വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

യഹോവ ഒരിക്ക​ലും എന്നെ നിരാ​ശ​പ്പെ​ടു​ത്തി​യി​ട്ടില്ല!

യഹോവ ഒരിക്ക​ലും എന്നെ നിരാ​ശ​പ്പെ​ടു​ത്തി​യി​ട്ടില്ല!

ഒരിക്കൽ, അഡോൾഫ്‌ ഹിറ്റ്‌ല​റി​ന്‍റെ പ്രസം​ഗ​ത്തി​നു ശേഷം അദ്ദേഹ​ത്തി​നു പൂക്കൾ സമ്മാനി​ക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട നാലു കൊച്ചു​പെൺകു​ട്ടി​ക​ളിൽ ഒരാളാ​യി​രു​ന്നു ഞാൻ. എന്തു​കൊ​ണ്ടാണ്‌ എന്നെ തിര​ഞ്ഞെ​ടു​ത്തത്‌? എന്‍റെ പപ്പ നാസി​പാർട്ടി​യു​ടെ ഒരു സജീവ​പ്ര​വർത്ത​ക​നും പാർട്ടി​യു​ടെ പ്രാ​ദേ​ശി​ക​നേ​താ​വി​ന്‍റെ ഡ്രൈ​വ​റും ആയിരു​ന്നു. തികഞ്ഞ കത്തോ​ലി​ക്ക​യാ​യി​രുന്ന എന്‍റെ അമ്മയ്‌ക്ക് എന്നെ ഒരു കന്യാ​സ്‌ത്രീ​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആഗ്രഹം. പക്ഷേ ഞാൻ ഒരു നാസി​പ്ര​വർത്ത​ക​യു​മാ​യില്ല, കന്യാ​സ്‌ത്രീ​യു​മാ​യില്ല. എന്‍റെ കഥ ഞാൻ പറയാം.

ഓസ്‌ട്രി​യ​യി​ലെ ഗ്രാറ്റ്‌സ്‌ പട്ടണത്തി​ലാ​ണു ഞാൻ വളർന്നത്‌. ഏഴു വയസ്സാ​യ​പ്പോൾ എന്നെ മതപരി​ശീ​ല​ന​ത്തി​നുള്ള ഒരു സ്‌കൂ​ളിൽ ചേർത്തു. പക്ഷേ പുരോ​ഹി​ത​ന്മാ​രും കന്യാ​സ്‌ത്രീ​ക​ളും തമ്മിൽ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്നതു കണ്ടപ്പോൾ ഞാൻ ഞെട്ടി​ത്ത​രി​ച്ചു. അതു​കൊണ്ട് ഒരു വർഷത്തി​നു​ള്ളിൽ ആ സ്‌കൂൾ വിട്ടു​പോ​രാൻ അമ്മ സമ്മതിച്ചു.

ഞങ്ങളുടെ കുടും​ബം, സൈനി​ക​വേ​ഷ​ത്തിൽ നിൽക്കു​ന്നതു പപ്പ

അതുക​ഴിഞ്ഞ് എന്നെ ഒരു ബോർഡിംഗ്‌ സ്‌കൂ​ളിൽ ചേർത്തു. ഗ്രാറ്റ്‌സിൽ ശക്തമായ ബോം​ബാ​ക്ര​മണം തുടങ്ങി​യ​പ്പോൾ പപ്പ ഒരു രാത്രി വന്ന് എന്നെ സുരക്ഷി​ത​മായ ഒരിട​ത്തേക്കു കൊണ്ടു​പോ​യി. സ്‌ക്ലാ​ഡ്‌മിൻ എന്ന പട്ടണത്തി​ലേ​ക്കാ​ണു ഞങ്ങൾ പോയത്‌. ഞങ്ങൾ ഒരു പാലം കടന്ന് ഇക്കരെ എത്തിയ​തും അതു തകർക്ക​പ്പെട്ടു. മറ്റൊരു അവസര​ത്തിൽ വീടിന്‌ അടുത്ത്‌ നിന്ന എന്‍റെയും മുത്തശ്ശി​യു​ടെ​യും നേരെ താഴ്‌ന്ന് പറന്ന വിമാ​ന​ങ്ങ​ളിൽനിന്ന് വെടി​യു​ണ്ടകൾ ചീറി​പ്പാ​ഞ്ഞു​വന്നു. യുദ്ധത്തി​ന്‍റെ രൂപത്തിൽ മതവും ഗവൺമെ​ന്‍റും ഞങ്ങൾക്കു സമ്മാനി​ച്ചതു നിരാ​ശകൾ മാത്ര​മാണ്‌!

ഒരിക്ക​ലും നിരാ​ശ​പ്പെ​ടു​ത്താത്ത സഹായം

1950-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച് അമ്മയോ​ടു സംസാ​രി​ക്കാൻ തുടങ്ങി. ഞാൻ അവരുടെ സംഭാ​ഷ​ണങ്ങൾ കേട്ടി​രി​ക്കു​മാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ അമ്മയു​ടെ​കൂ​ടെ മീറ്റി​ങ്ങു​കൾക്കും പോയി. യഹോ​വ​യു​ടെ സാക്ഷികൾ പഠിപ്പി​ക്കു​ന്ന​താ​ണു സത്യ​മെന്നു മനസ്സി​ലാ​ക്കിയ അമ്മ 1952-ൽ സ്‌നാ​ന​പ്പെട്ടു.

ആ സമയത്ത്‌ ഞങ്ങളുടെ പ്രദേ​ശത്തെ സഭ ‘വൃദ്ധസ്‌ത്രീ​കൾ കൂടി​വ​രുന്ന ഒരു ക്ലബു​പോ​ലെ​യാണ്‌’ എനിക്കു തോന്നി​യത്‌. പക്ഷേ പിന്നീടു ഞങ്ങൾ ധാരാളം ചെറു​പ്പ​ക്കാ​രുള്ള ഒരു സഭയിൽ പോയി. ഗ്രാറ്റ്‌സിൽ തിരി​ച്ചെ​ത്തി​യ​പ്പോൾ ഞാൻ എല്ലാ മീറ്റി​ങ്ങു​കൾക്കും പോകാൻതു​ടങ്ങി. ഞാൻ പഠിക്കു​ന്ന​താ​ണു സത്യ​മെന്ന് എനിക്കും ബോധ്യം​വന്നു. തന്‍റെ ദാസരെ എപ്പോ​ഴും സഹായി​ക്കുന്ന, ഒരിക്ക​ലും നിരാ​ശ​പ്പെ​ടു​ത്തി​ല്ലാത്ത ഒരു ദൈവ​മാണ്‌ യഹോവ എന്നു ഞാൻ മനസ്സി​ലാ​ക്കി. നമ്മൾ അങ്ങേയറ്റം ദുഷ്‌ക​ര​മായ സാഹച​ര്യ​ങ്ങൾ നേരി​ടു​മ്പോൾ ഒറ്റയ്‌ക്കാ​ണെന്നു തോന്നി​യാൽപ്പോ​ലും യഹോവ നമ്മളെ കൈവി​ടില്ല.​—സങ്കീ. 3:5, 6.

മറ്റുള്ള​വ​രെ സത്യം അറിയി​ക്കാൻ ഞാൻ വെമ്പൽകൊ​ണ്ടു. കൂടപ്പി​റ​പ്പു​ക​ളാ​യി​രു​ന്നു എന്‍റെ ആദ്യത്തെ ‘വീട്ടു​കാർ.’ എന്‍റെ നാലു ചേച്ചി​മാർ അതി​നോ​ട​കം​തന്നെ അധ്യാ​പ​ക​രാ​യി ജോലി കിട്ടി ഓരോ​രോ സ്ഥലങ്ങളി​ലാ​യി​രു​ന്നു. ഞാൻ അവരെ​യെ​ല്ലാം ചെന്നു​കണ്ട് ബൈബിൾ പഠിക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. കാല​ക്ര​മേണ എന്‍റെ കൂടപ്പി​റ​പ്പു​ക​ളെ​ല്ലാം ബൈബിൾ പഠിച്ച് യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്നു.

വീടു​തോ​റു​മുള്ള ശുശ്രൂഷ ആരംഭിച്ച് രണ്ടാമത്തെ ആഴ്‌ച ഞാൻ ഒരു സ്‌ത്രീ​യെ കണ്ടുമു​ട്ടി, അവരെ ബൈബിൾ പഠിപ്പി​ക്കാൻ തുടങ്ങി. അവർക്ക് ഏകദേശം 30 വയസ്സു​ണ്ടാ​യി​രു​ന്നു. അവർ പിന്നീടു സ്‌നാ​ന​പ്പെട്ടു, കുറച്ച് കഴിഞ്ഞ് അവരുടെ ഭർത്താ​വും രണ്ടു മക്കളും. എന്നാൽ യഥാർഥ​ത്തിൽ ആ ബൈബിൾപ​ഠനം ആത്മീയ​മാ​യി എനിക്കും പ്രയോ​ജനം ചെയ്‌തു. എങ്ങനെ? എനിക്ക് ആരും ക്രമമായ ഒരു ബൈബിൾപ​ഠനം നടത്തി​യി​രു​ന്നില്ല. അവരെ പഠിപ്പി​ക്കു​ന്ന​തി​നു മുമ്പ് ഓരോ പാഠവും ഞാൻ നന്നായി തയ്യാറാ​ക​ണ​മാ​യി​രു​ന്നു. ഒരർഥ​ത്തിൽ ആദ്യം ഞാൻ എന്നെത്തന്നെ പഠിപ്പി​ക്കും, അതിനു ശേഷം എന്‍റെ വിദ്യാർഥി​യെ​യും. സത്യ​ത്തോ​ടുള്ള വിലമ​തിപ്പ് ആഴമു​ള്ള​താ​ക്കാൻ ഇത്‌ എന്നെ ശരിക്കും സഹായി​ച്ചു. യഹോ​വ​യ്‌ക്കു ജീവിതം സമർപ്പിച്ച ഞാൻ 1954 ഏപ്രി​ലിൽ സ്‌നാ​ന​പ്പെട്ടു.

“ഉപദ്ര​വ​മേൽക്കു​ന്നെ​ങ്കി​ലും ഉപേക്ഷി​ക്ക​പ്പെ​ട്ടി​ട്ടില്ല”

1955-ൽ ജർമനി​യി​ലും ഫ്രാൻസി​ലും ഇംഗ്ലണ്ടി​ലും നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളിൽ ഞാൻ പങ്കെടു​ത്തു. ലണ്ടനിൽവെച്ച് ആൽബർട്ട് ഷ്രോഡർ സഹോ​ദ​രനെ പരിച​യ​പ്പെ​ടാൻ എനിക്ക് അവസരം ലഭിച്ചു. ഗിലെ​യാദ്‌ ബൈബിൾസ്‌കൂ​ളി​ന്‍റെ ഒരു അധ്യാ​പ​ക​നാ​യി​രുന്ന അദ്ദേഹം പിന്നീടു ഭരണസം​ഘ​ത്തി​ലെ ഒരു അംഗമാ​യി. ഞങ്ങൾ ബ്രിട്ടീഷ്‌ മ്യൂസി​യ​ത്തിൽ പോയ​പ്പോൾ ദൈവ​ത്തി​ന്‍റെ പേര്‌ എബ്രാ​യ​ലി​പി​ക​ളിൽ എഴുതി​യി​രുന്ന ചില ബൈബിൾ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ അദ്ദേഹം ഞങ്ങൾക്കു കാണി​ച്ചു​തന്നു. അദ്ദേഹം അവയുടെ പ്രാധാ​ന്യം വിശദീ​ക​രി​ച്ചു. ഇത്‌ ആത്മീയ​മാ​യി എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, കൂടുതൽ ചെയ്യാ​നുള്ള ആഗ്രഹം ഉണർത്തി. ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള സത്യം കൂടുതൽ ആളുകളെ അറിയി​ക്കാൻ ഞാൻ ഉറച്ച തീരു​മാ​ന​മെ​ടു​ത്തു.

എന്‍റെ മുൻനി​ര​സേവന പങ്കാളി​യോ​ടൊ​പ്പം (വലത്‌) ഓസ്‌ട്രി​യ​യി​ലെ മിസ്റ്റൽബാ​കിൽ പ്രത്യേക മുൻനി​ര​സേ​വനം ചെയ്‌ത​പ്പോൾ

1956 ജനുവരി 1-നു ഞാൻ മുൻനി​ര​സേ​വനം ആരംഭി​ച്ചു. നാലു മാസം കഴിഞ്ഞ​പ്പോൾ എന്നെ പ്രത്യേക മുൻനി​ര​സേ​വി​ക​യാ​യി നിയമിച്ച് ഓസ്‌ട്രി​യ​യി​ലെ മിസ്റ്റൽബാക്‌ പട്ടണത്തി​ലേക്ക് അയച്ചു. ആ കാലത്ത്‌ അവിടെ സാക്ഷികൾ ആരുമി​ല്ലാ​യി​രു​ന്നു. അവി​ടെ​വെച്ച് ഞാൻ ഒരു പ്രശ്‌നം നേരിട്ടു. ഞാനും മുൻനി​ര​സേ​വി​ക​യായ പങ്കാളി​യും വ്യത്യ​സ്‌ത​സ്വ​ഭാ​വ​ക്കാ​രാ​യി​രു​ന്നു. ഞാൻ നഗരത്തിൽനിന്ന് വന്ന ഏതാണ്ട് 19 വയസ്സുള്ള ഒരു പെൺകു​ട്ടി, അവൾ 25 വയസ്സുള്ള ഒരു നാട്ടിൻപു​റ​ത്തു​കാ​രി. എനിക്കു രാവിലെ താമസിച്ച് എഴു​ന്നേൽക്കാ​നാ​യി​രു​ന്നു ഇഷ്ടം. അവൾക്കാ​കട്ടെ, നേരത്തേ എഴു​ന്നേൽക്കാ​നും. ഞാൻ രാത്രി ഏറെ വൈകു​വോ​ളം ഉണർന്നി​രി​ക്കും, അവൾ നേരത്തേ കിടക്കും. എങ്കിലും ബൈബി​ളി​ന്‍റെ ഉപദേശം അനുസ​രി​ച്ചു​കൊണ്ട് ഞങ്ങൾ പൊരു​ത്ത​ക്കേ​ടു​കൾ പരിഹ​രി​ക്കു​ക​യും സന്തോ​ഷ​ത്തോ​ടെ ഒരുമിച്ച് സേവന​ത്തിൽ ഏർപ്പെ​ടു​ക​യും ചെയ്‌തു.

അവിടെ ഞങ്ങൾക്ക് ഉപദ്ര​വ​ങ്ങ​ളും നേരി​ടേ​ണ്ടി​വന്നു. എങ്കിലും ‘ഉപേക്ഷി​ക്ക​പ്പെ​ട്ടില്ല.’ (2 കൊരി. 4:7-9) ഒരിക്കൽ ഞങ്ങൾ ഒരു ഗ്രാമ​ത്തിൽ പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ ആളുകൾ അവരുടെ പട്ടികളെ അഴിച്ചു​വി​ട്ടു. കൂറ്റൻ നായ്‌ക്കൾ കുരച്ചു​കൊണ്ട് ഞങ്ങളെ വളഞ്ഞു. ഞാൻ കൂടെ​യുള്ള സഹോ​ദ​രി​യു​ടെ കൈയിൽ കയറി​പ്പി​ടിച്ച് ഇങ്ങനെ പ്രാർഥി​ച്ചു​പോ​യി: “യഹോവേ, പട്ടി കടിക്കു​മ്പോൾ ഒറ്റക്കടിക്ക് ഞങ്ങൾ മരിക്കണേ!” നായ്‌ക്കൾ കൈ​യെ​ത്തും ദൂരത്ത്‌ എത്തി. പക്ഷേ അവ അവി​ടെ​ത്തന്നെ നിന്നു. എന്നിട്ട് വാലും ആട്ടി തിരി​ച്ചു​പോ​യി. യഹോ​വ​യു​ടെ സംരക്ഷണം ഞങ്ങൾക്ക് അനുഭ​വ​പ്പെട്ടു. അതിനു ശേഷം ഞങ്ങൾക്ക് ആ ഗ്രാമം മുഴുവൻ പ്രസം​ഗി​ക്കാൻ കഴിഞ്ഞു. ആളുക​ളെ​ല്ലാം വളരെ ശ്രദ്ധ​യോ​ടെ കേട്ടു. അതിന്‌ അവരെ പ്രേരി​പ്പി​ച്ചത്‌, ഒരുപക്ഷേ പട്ടികൾ ഞങ്ങളെ ഉപദ്ര​വി​ക്കാ​ഞ്ഞ​തി​ലെ അതിശ​യ​മാ​യി​രി​ക്കാം. അല്ലെങ്കിൽ ഇത്രയും പേടി​പ്പി​ക്കുന്ന ഒരു അനുഭ​വ​മു​ണ്ടാ​യി​ട്ടും തുടർന്നും പ്രസം​ഗി​ക്കാൻ ചെന്നതാ​യി​രി​ക്കാം. ഏതായാ​ലും അവരിൽ ചിലർ പിന്നീട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി.

പേടി​പ്പി​ക്കു​ന്ന മറ്റൊരു സംഭവ​വും ഉണ്ടായി. ഞങ്ങളുടെ വീട്ടുടമ ഒരു ദിവസം കുടിച്ച് ലക്കു​കെ​ട്ടാ​ണു വീട്ടിൽ എത്തിയത്‌. അയൽക്കാർക്കു ഞങ്ങൾ ഒരു ശല്യമാ​ണെ​ന്നും അതു​കൊണ്ട് ഞങ്ങളെ കൊല്ലു​മെ​ന്നും അദ്ദേഹം ഭീഷണി​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ഭാര്യ അദ്ദേഹത്തെ സമാധാ​നി​പ്പി​ക്കാൻ ശ്രമി​ച്ചെ​ങ്കി​ലും നടന്നില്ല. ഇതെല്ലാം മുകളി​ലത്തെ മുറി​യി​ലി​രുന്ന് ഞങ്ങൾ കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു. അദ്ദേഹം കതകു തള്ളിത്തു​റന്ന് വരാതി​രി​ക്കാൻ ഞങ്ങൾ വാതിൽക്കൽ കസേരകൾ പെറു​ക്കി​വെച്ചു. എന്നിട്ട് സാധനങ്ങൾ പെട്ടി​യി​ലാ​ക്കാൻ തുടങ്ങി. കതകു തുറന്ന​പ്പോൾ ഇതാ വീട്ടു​ട​മസ്ഥൻ നിൽക്കു​ന്നു, കൈയിൽ ഒരു വലിയ കത്തിയു​മാ​യി! ഞങ്ങൾ സാധന​ങ്ങ​ളെ​ല്ലാം എടുത്ത്‌ പിൻവാ​തി​ലി​ലൂ​ടെ പുറത്ത്‌ ഇറങ്ങി, എന്നിട്ട് പൂന്തോ​ട്ട​ത്തി​ലെ വഴിയി​ലൂ​ടെ ജീവനും​കൊണ്ട് ഓടി. പിന്നീട്‌ അങ്ങോട്ടു പോയതേ ഇല്ല.

ഞങ്ങൾ ഒരു ഹോട്ട​ലിൽ മുറി​യെ​ടു​ത്തു. പിന്നീട്‌ ഒരു വർഷ​ത്തോ​ളം അവി​ടെ​യാ​യി​രു​ന്നു താമസം. അതു ശുശ്രൂ​ഷ​യ്‌ക്ക് ഒരു തരത്തിൽ ഗുണം ചെയ്‌തെന്നു പറയാം. എങ്ങനെ? ആ ഹോട്ടൽ പട്ടണത്തി​ന്‍റെ നടുക്കാ​യി​രു​ന്നു. ഞങ്ങളുടെ ചില ബൈബിൾവി​ദ്യാർഥി​കൾക്ക് അവിടെ വന്ന് പഠിക്കു​ന്ന​താ​യി​രു​ന്നു സൗകര്യം. അധികം വൈകാ​തെ, ഞങ്ങളുടെ മുറി​യിൽവെച്ച് പുസ്‌ത​കാ​ധ്യ​യ​ന​വും ആഴ്‌ച​തോ​റു​മുള്ള വീക്ഷാ​ഗോ​പു​ര​പ​ഠ​ന​വും നടത്താൻ തുടങ്ങി. ഏകദേശം 15 പേർ ഹാജരാ​കു​മാ​യി​രു​ന്നു.

മിസ്റ്റൽബാ​ക്കിൽ ഒരു വർഷത്തി​ല​ധി​കം സേവി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ എന്നെ ഗ്രാറ്റ്‌സി​ന്‍റെ തെക്കു​കി​ഴ​ക്കുള്ള ഫെൽഡ്‌ബാ​ക്കി​ലേക്കു നിയമി​ച്ചു. ഒരു പുതിയ മുൻനി​ര​സേ​വ​ന​പ​ങ്കാ​ളി​യെ​യും കിട്ടി. പക്ഷേ അവി​ടെ​യും ഒരു സഭയു​ണ്ടാ​യി​രു​ന്നില്ല. തടി​കൊ​ണ്ടുള്ള ഒരു വീടിന്‍റെ രണ്ടാം നിലയി​ലെ ചെറിയ ഒരു മുറി​യി​ലാ​യി​രു​ന്നു ഞങ്ങളുടെ താമസം. തടികൾക്കി​ട​യി​ലെ വിടവു​ക​ളി​ലൂ​ടെ കാറ്റടി​ക്കു​മ്പോൾ ഉണ്ടാകുന്ന ശബ്ദം വലിയ ശല്യമാ​യി​രു​ന്നു. ആ വിടവു​കൾ ഞങ്ങൾ പത്രക്ക​ട​ലാ​സു​വെച്ച് അടച്ചു. വെള്ളം കിണറ്റിൽനിന്ന് കോരി​യെ​ടു​ക്കണം. പക്ഷേ ഈ കഷ്ടപ്പാ​ടു​കൾക്കെ​ല്ലാം ഫലമു​ണ്ടാ​യി. ഏതാനും മാസങ്ങൾക്കു​ള്ളിൽ അവിടെ ഒരു ഗ്രൂപ്പ് തുടങ്ങി. ഞങ്ങൾ ബൈബിൾ പഠിപ്പിച്ച ഒരു കുടും​ബ​ത്തി​ലെ 30-ഓളം പേർ പിന്നീടു സത്യത്തിൽ വന്നു.

രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ജീവി​ത​ത്തിൽ ഒന്നാമതു വെക്കുന്ന തന്‍റെ ദാസരെ യഹോവ ഒരിക്ക​ലും കൈവി​ടി​ല്ലെന്ന ബോധ്യം ശക്തമാക്കാൻ ഇത്തരം അനുഭ​വങ്ങൾ എന്നെ സഹായി​ച്ചു. മനുഷ്യർക്കു നമ്മളെ സഹായി​ക്കാ​നാ​കാത്ത സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും നമ്മളെ സഹായി​ക്കാൻ യഹോ​വ​യു​ണ്ടാ​യി​രി​ക്കും.​—സങ്കീ. 121:1-3.

ദൈവ​ത്തി​ന്‍റെ “നീതി​യുള്ള വലങ്കൈ” താങ്ങുന്നു

1958-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിലും പോളോ ഗ്രൗണ്ടി​ലും ആയി ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ നടക്കാനിരിക്കുകയായിരുന്നു. കൺ​വെൻ​ഷനു പോകാ​നാ​യി ഞാൻ അപേക്ഷി​ച്ചു. ആ സമയത്ത്‌ ഓസ്‌ട്രിയ ബ്രാഞ്ച് എന്നോടു ഗിലെ​യാദ്‌ സ്‌കൂ​ളി​ന്‍റെ 32-‍ാമത്തെ ക്ലാസിൽ പങ്കെടു​ക്കാൻ ആഗ്രഹ​മു​ണ്ടോ എന്നു ചോദി​ച്ചു. ഇത്തരം ഒരു പദവി ഞാൻ എങ്ങനെ നിരസി​ക്കും? ഉടനെ​തന്നെ ഞാൻ പറഞ്ഞു: “ആഗ്രഹ​മുണ്ട്!”

ആ ക്ലാസിൽ എന്‍റെ അടുത്ത്‌ ഇരുന്നതു മാർട്ടിൻ പൊ​യെ​റ്റ്‌സിം​ഗർ സഹോ​ദ​ര​നാ​യി​രു​ന്നു. അദ്ദേഹം നാസി തടങ്കൽപ്പാ​ള​യ​ത്തി​ലെ ക്രൂര​മായ ഉപദ്ര​വങ്ങൾ സഹിച്ചു​നിന്ന വ്യക്തി​യാ​യി​രു​ന്നു. പിന്നീട്‌ അദ്ദേഹം ഭരണസം​ഘ​ത്തി​ലെ അംഗമാ​യി സേവിച്ചു. ക്ലാസ്‌ നടക്കു​മ്പോൾ ചില​പ്പോൾ മാർട്ടിൻ സഹോ​ദരൻ പതിയെ ഇങ്ങനെ ചോദി​ക്കും: “എറീക്കേ, ജർമൻ ഭാഷയിൽ അതിന്‍റെ അർഥം എന്താ?”

ഗിലെ​യാദ്‌ ക്ലാസ്‌ പകുതി പിന്നി​ട്ട​പ്പോൾ നേഥൻ നോർ സഹോ​ദരൻ ഞങ്ങൾക്കുള്ള നിയമ​നങ്ങൾ എവിടെയാണെന്ന് അറിയിച്ചു. എന്നെ നിയമി​ച്ചതു പരാ​ഗ്വേ​യി​ലേ​ക്കാ​യി​രു​ന്നു. ഞാൻ ചെറു​പ്പ​മാ​യി​രു​ന്ന​തു​കൊണ്ട് പപ്പയുടെ അനുമ​തി​യോ​ടെയേ എനിക്ക് ആ രാജ്യത്ത്‌ പ്രവേ​ശി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. അനുമതി കിട്ടി​യ​ശേഷം, 1959 മാർച്ചിൽ ഞാൻ പരാ​ഗ്വേ​യിൽ എത്തി, അസൂൺഷിയോണിലുള്ള മിഷനറിഭവനത്തിൽ ഒരു പുതിയ സേവന​പ​ങ്കാ​ളി​യു​മൊത്ത്‌ താമസം തുടങ്ങി.

അധികം വൈകാ​തെ 30-‍ാമത്തെ ഗിലെ​യാദ്‌ ക്ലാസിൽനി​ന്നും ബിരുദം നേടിയ വോൾട്ടർ ബ്രൈറ്റ്‌ എന്ന മിഷന​റി​യെ ഞാൻ കണ്ടുമു​ട്ടി. പിന്നീടു ഞങ്ങൾ വിവാ​ഹി​ത​രാ​യി, ജീവി​ത​ത്തിൽ ഉണ്ടായ പ്രശ്‌ന​ങ്ങളെ ഒരുമിച്ച് നേരിട്ടു. ഞങ്ങളെ തളർത്തുന്ന ഒരു പ്രശ്‌നം എപ്പോ​ഴെ​ങ്കി​ലും നേരി​ട്ടാൽ യശയ്യ 41:10-ൽ കാണുന്ന ഈ വാഗ്‌ദാ​നം ഞങ്ങൾ വായി​ക്കും: “പേടി​ക്കേണ്ടാ, ഞാൻ നിന്‍റെ​കൂ​ടെ​യുണ്ട്. ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്‍റെ ദൈവം! ഞാൻ നിന്നെ ശക്തീക​രി​ക്കും.” യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടുത്ത്‌ ജീവി​ക്കു​ന്നി​ട​ത്തോ​ളം യഹോവ നിരാ​ശ​പ്പെ​ടു​ത്തി​ല്ലെന്ന് ഈ വാക്കുകൾ ഞങ്ങൾക്ക് ഉറപ്പേകി.

പിന്നീടു ഞങ്ങളെ ബ്രസീ​ലി​ന്‍റെ അതിർത്തി​യോ​ടു ചേർന്നുള്ള ഒരു പ്രദേ​ശ​ത്തേക്കു നിയമി​ച്ചു. അവിടെ പുരോ​ഹി​ത​ന്മാർ ഇളക്കി​വിട്ട ചെറു​പ്പ​ക്കാ​രു​ടെ ഒരു കൂട്ടം ഞങ്ങളുടെ മിഷന​റി​ഭ​വ​ന​ത്തി​നു നേരെ വലിയ കല്ലുകൾ എറിഞ്ഞു. ഞങ്ങളുടെ വീടിന്‍റെ അവസ്ഥ അല്ലെങ്കിൽത്തന്നെ മോശ​മാ​യി​രു​ന്നു. ആ സമയത്താ​ണു വോൾട്ടർ ഒരു പോലീസ്‌ മേധാ​വി​യു​ടെ ഒപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി​യത്‌. ഒരാഴ്‌ച​ത്തേക്ക് അദ്ദേഹം ഞങ്ങളുടെ വീടിനു പോലീ​സ്‌കാ​വൽ ഏർപ്പെ​ടു​ത്തി. പിന്നെ ആ കുഴപ്പ​ക്കാ​രിൽനിന്ന് ഞങ്ങൾക്ക് ഒരു ഉപദ്ര​വ​വു​മു​ണ്ടാ​യില്ല. അധികം വൈകാ​തെ അതിർത്തിക്ക് അപ്പുറം ബ്രസീലിൽ കുറച്ചുകൂടെ സൗകര്യ​പ്ര​ദ​മായ താമസ​സ്ഥ​ല​ത്തേക്കു ഞങ്ങൾ മാറി. ഈ മാറ്റം പ്രയോ​ജനം ചെയ്‌തു. കാരണം രണ്ടിടത്ത്‌, പരാ​ഗ്വേ​യി​ലും ബ്രസീ​ലി​ലും, മീറ്റി​ങ്ങു​കൾ നടത്താൻ ഇതുവഴി കഴിഞ്ഞു. ഞങ്ങൾ അവി​ടെ​നിന്ന് പോന്ന​പ്പോ​ഴേ​ക്കും അവിടെ രണ്ടു ചെറിയ സഭകൾ രൂപം​കൊ​ണ്ടി​രു​ന്നു.

ഭർത്താവായ വോൾട്ട​റി​നൊ​പ്പം പരാ​ഗ്വേ​യി​ലെ അസൂൺഷി​യോ​ണിൽ മിഷന​റി​സേ​വ​ന​ത്തി​നി​ടെ

യഹോവ ഇപ്പോ​ഴും എന്നെ പിന്തു​ണ​യ്‌ക്കു​ന്നു

എനിക്കു കുട്ടികൾ ഉണ്ടാകി​ല്ലെന്നു ഡോക്‌ടർമാർ നേരത്തേ പറഞ്ഞി​രു​ന്നു. അതു​കൊണ്ട് 1962-ൽ ഞാൻ ഗർഭി​ണി​യാ​ണെന്ന് അറിഞ്ഞ​പ്പോൾ ഞങ്ങൾ അതിശ​യി​ച്ചു​പോ​യി. അധികം താമസി​യാ​തെ, ഞങ്ങൾ ഫ്‌ളോ​റി​ഡ​യി​ലെ ഹോളി​വു​ഡി​ലുള്ള വോൾട്ട​റി​ന്‍റെ വീടിന്‌ അടു​ത്തേക്കു മാറി. കുടും​ബം പുലർത്തേ​ണ്ട​തു​കൊണ്ട് കുറച്ച് വർഷ​ത്തേക്കു മുൻനി​ര​സേ​വനം ചെയ്യാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. എങ്കിലും മുൻഗ​ണ​ന​യ്‌ക്കു മാറ്റ​മൊ​ന്നും വന്നില്ല, ദൈവ​രാ​ജ്യ​ത്തി​നാ​യി​രു​ന്നു ഞങ്ങളുടെ ജീവി​ത​ത്തിൽ എപ്പോ​ഴും ഒന്നാം സ്ഥാനം!​—മത്താ. 6:33.

1962 നവംബ​റിൽ ഞങ്ങൾ ഫ ളോ​റി​ഡ​യിൽ എത്തിയ​പ്പോൾ അവിടെ വംശീ​യ​വേർതി​രിവ്‌ നിലനി​ന്നി​രു​ന്നു. അതു കാരണം കറുത്ത വർഗക്കാ​രായ സഹോ​ദ​ര​ങ്ങ​ളും വെള്ളക്കാ​രായ സഹോ​ദ​ര​ങ്ങ​ളും മീറ്റി​ങ്ങു​കൾ നടത്തി​യി​രു​ന്നതു വെവ്വേ​റെ​യാ​യി​ട്ടാണ്‌. പ്രസം​ഗി​ച്ചി​രു​ന്ന​തും വേറെ​വേറെ പ്രദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു. ഇതു കണ്ടപ്പോൾ ഞങ്ങൾ അത്ഭുത​പ്പെ​ട്ടു​പോ​യി. കാരണം യഹോ​വ​യ്‌ക്ക് അത്തരം വേർതി​രി​വു​ക​ളൊ​ന്നു​മി​ല്ല​ല്ലോ. എന്നാൽ പെട്ടെ​ന്നു​തന്നെ സഹോ​ദ​രങ്ങൾ നിറത്തി​ന്‍റെ വ്യത്യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഒരുമിച്ച് പ്രവർത്തി​ക്കാൻ തുടങ്ങി. ഈ ക്രമീ​ക​ര​ണ​ത്തി​നു പിന്നിൽ യഹോ​വ​യു​ടെ കൈ വളരെ വ്യക്തമാ​യി​രു​ന്നു. അതിന്‍റെ തെളി​വാണ്‌ ഇപ്പോൾ ഈ പ്രദേ​ശ​ത്തുള്ള അനേകം സഭകൾ.

55 വർഷത്തെ ദാമ്പത്യ​ജീ​വി​ത​ത്തി​നു ശേഷം മസ്‌തി​ഷ്‌ക​ത്തിൽ ക്യാൻസർ ബാധിച്ച് 2015-ൽ വോൾട്ടർ മരിച്ചത്‌ എന്നെ വളരെ​യ​ധി​കം വേദനി​പ്പി​ച്ചു. വളരെ നല്ല ഒരു ഭർത്താ​വാ​യി​രു​ന്നു അദ്ദേഹം. യഹോ​വ​യോ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന, ധാരാളം സഹോ​ദ​ര​ങ്ങളെ സഹായിച്ച വോൾട്ടർ നവ​ചൈ​ത​ന്യ​ത്തോ​ടെ പുനരു​ത്ഥാ​ന​ത്തിൽ വരുന്നതു കാണാൻ ഞാൻ നോക്കി​യി​രി​ക്കു​ക​യാണ്‌.​—പ്രവൃ. 24:15.

40 വർഷത്തി​ലേറെ മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്‍റെ സന്തോ​ഷ​വും അതിന്‍റെ അനു​ഗ്ര​ഹ​ങ്ങ​ളും ആസ്വദി​ക്കാൻ കഴിഞ്ഞ​തിൽ ഞാൻ അങ്ങേയറ്റം നന്ദിയു​ള്ള​വ​ളാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഞങ്ങളുടെ ബൈബിൾവി​ദ്യാർഥി​ക​ളിൽ 136 പേർ സ്‌നാ​ന​പ്പെ​ടു​ന്നതു കാണാൻ എനിക്കും വോൾട്ട​റി​നും കഴിഞ്ഞു. എന്നാൽ ജീവി​ത​ത്തിൽ പ്രശ്‌ന​ങ്ങ​ളൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു. പക്ഷേ നമ്മുടെ വിശ്വ​സ്‌ത​ദൈ​വത്തെ സേവി​ക്കു​ന്നതു നിറു​ത്താ​നുള്ള കാരണ​മാ​യി അവയെ ഞങ്ങൾ ഒരിക്ക​ലും കണ്ടില്ല. പകരം ഞങ്ങൾ യഹോ​വ​യോ​ടു കൂടുതൽ അടുത്തു. തന്‍റേതായ സമയത്തും തന്‍റേതായ വിധത്തി​ലും യഹോവ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​മെന്ന ഉറച്ച വിശ്വാ​സം ഞങ്ങൾക്കു​ണ്ടാ​യി​രു​ന്നു. ആ വിശ്വാ​സ​ത്തിന്‌ ഒരിക്ക​ലും കോട്ടം​ത​ട്ടി​യി​ട്ടില്ല.​—2 തിമൊ. 4:16, 17.

വോൾട്ടർ കൂടെ​യി​ല്ലാ​ത്ത​തി​ന്‍റെ വിഷമം എനിക്കുണ്ട്. പക്ഷേ മുൻനി​ര​സേ​വനം ചെയ്യു​ന്നതു പിടി​ച്ചു​നിൽക്കാൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. പ്രത്യേ​കിച്ച്, മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തും അവരോ​ടു പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച് പറയു​ന്ന​തും എനി​ക്കൊ​രു ആശ്വാ​സ​മാണ്‌. യഹോവ എന്നെ ഒരിക്ക​ലും നിരാ​ശ​പ്പെ​ടു​ത്തി​യി​ട്ടില്ല. അത്‌ എങ്ങനെ​യൊ​ക്കെ​യാ​ണെന്ന് എനിക്കു പറഞ്ഞറി​യി​ക്കാ​നാ​കില്ല. എന്നെ പിന്തു​ണ​യ്‌ക്കു​ക​യും ശക്തീക​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട് യഹോവ തന്‍റെ വാക്കു പാലി​ച്ചി​രി​ക്കു​ന്നു. അതെ, തന്‍റെ “നീതി​യുള്ള വല​ങ്കൈ​കൊണ്ട്” യഹോവ എന്നെ മുറു​കെ​പ്പി​ടി​ച്ചി​രി​ക്കു​ന്നു.​—യശ. 41:10.