വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നും നിലനിൽക്കുന്നു”

“നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നും നിലനിൽക്കുന്നു”

“പുൽക്കൊടികൾ കരിയുന്നു, പൂക്കൾ വാടുന്നു, നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നും നിലനിൽക്കുന്നു.”—യശ. 40:8.

ഗീതങ്ങൾ: 95, 97

1, 2. (എ) ബൈബിളില്ലായിരുന്നെങ്കിൽ  ജീവിതം  എങ്ങനെയായിത്തീരുമായിരുന്നു? (ബി) ദൈവവചനം നമുക്കു നന്നായി പ്രയോജനപ്പെടണമെങ്കിൽ എന്ത് ആവശ്യമാണ്‌?

ബൈബിൾ ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ ജീവിതം എങ്ങനെയായിരുന്നേനേ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അനുദിനജീവിതത്തിൽ, ആശ്രയയോഗ്യമായ നിർദേശങ്ങൾ നിങ്ങൾക്കു ലഭിക്കുമായിരുന്നില്ല. ജീവനെക്കുറിച്ചും ഭാവിയെക്കുറിച്ചും ദൈവത്തെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്കു തൃപ്‌തികരമായ ഉത്തരങ്ങളും കിട്ടില്ലായിരുന്നു. മനുഷ്യകുടുംബത്തിനുവേണ്ടി ദൈവം ചെയ്‌ത കാര്യങ്ങളുടെ ചരിത്രവും നിങ്ങൾക്ക് അജ്ഞാതമായിരുന്നേനേ.

2 എന്നാൽ അങ്ങനെയുള്ള പരിതാപകരമായൊരു അവസ്ഥയിലല്ല നമ്മൾ. യഹോവ തന്‍റെ വചനമായ ബൈബിൾ നമുക്കു തന്നിട്ടുണ്ട്. അതിലെ സന്ദേശം എന്നും നിലനിൽക്കുമെന്നുള്ള ഉറപ്പും നൽകിയിരിക്കുന്നു. യശയ്യ 40:8-ലെ വാക്കുകൾ തന്‍റെ കത്തിൽ അപ്പോസ്‌തലനായ പത്രോസ്‌ ഉദ്ധരിച്ചു. യശയ്യയുടെ ആ വാക്കുകൾ മുഴുബൈബിളിനെയുംകുറിച്ചായിരുന്നെന്നു പറയാനാകില്ലെങ്കിലും ദൈവപ്രചോദിതമായ ആ വാക്കുകൾ ബൈബിളിലെ സന്ദേശത്തിനു ബാധകമാണ്‌. (1 പത്രോസ്‌ 1:24, 25 വായിക്കുക.) ബൈബിൾ നമുക്കു ശരിക്കും പ്രയോജനം ചെയ്യണമെങ്കിൽ നമുക്ക് അറിയാവുന്ന ഒരു ഭാഷയിൽ അതു ലഭ്യമായിരിക്കണം. ദൈവവചനത്തെ പ്രിയപ്പെടുന്നവർ വളരെ മുമ്പുതന്നെ ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ട്. തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്തുന്നതും വിതരണം ചെയ്യുന്നതും എളുപ്പമല്ലായിരുന്നിട്ടുകൂടി ആത്മാർഥതയുള്ള ആളുകൾ കഴിഞ്ഞുപോയ നൂറ്റാണ്ടുകളിൽ അതിനായി കഠിനാധ്വാനം ചെയ്‌തിരിക്കുന്നു. “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും അവർ സത്യത്തിന്‍റെ ശരിയായ അറിവ്‌ നേടണമെന്നും” ഉള്ള ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിച്ചവരായിരുന്നു അവർ.—1 തിമൊ. 2:3, 4.

3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

3 ഈ ലേഖനത്തിൽ, (1) ഭാഷയിലുണ്ടായ മാറ്റങ്ങളെയും (2) രാഷ്‌ട്രീയസംഭവവികാസങ്ങളെയും (3) ബൈബിൾപരിഭാഷകർ നേരിട്ട എതിർപ്പുകളെയും ദൈവവചനം എങ്ങനെയാണ്‌ അതിജീവിച്ചതെന്നു നമ്മൾ പഠിക്കും. അതുകൊണ്ടുള്ള പ്രയോജനം എന്താണ്‌? ദൈവവചനത്തോടുള്ള നമ്മുടെ വിലമതിപ്പു കൂടുതൽ ആഴമുള്ളതായിത്തീരും. നമ്മുടെ പ്രയോജനത്തെ കരുതി അതു തന്ന ബൈബിളിന്‍റെ ഗ്രന്ഥകർത്താവിനോടുള്ള നമ്മുടെ സ്‌നേഹവും വർധിക്കും.—മീഖ 4:2; റോമ. 15:4.

ഭാഷയിലുണ്ടായ മാറ്റങ്ങൾ

4. (എ) കാലം മാറുന്നതനുസരിച്ച് ഭാഷയ്‌ക്ക് എന്തു മാറ്റം വരും? (ബി) ഏതെങ്കിലും ഭാഷക്കാരോടു ദൈവത്തിനു പ്രത്യേകമമതയില്ലെന്ന് എന്തു കാണിക്കുന്നു, ഈ അറിവ്‌ നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?

4 കാലം കടന്നുപോകുന്നതനുസരിച്ച് ഭാഷകൾക്കു രൂപമാറ്റം വരും. വാക്കുകളുടെയും പദപ്രയോഗങ്ങളുടെയും അർഥം അപ്പാടേ മാറിയേക്കാം. നിങ്ങളുടെ ഭാഷയിലും അതുപോലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ടാകില്ലേ? ബൈബിളിന്‍റെ ഭൂരിഭാഗവും എഴുതിയ എബ്രായ, ഗ്രീക്ക് ഭാഷകളുടെ കാര്യവും അങ്ങനെതന്നെ. ബൈബിൾക്കാലങ്ങളിലെ എബ്രായ, ഗ്രീക്ക് ഭാഷകൾക്ക് ആധുനികകാലത്തെ എബ്രായ, ഗ്രീക്ക് ഭാഷകളുമായി കാര്യമായ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ആധുനിക എബ്രായ, ഗ്രീക്ക് ഭാഷകൾ അറിയാവുന്നവർക്കുപോലും ദൈവവചനം വായിച്ചുമനസ്സിലാക്കാൻ ഒരു പരിഭാഷയെ ആശ്രയിക്കേണ്ടിവരും. പണ്ടുകാലത്തെ എബ്രായ, ഗ്രീക്ക് ഭാഷകൾ പഠിച്ചാൽ ബൈബിളിന്‍റെ മൂലഭാഷാരൂപം വായിച്ചുമനസ്സിലാക്കാമെന്നു ചിലർക്കു തോന്നിയിട്ടുണ്ട്. പക്ഷേ അതുകൊണ്ട് അവർ വിചാരിക്കുന്നത്ര പ്രയോജനമുണ്ടാകണമെന്നില്ല. * സന്തോഷകരമെന്നു പറയട്ടെ, ബൈബിൾ മുഴുവനായോ ഭാഗികമായോ ഇതിനോടകം 3,000-ത്തോളം ഭാഷകളിലേക്കു തർജ്ജമ ചെയ്‌തിട്ടുണ്ട്. ‘എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും’ പെട്ട ആളുകൾക്കു തന്‍റെ വചനം പ്രയോജനപ്പെടണമെന്നാണു ദൈവത്തിന്‍റെ ആഗ്രഹമെന്ന് ഇതു കാണിക്കുന്നു. (വെളിപാട്‌ 14:6 വായിക്കുക.) ഇത്‌ ഓർക്കുമ്പോൾ സ്‌നേഹനിധിയായ, പക്ഷപാതമില്ലാത്ത നമ്മുടെ ദൈവത്തോടു കൂടുതൽ അടുപ്പം തോന്നുന്നില്ലേ?—പ്രവൃ. 10:34.

5. ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരത്തിന്‍റെ പ്രാധാന്യം എന്താണ്‌?

5 ഇതുവരെ ബൈബിൾ പരിഭാഷപ്പെടുത്തിയിട്ടുള്ള ഭാഷകളുടെ കാര്യവും വ്യത്യസ്‌തമല്ല, അവയ്‌ക്കും മാറ്റം വരും. ഒരു ബൈബിൾപരിഭാഷ പുറത്തിറങ്ങുന്ന സമയത്ത്‌ അതു മനസ്സിലാക്കാൻ വായനക്കാർക്ക് എളുപ്പമായിരിക്കും. എന്നാൽ കാലം കടന്നുപോകുന്നതനുസരിച്ച് അതിലെ ഭാഷയുടെ വ്യക്തത കുറഞ്ഞുവന്നേക്കാം. ബൈബിളിന്‍റെ ഒരു ഇംഗ്ലീഷ്‌ പരിഭാഷ അതിന്‌ ഉദാഹരണമാണ്‌. 1611-ലാണു ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരം ആദ്യം പുറത്തിറങ്ങിയത്‌. ഏറ്റവുമധികം പ്രചാരം നേടിയ ഇംഗ്ലീഷ്‌ ബൈബിളുകളിലൊന്നായ അത്‌ ഇംഗ്ലീഷ്‌ ഭാഷയെത്തന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. * എന്നാൽ ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരത്തിൽ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമേ “യഹോവ” എന്ന ദൈവനാമം ഉപയോഗിച്ചിട്ടുള്ളൂ. എബ്രായതിരുവെഴുത്തുകളുടെ മൂലപാഠത്തിൽ ദൈവനാമം പ്രത്യക്ഷപ്പെടുന്ന മറ്റു വാക്യങ്ങളുടെ കാര്യമോ? അവിടെ ആ ഭാഷാന്തരം, “കർത്താവ്‌” (“LORD”) എന്നു വല്ല്യക്ഷരത്തിൽ കൊടുത്തിരിക്കുന്നു. അതിന്‍റെ പിന്നീടുള്ള പതിപ്പുകളിൽ, ഗ്രീക്ക് തിരുവെഴുത്തുകളിലെ ചില വാക്യങ്ങളിലും “കർത്താവ്‌” എന്നു വല്ല്യക്ഷരത്തിൽ കൊടുത്തിട്ടുണ്ട്. അതുവഴി, പുതിയ നിയമം എന്നു വിളിക്കുന്ന ബൈബിൾഭാഗത്തും ദൈവനാമം പ്രത്യക്ഷപ്പെടുന്നുണ്ടെന്ന കാര്യം ആ ഭാഷാന്തരം അംഗീകരിക്കുകയായിരുന്നു.

6. പുതിയ ലോക ഭാഷാന്തരം കിട്ടിയതിൽ നമുക്കു നന്ദിയുള്ളത്‌ എന്തുകൊണ്ട്?

6 എങ്കിലും ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരത്തിൽ ഉപയോഗിച്ച മിക്ക വാക്കുകളും ക്രമേണ കാലഹരണപ്പെട്ടുപോയി. മറ്റു ഭാഷകളിലുള്ള ആദ്യകാല ബൈബിൾപരിഭാഷകളുടെ കാര്യത്തിലും ഇതു സത്യമാണ്‌. അതുകൊണ്ട് ഇപ്പോൾ ആധുനിക ഭാഷയിലുള്ള, വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം കിട്ടിയിരിക്കുന്നതിൽ നമ്മൾ നന്ദിയുള്ളവരല്ലേ? അത്‌ ഇന്നു മുഴുവനായോ ഭാഗികമായോ 150-ലധികം ഭാഷകളിൽ, അതായത്‌ ലോകജനസംഖ്യയുടെ വലിയൊരു ഭാഗത്തിന്‌, ലഭ്യമാണ്‌. അതിൽ വ്യക്തമായ ആധുനികഭാഷ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് ദൈവവചനത്തിലെ സന്ദേശം എളുപ്പത്തിൽ നമ്മുടെ ഹൃദയത്തിലെത്തും. (സങ്കീ. 119:97) മൂലപാഠത്തിൽ ദൈവനാമം പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം പുതിയ ലോക ഭാഷാന്തരം അത്‌ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത.

ലോകത്തെ പൊതുവായ ഭാഷയും രാഷ്‌ട്രീയമാറ്റങ്ങളും

7, 8. (എ) ബി.സി. 3-‍ാ‍ം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിക്ക ജൂതന്മാർക്കും എബ്രായതിരുവെഴുത്തുകൾ മനസ്സിലാക്കാൻ കഴിയാതായത്‌ എങ്ങനെ? (ബി) എന്താണു ഗ്രീക്ക് സെപ്‌റ്റുവജിന്‍റ്?

7 ചിലപ്പോഴൊക്കെ ലോകരംഗത്തുണ്ടായ രാഷ്‌ട്രീയമാറ്റങ്ങൾ ലോകത്തിന്‍റെ പൊതുഭാഷ ഏതാണെന്നു നിർണയിച്ചിട്ടുണ്ട്. ദൈവവചനം മനസ്സിലാക്കുന്നതിന്‌ അത്തരം മാറ്റങ്ങൾ ഒരു തടസ്സമാകുന്നില്ലെന്നു ദൈവം എങ്ങനെയാണ്‌ ഉറപ്പുവരുത്തിയത്‌? അതിനുള്ള ഉത്തരത്തിനായി നമുക്കു ചരിത്രത്തിലേക്ക് ഒന്നു പിന്തിരിഞ്ഞുനോക്കാം. ബൈബിളിലെ ആദ്യത്തെ 39 പുസ്‌തകങ്ങൾ ഇസ്രായേല്യർ അഥവാ ജൂതന്മാർ ആണ്‌ എഴുതിയത്‌. തുടക്കത്തിൽ, “ദൈവത്തിന്‍റെ വിശുദ്ധമായ അരുളപ്പാടുകൾ അവരെയാണ്‌ ഏൽപ്പിച്ചത്‌.” (റോമ. 3:1, 2) ആ പുസ്‌തകങ്ങൾ എഴുതപ്പെട്ടത്‌ എബ്രായ, അരമായ ഭാഷകളിലായിരുന്നു. പക്ഷേ ബി.സി. 3-‍ാ‍ം നൂറ്റാണ്ടായപ്പോഴേക്കും മിക്ക ജൂതന്മാർക്കും എബ്രായഭാഷ മനസ്സിലാകാതായി. എന്തായിരുന്നു കാരണം? രാജ്യങ്ങൾ ഒന്നൊന്നായി പിടിച്ചടക്കി മുന്നേറിയ മഹാനായ അലക്‌സാണ്ടർ ഗ്രീക്കുസാമ്രാജ്യത്തിന്‍റെ അതിർത്തികൾ വിസ്‌തൃതമാക്കിയിരുന്നു. (ദാനി. 8:5-7, 20, 21) അതോടെ, ഭൂമിയുടെ പല ഭാഗങ്ങളിലേക്കു ചിതറിപ്പോയിരുന്ന ജൂതന്മാർ ഉൾപ്പെടെ, ആ സാമ്രാജ്യത്തിന്‍റെ പ്രജകളിൽ മിക്കവരുടെയും പൊതുഭാഷ ഗ്രീക്കായി മാറി. അങ്ങനെ മിക്ക ജൂതന്മാരും ഗ്രീക്കുഭാഷ സംസാരിക്കാൻ തുടങ്ങിയതോടെ അവർക്ക് എബ്രായതിരുവെഴുത്തുകൾ വായിച്ചുമനസ്സിലാക്കുന്നതു കൂടുതൽ ബുദ്ധിമുട്ടായി. എന്തായിരുന്നു പരിഹാരം?

8 ബി.സി. 3-‍ാ‍ം നൂറ്റാണ്ടിന്‍റെ പകുതിയോടടുത്ത്‌ ബൈബിളിന്‍റെ ആദ്യത്തെ അഞ്ചു പുസ്‌തകങ്ങൾ എബ്രായയിൽനിന്ന് ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തി. എബ്രായതിരുവെഴുത്തുകളിലെ ബാക്കിയുള്ള പുസ്‌തകങ്ങളുടെ പരിഭാഷ ബി.സി. 2-‍ാ‍ം നൂറ്റാണ്ടിലും പൂർത്തിയായി. ഈ വിവർത്തനം ഗ്രീക്ക് സെപ്‌റ്റുവജിന്‍റ് എന്നാണ്‌ അറിയപ്പെട്ടത്‌. മുഴു എബ്രായതിരുവെഴുത്തുകളുടെയും ആദ്യത്തെ ലിഖിതപരിഭാഷ സെപ്‌റ്റുവജിന്‍റ് ആണെന്നാണു കരുതപ്പെടുന്നത്‌.

9. (എ) സെപ്‌റ്റുവജിന്‍റും മറ്റ്‌ ആദ്യകാലപരിഭാഷകളും ദൈവവചനത്തിന്‍റെ വായനക്കാരെ എങ്ങനെയാണു സഹായിച്ചത്‌? (ബി) എബ്രായതിരുവെഴുത്തുകളിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഏതാണ്‌?

9 സെപ്‌റ്റുവജിന്‍റ് പുറത്തിറങ്ങിയതു ഗ്രീക്കുഭാഷ സംസാരിക്കുന്ന ജൂതന്മാർക്കും മറ്റുള്ളവർക്കും എബ്രായതിരുവെഴുത്തുകൾ വായിച്ചുമനസ്സിലാക്കാൻ വലിയ സഹായമായി. തങ്ങളുടെ മാതൃഭാഷയിൽ ദൈവവചനം കേൾക്കാനും വായിക്കാനും കഴിഞ്ഞത്‌ അവരെ എത്രയധികം ആവേശംകൊള്ളിച്ചിരിക്കണം! കാലക്രമേണ ബൈബിളിന്‍റെ ഭാഗങ്ങൾ അന്നത്തെ മറ്റു പ്രമുഖഭാഷകളായ സുറിയാനി, ഗോഥിക്‌, ലത്തീൻ എന്നീ ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടു. ദൈവവചനം സ്വന്തം ഭാഷയിൽ വായിച്ചുമനസ്സിലാക്കാൻ കഴിഞ്ഞപ്പോൾ അനേകം ആളുകൾ അതിനെ സ്‌നേഹിച്ചുതുടങ്ങി. തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന, തങ്ങളുടെ ഹൃദയത്തോടു ചേർത്തുവെക്കാൻ ആഗ്രഹിക്കുന്ന ചില ബൈബിൾഭാഗങ്ങൾ നമ്മളെപ്പോലെതന്നെ അവരും കണ്ടെത്തി എന്നതിനു സംശയമില്ല. (സങ്കീർത്തനം 119:162-165 വായിക്കുക.) അതെ, ലോകത്തിന്‍റെ പൊതുഭാഷ മാറിമാറി വന്നെങ്കിലും ദൈവവചനം അതിനെയെല്ലാം അതിജീവിക്കുകതന്നെ ചെയ്‌തു.

ബൈബിൾപരിഭാഷകർ നേരിട്ട എതിർപ്പുകൾ

10. ജോൺ വിക്ലിഫിന്‍റെ കാലത്ത്‌ മിക്കവർക്കും ബൈബിൾ എത്തുപാടിന്‌ അപ്പുറമായിരുന്നത്‌ എന്തുകൊണ്ട്?

10 ബൈബിൾ സാധാരണക്കാരുടെ കൈകളിൽ എത്തുന്നതു തടയാൻ ശക്തരായ അധികാരികൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആത്മാർഥതയുള്ള അനേകം ആളുകൾ അത്തരം എതിർപ്പുകളെ ധീരമായി ചെറുത്തുനിന്നു. അതിൽ ഒരാളാണ്‌ 14-‍ാ‍ം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ദൈവശാസ്‌ത്രപണ്ഡിതനായ ജോൺ വിക്ലിഫ്‌. എല്ലാവർക്കും ദൈവവചനം പ്രയോജനപ്പെടണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹത്തിന്‍റെ കാലത്ത്‌ ഇംഗ്ലണ്ടിലെ സാധാരണക്കാർക്കു ബൈബിൾ എത്തുപാടിന്‌ അപ്പുറമായിരുന്നു. എന്തുകൊണ്ട്? ബൈബിളിന്‍റെ കൈയെഴുത്തുപ്രതികൾ മാത്രമേ അന്നു ലഭ്യമായിരുന്നുള്ളൂ. അത്‌ ഉത്‌പാദിപ്പിക്കാൻ നല്ല ചെലവ്‌ വരുമായിരുന്നതുകൊണ്ട് പലർക്കും അതിന്‍റെ വില താങ്ങാനാകില്ലായിരുന്നു. മിക്ക ആളുകൾക്കും എഴുത്തും വായനയും അറിയില്ലായിരുന്നു എന്നതാണു മറ്റൊരു കാരണം. പള്ളിയിൽ ബൈബിൾഭാഗങ്ങൾ വായിച്ചുകേൾപ്പിക്കുമായിരുന്നെങ്കിലും അവർക്ക് അതിന്‍റെ അർഥം മനസ്സിലായിരുന്നോ എന്നു സംശയമാണ്‌. എന്തുകൊണ്ട്? കാരണം സഭയുടെ ഔദ്യോഗികബൈബിൾ (വൾഗേറ്റ്‌) ലത്തീൻ ഭാഷയിലായിരുന്നു. എന്നാൽ മധ്യയുഗമായപ്പോഴേക്കും ലത്തീൻ, സാധാരണക്കാർക്കു മനസ്സിലാകാത്ത ഭാഷയായിക്കഴിഞ്ഞിരുന്നു. അവർക്ക് ഇനി ബൈബിളിലെ മറഞ്ഞിരിക്കുന്ന അമൂല്യനിധികൾ എങ്ങനെ തുറന്നുകിട്ടും?—സുഭാ. 2:1-5.

ദൈവവചനം എല്ലാവർക്കും ലഭ്യമാകണമെന്നു ജോൺ വിക്ലിഫും മറ്റുള്ളവരും ആഗ്രഹിച്ചു. നിങ്ങൾക്കും ആ ആഗ്രഹമുണ്ടോ? (11-‍ാ‍ം ഖണ്ഡിക കാണുക)

11. വിക്ലിഫ്‌ ബൈബിളിന്‍റെ സ്വാധീനം എത്രമാത്രമായിരുന്നു?

11 പിൽക്കാലത്ത്‌ വിക്ലിഫ്‌ ബൈബിൾ എന്ന് അറിയപ്പെട്ട ഒരു ഇംഗ്ലീഷ്‌ പരിഭാഷ 1382-ൽ പുറത്തിറങ്ങി. ലൊള്ളാർഡുകൾ എന്നു വിളിച്ചിരുന്ന വിക്ലിഫിന്‍റെ അനുഗാമികൾക്കിടയിൽ ആ പരിഭാഷ പെട്ടെന്നു പ്രചാരം നേടി. സാധാരണക്കാരുടെ ഹൃദയത്തിലും മനസ്സിലും ദൈവവചനത്തിലെ സന്ദേശം എത്തിക്കണമെന്ന് അതിയായി ആഗ്രഹിച്ച അവർ ഇംഗ്ലണ്ടിലെ ഗ്രാമങ്ങൾതോറും കാൽനടയായി സഞ്ചരിച്ചു. കണ്ടുമുട്ടിയവരെ അവർ വിക്ലിഫ്‌ ബൈബിളിന്‍റെ ഭാഗങ്ങൾ വായിച്ചുകേൾപ്പിച്ചു. അവർക്ക് അതിന്‍റെ കൈയെഴുത്തുപ്രതികൾ കൊടുക്കുകയും ചെയ്‌തു. ആ ശ്രമങ്ങൾ ശരിക്കും ഒരു വഴിത്തിരിവായിരുന്നു. ജനങ്ങൾക്കു വീണ്ടും ദൈവവചനത്തോടു താത്‌പര്യം തോന്നാൻ അതു കാരണമായി.

12. വിക്ലിഫിന്‍റെയും അനുഗാമികളുടെയും പ്രവർത്തനത്തോടു പുരോഹിതന്മാർ എങ്ങനെയാണു പ്രതികരിച്ചത്‌?

12 ഇതിനോടെല്ലാം പുരോഹിതന്മാർ എങ്ങനെയാണു പ്രതികരിച്ചത്‌? വിക്ലിഫിനെയും അദ്ദേഹത്തിന്‍റെ ബൈബിളിനെയും അനുഗാമികളെയും അവർ വെറുത്തു. മതനേതാക്കന്മാർ ലൊള്ളാർഡുകളെ കഠിനമായി ഉപദ്രവിക്കാൻ തുടങ്ങി. വിക്ലിഫ്‌ ബൈബിളിന്‍റെ കഴിയുന്നത്ര പ്രതികൾ കണ്ടെത്തി നശിപ്പിക്കാൻ അവർ കച്ചകെട്ടിയിറങ്ങി. വിക്ലിഫ്‌ മരിച്ചിട്ടും അവർ അദ്ദേഹത്തെ ഒരു മതനിന്ദകനായി മുദ്രകുത്തി. എന്നിട്ടും ആ പുരോഹിതന്മാരുടെ പക അടങ്ങിയില്ല. അവർ അദ്ദേഹത്തിന്‍റെ അസ്ഥികൾ മാന്തിയെടുത്ത്‌ ചുട്ടുകരിച്ചു. എന്നിട്ട് ചാരം സ്വിഫ്‌റ്റ്‌ നദിയിൽ ഒഴുക്കിവിട്ടു. പക്ഷേ ദൈവവചനം വായിക്കാനും മനസ്സിലാക്കാനും ആഗ്രഹിച്ചവരുടെ ആവേശം കെടുത്തിക്കളയാൻ സഭയ്‌ക്കു കഴിഞ്ഞില്ല. പിന്നീടുവന്ന നൂറ്റാണ്ടുകളിൽ യൂറോപ്പിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഉള്ള പലരും സാധാരണക്കാർക്കു പ്രയോജനപ്പെടുന്ന വിധത്തിൽ ബൈബിൾ പരിഭാഷപ്പെടുത്തി വിതരണം ചെയ്യാൻ തുടങ്ങി.

‘നിന്‍റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുന്ന ദൈവം’

13. ഏതു കാര്യം നമുക്കു ബോധ്യമായിരിക്കുന്നു, അതു നമ്മുടെ വിശ്വാസം ശക്തമാക്കുന്നത്‌ എങ്ങനെ?

13 ബൈബിൾ ദൈവപ്രചോദിതമായി എഴുതിയതാണ്‌. എന്നാൽ സെപ്‌റ്റുവജിന്‍റോ വിക്ലിഫ്‌ ബൈബിളോ ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരമോ മറ്റ്‌ ഏതെങ്കിലും തർജ്ജമകളോ പരിഭാഷപ്പെടുത്തിയതു ദൈവപ്രചോദിതമായിട്ടാണെന്ന് ഇതിന്‌ അർഥമില്ല. എന്നാൽ ഈ പരിഭാഷകളുടെയും മറ്റുള്ള പരിഭാഷകളുടെയും ചരിത്രം ഒരു കാര്യം തെളിയിക്കുന്നു: തന്‍റെ വചനം ഇന്നോളം നിലനിൽക്കുമെന്ന യഹോവയുടെ വാഗ്‌ദാനം നിറവേറിയിരിക്കുന്നു. യഹോവ നൽകിയിരിക്കുന്ന മറ്റു വാഗ്‌ദാനങ്ങളും ഇതുപോലെതന്നെ നിറവേറും എന്ന നിങ്ങളുടെ വിശ്വാസം ഇതു ശക്തമാക്കുന്നില്ലേ?—യോശു. 23:14.

14. യഹോവയോടുള്ള സ്‌നേഹം ആഴമുള്ളതാക്കാൻ ദൈവവചനം സഹായിക്കുന്നത്‌ എങ്ങനെ?

14 ബൈബിൾ ഇന്നോളം നിലനിന്നിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതു നമ്മുടെ വിശ്വാസം ശക്തമാക്കുക മാത്രമല്ല, യഹോവയോടുള്ള സ്‌നേഹം ആഴമുള്ളതാക്കുകയും ചെയ്യുന്നു. * ആകട്ടെ, യഹോവ നമുക്കു ബൈബിൾ തരാൻ കാരണം എന്താണ്‌? അതു നിലനിൽക്കുമെന്ന് ഉറപ്പു തന്നത്‌ എന്തിനാണ്‌? കാരണം യഹോവ നമ്മളെ സ്‌നേഹിക്കുന്നു, നമുക്കു പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ പഠിപ്പിച്ചുതരാൻ ആഗ്രഹിക്കുന്നു. (യശയ്യ 48:17, 18 വായിക്കുക.) അതുകൊണ്ട് തിരിച്ച് യഹോവയെ സ്‌നേഹിക്കുക, ദൈവകല്‌പനകൾ അനുസരിക്കുക. അങ്ങനെ യഹോവയുടെ ആ സ്‌നേഹത്തോടു നന്ദി കാണിക്കേണ്ടതല്ലേ?—1 യോഹ. 4:19; 5:3.

15. അടുത്ത ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്‌?

15 ദൈവവചനത്തോടു വിലമതിപ്പുള്ളതുകൊണ്ട് നമ്മൾ അതു പൂർണമായും പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കും എന്നതിനു സംശയമില്ല. ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടാൻ നമുക്ക് ഓരോരുത്തർക്കും എങ്ങനെ സാധിക്കും? ശുശ്രൂഷയിലായിരിക്കുമ്പോൾ ആളുകളുടെ ശ്രദ്ധ ബൈബിളിലേക്കു തിരിക്കാൻ എന്തു ചെയ്യാനാകും? തിരുവെഴുത്തുകൾക്കു മുഖ്യശ്രദ്ധ കിട്ടുന്ന വിധത്തിൽ ക്രിസ്‌തീയകൂടിവരവുകളിൽ എങ്ങനെ പഠിപ്പിക്കാം? ഉത്തരങ്ങൾ അടുത്ത ലേഖനത്തിൽ നമ്മൾ പരിചിന്തിക്കും.

^ ഖ. 4 2009 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്‌) “നിങ്ങൾ എബ്രായയും ഗ്രീക്കും പഠിക്കേണ്ടതുണ്ടോ?” എന്ന ലേഖനം കാണുക.

^ ഖ. 5 ജയിംസ്‌ രാജാവിന്‍റെ ഭാഷാന്തരത്തിൽനിന്ന് കടമെടുത്തിട്ടുള്ള പല ശൈലികളും ഇംഗ്ലീഷ്‌ ഭാഷയിൽ പ്രയോഗത്തിലുണ്ട്. “പല്ലിന്‍റെ തൊലി, ” ‘ഹൃദയം പകരുക’ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.—ഇയ്യോ. 19:20, അടിക്കുറിപ്പ്; സങ്കീ. 62:8.

^ ഖ. 14 വന്ന് കാണാൻ ക്ഷണിക്കുന്നു!” എന്ന ചതുരം കാണുക.