വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാ​പി​താ​ക്കളേ, സ്‌നാ​ന​മെന്ന ലക്ഷ്യത്തി​ലെ​ത്താൻ മക്കളെ സഹായി​ക്കു​ന്നു​ണ്ടോ?

മാതാ​പി​താ​ക്കളേ, സ്‌നാ​ന​മെന്ന ലക്ഷ്യത്തി​ലെ​ത്താൻ മക്കളെ സഹായി​ക്കു​ന്നു​ണ്ടോ?

“ഇനി എന്തിനാ​ണു വൈകു​ന്നത്‌? എഴുന്നേറ്റ്‌ സ്‌നാനമേൽക്കുക.”​—പ്രവൃ. 22:16.

ഗീതങ്ങൾ: 51, 135

1. കുട്ടികൾ സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ് ഏതു കാര്യം മാതാ​പി​താ​ക്കൾ ഉറപ്പു​വ​രു​ത്തും?

‘സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കു​ന്ന​താ​യി ഞാൻ ഡാഡി​യോ​ടും മമ്മി​യോ​ടും മാസങ്ങ​ളോ​ളം പറഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു, അവരും അതി​നെ​ക്കു​റിച്ച് എന്നോടു കൂടെ​ക്കൂ​ടെ സംസാ​രി​ക്കു​മാ​യി​രു​ന്നു. എന്‍റെ തീരു​മാ​നം എത്ര ഗൗരവ​മു​ള്ള​താ​ണെന്ന് ഞാൻ അറിയു​ന്നു​വെന്ന് ഉറപ്പാ​ക്കാൻ അവർ ആഗ്രഹി​ച്ചി​രു​ന്നു. 1934 ഡിസംബർ 31-‍ാ‍ം തീയതി എന്‍റെ ജീവി​ത​ത്തി​ലെ പ്രാധാ​ന്യ​മു​ളള ഈ സംഭവ​ത്തി​ന്‍റെ ദിവസം വന്നെത്തി.’ തന്‍റെ സ്‌നാ​ന​ത്തി​ലേക്കു നയിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ബ്ലോസം ബ്രാന്‍റ് സഹോ​ദരി പറയുന്ന വാക്കുകളാണ്‌ ഇത്‌. ജ്ഞാനപൂർവ​മായ തീരു​മാ​നങ്ങൾ എടുക്കാൻ മക്കളെ സഹായി​ക്ക​ണ​മെ​ന്നാണ്‌ ഇന്നത്തെ മാതാ​പി​താ​ക്ക​ളു​ടെ​യും ആഗ്രഹം. അനാവ​ശ്യ​മാ​യി സ്‌നാനം വൈകി​പ്പി​ക്കു​ക​യോ നീട്ടി​വെ​ക്കു​ക​യോ ചെയ്യു​ന്നത്‌ ആത്മീയ​ഹാ​നി വരുത്തും. (യാക്കോ. 4:17) എങ്കിലും, ക്രിസ്‌തു​വി​ന്‍റെ ഒരു ശിഷ്യ​നാ​യി​രി​ക്കു​ന്ന​തി​ന്‍റെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ കുട്ടികൾ തയ്യാറാ​യെന്ന് അവർ സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പു​തന്നെ മാതാ​പി​താ​ക്കൾ ഉറപ്പു​വ​രു​ത്തും.

2. (എ) ഏതു കാര്യ​മാ​ണു ചില സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാ​രു​ടെ ശ്രദ്ധയിൽപ്പെ​ട്ടി​ട്ടു​ള്ളത്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ക്രിസ്‌തീ​യ​കു​ടും​ബ​ങ്ങ​ളിൽ വളർന്നു​വ​ന്നി​ട്ടുള്ള ചില ചെറു​പ്പ​ക്കാർ ഇതുവരെ സ്‌നാ​ന​മേ​റ്റി​ട്ടില്ല. കൗമാ​ര​പ്രാ​യം കഴിയാ​റാ​യ​വ​രും ഇരുപ​തു​ക​ളു​ടെ തുടക്ക​ത്തി​ലു​ള്ള​വ​രും ഇക്കൂട്ട​ത്തി​ലു​ണ്ടെന്നു ചില സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാർ ശ്രദ്ധി​ച്ചി​ട്ടുണ്ട്. ഈ ചെറു​പ്പ​ക്കാ​രിൽ മിക്കവ​രും സഭാ​യോ​ഗ​ങ്ങൾക്കു വരുക​യും ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ക​യും ചെയ്യു​ന്ന​വ​രാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യാണ്‌ അവർ തങ്ങളെ​ത്തന്നെ കാണു​ന്നത്‌. എങ്കിലും എന്തോ ചില കാരണ​ങ്ങ​ളാൽ യഹോ​വ​യ്‌ക്കു ജീവിതം സമർപ്പി​ക്കാ​നും സ്‌നാ​ന​മേൽക്കാ​നും അവർ മടിച്ചു​നിൽക്കു​ന്നു. മക്കൾ സ്‌നാ​ന​പ്പെ​ടാ​റാ​യി​ട്ടി​ല്ലെന്നു ചില മാതാ​പി​താ​ക്കൾ കരുതു​ന്ന​താണ്‌ അതിന്‍റെ ഒരു കാരണം. സ്‌നാ​ന​പ്പെ​ടാൻ മക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിൽനിന്ന് പല മാതാ​പി​താ​ക്ക​ളെ​യും തടയുന്ന നാലു കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും.

കുട്ടിക്കു സ്‌നാ​ന​മേൽക്കാ​നുള്ള പ്രായ​മാ​യോ?

3. ബ്ലോസം സഹോ​ദ​രി​യു​ടെ മാതാ​പി​താ​ക്കൾക്ക് എന്ത് ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു?

3 മകൾക്കു സ്‌നാ​ന​ത്തി​ന്‍റെ പ്രാധാ​ന്യ​വും ഗൗരവ​വും മനസ്സി​ലാ​ക്കാ​നുള്ള പ്രായ​മാ​യി​ട്ടു​ണ്ടോ എന്നു ബ്ലോസം സഹോ​ദ​രി​യു​ടെ മാതാ​പി​താ​ക്കൾക്ക് ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ, ഒരു കുട്ടി യഹോ​വ​യ്‌ക്കു തന്നെത്തന്നെ സമർപ്പി​ക്കാ​നുള്ള പക്വത​യി​ലെ​ത്തി​യെന്നു മാതാ​പി​താ​ക്കൾക്ക് എങ്ങനെ അറിയാം?

4. കുട്ടി​കളെ പഠിപ്പി​ക്കു​മ്പോൾ, മത്തായി 28:19, 20-ൽ കാണുന്ന യേശു​വി​ന്‍റെ കല്‌പന മാതാ​പി​താ​ക്കളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

4 മത്തായി 28:19, 20 വായി​ക്കുക. മുൻലേ​ഖ​ന​ത്തിൽ പഠിച്ച​തു​പോ​ലെ, ഒരു വ്യക്തി സ്‌നാ​ന​പ്പെ​ടേണ്ട നിശ്ചി​ത​പ്രാ​യ​മൊ​ന്നും ബൈബിൾ പറയു​ന്നില്ല. എങ്കിലും ഒരു വ്യക്തിയെ ശിഷ്യ​നാ​ക്കു​ന്ന​തി​ന്‍റെ അർഥ​ത്തെ​ക്കു​റിച്ച് ചിന്തി​ക്കു​ന്നതു മാതാ​പി​താ​ക്കൾക്കു പ്രയോ​ജനം ചെയ്യും. മത്തായി 28:19-ൽ “ശിഷ്യ​രാ​ക്കുക” എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിന്‌, ആളുകളെ ശിഷ്യ​രാ​ക്കുക എന്ന ലക്ഷ്യ​ത്തോ​ടെ അവരെ പഠിപ്പി​ക്കുക എന്ന അർഥമാ​ണു​ള്ളത്‌. യേശു പഠിപ്പിച്ച കാര്യങ്ങൾ പഠിക്കു​ക​യും മനസ്സി​ലാ​ക്കു​ക​യും അത്‌ അനുസ​രി​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കു​ക​യും ചെയ്യുന്ന ഒരാളാണ്‌ ഒരു ശിഷ്യൻ. ക്രിസ്‌തു​വി​ന്‍റെ സ്‌നാ​ന​മേറ്റ ശിഷ്യ​രാ​യി​ത്തീ​രാൻ മക്കളെ സഹായി​ക്കുക എന്ന ലക്ഷ്യ​ത്തോ​ടെ ശൈശ​വം​മു​തലേ മാതാ​പി​താ​ക്കൾ അവരെ പഠിപ്പി​ക്കണം. ഒരു ശിശു​വി​നു സ്‌നാ​ന​ത്തി​നു യോഗ്യ​ത​യില്ല എന്നതു സത്യമാണ്‌. എങ്കിലും കുട്ടി​കൾക്കു​പോ​ലും ബൈബിൾസ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കാ​നും വിലമ​തി​ക്കാ​നും കഴിയു​മെന്നു ബൈബിൾ കാണി​ച്ചു​ത​രു​ന്നുണ്ട്.

5, 6. (എ) തിമൊ​ഥെ​യൊ​സി​നെ​ക്കു​റിച്ച് ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളിൽനിന്ന് അദ്ദേഹ​ത്തി​ന്‍റെ സ്‌നാ​ന​ത്തെ​ക്കു​റിച്ച് എന്തു മനസ്സി​ലാ​ക്കാം? (ബി) വിവേ​ക​മുള്ള മാതാ​പി​താ​ക്കൾ തങ്ങളുടെ കുട്ടി​കളെ എങ്ങനെ സഹായി​ക്കും?

5 ചെറു​പ്പ​ത്തിൽത്തന്നെ സത്യം സ്വന്തമാ​ക്കിയ ഒരു ശിഷ്യ​നാ​ണു തിമൊ​ഥെ​യൊസ്‌. ശൈശ​വം​മു​തലേ തിരു​വെ​ഴു​ത്തു​സ​ത്യ​ങ്ങൾ തിമൊ​ഥെ​യൊസ്‌ പഠിച്ചി​രു​ന്നെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു. തിമൊ​ഥെ​യൊ​സി​ന്‍റെ പിതാവ്‌ യഹോ​വയെ ആരാധി​ക്കാത്ത ആളായി​രു​ന്നെ​ങ്കി​ലും തിരു​വെ​ഴു​ത്തു​ക​ളോ​ടു താത്‌പ​ര്യം നട്ടുവ​ളർത്താൻ ജൂതരായ അമ്മയും മുത്തശ്ശി​യും തിമൊ​ഥെ​യൊ​സി​നെ സഹായി​ച്ചു. അങ്ങനെ അചഞ്ചല​മായ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. (2 തിമൊ. 1:5; 3:14, 15) ഏകദേശം 20 വയസ്സാ​യ​പ്പോ​ഴേ​ക്കും സഭയിൽ പ്രത്യേ​ക​പ​ദ​വി​കൾക്കു യോഗ്യത നേടുന്ന അളവോ​ളം പുരോ​ഗ​മിച്ച ഒരു ക്രിസ്‌തു​ശി​ഷ്യ​നാ​യി​രു​ന്നു തിമൊ​ഥെ​യൊസ്‌.​—പ്രവൃ. 16:1-3.

6 ഓരോ കുട്ടി​യും വ്യത്യ​സ്‌ത​നാണ്‌. എല്ലാ കുട്ടി​ക​ളും ഒരേ പ്രായ​ത്തിൽ പക്വത​യിൽ എത്തുന്നില്ല. ചിലർ ചെറു​പ്രാ​യ​ത്തിൽത്തന്നെ മാനസി​ക​വും വൈകാ​രി​ക​വും ആയ പക്വത​യിൽ എത്തുക​യും സ്‌നാ​ന​പ്പെ​ടാ​നുള്ള ആഗ്രഹം പ്രകടി​പ്പി​ക്കു​ക​യും ചെയ്യും. ചിലർ കുറച്ചു​കൂ​ടെ പ്രായ​മാ​യ​തി​നു ശേഷമാ​യി​രി​ക്കും സ്‌നാ​ന​ത്തി​നു യോഗ്യ​രാ​കു​ന്നത്‌. അതു​കൊണ്ട് വിവേ​ക​മുള്ള മാതാ​പി​താ​ക്കൾ മക്കളെ സ്‌നാ​ന​പ്പെ​ടാ​നാ​യി നിർബ​ന്ധി​ക്കില്ല. പകരം, കുട്ടി​യു​ടെ പ്രായ​വും ഇതി​നോ​ടകം വരുത്തി​യി​രി​ക്കുന്ന പുരോ​ഗ​തി​യും കണക്കി​ലെ​ടുത്ത്‌ വേണ്ട സഹായം കൊടു​ക്കും. അങ്ങനെ​യാ​കു​മ്പോൾ കുട്ടിക്കു ജ്ഞാനപൂർവം തീരു​മാ​ന​മെ​ടു​ക്കാ​നും അതിൽ മാതാ​പി​താ​ക്കൾക്കു സന്തോ​ഷി​ക്കാ​നും കഴിയും. (സുഭാ​ഷി​തങ്ങൾ 27:11 വായി​ക്കുക.) മക്കളെ ക്രിസ്‌തു​വി​ന്‍റെ ശിഷ്യ​രാ​ക്കുക എന്നതാണു തങ്ങളുടെ ലക്ഷ്യ​മെന്നു മാതാ​പി​താ​ക്കൾ ഒരിക്ക​ലും മറക്കരുത്‌. അപ്പോൾ, മാതാ​പി​താ​ക്ക​ളു​ടെ മനസ്സി​ലേക്കു വരുന്ന മറ്റൊരു ചോദ്യം ഇതായി​രി​ക്കാം: ‘ദൈവ​ത്തി​നു സമർപ്പി​ക്കാ​നും സ്‌നാ​ന​മേൽക്കാ​നും വേണ്ടത്ര അറിവ്‌ എന്‍റെ കുട്ടി​ക്കു​ണ്ടോ?’

കുട്ടിക്ക് ആവശ്യ​ത്തിന്‌ അറിവു​ണ്ടോ?

7. സ്‌നാ​ന​പ്പെ​ടാൻ ആഗ്രഹി​ക്കുന്ന ഒരു വ്യക്തി എല്ലാ ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ആഴത്തിൽ അറിവ്‌ നേടണ​മെ​ന്നു​ണ്ടോ? വിശദീ​ക​രി​ക്കുക.

7 മക്കളെ പഠിപ്പി​ക്കു​മ്പോൾ, അവർ നല്ല ബൈബിൾപ​രി​ജ്ഞാ​നം നേടി അതിന്‍റെ അടിസ്ഥാ​ന​ത്തിൽ സമർപ്പണം നടത്തണ​മെ​ന്നാ​ണു മാതാ​പി​താ​ക്ക​ളു​ടെ ആഗ്രഹം. എന്നാൽ, ദൈവ​ത്തി​നു തന്നെത്തന്നെ സമർപ്പി​ക്കാ​നും സ്‌നാ​ന​മേൽക്കാ​നും ഒരു വ്യക്തി എല്ലാ ബൈബിൾവി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി​യും അഗാധ​മായ അറിവ്‌ നേടണ​മെ​ന്നില്ല. സ്‌നാ​ന​ത്തി​നു ശേഷവും ഓരോ ക്രിസ്‌തു​ശി​ഷ്യ​നും അറിവ്‌ നേടു​ന്ന​തിൽ തുടരണം. (കൊ​ലോ​സ്യർ 1:9, 10 വായി​ക്കുക.) അങ്ങനെ​യെ​ങ്കിൽ സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ് ഒരു വ്യക്തി എത്രമാ​ത്രം അറിവ്‌ നേടണം?

8, 9. പൗലോ​സി​നെ​യും ജയില​ധി​കാ​രി​യെ​യും കുറി​ച്ചുള്ള വിവര​ണ​ത്തിൽനിന്ന് നമുക്ക് എന്തൊക്കെ പഠിക്കാൻ കഴിയും?

8 ഇതെക്കു​റിച്ച് ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു കുടും​ബ​ത്തി​ന്‍റെ അനുഭ​വ​ത്തിൽനിന്ന് മാതാ​പി​താ​ക്കൾക്കു ചില കാര്യങ്ങൾ പഠിക്കാ​നാ​കും. (പ്രവൃ. 16:25-33) ഏകദേശം എ.ഡി. 50-ൽ പൗലോസ്‌ രണ്ടാമത്തെ മിഷന​റി​യാ​ത്ര​യിൽ ഫിലിപ്പി സന്ദർശി​ച്ചു. അവി​ടെ​വെച്ച് അദ്ദേഹ​ത്തെ​യും സഹകാ​രി​യായ ശീലാ​സി​നെ​യും വ്യാജാ​രോ​പ​ണങ്ങൾ ചമച്ച് അറസ്റ്റ് ചെയ്‌ത്‌ ജയിലി​ലാ​ക്കി. രാത്രി​യാ​യ​പ്പോൾ ജയിലി​ന്‍റെ അടിത്ത​റ​വരെ ഇളക്കിയ ഒരു ഭൂകമ്പം ഉണ്ടായി, വാതി​ലു​ക​ളെ​ല്ലാം മലർക്കെ തുറന്നു. തടവു​കാർ രക്ഷപ്പെ​ട്ടെന്നു വിചാ​രിച്ച് ജയില​ധി​കാ​രി ആത്മഹത്യ ചെയ്യാൻ തുനി​ഞ്ഞ​പ്പോൾ പൗലോസ്‌ അദ്ദേഹത്തെ തടഞ്ഞു. ജയില​ധി​കാ​രി​ക്കും കുടും​ബ​ത്തി​നും നല്ലൊരു സാക്ഷ്യം കൊടു​ക്കാൻ പൗലോ​സി​നും ശീലാ​സി​നും ആ സാഹച​ര്യ​ത്തിൽ കഴിഞ്ഞു. യേശു​വി​നെ​ക്കു​റിച്ച് പഠിച്ച സത്യങ്ങ​ളോ​ടു വിലമ​തി​പ്പു തോന്നിയ അവർ എന്തു ചെയ്‌തു? ഒട്ടും വൈകാ​തെ അവർ സ്‌നാ​ന​മേറ്റു. ഈ അനുഭ​വ​ത്തിൽനിന്ന് നമുക്കുള്ള പാഠം എന്താണ്‌?

9 ഈ ജയില​ധി​കാ​രി റോമൻ​സൈ​ന്യ​ത്തിൽനിന്ന് വിരമിച്ച ഒരു പടയാ​ളി​യാ​യി​രു​ന്നി​രി​ക്കാം. അദ്ദേഹ​ത്തി​നു ദൈവ​വ​ച​ന​ത്തെ​ക്കു​റിച്ച് അറിവി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട് ഒരു ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തിന്‌ അദ്ദേഹം അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ പഠിക്കു​ക​യും തന്‍റെ ദാസന്മാ​രിൽനിന്ന് യഹോവ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്ന​തെന്നു മനസ്സി​ലാ​ക്കു​ക​യും വേണമാ​യി​രു​ന്നു. കൂടാതെ, യേശു​വി​ന്‍റെ പഠിപ്പി​ക്ക​ലു​കൾ അനുസ​രി​ക്കാൻ ഉറച്ച തീരു​മാ​ന​വും എടുക്ക​ണ​മാ​യി​രു​ന്നു. ചുരു​ങ്ങിയ സമയം​കൊണ്ട് തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച് അദ്ദേഹം നേടിയ അടിസ്ഥാ​ന​പ​രി​ജ്ഞാ​ന​വും അതി​നോ​ടുള്ള വിലമ​തി​പ്പും സ്‌നാ​ന​മേൽക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു. സ്‌നാ​ന​ത്തി​നു ശേഷവും അദ്ദേഹം പഠനം തുടർന്നു എന്നതിൽ സംശയ​മില്ല. സമർപ്പ​ണ​വും സ്‌നാ​ന​വും ഉൾപ്പെ​ടെ​യുള്ള അടിസ്ഥാന ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളോ​ടു കുട്ടി വിലമ​തി​പ്പു കാണി​ക്കു​ന്നെ​ങ്കിൽ എന്തു ചെയ്യാ​മെ​ന്നാണ്‌ ഈ അനുഭവം പഠിപ്പി​ക്കു​ന്നത്‌? കുട്ടി സഭയിലെ മൂപ്പന്മാ​രെ സമീപിച്ച് സ്‌നാ​ന​ത്തി​നു​വേണ്ട യോഗ്യത നേടി​യി​ട്ടു​ണ്ടോ എന്നു മനസ്സി​ലാ​ക്കാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. * സ്‌നാ​ന​മേറ്റ മറ്റു ശിഷ്യ​രെ​പ്പോ​ലെ ഈ കുട്ടി​യും യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചുള്ള അറിവിൽ വളർന്നു​കൊ​ണ്ടേ​യി​രി​ക്കും, ഒരുപക്ഷേ എന്നു​മെ​ന്നേ​ക്കും.​—റോമ. 11:33, 34.

ഏതുതരം വിദ്യാ​ഭ്യാ​സ​മാ​ണു കുട്ടിക്ക് ഏറ്റവും നല്ലത്‌?

10, 11. (എ) ചില മാതാ​പി​താ​ക്ക​ളു​ടെ ധാരണ എന്താണ്‌? (ബി) എന്തിനാ​ണു മാതാ​പി​താ​ക്കൾ മുഖ്യ​സ്ഥാ​നം കൊടു​ക്കേ​ണ്ടത്‌?

10 നല്ല വിദ്യാ​ഭ്യാ​സം നേടി, കൊള്ളാ​വുന്ന ഒരു ജോലി കിട്ടി​യ​ശേഷം കുട്ടി സ്‌നാ​ന​പ്പെ​ട്ടാൽ മതി​യെന്നു ചില മാതാ​പി​താ​ക്കൾ കണക്കു​കൂ​ട്ടു​ന്നു. നല്ല ഉദ്ദേശ്യ​ത്തോ​ടെ​യാ​യി​രി​ക്കാം അവർ അങ്ങനെ ചിന്തി​ക്കു​ന്നത്‌. പക്ഷേ യഥാർഥ​വി​ജയം നേടാൻ അതു കുട്ടിയെ സഹായി​ക്കു​മോ? അതിലും പ്രധാ​ന​മാ​യി, അങ്ങനെ​യൊ​രു തീരു​മാ​നം തിരു​വെ​ഴു​ത്തു​കൾക്കു ചേർച്ച​യി​ലു​ള്ള​താ​ണോ? യഹോ​വ​യു​ടെ വചനം ഏതു ജീവി​ത​പാത തിര​ഞ്ഞെ​ടു​ക്കാ​നാ​ണു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌?​—സഭാ​പ്ര​സം​ഗകൻ 12:1 വായി​ക്കുക.

11 ഈ ലോക​വും അതിന്‍റെ എല്ലാ ഘടകങ്ങ​ളും യഹോ​വ​യു​ടെ ചിന്തയ്‌ക്കും ഇഷ്ടത്തി​നും നേർവി​പ​രീ​ത​മാ​ണെന്ന കാര്യം നമ്മൾ ഓർത്തി​രി​ക്കണം. (യാക്കോ. 4:7, 8; 1 യോഹ. 2:15-17; 5:19) സാത്താ​നെ​യും അവന്‍റെ ലോക​ത്തെ​യും അതിന്‍റെ അഭക്തമായ ചിന്താ​രീ​തി​ക​ളെ​യും പ്രതി​രോ​ധി​ക്ക​ണ​മെ​ങ്കിൽ ഒരു കുട്ടിക്ക് യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധം കൂടിയേ തീരൂ. കുട്ടി​യു​ടെ വിദ്യാ​ഭ്യാ​സ​ത്തി​നും ജോലി​ക്കും ഒക്കെയാ​ണു മാതാ​പി​താ​ക്കൾ പ്രാധാ​ന്യം കൊടു​ക്കു​ന്ന​തെ​ങ്കിൽ, താൻ ജീവി​ത​ത്തിൽ എന്തിനാ​ണു മുൻഗണന കൊടു​ക്കേ​ണ്ട​തെന്ന കാര്യ​ത്തിൽ കുട്ടി ആശയക്കു​ഴ​പ്പ​ത്തി​ലാ​യേ​ക്കാം, അത്‌ അപകട​മാണ്‌. തങ്ങളുടെ കുട്ടി ജീവി​ത​വി​ജ​യ​ത്തെ​ക്കു​റിച്ച് ഈ ലോക​ത്തി​ന്‍റെ കാഴ്‌ച​പ്പാ​ടു വളർത്തി​യെ​ടു​ക്കാൻ സ്‌നേ​ഹ​മുള്ള ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾ വാസ്‌ത​വ​ത്തിൽ ആഗ്രഹി​ക്കു​മോ? ഓർക്കുക: യഹോ​വ​യ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ത്താൽ മാത്രമേ നമുക്കു ജീവി​ത​ത്തിൽ വിജയി​ക്കാ​നാ​കൂ, അതാണ്‌ യഥാർഥ​സ​ന്തോ​ഷം നൽകു​ന്നത്‌.​—സങ്കീർത്തനം 1:2, 3 വായി​ക്കുക.

കുട്ടി പിന്നീടു പാപം ചെയ്‌താ​ലോ?

12. കുട്ടി​യു​ടെ സ്‌നാനം ചില മാതാ​പി​താ​ക്കൾ നീട്ടി​വെ​ക്കു​ന്ന​തി​ന്‍റെ കാരണം എന്താണ്‌?

12 മകൾ സ്‌നാ​ന​പ്പെ​ടാൻ താൻ ആഗ്രഹി​ക്കാ​ഞ്ഞ​തി​ന്‍റെ കാരണ​ത്തെ​ക്കു​റിച്ച് ഒരു അമ്മ പറയുന്നു: “പുറത്താ​ക്കൽക്ര​മീ​ക​ര​ണ​മാണ്‌ ഒരു പ്രധാ​ന​കാ​ര​ണ​മെന്നു പറയാൻ എനിക്കു വിഷമ​മുണ്ട്.” കുട്ടി ബുദ്ധി​ശൂ​ന്യ​മാ​യി പ്രവർത്തി​ക്കുന്ന പ്രായം കഴിഞ്ഞിട്ട് സ്‌നാ​ന​മേ​റ്റാൽ മതി​യെന്ന് ഈ സഹോ​ദ​രി​യെ​പ്പോ​ലെ ചില മാതാ​പി​താ​ക്കൾ ചിന്തി​ക്കു​ന്നു. (ഉൽപ. 8:21; സുഭാ. 22:15) ‘കുട്ടി സ്‌നാ​ന​മേൽക്കാ​ത്തി​ട​ത്തോ​ളം അവനെ പുറത്താ​ക്കാൻ കഴിയി​ല്ല​ല്ലോ’ എന്നാണ്‌ അവരുടെ ധാരണ. എന്താണ്‌ ഇത്തരം ന്യായ​വാ​ദ​ങ്ങ​ളി​ലെ തെറ്റ്‌?​—യാക്കോ. 1:22.

13. സ്‌നാ​ന​മേ​റ്റി​ല്ലെ​ങ്കിൽ ഒരാൾ യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രില്ല എന്നു ചിന്തി​ക്കു​ന്നതു ശരിയാ​ണോ? വിശദീ​ക​രി​ക്കുക.

13 സ്വമന​സ്സാ​ലെ തന്‍റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കാ​നുള്ള പക്വത​യി​ലെ​ത്തു​ന്ന​തി​നു മുമ്പ് കുട്ടി സ്‌നാ​ന​പ്പെ​ടാൻ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്ക​ന്മാർ ആഗ്രഹി​ക്കില്ല. എന്നാൽ സ്‌നാ​ന​മേ​റ്റി​ല്ലെ​ങ്കിൽ കുട്ടി യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രില്ല എന്നു ചിന്തി​ക്കു​ന്നതു തെറ്റാണ്‌. എന്തു​കൊണ്ട്? ഒരാൾ യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടത്‌ അയാൾ സ്‌നാ​ന​മേ​റ്റോ ഇല്ലയോ എന്നതിന്‍റെ അടിസ്ഥാ​ന​ത്തി​ലല്ല. ശരിയും തെറ്റും സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണം ഒരു കുട്ടി മനസ്സി​ലാ​ക്കി​ക്ക​ഴി​ഞ്ഞാൽ അവൻ തന്‍റെ പ്രവൃ​ത്തി​കൾക്കു ദൈവ​മു​മ്പാ​കെ ഉത്തരം പറയേ​ണ്ടി​വ​രും. (യാക്കോബ്‌ 4:17 വായി​ക്കുക.) അതു​കൊണ്ട്, ജ്ഞാനമുള്ള മാതാ​പി​താ​ക്കൾ സ്‌നാനം നീട്ടി​വെ​ക്കാൻ കുട്ടിയെ പ്രോ​ത്സാ​ഹി​പ്പി​ക്കില്ല. പകരം, യഹോവ ശരി​യെന്നു പറയു​ന്ന​തി​നെ സ്‌നേ​ഹി​ക്കാ​നും തെറ്റെന്നു പറയു​ന്ന​തി​നെ വെറു​ക്കാ​നും അവർ മക്കളെ ശൈശ​വം​മു​തലേ പഠിപ്പി​ക്കു​ക​യും ശരിയായ മാതൃക വെക്കു​ക​യും ചെയ്യും. (ലൂക്കോ. 6:40) യഹോ​വ​യോ​ടുള്ള സ്‌നേഹം യഹോ​വ​യു​ടെ ഉന്നതനി​ല​വാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കാൻ കുട്ടിയെ പ്രേരി​പ്പി​ക്കും, ഗുരു​ത​ര​മായ പാപം ചെയ്യു​ന്ന​തിൽനിന്ന് സംരക്ഷി​ക്കു​ക​യും ചെയ്യും.​—യശ. 35:8.

മറ്റുള്ള​വർക്കു സഹായി​ക്കാ​നാ​കും

14. സ്‌നാ​ന​ത്തി​ലേക്കു കുട്ടി​കളെ പുരോ​ഗ​മി​ക്കാൻ സഹായി​ക്കുന്ന മാതാ​പി​താ​ക്ക​ളു​ടെ ശ്രമങ്ങളെ മൂപ്പന്മാർക്ക് എങ്ങനെ പിന്തു​ണ​യ്‌ക്കാം?

14 ആത്മീയ​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റിച്ച് നല്ല രീതി​യിൽ സംസാ​രി​ച്ചു​കൊണ്ട് മൂപ്പന്മാർക്കു മാതാ​പി​താ​ക്ക​ളു​ടെ ശ്രമങ്ങളെ പിന്തു​ണ​യ്‌ക്കാ​നാ​കും. വെറും ആറു വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ റസ്സൽ സഹോ​ദ​ര​നു​മാ​യി സംസാ​രി​ച്ചത്‌ ഒരു സഹോ​ദ​രി​യെ എത്രയ​ധി​കം സ്വാധീ​നി​ച്ചെ​ന്നോ! 70-ലധികം വർഷം മുൻനി​ര​സേ​വി​ക​യാ​യി പ്രവർത്തിച്ച ആ സഹോ​ദരി ഇങ്ങനെ പറഞ്ഞു: “എന്‍റെ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റിച്ച് സംസാ​രി​ക്കാൻ അദ്ദേഹം 15 മിനിട്ട് ചെലവ​ഴി​ച്ചു.” അതെ, പ്രോ​ത്സാ​ഹനം പകരുന്ന വാക്കു​കൾക്കു നീണ്ടു​നിൽക്കുന്ന നല്ല ഫലങ്ങൾ ഉളവാ​ക്കാൻ കഴിയും. (സുഭാ. 25:11) കൂടാതെ, മാതാ​പി​താ​ക്ക​ളെ​യും അവരുടെ കുട്ടി​ക​ളെ​യും രാജ്യ​ഹാ​ളി​നോ​ടു ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങ​ളിൽ മൂപ്പന്മാർക്ക് ഉൾപ്പെ​ടു​ത്താ​നാ​കും. അത്തരം സാഹച​ര്യ​ങ്ങ​ളിൽ പ്രായ​ത്തി​നും പ്രാപ്‌തി​ക്കും അനുസ​രിച്ച് കുട്ടി​കൾക്ക് ഓരോ നിയമ​നങ്ങൾ കൊടു​ക്കാം.

15. സഭയിലെ മറ്റുള്ള​വർക്ക് ചെറു​പ്പ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?

15 സഭയിലെ യുവജ​ന​ങ്ങ​ളോട്‌ ഉചിത​മായ വ്യക്തി​ഗ​ത​താ​ത്‌പ​ര്യം കാണി​ച്ചു​കൊണ്ട് മറ്റുള്ള​വർക്കും അവരെ സഹായി​ക്കാ​നാ​കും. അവർ ആത്മീയ​പു​രോ​ഗ​തി​യു​ടെ ലക്ഷണങ്ങൾ കാണി​ക്കു​ന്നു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, ഒരു ചെറു​പ്പ​ക്കാ​രൻ നന്നായി ചിന്തിച്ച് ഹൃദയ​ത്തിൽനിന്ന് ഒരു അഭി​പ്രാ​യം പറയു​ക​യോ ഇടദി​വ​സത്തെ മീറ്റി​ങ്ങിൽ എന്തെങ്കി​ലും പരിപാ​ടി നടത്തു​ക​യോ ചെയ്‌തോ? അല്ലെങ്കിൽ വിശ്വ​സ്‌ത​ത​യു​ടെ ഏതെങ്കി​ലും പരി​ശോ​ധന വിജയ​ക​ര​മാ​യി നേരി​ട്ടോ? സ്‌കൂ​ളിൽ സാക്ഷീ​ക​രി​ക്കാൻ കിട്ടിയ അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തി​യോ? അത്തരം അവസര​ങ്ങ​ളിൽ ഒട്ടും വൈകാ​തെ അവരെ ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കുക. മീറ്റി​ങ്ങി​നു മുമ്പോ ശേഷമോ ഒരു യുവവ്യ​ക്തി​യോ​ടു സംസാ​രി​ക്കാൻ നിങ്ങൾക്കു ലക്ഷ്യം വെച്ചു​കൂ​ടേ? അങ്ങനെ നമുക്ക് ആ വ്യക്തി​യോട്‌ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കാം. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ തങ്ങൾ ഒരു ‘മഹാസ​ഭ​യു​ടെ’ ഭാഗമാ​ണെന്നു ചെറു​പ്പ​ക്കാർ തിരി​ച്ച​റി​യാൻ ഇടയാ​കും.​—സങ്കീ. 35:18.

സ്‌നാ​ന​മെന്ന പടി സ്വീക​രി​ക്കാൻ കുട്ടിയെ സഹായി​ക്കു​ക

16, 17. (എ) സ്‌നാ​ന​പ്പെ​ടു​ന്നത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ബി) ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കളെ കാത്തി​രി​ക്കുന്ന സന്തോഷം എന്താണ്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

16 മക്കളെ “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും” വളർത്തി​ക്കൊ​ണ്ടു​വ​രുക എന്നതു മാതാ​പി​താ​ക്കൾക്കുള്ള എത്ര വലി​യൊ​രു പദവി​യാണ്‌! (എഫെ. 6:4; സങ്കീ. 127:3) പുരാതന ഇസ്രാ​യേ​ലി​ലെ കുട്ടികൾ ജനിക്കു​മ്പോൾത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ത​മായ ഒരു ജനതയു​ടെ ഭാഗമാ​യി​രു​ന്നു. എന്നാൽ ഇന്നത്തെ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്ക​ളു​ടെ കുട്ടികൾ അങ്ങനെയല്ല. കൂടാതെ, ദൈവ​ത്തോ​ടും സത്യ​ത്തോ​ടും ഉള്ള സ്‌നേഹം അവർക്കു ജന്മനാ കിട്ടു​ന്ന​തു​മല്ല. അതു​കൊണ്ട് യഹോ​വ​യു​ടെ സമർപ്പി​ത​രായ, സ്‌നാ​ന​മേറ്റ ദാസരാ​യി​ത്തീ​രാൻ വേണ്ട സഹായം മാതാ​പി​താ​ക്കൾ മക്കൾക്കു കൊടു​ക്കണം. കുട്ടി ജനിക്കുന്ന അന്നുമു​തൽ അവനെ ഒരു ശിഷ്യ​നാ​ക്കുക എന്നതാ​യി​രി​ക്കണം മാതാ​പി​താ​ക്ക​ളു​ടെ ലക്ഷ്യം. അതിലും പ്രധാ​ന​മാ​യി മറ്റ്‌ എന്താണു​ള്ളത്‌! ദൈവ​ത്തി​നു സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ക​യും ചെയ്യു​ന്ന​താണ്‌ ഒരു വ്യക്തിയെ വരാനി​രി​ക്കുന്ന മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ അതിജീ​വി​ക്കു​ന്ന​വ​രു​ടെ നിരയി​ലാ​ക്കു​ന്നത്‌.​—മത്താ. 24:13.

ഒരു ശിഷ്യ​നാ​കാൻ തങ്ങളുടെ കുട്ടിയെ സഹായി​ക്കുക എന്നതാ​യി​രി​ക്കണം മാതാ​പി​താ​ക്ക​ളു​ടെ ലക്ഷ്യം (16, 17 ഖണ്ഡികകൾ കാണുക)

17 ബ്ലോസം ബ്രാന്‍റ് സഹോ​ദരി സ്‌നാ​ന​പ്പെ​ട​ണ​മെന്ന ആഗ്രഹം പ്രകടി​പ്പി​ച്ച​പ്പോൾ, ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട ഈ പടി സ്വീക​രി​ക്കാൻ തങ്ങളുടെ മകൾ തയ്യാറാ​യോ എന്ന് ഉറപ്പു വരുത്താൻ ദൈവ​ഭ​യ​മുള്ള മാതാ​പി​താ​ക്കൾ ആഗ്രഹി​ച്ചു. സഹോ​ദരി അതിനു തയ്യാറാ​യെന്ന് അവർക്കു ബോധ്യം വന്നപ്പോൾ ആ തീരു​മാ​നത്തെ അവർ പിന്തു​ണച്ചു. സ്‌നാ​ന​ത്തി​ന്‍റെ തലേ രാത്രിയിൽ സഹോദരിയുടെ പിതാവ്‌ അവിസ്‌മ​ര​ണീ​യ​മായ ഒരു കാര്യം ചെയ്‌തു. സഹോ​ദരി ഓർക്കു​ന്നു: ‘അദ്ദേഹം ഞങ്ങളെ​യെ​ല്ലാ​വ​രെ​യും മുട്ടിൻമേൽ നിർത്തി​യിട്ട് ഒരു പ്രാർഥന നടത്തി. തന്‍റെ മകളുടെ ജീവിതം യഹോ​വക്കു സമർപ്പി​ക്കാ​നു​ളള അവളുടെ തീരു​മാ​ന​ത്തിൽ താൻ അതീവ സന്തുഷ്ട​നാ​ണെന്ന് അദ്ദേഹം യഹോ​വ​യോ​ടു പറഞ്ഞു.’ 60-ലധികം വർഷങ്ങൾക്കു ശേഷം ബ്ലോസം സഹോ​ദരി പറയുന്നു: “ആ രാത്രി ഞാൻ ഒരുകാ​ല​ത്തും മറക്കില്ല.” മാതാ​പി​താ​ക്കളേ, മക്കൾ സമർപ്പിച്ച്, സ്‌നാ​ന​മേറ്റ്‌ യഹോ​വ​യു​ടെ ദാസരാ​യി​ത്തീ​രു​ന്ന​തി​ന്‍റെ സന്തോഷം നിങ്ങൾ അനുഭ​വി​ച്ച​റി​യൂ!

^ ഖ. 9 യുവജനങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും​—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും (ഇംഗ്ലീഷ്‌) വാല്യം 2-ന്‍റെ 304-310 പേജു​ക​ളി​ലെ സഹായ​ക​മായ വിവരങ്ങൾ മാതാ​പി​താ​ക്കൾക്കു കുട്ടി​ക​ളു​മാ​യി ചർച്ച ചെയ്യാം. അതു​പോ​ലെ, 2011 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ​ശു​ശ്രൂഷ പേജ്‌ 2-ലെ ചോദ്യ​പ്പെ​ട്ടി​യും കാണുക.