വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

“വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ​—പുതിയ ലോക ഭാഷാന്തര”ത്തിന്‍റെ (ഇംഗ്ലീഷ്‌) 2013-ലെ പരിഷ്‌ക​രിച്ച പതിപ്പിൽ സങ്കീർത്തനം 144:12-15 ദൈവ​ജ​ന​ത്തി​നാ​ണു ബാധക​മാ​ക്കി​യി​രി​ക്കു​ന്നത്‌. എന്നാൽ ഇതിനു മുമ്പത്തെ ഭാഷാ​ന്ത​ര​ത്തിൽ ഈ ഭാഗം, 11-‍ാ‍ം വാക്യ​ത്തിൽ പറയുന്ന ദുഷ്ടരായ വിദേ​ശി​കൾക്കാ​ണു ബാധമാ​ക്കി​യി​രു​ന്നത്‌. ഇങ്ങനെ​യൊ​രു മാറ്റം എന്തു​കൊ​ണ്ടാണ്‌?

ഈ ഭാഗത്ത്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രാ​യ​പ​ദങ്ങൾ രണ്ടു രീതി​യി​ലും പരിഭാഷ ചെയ്യാ​വു​ന്ന​താണ്‌. ആ സ്ഥിതിക്ക്, പരിഷ്‌ക​രിച്ച പതിപ്പിൽ വരുത്തി​യി​രി​ക്കുന്ന മാറ്റം പിൻവ​രുന്ന വസ്‌തു​ത​കളെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌:

  1. ഈ മാറ്റത്തി​നു ഭാഷാ​പ​ര​വും വ്യാക​ര​ണ​പ​ര​വും ആയ പിന്തു​ണ​യുണ്ട്. എബ്രാ​യ​ഭാ​ഷ​യിൽ 12-‍ാ‍ം വാക്യം തുടങ്ങു​ന്നത്‌ ആശേർ എന്ന പദത്തോ​ടെ​യാണ്‌. ആശേർ എന്ന പദം പല വിധങ്ങ​ളിൽ പരിഭാഷ ചെയ്യാം. ഈ പദത്തിന്‌ എന്ത് അർഥം കൊടു​ക്കു​ന്നു എന്നതാണു സങ്കീർത്തനം 144:12-15-ഉം അതിനു പിന്നി​ലുള്ള വാക്യ​ങ്ങ​ളും തമ്മിലുള്ള ബന്ധം നിർണ​യി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, “ആര്‌ (അവർ)” എന്നപോ​ലെ ഒരു ആപേക്ഷിക സർവനാ​മ​മാ​യി ആശേർ പരിഭാഷ ചെയ്യാ​വു​ന്ന​താണ്‌. ആദ്യത്തെ ഭാഷാ​ന്ത​ര​ത്തിൽ ഈ അർഥമാ​ണു കല്‌പി​ച്ചത്‌. 12-14 വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന നന്മകൾ അങ്ങനെ ദുഷ്ടന്മാർക്കു ബാധക​മാ​ക്കി​യാണ്‌ ആ ഭാഷാ​ന്ത​ര​ത്തിൽ എഴുതി​യി​രു​ന്നത്‌. എന്നാൽ ആശേർ എന്ന പദത്തിനു ഫലത്തെ​യോ ഭവിഷ്യ​ത്തി​നെ​യോ അർഥമാ​ക്കാ​നും കഴിയും, അതായത്‌, “അപ്പോൾ” എന്നപോ​ലെ പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. ഈ അർഥമാണ്‌ 2013-ലെ പരിഷ്‌ക​രിച്ച പതിപ്പി​ലും മറ്റു ഭാഷാ​ന്ത​ര​ങ്ങ​ളി​ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

  2. 144-‍ാ‍ം സങ്കീർത്ത​ന​ത്തി​ലെ മറ്റു വാക്യ​ങ്ങ​ളു​മാ​യി ഈ മാറ്റം യോജി​ക്കു​ന്നു. 11-‍ാ‍ം വാക്യ​ത്തിൽ ദുഷ്ടന്മാ​രു​ടെ കൈയിൽനിന്ന് “വിടു​വിച്ച് രക്ഷി​ക്കേ​ണമേ” എന്ന് അപേക്ഷി​ക്കുന്ന നീതി​മാ​ന്മാ​രെ​ക്കു​റിച്ച് പറഞ്ഞി​രി​ക്കു​ന്നു. അവർക്കുള്ള അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ “അപ്പോൾ” എന്നു തുടങ്ങുന്ന 12 മുതൽ 14 വരെയുള്ള വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കു​ന്നത്‌. പദഘട​ന​യിൽ വരുത്തി​യി​രി​ക്കുന്ന മാറ്റം 15-‍ാ‍ം വാക്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ആ വാക്യ​ത്തിൽ രണ്ടു പ്രാവ​ശ്യം കാണുന്ന “സന്തുഷ്ടർ” എന്ന പദം ഇപ്പോൾ ഒരേ കൂട്ടർക്കു​ത​ന്നെ​യാ​ണു ബാധക​മാ​കു​ന്നത്‌, അതായത്‌ ‘യഹോവ ദൈവ​മായ ജനത്തിന്‌.’ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ഉദ്ധരണി​ചി​ഹ്ന​ങ്ങൾപോ​ലുള്ള ചിഹ്നങ്ങ​ളൊ​ന്നു​മില്ല എന്നതും ശ്രദ്ധേ​യ​മാണ്‌. അതു​കൊണ്ട് എബ്രായ കാവ്യ​ശൈ​ലി​യും സന്ദർഭ​വും ഇതി​നോ​ടു ബന്ധപ്പെട്ട മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളും കണക്കി​ലെ​ടുത്ത്‌ പരിഭാ​ഷകർ ശരിയായ അർഥം മനസ്സി​ലാ​ക്കണം.

  3. ദൈവ​ത്തി​ന്‍റെ വിശ്വ​സ്‌ത​രായ ജനതയ്‌ക്ക് അനു​ഗ്ര​ഹങ്ങൾ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളു​മാ​യി പരിഭാ​ഷ​യി​ലെ ഈ മാറ്റം യോജി​പ്പി​ലാണ്‌. ദൈവം ഇസ്രാ​യേൽ ജനതയെ ശത്രു​ക്ക​ളിൽനിന്ന് വിടു​വി​ച്ച​ശേഷം അവർക്കു സന്തോ​ഷ​വും സമൃദ്ധി​യും നൽകി അനു​ഗ്ര​ഹി​ക്കു​മെന്നു ദാവീ​ദിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. 144-‍ാ‍ം സങ്കീർത്തനം ഇപ്പോൾ ദാവീ​ദി​ന്‍റെ ഈ പ്രത്യാ​ശ​യ്‌ക്കു തെളിവ്‌ തരുന്നു. (ലേവ്യ 26:9, 10; ആവ. 7:13; സങ്കീ. 128:1-6) അത്തര​മൊ​രു പ്രത്യാ​ശ​യ്‌ക്കു ദാവീ​ദിന്‌ അടിസ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ആവർത്തനം 28:4 ഇങ്ങനെ പറയുന്നു: “നിങ്ങളു​ടെ മക്കൾ അനുഗൃ​ഹീ​ത​രാ​യി​രി​ക്കും; നിങ്ങളു​ടെ നിലത്തെ വിളവും നിങ്ങളു​ടെ മൃഗങ്ങ​ളു​ടെ കുഞ്ഞു​ങ്ങ​ളും—നിങ്ങളു​ടെ കന്നുകാ​ലി​ക്കി​ടാ​ങ്ങ​ളും നിങ്ങളു​ടെ ആട്ടിൻകു​ട്ടി​ക​ളും—അനുഗൃ​ഹീ​ത​മാ​യി​രി​ക്കും.” വാസ്‌ത​വ​ത്തിൽ ദാവീ​ദി​ന്‍റെ മകനായ ശലോ​മോ​ന്‍റെ ഭരണകാ​ലത്ത്‌ ഇസ്രാ​യേ​ല്യർ മുമ്പൊ​രി​ക്ക​ലും അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത സമാധാ​ന​വും സമൃദ്ധി​യും ആസ്വദി​ച്ചു. അതിലു​പരി, ശലോ​മോ​ന്‍റെ ഭരണത്തി​ലെ നന്മകൾ മിശി​ഹ​യു​ടെ ഭരണത്തിൻകീ​ഴിൽ ആസ്വദി​ക്കാ​നി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളി​ലേക്കു വിരൽചൂ​ണ്ടി.​—1 രാജാ. 4:20, 21; സങ്കീ. 72:1-20.

അതു​കൊണ്ട് 144-‍ാ‍ം സങ്കീർത്ത​ന​ത്തിൽ വരുത്തി​യി​രി​ക്കുന്ന മാറ്റം ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചുള്ള നമ്മുടെ ഗ്രാഹ്യ​ത്തി​നു വ്യത്യാ​സ​മൊ​ന്നും വരുത്തു​ന്നില്ല. ദുഷ്ടന്മാ​രു​ടെ മേലുള്ള ദിവ്യ​ന്യാ​യ​വി​ധി​ക്കാ​യും നീതി​മാ​ന്മാർക്കു എന്നെന്നും നിലനിൽക്കുന്ന സമാധാ​ന​ത്തി​നാ​യും സമൃദ്ധി​ക്കാ​യും എല്ലാ കാലത്തും ജീവി​ച്ചി​രുന്ന യഹോ​വ​യു​ടെ ദാസർ കാത്തി​രു​ന്നി​ട്ടുണ്ട്. ഈ പ്രത്യാശ ഇപ്പോൾ 144-‍ാ‍ം സങ്കീർത്ത​ന​ത്തിൽ കൂടുതൽ വ്യക്തമാ​യി​രി​ക്കു​ന്നു.​—സങ്കീ. 37:10, 11.