വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തിന്‍റെ ചിന്ത തള്ളിക്കളയുക

ലോകത്തിന്‍റെ ചിന്ത തള്ളിക്കളയുക

“സൂക്ഷി​ക്കുക! (ലോക​ത്തി​ന്‍റെ) തത്ത്വജ്ഞാ​ന​ത്താ​ലും വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തും ആയ ആശയങ്ങ​ളാ​ലും ആരും നിങ്ങളെ വശീക​രിച്ച് അടിമ​ക​ളാ​ക്ക​രുത്‌.”​—കൊലോ. 2:8.

ഗീതങ്ങൾ: 38, 31

1. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സഹക്രി​സ്‌ത്യാ​നി​കൾക്ക് എന്ത് ഉപദേശം കൊടു​ത്തു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

കൊ​ലോ​സ്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കുള്ള കത്ത്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി​യതു സാധ്യ​ത​യ​നു​സ​രിച്ച് റോമി​ലെ ആദ്യത്തെ തടവു​കാ​ല​ത്തി​ന്‍റെ ഒടുവി​ലാ​യി​ട്ടാണ്‌, ഏകദേശം എ.ഡി. 60-61-ൽ. ‘ആത്മീയ​ഗ്രാ​ഹ്യം’ നേടേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച് പൗലോസ്‌ അതിൽ പറഞ്ഞു. (കൊലോ. 1:9) ആ കത്തിൽ പൗലോസ്‌ ഇങ്ങനെ​യും എഴുതി: “വശ്യമായ വാദമു​ഖ​ങ്ങ​ളാൽ ആരും നിങ്ങളെ വഞ്ചിക്കാ​തി​രി​ക്കാ​നാ​ണു ഞാൻ ഇതു പറയു​ന്നത്‌. സൂക്ഷി​ക്കുക! തത്ത്വജ്ഞാ​ന​ത്താ​ലും വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തും ആയ ആശയങ്ങ​ളാ​ലും ആരും നിങ്ങളെ വശീക​രിച്ച് അടിമ​ക​ളാ​ക്ക​രുത്‌. അവയ്‌ക്ക് ആധാരം മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങ​ളും ലോക​ത്തി​ന്‍റെ ചിന്താ​ഗ​തി​ക​ളും ആണ്‌, ക്രിസ്‌തു​വി​ന്‍റെ ഉപദേ​ശ​ങ്ങളല്ല.” (കൊലോ. 2:4, 8) ജനപ്രീ​തി​യാർജിച്ച ചില ആശയങ്ങൾ എന്തു​കൊ​ണ്ടാ​ണു തെറ്റാ​യി​രി​ക്കു​ന്ന​തെന്നു പൗലോസ്‌ വിശദീ​ക​രി​ച്ചു. അതു​പോ​ലെ ലോക​ത്തി​ന്‍റെ ചിന്ത അപൂർണ​മ​നു​ഷ്യർക്ക് ആകർഷ​ക​മാ​യി തോന്നി​യേ​ക്കാ​വു​ന്ന​തി​ന്‍റെ കാരണ​വും പൗലോസ്‌ പറഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, വലിയ ബുദ്ധി​മാ​നാ​ണെ​ന്നോ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​ണെ​ന്നോ ഒക്കെ തോന്നാൻ ലോക​ത്തി​ന്‍റെ ചിന്ത ഒരാളെ പ്രേരി​പ്പി​ക്കു​ന്നു. ലോക​ത്തി​ന്‍റെ ചിന്തയും അതിന്‍റെ തെറ്റായ പ്രവർത്ത​ന​ങ്ങ​ളും തള്ളിക്ക​ള​യു​ന്ന​തി​നു സഹോ​ദ​ര​ങ്ങളെ സഹായി​ക്കുക എന്ന ലക്ഷ്യത്തി​ലാ​ണു പൗലോസ്‌ ഈ കത്ത്‌ എഴുതി​യത്‌.​—കൊലോ. 2:16, 17, 23.

2. നമ്മൾ എന്തി​നെ​ക്കു​റി​ച്ചാ​ണു പഠിക്കാൻപോ​കു​ന്നത്‌, അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

2 ലോക​ത്തി​ന്‍റെ ചിന്ത യഹോവ തരുന്ന മാർഗ​നിർദേ​ശ​ങ്ങളെ വിലകു​റച്ച് കാണുന്നു, അവയെ അവഗണി​ക്കു​ന്നു. അതു നമ്മളെ സ്വാധീ​നി​ച്ചാൽ നമ്മുടെ വിശ്വാ​സം പതു​ക്കെ​പ്പ​തു​ക്കെ ദുർബ​ല​മാ​കും. ലോക​ത്തി​ന്‍റെ ചിന്ത നമുക്കു ചുറ്റും വ്യാപി​ച്ചി​രി​ക്കു​ന്നു. ടിവി​യി​ലൂ​ടെ​യും ഇന്‍റർനെ​റ്റി​ലൂ​ടെ​യും ജോലി​സ്ഥ​ല​ത്തും സ്‌കൂ​ളി​ലും ഒക്കെ അതു പ്രചരി​ക്കു​ന്നു. അത്തരം ചിന്തകൾ നമ്മുടെ മനസ്സിനെ ദുഷി​പ്പി​ക്കാ​തി​രി​ക്കാൻ എന്തു ചെയ്യാൻ കഴിയു​മെന്ന് ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. ലോക​ത്തി​ന്‍റെ ചിന്തയിൽ ഉൾപ്പെ​ടുന്ന അഞ്ച് ആശയങ്ങ​ളും അവയെ നമുക്ക് എങ്ങനെ തള്ളിക്ക​ള​യാ​മെ​ന്നും നോക്കാം.

നമ്മൾ ദൈവ​ത്തിൽ വിശ്വ​സി​ക്ക​ണോ?

3. പല ആളുക​ളെ​യും ഏത്‌ ആശയം ആകർഷി​ച്ചി​രി​ക്കു​ന്നു, എന്തു​കൊണ്ട്?

3 “നല്ല ഒരു വ്യക്തി​യാ​കു​ന്ന​തിന്‌ എനിക്കു ദൈവ​ത്തിൽ വിശ്വ​സി​ക്കേണ്ട ആവശ്യ​മില്ല.” തങ്ങൾ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നി​ല്ലെന്നു പലയാ​ളു​ക​ളും പറയാ​റുണ്ട്. ഒരു മതത്തി​ലും വിശ്വ​സി​ക്കു​ന്നി​ല്ലെ​ന്നാണ്‌ അവർ അവകാ​ശ​പ്പെ​ടു​ന്നത്‌. ദൈവ​മു​ണ്ടോ ഇല്ലയോ എന്നതി​നെ​ക്കു​റിച്ച് കാര്യ​മാ​യി ചിന്തി​ക്കു​ക​യോ പഠിക്കു​ക​യോ ചെയ്‌ത​വ​രാ​യി​രി​ക്കില്ല അവർ. തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടെന്ന ആശയമാണ്‌ അങ്ങനെ ചിന്തി​ക്കാൻ അവരെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നത്‌. (സങ്കീർത്തനം 10:4 വായി​ക്കുക.) “നല്ല തത്ത്വങ്ങൾക്ക​നു​സ​രിച്ച് ജീവി​ക്കാൻ ദൈവ​ത്തിൽ വിശ്വ​സി​ക്കേണ്ട ആവശ്യ​മില്ല” എന്നു പറയു​ന്നവർ ലോക​പ്ര​കാ​രം ജ്ഞാനി​ക​ളാ​ണെ​ന്നാ​ണു കരുതു​ന്നത്‌.

4. ഒരു സ്രഷ്ടാ​വി​ല്ലെന്നു പറയുന്ന ഒരാളു​മാ​യി നമുക്ക് എങ്ങനെ ന്യായ​വാ​ദം ചെയ്യാം?

4 ഒരു സ്രഷ്ടാ​വി​ല്ലെന്ന വിശ്വാ​സം യുക്തിക്കു നിരക്കു​ന്ന​താ​ണോ? ജീവൻ സൃഷ്ടി​ക്ക​പ്പെ​ട്ട​താ​ണോ എന്നറി​യാൻ ശാസ്‌ത്ര​ത്തി​ലേക്കു നോക്കി​യാൽ വിവര​ങ്ങ​ളു​ടെ ഒരു പ്രളയ​മാ​യി​രി​ക്കും. അതു കൂടുതൽ ആശയക്കു​ഴപ്പം സൃഷ്ടി​ക്കു​കയേ ഉള്ളൂ. എന്നാൽ യഥാർഥ​ത്തിൽ ഉത്തരം ലളിത​മാണ്‌: ഒരു കെട്ടി​ട​ത്തിന്‌ ഒരു നിർമാ​താവ്‌ വേണം, അങ്ങനെ​യെ​ങ്കിൽ ജീവനു​ള്ള​വ​യു​ടെ കാര്യം പറയാ​നു​ണ്ടോ? വാസ്‌ത​വ​ത്തിൽ, ഭൂമി​യി​ലെ ഏറ്റവും അടിസ്ഥാന ജീവ​കോ​ശ​ങ്ങൾപോ​ലും ഒരു കെട്ടി​ട​ത്തെ​ക്കാൾ സങ്കീർണ​മാണ്‌. കാരണം ഒരു കെട്ടി​ട​ത്തി​നു​മി​ല്ലാത്ത പ്രാപ്‌തി ഒരു കോശ​ത്തി​നുണ്ട്, പുനരു​ത്‌പാ​ദനം നടത്താ​നുള്ള പ്രാപ്‌തി. സ്വയം വിഭജി​ക്കാൻ കഴി​യേ​ണ്ട​തി​നു വിവരങ്ങൾ ശേഖരി​ച്ചു​വെ​ക്കാ​നും അതിന്‍റെ പകർപ്പു​ണ്ടാ​ക്കാ​നും ഉള്ള കഴിവ്‌ കോശ​ങ്ങൾക്കുണ്ട്. സങ്കീർണ​മായ ഈ ജീവ​കോ​ശ​ങ്ങ​ളു​ടെ രൂപക​ല്‌പന ആരാണു ചെയ്‌തത്‌? ബൈബിൾ അതിന്‌ ഉത്തരം തരുന്നു: “ഏതു വീടും ആരെങ്കി​ലും നിർമി​ച്ച​താണ്‌. എന്നാൽ എല്ലാം നിർമി​ച്ചതു ദൈവ​മാണ്‌.”​—എബ്രാ. 3:4.

5. നല്ലത്‌ എന്താ​ണെന്നു തീരു​മാ​നി​ക്കാൻ ദൈവ​ത്തിൽ വിശ്വ​സി​ക്കേണ്ട ആവശ്യ​മി​ല്ലെന്ന ചിന്താ​ഗതി ശരിയാ​ണോ? വിശദീ​ക​രി​ക്കുക.

5 നല്ലത്‌ എന്താ​ണെന്നു തീരു​മാ​നി​ക്കാൻ ദൈവ​ത്തിൽ വിശ്വ​സി​ക്കേണ്ട ആവശ്യ​മില്ല, അതു വ്യക്തി​കൾക്കു സ്വയം തീരു​മാ​നി​ക്കാം എന്ന ചിന്താ​ഗ​തി​യെ​ക്കു​റി​ച്ചോ? അവിശ്വാ​സി​ക​ളായ ആളുക​ളും നല്ല തത്ത്വങ്ങ​ള​നു​സ​രിച്ച് പ്രവർത്തി​ച്ചേ​ക്കാ​മെന്നു ദൈവ​വ​ചനം പറയു​ന്നുണ്ട്. (റോമ. 2:14, 15) ഉദാഹ​ര​ണ​ത്തിന്‌, അവർ തങ്ങളുടെ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടാ​യി​രി​ക്കും. പക്ഷേ, ശരിയും തെറ്റും സംബന്ധിച്ച നിലവാ​രങ്ങൾ വെക്കാ​നുള്ള യോഗ്യത നമ്മുടെ സ്‌നേ​ഹ​വാ​നായ സ്രഷ്ടാ​വി​നാ​ണെന്ന് അംഗീ​ക​രി​ക്കാത്ത ഒരാളു​ടെ ധാർമി​ക​മൂ​ല്യ​ങ്ങൾക്ക് എന്ത് അടിസ്ഥാ​ന​മാ​ണു​ള്ളത്‌? (യശ. 33:22) ഇന്നു ലോക​ത്തി​ലുള്ള മോശ​മായ അവസ്ഥകൾ കാണു​മ്പോൾ മനുഷ്യ​നു ദൈവ​ത്തി​ന്‍റെ സഹായം ആവശ്യ​മാ​ണെന്ന്, ചിന്തി​ക്കുന്ന പലരും സമ്മതി​ച്ചു​പ​റ​യു​ന്നു. (യിരെമ്യ 10:23 വായി​ക്കുക.) അതു​കൊണ്ട്, ദൈവ​ത്തിൽ വിശ്വ​സി​ക്കാ​തെ​യും ദൈവി​ക​നി​ല​വാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കാ​തെ​യും ജീവി​ക്കുന്ന ഒരാൾക്കു ശരിയും തെറ്റും തീരു​മാ​നി​ക്കാൻ കഴിയു​മെന്ന ചിന്ത നമ്മളെ സ്വാധീ​നി​ക്ക​രുത്‌.​—സങ്കീ. 146:3.

നമുക്ക് ഒരു മതത്തിന്‍റെ ആവശ്യ​മു​ണ്ടോ?

6. ഒരു മതത്തിന്‍റെ ഭാഗമാ​കു​ന്ന​തി​നെ​ക്കു​റിച്ച് അനേകം ആളുക​ളു​ടെ​യും കാഴ്‌ച​പ്പാട്‌ എന്താണ്‌?

6 “മതത്തിന്‍റെ ഭാഗമ​ല്ലെ​ങ്കി​ലും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ കഴിയും.” മതം വിരസ​മായ ഒരു ഏർപ്പാ​ടാ​ണെ​ന്നും അതിനു പ്രസക്തി​യി​ല്ലെ​ന്നും കരുതു​ന്ന​തു​കൊ​ണ്ടാ​ണു ലോക​ത്തി​ന്‍റെ ഈ ചിന്ത പലരെ​യും ആകർഷി​ക്കു​ന്നത്‌. കൂടാതെ, അഗ്നിന​ര​ക​ത്തെ​ക്കു​റിച്ച് പഠിപ്പി​ച്ചു​കൊ​ണ്ടും ദശാംശം വാങ്ങി​ക്കൊ​ണ്ടും രാഷ്‌ട്രീ​യം പ്രചരി​പ്പി​ച്ചു​കൊ​ണ്ടും ഒക്കെ മതങ്ങൾ ആളുകളെ ദൈവ​ത്തിൽനിന്ന് അകറ്റുന്നു. അതു​കൊണ്ട് ഒരു മതത്തിന്‍റെ ഭാഗമാ​യി​ല്ലെ​ങ്കി​ലും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ കഴിയു​മെന്ന് അനേകം ആളുക​ളും കരുതു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. അത്തരക്കാർ ഇങ്ങനെ പറഞ്ഞേ​ക്കാം: ‘ആത്മീയ​കാ​ര്യ​ങ്ങ​ളൊ​ക്കെ എനിക്ക് ഇഷ്ടമാണ്‌. പക്ഷേ ഒരു മതസം​ഘ​ട​ന​യു​ടെ ഭാഗമാ​കാൻ എനിക്ക് ആഗ്രഹ​മില്ല.’

7. സത്യമ​ത​ത്തി​ന്‍റെ ഭാഗമാ​യി​രി​ക്കു​ന്നവർ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

7 മതത്തിന്‍റെ ഭാഗമ​ല്ലെ​ങ്കി​ലും ഒരാൾക്കു സന്തുഷ്ട​നാ​യി​രി​ക്കാൻ കഴിയു​മെന്നു പറയു​ന്നതു ശരിയാ​ണോ? വ്യാജ​മ​ത​ത്തി​ന്‍റെ ഭാഗമ​ല്ലാ​ത്ത​തിൽ ഒരാൾക്കു സന്തോ​ഷി​ക്കാം എന്നതു സത്യമാണ്‌. പക്ഷേ, യഹോ​വ​യു​മാ​യി നല്ലൊരു ബന്ധമു​ണ്ടെ​ങ്കി​ലേ ഒരു വ്യക്തിക്ക് യഥാർഥ​സ​ന്തോ​ഷം ലഭിക്കു​ക​യു​ള്ളൂ. യഹോ​വയെ “സന്തോ​ഷ​മുള്ള ദൈവം” എന്നാണു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നത്‌. (1 തിമൊ. 1:11) ദൈവം ചെയ്യു​ന്ന​തെ​ല്ലാം മറ്റുള്ള​വ​രു​ടെ നന്മയ്‌ക്കു​വേ​ണ്ടി​യാണ്‌. മറ്റുള്ള​വ​രു​ടെ നന്മയ്‌ക്കു​വേണ്ടി പ്രവർത്തി​ക്കു​ന്നതു പ്രധാ​ന​മാ​യി കാണു​ന്ന​തി​നാൽ ദൈവ​ത്തി​ന്‍റെ ദാസരും വളരെ സന്തോ​ഷ​മു​ള്ള​വ​രാണ്‌. (പ്രവൃ. 20:35) സത്യാ​രാ​ധന എങ്ങനെ​യാ​ണു സന്തോ​ഷ​മുള്ള കുടും​ബ​ജീ​വി​തം നയിക്കാൻ സഹായി​ക്കു​ന്ന​തെന്നു ചിന്തി​ക്കുക. ഇണയോട്‌ ആദരവും ബഹുമാ​ന​വും കാണി​ക്കാ​നും വിവാ​ഹ​പ്ര​തി​ജ്ഞയെ പവി​ത്ര​മാ​യി കാണാ​നും വ്യഭി​ചാ​രം ചെയ്യാ​തി​രി​ക്കാ​നും കുട്ടി​കളെ അച്ചടക്ക​മു​ള്ള​വ​രാ​യി വളർത്താ​നും കുടും​ബാം​ഗ​ങ്ങ​ളോട്‌ യഥാർഥ​സ്‌നേ​ഹ​മു​ള്ള​വ​രാ​യി​രിക്കാ​നും സത്യാ​രാ​ധന പഠിപ്പി​ക്കു​ന്നു. സത്യാ​രാ​ധന ഇത്തരം കുടും​ബ​ങ്ങളെ കൂട്ടി​ച്ചേർത്ത്‌, സന്തോ​ഷ​മുള്ള സഭകൾ ഉളവാ​ക്കു​ന്നു, അങ്ങനെ സന്തോ​ഷ​മുള്ള ഒരു ആഗോ​ള​സ​ഹോ​ദ​ര​കു​ടും​ബം രൂപം​കൊ​ള്ളു​ന്നു.​—യശയ്യ 65:13, 14 വായി​ക്കുക.

8. ആളുകൾക്ക് എങ്ങനെ​യാ​ണു സന്തോഷം കണ്ടെത്താൻ കഴിയുക എന്ന ചോദ്യ​ത്തി​നു മത്തായി 5:3 ഉപയോ​ഗിച്ച് നമുക്ക് എങ്ങനെ ഉത്തരം നൽകാം?

8 ദൈവത്തെ സേവി​ക്കാ​തെ സന്തോഷം കണ്ടെത്താൻ കഴിയു​മെ​ന്നുള്ള ലോക​ത്തി​ന്‍റെ ചിന്താ​ഗതി ശരിയാ​ണോ? ഒന്നു ചിന്തി​ക്കുക, ആളുകളെ യഥാർഥ​ത്തിൽ സന്തോ​ഷ​മു​ള്ള​വ​രാ​ക്കു​ന്നത്‌ എന്താണ്‌? നല്ല ഒരു ജോലി, സ്‌പോർട്‌സ്‌, വിനോ​ദം ഇതി​ലൊ​ക്കെ​യാ​ണു ചിലർ സംതൃ​പ്‌തി കണ്ടെത്തു​ന്നത്‌. കുടും​ബ​ത്തെ​യും സുഹൃ​ത്തു​ക്ക​ളെ​യും കരുതു​ന്ന​തി​ലാ​ണു മറ്റു ചിലരു​ടെ സന്തോഷം. ഇതൊക്കെ സംതൃ​പ്‌തി തരുന്ന​താ​ണെ​ങ്കി​ലും നമ്മുടെ ജീവി​ത​ത്തിന്‌ ഒരു വലിയ ഉദ്ദേശ്യ​മുണ്ട്. മൃഗങ്ങ​ളിൽനിന്ന് വ്യത്യ​സ്‌ത​മാ​യി, സ്രഷ്ടാ​വി​നെ അറിയാ​നും വിശ്വ​സ്‌ത​മാ​യി സേവി​ക്കാ​നും നമുക്കു കഴിയും. അങ്ങനെ ചെയ്യു​മ്പോ​ഴാ​ണു നമുക്കു നിലനിൽക്കുന്ന സന്തോഷം ലഭിക്കു​ന്നത്‌. ആ വിധത്തി​ലാണ്‌ യഹോവ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. (മത്തായി 5:3 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, യഹോ​വയെ ആരാധി​ക്കാ​നാ​യി മീറ്റി​ങ്ങു​കൾക്കു കൂടി​വ​രു​മ്പോൾ സത്യാ​രാ​ധ​കർക്കു സന്തോ​ഷ​വും നവോ​ന്മേ​ഷ​വും ലഭിക്കു​ന്നു. (സങ്കീ. 133:1) അതു​പോ​ലെ, ഒരു ലോക​വ്യാ​പക സഹോ​ദ​ര​സ​മൂ​ഹ​ത്തി​ന്‍റെ ഭാഗമാ​യി​രി​ക്കു​ന്ന​തി​ന്‍റെ​യും ശുദ്ധമായ ജീവിതം നയിക്കു​ന്ന​തി​ന്‍റെ​യും മഹത്തായ ഒരു പ്രത്യാ​ശ​യു​ള്ള​തി​ന്‍റെ​യും സന്തോഷം അവർക്കുണ്ട്.

നമുക്കു ധാർമി​ക​നി​ല​വാ​രങ്ങൾ ആവശ്യ​മു​ണ്ടോ?

9. (എ) ലൈം​ഗി​ക​ത​യെ​ക്കു​റിച്ച് ഇന്നു ലോക​ത്തിൽ പൊതു​വേ​യുള്ള വീക്ഷണം എന്താണ്‌? (ബി) ദൈവ​വ​ചനം എന്തു​കൊ​ണ്ടാ​ണു വിവാ​ഹി​ത​ര​ല്ലാ​ത്തവർ തമ്മിലുള്ള ലൈം​ഗി​കത വിലക്കു​ന്നത്‌?

9 “വിവാ​ഹി​ത​ര​ല്ലാ​ത്തവർ തമ്മിലുള്ള ലൈം​ഗി​ക​ത​യ്‌ക്ക് എന്താണു തെറ്റ്‌?” ആളുകൾ ഇങ്ങനെ പറഞ്ഞേ​ക്കാം: “ജീവിതം സന്തോ​ഷി​ക്കാ​നു​ള്ള​താണ്‌. വിവാ​ഹി​ത​ര​ല്ലാ​ത്തവർ തമ്മിലുള്ള ലൈം​ഗി​ക​ത​യ്‌ക്ക് എന്താണു കുഴപ്പം?” ഒരു ക്രിസ്‌ത്യാ​നി ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്ന​തിൽ കുഴപ്പ​മി​ല്ലെന്ന ആശയം തെറ്റാണ്‌. എന്തു​കൊണ്ട്? ദൈവ​വ​ചനം ലൈം​ഗിക അധാർമി​ക​തയെ കുറ്റം വിധി​ക്കു​ന്നു. * (1 തെസ്സ​ലോ​നി​ക്യർ 4:3-8 വായി​ക്കുക.) നമുക്കു​വേണ്ടി നിയമങ്ങൾ വെക്കാ​നുള്ള അവകാശം യഹോ​വ​യ്‌ക്കാണ്‌. കാരണം യഹോ​വ​യാ​ണു നമ്മളെ സൃഷ്ടി​ച്ചത്‌. വിവാ​ഹി​ത​രായ ഒരു പുരു​ഷ​നും സ്‌ത്രീ​യും മാത്രമേ ലൈം​ഗി​ക​ബന്ധം പാടുള്ളൂ എന്ന് യഹോവ പറഞ്ഞി​രി​ക്കു​ന്നു. നമ്മളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ യഹോവ നമുക്കു നിയമങ്ങൾ തരുന്നത്‌. അതു നമ്മുടെ പ്രയോ​ജ​ന​ത്തി​ലേ കലാശി​ക്കൂ. ആ നിയമങ്ങൾ അനുസ​രി​ക്കുന്ന കുടും​ബ​ങ്ങ​ളിൽ സ്‌നേ​ഹ​വും ആദരവും സുരക്ഷി​ത​ത്വ​വും തഴച്ചു​വ​ള​രും. തന്‍റെ നിയമം മനഃപൂർവം ലംഘി​ക്കു​ന്ന​വരെ യഹോവ ശിക്ഷി​ക്കും.​—എബ്രാ. 13:4.

10. ലൈം​ഗിക അധാർമി​ക​ത​യിൽനിന്ന് ഒരു ക്രിസ്‌ത്യാ​നിക്ക് എങ്ങനെ അകന്നു​നിൽക്കാം?

10 ലൈം​ഗിക അധാർമി​ക​ത​യിൽനിന്ന് എങ്ങനെ അകന്നു​നിൽക്കാ​മെന്നു ദൈവ​വ​ചനം നമ്മളെ പഠിപ്പി​ക്കു​ന്നു. നമ്മുടെ കണ്ണുകളെ നിയ​ന്ത്രി​ക്കുക എന്നതാണ്‌ ഒരു പ്രധാ​ന​കാ​ര്യം. യേശു പറഞ്ഞു: “കാമവി​കാ​രം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീ​യെ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നവൻ ഹൃദയ​ത്തിൽ ആ സ്‌ത്രീ​യു​മാ​യി വ്യഭി​ചാ​രം ചെയ്‌തു​ക​ഴി​ഞ്ഞു. അതു​കൊണ്ട് നീ ഇടറി​വീ​ഴാൻ നിന്‍റെ വലതു​കണ്ണ് ഇടയാ​ക്കു​ന്നെ​ങ്കിൽ അതു ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യുക.” (മത്താ. 5:28, 29) അതിനാൽ ഒരു ക്രിസ്‌ത്യാ​നി അശ്ലീലം കാണു​ന്ന​തും ലൈം​ഗി​ക​ച്ചു​വ​യുള്ള വരികൾ അടങ്ങിയ പാട്ടുകൾ കേൾക്കു​ന്ന​തും ഒഴിവാ​ക്കും. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സഹക്രി​സ്‌ത്യാ​നി​കൾക്ക് ഇങ്ങനെ എഴുതി: ‘ലൈം​ഗിക അധാർമി​ക​ത​യു​ടെ കാര്യ​ത്തിൽ നിങ്ങളു​ടെ ഭൗമി​കാ​വ​യ​വ​ങ്ങളെ കൊന്നു​ക​ള​യുക.’ (കൊലോ. 3:5) കൂടാതെ, നമ്മുടെ ചിന്തക​ളും സംസാ​ര​വും നിയ​ന്ത്രി​ക്കു​ക​യും വേണം.​—എഫെ. 5:3-5.

പണവും പ്രശസ്‌തി​യും നേടി​ത്ത​രുന്ന ഒരു ഉയർന്ന ജോലി​യാ​ണോ ലക്ഷ്യം?

11. നല്ലൊരു ജോലി ലക്ഷ്യം​വെച്ച് പ്രവർത്തി​ക്കാൻ തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്?

11 “നല്ല ഒരു ജോലി നേടു​ന്ന​താ​ണു സന്തോ​ഷ​ത്തി​ന്‍റെ അടിസ്ഥാ​നം.” നിലയും വിലയും അധികാ​ര​വും സമ്പത്തും ഒക്കെ നേടി​ത്ത​രുന്ന ഒരു ജോലി കിട്ടു​ന്ന​തി​നാ​യി നമ്മുടെ സമയവും ഊർജ​വും ചെലവാ​ക്കാൻ ആളുകൾ നമ്മളോ​ടു പറഞ്ഞേ​ക്കാം. ഇന്ന് അനേക​രും അങ്ങനെ​യൊ​രു ലക്ഷ്യം​വെച്ച് പ്രവർത്തി​ക്കു​ന്ന​തു​കൊണ്ട് ഒരു ക്രിസ്‌ത്യാ​നി​യി​ലേ​ക്കും സമാന​മായ ചിന്ത കടന്നു​വ​രാ​നി​ട​യുണ്ട്.

12. നല്ലൊരു ജോലി​യു​ള്ള​താ​ണോ സന്തോ​ഷ​ത്തി​ന്‍റെ അടിസ്ഥാ​നം?

12 നിലയും വിലയും അധികാ​ര​വും ഉള്ള നല്ലൊരു ജോലി​യു​ണ്ടെ​ങ്കിൽ നിലനിൽക്കുന്ന സന്തോഷം ലഭിക്കും എന്നതു ശരിയാ​ണോ? അല്ല. ഒന്നു ചിന്തി​ക്കുക. മറ്റുള്ള​വ​രു​ടെ മേൽ അധികാ​രം വേണ​മെ​ന്നും എല്ലാവ​രും തന്നെ ശ്രേഷ്‌ഠ​നാ​യി കാണണ​മെ​ന്നും സാത്താൻ ആഗ്രഹി​ച്ചു. എന്നാൽ സാത്താൻ ഇപ്പോൾ സന്തുഷ്ട​നാ​ണോ? അല്ല. കോപ​മാണ്‌ അവനിൽ നിറഞ്ഞി​രി​ക്കു​ന്നത്‌. (മത്താ. 4:8, 9; വെളി. 12:12) നിത്യ​ജീ​വന്‍റെ പാതയി​ലേക്കു നയിക്കുന്ന ദൈവി​ക​ജ്ഞാ​ന​ത്തിൽനിന്ന് പ്രയോ​ജനം നേടാൻ ആളുകളെ സഹായി​ക്കു​മ്പോൾ നമുക്ക് അതിരറ്റ സന്തോഷം ലഭിക്കും. ഈ ലോകം വാഗ്‌ദാ​നം ചെയ്യുന്ന ഒരു ജോലി​ക്കും അത്രയ​ധി​കം സംതൃ​പ്‌തി തരാൻ കഴിയില്ല. അതു മാത്രമല്ല, അങ്ങേയറ്റം മത്സരം നിറഞ്ഞ​താണ്‌ ഈ ലോക​ത്തി​ന്‍റെ ആത്മാവ്‌. അത്‌ ആളുകളെ മറ്റുള്ള​വ​രെ​ക്കാൾ മികച്ചു​നിൽക്കാൻ പ്രേരി​പ്പി​ക്കു​ക​യും ആളുക​ളിൽ അസൂയ തോന്നി​പ്പി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ എല്ലാം “കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം മാത്രം” ആയിരു​ന്നെന്ന് ഒടുവിൽ അവർ മനസ്സി​ലാ​ക്കും.​—സഭാ. 4:4.

13. (എ) ജോലി​യോ​ടുള്ള നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്കണം? (ബി) എന്താണു പൗലോ​സിന്‌ യഥാർഥ​സ​ന്തോ​ഷം നേടി​ക്കൊ​ടു​ത്തത്‌?

13 നമുക്കു ജീവി​ക്കാൻ ഒരു ജോലി ആവശ്യ​മാണ്‌. നമുക്ക് ഇഷ്ടമുള്ള ജോലി തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും തെറ്റില്ല. പക്ഷേ അതായി​രി​ക്ക​രു​തു നമ്മുടെ ജീവി​ത​ത്തിൽ ഏറ്റവും പ്രധാനം. യേശു പറഞ്ഞു: “രണ്ട് യജമാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാ​നനെ സ്‌നേ​ഹി​ക്കും. അല്ലെങ്കിൽ ഒന്നാമ​നോ​ടു പറ്റിനിന്ന് മറ്റേ യജമാ​നനെ നിന്ദി​ക്കും. നിങ്ങൾക്ക് ഒരേ സമയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.” (മത്താ. 6:24) യഹോ​വയെ സേവി​ക്കു​ന്ന​തി​ലും മറ്റുള്ള​വരെ ദൈവ​വ​ചനം പഠിപ്പി​ക്കു​ന്ന​തി​ലും ആണ്‌ നമ്മുടെ ശ്രദ്ധ​യെ​ങ്കിൽ നമുക്ക് അളവറ്റ സന്തോഷം അനുഭ​വി​ക്കാ​നാ​കും. അത്തരം സന്തോഷം അനുഭ​വി​ച്ച​യാ​ളാണ്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌. ജൂതമ​ത​ത്തിൽ നല്ല സ്ഥാനങ്ങൾ നേടു​ന്ന​തി​ലാ​യി​രു​ന്നു ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ പൗലോ​സി​ന്‍റെ ശ്രദ്ധ. പക്ഷേ ശിഷ്യ​രാ​ക്കൽവേ​ല​യാ​ണു പൗലോ​സിന്‌ യഥാർഥ​സം​തൃ​പ്‌തി നൽകി​യത്‌. ആളുകൾ ദൈവ​ത്തി​ന്‍റെ സന്ദേശം ശ്രദ്ധി​ക്കു​ന്ന​തും അവർ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്ന​തും കണ്ടതു പൗലോ​സി​നെ വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ച്ചു. (1 തെസ്സ​ലോ​നി​ക്യർ 2:13, 19, 20 വായി​ക്കുക.) മറ്റൊരു ജോലി​ക്കും ആ സംതൃ​പ്‌തി തരാനാ​കില്ല.

ദൈവികജ്ഞാനത്തിൽ നിന്ന് പ്രയോ​ജനം നേടാൻ ആളുകളെ സഹായി​ക്കുമ്പോൾ നമുക്ക് അതിരറ്റ സന്തോഷം ലഭിക്കും (12, 13 ഖണ്ഡികകൾ കാണുക)

മനുഷ്യ​രു​ടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ മനുഷ്യ​നു​തന്നെ കഴിയു​മോ?

14. മനുഷ്യർക്കു തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിയു​മെന്ന ആശയം ആകർഷ​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

14 “മനുഷ്യ​നു​തന്നെ മനുഷ്യ​ന്‍റെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിയും.” ലോക​ത്തി​ന്‍റെ ഈ ചിന്ത പലർക്കും ഇഷ്ടമാണ്‌. എന്തു​കൊണ്ട്? കാരണം, അതു സത്യമാ​ണെ​ങ്കിൽ മനുഷ്യർക്കു ദൈവ​ത്തി​ന്‍റെ സഹായം ആവശ്യ​മില്ല, അവർക്ക് ഇഷ്ടമു​ള്ള​തു​പോ​ലെ കാര്യങ്ങൾ ചെയ്യാം. ആ ചിന്തയ്‌ക്കു മതിയായ അടിസ്ഥാ​ന​മു​ണ്ടെന്ന് ഒറ്റനോ​ട്ട​ത്തിൽ തോന്നി​യേ​ക്കാം. കാരണം, യുദ്ധവും കുറ്റകൃ​ത്യ​ങ്ങ​ളും രോഗ​വും ദാരി​ദ്ര്യ​വും എല്ലാം കുറഞ്ഞു​വ​രു​ക​യാ​ണെ​ന്നാ​ണു ചില പഠനങ്ങൾ പറയു​ന്നത്‌. ഒരു റിപ്പോർട്ട് പറയുന്നു: “ലോകത്തെ നല്ല ഒരു ഇടമാ​ക്കാൻ മനുഷ്യർ തീരു​മാ​നി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട് മനുഷ്യ​ജീ​വി​തം മെച്ച​പ്പെ​ട്ടു​വ​രു​ന്നു.” മനുഷ്യ​നെ കാലങ്ങ​ളാ​യി പിടി​മു​റു​ക്കി​യി​രുന്ന പ്രശ്‌നങ്ങൾ അവന്‍റെ നിയ​ന്ത്ര​ണ​ത്തി​ലാ​യെന്നു അത്തരം പ്രസ്‌താ​വ​നകൾ തെളി​യി​ക്കു​ന്നു​ണ്ടോ? അതിനുള്ള ഉത്തരത്തി​നാ​യി നമുക്ക് ആ പ്രശ്‌നങ്ങൾ ഒന്ന് അടുത്ത്‌ ചിന്തി​ക്കാം.

15. മനുഷ്യർ അനുഭ​വി​ക്കുന്ന പ്രശ്‌ന​ങ്ങ​ളു​ടെ തീവ്ര​ത​യ്‌ക്ക് ഏതു വസ്‌തു​തകൾ അടിവ​ര​യി​ടു​ന്നു?

15 യുദ്ധങ്ങൾ: രണ്ടു ലോക​മ​ഹാ​യു​ദ്ധങ്ങൾ ആറു കോടി ആളുക​ളു​ടെ ജീവനാ​ണു കവർന്നെ​ടു​ത്തത്‌. രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ച്ചി​ട്ടും യുദ്ധം എങ്ങനെ ഒഴിവാ​ക്ക​ണ​മെന്നു മനുഷ്യൻ പഠിച്ചി​ട്ടില്ല. 2015 വരെയുള്ള കണക്കനു​സ​രിച്ച്, 6 കോടി 50 ലക്ഷം ആളുകൾക്കാ​ണു യുദ്ധമോ ഉപദ്ര​വ​ങ്ങ​ളോ കാരണം വീടു വിട്ട് പോ​കേ​ണ്ടി​വ​ന്നത്‌. 2015-ൽ മാത്രം 1 കോടി 24 ലക്ഷം ആളുക​ളാണ്‌ ഇത്തരത്തിൽ വീടുകൾ ഉപേക്ഷി​ക്കാൻ നിർബ​ന്ധി​ത​രാ​യത്‌. കുറ്റകൃ​ത്യം: ചിലതരം കുറ്റകൃ​ത്യ​ങ്ങൾ ചില സ്ഥലങ്ങളിൽ കുറഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും സൈബർകു​റ്റ​കൃ​ത്യ​വും ഗാർഹി​ക​പീ​ഡ​ന​വും ഭീകര​പ്ര​വർത്ത​ന​വും വൻതോ​തിൽ വർധി​ച്ചു​വ​രു​ക​യാണ്‌. കൂടാതെ, ലോക​മെ​ങ്ങും അഴിമ​തി​യും കൂടി​ക്കൂ​ടി വരുന്ന​താ​യി ആളുകൾ വിശ്വ​സി​ക്കു​ന്നു. കുറ്റകൃ​ത്യം ഇല്ലാതാ​ക്കാൻ മനുഷ്യ​നു കഴിഞ്ഞി​ട്ടില്ല. രോഗം: ചില രോഗങ്ങൾ നിയ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടുണ്ട്. പക്ഷേ 2013-ലെ ഒരു റിപ്പോർട്ട് അനുസ​രിച്ച് 60 വയസ്സിൽ താഴെ​യുള്ള ഏകദേശം 90 ലക്ഷം ആളുക​ളാ​ണു ഹൃ​ദ്രോ​ഗം, പക്ഷാഘാ​തം, ക്യാൻസർ, ശ്വാസ​സം​ബ​ന്ധ​മായ രോഗങ്ങൾ, പ്രമേഹം എന്നിവ കാരണം ഓരോ വർഷവും മരിക്കു​ന്നത്‌. ദാരി​ദ്ര്യം: ലോക​ബാ​ങ്കി​ന്‍റെ കണക്കു​പ്ര​കാ​രം 1990-ൽ ആഫ്രി​ക്ക​യിൽ മാത്രം കടുത്ത ദാരി​ദ്ര്യം അനുഭ​വി​ച്ചി​രു​ന്ന​വ​രു​ടെ എണ്ണം 28 കോടി​യാ​യി​രു​ന്നെ​ങ്കിൽ 2012 ആയപ്പോ​ഴേ​ക്കും അത്‌ 33 കോടി​യാ​യി.

16. (എ) മനുഷ്യ​രു​ടെ പ്രശ്‌നങ്ങൾ ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ പരിഹ​രി​ക്കാൻ കഴിയൂ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്? (ബി) യശയ്യയും സങ്കീർത്ത​ന​ക്കാ​ര​നും ദൈവ​രാ​ജ്യ​ത്തി​ന്‍റെ എന്തൊക്കെ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌?

16 സ്വാർഥ​ശ​ക്തി​ക​ളാണ്‌ ഇന്നത്തെ സാമ്പത്തിക-രാഷ്‌ട്രീയ വ്യവസ്ഥി​തി​ക​ളു​ടെ ചരടു​വ​ലി​ക്കു​ന്നത്‌. അവർക്കു യുദ്ധമോ കുറ്റകൃ​ത്യ​മോ രോഗ​ങ്ങ​ളോ ദാരി​ദ്ര്യ​മോ ഇല്ലാതാ​ക്കാൻ കഴിയില്ല. ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ അതിനു കഴിയൂ. യഹോവ മനുഷ്യർക്കു​വേണ്ടി ചെയ്യാൻപോ​കു​ന്നത്‌ എന്തൊ​ക്കെ​യാ​ണെന്നു നോക്കൂ. യുദ്ധം: യുദ്ധത്തി​ന്‍റെ മൂലകാ​ര​ണങ്ങൾ എന്തെല്ലാ​മാ​ണോ അതെല്ലാം ദൈവ​രാ​ജ്യം നീക്കം ചെയ്യും. അതായത്‌, സ്വാർഥത, അഴിമതി, ദേശീ​യ​വി​കാ​രങ്ങൾ, വ്യാജ​മതം, അവസാ​ന​മാ​യി സാത്താ​നെ​യും ഇല്ലാതാ​ക്കും. (സങ്കീ. 46:8, 9) കുറ്റകൃ​ത്യം: പരസ്‌പരം സ്‌നേ​ഹി​ക്കാ​നും വിശ്വ​സി​ക്കാ​നും ദൈവ​രാ​ജ്യം ഇപ്പോൾത്തന്നെ ലക്ഷക്കണ​ക്കിന്‌ ആളുകളെ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. മറ്റ്‌ ഏതു ഗവൺമെ​ന്‍റി​നാണ്‌ അതിനു കഴിഞ്ഞി​രി​ക്കു​ന്നത്‌? (യശ. 11:9) രോഗം: പൂർണ ആരോ​ഗ്യം കൊടു​ത്തു​കൊണ്ട് യഹോവ തന്‍റെ ജനത്തെ അനു​ഗ്ര​ഹി​ക്കും. (യശ. 35:5, 6) ദാരി​ദ്ര്യം: യഹോവ ദാരി​ദ്ര്യം പൂർണ​മാ​യും നിർമാർജനം ചെയ്യും. ആത്മീയ​വും ഭൗതി​ക​വും ആയ സമൃദ്ധി കൊടു​ത്തു​കൊണ്ട് തന്‍റെ ജനത്തെ അനു​ഗ്ര​ഹി​ക്കും. ഇന്ന് എത്ര സമ്പത്തു​ണ്ടാ​യാ​ലും ലഭിക്കാ​ത്തത്ര വിശി​ഷ്ട​മായ ഒരു ജീവി​ത​മാ​യി​രി​ക്കും അന്ന്.​—സങ്കീ. 72:12, 13.

‘എങ്ങനെ മറുപടി കൊടു​ക്ക​ണ​മെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കുക’

17. നിങ്ങൾക്ക് എങ്ങനെ ലോക​ത്തി​ന്‍റെ ചിന്ത തള്ളിക്ക​ള​യാം?

17 ബൈബിൾത​ത്ത്വ​ങ്ങൾക്കോ ക്രിസ്‌തീ​യ​വി​ശ്വാ​സ​ങ്ങൾക്കോ വിരു​ദ്ധ​മായ ലോക​ത്തി​ന്‍റെ ഏതെങ്കി​ലും ഒരു ചിന്ത നിങ്ങൾ അഭിമു​ഖീ​ക​രി​ക്കു​ന്നെ​ങ്കിൽ ദൈവ​വ​ചനം ആ വിഷയ​ത്തെ​ക്കു​റിച്ച് എന്താണു പറയു​ന്ന​തെന്നു ഗവേഷണം ചെയ്യുക. അനുഭ​വ​പ​രി​ച​യ​മുള്ള ഒരു സഹവി​ശ്വാ​സി​യു​മാ​യി അതെക്കു​റിച്ച് സംസാ​രി​ക്കുക. ആളുകൾ ആ ആശയം ഇഷ്ടപ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അത്തരം ഒരു ചിന്തയു​ടെ കുഴപ്പങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും അത്‌ എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നും മനസ്സി​ലാ​ക്കുക. കൊ​ലോ​സ്യ​യി​ലെ സഭയ്‌ക്കു പൗലോസ്‌ ഇങ്ങനെ എഴുതി: ‘പുറത്തു​ള്ള​വ​രോട്‌ എപ്പോ​ഴും ജ്ഞാന​ത്തോ​ടെ പെരു​മാ​റുക. ഓരോ​രു​ത്തർക്കും എങ്ങനെ മറുപടി കൊടു​ക്ക​ണ​മെന്നു അറിഞ്ഞി​രി​ക്കുക.’ ആ ഉപദേശം പിൻപ​റ്റു​ന്നെ​ങ്കിൽ ലോക​ത്തി​ന്‍റെ ചിന്തയിൽനിന്ന് നമുക്കു നമ്മെത്തന്നെ സംരക്ഷി​ക്കാം.—കൊലോ. 4:5, 6.

^ ഖ. 9 ചില ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളിൽ കാണുന്ന യോഹ​ന്നാൻ 7:53–8:11-ലെ വിവരണം മൂല​യെ​ഴു​ത്തു​ക​ളു​ടെ ഭാഗമ​ല്ലാ​യി​രു​ന്നെ​ന്നും അതു കൂട്ടി​ച്ചേർത്ത​താ​ണെ​ന്നും പല ആളുകൾക്കും അറിയില്ല. ആ വിവര​ണ​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തിൽ, പാപം ചെയ്യാത്ത ഒരു വ്യക്തിക്കേ വ്യഭി​ചാ​രം ചെയ്‌ത​തി​ന്‍റെ പേരിൽ മറ്റൊ​രാ​ളെ വിധി​ക്കാൻ അർഹത​യു​ള്ളൂ എന്നു ചിലർ വാദി​ക്കു​ന്നു. പക്ഷേ, ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഒരാൾ മറ്റൊ​രാ​ളു​ടെ ഭാര്യ​യോ​ടു​കൂ​ടെ കിടക്കു​ന്നതു കണ്ടാൽ ഇരുവ​രെ​യും, ആ സ്‌ത്രീ​യെ​യും ഒപ്പം കിടന്ന പുരു​ഷ​നെ​യും, നിങ്ങൾ കൊല്ലണം.”​—ആവ. 22:22.