വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ക്ഷീണി​ച്ചി​രി​ക്കു​ന്ന​വനു ദൈവം ബലം കൊടു​ക്കു​ന്നു”

“ക്ഷീണി​ച്ചി​രി​ക്കു​ന്ന​വനു ദൈവം ബലം കൊടു​ക്കു​ന്നു”

2018-ലെ നമ്മുടെ വാർഷി​ക​വാ​ക്യം: “യഹോ​വ​യിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്നവർ ശക്തി വീണ്ടെ​ടു​ക്കും.”​—യശ. 40:31.

ഗീതങ്ങൾ: 3, 47

1. നമ്മൾ ഏതെല്ലാം പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം, എന്നാൽ യഹോവ തന്‍റെ വിശ്വ​സ്‌ത​ദാ​സ​രിൽ സന്തോ​ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.)

ഈ വ്യവസ്ഥി​തി​യി​ലെ ജീവിതം ഒരുത​ര​ത്തി​ലും എളുപ്പ​മു​ള്ളതല്ല. പ്രിയ സഹോ​ദ​ര​ങ്ങളേ, നിങ്ങളിൽ പലരും ഗുരു​ത​ര​മായ രോഗ​ങ്ങ​ളോ​ടു മല്ലിടു​ന്ന​വ​രാണ്‌. ഇനി, വാർധ​ക്യ​ത്തി​ലേക്കു കടന്ന പലർക്കും പ്രായം​ചെന്ന അവരുടെ കുടും​ബാം​ഗ​ങ്ങളെ പരിച​രി​ക്കേ​ണ്ട​താ​യി​ട്ടുണ്ട്. ആഡംബ​ര​ങ്ങൾക്കു​വേ​ണ്ടി​യല്ല, കുടും​ബ​ത്തി​ന്‍റെ അടിസ്ഥാന ആവശ്യ​ങ്ങൾക്കു​വേണ്ടി പാടു​പെ​ടു​ന്ന​വ​രാ​ണു മറ്റു ചിലർ. ചിലർക്കാ​ണെ​ങ്കിൽ പല പ്രശ്‌നങ്ങൾ ഒരേ സമയത്ത്‌ നേരി​ടേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നും ഞങ്ങൾക്ക് അറിയാം. ഇവയൊ​ക്കെ നിങ്ങളെ തളർത്തി​ക്ക​ള​ഞ്ഞേ​ക്കാം. ഇത്തരം പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തി​നു വളരെ​യ​ധി​കം സമയവും പണവും ചെലവ​ഴി​ക്കേ​ണ്ടി​യും വന്നേക്കാം. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം അടിയു​റ​ച്ച​താണ്‌, ശോഭ​ന​മായ ഭാവി​യെ​ക്കു​റി​ച്ചുള്ള പ്രത്യാശ അചഞ്ചല​മാണ്‌. അതു കാണു​മ്പോൾ യഹോവ എത്ര സന്തോ​ഷി​ക്കു​ന്നു​ണ്ടാ​കും!

2. യശയ്യ 40:29-ൽനിന്ന് നമുക്ക് എന്തു പ്രോ​ത്സാ​ഹ​ന​മാ​ണു കിട്ടു​ന്നത്‌, എന്നാൽ നമുക്കു ഗുരു​ത​ര​മായ എന്തു പിശകു പറ്റി​യേ​ക്കാം?

2 ജീവി​ത​സ​മ്മർദങ്ങൾ താങ്ങാ​നാ​കാ​ത്ത​താ​യി നിങ്ങൾക്കു ചില​പ്പോ​ഴൊ​ക്കെ തോന്നാ​റു​ണ്ടോ? ഇക്കാര്യ​ത്തിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. വിശ്വ​സ്‌ത​രായ ചില ദൈവ​ദാ​സർക്കു​പോ​ലും തങ്ങൾക്ക് ഇനി മുന്നോ​ട്ടു​പോ​കാൻ കഴിയില്ല എന്നു തോന്നി​യ​താ​യി ബൈബിൾ പറയു​ന്നുണ്ട്. (1 രാജാ. 19: 4; ഇയ്യോ. 7:7) പക്ഷേ അത്തരം സാഹച​ര്യ​ങ്ങ​ളിൽ അവർ മടുത്ത്‌ പിന്മാ​റി​യോ? ഇല്ല. അവർ ശക്തിക്കാ​യി യഹോ​വ​യി​ലേക്കു നോക്കി. അവർക്കു നിരാ​ശ​പ്പെ​ടേ​ണ്ടി​വ​ന്നില്ല, കാരണം ‘ശക്തിയി​ല്ലാ​ത്ത​വനു വേണ്ടു​വോ​ളം ഊർജം പകരുന്നവനാണ്‌’ നമ്മുടെ ദൈവം. (യശ. 40:29) ഇക്കാലത്ത്‌ ദൈവ​ജ​ന​ത്തിൽപ്പെട്ട ചിലർ, ജീവി​ത​സ​മ്മർദ​ങ്ങളെ നേരി​ടു​ന്ന​തി​നു ദൈവ​സേ​വ​ന​ത്തിൽനിന്ന് കുറച്ചു​നാൾ വിട്ടു​നിൽക്കു​ന്ന​താ​ണു നല്ലതെന്നു കരുതു​ന്നു. ക്രിസ്‌തീ​യ​പ്ര​വർത്ത​നങ്ങൾ അനു​ഗ്ര​ഹ​ത്തെ​ക്കാ​ളേറെ ഒരു ഭാരമാ​യി​ട്ടാണ്‌ അവർക്കു തോന്നു​ന്നത്‌. എത്ര സങ്കടക​ര​മാണ്‌ അത്‌! അവർ ദൈവ​വ​ചനം വായി​ക്കു​ന്ന​തും മീറ്റി​ങ്ങു​കൾക്കു പോകു​ന്ന​തും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്ന​തും നിറു​ത്തു​ന്നു. പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ അവർ അങ്ങനെ​തന്നെ ചെയ്യു​മെ​ന്നാ​ണു സാത്താൻ പ്രതീ​ക്ഷി​ക്കു​ന്ന​തും.

3. (എ) നമ്മളെ ദുർബ​ല​രാ​ക്കുക എന്ന സാത്താന്‍റെ ലക്ഷ്യം നമുക്ക് എങ്ങനെ തകർക്കാം? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യാൻ പോകു​ന്നത്‌?

3 ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങ​ളിൽ പൂർണ​മാ​യി മുഴു​കു​ന്നതു നമ്മളെ ശക്തരാ​ക്കു​മെന്നു സാത്താനു നന്നായി അറിയാം. നമ്മൾ ശക്തരാ​യി​രി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നേ ഇല്ല. നിങ്ങൾ ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും തളർന്നു​പോ​കു​ന്നെ​ങ്കിൽ ഒരിക്ക​ലും യഹോ​വ​യു​മാ​യുള്ള ബന്ധം വേർപെ​ടു​ത്ത​രുത്‌. പകരം യഹോ​വ​യോ​ടു കൂടുതൽ അടുത്തു​ചെ​ല്ലുക. കാരണം, “ദൈവം നിങ്ങളെ ബലപ്പെ​ടു​ത്തു​ക​യും ശക്തരാ​ക്കു​ക​യും” ചെയ്യും. (1 പത്രോ. 5:10; യാക്കോ. 4:8) ദൈവ​സേ​വ​ന​ത്തിൽ മടുത്തു​പോ​കാൻ ഇടയാ​ക്കുന്ന രണ്ടു സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ആ സാഹച​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യാൻ ബൈബിൾത​ത്ത്വ​ങ്ങൾ എങ്ങനെ സഹായി​ക്കു​മെ​ന്നും ഈ ലേഖന​ത്തിൽ നമ്മൾ ചിന്തി​ക്കും. അതിനു മുമ്പ്, നമ്മളെ ശക്തി​പ്പെ​ടു​ത്താ​നുള്ള യഹോ​വ​യു​ടെ കഴിവി​നെ​ക്കു​റിച്ച് യശയ്യ 40:26-31 എന്തു പറയു​ന്നെന്നു നമുക്കു നോക്കാം.

യഹോ​വ​യിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്നവർ ശക്തി വീണ്ടെ​ടു​ക്കും

4. യശയ്യ 40:26 നമുക്കു തരുന്ന പാഠം എന്താണ്‌?

4 യശയ്യ 40:26 വായി​ക്കുക. പ്രപഞ്ച​ത്തിൽ എത്ര നക്ഷത്ര​ങ്ങ​ളു​ണ്ടെന്ന് എണ്ണിത്തി​ട്ട​പ്പെ​ടു​ത്താൻ ആർക്കും ഇതുവരെ കഴിഞ്ഞി​ട്ടില്ല. നമ്മൾ ജീവി​ക്കുന്ന ക്ഷീരപഥം എന്ന താരാ​പം​ക്തി​യിൽ മാത്രം 40,000 കോടി​യോ​ളം നക്ഷത്ര​ങ്ങ​ളു​ണ്ടെന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ വിശ്വ​സി​ക്കു​ന്നു. ആ നക്ഷത്ര​ങ്ങൾക്കെ​ല്ലാം യഹോവ ഓരോ പേരി​ട്ടി​ട്ടുണ്ട്. ഒന്നു ചിന്തി​ക്കുക: ജീവനി​ല്ലാത്ത ഈ സൃഷ്ടി​ക​ളിൽ യഹോവ ഇത്ര താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ, തന്നെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യുന്ന നിങ്ങ​ളെ​ക്കു​റിച്ച് യഹോ​വ​യ്‌ക്ക് എന്തായി​രി​ക്കും തോന്നുക! (സങ്കീ. 19:1, 3, 14) നമ്മുടെ സ്‌നേ​ഹ​വാ​നായ പിതാ​വി​നു നിങ്ങ​ളെ​ക്കു​റിച്ച് എല്ലാം അറിയാം. യഹോവ “നിങ്ങളു​ടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.” (മത്താ. 10:30) സങ്കീർത്ത​ന​ക്കാ​രൻ ഈ ഉറപ്പു തരുന്നു: “കുറ്റമി​ല്ലാ​ത്തവർ അനുഭ​വി​ക്കു​ന്ന​തെ​ല്ലാം യഹോ​വ​യ്‌ക്ക് അറിയാം.” (സങ്കീ. 37:18) അതെ, നിങ്ങൾ നേരി​ടുന്ന പരി​ശോ​ധ​നകൾ യഹോവ കാണു​ന്നുണ്ട്, അവ ഓരോ​ന്നും സഹിച്ചു​നിൽക്കാ​നുള്ള ശക്തി തരാൻ യഹോ​വ​യ്‌ക്കു കഴിയും.

5. യഹോ​വ​യ്‌ക്കു നമ്മളെ ശക്തി​പ്പെ​ടു​ത്താൻ കഴിയു​മെന്നു നമുക്ക് ഉറച്ചു​വി​ശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്?

5 യശയ്യ 40:28 വായി​ക്കുക. എല്ലാ തരം ഊർജ​ത്തി​ന്‍റെ​യും ഉറവിടം യഹോ​വ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, സൂര്യനു മാത്രം യഹോവ നൽകി​യി​രി​ക്കുന്ന ഊർജ​ത്തി​ന്‍റെ അളവ്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ശാസ്‌ത്ര​ലേ​ഖ​ക​നായ ഡേവിഡ്‌ ബൊഡാ​നിസ്‌ ഇതെക്കു​റിച്ച് എഴുതു​ന്നു: “ഓരോ സെക്കന്‍റി​ലും സൂര്യ​നിൽ നടക്കുന്ന വിസ്‌ഫോ​ട​ന​ത്തി​ലൂ​ടെ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടുന്ന ഊർജം ശതകോ​ടി​ക്ക​ണ​ക്കിന്‌ ആറ്റം​ബോം​ബു​ക​ളു​ടെ സ്‌ഫോ​ട​ന​ത്തി​ലൂ​ടെ പുറത്തു​വ​രുന്ന ഊർജ​ത്തി​നു തുല്യ​മാണ്‌.” സൂര്യൻ “ഒരു സെക്കന്‍റിൽ വികി​രണം ചെയ്യുന്ന ഊർജം മനുഷ്യ​കു​ടും​ബ​ത്തിന്‌ ഏതാണ്ട് 2,00,000 വർഷത്തെ ആവശ്യ​ങ്ങൾക്കു തികയും” എന്ന് ഒരു ഗവേഷകൻ കണക്കു​കൂ​ട്ടു​ന്നു. സൂര്യനെ ഇങ്ങനെ ജ്വലി​പ്പി​ച്ചു​നി​റു​ത്താൻ കഴിവുള്ള യഹോ​വ​യ്‌ക്കു നമ്മൾ നേരി​ടുന്ന ഏതൊരു പ്രശ്‌ന​ത്തി​ലും പിടി​ച്ചു​നിൽക്കാൻ ആവശ്യ​മായ ശക്തി പകരാൻ കഴിയും, തീർച്ച!

6. യേശു​വി​ന്‍റെ നുകം മൃദു​വാ​ണെന്നു പറയു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌, ആ അറിവ്‌ നമ്മളെ എങ്ങനെ സ്വാധീ​നി​ക്കണം?

6 യശയ്യ 40:29 വായി​ക്കുക. യഹോ​വയെ സേവി​ക്കു​ന്നതു നമുക്ക് വളരെ​യ​ധി​കം സന്തോഷം തരുന്നു. യേശു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: ‘എന്‍റെ നുകം വഹിക്കുക.’ അങ്ങനെ ചെയ്‌താൽ “നിങ്ങൾക്ക് ഉന്മേഷം കിട്ടും; കാരണം, എന്‍റെ നുകം മൃദു​വും എന്‍റെ ചുമടു ഭാരം കുറഞ്ഞ​തും ആണ്‌.” (മത്താ. 11:28-30) ആ വാക്കുകൾ എത്ര സത്യമാ​ണല്ലേ? ചില​പ്പോ​ഴൊ​ക്കെ അങ്ങേയറ്റം ക്ഷീണി​ത​രാ​യി​ട്ടാ​യി​രി​ക്കും നമ്മൾ മീറ്റി​ങ്ങി​നോ വയൽസേ​വ​ന​ത്തി​നോ വീട്ടിൽനിന്ന് ഇറങ്ങു​ന്നത്‌. പക്ഷേ, തിരി​ച്ചു​വ​രു​ന്ന​തോ? ഉന്മേഷ​ത്തോ​ടെ, ജീവി​ത​പ്ര​ശ്‌നങ്ങൾ നേരി​ടാൻ കൂടുതൽ സജ്ജരായി. എന്തു തോന്നു​ന്നു? യേശു​വി​ന്‍റെ നുകം ശരിക്കും മൃദു​വല്ലേ?

7. മത്തായി 11:28-30-ലെ വാക്കു​ക​ളു​ടെ സത്യത തെളി​യി​ക്കുന്ന ഒരു അനുഭവം പറയുക.

7 ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ നേരി​ടുന്ന കെയ്‌ലാ എന്ന സഹോ​ദ​രി​യു​ടെ കാര്യ​മെ​ടു​ക്കുക. വർഷങ്ങ​ളാ​യി വിട്ടു​മാ​റാത്ത ക്ഷീണവും വിഷാ​ദ​വും കഠിന​മായ തലവേ​ദ​ന​യും സഹോ​ദ​രി​യെ അലട്ടി​യി​രു​ന്നു. മീറ്റിങ്ങുകൾക്കു പോകു​ന്നതു സഹോ​ദ​രി​ക്കു പലപ്പോ​ഴും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഒരിക്കൽ വളരെ ശ്രമം ചെയ്‌ത്‌ ഒരു പൊതു​പ്ര​സം​ഗ​ത്തി​നു വന്ന സഹോ​ദരി ഇങ്ങനെ പറഞ്ഞു: “നിരു​ത്സാ​ഹ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു പ്രസംഗം. പ്രസം​ഗകൻ വിവരങ്ങൾ അവതരി​പ്പി​ച്ചതു സമാനു​ഭാ​വ​ത്തോ​ടെ​യും വളരെ ദയയോ​ടെ​യും ആയിരു​ന്നു, ഞാൻ കരഞ്ഞു​പോ​യി. ഒറ്റ മീറ്റി​ങ്ങു​പോ​ലും മുടക്ക​രു​തെന്ന് അത്‌ എന്നെ ഓർമി​പ്പി​ച്ചു.” ആ മീറ്റി​ങ്ങിൽ പങ്കെടു​ക്കാൻ ഒരുപാ​ടു ബുദ്ധി​മു​ട്ടി​യെ​ങ്കി​ലും സഹോ​ദരി എത്ര സന്തുഷ്ട​യാ​യെ​ന്നോ!

8, 9. “ബലഹീ​ന​നാ​യി​രി​ക്കു​മ്പോൾത്തന്നെ ഞാൻ ശക്തനു​മാണ്‌” എന്ന് എഴുതി​യ​പ്പോൾ പൗലോസ്‌ അപ്പോ​സ്‌തലൻ എന്താണ്‌ അർഥമാ​ക്കി​യത്‌?

8 യശയ്യ 40:30 വായി​ക്കുക. നമ്മൾ എത്ര സമർഥ​രാ​ണെ​ങ്കി​ലും ശരി, നമ്മുടെ സ്വന്തം കഴിവു​കൊണ്ട് നേടി​യെ​ടു​ക്കാൻ കഴിയുന്ന കാര്യ​ങ്ങൾക്കു പരിമി​തി​യുണ്ട്. അക്കാര്യം നമ്മൾ ഒരിക്ക​ലും മറന്നു​പോ​ക​രുത്‌. നല്ല പ്രാപ്‌തി​യുള്ള ഒരാളാ​യി​രു​ന്നു പൗലോസ്‌ അപ്പോ​സ്‌തലൻ. എങ്കിലും അദ്ദേഹ​ത്തി​നു പരിമി​തി​ക​ളു​ണ്ടാ​യി​രു​ന്നു, ആഗ്രഹി​ച്ച​തെ​ല്ലാം ചെയ്യാൻ അതു​കൊണ്ട് അദ്ദേഹ​ത്തി​നു കഴിഞ്ഞില്ല. ഇതെക്കു​റി​ച്ചുള്ള തന്‍റെ ഉത്‌ക​ണ്‌ഠകൾ അദ്ദേഹം ദൈവത്തെ അറിയി​ച്ച​പ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “ബലഹീ​ന​ത​യി​ലാണ്‌ എന്‍റെ ശക്തി പൂർണ​മാ​കു​ന്നത്‌.” പൗലോ​സി​നു കാര്യം മനസ്സി​ലാ​യി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ബലഹീ​ന​നാ​യി​രി​ക്കു​മ്പോൾത്തന്നെ ഞാൻ ശക്തനു​മാണ്‌.” (2 കൊരി. 12:7-10) അപ്പോ​സ്‌തലൻ എന്താണ്‌ അർഥമാ​ക്കി​യത്‌?

9 തനിക്കു സ്വന്തമാ​യി ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങൾക്ക് ഒരു പരിധി​യു​ണ്ടെ​ന്നും ശക്തനായ ഒരാളു​ടെ സഹായം തനിക്ക് ആവശ്യ​മു​ണ്ടെ​ന്നും പൗലോസ്‌ തിരി​ച്ച​റി​ഞ്ഞു. ദൈവ​ത്തി​ന്‍റെ പരിശു​ദ്ധാ​ത്മാവ്‌ പൗലോ​സിന്‌ ആവശ്യ​മായ ശക്തി കൊടു​ക്കു​മാ​യി​രു​ന്നു. അതുമല്ല, സ്വന്തം ശക്തി​കൊണ്ട് ഒരിക്ക​ലും പൂർത്തി​യാ​ക്കാൻ കഴിയി​ല്ലാ​തി​രുന്ന അനേകം കാര്യങ്ങൾ ചെയ്യാൻ പരിശു​ദ്ധാ​ത്മാവ്‌ അദ്ദേഹത്തെ പ്രാപ്‌ത​നാ​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. നമ്മുടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. യഹോ​വ​യിൽനി​ന്നുള്ള ശക്തി നമുക്കു ലഭിച്ചാൽ നമ്മളും ശക്തരാ​കും, തീർച്ച!

10. തനിക്കു നേരിട്ട പ്രതി​ബ​ന്ധങ്ങൾ തരണം ചെയ്യാൻ ദാവീ​ദി​നെ യഹോവ സഹായി​ച്ചത്‌ എങ്ങനെ?

10 സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ പലപ്പോ​ഴും പരിശു​ദ്ധാ​ത്മാ​വി​ന്‍റെ ശക്തി അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുള്ള ഒരാളാണ്‌. അദ്ദേഹം ഇങ്ങനെ പാടി: “അങ്ങയുടെ സഹായ​ത്താൽ ഞാൻ കവർച്ച​പ്പ​ട​യു​ടെ നേരെ പാഞ്ഞു​ചെ​ല്ലും. ദൈവ​ത്തി​ന്‍റെ ശക്തിയാൽ ഞാൻ മതിൽ ചാടി​ക്ക​ട​ക്കും.” (സങ്കീ. 18:29) അതെ, ചില മതിലു​കൾ അതായത്‌ ചില പ്രശ്‌നങ്ങൾ നമുക്ക് ഒരിക്ക​ലും നമ്മുടെ സ്വന്തം ശക്തി​കൊണ്ട് ‘ചാടി​ക്ക​ട​ക്കാ​വു​ന്നതല്ല.’ നമുക്ക് യഹോ​വ​യു​ടെ തുണ കൂടിയേ തീരൂ.

11. നമ്മുടെ പ്രശ്‌നങ്ങൾ നേരി​ടു​ന്ന​തി​നു പരിശു​ദ്ധാ​ത്മാവ്‌ വഹിക്കുന്ന പങ്കു വിവരി​ക്കുക.

11 യശയ്യ 40:31 വായി​ക്കുക. സ്വന്തം ശക്തി​കൊണ്ട് മാത്രമല്ല കഴുകൻ മുകളി​ലേക്കു ഉയരു​ന്ന​തും അന്തരീ​ക്ഷ​ത്തി​ലൂ​ടെ ഒഴുകി​നീ​ങ്ങു​ന്ന​തും. മുകളി​ലേക്കു പൊങ്ങുന്ന ഉഷ്‌ണ​വാ​യു കഴുകനെ ഉയർത്തു​ന്നു. അങ്ങനെ കഴുകനു വളരെ കുറച്ച് ഊർജം മാത്രം ഉപയോ​ഗി​ച്ചു​കൊണ്ട് ഉയരത്തി​ലേക്കു പൊങ്ങി​പ്പോ​കാൻ കഴിയും. വളരെ​യ​ധി​കം ഉത്‌കണ്‌ഠ ഉളവാ​ക്കുന്ന ഒരു പ്രശ്‌നം നിങ്ങളെ അലട്ടു​ന്നെ​ങ്കിൽ കഴുകന്‍റെ കാര്യം ഓർക്കുക. ‘പരിശു​ദ്ധാ​ത്മാവ്‌ എന്ന സഹായി​യെ’ തന്ന് നിങ്ങളെ ഉയർത്താൻ യഹോ​വ​യോ​ടു യാചി​ക്കുക. (യോഹ. 14:26) നമുക്ക് ആവശ്യ​മുള്ള ഏതു സമയത്തും, 24 മണിക്കൂ​റും, ഈ സഹായം ലഭ്യമാണ്‌. അതു നമ്മളെ സന്തോ​ഷി​പ്പി​ക്കു​ന്നി​ല്ലേ? ഒരു സഹവി​ശ്വാ​സി​യു​മാ​യി എന്തെങ്കി​ലും പ്രശ്‌ന​മു​ള്ള​പ്പോ​ഴാ​യി​രി​ക്കും നമുക്കു ദൈവ​ത്തി​ന്‍റെ സഹായം ഏറ്റവും ആവശ്യ​മു​ള്ള​താ​യി തോന്നു​ന്നത്‌. എന്നാൽ എന്തു​കൊ​ണ്ടാണ്‌ അത്തരം വിയോ​ജി​പ്പു​ക​ളു​ണ്ടാ​കു​ന്നത്‌?

12, 13. (എ) ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​ന്നത്‌ എന്തു​കൊണ്ട്? (ബി) യോ​സേ​ഫി​നെ​പ്പ​റ്റി​യുള്ള വിവരണം യഹോ​വ​യെ​ക്കു​റിച്ച് നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

12 അപൂർണ​രാ​യ​തു​കൊ​ണ്ടാണ്‌ നമുക്ക് ഇടയിൽ അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കു​ന്നത്‌. ചില​പ്പോ​ഴൊ​ക്കെ സഹവി​ശ്വാ​സി​ക​ളു​ടെ വാക്കു​ക​ളോ പ്രവൃ​ത്തി​ക​ളോ നമ്മളെ അസ്വസ്ഥ​രാ​ക്കി​യേ​ക്കാം. അല്ലെങ്കിൽ നമ്മൾ ആയിരി​ക്കാം അവരെ അലോ​സ​ര​പ്പെ​ടു​ത്തി​യത്‌. എങ്ങനെ​യാ​യാ​ലും ഇത്‌ ഒരു കടുത്ത പരി​ശോ​ധ​ന​യാ​യേ​ക്കാം. തനിക്കു ജീവിതം സമർപ്പി​ച്ചി​രി​ക്കു​ന്നവർ അപൂർണ​രാ​ണെ​ങ്കി​ലും യഹോവ അവരെ സ്‌നേ​ഹി​ക്കു​ന്നു. മറ്റു പരി​ശോ​ധ​ന​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ സഹോ​ദ​ര​ങ്ങ​ളു​മാ​യി യോജി​പ്പോ​ടെ പ്രവർത്തി​ച്ചു​കൊണ്ട് നമ്മുടെ വിശ്വ​സ്‌തത തെളി​യി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

യഹോവ യോ​സേ​ഫി​നെ ഉപേക്ഷി​ച്ചില്ല, നിങ്ങ​ളെ​യും ഉപേക്ഷി​ക്കി​ല്ല (13-‍ാ‍ം ഖണ്ഡിക കാണുക)

13 യോ​സേ​ഫി​ന്‍റെ അനുഭവം കാണി​ച്ചു​ത​രു​ന്ന​തു​പോ​ലെ തന്‍റെ ദാസന്മാർക്കു പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​ന്നത്‌ യഹോവ തടയു​ന്നില്ല. യുവാ​വാ​യി​രുന്ന യോ​സേ​ഫി​നെ അസൂയ​പൂണ്ട ചേട്ടന്മാർ അടിമ​യാ​യി വിറ്റു, യോ​സേ​ഫിന്‌ ഈജി​പ്‌തി​ലേക്കു പോ​കേ​ണ്ടി​വന്നു. (ഉൽപ. 37:28) ഒരു തെറ്റും ചെയ്യാ​തി​രു​ന്നി​ട്ടും തന്‍റെ സ്‌നേ​ഹി​ത​നായ യോ​സേ​ഫി​നു മോശ​മായ പെരു​മാ​റ്റം നേരി​ടേ​ണ്ടി​വ​ന്നത്‌ യഹോവ കാണു​ക​യും അതിൽ ദുഃഖം തോന്നു​ക​യും ചെയ്‌തെ​ന്ന​തിൽ സംശയി​ക്കാ​നില്ല. എങ്കിലും യഹോവ കാര്യങ്ങളിൽ ഇടപെട്ടില്ല. പിന്നീട്‌, പോത്തി​ഫ​റി​ന്‍റെ ഭാര്യയെ ബലാത്സം​ഗം ചെയ്യാൻ ശ്രമി​ച്ചെന്ന് ആരോ​പിച്ച് യോ​സേ​ഫി​നെ ജയിലിൽ അടച്ച​പ്പോ​ഴും യഹോവ ഇടപെ​ട്ടില്ല. അതിന്‍റെ അർഥം ദൈവം യോ​സേ​ഫി​നെ കൈവി​ട്ടെ​ന്നാ​ണോ? അല്ല, പകരം “യോ​സേഫ്‌ ചെയ്‌ത​തെ​ല്ലാം യഹോവ സഫലമാ​ക്കി.”​—ഉൽപ. 39:21-23.

14. ‘കോപം കളയു​ന്ന​തു​കൊണ്ട്’ നമുക്ക് ആത്മീയ​മാ​യും ശാരീ​രി​ക​മാ​യും എന്തെല്ലാം പ്രയോ​ജ​നങ്ങൾ നേടാൻ കഴിയും?

14 ഇനി ദാവീ​ദി​ന്‍റെ കാര്യം നോക്കാം. അദ്ദേഹ​ത്തെ​പ്പോ​ലെ മോശ​മായ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വന്ന ആളുകൾ വളരെ ചുരു​ക്ക​മാ​യി​രി​ക്കും. എന്നിട്ടും ദൈവ​ത്തി​ന്‍റെ ആ സ്‌നേ​ഹി​തൻ നീരസം വെച്ചു​കൊ​ണ്ടി​രു​ന്നില്ല. അദ്ദേഹം എഴുതി: “കോപം കളഞ്ഞ് ദേഷ്യം ഉപേക്ഷി​ക്കൂ! അസ്വസ്ഥ​നാ​യി​ത്തീർന്നിട്ട് തിന്മ ചെയ്യരുത്‌.” (സങ്കീ. 37:8) നമ്മൾ യഹോ​വയെ അനുക​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണു ‘കോപം കളയേ​ണ്ടത്‌.’ ‘നമ്മുടെ പാപങ്ങൾക്ക​നു​സൃ​ത​മാ​യി നമ്മോടു പെരു​മാ​റി​യി​ട്ടി​ല്ലാത്ത’ ദൈവ​മാണ്‌ യഹോവ. (സങ്കീ. 103:10) ‘കോപം കളയു​ന്ന​തു​കൊണ്ട്’ ശാരീ​രി​ക​മാ​യും പ്രയോ​ജ​ന​ങ്ങ​ളുണ്ട്. ഉയർന്ന രക്തസമ്മർദ​വും ശ്വസന​സം​ബ​ന്ധ​മായ രോഗ​ങ്ങ​ളും ഉണ്ടാകാൻ കോപം കാരണ​മാ​യേ​ക്കാം. അതു കരളി​നെ​യും ആഗ്നേയ​ഗ്ര​ന്ഥി​യെ​യും (പാൻക്രി​യാസ്‌) ബാധി​ക്കു​ക​യും ദഹന​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യും ചെയ്‌തേ​ക്കാം. ചില​പ്പോൾ കോപാ​വേ​ശ​ത്തി​നു പിന്നാലെ കുറച്ച് കാല​ത്തേക്കു വിഷാ​ദ​വും കണ്ടേക്കാം. കോപി​ച്ചി​രി​ക്കുന്ന ഒരാൾക്കു നേരാം​വണ്ണം ചിന്തി​ക്കാൻ കഴി​ഞ്ഞെ​ന്നും വരില്ല. നേരെ മറിച്ച്, “ശാന്തഹൃ​ദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ. 14:30) മനസ്സി​നേറ്റ മുറി​വു​കൾ ഉണങ്ങാ​നും നമ്മുടെ സഹോ​ദ​രനെ നേടാ​നും നമുക്ക് എങ്ങനെ കഴിയും? ബൈബി​ളി​ന്‍റെ ജ്ഞാനപൂർവ​മായ ഉപദേശം അനുസ​രി​ച്ചാൽ നമുക്ക് അതിനു കഴിയും.

സഹോ​ദ​രങ്ങൾ നിരാ​ശ​പ്പെ​ടു​ത്തു​മ്പോൾ

15, 16. നമ്മളെ വേദനി​പ്പിച്ച ഒരാളു​മാ​യി സമാധാ​നം സ്ഥാപി​ക്കാൻ നമ്മൾ എങ്ങനെ​യാണ്‌ അദ്ദേഹത്തെ സമീപി​ക്കേ​ണ്ടത്‌?

15 എഫെസ്യർ 4:26 വായി​ക്കുക. ലോക​ത്തി​ലെ ആളുകൾ നമ്മളോ​ടു മോശ​മാ​യി പെരു​മാ​റു​മ്പോൾ നമുക്കു വലിയ അത്ഭുത​മൊ​ന്നും തോന്നാ​റില്ല. എന്നാൽ ആ സ്ഥാനത്ത്‌, നമ്മുടെ ഒരു സഹവി​ശ്വാ​സി​യോ കുടും​ബാം​ഗ​മോ ആണ്‌ മുറി​പ്പെ​ടു​ത്തുന്ന എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​ന്ന​തെ​ങ്കിൽ നമ്മൾ തകർന്നു​പോ​യേ​ക്കാം. നമുക്ക് അത്‌ അങ്ങനെ​യങ്ങ് മറക്കാൻ കഴിയു​ന്നി​ല്ലെന്നു വിചാ​രി​ക്കുക. ആ നീരസം വർഷങ്ങ​ളോ​ളം ഉള്ളിൽ കിടന്ന് പുകയാൻ നമ്മൾ അനുവ​ദി​ക്കു​മോ? അതോ പ്രശ്‌നങ്ങൾ പെട്ടെന്നു പരിഹ​രി​ക്കാ​നുള്ള ബൈബി​ളി​ന്‍റെ ജ്ഞാനോ​പ​ദേശം അനുസ​രി​ക്കു​മോ? പ്രശ്‌നം പരിഹ​രി​ക്കാൻ നമ്മൾ എത്ര കാലതാ​മസം വരുത്തു​ന്നോ, സഹോ​ദ​ര​നു​മാ​യി സമാധാ​നം പുനഃ​സ്ഥാ​പി​ക്കു​ന്നതു നമുക്ക് അത്ര ബുദ്ധി​മു​ട്ടാ​യി​ത്തീ​രും.

16 ഒരു സഹോ​ദരൻ നിങ്ങളെ വേദനി​പ്പി​ച്ചെ​ന്നും നിങ്ങൾക്ക് അതു വിട്ടു​ക​ള​യാൻ കഴിയു​ന്നി​ല്ലെ​ന്നും വിചാ​രി​ക്കുക. സമാധാ​ന​മു​ണ്ടാ​ക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? ആദ്യമാ​യി, യഹോ​വ​യോ​ടു മുട്ടി​പ്പാ​യി പ്രാർഥി​ക്കുക. സഹോ​ദ​ര​നു​മാ​യി ഒരു നല്ല സംഭാ​ഷണം നടത്താൻ സഹായി​ക്ക​ണമേ എന്ന് യഹോ​വ​യോട്‌ അപേക്ഷി​ക്കുക. ഓർക്കുക: ആ സഹോ​ദ​ര​നും യഹോ​വ​യു​ടെ ഒരു സ്‌നേ​ഹി​ത​നാണ്‌. (സങ്കീ. 25:14) ദൈവം അദ്ദേഹത്തെ സ്‌നേ​ഹി​ക്കു​ന്നു. യഹോവ തന്‍റെ സ്‌നേ​ഹി​ത​രോ​ടു ദയാപൂർവം ഇടപെ​ടു​ന്നു. അതുത​ന്നെ​യല്ലേ ദൈവം നമ്മളിൽനി​ന്നും പ്രതീ​ക്ഷി​ക്കുക? (സുഭാ. 15:23; മത്താ. 7:12; കൊലോ. 4:6) അടുത്ത​താ​യി, അദ്ദേഹ​ത്തോട്‌ എന്താണു പറയാൻപോ​കു​ന്ന​തെന്നു മുൻകൂ​ട്ടി ആലോ​ചി​ക്കുക. ആ സഹോ​ദരൻ നിങ്ങളെ മനഃപൂർവം മുറി​വേൽപ്പി​ച്ച​താ​ണെന്നു ചിന്തി​ക്ക​രുത്‌. ഒരുപക്ഷേ, അദ്ദേഹ​ത്തി​നു പിശകു പറ്റിയ​താ​യി​രി​ക്കാം, അല്ലെങ്കിൽ നമ്മുടെ തെറ്റി​ദ്ധാ​ര​ണ​യാ​കാം. ഈ പ്രശ്‌ന​ത്തിൽ നമുക്കും ഒരു പങ്കുണ്ടോ എന്നു സത്യസ​ന്ധ​മാ​യി ചിന്തി​ച്ചു​നോ​ക്കുക. ഇങ്ങനെ എന്തെങ്കി​ലും പറഞ്ഞു​കൊണ്ട് നിങ്ങൾക്കു സംഭാ​ഷണം ആരംഭി​ക്കാ​വു​ന്ന​താണ്‌: “ഒരുപക്ഷേ എനിക്കു തോന്നി​യ​താ​യി​രി​ക്കും, സഹോ​ദരൻ ഇന്നലെ എന്നോട്‌ അങ്ങനെ സംസാ​രി​ച്ച​പ്പോൾ എനിക്ക്. . . ” എന്നാൽ ഈ ചർച്ച​കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടി​യി​ല്ലെ​ങ്കിൽ ശ്രമം ഉപേക്ഷി​ക്ക​രുത്‌. സമാധാ​നം പുനഃ​സ്ഥാ​പി​ക്കാ​നുള്ള മറ്റൊരു അവസരം കണ്ടെത്തുക. സഹോ​ദ​ര​നു​വേണ്ടി പ്രാർഥി​ക്കുക. സഹോ​ദ​രന്‍റെ നല്ല ഗുണങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ നമ്മളെ സഹായി​ക്ക​ണ​മെ​ന്നും അദ്ദേഹത്തെ അനു​ഗ്ര​ഹി​ക്ക​ണ​മെ​ന്നും യഹോ​വ​യോ​ടു യാചി​ക്കുക. ദൈവ​ത്തി​ന്‍റെ ഒരു സ്‌നേ​ഹി​ത​നായ ആ സഹോ​ദ​രനെ നേടാ​നുള്ള നിങ്ങളു​ടെ ആത്മാർഥ​മായ ശ്രമങ്ങ​ളിൽ യഹോവ സന്തോ​ഷി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക് ഉറപ്പാ​യും വിശ്വ​സി​ക്കാം.

ഭൂതകാ​ലം നമ്മളെ വേട്ടയാ​ടു​മ്പോൾ

17. നമ്മൾ ഒരു പാപം ചെയ്യാൻ ഇടയാ​യാൽ യഹോവ എങ്ങനെ​യാ​ണു തിരി​ച്ചു​വ​രാൻ സഹായി​ക്കു​ന്നത്‌, ആ കരുതൽ നമ്മൾ പ്രയോ​ജ​ന​പ്പെ​ടു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്?

17 മുമ്പ് ഗുരു​ത​ര​മായ ഒരു പാപം ചെയ്‌തി​ട്ടു​ള്ള​തു​കൊണ്ട് തങ്ങൾ യഹോ​വയെ സേവി​ക്കാൻ യോഗ്യ​ര​ല്ലെന്നു ചിലർക്കു തോന്നി​യേ​ക്കാം. കുറ്റ​ബോ​ധം ക്രൂര​നായ ഒരു യജമാ​ന​നെ​പ്പോ​ലെ​യാണ്‌. കുറ്റ​ബോ​ധം​കൊണ്ട് വലഞ്ഞ ദാവീദ്‌ രാജാവ്‌ അതെക്കു​റിച്ച് ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “ഞാൻ മിണ്ടാ​തി​രു​ന്ന​പ്പോൾ ദിവസം മുഴു​വ​നു​മുള്ള ഞരക്കത്താൽ എന്‍റെ അസ്ഥികൾ ക്ഷയിച്ചു​പോ​യി. രാവും പകലും അങ്ങയുടെ കൈ എനിക്കു ഭാരമാ​യി​രു​ന്നു.” പക്ഷേ, ദാവീദ്‌ ഈ പ്രശ്‌നം ഒരു ആത്മീയ​വ്യ​ക്തി​യെ​പ്പോ​ലെ കൈകാ​ര്യം ചെയ്‌തു. അദ്ദേഹം എഴുതി: “ഒടുവിൽ ഞാൻ എന്‍റെ പാപം അങ്ങയോട്‌ ഏറ്റുപ​റഞ്ഞു; ഞാൻ എന്‍റെ തെറ്റു മറച്ചു​വെ​ച്ചില്ല.” (സങ്കീ. 32:3-5) നിങ്ങൾ ഗുരു​ത​ര​മാ​യി പാപം ചെയ്‌തു​പോ​യെ​ങ്കി​ലും തിരിച്ച് വരുന്ന​തി​നു നിങ്ങളെ സഹായി​ക്കാൻ യഹോവ ഒരുക്ക​മാണ്‌. പക്ഷേ അതിനു സഭയി​ലൂ​ടെ ലഭിക്കുന്ന സഹായം സ്വീക​രി​ക്കാൻ നിങ്ങൾ തയ്യാറാ​കണം. (സുഭാ. 24:16; യാക്കോ. 5:13-15) ഇക്കാര്യ​ത്തിൽ ഒട്ടും താമസം വിചാ​രി​ക്ക​രുത്‌, കാരണം നിങ്ങളു​ടെ നിത്യ​ജീ​വ​നാ​ണു തുലാ​സ്സിൽ തൂങ്ങു​ന്നത്‌. എന്നാൽ ഒരു പാപം ക്ഷമിച്ചു​കി​ട്ടി ഏറെ കാലത്തി​നു ശേഷവും മനസ്സാക്ഷി നിങ്ങളെ കുത്തി​നോ​വി​ക്കു​ന്നെ​ങ്കി​ലോ?

18. തങ്ങൾ അയോ​ഗ്യ​രാ​ണെന്ന ചിന്തയു​മാ​യി പോരാ​ടുന്ന ആളുകളെ പൗലോ​സി​ന്‍റെ മാതൃക സഹായി​ക്കു​ന്നത്‌ എങ്ങനെ?

18 കഴിഞ്ഞ​കാ​ലത്ത്‌ ചെയ്‌തു​കൂ​ട്ടിയ തെറ്റായ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച് പൗലോസ്‌ അപ്പോ​സ്‌ത​ലനു പല അവസര​ങ്ങ​ളി​ലും കുറ്റ​ബോ​ധം തോന്നി​യി​ട്ടുണ്ട്. അദ്ദേഹം ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “ഞാൻ അപ്പോ​സ്‌ത​ല​ന്മാ​രിൽ ഏറ്റവും ചെറി​യ​വ​നാണ്‌. ദൈവ​ത്തി​ന്‍റെ സഭയെ ഉപദ്ര​വിച്ച ഞാൻ അപ്പോ​സ്‌തലൻ എന്നു വിളി​ക്ക​പ്പെ​ടാൻപോ​ലും യോഗ്യ​നല്ല.” എങ്കിലും അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഞാൻ ഞാനാ​യി​രി​ക്കു​ന്നതു ദൈവ​ത്തി​ന്‍റെ അനർഹദയ കാരണ​മാണ്‌.” (1 കൊരി. 15:9, 10) മുൻകാ​ലത്ത്‌ തെറ്റുകൾ ചെയ്‌ത മനുഷ്യ​നാ​ണു പൗലോ​സെന്ന് യഹോ​വ​യ്‌ക്ക് അറിയാ​മാ​യി​രു​ന്നു, ഇത്‌ അറിഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാണ്‌ യഹോവ പൗലോ​സി​നെ സ്വീക​രി​ച്ചത്‌. ഇക്കാര്യം പൗലോസ്‌ മനസ്സി​ലാ​ക്ക​ണ​മെന്ന് യഹോവ ആഗ്രഹി​ച്ചു. നിങ്ങളു​ടെ മുൻകാല പാപങ്ങ​ളെ​പ്പറ്റി ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യും അവ ഏറ്റുപ​റ​യു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്ക് ഉറപ്പാ​യും യഹോ​വ​യു​ടെ കരുണ​യിൽ വിശ്വാ​സ​മർപ്പി​ക്കാം. അതു​കൊണ്ട് യഹോ​വ​യു​ടെ വാക്കുകൾ വിശ്വ​സി​ക്കുക, യഹോ​വ​യു​ടെ ക്ഷമ സ്വീക​രി​ക്കുക!​—യശ. 55:6, 7.

19. ഏതാണ്‌ 2018-ലെ നമ്മുടെ വാർഷി​ക​വാ​ക്യം, അത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

19 വ്യവസ്ഥി​തി അതിന്‍റെ അന്ത്യ​ത്തോട്‌ അടുക്കും​തോ​റും ജീവി​ത​സ​മ്മർദങ്ങൾ കൂടി​വ​രു​കയേ ഉള്ളൂ. എങ്കിലും ഒരു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം, ‘ക്ഷീണി​ച്ചി​രി​ക്കു​ന്ന​വനു ബലം കൊടു​ക്കു​ക​യും ശക്തിയി​ല്ലാ​ത്ത​വനു വേണ്ടു​വോ​ളം ഊർജം പകരു​ക​യും’ ചെയ്യുന്ന യഹോവ മുന്നോ​ട്ടു​പോ​കാൻ ആവശ്യ​മാ​യ​തെ​ല്ലാം നിങ്ങൾക്കു നൽകും. (യശ. 40:29; സങ്കീ. 55:22; 68:19) മീറ്റി​ങ്ങു​കൾക്കാ​യി രാജ്യ​ഹാ​ളിൽ എത്തു​മ്പോൾ 2018-ലുടനീ​ളം ഈ സുപ്ര​ധാ​ന​സ​ത്യം നമ്മുടെ ഓർമ​യി​ലേക്കു വരും. നമ്മുടെ വാർഷി​ക​വാ​ക്യ​ത്തി​ലെ ഈ വാക്കുകൾ അവിടെ ആലേഖനം ചെയ്‌തി​ട്ടു​ണ്ടാ​യി​രി​ക്കും: “യഹോ​വ​യിൽ പ്രത്യാശ വെച്ചി​രി​ക്കു​ന്നവർ ശക്തി വീണ്ടെ​ടു​ക്കും.”​യശ. 40:31.