വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയ​വ്യ​ക്തി​യാ​യി​രി​ക്കുക എന്നാൽ എന്താണ്‌ അർഥം?

ആത്മീയ​വ്യ​ക്തി​യാ​യി​രി​ക്കുക എന്നാൽ എന്താണ്‌ അർഥം?

“ദൈവം, ക്രിസ്‌തു​യേ​ശു​വി​നു​ണ്ടാ​യി​രുന്ന അതേ മനോ​ഭാ​വം നിങ്ങൾക്കും ഉണ്ടാകാൻ ഇടവരു​ത്തട്ടെ.”​—റോമ. 15:5.

ഗീതങ്ങൾ: 17, 13

1, 2. (എ) മിക്കവ​രും ആത്മീയ​തയെ എങ്ങനെ​യാ​ണു കാണു​ന്നത്‌? (ബി) ആത്മീയ​ത​യെ​ക്കു​റി​ച്ചുള്ള ഏതു പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾ നമ്മൾ ചർച്ച ചെയ്യും?

“ഒരു ആത്മീയ​വ്യ​ക്തി ആയിരി​ക്കു​ന്ന​തു​കൊണ്ട് ഞാൻ കൂടുതൽ സന്തോ​ഷ​വ​തി​യാണ്‌. ദിവസ​വും നേരി​ടുന്ന പരി​ശോ​ധ​ന​കളെ വിജയ​ക​ര​മാ​യി കൈകാ​ര്യം ചെയ്യാൻ അത്‌ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.” കാനഡ​യി​ലുള്ള ഒരു സഹോ​ദ​രി​യു​ടെ വാക്കു​ക​ളാണ്‌ ഇത്‌. ബ്രസീ​ലി​ലുള്ള ഒരു സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ വിവാ​ഹി​ത​രാ​യിട്ട് 23 വർഷമാ​യി. സന്തോ​ഷ​മുള്ള ഒരു വിവാ​ഹ​ജീ​വി​ത​മാ​ണു ഞങ്ങളു​ടേത്‌. ആത്മീയ​മ​ന​സ്‌ക​രാ​യി​രി​ക്കാൻ ഞങ്ങൾ നല്ല ശ്രമം ചെയ്‌ത​തു​കൊ​ണ്ടാണ്‌ അതിനു കഴിഞ്ഞി​രി​ക്കു​ന്നത്‌.” ഫിലി​പ്പീൻസി​ലുള്ള ഒരു സഹോ​ദരൻ അഭി​പ്രാ​യ​പ്പെ​ട്ടത്‌ ഇങ്ങനെ​യാണ്‌: “ഒരു ആത്മീയ​വ്യ​ക്തി ആയിരി​ക്കു​ന്ന​തു​കൊണ്ട് എനിക്കു മനസ്സമാ​ധാ​ന​മുണ്ട്. വ്യത്യ​സ്‌ത​പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി സന്തോ​ഷ​ത്തോ​ടെ ഒത്തു​പോ​കാ​നും അത്‌ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.”

2 ആത്മീയ​മ​ന​സ്‌ക​രാ​യി​രി​ക്കു​ന്നതു നമുക്കു പല വിധങ്ങ​ളിൽ പ്രയോ​ജനം ചെയ്യു​മെന്ന് ഈ സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വങ്ങൾ തെളി​യി​ക്കു​ന്നു. ഇത്തരം വാക്കുകൾ കേൾക്കു​മ്പോൾ നമ്മളും ഇങ്ങനെ ചോദി​ച്ചേ​ക്കാം: ‘എനിക്ക് എങ്ങനെ ഒരു ആത്മീയ​വ്യ​ക്തി​യാ​യി വളരാ​നും ഇതു​പോ​ലുള്ള പ്രയോ​ജ​നങ്ങൾ ആസ്വദി​ക്കാ​നും കഴിയും?’ ഈ ചോദ്യ​ത്തി​നുള്ള ഉത്തരം കണ്ടെത്തു​ന്ന​തി​നു മുമ്പ്, ആത്മീയ​ത​യുള്ള അഥവാ ആത്മീയ​മ​ന​സ്‌ക​രായ ആളുക​ളെ​ക്കു​റിച്ച് ബൈബിൾ എന്താണു പറയു​ന്ന​തെന്നു നമ്മൾ വ്യക്തമാ​യി മനസ്സി​ലാ​ക്കണം. ഈ ലേഖന​ത്തിൽ നമ്മൾ മൂന്നു പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: (1) ആത്മീയ​വ്യ​ക്തി​യാ​യി​രി​ക്കുക എന്നാൽ എന്താണ്‌ അർഥം? (2) നമ്മുടെ ആത്മീയത മെച്ച​പ്പെ​ടു​ത്താൻ ആരു​ടെ​യെ​ല്ലാം മാതൃ​കകൾ സഹായി​ക്കും? (3) ‘ക്രിസ്‌തു​വി​ന്‍റെ മനസ്സു​ണ്ടാ​യി​രി​ക്കാൻ’ നമ്മൾ നടത്തുന്ന ശ്രമങ്ങൾ ആത്മീയ​വ്യ​ക്തി​ക​ളാ​കാൻ നമ്മളെ എങ്ങനെ സഹായി​ക്കും?

ഒരു ആത്മീയ​വ്യ​ക്തി എങ്ങനെ​യുള്ള ആളായി​രി​ക്കും?

3. ജഡിക​മ​നു​ഷ്യ​നും ആത്മീയ​മ​നു​ഷ്യ​നും തമ്മിലുള്ള വ്യത്യാ​സം ബൈബി​ളിൽ എങ്ങനെ​യാ​ണു വിവരി​ച്ചി​രി​ക്കു​ന്നത്‌?

3 ‘ആത്മീയ​മ​നു​ഷ്യ​നും’ ‘ജഡിക​മ​നു​ഷ്യ​നും’ തമ്മിലുള്ള വ്യത്യാ​സം വിവരി​ച്ചു​കൊണ്ട്, ഒരു ആത്മീയ​വ്യ​ക്തി എങ്ങനെ​യുള്ള ആളായി​രി​ക്കു​മെന്നു മനസ്സി​ലാ​ക്കാൻ പൗലോസ്‌ അപ്പോ​സ്‌തലൻ നമ്മളെ സഹായി​ക്കു​ന്നു. (1 കൊരി​ന്ത്യർ 2:14-16 വായി​ക്കുക.) എന്താണു വ്യത്യാ​സം? “ജഡിക​മ​നു​ഷ്യൻ ദൈവാ​ത്മാ​വിൽനി​ന്നുള്ള കാര്യങ്ങൾ സ്വീക​രി​ക്കു​ന്നില്ല. അവ അയാൾക്കു വിഡ്‌ഢി​ത്ത​മാ​യി തോന്നു​ന്നു. . . അയാൾക്ക് അവ മനസ്സി​ലാ​ക്കാൻ സാധി​ക്കു​ന്നില്ല.” എന്നാൽ ‘എല്ലാ കാര്യ​ങ്ങ​ളും വിലയി​രു​ത്തുന്ന’ ഒരാളാണ്‌ “ആത്മീയ​മ​നു​ഷ്യൻ.” അദ്ദേഹ​ത്തി​നു “ക്രിസ്‌തു​വി​ന്‍റെ മനസ്സുണ്ട്.” ആത്മീയ​മ​നു​ഷ്യ​രാ​യി​രി​ക്കാ​നാ​ണു പൗലോസ്‌ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. മറ്റ്‌ ഏതെല്ലാം വിധങ്ങ​ളി​ലാ​ണു ജഡിക​മ​നു​ഷ്യ​നും ആത്മീയ​മ​നു​ഷ്യ​നും വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌?

4, 5. ജഡിക​മ​നു​ഷ്യ​ന്‍റെ സ്വഭാ​വ​വി​ശേ​ഷ​തകൾ എന്തെല്ലാം?

4 ഒരു ജഡിക​മ​നു​ഷ്യൻ എങ്ങനെ​യാ​ണു ചിന്തി​ക്കു​ന്ന​തെന്ന് ആദ്യം നോക്കാം. ജഡത്തിന്‍റെ ആഗ്രഹ​ങ്ങളെ ചുറ്റി​പ്പ​റ്റി​യുള്ള ഒരു മനോ​ഭാ​വ​മാണ്‌ ഇന്നു ലോക​ത്തിൽ പൊതു​വേ കാണു​ന്നത്‌. ‘അനുസ​ര​ണ​ക്കേ​ടി​ന്‍റെ മക്കളിൽ ഇപ്പോൾ പ്രവർത്തി​ക്കുന്ന ആത്മാവ്‌’ എന്നാണു പൗലോസ്‌ അതിനെ വിശേ​ഷി​പ്പി​ച്ചത്‌. (എഫെ. 2:2) എല്ലാവ​രും ചെയ്യു​ന്ന​തു​പോ​ലെ ചെയ്യുക എന്ന രീതി പിൻപ​റ്റാൻ ഈ ആത്മാവ്‌ ഭൂരി​പക്ഷം മനുഷ്യ​രെ​യും ഇടയാ​ക്കി​യി​രി​ക്കു​ന്നു. ജഡത്തിന്‍റെ കാര്യ​ങ്ങ​ളി​ലാണ്‌ അവരുടെ ശ്രദ്ധ മുഴു​വ​നും. അതിന്‍റെ ഫലമായി തങ്ങൾക്കു ശരി​യെന്നു തോന്നുന്ന കാര്യ​ങ്ങ​ളാണ്‌ അവരിൽ മിക്കവ​രും ചെയ്യു​ന്നത്‌. ദൈവ​ത്തി​ന്‍റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ അവർ ഒരു ശ്രമവും നടത്തു​ന്നില്ല. ഒരു ജഡിക​മ​നു​ഷ്യൻ അഥവാ ജഡത്തിന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കുന്ന മനുഷ്യൻ, പേരും പെരു​മ​യും സമ്പത്തും എങ്ങനെ​യൊ​ക്കെ നേടി​യെ​ടു​ക്കാം എന്നതി​നെ​ക്കു​റി​ച്ചാണ്‌ മിക്ക​പ്പോ​ഴും ചിന്തി​ക്കു​ന്നത്‌; അദ്ദേഹം വ്യക്തി​പ​ര​മായ അവകാ​ശ​ങ്ങൾക്കു മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രാധാ​ന്യം കൊടു​ക്കു​ന്നു.

5 ജഡിക​മ​നു​ഷ്യ​നെ തിരി​ച്ച​റി​യി​ക്കുന്ന മറ്റു ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌? ‘ജഡത്തിന്‍റെ പ്രവൃ​ത്തി​ക​ളിൽ’ ഏതി​ലെ​ങ്കി​ലും ഏർപ്പെ​ടു​ന്നവർ ആ ഗണത്തിൽപ്പെ​ടു​ന്ന​വ​രാണ്‌. (ഗലാ. 5:19-21) ഇക്കൂട്ടരെ തിരി​ച്ച​റി​യി​ക്കുന്ന മറ്റു ചില സ്വഭാ​വ​വി​ശേ​ഷ​തകൾ പൗലോസ്‌ കൊരി​ന്ത്യർക്ക് എഴുതിയ ഒന്നാമത്തെ കത്തിൽ വിവരി​ക്കു​ന്നുണ്ട്. ചേരി​തി​രി​വു​ണ്ടാ​ക്കു​ന്ന​തും പക്ഷംപി​ടി​ക്കു​ന്ന​തും ഭിന്നത​കൾക്കു വളം​വെ​ക്കു​ന്ന​തും അന്യോ​ന്യം കോടതി കയറ്റു​ന്ന​തും അധികാ​ര​സ്ഥാ​ന​ത്തു​ള്ള​വ​രോട്‌ ആദരവി​ല്ലാ​തെ പെരു​മാ​റു​ന്ന​തും അമിത​മായ തീറ്റയും കുടി​യും ഒക്കെ അത്തരം സ്വഭാ​വ​വി​ശേ​ഷ​ത​ക​ളാണ്‌. പ്രലോ​ഭ​ന​മു​ണ്ടാ​കു​മ്പോൾ ജഡിക​മ​നു​ഷ്യൻ അതിനെ ചെറു​ക്കാ​നാ​കാ​തെ വീണു​പോ​കു​ന്നു. (സുഭാ. 7:21, 22) “ആത്മീയ​ത​യി​ല്ലാത്ത” അളവോ​ളം​പോ​ലും അധഃപ​തി​ക്കുന്ന ആളുക​ളെ​ക്കു​റിച്ച് യൂദ എഴുതി.​—യൂദ 18, 19.

6. ഒരു ആത്മീയ​വ്യ​ക്തി​യെ എങ്ങനെ തിരി​ച്ച​റി​യാം?

6 അങ്ങനെ​യെ​ങ്കിൽ ഒരു “ആത്മീയ​മ​നു​ഷ്യൻ” ആയിരി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌? ജഡിക​മ​നു​ഷ്യ​നിൽനിന്ന് വിപരീ​ത​മാ​യി ആത്മീയ​മ​ന​സ്‌ക​നായ ഒരാൾ ദൈവ​വു​മാ​യുള്ള തന്‍റെ ബന്ധത്തെ​ക്കു​റിച്ച് ചിന്തയു​ള്ള​വ​നാ​യി​രി​ക്കും. അത്തരം ഒരാൾ ‘ദൈവത്തെ അനുക​രി​ക്കാൻ’ നല്ല ശ്രമം ചെയ്യും. (എഫെ. 5:1) അതായത്‌, ഓരോ കാര്യ​ത്തെ​ക്കു​റി​ച്ചും യഹോവ എങ്ങനെ​യാ​ണു ചിന്തി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാ​നും യഹോ​വ​യു​ടെ വീക്ഷണ​ത്തിൽനിന്ന് കാര്യങ്ങൾ നോക്കി​ക്കാ​ണാ​നും ആത്മീയ​മ​ന​സ്‌ക​രാ​യവർ ശ്രമി​ക്കും. ദൈവം അവർക്ക് ഒരു യഥാർഥ​വ്യ​ക്തി​യാണ്‌. ജഡിക​മ​നു​ഷ്യ​രിൽനിന്ന് വ്യത്യ​സ്‌ത​രാ​യി, ജീവി​ത​ത്തി​ന്‍റെ എല്ലാ മണ്ഡലങ്ങ​ളി​ലും യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ ആത്മീയ​വ്യ​ക്തി​കൾ ശ്രമി​ക്കും. (സങ്കീ. 119:33; 143:10) ജഡത്തിന്‍റെ പ്രവൃ​ത്തി​ക​ളിൽ ശ്രദ്ധ പതിപ്പി​ക്കു​ന്ന​തി​നു പകരം “ദൈവാ​ത്മാ​വി​ന്‍റെ ഫലം” പുറ​പ്പെ​ടു​വി​ക്കാൻ അവർ കഠിന​മാ​യി യത്‌നി​ക്കും. (ഗലാ. 5:22, 23) ആത്മീയ​മ​ന​സ്‌കൻ എന്നു പറഞ്ഞാൽ എന്താണ്‌ അർഥമാ​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക: ഒരു ബിസി​നെ​സ്സു​കാ​രന്‍റെ ചിന്ത പൊതു​വേ ബിസി​നെസ്സ് കാര്യ​ങ്ങ​ളി​ലാ​യി​രി​ക്കും. അതു​പോ​ലെ ആത്മീയ​മ​ന​സ്‌ക​നായ ഒരാളു​ടെ ചിന്ത ആത്മീയ​കാ​ര്യ​ങ്ങ​ളി​ലാ​യി​രി​ക്കും.

7. ആത്മീയ​മ​ന​സ്‌ക​രായ ആളുക​ളെ​ക്കു​റിച്ച് ബൈബിൾ എന്താണു പറയു​ന്നത്‌?

7 ആത്മീയ​മ​ന​സ്‌ക​രായ ആളുകളെ ബൈബിൾ പുകഴ്‌ത്തി​പ്പ​റ​യു​ന്നുണ്ട്. മത്തായി 5:3 പറയുന്നു: “ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ സന്തുഷ്ടർ; കാരണം സ്വർഗ​രാ​ജ്യം അവർക്കു​ള്ളത്‌.” ആത്മീയ​വ്യ​ക്തി​ക​ളാ​യി​രി​ക്കു​ന്ന​തി​ന്‍റെ പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച് റോമർ 8:6 ഇങ്ങനെ പറയുന്നു: “ജഡത്തിന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്നതു മരണത്തിൽ കലാശി​ക്കു​ന്നു. ആത്മാവി​ന്‍റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്നതു ജീവനും സമാധാ​ന​വും തരുന്നു.” അതെ, ആത്മീയ​കാ​ര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക് ഇപ്പോൾ ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ കഴിയു​ന്നു, ആന്തരി​ക​സ​മാ​ധാ​നം ലഭിക്കു​ന്നു, ഒപ്പം ഭാവി​യിൽ നിത്യ​മാ​യി ജീവി​ക്കാ​നുള്ള അവസര​വും നമുക്കു​ണ്ടാ​യി​രി​ക്കും.

8. ആത്മീയത നേടാ​നും അതു കാത്തു​സൂ​ക്ഷി​ക്കാ​നും ശ്രമം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

8 എങ്കിലും നമ്മൾ ജീവി​ക്കുന്ന ഈ ലോക​ത്തിൽ ജഡിക​മ​നോ​ഭാ​വ​മാണ്‌ എങ്ങും വ്യാപി​ച്ചി​രി​ക്കു​ന്നത്‌. അതു നമ്മളെ​യും ബാധി​ച്ചേ​ക്കാം. അതു​കൊണ്ട് ആത്മീയത വളർത്തി​യെ​ടു​ക്കാ​നും അതു കാത്തു​സൂ​ക്ഷി​ക്കാ​നും നല്ല ശ്രമം ചെയ്യണം. ഒരു വ്യക്തി​യു​ടെ ആത്മീയത നഷ്ടപ്പെ​ട്ടാൽ ജഡിക​മായ മനോ​ഭാ​വ​ങ്ങ​ളും ചിന്തക​ളും കൊണ്ട് ലോകം അയാളു​ടെ മനസ്സു നിറയ്‌ക്കും. അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ നമുക്ക് എന്തു ചെയ്യാം? നമുക്ക് എങ്ങനെ ആത്മീയ​മാ​യി വളരാം?

നമുക്ക് ഈ ആത്മീയ വ്യക്തി​ക​ളിൽനിന്ന് പഠിക്കാം

9. (എ) ആത്മീയ​മാ​യി വളരാൻ നമ്മളെ എന്തു സഹായി​ക്കും? (ബി) ആരു​ടെ​യൊ​ക്കെ നല്ല മാതൃ​ക​ക​ളാ​ണു നമ്മൾ പഠിക്കാൻപോ​കു​ന്നത്‌?

9 മാതാ​പി​താ​ക്കളെ നിരീ​ക്ഷി​ച്ചു​കൊ​ണ്ടും അവരുടെ നല്ല മാതൃക പകർത്തി​ക്കൊ​ണ്ടും ഒരു കുട്ടിക്കു പക്വത​യി​ലേക്കു വളരാ​നാ​കും. സമാന​മാ​യി, നല്ല ആത്മീയ​ത​യുള്ള ആളുകളെ നിരീ​ക്ഷി​ച്ചു​കൊ​ണ്ടും അവരെ അനുക​രി​ച്ചു​കൊ​ണ്ടും നമുക്ക് ആത്മീയ​മാ​യി വളരാൻ കഴിയും. അതേസ​മയം ജഡത്തിന്‍റെ കാര്യ​ങ്ങ​ളോ​ടു ചായ്‌വുള്ള ആളുകൾ നമുക്കുള്ള മുന്നറി​യി​പ്പിൻദൃ​ഷ്ടാ​ന്ത​ങ്ങ​ളാണ്‌. (1 കൊരി. 3:1-4) നല്ല മാതൃക വെച്ചവ​രെ​ക്കു​റി​ച്ചും മോശം മാതൃക വെച്ചവ​രെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്. എങ്കിലും നമ്മുടെ ലക്ഷ്യം ആത്മീയ​മാ​യി വളരുക എന്നതാ​യ​തു​കൊണ്ട് നമുക്ക് ഇപ്പോൾ നല്ല ചില മാതൃ​കകൾ നോക്കാം. യാക്കോ​ബി​ന്‍റെ​യും മറിയ​യു​ടെ​യും യേശു​വി​ന്‍റെ​യും ദൃഷ്ടാ​ന്ത​ങ്ങ​ളാ​ണു നമ്മൾ പഠിക്കാൻപോ​കു​ന്നത്‌.

യാക്കോബിന്‍റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന് നിങ്ങൾ എന്തെല്ലാ​മാ​ണു പഠിച്ചത്‌? (10-‍ാ‍ം ഖണ്ഡിക കാണുക)

10. ഒരു ആത്മീയ​വ്യ​ക്തി​യാ​ണെന്നു യാക്കോബ്‌ എങ്ങനെ​യാ​ണു കാണി​ച്ചത്‌?

10 ആദ്യം യാക്കോ​ബി​ന്‍റെ മാതൃ​ക​യെ​ക്കു​റിച്ച് ചിന്തി​ക്കാം. നമ്മളിൽ പലരു​ടെ​യും കാര്യം​പോ​ലെ​തന്നെ യാക്കോ​ബി​നും ജീവി​ത​ത്തിൽ പല ബുദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ കടന്നു​പോ​കേ​ണ്ടി​വന്നു. സ്വന്തം ചേട്ടനായ ഏശാവ്‌ യാക്കോ​ബി​നെ വകവരു​ത്താൻ ആഗ്രഹി​ച്ചു. പലതവണ തന്നെ ചൂഷണം ചെയ്യാൻ ശ്രമിച്ച വഞ്ചകനായ അമ്മായി​യ​പ്പ​നു​മാ​യും യാക്കോ​ബിന്‌ ഇടപെ​ടേ​ണ്ടി​വന്നു. ജഡിക​മ​ന​സ്ഥി​തി​യുള്ള ആളുകൾ ചുറ്റു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യാക്കോബ്‌ ഒരു ആത്മീയ​വ്യ​ക്തി​യാ​യി​രു​ന്നു. അബ്രാ​ഹാ​മി​നു കൊടുത്ത വാഗ്‌ദാ​ന​ത്തിൽ യാക്കോബ്‌ ഉറച്ചു​വി​ശ്വ​സി​ച്ചു. യഹോ​വ​യു​ടെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തിൽ ഒരു പ്രത്യേ​ക​പങ്കു വഹിക്കാ​നി​രുന്ന തന്‍റെ കുടും​ബത്തെ പരിപാ​ലി​ക്കു​ന്ന​തി​നു യാക്കോബ്‌ ജീവിതം ഉഴിഞ്ഞു​വെച്ചു. (ഉൽപ. 28:10-15) ദൈവ​ത്തി​ന്‍റെ ഇഷ്ടത്തി​നും നിലവാ​ര​ങ്ങൾക്കും ചേർച്ച​യി​ലാ​ണു താൻ കാര്യങ്ങൾ ചെയ്യു​ന്ന​തെന്നു യാക്കോ​ബി​ന്‍റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും തെളി​യി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഏശാവ്‌ ഉപദ്ര​വി​ക്കു​മെന്നു തോന്നി​യ​പ്പോൾ യാക്കോബ്‌ ദൈവ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: “എന്നെ രക്ഷിക്ക​ണ​മെന്നു ഞാൻ ഇപ്പോൾ പ്രാർഥി​ക്കു​ന്നു. . . . ‘ഞാൻ നിനക്ക് ഉറപ്പാ​യും നന്മ ചെയ്യു​ക​യും നിന്‍റെ സന്തതിയെ കടലിലെ മണൽത്ത​രി​കൾപോ​ലെ എണ്ണിയാൽ തീരാ​ത്തത്ര വർധി​പ്പി​ക്കു​ക​യും ചെയ്യും’ എന്ന് അങ്ങ് പറഞ്ഞി​ട്ടു​ണ്ട​ല്ലോ.” (ഉൽപ. 32:6-12) യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളിൽ ഉറച്ച വിശ്വാ​സ​മു​ണ്ടാ​യി​രുന്ന യാക്കോബ്‌ തന്‍റെ ജീവി​ത​ത്തി​ലൂ​ടെ അതു തെളി​യി​ക്കു​ക​യും ചെയ്‌തു.

മറിയയുടെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന് നിങ്ങൾ എന്തെല്ലാ​മാ​ണു പഠിച്ചത്‌? (11-‍ാ‍ം ഖണ്ഡിക കാണുക)

11. മറിയ ഒരു ആത്മീയ​വ്യ​ക്തി​യാ​യി​രു​ന്നെന്ന് എന്തു തെളി​യി​ക്കു​ന്നു?

11 ഇനി മറിയ​യു​ടെ മാതൃക നോക്കാം. യേശു​വി​ന്‍റെ അമ്മയാ​കാൻ യഹോവ മറിയയെ തിര​ഞ്ഞെ​ടു​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? മറിയ ഒരു ആത്മീയ​വ്യ​ക്തി ആയിരു​ന്ന​തു​കൊ​ണ്ടാണ്‌ എന്നതിൽ സംശയ​മില്ല. നമുക്ക് അത്‌ എങ്ങനെ അറിയാം? തന്‍റെ ബന്ധുക്ക​ളായ സെഖര്യ​യു​ടെ​യും എലിസ​ബ​ത്തി​ന്‍റെ​യും വീട്ടിൽ വന്നപ്പോൾ ദൈവത്തെ സ്‌തു​തി​ച്ചു​കൊണ്ട് മറിയ പറഞ്ഞ മനോ​ഹ​ര​മായ വാക്കുകൾ മറിയ​യു​ടെ ആത്മീയ​ത​യു​ടെ തെളി​വാണ്‌. (ലൂക്കോസ്‌ 1:46-55 വായി​ക്കുക.) മറിയ​യ്‌ക്കു ദൈവ​വ​ച​ന​ത്തോട്‌ ആഴമായ സ്‌നേ​ഹ​മു​ണ്ടെ​ന്നും എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ നന്നായി അറിയാ​മാ​യി​രു​ന്നെ​ന്നും ആ വാക്കുകൾ കാണി​ക്കു​ന്നു. (ഉൽപ. 30:13; 1 ശമു. 2:1-10; മലാ. 3:12) നവദമ്പ​തി​ക​ളാ​യി​രു​ന്നെ​ങ്കി​ലും യോ​സേ​ഫും മറിയ​യും യേശു ജനിക്കു​ന്ന​തു​വരെ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടില്ല. വ്യക്തി​പ​ര​മായ അഭിലാ​ഷങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കാൾ യഹോ​വ​യു​ടെ ഇഷ്ടത്തി​നാണ്‌ അവർ പ്രാധാ​ന്യം കൊടു​ത്ത​തെ​ന്നല്ലേ അതു സൂചി​പ്പി​ക്കു​ന്നത്‌? (മത്താ. 1:25) കാലം മുന്നോ​ട്ടു​പോ​യ​പ്പോൾ യേശു​വി​ന്‍റെ ജീവി​ത​ത്തി​ലു​ണ്ടായ സംഭവങ്ങൾ മറിയ ശ്രദ്ധാ​പൂർവം നിരീ​ക്ഷി​ക്കു​ക​യും യേശു പറഞ്ഞ ജ്ഞാന​മൊ​ഴി​കൾക്കു ശ്രദ്ധ കൊടു​ക്കു​ക​യും ചെയ്‌തു. കൂടാതെ, മറിയ “ഇക്കാര്യ​ങ്ങ​ളെ​ല്ലാം ഹൃദയ​ത്തിൽ പ്രത്യേ​കം കുറി​ച്ചി​ട്ടു.” (ലൂക്കോ. 2:51) മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തിൽ മറിയ​യ്‌ക്ക് അതിയായ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. നമുക്ക് എങ്ങനെ ദൈവ​ത്തി​ന്‍റെ ഇഷ്ടം ഒന്നാമതു വെക്കാം എന്നു മറിയ​യു​ടെ മാതൃക കാണി​ച്ചു​ത​രു​ന്നി​ല്ലേ?

12. (എ) യേശു എങ്ങനെ​യാ​ണു തന്‍റെ പിതാ​വി​നെ​പ്പോ​ലെ​യാ​യി​രു​ന്നത്‌? (ബി) നമുക്ക് എങ്ങനെ യേശു​വി​ന്‍റെ മാതൃക അനുക​രി​ക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

12 ഒരു ആത്മീയ​വ്യ​ക്തി​യാ​യി​രി​ക്കു​ന്ന​തിൽ ഇന്നോളം ഏറ്റവും നല്ല മാതൃ​ക​വെ​ച്ചതു യേശു​വാണ്‌. ജീവി​ത​ത്തി​ലും ശുശ്രൂ​ഷ​യി​ലും പിതാ​വായ യഹോ​വയെ അനുക​രി​ക്കാ​നാ​ണു താൻ ആഗ്രഹി​ക്കു​ന്ന​തെന്നു യേശു കാണിച്ചു. യേശു യഹോ​വ​യെ​പ്പോ​ലെ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും വികാ​രങ്ങൾ പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തു. ദൈവ​ത്തി​ന്‍റെ ഇഷ്ടത്തി​നും നിലവാ​ര​ങ്ങൾക്കും ചേർച്ച​യി​ലാ​ണു യേശു ജീവി​ച്ചത്‌. (യോഹ. 8:29; 14:9; 15:10) അതിന്‌ ഒരു ഉദാഹ​രണം നോക്കാം. പ്രവാ​ച​ക​നായ യശയ്യ, യഹോവ അനുകമ്പ കാണി​ക്കുന്ന വിധം വർണി​ക്കു​ന്നത്‌ എങ്ങനെ​യെന്നു വായി​ക്കുക. അതിനു​ശേഷം, യേശു ആളുക​ളോട്‌ ഇടപെ​ട്ട​തി​നെ​ക്കു​റിച്ച് സുവി​ശേഷ എഴുത്തു​കാ​ര​നായ മർക്കോസ്‌ വിവരി​ക്കുന്ന ഭാഗവു​മാ​യി താരത​മ്യം ചെയ്യുക. (യശയ്യ 63:9; മർക്കോസ്‌ 6:34 വായി​ക്കുക.) നമ്മൾ യേശു​വി​നെ​പ്പോ​ലെ​യാ​ണോ? സഹായം ആവശ്യ​മു​ള്ള​വർക്ക് അനുക​മ്പ​യോ​ടെ അതു ചെയ്‌തു​കൊ​ടു​ക്കാൻ നമ്മൾ എപ്പോ​ഴും തയ്യാറാ​ണോ? ഇനി, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ യേശു​വി​നെ​പ്പോ​ലെ നമ്മൾ തീക്ഷ്ണ​ത​യോ​ടെ ഏർപ്പെ​ടു​ന്നു​ണ്ടോ? (ലൂക്കോ. 4:43) ഇതെല്ലാം ഒരു ആത്മീയ​മ​നു​ഷ്യ​നെ തിരി​ച്ച​റി​യി​ക്കുന്ന അടയാ​ള​ങ്ങ​ളാണ്‌.

13, 14. (എ) ഇക്കാലത്തെ ആത്മീയ​മ​ന​സ്‌ക​രായ ആളുക​ളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) ഒരു ഉദാഹ​രണം പറയുക.

13 ക്രിസ്‌തു​വി​ന്‍റേ​തു​പോ​ലുള്ള വ്യക്തി​ത്വം വളർത്തി​യെ​ടു​ക്കാൻ കഠിന​ശ്രമം ചെയ്യുന്ന ആത്മീയ​മ​ന​സ്‌ക​രായ വ്യക്തികൾ ഇക്കാല​ത്തു​മുണ്ട്. ശുശ്രൂ​ഷ​യി​ലുള്ള അവരുടെ തീക്ഷ്ണ​ത​യും നല്ല ആതിഥ്യ​മ​ര്യാ​ദ​യും അനുക​മ്പ​പോ​ലുള്ള മറ്റു ഗുണങ്ങ​ളും നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും. ഈ ദൈവി​ക​ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്കാൻ ശ്രമി​ച്ച​പ്പോൾ അവർക്കും നമ്മളെ​പ്പോ​ലെ ബലഹീ​ന​ത​ക​ളോ​ടും അപൂർണ​ത​ക​ളോ​ടും മല്ലടി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്. ബ്രസീ​ലി​ലുള്ള റെയ്‌ച്ചൽ സഹോ​ദരി ഇങ്ങനെ പറയുന്നു: “ലോക​ത്തി​ന്‍റെ ഫാഷൻ അനുക​രി​ക്കു​ന്ന​താ​യി​രു​ന്നു എന്‍റെ രീതി. അതു​കൊണ്ട് എന്‍റെ വസ്‌ത്ര​ധാ​രണം അത്ര മാന്യ​മ​ല്ലാ​യി​രു​ന്നു. പക്ഷേ സത്യം പഠിച്ച​പ്പോൾ ഒരു ആത്മീയ​വ്യ​ക്തി​യാ​കാൻ എനിക്ക് ആഗ്രഹം തോന്നി. പക്ഷേ മാറ്റങ്ങൾ വരുത്തു​ന്നത്‌ എനിക്ക് അത്ര എളുപ്പ​മാ​യി​രു​ന്നില്ല. അതിന്‌ എന്‍റെ ഭാഗത്ത്‌ നല്ല ശ്രമം വേണ്ടി​വന്നു. എന്നാൽ, ഞാൻ ഇപ്പോൾ കൂടുതൽ സന്തോ​ഷ​മു​ള്ള​വ​ളാണ്‌. ജീവി​ത​ത്തിന്‌ യഥാർഥ ഉദ്ദേശ്യം കൈവ​ന്നി​രി​ക്കു​ന്നു.”

14 ഫിലി​പ്പീൻസിൽനി​ന്നുള്ള റാലിൻ സഹോ​ദ​രി​യു​ടെ പ്രശ്‌നം മറ്റൊ​ന്നാ​യി​രു​ന്നു. ജീവി​ത​ത്തിൽ ഉയരങ്ങൾ എത്തിപ്പി​ടി​ക്കു​ന്ന​തിന്‌ ഉന്നതവി​ദ്യാ​ഭ്യാ​സ​വും നല്ല ഒരു ജോലി​യും വേണ​മെന്നു സഹോ​ദരി ചിന്തിച്ചു, അതിലാ​യി​രു​ന്നു ശ്രദ്ധ മുഴുവൻ. സഹോ​ദരി പറയുന്നു: “എന്‍റെ ആത്മീയ​ല​ക്ഷ്യ​ങ്ങൾ മങ്ങി​പ്പോ​കാൻ തുടങ്ങി. ജീവി​ത​ത്തിൽ ജോലി​യെ​ക്കാ​ളൊ​ക്കെ വളരെ പ്രധാ​ന​പ്പെട്ട എന്തോ ഒന്നിന്‍റെ കുറവ്‌ എനിക്ക് അനുഭ​വ​പ്പെട്ടു. അതു​കൊണ്ട് ദൈവ​സേ​വ​ന​ത്തി​ലേക്കു ഞാൻ എന്‍റെ ശ്രദ്ധ തിരി​ച്ചു​വി​ട്ടു.” അതിൽപ്പി​ന്നെ മത്തായി 6:33, 34-ലെ യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ വിശ്വാ​സ​മർപ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു റാലിൻ സഹോ​ദ​രി​യു​ടെ ജീവിതം. സഹോ​ദരി പറയുന്നു: “യഹോവ കരുതു​മെന്ന കാര്യ​ത്തിൽ എനിക്ക് ഉറപ്പുണ്ട്.” നിങ്ങളു​ടെ സഭയി​ലും ഇങ്ങനെ​യുള്ള സഹോ​ദ​ര​ങ്ങളെ നിങ്ങൾക്ക് അറിയാ​മാ​യി​രി​ക്കും. ക്രിസ്‌തു​വി​നെ വിശ്വ​സ്‌ത​മാ​യി അനുഗ​മി​ക്കുന്ന അവരെ അനുക​രി​ക്കാൻ നമ്മൾ പ്രേരി​ത​രാ​കു​ന്നി​ല്ലേ?​—1 കൊരി. 11:1; 2 തെസ്സ. 3:7.

‘ക്രിസ്‌തു​വി​ന്‍റെ മനസ്സു​ള്ള​വ​രാ​യി​രി​ക്കുക’

15, 16. (എ) ക്രിസ്‌തു​വി​നെ​പ്പോ​ലെ​യാ​കാൻ നമ്മൾ എന്തു ചെയ്യണം? (ബി) “ക്രിസ്‌തു​വി​ന്‍റെ മനസ്സ്” അറിയാൻ നമുക്ക് എങ്ങനെ കഴിയും?

15 നമുക്ക് ഓരോ​രു​ത്തർക്കും എങ്ങനെ ക്രിസ്‌തു​വി​നെ അനുക​രി​ക്കാം? 1 കൊരി​ന്ത്യർ 2:16-ൽ ‘ക്രിസ്‌തു​വി​ന്‍റെ മനസ്സു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്’ പറയുന്നു. “ക്രിസ്‌തു​യേ​ശു​വി​നു​ണ്ടാ​യി​രുന്ന അതേ മനോ​ഭാ​വം” ഉണ്ടായി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് റോമർ 15:5-ഉം പറയു​ന്നുണ്ട്. അതു​കൊണ്ട്, ക്രിസ്‌തു​വി​നെ​പ്പോ​ലെ​യാ​കുന്ന​തി​നു നമ്മൾ ക്രിസ്‌തു​വി​ന്‍റെ ചിന്താ​രീ​തി​യും വ്യക്തി​ത്വ​സ​വി​ശേ​ഷ​ത​ക​ളും മനസ്സി​ലാ​ക്കണം. എന്നിട്ട് ക്രിസ്‌തു​വി​ന്‍റെ കാലടി​കൾക്കു പിന്നാലെ നടക്കണം. യേശു​വി​ന്‍റെ ചിന്തക​ളിൽ എപ്പോ​ഴും ദൈവ​വു​മാ​യുള്ള ബന്ധത്തി​നാ​യി​രു​ന്നു ഒന്നാം സ്ഥാനം. യേശു​വി​നെ​പ്പോ​ലെ​യാ​കു​ന്നതു നമ്മളെ യഹോ​വ​യി​ലേക്കു കൂടുതൽ അടുപ്പി​ക്കും. യേശു ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാൻ പഠിക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌!

16 നമുക്ക് ഇത്‌ എങ്ങനെ ചെയ്യാം? യേശു​വി​ന്‍റെ ശിഷ്യ​ന്മാർ യേശു ചെയ്‌ത അത്ഭുതങ്ങൾ കാണു​ക​യും യേശു​വി​ന്‍റെ പ്രസം​ഗങ്ങൾ കേൾക്കു​ക​യും എല്ലാ തരത്തി​ലുള്ള ആളുക​ളോ​ടും യേശു എങ്ങനെ​യാണ്‌ ഇടപെ​ട്ട​തെന്നു നിരീ​ക്ഷി​ക്കു​ക​യും ചെയ്‌തു. കൂടാതെ, യേശു എങ്ങനെ​യാ​ണു ദൈവി​ക​ത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കു​ന്ന​തെ​ന്നും അവർ കണ്ടിരു​ന്നു. അതു​കൊണ്ട് അവർ പറഞ്ഞു: ‘യേശു ചെയ്‌ത സകല കാര്യ​ങ്ങൾക്കും ഞങ്ങൾ ദൃക്‌സാ​ക്ഷി​ക​ളാണ്‌.’ (പ്രവൃ. 10:39) എന്നാൽ ഇന്നു നമുക്കു യേശു​വി​നെ കണ്ടുപ​ഠി​ക്കാൻ കഴിയില്ല. പക്ഷേ യഹോവ സ്‌നേ​ഹ​പൂർവം സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ തന്നിരി​ക്കു​ന്നു. അതു വായി​ക്കു​മ്പോൾ യേശു​വി​ന്‍റെ വ്യക്തി​ത്വ​സ​വി​ശേ​ഷ​തകൾ ജീവസ്സു​റ്റ​താ​യി നമ്മുടെ മനസ്സി​ലേക്കു കടന്നു​വ​രും. മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നീ ബൈബിൾഭാ​ഗങ്ങൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ ക്രിസ്‌തു​വി​ന്‍റെ ചിന്തകൾ മനസ്സി​ലാ​ക്കാൻ നമ്മൾ മനസ്സു തുറക്കു​ക​യാണ്‌. അങ്ങനെ, ‘ക്രിസ്‌തു​വി​ന്‍റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലാ​നും’ ‘ക്രിസ്‌തു​വി​ന്‍റെ അതേ മനോ​ഭാ​വം ഒരു ആയുധ​മാ​യി ധരിക്കാ​നും’ നമുക്കു കഴിയും.​—1 പത്രോ. 2:21; 4:1.

17. ക്രിസ്‌തു​വി​നെ​പ്പോ​ലെ ചിന്തി​ക്കു​ന്നതു നമ്മളെ എങ്ങനെ സഹായി​ക്കും?

17 ക്രിസ്‌തു​വി​നെ​പ്പോ​ലെ ചിന്തി​ക്കാൻ പഠിക്കു​ന്നതു നമുക്ക് എങ്ങനെ പ്രയോ​ജനം ചെയ്യും? പോഷ​ക​പ്ര​ദ​മായ ആഹാരം ശരീര​ത്തി​നു ബലമേ​കു​ന്ന​തു​പോ​ലെ ക്രിസ്‌തു​വി​ന്‍റെ ചിന്തകൾകൊണ്ട് മനസ്സു നിറയ്‌ക്കു​മ്പോൾ നമ്മുടെ ആത്മീയത ബലപ്പെ​ടും. ഓരോ സാഹച​ര്യ​ത്തി​ലും ക്രിസ്‌തു​വാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്യു​മാ​യി​രു​ന്നെന്നു നമുക്കു ക്രമേണ മനസ്സി​ലാ​കും. ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യും ദൈവാം​ഗീ​കാ​ര​വും നഷ്ടപ്പെ​ടാ​തെ നിലനി​റു​ത്താൻ സഹായി​ക്കുന്ന തീരു​മാ​നങ്ങൾ എടുക്കാൻ അതുവഴി നമുക്കു കഴിയും. ഈ പ്രയോ​ജ​ന​ങ്ങ​ളൊ​ക്കെ ‘കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ ധരിച്ചു​കൊ​ള്ളാ​നുള്ള’ തക്കതായ കാരണ​ങ്ങ​ളല്ലേ?​—റോമ. 13:14.

18. ഒരു ആത്മീയ​വ്യ​ക്തി​യാ​കു​ന്ന​തി​നെ​ക്കു​റിച്ച് ഈ ലേഖന​ത്തിൽനിന്ന് നിങ്ങൾ എന്തെല്ലാ​മാ​ണു പഠിച്ചത്‌?

18 ആത്മീയ​വ്യ​ക്തി​യാ​യി​രി​ക്കുക എന്നാൽ എന്താണ്‌ അർഥ​മെന്നു നമ്മൾ മനസ്സി​ലാ​ക്കി. ആത്മീയ​വ്യ​ക്തി​ക​ളാ​യി നല്ല മാതൃ​ക​വെച്ച ചില​രെ​ക്കു​റിച്ച് നമ്മൾ പഠിച്ചു. ‘ക്രിസ്‌തു​വി​ന്‍റെ മനസ്സു​ണ്ടാ​യി​രി​ക്കു​ന്നത്‌’ ഒരു ആത്മീയ​വ്യ​ക്തി​യാ​യി വളരാൻ എങ്ങനെ സഹായി​ക്കു​മെ​ന്നും നമ്മൾ കണ്ടു. എങ്കിലും, ആത്മീയ​ത​യെ​ക്കു​റിച്ച് ഇനിയും ധാരാളം കാര്യങ്ങൾ പഠിക്കാ​നുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ ആത്മീയത എത്ര​ത്തോ​ളം ശക്തമാ​ണെന്ന് എങ്ങനെ തിരി​ച്ച​റി​യാം? അതു വളർത്തി​യെ​ടു​ക്കാൻ കൂടു​ത​ലാ​യി എന്തു ചെയ്യാ​നാ​കും? ആത്മീയത നമ്മുടെ അനുദി​ന​ജീ​വി​തത്തെ എങ്ങനെ​യാ​ണു സ്വാധീ​നി​ക്കു​ന്നത്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കും.