വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക, വിശേ​ഷി​ച്ചും ഇക്കാലത്ത്‌

പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക, വിശേ​ഷി​ച്ചും ഇക്കാലത്ത്‌

“നമുക്കു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാം. ആ ദിവസം അടുത്ത​ടുത്ത്‌ വരുന്നതു കാണു​മ്പോൾ നമ്മൾ ഇതു കൂടു​തൽക്കൂ​ടു​തൽ ചെയ്യേ​ണ്ട​താണ്‌.”​—എബ്രാ. 10:25.

ഗീതങ്ങൾ: 90, 87

1. പൗലോസ്‌ അപ്പോ​സ്‌തലൻ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കളെ “കൂടു​തൽക്കൂ​ടു​തൽ” പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ഉദ്‌ബോ​ധി​പ്പി​ച്ചത്‌ എന്തു​കൊണ്ട്?

എന്തു​കൊ​ണ്ടാണ്‌ നമ്മൾ മറ്റുള്ള​വരെ കൂടു​തൽക്കൂ​ടു​തൽ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടത്‌? എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക് എഴുതിയ കത്തിൽ പൗലോസ്‌ അപ്പോ​സ്‌തലൻ ഇതിന്‍റെ കാരണം വിശദീ​ക​രി​ക്കു​ന്നുണ്ട്. അദ്ദേഹം പറഞ്ഞു: “സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോ​ദി​പ്പി​ക്കാ​മെന്നു നന്നായി ചിന്തി​ക്കുക. അതു​കൊണ്ട് ചിലർ ശീലമാ​ക്കി​യി​രി​ക്കു​ന്ന​തു​പോ​ലെ നമ്മുടെ യോഗ​ങ്ങൾക്കു കൂടി​വ​രാ​തി​രി​ക്ക​രുത്‌; പകരം നമുക്കു പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാം. ആ ദിവസം അടുത്ത​ടുത്ത്‌ വരുന്നതു കാണു​മ്പോൾ നമ്മൾ ഇതു കൂടു​തൽക്കൂ​ടു​തൽ ചെയ്യേ​ണ്ട​താണ്‌.” (എബ്രാ. 10:24, 25) യേശു മുൻകൂ​ട്ടി​പ്പറഞ്ഞ അടയാളം വെറും അഞ്ചു വർഷത്തി​നു​ള്ളിൽ യരുശ​ലേ​മി​ലെ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾ കണ്ടുതു​ട​ങ്ങു​മാ​യി​രു​ന്നു. ‘യഹോ​വ​യു​ടെ ദിവസം’ അടുത്ത​ടുത്ത്‌ വരുന്ന​തി​ന്‍റെ ആ തെളിവ്‌ കാണു​മ്പോൾ അവർ നഗരം വിട്ട് ഓടി​പ്പോ​ക​ണ​മാ​യി​രു​ന്നു. (പ്രവൃ. 2:19, 20; ലൂക്കോ. 21:20-22) എ.ഡി. 70-ൽ യരുശ​ലേ​മി​ന്‍റെ മേലുള്ള യഹോ​വ​യു​ടെ ന്യായ​വി​ധി റോമാ​ക്കാർ നടപ്പാ​ക്കി​യ​പ്പോൾ യഹോ​വ​യു​ടെ ആ ദിവസം വന്നു.

2. ഇക്കാലത്ത്‌ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാൻ നമ്മൾ കൂടുതൽ താത്‌പ​ര്യം കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

2 നമ്മൾ ഇന്നു സമാന​മായ ഒരു സാഹച​ര്യ​ത്തി​ലാണ്‌. ‘യഹോ​വ​യു​ടെ ഭയങ്കര​വും ഭയാന​ക​വും’ ആയ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു. (യോവേ. 2:11) സെഫന്യ പ്രവാ​ചകൻ ഇങ്ങനെ പറഞ്ഞു: “യഹോ​വ​യു​ടെ ഭയങ്കര​മായ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു! അത്‌ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു, അത്‌ അതി​വേഗം പാഞ്ഞടു​ക്കു​ന്നു!” (സെഫ. 1:14) ആ പ്രവച​ന​ത്തിൽ അടങ്ങി​യി​രി​ക്കുന്ന മുന്നറി​യിപ്പ് ഇക്കാല​ത്തേ​ക്കും കൂടി​യു​ള്ള​താണ്‌. യഹോ​വ​യു​ടെ ദിവസം അടുത്ത്‌ എത്തിയി​രി​ക്കുന്ന ഈ സാഹച​ര്യ​ത്തിൽ നമ്മൾ ‘സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോ​ദി​പ്പി​ക്കാ​മെ​ന്ന​തി​നു ശ്രദ്ധ കൊടു​ക്കണം.’ (എബ്രാ. 10:24, അടിക്കു​റിപ്പ്) അതു​കൊണ്ട് നമ്മൾ സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യ​ത്തിൽ കൂടുതൽ താത്‌പ​ര്യ​മെ​ടു​ക്കണം. എങ്കിലേ അവർക്കു പ്രോ​ത്സാ​ഹനം ആവശ്യ​മാ​യി​രി​ക്കു​മ്പോ​ഴെ​ല്ലാം നമുക്ക് അതു കൊടു​ക്കാൻ കഴിയൂ.

പ്രോ​ത്സാ​ഹനം ആവശ്യ​മു​ള്ളത്‌ ആർക്കെ​ല്ലാം?

3. പ്രോ​ത്സാ​ഹ​ന​ത്തെ​ക്കു​റിച്ച് പൗലോസ്‌ അപ്പോ​സ്‌തലൻ എന്താണു പറഞ്ഞത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 “മനുഷ്യ​ന്‍റെ ഹൃദയ​ത്തി​ലെ ഉത്‌കണ്‌ഠ അവനെ തളർത്തി​ക്ക​ള​യു​ന്നു; എന്നാൽ ഒരു നല്ല വാക്ക് അവനിൽ സന്തോഷം നിറയ്‌ക്കു​ന്നു.” (സുഭാ. 12:25) ഈ വാക്കുകൾ എത്ര സത്യമാണ്‌! നമു​ക്കെ​ല്ലാം ഇടയ്‌ക്കി​ടെ പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ ആവശ്യ​മാണ്‌. മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കേണ്ട സ്ഥാനത്താ​യി​രി​ക്കു​ന്ന​വർക്കു​പോ​ലും പ്രോ​ത്സാ​ഹനം ആവശ്യ​മാ​ണെന്നു പൗലോസ്‌ ചൂണ്ടി​ക്കാ​ട്ടി. റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്ക് അദ്ദേഹം ഇങ്ങനെ എഴുതി: “നിങ്ങളെ കാണാൻ എനിക്ക് അത്രമാ​ത്രം ആഗ്രഹ​മുണ്ട്. അങ്ങനെ​യാ​കു​മ്പോൾ എന്തെങ്കി​ലും ആത്മീയ​സ​മ്മാ​നം നൽകി എനിക്കു നിങ്ങളെ ബലപ്പെ​ടു​ത്താ​മ​ല്ലോ. ശരിക്കും പറഞ്ഞാൽ എന്‍റെ വിശ്വാ​സ​ത്താൽ നിങ്ങൾക്കും നിങ്ങളു​ടെ വിശ്വാ​സ​ത്താൽ എനിക്കും പരസ്‌പരം പ്രോ​ത്സാ​ഹനം ലഭിക്ക​ണ​മെ​ന്നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌.” (റോമ. 1:11, 12) അതെ, മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിൽ നല്ല മാതൃക വെച്ച പൗലോ​സി​നു​പോ​ലും ചില​പ്പോ​ഴൊ​ക്കെ പ്രോ​ത്സാ​ഹനം ആവശ്യ​മാ​യി​രു​ന്നു.​—റോമർ 15:30-32 വായി​ക്കുക.

4, 5. ഇന്ന് ആരെ​യൊ​ക്കെ നമുക്കു പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും, എന്തു​കൊണ്ട്?

4 മുഴു​സ​മ​യ​സേ​വ​ന​ത്തി​നു​വേണ്ടി ജീവിതം ഉഴിഞ്ഞു​വെ​ച്ചി​രി​ക്കുന്ന സഹോ​ദ​ര​ങ്ങളെ നമ്മൾ പ്രോ​ത്സാ​ഹി​പ്പി​ക്കണം. വലിയ ത്യാഗങ്ങൾ ചെയ്‌താ​ണു പലരും മുൻനി​ര​സേ​വ​ന​ത്തിൽ തുടരു​ന്നത്‌. മിഷന​റി​മാർ, ബഥേലം​ഗങ്ങൾ, സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാ​രും ഭാര്യ​മാ​രും, വിദൂര പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങ​ളിൽ സേവി​ക്കു​ന്നവർ എന്നിവ​രു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. ഇവരെ​ല്ലാം വിശു​ദ്ധ​സേ​വ​ന​ത്തിൽ കൂടുതൽ സമയം ചെലവി​ടു​ന്ന​തി​നാണ്‌ ഈ ത്യാഗ​ങ്ങ​ളെ​ല്ലാം ചെയ്‌തി​രി​ക്കു​ന്നത്‌. അതു​കൊണ്ട് ഇവരെ​ല്ലാം നമ്മുടെ പ്രോ​ത്സാ​ഹനം അർഹി​ക്കു​ന്നു. അതു​പോ​ലെ മുഴു​സ​മ​യ​സേ​വനം പ്രിയ​പ്പെ​ടു​ന്ന​വ​രാ​ണെ​ങ്കി​ലും പല കാരണ​ങ്ങ​ളാൽ അതു നിറു​ത്തേ​ണ്ടി​വന്ന സഹോ​ദ​ര​ങ്ങൾക്കും പ്രോ​ത്സാ​ഹനം വേണം.

5 വിവാഹം “കർത്താ​വിൽ മാത്രമേ ആകാവൂ” എന്ന കല്‌പന അനുസ​രി​ച്ചു​കൊണ്ട് ഏകാകി​ക​ളാ​യി തുടരുന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​ണു നമ്മൾ പ്രോ​ത്സാ​ഹനം കൊടു​ക്കേണ്ട മറ്റൊരു കൂട്ടർ. (1 കൊരി. 7:39) അതു​പോ​ലെ, കഠിനാ​ധ്വാ​നം ചെയ്യുന്ന ഭാര്യ​മാ​രും ഭർത്താ​ക്ക​ന്മാ​രു​ടെ പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ കേൾക്കാൻ ആഗ്രഹി​ക്കു​ന്നുണ്ട്. (സുഭാ. 31:28, 31) കൂടാതെ, ഉപദ്ര​വങ്ങൾ നേരി​ടു​ക​യോ രോഗ​ത്തി​ന്‍റെ പിടി​യി​ലാ​കു​ക​യോ ചെയ്യുന്ന നമ്മുടെ വിശ്വ​സ്‌ത​സ​ഹോ​ദ​ര​ങ്ങൾക്കും പ്രോ​ത്സാ​ഹനം ആവശ്യ​മാണ്‌. (2 തെസ്സ. 1:3-5) വിശ്വ​സ്‌ത​രായ ഈ ദാസരെ യഹോ​വ​യും ക്രിസ്‌തു​വും ആശ്വസി​പ്പി​ക്കു​ന്നു.​—2 തെസ്സ​ലോ​നി​ക്യർ 2:16, 17 വായി​ക്കുക.

മൂപ്പന്മാർ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു

6. യശയ്യ 32:1, 2-ൽ പറയു​ന്ന​ത​നു​സ​രിച്ച് മൂപ്പന്മാ​രു​ടെ ഉത്തരവാ​ദി​ത്വം എന്താണ്‌?

6 യശയ്യ 32:1,2 വായി​ക്കുക. പ്രോ​ത്സാ​ഹ​ന​വും മാർഗ​നിർദേ​ശ​വും വളരെ​യ​ധി​കം ആവശ്യ​മാ​യി​രി​ക്കുന്ന ഒരു സമയമാണ്‌ ഇത്‌. ക്രിസ്‌തു ‘പ്രഭു​ക്ക​ന്മാ​രി​ലൂ​ടെ,’ അതായത്‌ അഭിഷി​ക്ത​രി​ലും വേറെ ആടുക​ളി​ലും പെട്ട മൂപ്പന്മാ​രി​ലൂ​ടെ, നിരാശിതരും നിരു​ത്സാ​ഹി​ത​രും ആയവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ‘പ്രഭു​ക്ക​ന്മാ​രായ’ ഈ മൂപ്പന്മാർ അങ്ങനെ ചെയ്യാ​നാ​ണു പ്രതീ​ക്ഷി​ക്കു​ന്ന​തും. കാരണം, അവർ മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ത്തി​ന്മേൽ ‘ആധിപ​ത്യം നടത്തു​ന്ന​വരല്ല.’ പകരം സഹോ​ദ​ര​ങ്ങ​ളു​ടെ സന്തോ​ഷ​ത്തി​നു​വേ​ണ്ടി​യുള്ള “സഹപ്ര​വർത്ത​ക​രാണ്‌.”​—2 കൊരി. 1:24.

7, 8. പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ പറയു​ന്ന​തി​നു പുറമേ മൂപ്പന്മാർക്ക് എങ്ങനെ മറ്റുള്ള​വരെ ബലപ്പെ​ടു​ത്താൻ കഴിയും?

7 പൗലോസ്‌ അപ്പോ​സ്‌തലൻ ഇക്കാര്യ​ത്തിൽ മൂപ്പന്മാർക്കു നല്ലൊരു മാതൃക വെച്ചി​ട്ടുണ്ട്. പീഡനം അനുഭ​വി​ച്ചി​രുന്ന തെസ്സ​ലോ​നി​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക് അദ്ദേഹം ഇങ്ങനെ എഴുതി: “നിങ്ങ​ളോ​ടുള്ള വാത്സല്യം കാരണം ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കാൻ മാത്രമല്ല, ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോ​ലും ഞങ്ങൾ തീരു​മാ​നി​ച്ചി​രു​ന്നു. കാരണം നിങ്ങൾ ഞങ്ങൾക്ക് അത്രയ്‌ക്കു പ്രിയ​പ്പെ​ട്ട​വ​രാ​യി മാറി​യി​രു​ന്നു.”​—1 തെസ്സ. 2:8.

8 ചില​പ്പോൾ പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ മാത്രം മതിയാ​യെ​ന്നു​വ​രില്ല. ‘ബലഹീ​നരെ സഹായി​ക്കാ​നും “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌” എന്നു കർത്താ​വായ യേശു പറഞ്ഞത്‌ ഓർത്തു​കൊ​ള്ളാ​നും’ എഫെ​സൊ​സി​ലെ മൂപ്പന്മാ​രോ​ടു പൗലോസ്‌ ഓർമി​പ്പി​ച്ചു. (പ്രവൃ. 20:35) സഹോ​ദ​ര​ങ്ങളെ വാക്കു​കൾകൊണ്ട് പ്രോ​ത്സാ​ഹി​പ്പി​ക്കുക മാത്രമല്ല പൗലോസ്‌ ചെയ്‌തത്‌. അദ്ദേഹം പറഞ്ഞു: “ഞാൻ . . . എനിക്കു​ള്ള​തും എന്നെത്ത​ന്നെ​യും നിങ്ങൾക്കു​വേണ്ടി തരും.” (2 കൊരി. 12:15) അതെ, മൂപ്പന്മാർ സഹോ​ദ​ര​ങ്ങളെ വാക്കു​കൾകൊണ്ട് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്‌താൽ മാത്രം പോരാ. ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ ആത്മാർഥ​മായ താത്‌പ​ര്യ​മെ​ടു​ത്തു​കൊണ്ട് അവരുടെ ആവശ്യങ്ങൾ മനസ്സി​ലാ​ക്കി പ്രവർത്തി​ക്കു​ക​യും വേണം.​—1 കൊരി. 14:3.

9. സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ മൂപ്പന്മാർക്ക് എങ്ങനെ ബുദ്ധി​യു​പ​ദേശം കൊടു​ക്കാൻ കഴിയും?

9 സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാഗമാ​യി മൂപ്പന്മാർ അവർക്ക് ഉപദേശം കൊടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം. പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ അവർക്ക് അത്‌ എങ്ങനെ ചെയ്യാ​മെന്നു ബൈബി​ളിൽനിന്ന് പഠിക്കാ​നാ​കും. ഇക്കാര്യ​ത്തിൽ യേശു ഒരു അത്യു​ത്ത​മ​മാ​തൃക വെച്ചു. തന്‍റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷം യേശു ഏഷ്യാ​മൈ​ന​റി​ലെ ചില സഭകൾക്കു ശക്തമായ ബുദ്ധി​യു​പ​ദേശം കൊടു​ത്തു. എന്നാൽ, യേശു അത്‌ എങ്ങനെ​യാ​ണു ചെയ്‌ത​തെന്നു നോക്കുക. എഫെ​സൊ​സി​ലെ​യും പെർഗ​മൊ​സി​ലെ​യും തുയ​ഥൈ​ര​യി​ലെ​യും സഭകളെ ഹൃദ്യ​മാ​യി അഭിന​ന്ദി​ച്ച​തി​നു ശേഷമാ​ണു യേശു അവർക്കു ബുദ്ധി​യു​പ​ദേശം കൊടു​ത്തത്‌. (വെളി. 2:1-5, 12, 13, 18, 19) അതു​പോ​ലെ, ലവൊ​ദി​ക്യ സഭയോ​ടു യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ സ്‌നേ​ഹി​ക്കു​ന്ന​വ​രെ​യൊ​ക്കെ ഞാൻ ശാസി​ക്കു​ക​യും അവർക്കു ശിക്ഷണം നൽകു​ക​യും ചെയ്യുന്നു. അതു​കൊണ്ട് ഉത്സാഹ​മു​ള്ള​വ​നാ​യി​രി​ക്കുക; മാനസാ​ന്ത​ര​പ്പെ​ടുക.” (വെളി. 3:19) ഉപദേശം കൊടു​ക്കു​മ്പോൾ മൂപ്പന്മാർ ക്രിസ്‌തു​വി​ന്‍റെ ഈ മാതൃക അനുക​രി​ക്കും.

അതു മൂപ്പന്മാ​രു​ടെ മാത്രം ഉത്തരവാ​ദി​ത്വ​മല്ല

മാതാപിതാക്കളേ, പ്രോ​ത്സാ​ഹനം കൊടു​ക്കാൻ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കു​ന്നു​ണ്ടോ? (10-‍ാ‍ം ഖണ്ഡിക കാണുക)

10. നമുക്ക് എല്ലാവർക്കും അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

10 മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടതു മൂപ്പന്മാ​രു​ടെ മാത്രം ഉത്തരവാ​ദി​ത്വ​മല്ല. ‘ഗുണം ചെയ്യു​ന്ന​തും ബലപ്പെ​ടു​ത്തു​ന്ന​തും ആയ കാര്യങ്ങൾ’ സംസാ​രി​ക്കാൻ പൗലോസ്‌ എല്ലാ ക്രിസ്‌ത്യാ​നി​ക​ളോ​ടും പറഞ്ഞു. (എഫെ. 4:29) ഓരോ​രു​ത്ത​രെ​യും ‘സന്ദർഭോ​ചി​ത​മാ​യി,’ അതായത്‌ അവരുടെ സാഹച​ര്യം മനസ്സി​ലാ​ക്കി, എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​മെന്നു തിരി​ച്ച​റി​യണം. പൗലോസ്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “തളർന്ന കൈക​ളും ദുർബ​ല​മായ കാൽമു​ട്ടു​ക​ളും ബലപ്പെ​ടു​ത്തുക. അങ്ങനെ, ദുർബ​ല​മാ​യത്‌ ഉളുക്കി​പ്പോ​കാ​തെ സുഖ​പ്പെ​ടാ​നാ​യി നിങ്ങളു​ടെ പാദങ്ങൾക്കു നേരായ പാത ഒരുക്കുക.” (എബ്രാ. 12:12, 13) അതെ, ചെറു​പ്പ​ക്കാ​രും കുട്ടി​ക​ളും ഉൾപ്പെടെ നമുക്ക് എല്ലാവർക്കും പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾകൊണ്ട് അന്യോ​ന്യം ബലപ്പെ​ടു​ത്താം.

11. വിഷാ​ദ​ത്തി​ന്‍റെ പിടിയിലായിരുന്ന സമയത്ത്‌ മാർത്ത​യ്‌ക്ക് എങ്ങനെ​യാ​ണു സഹായം ലഭിച്ചത്‌?

11 കുറച്ച് കാലം വിഷാ​ദ​ത്തി​ന്‍റെ പിടി​യി​ലാ​യി​രുന്ന മാർത്ത * എന്ന സഹോ​ദരി എഴുതു​ന്നു: “ഒരു ദിവസം വല്ലാതെ വിഷമി​ച്ചി​രുന്ന സമയത്ത്‌ ആശ്വാ​സ​ത്തി​നാ​യി ഞാൻ പ്രാർഥി​ച്ചു. കുറച്ച് സമയം കഴിഞ്ഞ​പ്പോൾ പ്രായ​മുള്ള ഒരു സഹോ​ദ​രി​യെ ഞാൻ കണ്ടു. സഹോ​ദരി എന്നോടു സ്‌നേ​ഹ​ത്തോ​ടെ​യും അനുക​മ്പ​യോ​ടെ​യും ഇടപെട്ടു. ആ സമയത്ത്‌ അത്‌ എനിക്ക് എത്ര ആവശ്യ​മാ​യി​രു​ന്നെ​ന്നോ! ഇതു​പോ​ലെ​ത​ന്നെ​യുള്ള ഒരു പ്രശ്‌നം തന്‍റെ ജീവി​ത​ത്തിൽ ഉണ്ടായ​തി​നെ​ക്കു​റിച്ച് സഹോ​ദരി എന്നോടു പറഞ്ഞു. അതു കേട്ട​പ്പോൾ ഞാൻ ഒറ്റയ്‌ക്ക​ല്ലെന്ന് എനിക്കു തോന്നി.” ഒരുപക്ഷേ തന്‍റെ വാക്കുകൾ മാർത്തയെ ഇത്രയ​ധി​കം ആശ്വസി​പ്പി​ച്ചെന്നു പ്രായ​മുള്ള ആ സഹോ​ദരി അറിഞ്ഞി​ട്ടു​ണ്ടാ​കില്ല.

12, 13. ഫിലി​പ്പി​യർ 2:1-4-ൽ കാണുന്ന ഉപദേശം നമുക്ക് ഏതെല്ലാം വിധങ്ങ​ളിൽ ബാധക​മാ​ക്കാം?

12 ഫിലിപ്പി സഭയിലെ സഹോ​ദ​ര​ങ്ങൾക്കു പൗലോസ്‌ ഈ ഉപദേശം കൊടു​ത്തു: “അതു​കൊണ്ട് നിങ്ങൾക്കി​ട​യിൽ ക്രിസ്‌തീ​യ​പ്രോ​ത്സാ​ഹ​ന​മു​ണ്ടെ​ങ്കിൽ, സ്‌നേ​ഹ​ത്താ​ലുള്ള സാന്ത്വ​ന​മു​ണ്ടെ​ങ്കിൽ, ആത്മീയ​കൂ​ട്ടാ​യ്‌മ​യു​ണ്ടെ​ങ്കിൽ, ആർദ്ര​പ്രി​യ​മോ അനുക​മ്പ​യോ ഉണ്ടെങ്കിൽ ഒരേ മനസ്സും ഒരേ സ്‌നേ​ഹ​വും ഉള്ളവരാ​യി ഒരേ ചിന്ത​യോ​ടെ നല്ല ഒരുമ​യു​ള്ള​വ​രാ​യി​രി​ക്കുക. അങ്ങനെ എന്‍റെ സന്തോഷം പൂർണ​മാ​ക്കുക. വഴക്കു​ണ്ടാ​ക്കാ​നുള്ള ഉദ്ദേശ്യ​ത്തോ​ടെ​യോ ദുരഭി​മാ​ന​ത്തോ​ടെ​യോ ഒന്നും ചെയ്യാതെ താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുക. നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”​—ഫിലി. 2:1-4.

13 നമുക്കു മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങൾ എങ്ങനെ നോക്കാ​നാ​കും? അവരോ​ടൊ​പ്പം ഒരുമിച്ച് കൂടുക, അവരോട്‌ ‘ആർദ്ര​പ്രി​യ​വും അനുക​മ്പ​യും’ കാണി​ക്കുക, അവർക്കു ‘സ്‌നേ​ഹ​ത്താ​ലുള്ള സാന്ത്വനം’ കൊടുക്കുക.

പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഉറവുകൾ

14. പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഒരു ഉറവ്‌ എന്താണ്‌?

14 നമ്മൾ മുമ്പ് സഹായിച്ച ആളുകൾ ഇപ്പോ​ഴും വിശ്വ​സ്‌ത​രാ​യി തുടരു​ന്നെന്ന് അറിയു​ന്നതു നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. യോഹ​ന്നാൻ അപ്പോ​സ്‌തലൻ ഇങ്ങനെ എഴുതി: “എന്‍റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കു​ന്ന​തി​നെ​ക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹ. 4) മുൻനി​ര​സേ​വനം ചെയ്യുന്ന പലരും ഈ സന്തോഷം അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് സത്യം പഠിക്കാൻ തങ്ങൾ സഹായിച്ച ആളുകൾ ഇപ്പോ​ഴും വിശ്വ​സ്‌ത​രാ​യി നിൽക്കു​ന്നെ​ന്നും ചിലർ ഇപ്പോൾ മുൻനി​ര​സേ​വ​ക​രാ​ണെ​ന്നും അറിയു​ന്നത്‌ അവർക്കു പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഒരു ഉറവാണ്‌. മുമ്പ് അനുഭ​വി​ച്ചി​രുന്ന സന്തോ​ഷ​ത്തെ​ക്കു​റിച്ച് ഓർമി​പ്പി​ക്കു​ന്ന​തു​പോ​ലും നിരു​ത്സാ​ഹി​ത​നായ ഒരു മുൻനി​ര​സേ​വ​കനെ ആശ്വസി​പ്പി​ക്കും.

15. വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌?

15 ഒരു സഭ സന്ദർശി​ച്ച​തി​നു ശേഷം അവി​ടെ​യുള്ള ആരിൽനി​ന്നെ​ങ്കി​ലും നന്ദി പറഞ്ഞു​കൊണ്ട് ഒരു ചെറിയ കുറിപ്പു കിട്ടു​ന്ന​തു​പോ​ലും തങ്ങളെ​യും ഭാര്യ​മാ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​മെന്നു മിക്ക സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാ​രും പറയുന്നു. മൂപ്പന്മാർ, മിഷന​റി​മാർ, മുൻനി​ര​സേ​വകർ, ബഥേലം​ഗങ്ങൾ എന്നിവർക്കും അവരുടെ വിശ്വ​സ്‌ത​സേ​വ​നത്തെ വിലമ​തി​ച്ചു​കൊ​ണ്ടുള്ള വാക്കുകൾ കേൾക്കു​മ്പോൾ ഇതുത​ന്നെ​യാ​ണു തോന്നു​ന്നത്‌.

പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്ന​വ​രാ​കാം, എങ്ങനെ?

16. ചെറിയ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടു​പോ​ലും നമുക്കു മറ്റുള്ള​വരെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാം?

16 അധിക​മൊ​ന്നും സംസാ​രി​ക്കാത്ത പ്രകൃ​ത​മാ​യി​രി​ക്കാം നിങ്ങളു​ടേത്‌. മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിവി​ല്ലെന്നു തോന്നു​ന്നു​മു​ണ്ടാ​കാം. യഥാർഥ​ത്തിൽ പ്രോ​ത്സാ​ഹനം കൊടു​ക്കാൻ അധിക​മൊ​ന്നും ചെയ്യേ​ണ്ട​തില്ല. അഭിവാ​ദനം ചെയ്യു​മ്പോൾ ഹൃദ്യ​മാ​യി പുഞ്ചി​രി​ക്കു​ന്ന​തു​പോ​ലും ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. തിരിച്ച്, ആ വ്യക്തി​യു​ടെ മുഖത്ത്‌ ഒരു പുഞ്ചിരി വിരി​യു​ന്നി​ല്ലെ​ങ്കിൽ അയാൾക്ക് എന്തോ വിഷമ​മു​ണ്ടെ​ന്നാ​യി​രി​ക്കാം അതിന്‌ അർഥം. ആ സാഹച​ര്യ​ത്തിൽ അവർ പറയു​ന്നതു നമ്മൾ കേട്ടി​രി​ക്കു​ന്ന​തു​പോ​ലും ഒരു ആശ്വാ​സ​മാ​യി​രി​ക്കും.​—യാക്കോ. 1:19.

17. അങ്ങേയറ്റം വേദന അനുഭ​വിച്ച സാഹച​ര്യ​ത്തിൽ ഒരു യുവസ​ഹോ​ദ​രന്‌ എങ്ങനെ​യാ​ണു പ്രോ​ത്സാ​ഹനം കിട്ടി​യത്‌?

17 ഒരു യുവസ​ഹോ​ദ​ര​നായ ഹെൻറി​യു​ടെ അനുഭവം നോക്കാം. ഒരു മൂപ്പനാ​യി​രുന്ന അദ്ദേഹ​ത്തി​ന്‍റെ പിതാവ്‌ ഉൾപ്പെടെ കുടും​ബാം​ഗ​ങ്ങ​ളിൽ മിക്കവ​രും സത്യം വിട്ടു​പോ​യി. അത്‌ അദ്ദേഹത്തെ വളരെ​യ​ധി​കം വേദനി​പ്പി​ച്ചു. ആ സമയത്ത്‌ ഒരു സർക്കിട്ട് മേൽവി​ചാ​ര​ക​നിൽനിന്ന് ഹെൻറി​ക്കു പ്രോ​ത്സാ​ഹനം കിട്ടി. അദ്ദേഹം ഹെൻറി​യെ​യും​കൂ​ട്ടി പുറത്ത്‌ പോയി. അവർ കാപ്പി കുടി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഹെൻറി​ക്കു പറയാ​നു​ള്ള​തെ​ല്ലാം സർക്കിട്ട് മേൽവി​ചാ​രകൻ ശ്രദ്ധ​യോ​ടെ കേട്ടു. കുടും​ബാം​ഗങ്ങൾ സത്യത്തി​ലേക്കു തിരികെ വരുന്ന​തി​നു തന്നെ​ക്കൊണ്ട് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം താൻ വിശ്വ​സ്‌ത​നാ​യി നിൽക്കുക എന്നതാ​ണെന്നു ഹെൻറി​ക്കു മനസ്സി​ലാ​യി. സങ്കീർത്തനം 46, സെഫന്യ 3:17, മർക്കോസ്‌ 10:29, 30 എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ അദ്ദേഹത്തെ വളരെ​യ​ധി​കം ആശ്വസി​പ്പി​ച്ചു.

എല്ലാവർക്കും പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ബലപ്പെ​ടു​ത്താ​നും കഴിയും (18-‍ാ‍ം ഖണ്ഡിക കാണുക)

18. (എ) പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ശലോ​മോൻ രാജാവ്‌ എന്തു പറഞ്ഞു? (ബി) പൗലോസ്‌ അപ്പോ​സ്‌തലൻ എന്തു നിർദേ​ശ​മാ​ണു നൽകി​യത്‌?

18 വിഷമി​ച്ചി​രി​ക്കുന്ന ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ പ്രോ​ത്സാ​ഹനം കൊടു​ക്കാൻ നമുക്കു കഴിയു​മെ​ന്നാ​ണു മാർത്ത​യു​ടെ​യും ഹെൻറി​യു​ടെ​യും അനുഭ​വങ്ങൾ കാണി​ക്കു​ന്നത്‌. ശലോ​മോൻ രാജാവ്‌ എഴുതി: “തക്കസമ​യത്ത്‌ പറയുന്ന വാക്ക് എത്ര നല്ലത്‌! സന്തോ​ഷ​ത്തോ​ടെ​യുള്ള നോട്ടം ഹൃദയ​ത്തിന്‌ ആഹ്ലാദം; നല്ല വാർത്ത അസ്ഥികൾക്ക് ഉണർവ്‌.” (സുഭാ. 15:23, 30, അടിക്കു​റിപ്പ്) കൂടാതെ, മനസ്സി​ടി​ഞ്ഞു​പോ​യ​വരെ വീക്ഷാ​ഗോ​പു​ര​ത്തി​ലെ​യോ നമ്മുടെ വെബ്‌​സൈ​റ്റി​ലെ​യോ ലേഖനങ്ങൾ വായി​ച്ചു​കേൾപ്പി​ക്കു​ന്നത്‌ അവർക്കു നവോ​ന്മേഷം പകരും. ഒരുമിച്ച് രാജ്യ​ഗീ​തങ്ങൾ പാടു​ന്ന​തും പ്രോ​ത്സാ​ഹനം നൽകു​മെന്നു പൗലോസ്‌ പറഞ്ഞു. അദ്ദേഹം എഴുതി: “സങ്കീർത്ത​ന​ങ്ങ​ളാ​ലും സ്‌തു​തി​ക​ളാ​ലും നന്ദി​യോ​ടെ ആലപി​ക്കുന്ന ആത്മീയ​ഗീ​ത​ങ്ങ​ളാ​ലും അന്യോ​ന്യം പഠിപ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുക. നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ യഹോ​വ​യ്‌ക്കു പാടുക.”​—കൊലോ. 3:16; പ്രവൃ. 16:25.

19. വരും​നാ​ളു​ക​ളിൽ പ്രോ​ത്സാ​ഹനം കൊടു​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം കൂടി​ക്കൂ​ടി​വ​രു​മെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്, നമ്മൾ എന്തു ചെയ്യണം?

19 യഹോ​വ​യു​ടെ ദിവസം “അടുത്ത​ടുത്ത്‌” വരും​തോ​റും പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യ​വും കൂടി​ക്കൂ​ടി​വ​രും. (എബ്രാ. 10:25) പൗലോസ്‌ സഹക്രി​സ്‌ത്യാ​നി​കൾക്ക് എഴുതിയ ഈ വാക്കുകൾ നമുക്കും ബാധക​മാണ്‌: “നിങ്ങൾ ഇപ്പോൾ ചെയ്‌തു​വ​രു​ന്ന​തു​പോ​ലെ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്യുക.”​—1 തെസ്സ. 5:11.

^ ഖ. 11 ഇത്‌ യഥാർഥ​പേരല്ല.