വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ യഹോവയിൽ അഭയം തേടുന്നുവോ?

നിങ്ങൾ യഹോവയിൽ അഭയം തേടുന്നുവോ?

“യഹോവ തന്‍റെ ദാസന്മാ​രു​ടെ ജീവനെ വീണ്ടെ​ടു​ക്കു​ന്നു; ദൈവത്തെ അഭയമാ​ക്കുന്ന ആരെയും കുറ്റക്കാ​രാ​യി കണക്കാ​ക്കില്ല.”​—സങ്കീ. 34:22.

ഗീതങ്ങൾ: 8, 54

1. പാപി​ക​ളാ​യ​തു​കൊണ്ട് ദൈവ​ത്തി​ന്‍റെ വിശ്വ​സ്‌ത​രായ ദാസർക്കു പൊതു​വേ എന്തു തോന്നി​യി​ട്ടുണ്ട്?

“എന്തൊരു പരിതാ​പ​ക​ര​മായ അവസ്ഥയാണ്‌ എന്‍റേത്‌!” (റോമ. 7:24) അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്‍റെ വാക്കു​ക​ളാണ്‌ ഇത്‌. അനേകം ദൈവ​ദാ​സ​രും സമാന​മാ​യി ചിന്തി​ച്ചി​ട്ടുണ്ട്. യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ നമു​ക്കെ​ല്ലാം ആഗ്രഹ​മു​ണ്ടെ​ങ്കി​ലും പാപി​ക​ളും അപൂർണ​രും ആയതു​കൊണ്ട് നമുക്കു ചില​പ്പോ​ഴൊ​ക്കെ തെറ്റുകൾ പറ്റുന്നു. അപ്പോൾ നമുക്കു നിരാശ തോന്നി​യേ​ക്കാം. ഗുരു​ത​ര​മായ പാപം ചെയ്‌ത ചില ക്രിസ്‌ത്യാ​നി​കൾക്കാ​ണെ​ങ്കിൽ, ദൈവ​ത്തി​നു തങ്ങളോ​ടു ക്ഷമിക്കാ​നാ​കില്ല എന്നു​പോ​ലും തോന്നി​യി​ട്ടുണ്ട്.

2. (എ) ദൈവ​ത്തി​ന്‍റെ ദാസർ കുറ്റ​ബോ​ധ​ത്താൽ നീറി​പ്പു​ക​യേ​ണ്ട​തി​ല്ലെന്നു സങ്കീർത്തനം 34:22 സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും? (“ പാഠങ്ങ​ളോ പ്രതി​മാ​തൃ​ക​ക​ളോ?” എന്ന ചതുരം കാണുക.)

2 എങ്കിലും യഹോ​വയെ അഭയമാ​ക്കു​ന്നവർ കുറ്റ​ബോ​ധ​ത്താൽ നീറി​പ്പു​ക​യേ​ണ്ട​തി​ല്ലെന്നു തിരു​വെ​ഴു​ത്തു​കൾ ഉറപ്പു​ത​രു​ന്നു. (സങ്കീർത്തനം 34:22 വായി​ക്കുക.) യഹോ​വയെ അഭയമാ​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? യഹോ​വ​യു​ടെ കരുണ​യിൽനി​ന്നും ക്ഷമയിൽനി​ന്നും പ്രയോ​ജനം നേടാൻ എന്തൊക്കെ ചെയ്യണം? പുരാതന ഇസ്രാ​യേ​ലിൽ നിലവി​ലു​ണ്ടാ​യി​രുന്ന അഭയന​ഗ​ര​ങ്ങ​ളു​ടെ ക്രമീ​ക​രണം ഈ ചോദ്യ​ങ്ങൾക്ക് എങ്ങനെ​യാണ്‌ ഉത്തരം തരുന്ന​തെന്നു നോക്കാം. നിയമ ഉടമ്പടി​യു​ടെ ഭാഗമാ​യി​രു​ന്നു ആ ക്രമീ​ക​ര​ണ​മെ​ന്നതു ശരിയാണ്‌. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ ആ ഉടമ്പടി​ക്കു മാറ്റം​വ​രു​ക​യും ചെയ്‌തു. എന്നാൽ മോശ​യു​ടെ നിയമം യഹോ​വ​യാ​ണു കൊടു​ത്ത​തെന്ന് ഓർക്കുക. അതു​കൊണ്ട് അഭയന​ഗ​ര​ങ്ങ​ളു​ടെ ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച് പഠിക്കു​മ്പോൾ പാപ​ത്തെ​യും പാപി​ക​ളെ​യും പശ്ചാത്താ​പ​ത്തെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം നമുക്കു മനസ്സി​ലാ​ക്കാ​നാ​കും. നമുക്ക് ആദ്യം അഭയന​ഗ​ര​ങ്ങ​ളു​ടെ ഉദ്ദേശ്യ​ത്തെ​യും അവയുടെ പ്രവർത്ത​ന​ത്തെ​യും കുറിച്ച് പഠിക്കാം.

“അഭയന​ഗ​രങ്ങൾ തിര​ഞ്ഞെ​ടു​ക്കുക”

3. ഇസ്രാ​യേ​ലിൽ മനഃപൂർവം ഒരാൾ മറ്റൊ​രാ​ളെ കൊന്നാൽ എന്തു ചെയ്യണ​മാ​യി​രു​ന്നു?

3 പുരാതന ഇസ്രാ​യേ​ലി​ലെ കൊല​പാ​ത​ക​ങ്ങളെ യഹോവ വളരെ ഗൗരവ​മാ​യാ​ണു കണ്ടിരു​ന്നത്‌. ഒരാൾ മനഃപൂർവം മറ്റൊ​രാ​ളെ കൊന്നാൽ കൊല്ല​പ്പെ​ട്ട​യാ​ളു​ടെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷൻ ‘രക്തത്തിനു പകരം ചോദി​ക്കാൻ ബാധ്യ​സ്ഥ​നാ​യി​രു​ന്നു.’ അയാൾ കൊല​പാ​ത​കി​യെ കൊല്ല​ണ​മാ​യി​രു​ന്നു. (സംഖ്യ 35:19) നിരപ​രാ​ധി​യായ ഒരാളു​ടെ രക്തം ചൊരി​യു​ന്ന​തിന്‌ അതായി​രു​ന്നു പരിഹാ​രം. ഈ ശിക്ഷ പെട്ടെ​ന്നു​തന്നെ നടപ്പാ​ക്കു​ന്നതു വാഗ്‌ദ​ത്ത​ദേശം അശുദ്ധ​മാ​കു​ന്ന​തിൽനിന്ന് തടയു​മാ​യി​രു​ന്നു. കാരണം യഹോവ ഇങ്ങനെ കല്‌പി​ച്ചി​രു​ന്നു: ‘നിങ്ങൾ താമസി​ക്കുന്ന ദേശം നിങ്ങൾ മലിന​മാ​ക്ക​രുത്‌. (മനുഷ്യ​രക്തം ചൊരി​യു​ന്നതു) ദേശത്തെ മലിന​മാ​ക്കും.’​—സംഖ്യ 35:33, 34.

4. അബദ്ധവ​ശാൽ ഇസ്രാ​യേ​ലിൽ ഒരാൾ മറ്റൊ​രാ​ളെ കൊല്ലു​ന്നെ​ങ്കിൽ എന്തായി​രു​ന്നു ക്രമീ​ക​രണം?

4 എന്നാൽ അബദ്ധവ​ശാൽ ഒരാൾ മറ്റൊ​രാ​ളെ കൊല്ലു​ന്നെ​ങ്കി​ലോ? അബദ്ധത്തി​ലാ​ണെ​ങ്കി​ലും നിരപ​രാ​ധി​യു​ടെ രക്തം ചൊരി​ഞ്ഞ​തിന്‌ അയാൾ കുറ്റക്കാ​ര​നാ​യി​രു​ന്നു. (ഉൽപ. 9:5) എങ്കിലും അങ്ങനെ​യു​ള്ള​വർക്കാ​യി യഹോവ കരുണാ​പൂർവം ഒരു ക്രമീ​ക​രണം ചെയ്‌തു. അതായി​രു​ന്നു ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​രുന്ന ആറ്‌ അഭയന​ഗ​രങ്ങൾ. കൊല ചെയ്‌ത​യാൾക്ക്, രക്തത്തിനു പകരം ചോദി​ക്കാൻ ബാധ്യ​സ്ഥ​നായ വ്യക്തി​യിൽനിന്ന് രക്ഷപ്പെ​ടാ​നാ​യി അതി​ലൊ​ന്നി​ലേക്ക് ഓടി​പ്പോ​കാ​മാ​യി​രു​ന്നു. അവിടെ അയാൾ സുരക്ഷി​ത​നാ​യി​രു​ന്നു. മഹാപു​രോ​ഹി​തന്‍റെ മരണം​വരെ അയാൾ അവി​ടെ​ത്തന്നെ താമസി​ക്ക​ണ​മാ​യി​രു​ന്നു.​—സംഖ്യ 35:15, 28.

5. അഭയന​ഗ​ര​ങ്ങ​ളു​ടെ ക്രമീ​ക​രണം യഹോ​വ​യെ​ക്കു​റിച്ച് കൂടുതൽ അറിയാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ?

5 അഭയന​ഗ​ര​ങ്ങ​ളു​ടെ ക്രമീ​ക​രണം ഏതെങ്കി​ലും മനുഷ്യ​ന്‍റെ ബുദ്ധി​യിൽ ഉദിച്ച കാര്യ​മ​ല്ലാ​യി​രു​ന്നു. യഹോ​വ​ത​ന്നെ​യാ​ണു യോശു​വ​യോട്‌ ഇങ്ങനെ കല്‌പി​ച്ചത്‌: “ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറയുക: ‘അഭയന​ഗ​രങ്ങൾ തിര​ഞ്ഞെ​ടു​ക്കുക.’” ഈ നഗരങ്ങൾക്ക് “ഒരു വിശു​ദ്ധ​പ​ദവി” കൊടു​ക്കു​ക​യും ചെയ്‌തു. അതായത്‌, പ്രത്യേക ഉദ്ദേശ്യ​ത്തി​നാ​യി ഈ നഗരങ്ങൾ വേർതി​രി​ച്ചു. (യോശു. 20:1, 2, 7, 8) യഹോവ ഇതിൽ നേരിട്ട് ഇടപെ​ട്ട​തു​കൊണ്ട് നമ്മുടെ മനസ്സി​ലേക്ക് ഈ ചോദ്യ​ങ്ങൾ വന്നേക്കാം: യഹോ​വ​യു​ടെ കരുണ​യെ​ക്കു​റിച്ച് വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ ഈ ക്രമീ​ക​രണം എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? ഇന്ന് യഹോ​വയെ അഭയമാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ഈ ക്രമീ​ക​രണം എന്തു പഠിപ്പി​ക്കു​ന്നു?

“തനിക്കു പറയാ​നു​ള്ളത്‌ ആ നഗരത്തി​ലെ മൂപ്പന്മാ​രെ അറിയി​ക്കണം”

6, 7. (എ) അബദ്ധത്തിൽ കൊന്ന ഒരാളെ ന്യായം വിധി​ക്കു​ന്ന​തിൽ മൂപ്പന്മാർക്കുള്ള പങ്കു വിവരി​ക്കുക. (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) ഓടി​പ്പോ​കു​ന്ന​യാൾ മൂപ്പന്മാ​രോ​ടു സംസാ​രി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്?

6 ആരെ​യെ​ങ്കി​ലും അബദ്ധവ​ശാൽ കൊന്നിട്ട് അഭയന​ഗ​ര​ത്തി​ലേക്ക് ഓടുന്ന ഒരു അഭയാർഥി ആദ്യം നഗരക​വാ​ട​ത്തിന്‌ അടുത്ത്‌ നിന്ന് ‘തനിക്കു പറയാ​നു​ള്ളത്‌ ആ നഗരത്തി​ലെ മൂപ്പന്മാ​രെ അറിയി​ക്ക​ണ​മാ​യി​രു​ന്നു.’ മൂപ്പന്മാർ അയാളെ കൈ​ക്കൊ​ള്ളും. (യോശു. 20:4) പിന്നീട്‌ കൊല​പാ​തകം നടന്ന നഗരത്തി​ലേക്ക് അഭയന​ഗ​ര​ത്തി​ലെ മൂപ്പന്മാർ അയാളെ തിരി​ച്ച​യ​യ്‌ക്കു​മാ​യി​രു​ന്നു. അവിടത്തെ മൂപ്പന്മാർ അയാളെ ന്യായം വിധി​ക്കും. (സംഖ്യ 35:24, 25 വായി​ക്കുക.) കൊല​പാ​തകം അബദ്ധത്തിൽ സംഭവി​ച്ച​താ​ണെന്ന് അവർ വിധി​ച്ചെ​ങ്കിൽ മാത്രമേ അയാളെ അഭയന​ഗ​ര​ത്തി​ലേക്കു തിരി​ച്ച​യ​യ്‌ക്കു​മാ​യി​രു​ന്നു​ള്ളൂ.

7 അഭയന​ഗ​ര​ത്തി​ലേക്ക് ഓടി​പ്പോ​കു​ന്ന​യാൾ മൂപ്പന്മാ​രോ​ടു സംസാ​രി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്? മൂപ്പന്മാർക്ക്, ഇസ്രാ​യേൽസ​ഭയെ ശുദ്ധമാ​യി സൂക്ഷി​ക്കാ​നും യഹോ​വ​യു​ടെ കരുണ​യിൽനിന്ന് പ്രയോ​ജനം നേടാൻ കൊല ചെയ്‌ത​യാ​ളെ സഹായി​ക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വ​മു​ണ്ടാ​യി​രു​ന്നു. ഒരു അഭയാർഥി മൂപ്പന്മാ​രോ​ടു സംസാ​രി​ക്കു​ന്നി​ല്ലെ​ങ്കിൽ അയാൾ തന്‍റെ ജീവൻ അപകട​ത്തി​ലാ​ക്കു​മാ​യി​രു​ന്നു എന്നാണ്‌ ഒരു ബൈബിൾപ​ണ്ഡി​തൻ പറയു​ന്നത്‌. അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു: “അയാളു​ടെ മരണത്തിന്‌ ഉത്തരവാ​ദി അയാൾത്ത​ന്നെ​യാ​യി​രി​ക്കും. കാരണം ദൈവം പ്രദാനം ചെയ്‌ത സംരക്ഷണം അയാൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി​യില്ല.” അബദ്ധത്തിൽ കൊന്ന ഒരാൾക്കു സഹായം ലഭ്യമാ​യി​രു​ന്നു. പക്ഷേ അതിന്‌ അയാൾ മുന്നി​ട്ടി​റ​ങ്ങു​ക​യും സഹായം സ്വീക​രി​ക്കു​ക​യും വേണമാ​യി​രു​ന്നു. യഹോവ വേർതി​രിച്ച ഏതെങ്കി​ലും ഒരു നഗരത്തിൽ അഭയം തേടി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ കൊല്ല​പ്പെ​ട്ട​യാ​ളു​ടെ ഏറ്റവും അടുത്ത ബന്ധു അയാളെ കൊല്ലു​മാ​യി​രു​ന്നു.

8, 9. ഗുരു​ത​ര​മായ പാപം ചെയ്‌ത ഒരു ക്രിസ്‌ത്യാ​നി മൂപ്പന്മാ​രെ സമീപി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

8 ഗുരു​ത​ര​മായ തെറ്റു ചെയ്യുന്ന ഒരു ക്രിസ്‌ത്യാ​നി യഹോ​വ​യു​മാ​യുള്ള ബന്ധത്തി​ലേക്കു തിരി​ച്ചു​വ​രു​ന്ന​തി​നു സഭയിലെ മൂപ്പന്മാ​രു​ടെ സഹായം തേടണം. എന്തു​കൊ​ണ്ടാണ്‌ ഇതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌? ഒന്ന്, ഗുരു​ത​ര​മായ തെറ്റുകൾ മൂപ്പന്മാർ കൈകാ​ര്യം ചെയ്യണ​മെന്നു തന്‍റെ വചനത്തി​ലൂ​ടെ യഹോ​വ​ത​ന്നെ​യാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. (യാക്കോ. 5:14-16) രണ്ട്, ഈ ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ, പശ്ചാത്താ​പ​മുള്ള തെറ്റു​കാർക്ക് യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തിൽ തുടരാ​നും തെറ്റ്‌ ഒരു ശീലമാ​ക്കാ​തി​രി​ക്കാ​നും ഉള്ള സഹായം ലഭിക്കും. (ഗലാ. 6:1; എബ്രാ. 12:11) മൂന്ന്, തെറ്റു ചെയ്‌ത​വ​രു​ടെ വേദന​യും കുറ്റ​ബോ​ധ​വും അകറ്റി അവരെ ആശ്വസി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം മൂപ്പന്മാർക്കുണ്ട്, അതിന്‌ അവരെ പരിശീ​ലി​പ്പി​ച്ചി​ട്ടു​മുണ്ട്. യഹോവ ഇത്തരം മൂപ്പന്മാ​രെ വിളി​ക്കു​ന്നതു ‘പെരു​മ​ഴ​യത്ത്‌ ഒരു അഭയസ്ഥാ​നം’ എന്നാണ്‌. (യശ. 32:1, 2) യഹോ​വ​യു​ടെ കരുണ​യു​ടെ ഒരു തെളി​വല്ലേ ഈ ക്രമീ​ക​രണം?

9 മൂപ്പന്മാ​രോ​ടു സംസാ​രി​ക്കു​ക​യും അവരുടെ സഹായം സ്വീക​രി​ക്കു​ക​യും ചെയ്യു​ന്നതു വലിയ ആശ്വാസം നേടി​ത്ത​രും. ഈ വസ്‌തുത അനേകം ദൈവ​ദാ​സ​രും അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, ഡാനി​യേൽ എന്ന സഹോ​ദരൻ ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌തു. എന്നാൽ മാസങ്ങ​ളോ​ളം അതെക്കു​റിച്ച് മൂപ്പന്മാ​രോ​ടു സംസാ​രി​ക്കാൻ അദ്ദേഹ​ത്തി​നു മടിയാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “സമയം കടന്നു​പോ​യ​പ്പോൾ, മൂപ്പന്മാർക്ക് എന്നെ സഹായി​ക്കാൻ ഇനി ഒന്നും ചെയ്യാ​നാ​കി​ല്ലെന്ന് എനിക്കു തോന്നി. ഞാൻ ചെയ്‌ത തെറ്റിന്‍റെ ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച് എനിക്ക് എപ്പോ​ഴും പേടി​യു​ണ്ടാ​യി​രു​ന്നു, എന്‍റെ തെറ്റ്‌ ആരെങ്കി​ലും കണ്ടുപി​ടി​ക്കു​മോ എന്ന ഉത്‌ക​ണ്‌ഠ​യും. യഹോ​വ​യോ​ടു പ്രാർഥി​ക്കു​മ്പോൾ എന്‍റെ തെറ്റിനു ക്ഷമ ചോദി​ച്ചി​ട്ടു​വേണം ഓരോ കാര്യ​വും പറയാൻ എന്ന് എനിക്കു തോന്നി.” ഒടുവിൽ ഡാനി​യേൽ മൂപ്പന്മാ​രോ​ടു സഹായം ചോദി​ച്ചു. അതെക്കു​റിച്ച് ഡാനി​യേൽ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “അവരോട്‌ എന്‍റെ തെറ്റി​നെ​ക്കു​റിച്ച് സംസാ​രി​ക്കാൻ ശരിക്കും എനിക്കു പേടി​യു​ണ്ടാ​യി​രു​ന്നു. പക്ഷേ പറഞ്ഞു​ക​ഴി​ഞ്ഞ​പ്പോൾ എന്‍റെ ചുമലിൽനിന്ന് വലിയ ഒരു ഭാരം എടുത്ത്‌ മാറ്റി​യ​തു​പോ​ലെ​യാണ്‌ എനിക്കു തോന്നി​യത്‌. എനിക്ക് ഇപ്പോൾ യഹോ​വ​യോ​ടു യാതൊ​രു തടസ്സവു​മി​ല്ലാ​തെ സംസാ​രി​ക്കാൻ കഴിയു​ന്നു.” ഇന്ന്, ഡാനി​യേ​ലി​നു ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യുണ്ട്. അടുത്തി​ടെ ഡാനി​യേ​ലി​നു ശുശ്രൂ​ഷാ​ദാ​സ​നാ​യി നിയമനം ലഭിച്ചു.

‘ഈ നഗരങ്ങ​ളിൽ ഏതി​ലേ​ക്കെ​ങ്കി​ലും ഓടി​ച്ചെ​ല്ലണം’

10. അബദ്ധത്തിൽ കൊന്ന​യാൾ കരുണ ലഭിക്കാൻ അടിയ​ന്തി​ര​മാ​യി എന്തു ചെയ്യണ​മാ​യി​രു​ന്നു?

10 അബദ്ധത്തിൽ ഒരാളെ കൊല്ലു​ന്ന​യാൾ, കരുണ ലഭിക്ക​ണ​മെ​ങ്കിൽ പെട്ടെ​ന്നു​തന്നെ ഏറ്റവും അടുത്തുള്ള അഭയന​ഗ​ര​ത്തി​ലേക്ക് ഓടി​പ്പോ​ക​ണ​മാ​യി​രു​ന്നു. (യോശുവ 20:4 വായി​ക്കുക.) എത്രയും വേഗം നഗരത്തിൽ എത്തി അവി​ടെ​യാ​യി​രി​ക്കു​ന്ന​തി​നെ ആശ്രയി​ച്ചാ​യി​രു​ന്നു അയാളു​ടെ ജീവൻ. അലസത കാണി​ച്ചി​രു​ന്നെ​ങ്കിൽ അയാളു​ടെ ജീവൻ അപകട​ത്തി​ലാ​യേനേ. എന്നാൽ ഓടി​പ്പോ​കു​ന്ന​തിന്‌ അയാൾ ചില ത്യാഗങ്ങൾ ചെയ്യണ​മാ​യി​രു​ന്നു. ജോലി​യും വീടും യാത്ര ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​വും എല്ലാം വേണ്ടെ​ന്നു​വെച്ച് അയാൾ മഹാപു​രോ​ഹി​തന്‍റെ മരണം​വരെ അഭയന​ഗ​ര​ത്തിൽ താമസി​ക്കണം. * (സംഖ്യ 35:25) എന്നാൽ അത്തരം ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ തക്ക മൂല്യ​മു​ള്ള​വ​യാ​യി​രു​ന്നു. അഭയന​ഗരം വിട്ടു​പോ​യാൽ കൊല​പാ​തകം നടത്തി​യ​തിൽ തനിക്കു വലിയ കുറ്റ​ബോ​ധ​മി​ല്ലെ​ന്നാ​യി​രി​ക്കും അയാൾ തെളി​യി​ക്കു​ന്നത്‌. അയാളു​ടെ ജീവനും അപകട​ത്തി​ലാ​കു​മാ​യി​രു​ന്നു.

11. ദൈവ​ത്തി​ന്‍റെ കരുണ​യോ​ടു തനിക്കു നന്ദിയു​ണ്ടെന്നു പശ്ചാത്താ​പ​മുള്ള ഒരു ക്രിസ്‌ത്യാ​നിക്ക് എങ്ങനെ കാണി​ക്കാം?

11 ദൈവ​ത്തി​ന്‍റെ കരുണ​യിൽനിന്ന് പ്രയോ​ജനം നേടാൻ പശ്ചാത്താ​പ​മുള്ള വ്യക്തികൾ ഇന്നും ചില പടികൾ സ്വീക​രി​ക്കണം. അവർ പൂർണ​മാ​യും പാപഗതി വിട്ടോ​ടണം. അതിൽ ഗുരു​ത​ര​മായ തെറ്റുകൾ മാത്രമല്ല, അതി​ലേക്കു നയിക്കുന്ന ചെറി​യ​ചെ​റിയ തെറ്റു​ക​ളും ഒഴിവാ​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. പശ്ചാത്താ​പം കാണിച്ച കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച് പൗലോസ്‌ വിവരി​ച്ചു. അദ്ദേഹം ഇങ്ങനെ എഴുതി: “ദൈവി​ക​മായ ഈ ദുഃഖം നിങ്ങളിൽ എത്രമാ​ത്രം ഉത്സാഹ​മാണ്‌ ഉണ്ടാക്കി​യത്‌! ശുദ്ധരാ​കാ​നുള്ള നിങ്ങളു​ടെ ആഗ്രഹം! ആ ധാർമി​ക​രോ​ഷം! ആ ഭയഭക്തി! ആത്മാർഥ​മായ നിങ്ങളു​ടെ ആഗ്രഹം! ആ ആവേശം! തെറ്റിന്‌ എതിരെ നടപടി​യെ​ടു​ക്കാ​നുള്ള ആ സന്നദ്ധത!” (2 കൊരി. 7:10, 11) പാപഗതി ഉപേക്ഷി​ക്കു​ന്ന​തി​നു നമ്മൾ ആത്മാർഥ​മാ​യി പ്രവർത്തി​ക്കു​മ്പോൾ, നമ്മൾ ഇക്കാര്യ​ത്തിൽ അലസര​ല്ലെ​ന്നും യഹോ​വ​യു​ടെ കരുണയെ മുത​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നും ദൈവ​മു​മ്പാ​കെ തെളി​യി​ക്കു​ക​യാണ്‌.

12. ഒരു ക്രിസ്‌ത്യാ​നിക്ക് യഹോ​വ​യു​ടെ കരുണ ലഭിക്ക​ണ​മെ​ങ്കിൽ എന്തൊക്കെ ഉപേക്ഷി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം?

12 ദൈവ​ത്തി​ന്‍റെ കരുണ ലഭിക്കു​ന്ന​തിന്‌ ഒരു ക്രിസ്‌ത്യാ​നി എന്തൊക്കെ ഉപേക്ഷി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം? തെറ്റി​ലേക്കു നയിക്കുന്ന എന്തും, അതു താൻ ഇഷ്ടപ്പെ​ടുന്ന ഒരു കാര്യ​മാ​ണെ​ങ്കിൽപ്പോ​ലും, ഉപേക്ഷി​ക്കാൻ അദ്ദേഹം തയ്യാറാ​യി​രി​ക്കണം. (മത്താ. 18:8, 9) യഹോ​വ​യ്‌ക്ക് ഇഷ്ടമി​ല്ലാത്ത ഒരു കാര്യം ചെയ്യാൻ നിങ്ങളു​ടെ ചില കൂട്ടു​കാർ പ്രലോ​ഭി​പ്പി​ക്കു​ന്നെ​ങ്കിൽ അവരു​മാ​യുള്ള സഹവാസം നിങ്ങൾ നിറു​ത്തു​മോ? ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ ഉപയോ​ഗം നിയ​ന്ത്രി​ക്കാൻ ബുദ്ധി​മു​ട്ടുന്ന ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ, അമിത​മാ​യി മദ്യപി​ക്കു​ന്ന​തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കു​മോ? തെറ്റായ ലൈം​ഗി​ക​മോ​ഹ​ങ്ങ​ളു​മാ​യി മല്ലിടുന്ന ഒരു വ്യക്തി​യാ​ണു നിങ്ങ​ളെ​ങ്കിൽ, മോശ​മായ ചിന്തകളെ ഉണർത്തി​യേ​ക്കാ​വുന്ന സിനി​മ​ക​ളും വെബ്‌​സൈ​റ്റു​ക​ളും മറ്റു പ്രവർത്ത​ന​ങ്ങ​ളും നിങ്ങൾ ഉപേക്ഷി​ക്കു​ന്നു​ണ്ടോ? ഓർക്കുക: യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കാ​നാ​യി നിങ്ങൾ ചെയ്യുന്ന ഏതു ത്യാഗ​വും മൂല്യ​മു​ള്ള​താണ്‌. യഹോവ നമ്മളെ ഉപേക്ഷി​ച്ചെന്നു തോന്നു​ന്ന​തി​നെ​ക്കാൾ വലിയ വേദന വേറെ​യില്ല. അതേസ​മയം, യഹോ​വ​യു​ടെ “നിത്യ​മായ അചഞ്ചല​സ്‌നേഹം” അനുഭ​വി​ച്ച​റി​യു​ന്ന​തി​നെ​ക്കാൾ സംതൃ​പ്‌തി തരുന്ന മറ്റൊ​ന്നില്ല.​—യശ. 54:7, 8.

“അവ നിങ്ങൾക്ക് അഭയം തരും”

13. അഭയന​ഗ​ര​ത്തിൽ കഴിയു​മ്പോൾ ഒരു അഭയാർഥിക്ക് എന്തു​കൊ​ണ്ടാ​ണു സുരക്ഷി​ത​ത്വ​വും സന്തോ​ഷ​വും ആസ്വദി​ക്കാൻ കഴിയു​മാ​യി​രു​ന്നത്‌?

13 അഭയന​ഗ​ര​ത്തിൽ എത്തുന്ന ഒരു അഭയാർഥി സുരക്ഷി​ത​നാ​യി​രു​ന്നു. അത്തരം നഗരങ്ങ​ളെ​ക്കു​റിച്ച് യഹോവ ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “അവ നിങ്ങൾക്ക് അഭയം തരും.” (യോശു. 20:2, 3) കൊല​പാ​തകം ചെയ്‌ത​യാ​ളെ അതിന്‍റെ പേരിൽ വീണ്ടും വിധി​ക്കി​ല്ലാ​യി​രു​ന്നു. അതു​പോ​ലെ ‘രക്തത്തിനു പകരം ചോദി​ക്കാൻ ബാധ്യ​സ്ഥ​നായ’ വ്യക്തിക്ക് അഭയന​ഗ​ര​ത്തിൽ പ്രവേ​ശിച്ച് അയാളു​ടെ ജീവ​നെ​ടു​ക്കാ​നുള്ള അനുവാ​ദ​മി​ല്ലാ​ഞ്ഞ​തി​നാൽ അഭയാർഥി​ക്കു പിന്നീടു ശിക്ഷയെ ഭയക്കാതെ ജീവി​ക്കാ​മാ​യി​രു​ന്നു. അഭയന​ഗ​ര​ത്തി​ലാ​യി​രി​ക്കു​മ്പോൾ യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തിൽ അയാൾ സുരക്ഷി​ത​നാ​യി​രു​ന്നു. ഇനി, അഭയന​ഗരം ഒരു ജയിൽപോ​ലെ ആയിരു​ന്നില്ല. അവി​ടെ​യാ​യി​രി​ക്കു​മ്പോൾ ജോലി ചെയ്യാ​നും മറ്റുള്ള​വരെ സഹായി​ക്കാ​നും സമാധാ​ന​ത്തോ​ടെ യഹോ​വയെ സേവി​ക്കാ​നും കഴിഞ്ഞി​രു​ന്നു. അവിടെ അവർക്കു സന്തോ​ഷ​ത്തോ​ടെ​യും സംതൃ​പ്‌തി​യോ​ടെ​യും ജീവി​ക്കാൻ കഴിയു​മാ​യി​രു​ന്നു.

യഹോവ ക്ഷമിക്കു​മെ​ന്ന​തിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക (14-16 ഖണ്ഡികകൾ കാണുക)

14. പശ്ചാത്ത​പിച്ച ഒരു ക്രിസ്‌ത്യാ​നിക്ക് എന്ത് ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും?

14 ഗുരു​ത​ര​മായ തെറ്റുകൾ ചെയ്യു​ക​യും പിന്നീടു പശ്ചാത്ത​പി​ക്കു​ക​യും ചെയ്‌ത ചില ദൈവ​ദാ​സർക്കു തങ്ങൾ ഇപ്പോ​ഴും കുറ്റ​ബോ​ധ​ത്തി​ന്‍റെ “തടവറ​യി​ലാ​ണെന്നു” തോന്നാ​റുണ്ട്. പാപത്തി​ന്‍റെ കറ പുരണ്ട​വ​രാ​യി​ട്ടാണ്‌ യഹോവ ഇപ്പോ​ഴും തങ്ങളെ കാണു​ന്നത്‌ എന്നാണ്‌ അവർ ചിന്തി​ക്കു​ന്നത്‌. നിങ്ങൾക്കും അങ്ങനെ​യാ​ണു തോന്നു​ന്ന​തെ​ങ്കിൽ ഇത്‌ ഓർക്കുക: യഹോവ ഒരാളു​ടെ പാപങ്ങൾ ക്ഷമിക്കു​മ്പോൾ അതു പൂർണ​മാ​യി​ട്ടാ​ണു ക്ഷമിക്കു​ന്നത്‌. അതിന്‍റെ പേരിൽ പിന്നെ കുറ്റ​ബോ​ധം തോ​ന്നേ​ണ്ട​തില്ല. മുമ്പു പറഞ്ഞ ഡാനി​യേ​ലിന്‌ അതു ശരിക്കും ബോധ്യ​മാ​യി. മൂപ്പന്മാർ അദ്ദേഹത്തെ തിരു​ത്തു​ക​യും ശുദ്ധമായ ഒരു മനസ്സാക്ഷി തിരി​ച്ചു​കി​ട്ടാൻ സഹായി​ക്കു​ക​യും ചെയ്‌ത​ശേഷം ഡാനി​യേ​ലിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “എനിക്കു ശ്വാസം വീണ്ടു​കി​ട്ടി​യ​തു​പോ​ലെ​യാ​ണു തോന്നി​യത്‌. പ്രശ്‌നം വേണ്ടവി​ധ​ത്തിൽ കൈകാ​ര്യം ചെയ്‌തു​ക​ഴിഞ്ഞ് എനിക്കു കുറ്റ​ബോ​ധം തോ​ന്നേ​ണ്ട​തി​ല്ലാ​യി​രു​ന്നു. യഹോവ പാപം ക്ഷമിച്ചു​ക​ഴി​ഞ്ഞാൽ പിന്നെ ഒരിക്ക​ലും അതു കണക്കി​ലെ​ടു​ക്കില്ല. യഹോവ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ​തന്നെ, നമ്മുടെ ഭാരങ്ങൾ എടുത്ത്‌ യഹോവ ദൂരെ എറിഞ്ഞു​ക​ള​യും. അതെക്കു​റിച്ച് ഓർത്ത്‌ പിന്നെ വിഷമി​ക്കേ​ണ്ട​തില്ല.” അഭയന​ഗ​ര​ത്തി​നു​ള്ളിൽ ഒരു അഭയാർഥി​ക്കു ‘രക്തത്തിനു പകരം ചോദി​ക്കാൻ ബാധ്യ​സ്ഥ​നായ’ വ്യക്തിയെ പേടി​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. അതു​പോ​ലെ നമ്മുടെ പാപം ഒരിക്കൽ ക്ഷമിച്ചാൽ പിന്നീട്‌ യഹോവ ആ തെറ്റു വീണ്ടും എടുത്തി​ടു​മെ​ന്നോ അതിന്‍റെ പേരിൽ നമ്മളെ ശിക്ഷി​ക്കു​മെ​ന്നോ ഭയക്കേ​ണ്ട​തില്ല.​—സങ്കീർത്തനം 103:8-12 വായി​ക്കുക.

15, 16. യേശു നമ്മുടെ വീണ്ടെ​ടു​പ്പു​കാ​ര​നും മഹാപു​രോ​ഹി​ത​നും ആണെന്ന അറിവ്‌ യഹോ​വ​യു​ടെ കരുണ​യി​ലുള്ള നമ്മുടെ വിശ്വാ​സത്തെ ശക്തമാ​ക്കു​ന്നത്‌ എങ്ങനെ?

15 യഹോ​വ​യു​ടെ കരുണ​യിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ ഇസ്രാ​യേ​ല്യർക്കു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാൾ വലിയ കാരണം നമുക്കുണ്ട്. യഹോ​വയെ പൂർണ​മാ​യി അനുസ​രി​ക്കാൻ പരാജ​യ​പ്പെ​ട്ട​തി​നെ​ക്കു​റിച്ച് പരിത​പി​ച്ച​ശേഷം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ ദൈവ​ത്തി​നു നന്ദി!” (റോമ. 7:25) പൗലോസ്‌ അപ്പോ​ഴും പാപവു​മാ​യി പോരാ​ടു​ക​യാ​യി​രു​ന്നു, കഴിഞ്ഞ കാലത്ത്‌ പല പാപങ്ങ​ളും ചെയ്‌തി​ട്ടു​മു​ണ്ടാ​യി​രു​ന്നു. എങ്കിലും യേശു​വി​ലൂ​ടെ ദൈവം തന്‍റെ പാപങ്ങൾ ക്ഷമിക്കു​മെന്നു പൗലോ​സിന്‌ ഉറപ്പാ​യി​രു​ന്നു. വീണ്ടെ​ടു​പ്പു​കാ​ര​നായ യേശു നമ്മുടെ മനസ്സാക്ഷി ശുദ്ധീ​ക​രി​ക്കു​ക​യും നമുക്ക് ആന്തരി​ക​സ​മാ​ധാ​നം തരുക​യും ചെയ്യുന്നു. (എബ്രാ. 9:13, 14) നമ്മുടെ മഹാപു​രോ​ഹി​ത​നായ യേശു ‘തന്നിലൂ​ടെ ദൈവത്തെ സമീപി​ക്കു​ന്ന​വരെ പൂർണ​മാ​യി രക്ഷിക്കാൻ പ്രാപ്‌ത​നാണ്‌; അവർക്കു​വേണ്ടി അപേക്ഷി​ക്കാൻ എന്നും ജീവ​നോ​ടെ​യുണ്ട്.’ (എബ്രാ. 7:24, 25) മഹാപു​രോ​ഹി​തന്‍റെ സേവനം യഹോവ തങ്ങളുടെ പാപങ്ങൾ ക്ഷമിക്കു​മെന്ന് ഇസ്രാ​യേ​ല്യർക്ക് ഉറപ്പു കൊടു​ത്തു. അങ്ങനെ​യെ​ങ്കിൽ യേശു എന്ന മഹാപു​രോ​ഹി​തന്‍റെ സേവനം “സഹായം ആവശ്യ​മുള്ള സമയത്തു​തന്നെ നമുക്കു കരുണ​യും അനർഹ​ദ​യ​യും ലഭിക്കും” എന്നതിന്‌ എത്രയ​ധി​കം ഉറപ്പു തരുന്നു.​—എബ്രാ. 4:15, 16.

16 യഹോ​വയെ അഭയമാ​ക്കാൻ നമ്മൾ യേശു​വി​ന്‍റെ ബലിയിൽ വിശ്വാ​സ​മർപ്പി​ക്കണം. യേശു​വി​ന്‍റെ മോച​ന​വി​ല​യി​ലൂ​ടെ​യാണ്‌ ആളുകൾക്കു രക്ഷ സാധ്യ​മാ​കു​ന്ന​തെന്ന് അംഗീ​ക​രി​ക്കുക മാത്രമല്ല അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. നിങ്ങൾക്കു വ്യക്തി​പ​ര​മാ​യി ആ മോച​ന​വി​ല​യിൽനിന്ന് പ്രയോ​ജ​ന​മുണ്ട് എന്ന കാര്യ​ത്തിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം. (ഗലാ. 2:20, 21) നിങ്ങളു​ടെ പാപങ്ങൾ യേശു​വി​ന്‍റെ മോച​ന​വി​ല​യി​ലൂ​ടെ​യാ​ണു ക്ഷമിക്ക​പ്പെ​ടു​ന്ന​തെന്നു വിശ്വ​സി​ക്കുക. മോച​ന​വി​ല​യി​ലൂ​ടെ​യാ​ണു നിങ്ങൾക്കു നിത്യ​ജീ​വന്‍റെ പ്രത്യാശ ലഭിച്ചി​രി​ക്കു​ന്നത്‌ എന്നതിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക. യേശു​വി​ന്‍റെ ബലി യഹോവ നിങ്ങൾക്കു തന്ന ഒരു സമ്മാന​മാണ്‌.

17. നിങ്ങൾ യഹോ​വയെ അഭയമാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

17 അഭയന​ഗ​രങ്ങൾ യഹോ​വ​യു​ടെ കരുണ​യു​ടെ തെളി​വാണ്‌. ജീവനെ പവി​ത്ര​മാ​യി കാണണ​മെ​ന്നുള്ള ആശയം മാത്രമല്ല ഈ ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ പഠിക്കാ​നു​ള്ളത്‌. മൂപ്പന്മാർ നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെ​ന്നും യഥാർഥ​പ​ശ്ചാ​ത്താ​പ​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ഇതു നമ്മളെ പഠിപ്പി​ക്കു​ന്നു. അതു​പോ​ലെ, യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കു​മെന്ന കാര്യ​ത്തിൽ പൂർണ​ബോ​ധ്യ​മു​ണ്ടാ​യി​രി​ക്കാൻ ഇതു നമ്മളെ സഹായി​ക്കു​ന്നു. ചോദ്യ​മി​താണ്‌: നിങ്ങൾ യഹോ​വയെ അഭയമാ​ക്കു​ന്നു​ണ്ടോ? അതിലും സുരക്ഷി​ത​മായ മറ്റൊ​രി​ട​മില്ല! (സങ്കീ. 91:1, 2) നീതി​യും കരുണ​യും കാണി​ക്കു​ന്ന​തിൽ യഹോവ വെച്ചി​രി​ക്കുന്ന അത്യു​ത്ത​മ​മാ​തൃക എങ്ങനെ അനുക​രി​ക്കാ​മെന്ന് അഭയന​ഗ​ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തി​ലൂ​ടെ പഠിക്കാൻ കഴിയും. അതെക്കു​റിച്ച് നമ്മൾ അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.

^ ഖ. 10 ചില ജൂതകൃ​തി​ക​ള​നു​സ​രിച്ച്, അബദ്ധത്തിൽ കൊന്ന​യാ​ളു​ടെ അടുത്ത കുടും​ബാം​ഗങ്ങൾ അഭയന​ഗ​ര​ത്തിൽ അയാ​ളോ​ടൊ​പ്പം താമസി​ച്ചി​രു​ന്നെ​ന്നാ​ണു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌.