വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വാത​ന്ത്ര്യ​ത്തി​ന്‍റെ ദൈവ​മായ യഹോ​വയെ സേവി​ക്കുക

സ്വാത​ന്ത്ര്യ​ത്തി​ന്‍റെ ദൈവ​മായ യഹോ​വയെ സേവി​ക്കുക

“യഹോ​വ​യു​ടെ ആത്മാവു​ള്ളി​ടത്ത്‌ സ്വാത​ന്ത്ര്യ​മുണ്ട്.”​—2 കൊരി. 3:17.

ഗീതങ്ങൾ: 49, 73

1, 2. (എ) പൗലോസ്‌ അപ്പോ​സ്‌ത​ലന്‍റെ കാലത്തെ ആളുകൾക്ക് അടിമ​ത്ത​വും സ്വാത​ന്ത്ര്യ​വും പ്രധാ​ന​വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നത്‌ എന്തു​കൊണ്ട്? (ബി) യഥാർഥ​സ്വാ​ത​ന്ത്ര്യം നേടു​ന്ന​തി​നു പൗലോസ്‌ ആരി​ലേ​ക്കാണ്‌ ആളുക​ളു​ടെ ശ്രദ്ധ തിരി​ച്ചു​വി​ട്ടത്‌?

ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ റോമാ​സാ​മ്രാ​ജ്യ​ത്തി​ലാ​ണു ജീവി​ച്ചി​രു​ന്നത്‌. സ്വന്തം നിയമ​സം​ഹി​ത​യി​ലും നീതി​ന്യാ​യ​വ്യ​വ​സ്ഥ​യി​ലും തങ്ങൾക്കു​ണ്ടാ​യി​രുന്ന സ്വാത​ന്ത്ര്യ​ത്തി​ലും അഭിമാ​നി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു റോമാ​ക്കാർ. എന്നാൽ ആ സാമ്രാ​ജ്യ​ത്തി​നു കൈവന്ന മഹത്ത്വ​ത്തി​ന്‍റെ​യും പ്രതാ​പ​ത്തി​ന്‍റെ​യും ഏറിയ പങ്കും അടിമ​ക​ളു​ടെ കഠിനാ​ധ്വാ​ന​ത്തി​ന്‍റെ ഫലമാ​യി​രു​ന്നു. ഒരു അവസര​ത്തിൽ അടിമകൾ ജനസം​ഖ്യ​യു​ടെ മൂന്നി​ലൊ​ന്നോ​ളം എത്തി. അങ്ങനെ അടിമ​ത്ത​വും സ്വാത​ന്ത്ര്യ​വും ക്രിസ്‌ത്യാ​നി​കൾ ഉൾപ്പെടെ സാധാ​ര​ണ​ക്കാ​രു​ടെ പ്രധാ​ന​വി​ഷ​യ​ങ്ങ​ളാ​യി മാറി.

2 പൗലോസ്‌ അപ്പോ​സ്‌ത​ലന്‍റെ കത്തുക​ളിൽ സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച് ധാരാളം കാര്യങ്ങൾ പറയു​ന്നുണ്ട്. എന്നാൽ അക്കാലത്തെ മിക്കവ​രെ​യും​പോ​ലെ സാമൂ​ഹി​ക​മോ രാഷ്‌ട്രീ​യ​മോ ആയ മാറ്റങ്ങൾ വരുത്തുക എന്നതാ​യി​രു​ന്നില്ല അദ്ദേഹ​ത്തി​ന്‍റെ ശുശ്രൂ​ഷ​യു​ടെ ലക്ഷ്യം. പൗലോ​സും സഹക്രി​സ്‌ത്യാ​നി​ക​ളും സ്വാത​ന്ത്ര്യ​ത്തി​നു​വേണ്ടി ഏതെങ്കി​ലും മനുഷ്യ​നി​ലേ​ക്കോ സംഘട​ന​യി​ലേ​ക്കോ നോക്കി​യില്ല. പകരം അവർ ആളുകളെ ദൈവ​രാ​ജ്യ​ത്തി​ന്‍റെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും അവർക്കു ക്രിസ്‌തു​യേ​ശു​വി​ന്‍റെ മോച​ന​വി​ല​യു​ടെ മൂല്യം മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കാ​നും കഠിനാ​ധ്വാ​നം ചെയ്‌തു. യഥാർഥ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഉറവി​ട​ത്തി​ലേക്കു പൗലോസ്‌ സഹവി​ശ്വാ​സി​ക​ളു​ടെ ശ്രദ്ധ തിരി​ച്ചു​വി​ട്ടു. ഉദാഹ​ര​ണ​ത്തിന്‌, കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾക്കുള്ള രണ്ടാമത്തെ കത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “യഹോവ ഒരു ആത്മവ്യ​ക്തി​യാണ്‌. യഹോ​വ​യു​ടെ ആത്മാവു​ള്ളി​ടത്ത്‌ സ്വാത​ന്ത്ര്യ​മുണ്ട്.”​—2 കൊരി. 3:17.

3, 4. (എ) 2 കൊരി​ന്ത്യർ 3:17-നു മുമ്പുള്ള വാക്യ​ങ്ങ​ളിൽ പൗലോസ്‌ എന്താണു ചർച്ച ചെയ്യു​ന്നത്‌? (ബി) യഹോവ നൽകുന്ന സ്വാത​ന്ത്ര്യം ആസ്വദി​ക്കു​ന്ന​തി​നു നമ്മൾ എന്തു ചെയ്യണം?

3 ഈ വാക്കുകൾ എഴുതു​ന്ന​തി​നു മുമ്പ് പൗലോസ്‌, സീനായ്‌ പർവത​ത്തിൽനിന്ന് ഇറങ്ങിവന്ന മോശ​യു​ടെ മുഖത്തെ പ്രഭ​യെ​ക്കു​റിച്ച് പറഞ്ഞു. യഹോ​വ​യു​ടെ ഒരു ദൂതന്‍റെ അടുക്കൽനിന്ന് വന്ന മോശയെ കണ്ടപ്പോൾ ആളുകൾക്കു പേടി തോന്നി, അതു​കൊണ്ട് മോശ തന്‍റെ മുഖം ഒരു തുണി​കൊണ്ട് മൂടി. (പുറ. 34:29, 30, 33; 2 കൊരി. 3:7, 13) പൗലോസ്‌ തുടർന്ന് വിശദീ​ക​രി​ച്ചു: “എന്നാൽ ഒരാൾ യഹോ​വ​യി​ലേക്കു തിരി​യു​മ്പോൾ ആ മൂടു​പടം നീങ്ങുന്നു.” (2 കൊരി. 3:16) എന്താണു പൗലോ​സി​ന്‍റെ വാക്കു​ക​ളു​ടെ അർഥം?

4 മുൻലേ​ഖ​ന​ത്തിൽ പഠിച്ച​തു​പോ​ലെ, എല്ലാത്തി​ന്‍റെ​യും സ്രഷ്ടാ​വായ യഹോ​വ​യ്‌ക്കു മാത്ര​മാ​ണു പരിധി​ക​ളി​ല്ലാത്ത, പൂർണ​മായ സ്വാത​ന്ത്ര്യ​മു​ള്ളത്‌. അതു​കൊണ്ട് യഹോ​വ​യു​ടെ സന്നിധി​യിൽ, “യഹോ​വ​യു​ടെ ആത്മാവു​ള്ളി​ടത്ത്‌” സ്വാത​ന്ത്ര്യ​മുണ്ട് എന്നു നമുക്കു നിസ്സം​ശയം പറയാ​നാ​കും. ആ സ്വാത​ന്ത്ര്യം ആസ്വദി​ക്കു​ന്ന​തി​നും അതിൽനിന്ന് പ്രയോ​ജനം നേടു​ന്ന​തി​നും നമ്മൾ ‘യഹോ​വ​യി​ലേക്കു തിരി​യണം,’ അതായത്‌ യഹോ​വ​യു​മാ​യി നമുക്ക് ഒരു നല്ല വ്യക്തി​ബ​ന്ധ​മു​ണ്ടാ​യി​രി​ക്കണം. വിജന​ഭൂ​മി​യിൽ യഹോവ ചെയ്‌ത കാര്യ​ങ്ങളെ മാനു​ഷി​ക​മായ കാഴ്‌ച​പ്പാ​ടി​ലാണ്‌ ഇസ്രാ​യേ​ല്യർ കണ്ടത്‌, യഹോവ കണ്ടതു​പോ​ലെയല്ല. ഈജി​പ്‌തിൽനിന്ന് മോചി​ത​രാ​യ​പ്പോൾ അവർക്കു പുതു​താ​യി കിട്ടിയ സ്വാത​ന്ത്ര്യം സ്വാർഥാ​ഭി​ലാ​ഷങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ അവർ ഉപയോ​ഗി​ച്ചു. അവരുടെ മനസ്സും ഹൃദയ​വും കഠിന​മാ​യി​രു​ന്നു, അതു മൂടു​പ​ടം​കൊണ്ട് മറയ്‌ക്ക​പ്പെ​ട്ട​തു​പോ​ലെ​യാ​യി​രു​ന്നു.​—എബ്രാ. 3:8-10.

5. (എ) യഹോ​വ​യു​ടെ ആത്മാവ്‌ തരുന്ന സ്വാത​ന്ത്ര്യം ഏതു തരത്തി​ലു​ള്ള​താണ്‌? (ബി) അടിമ​യാ​യി​രി​ക്കു​ന്ന​തോ ജയിലി​ലാ​യി​രി​ക്കു​ന്ന​തോ ഒന്നും യഹോവ തരുന്ന സ്വാത​ന്ത്ര്യ​ത്തി​നു മങ്ങലേൽപ്പി​ക്കാ​ത്തത്‌ എന്തു​കൊണ്ട്? (സി) നമ്മൾ ഏതു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

5 അക്ഷരാർഥത്തിലുള്ള അടിമത്തത്തിൽനിന്നുള്ള സ്വാത​ന്ത്ര്യ​ത്തെ​ക്കാൾ വലുതാണ്‌ യഹോ​വ​യു​ടെ ആത്മാവ്‌ തരുന്ന സ്വാത​ന്ത്ര്യം. യഹോ​വ​യു​ടെ ആത്മാവ്‌ പാപത്തി​ന്‍റെ​യും മരണത്തി​ന്‍റെ​യും അതു​പോ​ലെ വ്യാജാ​രാ​ധ​ന​യു​ടെ​യും അതിന്‍റെ ആചാരങ്ങളുടെയും അടിമത്തത്തിൽനിന്നുള്ള സ്വാത​ന്ത്ര്യം തരുന്നു. മനുഷ്യൻ എത്ര ശ്രമി​ച്ചാ​ലും തനിയെ അതു നേടാൻ കഴിയില്ല. (റോമ. 6:23; 8:2) എത്ര മഹത്തായ സ്വാത​ന്ത്ര്യ​മാണ്‌ അത്‌! അതിന്‍റെ പ്രയോ​ജ​നങ്ങൾ ആസ്വദി​ക്കാൻ എല്ലാവർക്കും, തടവിൽ കഴിയു​ന്ന​വർക്കും അടിമ​കൾക്കും പോലും, കഴിയും. (ഉൽപ. 39:20-23) വിശ്വാ​സ​ത്തി​ന്‍റെ പേരിൽ അനേക​വർഷങ്ങൾ ജയില​ഴി​കൾക്കു​ള്ളിൽ കഴി​യേ​ണ്ടി​വന്ന നാൻസി യൻ സഹോ​ദ​രി​യു​ടെ​യും ഹാരോൾഡ്‌ കിങ്‌ സഹോ​ദ​ര​ന്‍റെ​യും അനുഭ​വങ്ങൾ ഇതു തെളി​യി​ക്കു​ന്നു. അവർ സ്വന്തം അനുഭ​വങ്ങൾ വിവരി​ക്കു​ന്നത്‌ JW പ്രക്ഷേ​പ​ണ​ത്തിൽ കാണാം. (അഭിമു​ഖ​ങ്ങ​ളും അനുഭവങ്ങളും>പരിശോധനകൾ സഹിച്ചു​നിൽക്കു​ന്നു എന്നതിനു കീഴിൽ നോക്കുക.) നമ്മുടെ സ്വാത​ന്ത്ര്യ​ത്തെ നമ്മൾ വില​യേ​റി​യ​താ​യി കാണു​ന്നെന്ന് എങ്ങനെ കാണി​ക്കാം? ഈ സ്വാത​ന്ത്ര്യം ജ്ഞാനപൂർവം ഉപയോ​ഗി​ക്കാൻ നമുക്ക് എങ്ങനെ കഴിയും?

ദൈവം തരുന്ന സ്വാത​ന്ത്ര്യം വില​യേ​റി​യ​താ​യി കാണുക

6. യഹോവ നൽകിയ സ്വാത​ന്ത്ര്യം തങ്ങൾ വിലയു​ള്ള​താ​യി കാണു​ന്നി​ല്ലെന്ന് ഇസ്രാ​യേ​ല്യർ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

6 വില​യേ​റിയ ഒരു സമ്മാന​ത്തി​ന്‍റെ മൂല്യം മനസ്സി​ലാ​കു​മ്പോൾ അതു നൽകിയ ആളി​നോ​ടു നമുക്കു സ്വാഭാ​വി​ക​മാ​യും നന്ദി തോന്നും. ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽനിന്ന് വിടു​വി​ച്ചു​കൊണ്ട് യഹോവ നൽകിയ സ്വാത​ന്ത്ര്യ​ത്തെ ഇസ്രാ​യേ​ല്യർ ഒട്ടും വിലയു​ള്ള​താ​യി കണ്ടില്ല. മോചി​ത​രാ​യി മാസങ്ങൾക്കു​ള്ളിൽത്തന്നെ അവർ യഹോ​വ​യു​ടെ കരുത​ലു​ക​ളെ​ക്കു​റിച്ച് പരാതി​പ്പെ​ട്ടു​തു​ടങ്ങി. ഈജി​പ്‌തിൽവെച്ച് കഴിച്ചി​രുന്ന ഭക്ഷണസാ​ധ​നങ്ങൾ കിട്ടാൻ ആഗ്രഹി​ച്ചു. ഈജി​പ്‌തി​ലേക്കു തിരി​ച്ചു​പോ​കാൻപോ​ലും അവർ ഒരുങ്ങി. സത്യ​ദൈ​വ​മായ യഹോ​വയെ ആരാധി​ക്കാൻ ദൈവം നൽകിയ സ്വാത​ന്ത്ര്യ​ത്തെ​ക്കാൾ അവർ ഈജി​പ്‌തി​ലെ “മീൻ, വെള്ളരിക്ക, തണ്ണിമത്തൻ, ഉള്ളി, ചുവന്നു​ള്ളി, വെളു​ത്തു​ള്ളി” തുടങ്ങിയ വസ്‌തു​ക്കൾക്കാ​ണു വിലക​ല്‌പി​ച്ചത്‌. യഹോ​വ​യു​ടെ കോപം ആളിക്ക​ത്തി​യ​തിൽ അതിശ​യി​ക്കാ​നു​ണ്ടോ? (സംഖ്യ 11:5, 6, 10; 14:3, 4) നമുക്കുള്ള എത്ര പ്രധാ​ന​പ്പെട്ട പാഠമാണ്‌ ഇത്‌!

7. പൗലോസ്‌ 2 കൊരി​ന്ത്യർ 6:1-ലെ തന്‍റെ മുന്നറി​യി​പ്പി​നു ചേർച്ച​യിൽ പ്രവർത്തി​ച്ചത്‌ എങ്ങനെ, നമുക്കു പൗലോ​സി​നെ എങ്ങനെ അനുക​രി​ക്കാം?

7 യഹോവ ദയാപൂർവം തന്‍റെ മകനായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ നൽകിയ സ്വാത​ന്ത്ര്യ​ത്തെ നിസ്സാ​ര​മാ​യി കാണരു​തെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും മുന്നറി​യി​പ്പു കൊടു​ത്തു. (2 കൊരി​ന്ത്യർ 6:1 വായി​ക്കുക.) പാപത്തി​ന്‍റെ​യും മരണത്തി​ന്‍റെ​യും അടിമ​യാ​യി​രുന്ന പൗലോസ്‌ അനുഭ​വിച്ച വൈകാ​രി​ക​വേ​ദ​ന​യും മനസ്സാ​ക്ഷി​ക്കു​ത്തും ഓർക്കുക. എന്നിട്ടും അദ്ദേഹം നന്ദി നിറഞ്ഞ ഹൃദയ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ ദൈവ​ത്തി​നു നന്ദി!” എന്തു​കൊണ്ട്? സഹക്രി​സ്‌ത്യാ​നി​ക​ളോട്‌ അദ്ദേഹം ഇങ്ങനെ വിശദീ​ക​രി​ച്ചു: “കാരണം ക്രിസ്‌തു​യേ​ശു​വു​മാ​യി യോജി​പ്പിൽ ജീവി​ക്കാൻ അവസരം തരുന്ന ദൈവാ​ത്മാ​വി​ന്‍റെ നിയമം പാപത്തി​ന്‍റെ​യും മരണത്തി​ന്‍റെ​യും നിയമ​ത്തിൽനിന്ന് നിങ്ങളെ സ്വത​ന്ത്ര​രാ​ക്കി​യി​രി​ക്കു​ന്നു.” (റോമ. 7:24, 25; 8:2) പൗലോ​സി​ന്‍റെ മാതൃക അനുക​രി​ച്ചു​കൊണ്ട്, പാപത്തി​ന്‍റെ​യും മരണത്തി​ന്‍റെ​യും ബന്ധനത്തിൽനിന്ന് യഹോവ നമ്മളെ വിടു​വി​ച്ച​തി​നെ ഒരിക്ക​ലും നമ്മൾ നിസ്സാ​ര​മാ​യി കാണരുത്‌. മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ ഒരു ശുദ്ധമായ മനസ്സാ​ക്ഷി​യോ​ടെ നമുക്കു ദൈവത്തെ സേവി​ക്കാൻ കഴിയും, അങ്ങനെ ചെയ്യു​ന്ന​തി​ന്‍റെ യഥാർഥ​സ​ന്തോ​ഷം ആസ്വദി​ക്കാ​നും കഴിയും.​—സങ്കീ. 40:8.

തിരഞ്ഞെടുക്കാനുള്ള സ്വാത​ന്ത്ര്യം ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്കു​വേ​ണ്ടി​യാ​ണോ സ്വന്തം താത്‌പ​ര്യ​ങ്ങൾക്കു​വേ​ണ്ടി​യാ​ണോ നിങ്ങൾ ഉപയോ​ഗി​ക്കു​ന്നത്‌? (8-10 ഖണ്ഡികകൾ കാണുക)

8, 9. (എ) നമ്മുടെ സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ പത്രോസ്‌ അപ്പോ​സ്‌തലൻ എന്തു മുന്നറി​യി​പ്പു തരുന്നു? (ബി) എന്തൊക്കെ അപകട​ങ്ങ​ളാ​ണു നമുക്കു മുന്നി​ലു​ള്ളത്‌?

8 നന്ദി പ്രകടി​പ്പി​ക്കു​ന്ന​തി​നു പുറമേ, നമ്മുടെ അമൂല്യ​മായ സ്വാത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്യാ​തി​രി​ക്കാ​നും നമ്മൾ ശ്രദ്ധി​ക്കണം. നമ്മുടെ സ്വാത​ന്ത്ര്യ​ത്തെ ജഡികാ​ഭി​ലാ​ഷങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള ഒരു മറയായി ഉപയോ​ഗി​ക്കാ​തി​രി​ക്കാൻ പത്രോസ്‌ അപ്പോ​സ്‌തലൻ മുന്നറി​യി​പ്പു നൽകി. (1 പത്രോസ്‌ 2:16 വായി​ക്കുക.) ഈ മുന്നറി​യിപ്പ് ഇസ്രാ​യേ​ല്യർക്കു വിജന​ഭൂ​മി​യിൽ സംഭവി​ച്ച​തി​നെ​ക്കു​റിച്ച് നമ്മളെ ഓർമി​പ്പി​ക്കു​ന്നി​ല്ലേ? അവർക്കു​ണ്ടാ​യ​തു​പോ​ലുള്ള അപകടങ്ങൾ ഇപ്പോ​ഴു​മുണ്ട്, ഒരുപക്ഷേ അതിനുള്ള സാധ്യത ഇന്നു കൂടു​ത​ലാണ്‌. വസ്‌ത്ര​ധാ​രണം, ചമയം, തീറ്റി​യും കുടി​യും, ഉല്ലാസ​വും വിനോ​ദ​വും എന്നിങ്ങനെ അനേകം കാര്യ​ങ്ങ​ളിൽ സാത്താ​നും അവന്‍റെ ലോക​വും നമ്മളെ വശീക​രി​ക്കാൻ ശ്രമി​ക്കു​ക​യാണ്‌. നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ അത്യാ​വ​ശ്യ​മു​ള്ള​താ​ണെന്നു തോന്നി​പ്പി​ക്കാൻ പരസ്യ​ക്ക​മ്പ​നി​കൾ കൗശല​പൂർവം ശ്രമി​ക്കു​ന്നു. അതിനു​വേണ്ടി അവർ ആകർഷ​ണീ​യ​രായ വ്യക്തി​കളെ ഉപയോ​ഗി​ക്കു​ന്നു. നമ്മൾ എളുപ്പ​ത്തിൽ ഈ കെണി​ക​ളിൽ വീഴാ​നും നമ്മുടെ സ്വാത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്യാ​നും ഇടയുണ്ട്.

9 വിദ്യാ​ഭ്യാ​സം, ജോലി എന്നിങ്ങനെ ജീവി​ത​ത്തി​ലെ കൂടുതൽ ഗൗരവ​മുള്ള കാര്യ​ങ്ങ​ളിൽ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തു​മ്പോ​ഴും പത്രോ​സി​ന്‍റെ ഉപദേശം ബാധക​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, പ്രശസ്‌ത​മായ കോ​ളേ​ജു​ക​ളിൽ ഉന്നതവി​ദ്യാ​ഭ്യാ​സം ചെയ്യാൻ യോഗ്യത നേടു​ന്ന​തി​നു കുട്ടി​ക​ളു​ടെ മേൽ ശക്തമായ സമ്മർദ​മുണ്ട്. അവി​ടെ​നിന്ന് ബിരുദം നേടി​യാൽ നല്ല ശമ്പളവും അന്തസ്സും ഉള്ള ജോലി കിട്ടു​മെന്ന് ആളുകൾ അവരോ​ടു പറയുന്നു. ഉന്നതവി​ദ്യാ​ഭ്യാ​സം നേടിയ ഒരാൾക്കു ലഭിക്കുന്ന വരുമാ​ന​വും അടിസ്ഥാന സ്‌കൂൾവി​ദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കി​യവർ നേടുന്ന വരുമാ​ന​വും തമ്മിലുള്ള വ്യത്യാ​സം അതിനുള്ള തെളി​വാ​യി അവർ എടുത്തു​കാ​ണി​ക്കു​ന്നു. ഭാവി​ജീ​വി​തത്തെ കാര്യ​മാ​യി ബാധി​ക്കുന്ന തിര​ഞ്ഞെ​ടു​പ്പു​കളെ മുഖാ​മു​ഖം നേരി​ടു​മ്പോൾ ചെറു​പ്പ​ക്കാർ അത്തരം പ്രലോ​ഭ​ന​ങ്ങ​ളിൽ വീണു​പോ​കാൻ ഇടയുണ്ട്. ഈ സാഹച​ര്യ​ങ്ങ​ളിൽ അവരും അവരുടെ മാതാ​പി​താ​ക്ക​ളും ഏതു കാര്യം ഓർത്തി​രി​ക്കണം?

10. നമ്മുടെ സ്വാത​ന്ത്ര്യം ഉപയോ​ഗിച്ച് ജീവി​ത​ത്തിൽ തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ ഏതു കാര്യം ഓർക്കണം?

10 ഇത്തരം തിര​ഞ്ഞെ​ടു​പ്പു​കൾ തികച്ചും വ്യക്തി​പ​ര​മാ​ണെന്നു ചിലർ ചിന്തി​ക്കു​ന്നു. തങ്ങളുടെ മനസ്സാക്ഷി കുറ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ങ്കിൽ ഇഷ്ടമു​ള്ളതു തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടെ​ന്നാണ്‌ അവർ ചിന്തി​ക്കു​ന്നത്‌. കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ എഴുതിയ ഈ കാര്യമായിരിക്കാം അവരുടെ മനസ്സി​ലു​ള്ളത്‌: “എന്‍റെ സ്വാത​ന്ത്ര്യ​ത്തെ മറ്റൊ​രാ​ളു​ടെ മനസ്സാക്ഷി എന്തിനു വിധി​ക്കണം?” (1 കൊരി. 10:29) വിദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ജോലി​യു​ടെ​യും ഒക്കെ കാര്യ​ത്തിൽ വ്യക്തി​പ​ര​മായ തീരു​മാ​നം എടുക്കാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടെ​ങ്കി​ലും നമ്മുടെ സ്വാത​ന്ത്ര്യം ആപേക്ഷി​ക​മാ​ണെ​ന്നും നമ്മുടെ തീരു​മാ​ന​ങ്ങൾക്ക് അനന്തര​ഫ​ല​ങ്ങ​ളു​ണ്ടെ​ന്നും നമ്മൾ ഓർത്തി​രി​ക്കണം. അതു​കൊ​ണ്ടാണ്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞത്‌: “എല്ലാം അനുവ​ദ​നീ​യ​മാണ്‌; പക്ഷേ എല്ലാം പ്രയോ​ജ​ന​മു​ള്ളതല്ല. എല്ലാം അനുവ​ദ​നീ​യ​മാണ്‌; പക്ഷേ എല്ലാം ബലപ്പെ​ടു​ത്തു​ന്നില്ല.” (1 കൊരി. 10:23) നമ്മുടെ സ്വാത​ന്ത്ര്യം ഉപയോ​ഗിച്ച് ജീവി​ത​ത്തിൽ തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ വ്യക്തി​പ​ര​മായ താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ ഉപരി പ്രധാ​ന​പ്പെട്ട മറ്റു കാര്യ​ങ്ങ​ളും കണക്കി​ലെ​ടു​ക്ക​ണ​മെന്നു മനസ്സി​ലാ​ക്കാൻ ഈ വാക്യം നമ്മളെ സഹായി​ക്കു​ന്നു.

ദൈവത്തെ സേവി​ക്കാൻ നമ്മുടെ സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കു​ക

11. എന്തിനു​വേ​ണ്ടി​യാ​ണു നമ്മളെ സ്വത​ന്ത്ര​രാ​ക്കി​യത്‌?

11 സ്വാത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്യു​ന്ന​തിന്‌ എതിരെ മുന്നറി​യി​പ്പു കൊടു​ത്ത​പ്പോൾ നമ്മൾ എന്തിനു​വേ​ണ്ടി​യാ​ണു സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കേ​ണ്ട​തെ​ന്നും പത്രോസ്‌ പറഞ്ഞു. നമ്മുടെ സ്വാത​ന്ത്ര്യം “ദൈവ​ത്തി​ന്‍റെ അടിമ​ക​ളാ​യി” സേവി​ക്കു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കാൻ അദ്ദേഹം പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതെ, പാപത്തി​ന്‍റെ​യും മരണത്തി​ന്‍റെ​യും അടിമ​ത്ത​ത്തിൽനിന്ന് യഹോവ യേശു​വി​ലൂ​ടെ നമ്മളെ സ്വത​ന്ത്ര​രാ​ക്കി​യത്‌ യഥാർഥ​ത്തിൽ “ദൈവ​ത്തി​ന്‍റെ അടിമ​ക​ളാ​യി” ജീവി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌.

12. നോഹ​യും കുടും​ബ​വും നമുക്ക് എന്തു മാതൃ​ക​യാ​ണു വെച്ചത്‌?

12 നമ്മുടെ സ്വാത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്‌തു​കൊണ്ട് ഈ ലോക​ത്തി​ന്‍റെ ലക്ഷ്യങ്ങൾക്കും ആഗ്രഹ​ങ്ങൾക്കും വീണ്ടും അടിമ​ക​ളാ​കാ​തി​രി​ക്കാ​നുള്ള ഏറ്റവും നല്ല വഴി ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ പൂർണ​മാ​യി മുഴു​കു​ന്ന​താണ്‌. (ഗലാ. 5:16) ഈ കാര്യ​ത്തിൽ ഗോ​ത്ര​പി​താ​വായ നോഹ​യും കുടും​ബ​വും നല്ല ഒരു മാതൃ​ക​യാണ്‌. അവർ ജീവിച്ച ലോകം അധാർമി​കത നിറഞ്ഞ​തും അക്രമാ​സ​ക്ത​വും ആയിരു​ന്നു. എങ്കിലും ചുറ്റു​മു​ള്ള​വ​രു​ടെ ആഗ്രഹ​ങ്ങ​ളും ലക്ഷ്യങ്ങ​ളും തങ്ങളെ ബാധി​ക്കാ​തി​രി​ക്കാൻ അവർ ശ്രദ്ധിച്ചു. അവർക്ക് എങ്ങനെ​യാണ്‌ അതിനു കഴിഞ്ഞത്‌? യഹോവ അവർക്കു കൊടുത്ത എല്ലാ നിയമ​ന​ങ്ങ​ളി​ലും തിര​ക്കോ​ടെ ഏർപ്പെ​ട്ടു​കൊണ്ട്. പെട്ടകം പണിയുക, അവർക്കും മൃഗങ്ങൾക്കും വേണ്ടി​യുള്ള ആഹാരം ശേഖരി​ച്ചു​വെ​ക്കുക, മറ്റുള്ള​വർക്കു മുന്നറി​യി​പ്പു കൊടു​ക്കുക ഇതി​ലൊ​ക്കെ അവർ മുഴുകി. “ദൈവം കല്‌പി​ച്ച​തെ​ല്ലാം നോഹ ചെയ്‌തു; അങ്ങനെ​തന്നെ ചെയ്‌തു.” (ഉൽപ. 6:22) എന്തായി​രു​ന്നു ഫലം? ആ ലോകം നശിപ്പി​ക്ക​പ്പെ​ട്ട​പ്പോൾ നോഹ​യും കുടും​ബ​വും രക്ഷപ്പെട്ടു.​—എബ്രാ. 11:7.

13. യഹോവ ഏതു നിയമ​ന​മാ​ണു നമുക്കു തന്നിരി​ക്കു​ന്നത്‌?

13 യഹോവ ഇന്നു നമ്മളോട്‌ എന്തു ചെയ്യാ​നാ​ണു കല്‌പി​ച്ചി​രി​ക്കു​ന്നത്‌? യേശു​വി​ന്‍റെ ശിഷ്യ​ന്മാ​രെന്ന നിലയിൽ ദൈവം തന്നിരി​ക്കുന്ന നിയമനം എന്താ​ണെന്നു നമുക്കു നന്നായി അറിയാം. (ലൂക്കോസ്‌ 4:18, 19 വായി​ക്കുക.) ഇന്നു ഭൂരി​പക്ഷം മനുഷ്യ​രെ​യും ഈ ലോക​ത്തി​ന്‍റെ ദൈവം അന്ധരാ​ക്കി​യി​രി​ക്കു​ക​യാണ്‌. അവർ മതപര​വും സാമ്പത്തി​ക​വും സാമൂ​ഹി​ക​വും ആയ ബന്ധനത്തി​ലാണ്‌. (2 കൊരി. 4:4) യേശു​വി​ന്‍റെ മാതൃക പിൻപ​റ്റി​ക്കൊണ്ട്, സ്വാത​ന്ത്ര്യ​ത്തി​ന്‍റെ ദൈവ​മായ യഹോ​വയെ അറിയാ​നും ആരാധി​ക്കാ​നും ആളുകളെ സഹായി​ക്കാ​നുള്ള വലിയ പദവി നമുക്കുണ്ട്. (മത്താ. 28:19, 20) പ്രസം​ഗ​പ്ര​വർത്തനം അത്ര എളുപ്പ​മുള്ള ഒരു നിയമ​നമല്ല, പല തടസ്സങ്ങ​ളു​മുണ്ട്. ചില രാജ്യ​ങ്ങ​ളിൽ ആളുകൾക്ക് ഈ സന്ദേശ​ത്തോ​ടു താത്‌പ​ര്യ​മില്ല. ചിലയി​ട​ങ്ങ​ളിൽ നമ്മുടെ പ്രവർത്ത​നത്തെ എതിർക്കു​ക​പോ​ലും ചെയ്യുന്നു. നമ്മൾ ഓരോ​രു​ത്ത​രും ചിന്തി​ക്കേണ്ട ചോദ്യ​മി​താണ്‌: ‘ദൈവ​രാ​ജ്യ​ത്തി​ന്‍റെ പ്രവർത്ത​ന​ങ്ങളെ കൂടുതൽ നന്നായി പിന്തു​ണ​യ്‌ക്കാൻ എന്‍റെ സ്വാത​ന്ത്ര്യം എനിക്ക് ഉപയോ​ഗി​ക്കാ​നാ​കു​മോ?’

14, 15. യഹോ​വ​യു​ടെ ജനം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലെ പങ്കു വർധി​പ്പി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

14 ഇന്നു മിക്കവ​രും നമ്മൾ ജീവി​ക്കുന്ന കാലത്തി​ന്‍റെ അടിയ​ന്തി​രത മനസ്സി​ലാ​ക്കി ജീവിതം ലളിത​മാ​ക്കു​ക​യും മുഴു​സ​മ​യ​സേ​വനം ആരംഭി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഇതു ശരിക്കും പ്രോ​ത്സാ​ഹനം പകരു​ന്നി​ല്ലേ? (1 കൊരി. 9:19, 23) ചിലർ സ്വന്തം പ്രദേ​ശ​ത്തു​തന്നെ സേവി​ക്കു​ന്നു. മറ്റുള്ളവർ ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറി​ത്താ​മ​സി​ച്ചി​രി​ക്കു​ന്നു. കഴിഞ്ഞ അഞ്ചു വർഷത്തി​നു​ള്ളിൽ 2,50,000-ത്തിലധി​കം പേരാണു മുൻനി​ര​സേ​വനം ആരംഭി​ച്ചി​രി​ക്കു​ന്നത്‌. ഇപ്പോൾ 11,00,000-ത്തിലധി​കം സഹോ​ദ​രങ്ങൾ സാധാരണ മുൻനി​ര​സേ​വനം ചെയ്യു​ന്നുണ്ട്. യഹോ​വയെ സേവി​ക്കാ​നാ​യി സ്വാത​ന്ത്ര്യം ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ന്ന​തി​ന്‍റെ എത്ര ആവേശ​ക​ര​മായ ഒരു കാഴ്‌ച​യാ​ണിത്‌!​—സങ്കീ. 110:3.

15 തങ്ങളുടെ സ്വാത​ന്ത്ര്യം ജ്ഞാനപൂർവം ഉപയോ​ഗി​ക്കാൻ ഈ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌? കഴിഞ്ഞ 30 വർഷമാ​യി വ്യത്യ​സ്‌ത​രാ​ജ്യ​ങ്ങ​ളിൽ സേവി​ച്ചി​ട്ടുള്ള ജോണി​ന്‍റെ​യും ജൂഡി​ത്തി​ന്‍റെ​യും അനുഭവം നോക്കാം. 1977-ൽ മുൻനി​ര​സേ​വ​ന​സ്‌കൂൾ ആരംഭി​ച്ച​പ്പോൾ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പോയി സേവി​ക്കാൻ വിദ്യാർഥി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. തങ്ങളുടെ ലക്ഷ്യത്തിൽനിന്ന് ശ്രദ്ധ മാറാ​തി​രി​ക്കാൻ ലളിത​മായ ഒരു ജീവിതം നയിക്ക​ണ​മെന്നു മനസ്സി​ലാ​ക്കിയ ജോൺ പലപല ജോലി​കൾ മാറി​മാ​റി ചെയ്‌തു. പിന്നീട്‌ ഒരു വിദേ​ശ​രാ​ജ്യത്ത്‌ എത്തിയ​പ്പോൾ അവിടത്തെ ഭാഷ, സംസ്‌കാ​രം, കാലാവസ്ഥ എന്നിവ​പോ​ലുള്ള പ്രശ്‌നങ്ങൾ മറിക​ട​ക്കാൻ അവരെ എന്താണു സഹായി​ച്ചത്‌? അവർ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും ചെയ്‌തു. വർഷങ്ങ​ളാ​യി ചെയ്യുന്ന ആ സേവന​ത്തെ​ക്കു​റിച്ച് അവർക്ക് ഇപ്പോൾ എന്താണു തോന്നു​ന്നത്‌? ജോൺ പറയുന്നു: “എന്‍റെ അനുഭ​വ​ത്തിൽനിന്ന് പറയട്ടെ, ഇതി​നെ​ക്കാൾ മെച്ചപ്പെട്ട വേറെ ഒരു പ്രവർത്ത​ന​മില്ല. ഇതിൽ മുഴു​കു​മ്പോൾ യഹോവ എനിക്ക് ഒരു യഥാർഥ​വ്യ​ക്തി​യാ​യി​ത്തീ​രു​ന്നു, സ്‌നേ​ഹ​മുള്ള ഒരു പിതാ​വി​നെ​പ്പോ​ലെ. യാക്കോബ്‌ 4:8-ൽ പറഞ്ഞിരിക്കുന്ന ‘ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും’ എന്നതിന്‍റെ അർഥം എനിക്ക് ഇപ്പോൾ കൂടുതൽ നന്നായി മനസ്സി​ലാ​കു​ന്നുണ്ട്. ജീവി​ത​ത്തിൽ സംതൃ​പ്‌തി തരുന്ന ഒന്നിനു​വേണ്ടി ഞാൻ അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. അതു ഞാൻ കണ്ടെത്തി.”

16. പരിമി​ത​മായ സാഹച​ര്യ​ങ്ങ​ളി​ലുള്ള ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ അവരുടെ സ്വാത​ന്ത്ര്യം എങ്ങനെ ജ്ഞാനപൂർവം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു?

16 എന്നാൽ ചിലർക്കു സാഹച​ര്യ​ങ്ങൾ കാരണം കുറച്ച് നാളു​കളേ മുഴു​സ​മ​യ​സേ​വനം ചെയ്യാ​നാ​കു​ന്നു​ള്ളൂ. എങ്കിൽപ്പോ​ലും മിക്കവ​രും ലോക​ത്തി​നു ചുറ്റു​മുള്ള ദിവ്യാ​ധി​പത്യ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കാ​നുള്ള അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ന്യൂ​യോർക്കി​ലെ വാർവി​ക്കിൽ ലോകാ​സ്ഥാ​നം പണിത​പ്പോൾ ഏതാണ്ട് 27,000 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാണ്‌ അതിന്‍റെ നിർമാ​ണ​ത്തിൽ പങ്കുപ​റ്റി​യത്‌. ചിലർ രണ്ടാഴ്‌ച​ത്തേക്ക്, ചിലർ ഒരു വർഷമോ അതില​ധി​ക​മോ കാല​ത്തേക്ക്. ജീവി​ത​ത്തി​ലെ പല കാര്യ​ങ്ങ​ളും മാറ്റി​വെ​ച്ചി​ട്ടാ​ണു മിക്കവ​രും അവിടെ എത്തിയത്‌. സ്വാത​ന്ത്ര്യ​ത്തി​ന്‍റെ ദൈവ​മായ യഹോ​വയെ സ്‌തു​തി​ക്കാ​നും മഹത്ത്വ​പ്പെ​ടു​ത്താ​നും ദൈവം തന്ന സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കു​ന്ന​തി​ന്‍റെ എത്ര നല്ല മാതൃക!

17. ദൈവം തന്ന സ്വാത​ന്ത്ര്യം ജ്ഞാനപൂർവം ഉപയോ​ഗി​ക്കു​ന്ന​വരെ എന്തു മഹത്തായ ഭാവി​യാ​ണു കാത്തി​രി​ക്കു​ന്നത്‌?

17 യഹോ​വയെ അറിയാ​നും സത്യാ​രാ​ധന കൈവ​രു​ത്തുന്ന സ്വാത​ന്ത്ര്യം ആസ്വദി​ക്കാ​നും കഴിഞ്ഞി​രി​ക്കു​ന്ന​തിൽ നമ്മൾ നന്ദിയു​ള്ള​വ​രാണ്‌. ആ സ്വാത​ന്ത്ര്യം നമ്മൾ വില​യേ​റി​യ​താ​യി കാണു​ന്നെന്നു നമ്മുടെ തിര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂ​ടെ കാണി​ക്കാം. ആ സ്വാത​ന്ത്ര്യം പാഴാ​ക്കു​ക​യോ ദുരു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യോ ചെയ്യു​ന്ന​തി​നു പകരം അതു തുറന്നു​ത​രുന്ന അവസരങ്ങൾ കഴിവി​ന്‍റെ പരമാവധി യഹോവയെ സേവി​ക്കാ​നാ​യി ഉപയോ​ഗി​ക്കാം. അങ്ങനെ ചെയ്യു​ന്ന​വർക്കാ​യി യഹോവ ഈ വാഗ്‌ദാ​നം നൽകി​യി​രി​ക്കു​ന്നു: “സൃഷ്ടി ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനിന്ന് മോചനം നേടി ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം നേടും എന്നതാ​യി​രു​ന്നു ആ പ്രത്യാശ.” (റോമ. 8:21) ആ അനു​ഗ്ര​ഹ​ങ്ങൾക്കാ​യി നമുക്കു പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കാം.