വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എല്ലാ തരം ആളുക​ളോ​ടും’ അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കുക

‘എല്ലാ തരം ആളുക​ളോ​ടും’ അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കുക

രാജ്യ​സ​ന്ദേശം എല്ലാവ​രും ഇരു​കൈ​യും നീട്ടി സ്വീക​രി​ക്കി​ല്ലെന്നു സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ ശിഷ്യ​ന്മാ​രെ പരിശീ​ലി​പ്പിച്ച സമയത്ത്‌ യേശു സൂചി​പ്പി​ച്ചു. (ലൂക്കോ. 10:3, 5, 6) ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ ആളുകൾ നമ്മളോ​ടു പരുഷ​മാ​യി ഇടപെ​ട്ടേ​ക്കാം, നമ്മളെ ഉപദ്ര​വി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. അത്തരം അനുഭ​വ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ പിന്നെ അനുകമ്പ കാണി​ക്കാൻ ചില​പ്പോൾ തോന്നില്ല. എന്നാൽ നമ്മൾ അതിന്‌ എതിരെ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

അനുകമ്പ കാണി​ക്കു​ന്ന​തിൽ മടുത്തു​പോ​യാൽ ശുശ്രൂ​ഷ​യി​ലുള്ള നമ്മുടെ ഉത്സാഹ​വും ഫലപ്ര​ദ​ത്വ​വും നഷ്ടപ്പെ​ട്ടേ​ക്കാം. അനുക​മ്പ​യു​ണ്ടെ​ങ്കിൽ ഒരു വ്യക്തി മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും മനസ്സി​ലാ​ക്കു​ക​യും സഹാനു​ഭൂ​തി തോന്നി അവരെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യും. അതു​കൊണ്ട്, നമ്മൾ അനുകമ്പ വളർത്തി​യെ​ടു​ക്കണം. അപ്പോൾ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാ​നുള്ള നമ്മുടെ ഉത്സാഹം ജ്വലി​ക്കും. തീ ആളിക്ക​ത്താൻ കൂടുതൽ വിറക്‌ ഇട്ടു​കൊ​ടു​ക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും അത്‌.—1 തെസ്സ. 5:19.

ബുദ്ധി​മു​ട്ടു​ള്ള സാഹച​ര്യ​ങ്ങ​ളി​ലും അനുകമ്പ കാണി​ക്കാൻ എങ്ങനെ കഴിയും? ഇക്കാര്യ​ത്തിൽ യഹോ​വ​യു​ടെ​യും യേശു​വി​ന്‍റെ​യും പൗലോസ്‌ അപ്പോ​സ്‌ത​ല​ന്‍റെ​യും മാതൃക നോക്കാം.

യഹോ​വ​യു​ടെ അനുകമ്പ അനുക​രി​ക്കു​ക

ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങ​ളാ​യി തന്‍റെ നാമത്തി​ന്മേ​ലുള്ള നിന്ദ യഹോവ സഹിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എങ്കിലും യഹോവ “നന്ദി​കെ​ട്ട​വ​രോ​ടും ദുഷ്ടന്മാ​രോ​ടും ദയ” കാണി​ക്കു​ന്നു. (ലൂക്കോ. 6:35) യഹോവ എങ്ങനെ​യാ​ണു ദയ കാണി​ക്കു​ന്നത്‌? എല്ലാവ​രോ​ടും ക്ഷമയോ​ടെ ഇടപെ​ട്ടു​കൊണ്ട്. ‘എല്ലാ തരം ആളുക​ളും’ രക്ഷപ്പെ​ട​ണ​മെ​ന്നാണ്‌ യഹോ​വ​യു​ടെ ആഗ്രഹം. (1 തിമൊ. 2:3, 4) ദുഷ്ടത ദൈവം വെറു​ക്കു​ന്നെ​ങ്കി​ലും മനുഷ്യർക്കു വില കല്‌പി​ക്കു​ന്നു. ആരു​ടെ​യും ജീവൻ നഷ്ടപ്പെ​ട്ടു​കാ​ണാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല.—2 പത്രോ. 3:9.

സാത്താൻ എത്ര വിദഗ്‌ധ​മാ​യി​ട്ടാണ്‌ അവിശ്വാ​സി​കളെ അന്ധമാ​ക്കി​യി​രി​ക്കു​ന്ന​തെന്ന് യഹോ​വ​യ്‌ക്ക് അറിയാം. (2 കൊരി. 4:3, 4) ചെറു​പ്പം​തൊ​ട്ടേ പലർക്കും തെറ്റായ വിശ്വാ​സ​ങ്ങ​ളും കാഴ്‌ച​പ്പാ​ടു​ക​ളും ആണ്‌ ഉള്ളത്‌. അതു​കൊണ്ട് സത്യം സ്വീക​രി​ക്കുക അവർക്ക് അത്ര എളുപ്പമല്ല. അങ്ങനെ​യു​ള്ള​വരെ സഹായി​ക്കാൻ യഹോ​വ​യ്‌ക്ക് അതിയായ ആഗ്രഹ​മുണ്ട്. നമുക്ക് അത്‌ എങ്ങനെ അറിയാം?

പുരാ​ത​ന​കാ​ല​ത്തെ നിനെ​വെ​ക്കാ​രെ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ച്ച​തെന്നു നോക്കാം. ദുഷ്ടത പ്രവർത്തി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നെങ്കി​ലും യഹോവ നിനെ​വെ​യി​ലെ ആളുക​ളെ​ക്കു​റിച്ച് യോന​യോട്‌ ഇങ്ങനെ പറഞ്ഞു: ‘ശരിയും തെറ്റും എന്തെന്നു​പോ​ലും അറിയാത്ത 1,20,000-ത്തിലധി​കം മനുഷ്യ​രുള്ള മഹാന​ഗ​ര​മായ നിനെ​വെ​യോട്‌ എനിക്കു കനിവ്‌ തോന്ന​രു​തോ?’ (യോന 4:11) തന്നെക്കു​റി​ച്ചുള്ള സത്യം അറിയാ​തി​രുന്ന ആ നിനെ​വെ​ക്കാ​രോട്‌ യഹോ​വ​യ്‌ക്ക് അനുകമ്പ തോന്നി. അവർക്കു മുന്നറി​യി​പ്പു കൊടു​ക്കാൻ യഹോവ യോനയെ നിയമി​ച്ചു.

യഹോ​വ​യെ​പ്പോ​ലെ നമ്മളും ആളുകളെ വിലയു​ള്ള​വ​രാ​യി കാണുന്നു. ആളുകൾ ശ്രദ്ധി​ക്കാൻ സാധ്യ​ത​യി​ല്ലെന്നു തോന്നി​യാൽപ്പോ​ലും അവരെ സഹായി​ക്കാൻ ആത്മാർഥ​മാ​യി ശ്രമി​ച്ചു​കൊണ്ട് നമുക്ക് യഹോ​വയെ അനുക​രി​ക്കാം.

യേശു​വി​ന്‍റെ അനുകമ്പ അനുക​രി​ക്കു​ക

ആത്മീയ ആവശ്യ​ങ്ങൾക്കാ​യി ദാഹി​ക്കുന്ന ആളുകളെ കണ്ടപ്പോൾ തന്‍റെ പിതാ​വി​നെ​പ്പോ​ലെ യേശു​വി​ന്‍റെ​യും മനസ്സ് അലിഞ്ഞു. “ജനക്കൂ​ട്ടത്തെ കണ്ടപ്പോൾ യേശു​വിന്‌ അലിവ്‌ തോന്നി. കാരണം അവർ ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ അവഗണി​ക്ക​പ്പെ​ട്ട​വ​രും മുറി​വേ​റ്റ​വ​രും ആയിരു​ന്നു.” (മത്താ. 9:36) യേശു ആ വ്യക്തി​ക​ളു​ടെ സാഹച​ര്യം മനസ്സി​ലാ​ക്കി. അവരുടെ മതനേ​താ​ക്ക​ന്മാർ അവരെ തെറ്റായ കാര്യങ്ങൾ പഠിപ്പി​ച്ചി​രു​ന്നു, അവർക്ക് ആ നേതാ​ക്ക​ന്മാ​രു​ടെ ദ്രോഹം സഹി​ക്കേ​ണ്ടി​യും വന്നിരു​ന്നു. അങ്ങനെ​യുള്ള ആളുക​ളോ​ടാ​ണു താൻ സംസാ​രി​ക്കു​ന്ന​തെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. പലപല കാരണ​ങ്ങ​ളാൽ അവരിൽ പലരും തന്‍റെ സന്ദേശ​ത്തോ​ടു പ്രതി​ക​രി​ക്കി​ല്ലെന്ന് അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും “യേശു അവരെ പലതും പഠിപ്പി​ക്കാൻതു​ടങ്ങി.”—മർക്കോ. 4:1-9.

തുടക്കത്തിൽ ഒരു വ്യക്തി താത്‌പ​ര്യം കാണി​ച്ചി​ല്ലെ​ങ്കി​ലും നിരാ​ശി​ത​രാ​ക​രുത്‌

സാഹചര്യങ്ങൾ മാറു​മ്പോൾ സത്യ​ത്തോ​ടുള്ള ഒരു വ്യക്തി​യു​ടെ മനോ​ഭാ​വ​വും മാറി​യേ​ക്കാം

ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധി​ക്കാ​ത്ത​പ്പോൾ നമ്മളും അവരുടെ സാഹച​ര്യം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കണം. അവർ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്യു​ന്ന​തെന്നു ചിന്തി​ക്കണം. ക്രിസ്‌ത്യാ​നി​ക​ളെന്ന് അവകാ​ശ​പ്പെ​ടുന്ന ചിലരു​ടെ തെറ്റായ പ്രവൃ​ത്തി​കൾ കാരണം ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റി​ച്ചും ബൈബി​ളി​നെ​ക്കു​റി​ച്ചും ചിലർക്കു മോശ​മായ അഭി​പ്രാ​യ​മാ​യി​രി​ക്കും ഉള്ളത്‌. നമ്മുടെ വിശ്വാ​സ​ത്തെ​പ്പറ്റി പറഞ്ഞു​കേൾക്കുന്ന നുണക​ളാ​യി​രി​ക്കാം ചിലരെ പിന്തി​രി​പ്പി​ക്കു​ന്നത്‌. ഇനി, നമ്മുടെ സന്ദേശം ശ്രദ്ധി​ച്ചാൽ സമൂഹ​ത്തി​ന്‍റെ​യും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും പരിഹാ​സ​ത്തിന്‌ ഇരയാ​കു​മോ എന്നു ചിലർക്കു ഭയമു​ണ്ടാ​യി​രി​ക്കും.

ചിലരു​ടെ കാര്യ​ത്തിൽ, അവരെ വൈകാ​രി​ക​മാ​യി തളർത്തി​ക്കളഞ്ഞ ദുരനു​ഭ​വ​ങ്ങ​ളാ​ണു നമ്മുടെ സന്ദേശം ശ്രദ്ധി​ക്കാൻ തടസ്സമാ​യി നിൽക്കു​ന്നത്‌. കിം എന്ന മിഷനറി പറയുന്നു: “ഞങ്ങളുടെ പ്രദേ​ശത്തെ ഒരു ഭാഗത്ത്‌ യുദ്ധത്തി​ന്‍റെ കെടു​തി​കൾ അനുഭ​വിച്ച് ജീവി​ക്കുന്ന കുറെ മനുഷ്യ​രുണ്ട്. അവർക്ക് എല്ലാം നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. അവരുടെ മുന്നിൽ ഭാവി ഇരുള​ട​ഞ്ഞ​താണ്‌. ആകെ നിരാ​ശി​ത​രാണ്‌ അവർ, അവർക്ക് ആരെയും വിശ്വാ​സ​മില്ല. ഇവിടെ പ്രവർത്തി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും ഞങ്ങൾക്ക് എതിർപ്പു നേരി​ടേ​ണ്ടി​വ​രാ​റുണ്ട്. ഒരവസ​ര​ത്തിൽ എനിക്കു ശാരീ​രി​കോ​പ​ദ്രവം ഏൽക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്.”

ഇങ്ങനെ​യു​ള്ള മോശ​മായ അനുഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടും തുടർന്നും ആളുക​ളോ​ടു അനുക​മ്പ​യോ​ടെ ഇടപെ​ടാൻ കിമ്മിനു കഴിഞ്ഞത്‌ എങ്ങനെ​യാണ്‌? സഹോദരി പറയുന്നു: “മോശ​മായ പെരു​മാ​റ്റം നേരി​ടേ​ണ്ടി​വ​രു​മ്പോൾ ഞാൻ സുഭാ​ഷി​തങ്ങൾ 19:11-ലെ വാക്കുകൾ മനസ്സി​ലേക്കു കൊണ്ടു​വ​രാൻ ശ്രമി​ക്കും. അത്‌ ഇങ്ങനെ പറയുന്നു: ‘മനുഷ്യ​ന്‍റെ ഉൾക്കാഴ്‌ച അവന്‍റെ കോപം തണുപ്പി​ക്കു​ന്നു.’ ഞങ്ങളുടെ പ്രദേ​ശത്തെ ആളുക​ളു​ടെ പശ്ചാത്തലം ഓർക്കു​ന്നത്‌ അവരോട്‌ അനുക​മ്പ​യു​ള്ള​വ​ളാ​യി​രി​ക്കാൻ എന്നെ സഹായി​ക്കു​ന്നു. എല്ലാവ​രും മോശ​മാ​യി ഇടപെ​ടു​ന്ന​വരല്ല. ആ പ്രദേ​ശ​ത്തു​തന്നെ ഞങ്ങൾക്കു ചില നല്ല മടക്കസ​ന്ദർശ​ന​ങ്ങ​ളും കിട്ടി.”

നമുക്കു നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടുന്ന വീട്ടു​കാ​രു​ടെ സ്ഥാനത്ത്‌ ഞാനാ​യി​രു​ന്നെ​ങ്കിൽ എന്നോട്‌ ആരെങ്കി​ലും രാജ്യ​സ​ന്ദേശം പറഞ്ഞാൽ ഞാൻ കേൾക്കു​മാ​യി​രു​ന്നോ?’ ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച് പലപല നുണകൾ കൂടെ​ക്കൂ​ടെ കേട്ടി​രു​ന്നെ​ങ്കിൽ നമ്മൾ സാക്ഷികൾ പറയു​ന്നതു ശ്രദ്ധി​ക്കാ​നുള്ള സാധ്യ​ത​യു​ണ്ടാ​യി​രു​ന്നോ? അത്തരം സാഹച​ര്യ​ങ്ങ​ളിൽ നമ്മളും രാജ്യ​സ​ന്ദേശം ശ്രദ്ധി​ക്കാ​നുള്ള സാധ്യത കുറവാ​യി​രി​ക്കും. നമ്മളോ​ടും അനുകമ്പ കാണി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​വ​ന്നേനേ. നമ്മളോട്‌ ആളുകൾ എങ്ങനെ​യാ​ണോ ഇടപെ​ടാൻ ആഗ്രഹി​ക്കു​ന്നത്‌, അതു​പോ​ലെ നമ്മൾ അവരോട്‌ ഇടപെ​ട​ണ​മെ​ന്നുള്ള യേശു​വി​ന്‍റെ കല്‌പന ഓർക്കു​ന്നെ​ങ്കിൽ, ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽപ്പോ​ലും സമാനു​ഭാ​വ​ത്തോ​ടെ ഇടപെ​ടാൻ നമ്മൾ പ്രചോ​ദി​ത​രാ​കും.—മത്താ. 7:12.

പൗലോ​സി​ന്‍റെ അനുകമ്പ അനുക​രി​ക്കു​ക

പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നി​ടെ, തന്നെ ഉപദ്ര​വിച്ച ആളുക​ളോ​ടു​പോ​ലും പൗലോസ്‌ അപ്പോ​സ്‌തലൻ അനുകമ്പ കാണിച്ചു. എന്തു​കൊണ്ട്? തന്‍റെ മുൻകാ​ല​ജീ​വി​തം പൗലോസ്‌ മറന്നില്ല. അദ്ദേഹം പറയുന്നു: “മുമ്പ് ദൈവത്തെ നിന്ദി​ക്കു​ന്ന​വ​നും ദൈവ​ത്തി​ന്‍റെ ജനത്തെ ഉപദ്ര​വി​ക്കു​ന്ന​വ​നും ധിക്കാ​രി​യും ആയിരുന്ന എന്നെയാണ്‌ ഇങ്ങനെ വിശ്വ​സ്‌ത​നാ​യി കണക്കാ​ക്കി​യത്‌. അതൊക്കെ വിശ്വാ​സ​മി​ല്ലാ​തി​രുന്ന കാലത്ത്‌ അറിവി​ല്ലാ​തെ ചെയ്‌ത​താ​യി​രു​ന്ന​തു​കൊണ്ട് എനിക്കു കരുണ ലഭിച്ചു.” (1 തിമൊ. 1:13) യഹോ​വ​യും യേശു​വും തന്നോട്‌ അളവറ്റ കരുണ കാണി​ച്ചെന്നു പൗലോസ്‌ തിരി​ച്ച​റി​ഞ്ഞു. താൻ സന്തോ​ഷ​വാർത്ത അറിയിച്ച പലർക്കും തന്‍റെ നേരത്തത്തെ സ്വഭാ​വ​മാ​ണു​ള്ള​തെന്നു പൗലോസ്‌ മനസ്സി​ലാ​ക്കി, കാരണം ഒരു കാലത്ത്‌ പൗലോസ്‌ അങ്ങനെ ചെയ്‌തി​രുന്ന വ്യക്തി​യാ​യി​രു​ന്ന​ല്ലോ.

പൗലോസ്‌ കണ്ടുമു​ട്ടിയ ആളുക​ളിൽ ചിലർ തെറ്റായ പഠിപ്പി​ക്ക​ലു​ക​ളിൽ ശക്തമായ വിശ്വാ​സം വെച്ചു​പു​ലർത്തി​യ​വ​രാ​യി​രു​ന്നു. അങ്ങനെ​യു​ള്ള​വരെ കണ്ടപ്പോൾ പൗലോ​സിന്‌ എന്തു തോന്നി? ഉദാഹ​ര​ണ​ത്തിന്‌, ആതൻസി​ലാ​യി​രു​ന്ന​പ്പോൾ ആ “നഗരം വിഗ്ര​ഹ​ങ്ങൾകൊണ്ട് നിറഞ്ഞി​രി​ക്കു​ന്നതു കണ്ട് പൗലോ​സി​ന്‍റെ മനസ്സ് ആകെ അസ്വസ്ഥ​മാ​യി” എന്നു പ്രവൃ​ത്തി​കൾ 17:16 പറയുന്നു. എങ്കിലും തന്നെ അസ്വസ്ഥ​നാ​ക്കിയ അതേ കാര്യം ഉപയോ​ഗിച്ച് പൗലോസ്‌ സാക്ഷ്യം കൊടു​ത്തു. (പ്രവൃ. 17:22, 23) വ്യത്യ​സ്‌ത​ത​ര​ത്തി​ലുള്ള ആളുക​ളോട്‌ അവരുടെ പശ്ചാത്ത​ല​ത്തി​നു യോജി​ക്കുന്ന രീതി​യിൽ പൗലോസ്‌ സാക്ഷീ​ക​രി​ച്ചു. ‘എങ്ങനെ​യെ​ങ്കി​ലും ചിലരെ നേടുക’ എന്നതാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്‍റെ ലക്ഷ്യം.—1 കൊരി. 9:20-23.

തെറ്റായ വീക്ഷണ​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും ഉള്ള ആളുകളെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നി​ടെ നമ്മളും കണ്ടുമു​ട്ടി​യേ​ക്കാം. അപ്പോൾ ‘ഏറെ മെച്ചമായ ഒന്നി​നെ​ക്കു​റി​ച്ചുള്ള ശുഭവാർത്ത’ വൈദ​ഗ്‌ധ്യ​ത്തോ​ടെ അവതരി​പ്പി​ച്ചു​കൊണ്ട് നമുക്കു പൗലോ​സി​ന്‍റെ മാതൃക അനുക​രി​ക്കാം. (യശ. 52:7) ഡൊ​റോ​ത്തി എന്ന ഒരു സഹോ​ദരി പറയുന്നു: “ദൈവം ദയയി​ല്ലാ​ത്ത​വ​നും കുറ്റം കണ്ടുപി​ടി​ക്കു​ന്ന​വ​നും ആണെന്നാ​ണു ഞങ്ങളുടെ പ്രദേ​ശത്തെ മിക്കവ​രും പഠിച്ചു​വെ​ച്ചി​രു​ന്നത്‌. അങ്ങനെ​യു​ള്ള​വരെ കാണു​മ്പോൾ അടിയു​റച്ച ദൈവ​വി​ശ്വാ​സ​മു​ള്ള​തി​നു ഞാൻ അവരെ ആദ്യം അഭിന​ന്ദി​ക്കും. എന്നിട്ട് സ്‌നേഹം നിറഞ്ഞ യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തെ​ക്കു​റി​ച്ചും ഭാവി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ പറയുന്ന കാര്യങ്ങൾ അവരോ​ടു പറയും.”

“എപ്പോ​ഴും നന്മകൊണ്ട് തിന്മയെ കീഴട​ക്കുക”

‘അവസാ​ന​ത്തോട്‌’ നമ്മൾ കൂടുതൽക്കൂടുതൽ അടുത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ കണ്ടുമു​ട്ടുന്ന ആളുക​ളു​ടെ മനോ​ഭാ​വ​വും അതിന​നു​സ​രിച്ച് ‘അധഃപ​തി​ക്കു​മെന്ന്’ നമ്മൾ പ്രതീ​ക്ഷി​ക്കണം. (2 തിമൊ. 3:1, 13) ആളുക​ളു​ടെ സ്വഭാ​വ​ത്തി​ലെ ഈ അധഃപ​തനം, നമ്മുടെ അനുകമ്പ ഇല്ലാതാ​കാ​നോ സന്തോഷം കെട്ടു​പോ​കാ​നോ ഇടയാ​ക്ക​രുത്‌. നമുക്ക് ‘എപ്പോ​ഴും നന്മകൊണ്ട് തിന്മയെ കീഴട​ക്കാ​നുള്ള’ ശക്തി തരാൻ യഹോ​വ​യ്‌ക്കു കഴിയും. (റോമ. 12:21) ജെസ്സീക്ക എന്ന മുൻനി​ര​സേ​വിക പറയുന്നു: “താഴ്‌മ​യി​ല്ലാത്ത, നമ്മളെ​യും നമ്മുടെ സന്ദേശ​ത്തെ​യും വിലകു​റ​ച്ചു​കാ​ണുന്ന ആളുകളെ മിക്ക​പ്പോ​ഴും ഞാൻ കണ്ടുമു​ട്ടാ​റുണ്ട്. അപ്പോൾ ദേഷ്യ​വും നിരാ​ശ​യും ഒക്കെ തോന്നാം. വീട്ടു​കാ​രൻ ഈ രീതി​യിൽ പ്രതി​ക​രി​ക്കു​മ്പോൾ ഉടനെ ഞാൻ മൗനമാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കും. യഹോവ കാണു​ന്ന​തു​പോ​ലെ ഈ വ്യക്തിയെ കാണാൻ സഹായി​ക്കണേ എന്നു യാചി​ക്കും. അങ്ങനെ, എന്‍റെ വികാ​ര​ങ്ങ​ളിൽ മനസ്സു കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു പകരം ആ വ്യക്തിയെ എങ്ങനെ സഹായി​ക്കാം എന്നു ചിന്തി​ക്കാൻ എനിക്കു കഴിയു​ന്നു.”

നിത്യജീവനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വർക്കാ​യി അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കാം

ആത്മീയമായി സഹായി​ക്കാൻ ക്ഷമയോ​ടെ നമ്മൾ നടത്തുന്ന ശ്രമങ്ങ​ളോ​ടു ചിലർ പ്രതി​ക​രി​ക്കും

കൂടെ പ്രവർത്തി​ക്കുന്ന സഹോ​ദ​ര​ങ്ങളെ നമ്മൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേണം. ജെസ്സീക്ക പറയുന്നു: “പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നി​ടെ ആർക്കെ​ങ്കി​ലും മോശ​മായ അനുഭ​വ​മു​ണ്ടാ​യാൽ അതെക്കു​റിച്ച് വീണ്ടും സംസാ​രി​ക്കാ​തി​രി​ക്കാൻ ഞാൻ ശ്രദ്ധി​ക്കും. നല്ല കാര്യ​ങ്ങ​ളി​ലേക്കു ഞാൻ സംഭാ​ഷണം തിരി​ച്ചു​വി​ടും. ചിലർ മോശ​മാ​യി പ്രതി​ക​രി​ച്ചാ​ലും നമ്മുടെ ശുശ്രൂഷ കൈവ​രി​ക്കുന്ന നേട്ടങ്ങ​ളെ​ക്കു​റിച്ച് ഞാൻ സംസാ​രി​ക്കും.”

ശുശ്രൂ​ഷ​യിൽ നമ്മൾ നേരി​ടുന്ന വെല്ലു​വി​ളി​കൾ യഹോ​വ​യ്‌ക്കു നന്നായി അറിയാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ യഹോ​വയെ അനുക​രി​ച്ചു​കൊണ്ട് കരുണ കാണി​ക്കു​മ്പോൾ യഹോവ എത്രയ​ധി​കം സന്തോ​ഷി​ക്കും! (ലൂക്കോ. 6:36) യഹോ​വ​യു​ടെ അനുകമ്പ എന്നും ഇങ്ങനെ തുടരു​ക​യില്ല. ഈ വ്യവസ്ഥി​തി​യെ എപ്പോൾ നശിപ്പി​ക്ക​ണ​മെന്ന് യഹോ​വ​യ്‌ക്കു കൃത്യ​മാ​യി അറിയാം. അതുവരെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഉത്സാഹ​ത്തോ​ടെ ഏർപ്പെ​ടുക. (2 തിമൊ. 4:2) അങ്ങനെ, തീക്ഷ്ണ​ത​യോ​ടെ​യും അനുക​മ്പ​യോ​ടെ​യും ‘എല്ലാ തരം ആളുക​ളോ​ടും’ പ്രസം​ഗി​ക്കാ​നുള്ള നമ്മുടെ ഉത്തരവാ​ദി​ത്വം വിശ്വ​സ്‌ത​ത​യോ​ടെ നിറ​വേ​റ്റാം.