വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അതിഥിസത്‌കാരം​—ഇന്ന് എത്ര പ്രധാനം!

അതിഥിസത്‌കാരം​—ഇന്ന് എത്ര പ്രധാനം!

“മുറു​മു​റു​പ്പു കൂടാതെ പരസ്‌പരം ആതിഥ്യ​മ​രു​ളുക.”​—1 പത്രോ. 4:9.

ഗീതങ്ങൾ: 100, 87

1. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ എന്തു ബുദ്ധി​മു​ട്ടു​ക​ളാ​ണു നേരി​ട്ടി​രു​ന്നത്‌?

പത്രോസ്‌ അപ്പോ​സ്‌തലൻ എ.ഡി. 62-നും 64-നും ഇടയിൽ “പൊ​ന്തൊ​സി​ലും ഗലാത്യ​യി​ലും കപ്പദോ​ക്യ​യി​ലും ഏഷ്യയി​ലും ബിഥു​ന്യ​യി​ലും ചിതറി​പ്പാർക്കുന്ന പ്രവാ​സി​കൾക്ക്” ഒരു കത്ത്‌ എഴുതി. (1 പത്രോ. 1:1) ഏഷ്യാ​മൈ​ന​റി​ലെ ഈ സഭകളി​ലുള്ള സഹോ​ദ​രങ്ങൾ വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു, അവർക്കു പ്രോ​ത്സാ​ഹ​ന​വും മാർഗ​നിർദേ​ശ​വും ആവശ്യ​മായ ഒരു സമയമാ​യി​രു​ന്നു അത്‌. അവർ ശരിക്കും ‘അഗ്നിപ​രീ​ക്ഷകൾ’ നേരിട്ടു. ആളുകൾ അവരെ​ക്കു​റിച്ച് മോശ​മാ​യി സംസാ​രി​ക്കു​ക​യും അവരെ എതിർക്കു​ക​യും ചെയ്‌തി​രു​ന്നു. കൂടാതെ, നിർണാ​യ​ക​മായ ഒരു സമയത്താണ്‌ അവർ ജീവി​ച്ചി​രു​ന്നത്‌. കാരണം, പത്രോസ്‌ എഴുതി​യ​തു​പോ​ലെ ‘എല്ലാത്തി​ന്‍റെ​യും അവസാനം അടുത്തി​രു​ന്നു.’ പത്തു വർഷത്തി​നു​ള്ളിൽ യരുശ​ലേം ദാരു​ണ​മായ രീതി​യിൽ നശിപ്പി​ക്ക​പ്പെ​ടും. സമ്മർദം നിറഞ്ഞ ആ സമയത്ത്‌ എല്ലാ സ്ഥലങ്ങളി​ലു​മുള്ള ക്രിസ്‌ത്യാ​നി​കൾക്ക് എങ്ങനെ പിടി​ച്ചു​നിൽക്കാൻ കഴിയു​മാ​യി​രു​ന്നു?​—1 പത്രോ. 4:4, 7, 12.

2, 3. ആതിഥ്യം കാണി​ക്കാൻ പത്രോസ്‌ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

2 പത്രോസ്‌ സഹോ​ദ​ര​ങ്ങ​ളോ​ടു ചെയ്യാൻ ആവശ്യ​പ്പെട്ട ഒരു കാര്യം ഇതായി​രു​ന്നു: “പരസ്‌പരം ആതിഥ്യ​മ​രു​ളുക.” (1 പത്രോ. 4:9) “ആതിഥ്യം” എന്നതി​നുള്ള ഗ്രീക്കു​പ​ദ​ത്തി​ന്‍റെ അർഥം “അപരി​ചി​ത​രോ​ടുള്ള താത്‌പ​ര്യം അല്ലെങ്കിൽ ദയ” എന്നാണ്‌. പക്ഷേ ഇവിടെ, പരസ്‌പരം നന്നായി അറിയാ​വു​ന്ന​വ​രും പതിവാ​യി സഹവസി​ക്കു​ന്ന​വ​രും ആയ ക്രിസ്‌തീ​യ​സ​ഹോ​ദ​ര​ങ്ങ​ളോ​ടാ​ണു “പരസ്‌പരം” ആതിഥ്യം കാണി​ക്കാൻ പത്രോസ്‌ ആവശ്യ​പ്പെ​ട്ടത്‌. ആതിഥ്യ​മ​രു​ളു​ന്നത്‌ അവരെ എങ്ങനെ സഹായി​ക്കു​മാ​യി​രു​ന്നു?

3 അത്‌ അവരെ തമ്മിൽ കൂടുതൽ അടുപ്പി​ക്കു​മാ​യി​രു​ന്നു. നിങ്ങളു​ടെ​തന്നെ അനുഭവം നോക്കുക. മറ്റുള്ളവർ നിങ്ങളെ അവരുടെ വീട്ടി​ലേക്കു ക്ഷണിച്ച​പ്പോൾ ഉണ്ടായ നല്ലനല്ല ഓർമകൾ നിങ്ങളു​ടെ മനസ്സിൽ ഇപ്പോ​ഴും തങ്ങിനിൽക്കു​ന്നി​ല്ലേ? നിങ്ങൾ സഭയിലെ ആരെ​യെ​ങ്കി​ലും വീട്ടി​ലേക്കു ക്ഷണിച്ച​പ്പോ​ഴോ? നിങ്ങൾ തമ്മിലുള്ള സ്‌നേ​ഹ​ബന്ധം കൂടുതൽ ആഴമു​ള്ള​താ​യി​ല്ലേ? നമ്മുടെ സഹോ​ദ​ര​ങ്ങളെ അടുത്ത്‌ അറിയാ​നുള്ള ഏറ്റവും നല്ല മാർഗ​ങ്ങ​ളി​ലൊ​ന്നാണ്‌ അവർക്ക് ആതിഥ്യ​മ​രു​ളു​ന്നത്‌. പത്രോ​സി​ന്‍റെ നാളിലെ ക്രിസ്‌ത്യാ​നി​കൾ, അവസ്ഥകൾ മോശ​മാ​കും​തോ​റും കൂടു​തൽക്കൂ​ടു​തൽ അടുക്ക​ണ​മാ​യി​രു​ന്നു. “അവസാ​ന​കാ​ലത്ത്‌” ജീവി​ക്കുന്ന നമ്മുടെ കാര്യ​ത്തി​ലും ഇത്‌ അങ്ങനെ​ത​ന്നെ​യാണ്‌.​—2 തിമൊ. 3:1.

4. ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾക്ക് ഉത്തരം കണ്ടെത്തും?

4 “പരസ്‌പരം” ആതിഥ്യ​മ​രു​ളാൻ നമുക്ക് എന്തെല്ലാം അവസര​ങ്ങ​ളുണ്ട്? ആതിഥ്യ​മ​രു​ളു​ന്ന​തി​നു തടസ്സമാ​യേ​ക്കാ​വുന്ന കാര്യങ്ങൾ മറിക​ട​ക്കാൻ എങ്ങനെ കഴിയും? ഒരു നല്ല അതിഥി​യാ​യി​രി​ക്കാൻ എങ്ങനെ സാധി​ക്കും?

ആതിഥ്യ​മ​രു​ളാ​നുള്ള അവസരങ്ങൾ

5. ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ നമുക്ക് എങ്ങനെ ആതിഥ്യം കാണി​ക്കാം?

5 ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ: യോഗ​ങ്ങൾക്കു കൂടി​വ​രുന്ന എല്ലാവ​രും യഹോ​വ​യു​ടെ​യും സംഘട​ന​യു​ടെ​യും അതിഥി​ക​ളാണ്‌. നമ്മളെ​പ്പോ​ലെ ആത്മീയ​ഭ​ക്ഷണം കഴിക്കാ​നാ​യി വരുന്ന അതിഥി​ക​ളാണ്‌ അവിടെ വരുന്ന​വ​രെ​ല്ലാം. അതു​കൊണ്ട് നമ്മൾ പരസ്‌പരം സ്വാഗതം ചെയ്യണം. (റോമ. 15:7) പുതി​യവർ വരു​മ്പോൾ ഒരർഥ​ത്തിൽ നമ്മളും ആതി​ഥേ​യ​രാ​കു​ക​യാണ്‌. പുതി​യ​വ​രു​ടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും എന്തുമാ​യി​ക്കൊ​ള്ളട്ടെ, അവരെ സ്വാഗതം ചെയ്യാൻ നിങ്ങൾക്കു മുൻ​കൈ​യെ​ടു​ക്കാ​നാ​കു​മോ? (യാക്കോ. 2:1-4) പുതി​യ​താ​യി വന്ന ഒരാളെ ആരും കാര്യ​മാ​ക്കു​ന്ന​താ​യി കാണു​ന്നി​ല്ലെ​ങ്കിൽ അദ്ദേഹത്തെ നിങ്ങളു​ടെ​കൂ​ടെ ഇരിക്കാൻ ക്ഷണിച്ചു​കൂ​ടേ? പരിപാ​ടി​ക​ളു​ടെ സമയത്ത്‌ പ്രസിദ്ധീകരണങ്ങളും വായിക്കുന്ന തിരു​വെ​ഴു​ത്തു​ക​ളും അദ്ദേഹ​ത്തെ​യും​കൂ​ടെ കാണി​ച്ചു​കൊ​ടു​ക്കു​ന്നെ​ങ്കിൽ അദ്ദേഹം അതു വിലമ​തി​ച്ചേ​ക്കും. ‘അതിഥി​കളെ സത്‌ക​രി​ക്കു​ന്ന​തി​നുള്ള’ നല്ലൊരു വഴിയാണ്‌ ഇത്‌.​—റോമ. 12:13.

6. മുഖ്യ​മാ​യും ആരായി​രി​ക്കണം നമ്മുടെ അതിഥി​കൾ?

6 ചായയ്‌ക്കോ ഒരു നേരത്തെ ഭക്ഷണത്തി​നോ: ബൈബിൾക്കാ​ല​ങ്ങ​ളിൽ ആരെ​യെ​ങ്കി​ലും ഒരു നേരത്തെ ഭക്ഷണത്തി​നു വീട്ടി​ലേക്കു ക്ഷണിക്കു​ന്നത്‌ ആതിഥ്യ​മ​രു​ളു​ന്ന​തി​ന്‍റെ ഭാഗമാ​യി​രു​ന്നു. (ഉൽപ. 18:1-8; ന്യായാ. 13:15; ലൂക്കോ. 24:28-30) സൗഹൃ​ദ​വും സമാധാ​ന​വും സ്ഥാപി​ക്കാ​നുള്ള ഒരു ക്ഷണമാ​യി​ട്ടാണ്‌ അതിനെ കണ്ടിരു​ന്നത്‌. മുഖ്യ​മാ​യും ആരായി​രി​ക്കണം നമ്മുടെ അതിഥി​കൾ? നമ്മുടെ സഭയിലെ സഹോ​ദ​രങ്ങൾ. നമ്മുടെ ജീവി​ത​ത്തിൽ അവർക്ക് ഒരു മുഖ്യ​സ്ഥാ​ന​മി​ല്ലേ? ബുദ്ധി​മു​ട്ടു​ക​ളു​ടെ സമയത്ത്‌ നമ്മൾ പരസ്‌പരം താങ്ങേ​ണ്ട​വ​രല്ലേ? അതു​കൊണ്ട് നമ്മൾ എല്ലാവ​രും ആത്മാർഥ​ത​യുള്ള സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കണം, എല്ലാവ​രു​മാ​യും സമാധാ​ന​ത്തി​ലു​മാ​യി​രി​ക്കണം. 2011-ൽ ഭരണസം​ഘം, ഐക്യ​നാ​ടു​ക​ളി​ലെ ബഥേൽകു​ടും​ബ​ത്തി​ന്‍റെ വീക്ഷാ​ഗോ​പു​ര​പ​ഠ​ന​സ​മയം വൈകു​ന്നേരം 6.45-ൽനിന്ന് 6.15-ലേക്കു മാറ്റി. എന്തു​കൊണ്ട്? മീറ്റിങ്ങ് നേരത്തേ തീർന്നാൽ ബഥേലി​ലു​ള്ള​വർക്ക് ആതിഥ്യം കാണി​ക്കാ​നും അതു സ്വീക​രി​ക്കാ​നും കൂടുതൽ സമയം കിട്ടും. മറ്റു ബ്രാ​ഞ്ചോ​ഫീ​സു​ക​ളും ഈ രീതി പിൻപറ്റി. ഈ ക്രമീ​ക​രണം ബഥേൽകു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഇഴയടു​പ്പം മുമ്പെ​ന്ന​ത്തേ​തി​ലും വർധി​പ്പി​ച്ചി​രി​ക്കു​ന്നു.

7, 8. നമ്മുടെ സഭയിൽ വരുന്ന പ്രസം​ഗ​കർക്കും സംഘട​ന​യു​ടെ മറ്റു പ്രതി​നി​ധി​കൾക്കും എങ്ങനെ ആതിഥ്യ​മ​രു​ളാം?

7 മറ്റു സഭകളിൽനിന്ന് പൊതു​പ്ര​സം​ഗങ്ങൾ നടത്താൻ സഹോ​ദ​ര​ന്മാർ നമ്മുടെ സഭയിൽ വരാറുണ്ട്. അതു​പോ​ലെ സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാ​രും ചില​പ്പോ​ഴൊ​ക്കെ പ്രാ​ദേ​ശിക ബ്രാഞ്ച് പ്രതി​നി​ധി​ക​ളും നമ്മളെ സന്ദർശി​ക്കു​ന്നതു നമ്മൾ ആസ്വദി​ക്കു​ന്നു. ആ സഹോ​ദ​ര​ങ്ങൾക്ക് ആതിഥ്യ​മ​രു​ളാ​നുള്ള നല്ല അവസര​ങ്ങ​ളാണ്‌ അവ. (3 യോഹ​ന്നാൻ 5-8 വായി​ക്കുക.) ചായയ്‌ക്കോ ഒരു നേരത്തെ ഭക്ഷണത്തി​നോ അവരെ ക്ഷണിച്ചു​കൊണ്ട് നമുക്ക് അതു ചെയ്യാം. നിങ്ങൾ ആ അവസരം ഉപയോ​ഗി​ക്കു​മോ?

8 ഐക്യ​നാ​ടു​ക​ളി​ലെ ഒരു സഹോ​ദരി പറയുന്നു: “പ്രസം​ഗ​ത്തി​നു വരുന്ന അനേകം സഹോ​ദ​ര​ന്മാർക്കും അവരുടെ ഭാര്യ​മാർക്കും ഞങ്ങളുടെ വീട്ടിൽ ആതിഥ്യ​മ​രു​ളാ​നുള്ള അവസരം കഴിഞ്ഞു​പോയ വർഷങ്ങ​ളി​ലെ​ല്ലാം എനിക്കും ഭർത്താ​വി​നും കിട്ടി​യി​ട്ടുണ്ട്. ഓരോ സന്ദർഭ​വും ആനന്ദം പകരുന്ന അനുഭ​വ​ങ്ങ​ളാ​യി​രു​ന്നു, രസകര​വും അതി​ലേറെ ആത്മീയ​മാ​യി ശക്തി​പ്പെ​ടു​ത്തു​ന്ന​തും ആയിരു​ന്നു. അങ്ങനെ ചെയ്യേ​ണ്ടാ​യി​രു​ന്നെന്നു ഞങ്ങൾക്ക് ഒരിക്ക​ലും തോന്നി​യി​ട്ടില്ല.”

9, 10. (എ) ആർക്കു താമസസൗ​ക​ര്യം ആവശ്യ​മാ​യി​വ​ന്നേ​ക്കാം? (ബി) വലിയ സൗകര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത വീടു​ള്ള​വർക്കും സഹായി​ക്കാൻ കഴിയു​മോ? ദൃഷ്ടാന്തം പറയുക.

9 താമസ​സൗ​ക​ര്യം കൊടു​ക്കേണ്ട അതിഥി​കൾ: പുരാ​ത​ന​കാ​ലത്ത്‌, വിശ്വ​സി​ക്കാൻ പറ്റുന്ന സന്ദർശ​കർക്കു താമസ​സൗ​ക​ര്യം കൊടു​ക്കു​ന്നത്‌ ആതിഥ്യം കാണി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രു​ന്നു. (ഇയ്യോ. 31:32; ഫിലേ. 22) ഇക്കാല​ത്തും അങ്ങനെ​യുള്ള ആവശ്യ​ങ്ങ​ളുണ്ട്. സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാർ സഭകൾ സന്ദർശി​ക്കു​മ്പോൾ അവർക്കു താമസ​സൗ​ക​ര്യം വേണം. ദിവ്യാ​ധി​പ​ത്യ​സ്‌കൂ​ളു​ക​ളി​ലെ വിദ്യാർഥി​കൾക്കും അതു​പോ​ലെ നിർമാണ സന്നദ്ധ​സേ​വ​കർക്കും താമസി​ക്കാൻ ഒരു സ്ഥലം വേണ്ടി​വ​ന്നേ​ക്കാം. പ്രകൃ​തി​വി​പ​ത്തു​ക​ളു​ണ്ടാ​കു​മ്പോൾ ചിലർക്കു വീടുകൾ നഷ്ടപ്പെ​ടു​ന്നു, വീടുകൾ പുനർനിർമി​ക്കു​ന്ന​തു​വരെ അവർക്കു തല ചായി​ക്കാൻ ഒരിടം വേണം. വലിയ വീടു​ള്ള​വർക്കേ ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ സഹായി​ക്കാൻ കഴിയൂ എന്നു വിചാ​രി​ക്ക​രുത്‌. അവർ ഇതി​നോ​ട​കം​തന്നെ പലവട്ടം താമസ​സൗ​ക​ര്യം കൊടു​ത്തി​ട്ടു​ണ്ടാ​കും. നിങ്ങളു​ടെ വീടു ചെറു​താ​ണെ​ങ്കി​ലും, സൗകര്യ​ങ്ങൾ കുറവാ​ണെ​ങ്കി​ലും മറ്റൊ​രാൾക്കു​വേണ്ടി വാതി​ലു​കൾ തുറന്നു​കൊ​ടു​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

10 ദിവ്യാ​ധി​പ​ത്യ​സ്‌കൂ​ളു​ക​ളിൽ പങ്കുപ​റ്റുന്ന വിദ്യാർഥി​കൾക്കു താമസ​സൗ​ക​ര്യം ഒരുക്കി​യ​തി​ന്‍റെ മധുര​സ്‌മ​ര​ണകൾ ദക്ഷിണ കൊറി​യ​യി​ലെ ഒരു സഹോ​ദരൻ പങ്കു​വെ​ക്കു​ന്നു: “ആദ്യ​മൊ​ക്കെ എനിക്ക് അൽപ്പം മടിയു​ണ്ടാ​യി​രു​ന്നു, കാരണം ഞങ്ങൾ വിവാ​ഹി​ത​രാ​യിട്ട് അധികം നാളാ​യി​രു​ന്നില്ല, പോരാ​ത്ത​തി​നു ഞങ്ങളു​ടേതു ചെറിയ വീടും. പക്ഷേ വിദ്യാർഥി​കൾ ഞങ്ങളോ​ടൊ​പ്പം താമസി​ച്ചതു ശരിക്കും സന്തോ​ഷ​ക​ര​മായ ഒരു അനുഭ​വ​മാ​യി​രു​ന്നു. ദമ്പതികൾ ഒരുമിച്ച് യഹോ​വയെ സേവി​ക്കു​മ്പോ​ഴും ആത്മീയ​ല​ക്ഷ്യ​ങ്ങൾവെച്ച് അവ നേടി​യെ​ടു​ക്കു​മ്പോ​ഴും ഉള്ള അവരുടെ സന്തോഷം നവദമ്പ​തി​ക​ളായ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു.”

11. നിങ്ങളു​ടെ സഭയി​ലേക്കു മാറി​വ​രു​ന്ന​വ​രോട്‌ ആതിഥ്യം കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

11 നിങ്ങളു​ടെ സഭയി​ലേക്കു മാറി​വ​രു​ന്ന​വ​രോട്‌: ഒറ്റയ്‌ക്കോ കുടും​ബ​ങ്ങ​ളാ​യോ ആളുകൾ നിങ്ങളു​ടെ പ്രദേ​ശ​ത്തേക്കു മാറി​വ​ന്നേ​ക്കാം. ചിലർ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പ്രവർത്തി​ക്കാ​നാ​ണു വരുന്നത്‌. അതു​പോ​ലെ, നിയമനം കിട്ടി നിങ്ങളു​ടെ സഭയെ സഹായി​ക്കാൻ ചില മുൻനി​ര​സേ​വ​ക​രും വന്നേക്കാം. ഒരുപക്ഷേ പുതിയ ചുറ്റു​പാ​ടും സഭയും ഭാഷയും സംസ്‌കാ​ര​വും എല്ലാമാ​യി ചേർന്നു​പോ​കാൻ അവർക്ക് ആദ്യം അൽപ്പം ബുദ്ധി​മു​ട്ടു തോന്നും. അവരെ ഒരു കപ്പു ചായയ്‌ക്കോ ഒരു നേരത്തെ ഭക്ഷണത്തി​നോ ക്ഷണിക്കാ​നാ​കു​മോ? അല്ലെങ്കിൽ, അവരു​ടെ​കൂ​ടെ ഒന്നു ‘പുറത്ത്‌ പോകു​ന്ന​തി​നെ​ക്കു​റി​ച്ചെന്ത്?’ അങ്ങനെ പുതിയ സുഹൃ​ത്തു​ക്കളെ നേടാ​നും മാറിവന്ന സാഹച​ര്യ​ങ്ങ​ളോ​ടു പൊരു​ത്ത​പ്പെ​ടാ​നും നമുക്ക് അവരെ സഹായി​ക്കാം.

12. അതിഥി​സ​ത്‌കാ​രം വിപു​ല​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ലെന്ന് ഏതു സംഭവം കാണി​ക്കു​ന്നു?

12 അതിഥി​കളെ സത്‌ക​രി​ക്കാൻ വലിയ ഒരു വിരുന്ന് ഒരുക്ക​ണ​മെ​ന്നില്ല. (ലൂക്കോസ്‌ 10:41, 42 വായി​ക്കുക.) മിഷന​റി​സേ​വ​ന​ത്തി​ന്‍റെ ആദ്യനാ​ളു​ക​ളി​ലേക്കു തിരി​ഞ്ഞു​നോ​ക്കി​ക്കൊണ്ട് ഒരു സഹോ​ദരൻ പറയുന്നു: “ഞങ്ങൾ ചെറു​പ്പ​മാ​യി​രു​ന്നു, അനുഭ​വ​പ​രി​ച​യ​വും കുറവാ​യി​രു​ന്നു, കൂടെ വീട്ടിൽനിന്ന് പോന്ന​തി​ന്‍റെ സങ്കടവും. ഒരു ദിവസം വൈകു​ന്നേരം, വീടി​നെ​ക്കു​റി​ച്ചുള്ള ചിന്തകൾ ഭാര്യയെ വല്ലാതെ വിഷമി​പ്പി​ച്ചു. സഹായി​ക്കാ​നുള്ള എന്‍റെ ശ്രമങ്ങ​ളൊ​ന്നും ഫലിച്ചില്ല. ഏകദേശം ഏഴരയാ​യ​പ്പോൾ വാതി​ലിൽ ഒരു മുട്ടു കേട്ടു. കതകു തുറന്ന​പ്പോൾ ഒരു ബൈബിൾവി​ദ്യാർഥി മൂന്ന് ഓറഞ്ചു​മാ​യി നിൽക്കു​ന്നു. പുതിയ മിഷന​റി​മാ​രെ പരിച​യ​പ്പെ​ടാൻ വന്നതാ​യി​രു​ന്നു ആ സ്‌ത്രീ. ഞങ്ങൾ അവരെ അകത്തേക്കു ക്ഷണിച്ചു, എന്നിട്ട് ഒരു ഗ്ലാസ്‌ വെള്ളം കൊടു​ത്തു. അതുക​ഴിഞ്ഞ് ഞങ്ങൾ ചായയും ചോ​ക്ലേ​റ്റു​കൊണ്ട് ഒരു പാനീ​യ​വും ഉണ്ടാക്കി. ഞങ്ങൾക്ക് അവരുടെ ഭാഷയായ സ്വാഹി​ലി​യും അവർക്ക് ഇംഗ്ലീ​ഷും അറിയി​ല്ലാ​യി​രു​ന്നു. പക്ഷേ, അതൊരു തുടക്ക​മാ​യി​രു​ന്നു, പതു​ക്കെ​പ്പ​തു​ക്കെ അവിടത്തെ സഹോ​ദ​ര​ങ്ങ​ളു​മാ​യി സുഹൃ​ദ്‌ബ​ന്ധങ്ങൾ സൃഷ്ടി​ക്കു​ന്ന​തി​ന്‍റെ സന്തോഷം ഞങ്ങൾ ആസ്വദി​ച്ചു​തു​ടങ്ങി.”

തടസ്സങ്ങൾ മറിക​ട​ക്കു​ക

13. ആതിഥ്യം കാണി​ക്കു​ന്ന​തു​കൊണ്ട് എന്തൊക്കെ പ്രയോ​ജ​ന​ങ്ങ​ളുണ്ട്?

13 ആതിഥ്യം കാണി​ക്കാൻ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും മടിച്ചു​നി​ന്നി​ട്ടു​ണ്ടോ? എങ്കിൽ സന്തോ​ഷ​ക​ര​മായ സഹവാ​സ​വും നിലനിൽക്കുന്ന സൗഹൃദം തുടങ്ങാ​നുള്ള അവസര​വും നിങ്ങൾ നഷ്ടപ്പെ​ടു​ത്തു​ക​യാ​ണു ചെയ്‌തത്‌. ഏകാന്ത​ത​യ്‌ക്കുള്ള നല്ലൊരു മറുമ​രു​ന്നാണ്‌ ആതിഥ്യം. അപ്പോൾപ്പി​ന്നെ ‘എന്തു​കൊ​ണ്ടാണ്‌ ആതിഥ്യ​മ​രു​ളാൻ ചിലർ മടിക്കു​ന്നത്‌?’ പല കാരണ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം.

14. ആതിഥ്യം കാണി​ക്കാ​നോ സ്വീക​രി​ക്കാ​നോ നമുക്കു സമയവും ആരോഗ്യവും ഇല്ലെന്നു തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യാം?

14 തിരക്കും ക്ഷീണവും: യഹോ​വ​യു​ടെ ദാസർ തിരക്കു​ള്ള​വ​രാണ്‌, അവർക്കു പലപല ഉത്തരവാ​ദി​ത്വ​ങ്ങൾ കണ്ടേക്കാം. അതൊക്കെ കഴിയു​മ്പോ​ഴേ​ക്കും ക്ഷീണി​ക്കു​ന്ന​തു​കൊണ്ട് ആരെയും വീട്ടി​ലേക്കു വിളി​ക്കാൻ സാധി​ക്കു​ന്നി​ല്ലെ​ന്നാ​ണു ചിലർ പറയു​ന്നത്‌. നിങ്ങളു​ടെ സാഹച​ര്യം അതാ​ണെ​ങ്കിൽ, ആതിഥ്യം കാണി​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങളു​ടെ പട്ടിക​യിൽ ചില മാറ്റങ്ങൾ വരുത്താൻ പറ്റുമോ? കാരണം, ആതിഥ്യം കാണി​ക്കാൻ തിരു​വെ​ഴു​ത്തു​കൾ ക്രിസ്‌ത്യാ​നി​ക​ളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. (എബ്രാ. 13:2) അതിനു സമയം മാറ്റി​വെ​ക്കു​ന്നത്‌ ഒരു തെറ്റല്ല, വാസ്‌ത​വ​ത്തിൽ അതാണു ശരിയായ കാര്യം. ചില​പ്പോൾ അത്ര പ്രാധാ​ന്യ​മി​ല്ലാത്ത ചില കാര്യ​ങ്ങൾക്കു മാറ്റി​വെ​ച്ചി​രി​ക്കുന്ന സമയം നിങ്ങൾ വെട്ടി​ച്ചു​രു​ക്കേണ്ടി വന്നേക്കാം.

15. ആതിഥ്യ​മ​രു​ളാൻ ചിലർ മടിച്ചു​നിൽക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

15 നിങ്ങ​ളെ​ക്കു​റി​ച്ചു​ത​ന്നെ​യുള്ള ചിന്തകൾ: ആതിഥ്യ​മ​രു​ള​ണ​മെന്ന് ആഗ്രഹ​മു​ണ്ടെ​ങ്കി​ലും അതിനു കഴിയി​ല്ലെന്നു നിങ്ങൾക്ക് എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? ചിലർ സ്വതവേ ലജ്ജാലു​ക്ക​ളാ​യി​രി​ക്കും, സംഭാ​ഷണം മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാൻ കഴിയി​ല്ലെ​ന്നോ അതിഥി​കൾക്കു ബോറ​ടി​ക്കു​മെ​ന്നോ ഒക്കെയാ​യി​രി​ക്കാം അവരുടെ വിചാരം. ഇനി, സഭയിലെ മറ്റുള്ളവർ ചെയ്യു​ന്ന​തു​പോ​ലെ​യൊ​ന്നും ചെയ്യാ​നുള്ള വകയി​ല്ലെന്നു സാമ്പത്തി​ക​ശേ​ഷി​യി​ല്ലാത്ത ചിലർ കരുതി​യേ​ക്കാം. എന്നാൽ ഒരു കാര്യം ഓർക്കുക: വീടിന്‍റെ വലുപ്പ​മോ സൗകര്യ​ങ്ങ​ളോ അല്ല കാര്യം, പകരം വീട്‌ ആകർഷ​ക​മാ​യി സൂക്ഷി​ച്ചി​ട്ടു​ണ്ടോ, വൃത്തി​യും വെടി​പ്പും ഉള്ളതാ​ണോ, സാധനങ്ങൾ അടുക്കും ചിട്ട​യോ​ടെ​യും ആണോ വെച്ചി​രി​ക്കു​ന്നത്‌ എന്നതൊ​ക്കെ​യാണ്‌.

16, 17. അതിഥി​കളെ വീട്ടി​ലേക്കു വിളി​ക്കു​ന്ന​തി​ന്‍റെ ഉത്‌ക​ണ്‌ഠകൾ എങ്ങനെ കുറയ്‌ക്കാം?

16 അതിഥി​കളെ വീട്ടി​ലേക്കു ക്ഷണിക്കാൻ നിങ്ങൾക്ക് ഉത്‌കണ്‌ഠ തോന്നു​ന്നു​ണ്ടോ? പലർക്കും അങ്ങനെ തോന്നാ​റുണ്ട്. ബ്രിട്ട​നി​ലെ ഒരു മൂപ്പൻ തുറന്നു​പ​റ​യു​ന്നു: “അതിഥി​കൾക്കു​വേണ്ടി ഒരുക്കങ്ങൾ നടത്തു​മ്പോൾ അൽപ്പ​മൊ​ക്കെ ഉത്‌കണ്‌ഠ തോന്നു​ന്നതു സ്വാഭാ​വി​ക​മാണ്‌. പക്ഷേ യഹോ​വ​യു​ടെ സേവന​ത്തി​ന്‍റെ ഏതു മേഖല​യി​ലും എന്നപോ​ലെ, ഇതിൽനിന്ന് ലഭിക്കുന്ന സംതൃ​പ്‌തി ഏത്‌ ഉത്‌ക​ണ്‌ഠ​യെ​യും കടത്തി​വെ​ട്ടു​ന്ന​താണ്‌. അതിഥി​ക​ളു​ടെ​കൂ​ടെ കാപ്പി​യും കുടിച്ച് വർത്തമാ​നം പറഞ്ഞി​രി​ക്കു​ന്നതു ഞാൻ ശരിക്കും ആസ്വദി​ക്കു​ന്നു.” അതിഥി​ക​ളിൽ വ്യക്തി​പ​ര​മായ താത്‌പ​ര്യ​മെ​ടു​ക്കു​ന്നത്‌ ഉത്‌കണ്‌ഠ കുറയ്‌ക്കാൻ സഹായി​ക്കും. (ഫിലി. 2:4) സ്വന്തം ജീവി​താ​നു​ഭ​വങ്ങൾ പറയു​ന്നത്‌ എല്ലാവ​രും​തന്നെ ഇഷ്ടപ്പെ​ടു​ന്നു. ഇങ്ങനെ​യുള്ള കൂടി​വ​ര​വു​ക​ളി​ലാ​യി​രി​ക്കും നമ്മുടെ അനുഭ​വങ്ങൾ കേൾക്കാൻ മറ്റുള്ള​വർക്ക് അവസരം കിട്ടുക. മറ്റൊരു മൂപ്പൻ എഴുതു​ന്നു: “സഭയിലെ സുഹൃ​ത്തു​ക്കൾ വീട്ടിൽ വരു​മ്പോ​ഴാണ്‌ എനിക്ക് അവരെ അടുത്ത​റി​യാൻ കഴിയു​ന്നത്‌. അവർ സത്യത്തി​ലേക്കു വന്ന സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ കേൾക്കാൻ അപ്പോ​ഴാ​ണു സമയം കിട്ടുക.” സ്‌നേഹവും ആത്മാർഥ​മായ താത്‌പ​ര്യ​വും ഏതു കൂടി​വ​ര​വു​ക​ളെ​യും ആനന്ദ​വേ​ള​ക​ളാ​ക്കും.

17 ദിവ്യാ​ധി​പ​ത്യ​സ്‌കൂ​ളു​ക​ളിൽ പങ്കെടു​ക്കാൻ വരുന്ന വിദ്യാർഥി​കളെ വീട്ടിൽ താമസി​പ്പി​ച്ചി​ട്ടുള്ള ഒരു മുൻനി​ര​സേ​വിക പറയുന്നു: “തുടക്ക​ത്തിൽ എനിക്ക് അൽപ്പം ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. കാരണം, വീട്ടിൽ സൗകര്യ​ങ്ങൾ തീരെ കുറവാ​യി​രു​ന്നു, ഞാൻ വാങ്ങിയ ചില പഴയ മേശയും കസേര​യും ഒക്കെയാണ്‌ എനിക്കു​ണ്ടാ​യി​രു​ന്നത്‌. എന്നാൽ, അധ്യാ​പ​ക​രിൽ ഒരാളു​ടെ ഭാര്യ പറഞ്ഞ വാക്കുകൾ എന്‍റെ പിരി​മു​റു​ക്കം കുറച്ചു. ആ സഹോ​ദ​രി​യും ഭർത്താ​വും മുമ്പ് സഞ്ചാര​വേ​ല​യി​ലാ​യി​രു​ന്നു. അപ്പോൾ അവർ ഏറ്റവും അധികം ആസ്വദി​ച്ചത്‌, ഭൗതി​ക​മാ​യി അധിക​മൊ​ന്നു​മി​ല്ലെ​ങ്കി​ലും ലളിത​മാ​യി ജീവിച്ച് യഹോ​വയെ സേവി​ക്കുക എന്ന ലക്ഷ്യമു​ണ്ടാ​യി​രുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ താമസിച്ച സമയങ്ങ​ളാ​യി​രു​ന്നു.” മുൻനിരസേവിക തുടർന്ന് പറയുന്നു: “കുട്ടി​ക​ളാ​യി​രു​ന്ന​പ്പോൾ ഞങ്ങളുടെ അമ്മ പതിവാ​യി ഞങ്ങളോ​ടു പറഞ്ഞി​രുന്ന ഒരു കാര്യം ഇത്‌ എന്നെ ഓർമി​പ്പി​ച്ചു: ‘സ്‌നേ​ഹ​മു​ള്ളി​ടത്തെ സസ്യാ​ഹാ​രം നല്ലത്‌.’” (സുഭാ. 15:17) സ്‌നേ​ഹ​മാ​യി​രി​ക്കട്ടെ അതിഥി​പ്രി​യം കാണി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നത്‌. അപ്പോൾ ഒരു ഉത്‌ക​ണ്‌ഠ​യു​ടെ​യും ആവശ്യ​മില്ല.

18, 19. മറ്റുള്ള​വ​രെ​ക്കു​റി​ച്ചുള്ള തെറ്റായ ചിന്തകൾ മറിക​ട​ക്കാൻ ആതിഥ്യം കാണി​ക്കു​ന്നതു നമ്മളെ എങ്ങനെ സഹായി​ക്കും?

18 മറ്റുള്ള​വ​രെ​ക്കു​റി​ച്ചുള്ള ചിന്തകൾ: സഭയിലെ ആരു​ടെ​യെ​ങ്കി​ലും പെരു​മാ​റ്റം നിങ്ങൾക്ക് അരോ​ച​ക​മാ​യി തോന്നു​ന്നു​ണ്ടോ? അദ്ദേഹ​ത്തെ​ക്കു​റിച്ച് ഒരു നല്ല ചിത്ര​മാ​യി​രി​ക്കില്ല നിങ്ങളു​ടെ മനസ്സി​ലു​ള്ളത്‌. സാഹച​ര്യം മെച്ച​പ്പെ​ടു​ത്താൻ ശ്രമി​ച്ചി​ല്ലെ​ങ്കിൽ ആ ചിന്തകൾ വേരു​പി​ടി​ച്ചേ​ക്കാം. ഒരാളു​ടെ വ്യക്തി​ത്വം ഇഷ്ടമി​ല്ലെ​ങ്കിൽ അദ്ദേഹത്തെ അതിഥി​യാ​യി ക്ഷണിക്കാൻ തോന്നി​യെ​ന്നു​വ​രില്ല. ഇനി, പണ്ട് എപ്പോ​ഴോ ആരെങ്കി​ലും നിങ്ങളെ വ്രണ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രി​ക്കും, അത്‌ ഇപ്പോ​ഴും മറക്കാൻ കഴിയു​ന്നു​ണ്ടാ​കില്ല.

19 മറ്റുള്ള​വ​രു​മാ​യുള്ള, എന്തിന്‌ ശത്രു​ക്ക​ളു​മാ​യുള്ള ബന്ധങ്ങൾപോ​ലും മെച്ച​പ്പെ​ടു​ത്താൻ ആതിഥ്യം കാണി​ക്കു​ന്നതു സഹായി​ക്കു​മെന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 25:21, 22 വായി​ക്കുക.) ഒരാൾക്ക് ആതിഥ്യം നൽകു​ന്നത്‌, അദ്ദേഹ​ത്തെ​ക്കു​റി​ച്ചുള്ള തെറ്റായ ചിന്തകൾ മറിക​ട​ക്കാ​നും നമ്മുടെ മനസ്സി​നേറ്റ മുറി​വു​കൾ ഉണക്കാ​നും സഹായി​ക്കും. ആ വ്യക്തിയെ സത്യത്തി​ലേക്ക് ആകർഷി​ച്ച​പ്പോൾ യഹോവ അദ്ദേഹ​ത്തിൽ കണ്ട നല്ല ഗുണങ്ങൾ നമുക്കും കാണാൻ കഴിയും. (യോഹ. 6:44) ഒട്ടും പ്രതീ​ക്ഷി​ക്കാത്ത സമയത്ത്‌ നിങ്ങൾ ആ വ്യക്തിക്കു സ്‌നേ​ഹ​ത്തോ​ടെ വെച്ചു​നീ​ട്ടുന്ന ക്ഷണം നിങ്ങൾക്കി​ട​യിൽ ഒരു പുതിയ ബന്ധത്തിനു തുടക്കം​കു​റി​ച്ചേ​ക്കാം. ശരിക്കും ആ വ്യക്തി​യോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടു​ത​ന്നെ​യാണ്‌ ആതിഥ്യം നൽകു​ന്ന​തെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പാ​ക്കാം? ഫിലി​പ്പി​യർ 2:3-ൽ കാണുന്ന ഈ പ്രോ​ത്സാ​ഹനം പിൻപ​റ്റു​ന്ന​താണ്‌ അതിനുള്ള ഒരു വഴി: “താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുക.” നമ്മുടെ സഹോ​ദ​രങ്ങൾ എങ്ങനെ​യൊ​ക്കെ​യാ​ണു നമ്മളെ​ക്കാൾ ശ്രേഷ്‌ഠർ ആയിരി​ക്കു​ന്നത്‌ എന്നു ചിന്തി​ക്കുക, അവരുടെ വിശ്വാ​സ​മോ സഹനശ​ക്തി​യോ ധൈര്യ​മോ മറ്റ്‌ ഏതെങ്കി​ലും ക്രിസ്‌തീ​യ​ഗു​ണ​മോ ആകാം അത്‌. ആ ഗുണങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​മ്പോൾ അവരോ​ടുള്ള സ്‌നേഹം ആഴമു​ള്ള​താ​കും, ആത്മാർഥ​ത​യോ​ടെ ആതിഥ്യം നൽകാ​നു​മാ​കും.

നല്ല ഒരു അതിഥി​യാ​യി​രി​ക്കുക

സാധാരണയായി ആതി​ഥേയർ അതിഥി​കൾക്കു വേണ്ടി നല്ല ഒരുക്കങ്ങൾ നടത്തും (20-‍ാ‍ം ഖണ്ഡിക കാണുക)

20. നമ്മൾ ഒരു ക്ഷണം സ്വീകരിച്ചാൽ വാക്കു പാലി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്, വാക്കു പാലി​ക്കാൻ പറ്റുന്നി​ല്ലെ​ങ്കിൽ എന്തു ചെയ്യണം?

20 സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ ഇങ്ങനെ ചോദി​ച്ചു: “യഹോവേ, അങ്ങയുടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി വരാൻ ആർക്കു കഴിയും?” (സങ്കീ. 15:1) ആ ചോദ്യ​ത്തി​നു ശേഷം ദൈവം തന്‍റെ അതിഥി​ക​ളിൽനിന്ന് പ്രതീ​ക്ഷി​ക്കുന്ന ആത്മീയ​ഗു​ണ​ങ്ങ​ളെ​ക്കു​റിച്ച് ദാവീ​ദു​തന്നെ പറഞ്ഞു. അതി​ലൊ​ന്നാ​ണു വാക്കു പാലി​ക്കു​ന്നത്‌. അതെക്കു​റിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “തനിക്കു നഷ്ടമു​ണ്ടാ​കു​മെന്നു കണ്ടാലും അയാൾ വാക്കു മാറ്റു​ന്നില്ല.” (സങ്കീ. 15:4) ഒരു ക്ഷണം സ്വീക​രി​ച്ചു​ക​ഴി​ഞ്ഞാൽ പ്രത്യേക കാരണ​മൊ​ന്നും കൂടാതെ നമ്മൾ അത്‌ ഒഴിവാ​ക്ക​രുത്‌. ആതി​ഥേയൻ നമ്മളെ പ്രതീ​ക്ഷിച്ച് വേണ്ട ഒരുക്ക​ങ്ങ​ളൊ​ക്കെ നടത്തി​യി​ട്ടു​ണ്ടാ​കും. നമ്മൾ പോകാ​തി​രു​ന്നാൽ അദ്ദേഹ​ത്തി​ന്‍റെ ശ്രമങ്ങ​ളെ​ല്ലാം വെറു​തേ​യാ​കും. (മത്താ. 5:37) ചിലർ കുറച്ചു​കൂ​ടെ മെച്ച​പ്പെ​ട്ട​തെന്നു തോന്നിയ ഒരു ക്ഷണം കിട്ടി​യ​പ്പോൾ തങ്ങൾക്കു നേരത്തേ കിട്ടിയ ക്ഷണം വേണ്ടെ​ന്നു​വെ​ച്ചി​ട്ടുണ്ട്. അതു സ്‌നേ​ഹ​വും മര്യാ​ദ​യും ആയിരി​ക്കു​മോ? പകരം, ആതി​ഥേയർ അവരുടെ കഴിവു​പോ​ലെ നമുക്കാ​യി ഒരുക്കുന്ന കാര്യ​ങ്ങ​ളോട്‌ ആത്മാർഥ​മായ വിലമ​തി​പ്പു​ണ്ടാ​യി​രി​ക്കണം. (ലൂക്കോ. 10:7) അഥവാ നമ്മുടെ സാഹച​ര്യ​ങ്ങൾ ഒരുത​ര​ത്തി​ലും അവിടെ എത്താൻ അനുവ​ദി​ക്കു​ന്നി​ല്ലെ​ങ്കിൽ പെട്ടെ​ന്നു​തന്നെ ആ കാര്യം നമ്മുടെ ആതി​ഥേ​യരെ അറിയി​ക്കു​ന്നത്‌ അവരോ​ടുള്ള സ്‌നേ​ഹ​വും പരിഗ​ണ​ന​യും ആയിരി​ക്കും.

21. നാട്ടു​ന​ട​പ്പു​കൾ മാനി​ക്കു​ന്നതു നല്ല അതിഥികളാകാൻ നമ്മളെ എങ്ങനെ സഹായി​ക്കും?

21 നാട്ടു​ന​ട​പ്പു​കളെ മാനി​ക്കേ​ണ്ട​തും പ്രധാ​ന​മാണ്‌. ചില സംസ്‌കാ​ര​ങ്ങ​ളിൽ പ്രതീ​ക്ഷി​ക്കാ​തെ ഒരാൾ അതിഥി​യാ​യി ചെല്ലു​ന്നതു സ്വീകാ​ര്യ​മാ​യി​രി​ക്കും. എന്നാൽ ചിലയി​ട​ങ്ങ​ളിൽ മുൻകൂ​ട്ടി അറിയി​ച്ചിട്ട് വേണം ചെല്ലാൻ. ചില സ്ഥലങ്ങളിൽ ആദ്യം അതിഥി​കൾ കഴിക്കാൻ പ്രതീ​ക്ഷി​ക്കും, എന്നാൽ ചില സംസ്‌കാ​ര​ങ്ങ​ളിൽ അതിഥി​ക​ളും ആതി​ഥേ​യ​രും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കും. ഇനി, ചില പ്രദേ​ശ​ങ്ങ​ളിൽ അതിഥി​കൾ ചില വിഭവ​ങ്ങ​ളു​മാ​യി എത്താറുണ്ട്, എന്നാൽ വേറെ ചിലയി​ട​ങ്ങ​ളിൽ അതിഥി​ക​ളിൽനിന്ന് അങ്ങനെ​യൊ​ന്നും പ്രതീ​ക്ഷി​ക്കു​ന്നില്ല. മറ്റു ചില സംസ്‌കാ​ര​ങ്ങ​ളിൽ ആദ്യത്തെ ഒന്നുരണ്ടു പ്രാവ​ശ്യം ക്ഷണം ആദര​വോ​ടെ നിരസി​ക്കും. മറ്റിട​ങ്ങ​ളി​ലാ​കട്ടെ, അങ്ങനെ ചെയ്യു​ന്നതു മര്യാ​ദ​കേ​ടാ​യി​ട്ടാ​ണു കാണു​ന്നത്‌. നമ്മുടെ സംസ്‌കാ​രം ഏതുമാ​യി​ക്കൊ​ള്ളട്ടെ, നമ്മളെ ക്ഷണിച്ച ആതി​ഥേ​യരെ സന്തോ​ഷി​പ്പി​ക്കാൻ വേണ്ട​തെ​ല്ലാം നമുക്കു ചെയ്യാം.

22. ‘പരസ്‌പരം ആതിഥ്യ​മ​രു​ളേ​ണ്ടതു’ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

22 “എല്ലാത്തി​ന്‍റെ​യും അവസാനം അടുത്തി​രി​ക്കു​ന്നു.” ഈ വാക്കുകൾ മുമ്പെന്ന​ത്തേ​തി​ലും സത്യമാണ്‌. (1 പത്രോ. 4:7) ലോകം ഒരിക്ക​ലും കണ്ടിട്ടി​ല്ലാത്ത മഹാകഷ്ടത നമ്മൾ നേരി​ടാൻപോ​കു​ക​യാണ്‌. സമ്മർദങ്ങൾ കൂടി​ക്കൂ​ടി വരു​മ്പോൾ സഹോ​ദ​രങ്ങൾ തമ്മിലുള്ള സ്‌നേഹം കൂടുതൽ ആഴമു​ള്ള​താ​കണം. അതു​കൊണ്ട്, ക്രിസ്‌ത്യാ​നി​കൾക്കു പത്രോസ്‌ നൽകിയ ഈ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ന്നത്‌ ഇക്കാലത്ത്‌ എത്ര പ്രധാ​ന​മാണ്‌: “പരസ്‌പരം ആതിഥ്യ​മ​രു​ളുക.” അതെ, അതു സന്തോ​ഷ​ക​ര​വും പ്രധാ​ന​വും ആണ്‌. അത്‌ ഒരിക്ക​ലും അവസാ​നി​ക്കില്ല.​—1 പത്രോ. 4:9.