.

ഒരു മരം പറിച്ചു​ന​ടു​മ്പോൾ അതിന്‍റെ വേരുകൾ മുറി​ച്ചു​മാ​റ്റി​യേ​ക്കാം. എന്നാൽ പിന്നീട്‌ അതിൽ പുതിയ വേരുകൾ വളരും

ഇണങ്ങി​ച്ചേ​രാൻ കൂടുതൽ സമയം വേണ്ടി​വ​രു​മ്പോൾ

പുതിയ നിലത്ത്‌ വേരു പിടി​ക്കാൻ ചില മരങ്ങൾക്കു കൂടുതൽ സമയം വേണ്ടി​വ​രും. അതു​പോ​ലെ, പുതിയ ഒരു സഭയു​മാ​യി എല്ലാവ​രും പെട്ടെന്ന് ഇണങ്ങി​യെ​ന്നു​വ​രില്ല. പുതിയ ഒരു സഭയി​ലേക്കു മാറി​യിട്ട് കുറച്ച് കാലമാ​യി​ട്ടും അവിട​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ബുദ്ധി​മു​ട്ടുന്ന ഒരാളാ​ണോ നിങ്ങൾ? പിൻവ​രുന്ന ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കു​ന്നത്‌ അതിനു സഹായി​ക്കും.

“നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. തളർന്നു​പോ​കാ​തി​രു​ന്നാൽ തക്കസമ​യത്ത്‌ നമ്മൾ കൊയ്യും.”​ഗലാ. 6:9.

വിചാ​രി​ച്ച സമയത്തി​നു​ള്ളിൽ പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ നിങ്ങൾക്കു കഴിയു​ന്നി​ല്ലെ​ങ്കിൽ കൂടുതൽ സമയ​മെ​ടു​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഗിലെ​യാദ്‌ പരിശീ​ലനം ലഭിച്ച മിക്ക മിഷന​റി​മാ​രും അനേക​വർഷങ്ങൾ വിദേ​ശ​നി​യ​മ​ന​ത്തിൽ ചെലവി​ട്ട​തി​നു ശേഷമാ​ണു തങ്ങളുടെ സ്വദേ​ശ​ത്തേക്ക് അവധിക്കു പോകു​ന്നത്‌. അങ്ങനെ ചെയ്യു​ന്നതു തങ്ങൾ ചെന്ന സ്ഥലത്തെ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഉറ്റബന്ധങ്ങൾ വളർത്തി​യെ​ടു​ക്കാ​നും വ്യത്യ​സ്‌ത​മായ സംസ്‌കാ​ര​വു​മാ​യി ഇണങ്ങി​ച്ചേ​രാ​നും അവരെ സഹായി​ക്കു​ന്നു.

പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടുന്ന കാര്യ​ത്തിൽ തിരക്കു കൂട്ടി​യിട്ട് കാര്യ​മി​ല്ലെന്നു പലപല സ്ഥലങ്ങളി​ലേക്കു മാറി​ത്താ​മ​സിച്ച അലഹൻഡ്രോ മനസ്സി​ലാ​ക്കി. അദ്ദേഹം പറയുന്നു: “ഏറ്റവും അവസാനം ഞങ്ങൾ മാറി​ത്താ​മ​സിച്ച സമയത്ത്‌ എന്‍റെ ഭാര്യ പറഞ്ഞു, ‘എന്‍റെ കൂട്ടു​കാ​രെ​ല്ലാം പഴയ സഭയി​ലാണ്‌.’” അപ്പോൾ അലഹൻഡ്രോ, കഴിഞ്ഞ പ്രാവ​ശ്യം സഭ മാറി​യ​പ്പോൾ, അതായത്‌ രണ്ടു വർഷം മുമ്പ് ഭാര്യ ഇതേ കാര്യം പറഞ്ഞത്‌ ഓർമി​പ്പി​ച്ചു. എന്നാൽ സഹോ​ദരി മറ്റുള്ള​വ​രിൽ താത്‌പ​ര്യം കാണിച്ചു, അങ്ങനെ രണ്ടു വർഷം​കൊണ്ട് മുൻപ​രി​ച​യ​മി​ല്ലാ​തി​രുന്ന പലരും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​കു​ക​യും ചെയ്‌തു.

“‘കഴിഞ്ഞ കാലം ഇപ്പോ​ഴ​ത്തെ​ക്കാൾ നല്ലതാ​യി​രു​ന്ന​തി​ന്‍റെ കാരണം എന്ത്’ എന്നു നീ ചോദി​ക്ക​രുത്‌. നീ അങ്ങനെ ചോദി​ക്കു​ന്നതു ജ്ഞാനമ​ല്ല​ല്ലോ.”​സഭാ. 7:10.

നിങ്ങളു​ടെ പുതിയ സഭയെ പഴയ സഭയു​മാ​യി താരത​മ്യം ചെയ്യു​ന്നത്‌ ഒഴിവാ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, പുതിയ സഭയിലെ സഹോ​ദ​രങ്ങൾ ഉൾവലി​യു​ന്ന​വ​രോ അല്ലെങ്കിൽ തുറന്ന​ടിച്ച് പറയു​ന്ന​വ​രോ ആയിരി​ക്കാം. അതൊക്കെ നിങ്ങൾക്ക് ഒരുപക്ഷേ ഒരു പുതിയ അനുഭ​വ​മാ​യി​രി​ക്കും. എങ്കിലും അവരുടെ നല്ല ഗുണങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. അവർ നിങ്ങളു​ടെ നല്ല ഗുണങ്ങൾ ശ്രദ്ധി​ക്ക​ണ​മെ​ന്നാ​ണ​ല്ലോ നിങ്ങളു​ടെ​യും ആഗ്രഹം. പുതിയ ഒരു സഭയി​ലേക്കു മാറി​യ​പ്പോൾ ‘ഞാൻ ശരിക്കും “സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ” സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ’ എന്നു ചിലർ ചിന്തി​ക്കാൻ ഇടയാ​യി​ട്ടുണ്ട്.—1 പത്രോ. 2:17.

“ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും.”​ലൂക്കോ. 11:9.

സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​ന്ന​തിൽ തുടരുക. ഒരു മൂപ്പനായ ഡേവിഡ്‌ പറയുന്നു: “ഈ പ്രശ്‌നം സ്വന്തമാ​യി പരിഹ​രി​ക്കാൻ ശ്രമി​ക്ക​രുത്‌. പല കാര്യ​ങ്ങ​ളും യഹോ​വ​യു​ടെ സഹായ​ത്താൽ മാത്രമേ നമുക്കു ചെയ്യാൻ കഴിയൂ. അതെപ്പറ്റി പ്രാർഥി​ക്കുക.” മുമ്പ് പറഞ്ഞ റെയ്‌ച്ച​ലി​നും ഇതേ അഭി​പ്രാ​യ​മാ​ണു​ള്ളത്‌. സഹോ​ദരി പറയുന്നു: “സഭയു​മാ​യുള്ള ബന്ധത്തിന്‌ അൽപ്പം കുറവ്‌ വന്നെന്നു തോന്നി​യാൽ ഞങ്ങൾ അതെക്കു​റിച്ച് യഹോ​വ​യോ​ടു പ്രത്യേ​കം ഇങ്ങനെ പ്രാർഥി​ക്കും, ‘മറ്റുള്ള​വർക്കു ഞങ്ങളോട്‌ അടുക്കാൻ ബുദ്ധി​മു​ട്ടു തോന്നുന്ന വിധത്തിൽ ഞങ്ങൾ എന്തെങ്കി​ലും ചെയ്യു​ന്നെ​ങ്കിൽ അതു ഞങ്ങളെ അറിയി​ക്കണേ.’ എന്നിട്ട് സഹോ​ദ​ര​ങ്ങ​ളു​മാ​യി കൂടുതൽ സമയം ചെലവ​ഴി​ക്കാൻ ഞങ്ങൾ ശ്രമി​ക്കും.”

മാതാ​പി​താ​ക്ക​ളേ, സഭയു​മാ​യി ഇണങ്ങി​ച്ചേ​രാൻ നിങ്ങളു​ടെ മക്കൾ ബുദ്ധി​മു​ട്ടു​ന്നെ​ങ്കിൽ അതെക്കു​റിച്ച് അവരു​ടെ​കൂ​ടെ​യി​രുന്ന് പ്രാർഥി​ക്കുക. അവർക്കു പുതിയ കൂട്ടു​കാ​രെ കണ്ടെത്താൻ നല്ല സഹവാ​സ​ത്തി​നുള്ള അവസരങ്ങൾ ക്രമീ​ക​രി​ക്കുക.

നിങ്ങളു​ടെ സഭയി​ലേക്ക് ആരെങ്കി​ലും മാറി​വ​രു​മ്പോൾ

നിങ്ങളു​ടെ സഭയി​ലേക്കു പുതു​താ​യി ആരെങ്കി​ലും മാറി​വ​രു​ന്നെ​ങ്കിൽ അവരെ എങ്ങനെ സഹായി​ക്കാം? തുടക്കം​മു​തൽത്തന്നെ ആ വ്യക്തി​ക​ളു​ടെ ഒരു യഥാർഥ​സു​ഹൃ​ത്താ​യി​രി​ക്കാൻ ശ്രമി​ക്കുക. അതിന്‌ ആദ്യം, ഇങ്ങനെ ചിന്തി​ക്കുക: ‘ഞാൻ ഒരു പുതിയ സ്ഥലത്ത്‌ ചെല്ലു​ന്നെ​ങ്കിൽ അവി​ടെ​യുള്ള ആളുകൾ എന്നോട്‌ എങ്ങനെ പെരു​മാ​റാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?’ എന്നിട്ട് ആ വിധത്തിൽ അവരോ​ടു പെരു​മാ​റുക. (മത്താ. 7:12) നിങ്ങളു​ടെ കുടും​ബാ​രാ​ധ​ന​യ്‌ക്കോ മാസം​തോ​റു​മുള്ള JW പ്രക്ഷേ​പണം കാണാ​നോ നിങ്ങൾക്ക് അവരെ​യും​കൂ​ടെ ഉൾപ്പെ​ടു​ത്താ​നാ​കു​മോ? നിങ്ങളു​ടെ​കൂ​ടെ വയൽസേ​വ​ന​ത്തിന്‌ അവരെ​യും കൂട്ടാ​നാ​കു​മോ? നിങ്ങ​ളോ​ടൊ​പ്പം ലഘുഭ​ക്ഷണം കഴിക്കാൻ അവരെ ക്ഷണിക്കു​ന്നെ​ങ്കിൽ നിങ്ങൾ കാണിച്ച ആതിഥ്യം അവർ എന്നും ഓർത്തി​രി​ക്കും. പുതു​താ​യി വരുന്ന​വർക്കു വേറെ എന്തെല്ലാം സഹായങ്ങൾ നമുക്കു ചെയ്‌തു​കൊ​ടു​ക്കാ​നാ​കും?

കാർലോസ്‌ എന്ന സഹോ​ദരൻ പറയുന്നു: “ഞങ്ങൾ പുതിയ സഭയിൽ എത്തിയ​പ്പോൾ ന്യായ​മായ വിലയ്‌ക്കു സാധനങ്ങൾ കിട്ടുന്ന കടകളു​ടെ ലിസ്റ്റ് ഒരു സഹോ​ദരി ഞങ്ങൾക്കു തന്നു. അതു ഞങ്ങളെ വളരെ​യ​ധി​കം സഹായി​ച്ചു.” വേറൊ​രു കാലാ​വ​സ്ഥ​യുള്ള ഒരു സ്ഥലത്തു​നിന്ന് നിങ്ങളു​ടെ സ്ഥലത്തേക്കു മാറി​വ​ന്ന​വർക്കു നിങ്ങളു​ടെ പ്രദേ​ശത്തെ ഓരോ കാലാ​വ​സ്ഥ​യ്‌ക്ക​നു​സ​രിച്ച് എങ്ങനെ വസ്‌ത്രം ധരിക്ക​ണ​മെന്നു പറഞ്ഞു​കൊ​ടു​ക്കു​ന്നെ​ങ്കിൽ അത്‌ അവർക്ക് ഒരു സഹായ​മാ​യി​രി​ക്കും. കൂടാതെ, നിങ്ങളു​ടെ പ്രദേ​ശ​ത്തു​ള്ള​വ​രു​ടെ ചരി​ത്ര​വും പശ്ചാത്ത​ല​വും മതവി​ശ്വാ​സ​ങ്ങ​ളും വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു​കൊണ്ട് ശുശ്രൂ​ഷ​യിൽ ഫലപ്ര​ദ​രാ​കാൻ അവരെ സഹായി​ക്കാം.

പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തു​ന്നതു പ്രയോ​ജനം ചെയ്യും

തുടക്ക​ത്തിൽ പറഞ്ഞ അലൻ പുതിയ സഭയിൽ എത്തിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. അദ്ദേഹം പറയുന്നു: “സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ അടുത്ത​റി​യാൻ എന്‍റെ ഭാഗത്തു​നിന്ന് നല്ല ശ്രമം ആവശ്യ​മാ​യി​രു​ന്നു. ഇപ്പോൾ അവർ എനിക്കു കുടും​ബം​പോ​ലെ​യാണ്‌. ഞാൻ സന്തുഷ്ട​നാണ്‌.” വേറൊ​രു സ്ഥലത്തേക്കു മാറി​പ്പോ​യ​തി​ന്‍റെ പേരിൽ തന്‍റെ സുഹൃ​ത്തു​ക്കളെ നഷ്ടമാ​യെന്നല്ല, പകരം ജീവി​ത​കാ​ലം മുഴുവൻ നീണ്ടു​നിൽക്കുന്ന പുതിയ സൗഹൃ​ദങ്ങൾ കിട്ടി എന്നാണ്‌ അലൻ കരുതു​ന്നത്‌.

^ ഖ. 2 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.