വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശിക്ഷണം സ്വീക​രി​ക്കുക, ജ്ഞാനി​ക​ളാ​കുക

ശിക്ഷണം സ്വീക​രി​ക്കുക, ജ്ഞാനി​ക​ളാ​കുക

“മക്കളേ, . . തിരുത്തൽ കേട്ടനു​സ​രിച്ച് ജ്ഞാനി​യാ​കുക; അത്‌ ഒരിക്ക​ലും നിസ്സാ​ര​മാ​യി കാണരുത്‌.”​—സുഭാ. 8:32, 33.

ഗീതങ്ങൾ: 56, 89

1. നമുക്ക് എങ്ങനെ ജ്ഞാനം നേടി​യെ​ടു​ക്കാം, അതിന്‍റെ പ്രയോ​ജനം എന്താണ്‌?

യഹോ​വ​യാ​ണു ജ്ഞാനത്തി​ന്‍റെ ഉറവിടം. ആ ജ്ഞാനം ഒരു പിശു​ക്കും​കൂ​ടാ​തെ യഹോവ മറ്റുള്ള​വർക്കു കൊടു​ക്കു​ന്നു. യാക്കോബ്‌ 1:5 പറയുന്നു: “നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാ​ണെ​ങ്കിൽ അയാൾ ദൈവ​ത്തോ​ടു ചോദി​ച്ചു​കൊ​ണ്ടി​രി​ക്കട്ടെ; അപ്പോൾ അയാൾക്ക് അതു കിട്ടും. കുറ്റ​പ്പെ​ടു​ത്താ​തെ എല്ലാവർക്കും ഉദാര​മാ​യി നൽകു​ന്ന​വ​നാ​ണു ദൈവം.” ദൈവം തരുന്ന ശിക്ഷണം സ്വീക​രി​ക്കു​ന്ന​താ​ണു ദൈവി​ക​ജ്ഞാ​നം നേടാ​നുള്ള ഒരു മാർഗം. ആ ജ്ഞാനം നമ്മളെ ധാർമി​ക​വും ആത്മീയ​വും ആയ ഹാനി​യിൽനിന്ന് സംരക്ഷി​ക്കും. (സുഭാ. 2:10-13) അങ്ങനെ നമുക്കു ‘നിത്യ​ജീ​വന്‍റെ പ്രത്യാ​ശ​യോ​ടെ ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ’ കഴിയും.​—യൂദ 20, 21.

2. ദൈവ​ത്തി​ന്‍റെ ശിക്ഷണ​ത്തോ​ടു നമുക്ക് എങ്ങനെ വിലമ​തി​പ്പു വളർത്തി​യെ​ടു​ക്കാം?

2 പക്ഷേ ശിക്ഷണം സ്വീക​രി​ക്കു​ന്ന​തും ശിക്ഷണ​ത്തെ​ക്കു​റിച്ച് ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ന്ന​തും അത്ര എളുപ്പമല്ല. തെറ്റു ചെയ്യാ​നുള്ള ചായ്‌വും വളർന്നു​വന്ന സാഹച​ര്യ​ങ്ങ​ളും മറ്റു ഘടകങ്ങ​ളും അതു ബുദ്ധി​മു​ട്ടു​ള്ള​താ​ക്കു​ന്നു. എന്നാൽ, ശിക്ഷണ​ത്തി​ന്‍റെ പ്രയോ​ജ​നങ്ങൾ അനുഭ​വി​ച്ച​റി​യു​മ്പോൾ അതി​നോ​ടു വിലമ​തി​പ്പു വളർത്തി​യെ​ടു​ക്കാൻ നമുക്കു കഴിയും, ദൈവ​ത്തി​നു നമ്മോ​ടുള്ള സ്‌നേഹം കൂടുതൽ വ്യക്തമാ​കും. സുഭാ​ഷി​തങ്ങൾ 3:11, 12 ഇങ്ങനെ പറയുന്നു: “മകനേ, യഹോ​വ​യു​ടെ ശിക്ഷണം നിരസി​ക്ക​രുത്‌; . . . യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​വരെ ശാസി​ക്കു​ന്നു.” നമുക്ക് ഏറ്റവും നല്ലതു വരണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന് എപ്പോ​ഴും ഓർത്തി​രി​ക്കാം. (എബ്രായർ 12:5-11 വായി​ക്കുക.) നമ്മളെ ഓരോ​രു​ത്ത​രെ​യും നന്നായി അറിയാ​വു​ന്ന​തു​കൊണ്ട് ന്യായ​മായ അളവിൽ ഉചിത​മായ വിധത്തി​ലേ ദൈവം ശിക്ഷണം നൽകൂ. നമുക്ക് ഇപ്പോൾ ശിക്ഷണ​ത്തി​ന്‍റെ നാലു വശങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കാം: (1) ആത്മശി​ക്ഷണം, (2) മാതാ​പി​താ​ക്ക​ളു​ടെ ശിക്ഷണം, (3) ക്രിസ്‌തീ​യ​സ​ഭ​യി​ലെ ശിക്ഷണം, (4) ശിക്ഷണ​ത്തി​ന്‍റെ താത്‌കാ​ലി​ക​വേ​ദ​ന​യെ​ക്കാൾ വേദന​യേ​റിയ ഒന്ന്.

ആത്മശി​ക്ഷണം​—ജ്ഞാനത്തി​ന്‍റെ തെളിവ്‌

3. ഒരു കുട്ടി എങ്ങനെ​യാണ്‌ ആത്മശി​ക്ഷണം വളർത്തി​യെ​ടു​ക്കു​ന്നത്‌? ഉദാഹ​രണം പറയുക.

3 പെരു​മാ​റ്റ​വും ചിന്താ​രീ​തി​യും മെച്ച​പ്പെ​ടു​ത്തുക എന്ന ലക്ഷ്യത്തിൽ സ്വയം നിയ​ന്ത്രി​ക്കു​ന്ന​താണ്‌ ആത്മശി​ക്ഷ​ണ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. സ്വയം ശിക്ഷണം നൽകാ​നുള്ള ചായ്‌വോ​ടെയല്ല നമ്മൾ ജനിക്കു​ന്നത്‌, അതു പഠി​ച്ചെ​ടു​ക്കേ​ണ്ട​താണ്‌. ഒരു കുട്ടി സൈക്കിൾ ചവിട്ടാൻ പഠിക്കു​ന്ന​തു​പോ​ലെ​യാണ്‌ അത്‌. ആദ്യ​മൊ​ക്കെ സൈക്കിൾ ചവിട്ടു​മ്പോൾ വശങ്ങളി​ലേക്കു ചെരി​യാ​തി​രി​ക്കാൻ കുട്ടി​യു​ടെ പിതാവ്‌ സൈക്കിൾ പുറകിൽനിന്ന് പിടി​ക്കും. കുട്ടിക്കു ബാലൻസ്‌ കിട്ടു​ന്ന​ത​നു​സ​രിച്ച് പിതാവ്‌ ഇടയ്‌ക്കി​ടെ കുറച്ച് സമയ​ത്തേക്കു കൈ വിടും. കുട്ടിക്കു ശരിക്കും ബാലൻസാ​യെന്നു പിതാ​വി​നു ബോധ്യ​മാ​കു​മ്പോൾ മുഴുവൻ നിയ​ന്ത്ര​ണ​വും അവനു​തന്നെ കൊടു​ക്കും. സമാന​മാ​യി, മാതാ​പി​താ​ക്കൾ ക്രമമാ​യി, ക്ഷമയോ​ടെ കുട്ടി​കൾക്ക് ‘യഹോ​വ​യു​ടെ ശിക്ഷണ​വും ഉപദേ​ശ​വും’ കൊടുത്ത്‌ പരിശീ​ലി​പ്പി​ക്കു​മ്പോൾ സ്വയം ശിക്ഷണം നൽകാ​നും ജ്ഞാനം വളർത്തി​യെ​ടു​ക്കാ​നും കുട്ടികൾ പഠിക്കും.​—എഫെ. 6:4.

4, 5. (എ) ആത്മശി​ക്ഷണം ‘പുതിയ വ്യക്തി​ത്വ​ത്തി​ന്‍റെ’ പ്രധാ​ന​ഭാ​ഗ​മാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്? (ബി) ‘ഏഴു പ്രാവ​ശ്യം വീണാ​ലും’ നമ്മൾ മടുത്ത്‌ പിന്മാ​റ​രു​താ​ത്തത്‌ എന്തു​കൊണ്ട്?

4 മുതിർന്ന​തി​നു ശേഷം യഹോ​വ​യെ​ക്കു​റിച്ച് പഠിക്കു​ന്ന​വ​രു​ടെ കാര്യ​ത്തി​ലും ഇതേ തത്ത്വങ്ങൾ ബാധക​മാണ്‌. അവർ അതി​നോ​ട​കം​തന്നെ ഒരളവു​വരെ ആത്മശി​ക്ഷണം വളർത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്നതു ശരിയാണ്‌. പക്ഷേ ആത്മീയ​പ​ക്വ​ത​യു​ടെ കാര്യ​ത്തിൽ ഒരു പുതിയ ശിഷ്യൻ പിച്ച​വെച്ച് തുടങ്ങി​യി​ട്ടേ ഉള്ളൂ. എങ്കിലും ക്രിസ്‌തു​വി​ന്‍റേ​തു​പോ​ലുള്ള “പുതിയ വ്യക്തി​ത്വം” ധരിക്കാൻ പഠിക്കു​മ്പോൾ അദ്ദേഹ​ത്തി​നു പക്വത​യി​ലേക്കു വളരാ​നാ​കും. (എഫെ. 4:23, 24) ആ വളർച്ച​യു​ടെ ഒരു പ്രധാ​ന​ഭാ​ഗ​മാണ്‌ ആത്മശി​ക്ഷണം. അങ്ങനെ, “അഭക്തി​യും ലൗകി​ക​മോ​ഹ​ങ്ങ​ളും തള്ളിക്ക​ളഞ്ഞ് സുബോ​ധ​ത്തോ​ടെ​യും നീതി​നി​ഷ്‌ഠ​യോ​ടെ​യും ദൈവ​ഭ​ക്തി​യോ​ടെ​യും ഈ വ്യവസ്ഥി​തി​യിൽ ജീവി​ക്കാൻ” നമ്മൾ പഠിക്കും.​—തീത്തോ. 2:12.

5 എന്നാലും നമ്മളെ​ല്ലാം പാപം ചെയ്യാൻ ചായ്‌വു​ള്ള​വ​രാണ്‌. (സഭാ. 7:20) അതു​കൊണ്ട് നമുക്ക് ഇടയ്‌ക്കൊ​ക്കെ തെറ്റു പറ്റി​യേ​ക്കാം. അതിന്‍റെ അർഥം നമ്മൾ ഒരു പൂർണ​പ​രാ​ജ​യ​മാ​ണെ​ന്നോ നമുക്ക് ആത്മശി​ക്ഷണം അശേഷ​മി​ല്ലെ​ന്നോ ആണോ? അല്ല. “നീതി​മാൻ ഏഴു പ്രാവ​ശ്യം വീണാ​ലും എഴു​ന്നേൽക്കും; എന്നാൽ ദുഷ്ടൻ ആപത്തു വന്ന് നിലം​പ​തി​ക്കും” എന്നാണു സുഭാ​ഷി​തങ്ങൾ 24:16 പറയു​ന്നത്‌. വിജയി​ക്കാൻ ഒരുവനെ എന്തു സഹായി​ക്കും? ദൈവാ​ത്മാവ്‌. അല്ലാതെ, നമ്മൾ ഒരു ഉറച്ച തീരു​മാ​ന​മെ​ടു​ത്ത​തു​കൊണ്ട് മാത്ര​മാ​കില്ല. (ഫിലി​പ്പി​യർ 4:13 വായി​ക്കുക.) ദൈവാ​ത്മാ​വി​ന്‍റെ ഗുണങ്ങ​ളിൽ ഒന്നാണ്‌ ആത്മനി​യ​ന്ത്രണം. അതിന്‌ ആത്മശി​ക്ഷ​ണ​വു​മാ​യി അടുത്ത ബന്ധമുണ്ട്.

6. നമുക്ക് എങ്ങനെ ദൈവ​വ​ച​ന​ത്തി​ന്‍റെ നല്ല വിദ്യാർഥി​ക​ളാ​കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

6 കൂടാതെ, ഹൃദയം​ഗ​മ​മാ​യി പ്രാർഥി​ക്കു​ന്ന​തും ബൈബിൾ പഠിക്കു​ന്ന​തും ധ്യാനി​ക്കു​ന്ന​തും ആത്മശി​ക്ഷണം വളർത്തി​യെ​ടു​ക്കാൻ നമ്മളെ സഹായി​ക്കും. എന്നാൽ ബൈബിൾ പഠിക്കു​ന്നത്‌ അൽപ്പം ബുദ്ധി​മു​ട്ടാ​യി തോന്നു​ന്നെ​ങ്കി​ലോ? ഒരുപക്ഷേ പഠനം നിങ്ങൾക്കു സ്വതവേ അത്ര ഇഷ്ടമല്ലാ​യി​രി​ക്കാം. എങ്കിലും നിങ്ങൾ യഹോ​വയെ അനുവ​ദി​ക്കു​ന്നെ​ങ്കിൽ ദൈവ​വ​ച​ന​ത്തോട്‌ “അതിയായ ആഗ്രഹം” വളർത്തി​യെ​ടു​ക്കാൻ യഹോവ നിങ്ങളെ സഹായി​ക്കും. (1 പത്രോ. 2:2) ആദ്യം​തന്നെ, ദൈവ​വ​ചനം പഠിക്കു​ന്ന​തിന്‌ ആവശ്യ​മായ ആത്മശി​ക്ഷണം തരേണമേ എന്ന് യഹോ​വ​യോ​ടു പ്രാർഥി​ക്കുക. അതിനു ശേഷം പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുക. തുടക്ക​ത്തിൽ കുറച്ച് സമയമേ പഠിക്കാൻ കഴിയു​ന്നു​ള്ളൂ എങ്കിലും പഠിച്ചു​തു​ട​ങ്ങുക. പതു​ക്കെ​പ്പ​തു​ക്കെ പഠനം എളുപ്പ​മു​ള്ള​താ​കും, അതു നിങ്ങൾ ഇഷ്ടപ്പെ​ട്ടു​തു​ട​ങ്ങും. അങ്ങനെ യഹോ​വ​യു​ടെ അമൂല്യ​മായ ചിന്തക​ളിൽ മുഴു​കുന്ന മനോ​ഹ​ര​നി​മി​ഷങ്ങൾ നിങ്ങൾ ആസ്വദി​ക്കും.​—1 തിമൊ. 4:15.

7. ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ ആത്മശി​ക്ഷണം എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

7 ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ ആത്മശി​ക്ഷണം നമ്മളെ സഹായി​ക്കും. ശുശ്രൂ​ഷ​യി​ലുള്ള തന്‍റെ ഉത്സാഹം പതിയെ മങ്ങുന്ന​താ​യി തോന്നിയ ഒരു കുടും​ബ​നാ​ഥന്‍റെ അനുഭവം നോക്കാം. സ്വന്തം അവസ്ഥ​യെ​ക്കു​റിച്ച് അദ്ദേഹ​ത്തിന്‌ ഉത്‌കണ്‌ഠ തോന്നി. അതു​കൊണ്ട് അദ്ദേഹം സാധാരണ മുൻനി​ര​സേ​വനം തുടങ്ങാ​നുള്ള ലക്ഷ്യം വെച്ചു. നമ്മുടെ മാസി​ക​ക​ളിൽ വന്ന അതി​നോ​ടു ബന്ധപ്പെട്ട ലേഖനങ്ങൾ വായി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌തു. ഇതെല്ലാം ആത്മീയ​മാ​യി ശക്തനാ​യി​ത്തീ​രാൻ അദ്ദേഹത്തെ സഹായി​ച്ചു. സാധി​ക്കു​മ്പോ​ഴെ​ല്ലാം അദ്ദേഹം സഹായ മുൻനി​ര​സേ​വനം ചെയ്‌തു. പ്രതി​ബ​ന്ധ​ങ്ങ​ളൊ​ക്കെ ഉണ്ടാ​യെ​ങ്കി​ലും ഒരു സാധാരണ മുൻനി​ര​സേ​വ​ക​നാ​കുക എന്ന ലക്ഷ്യത്തിൽനിന്ന് ഒരിക്ക​ലും അദ്ദേഹം ദൃഷ്ടി മാറ്റി​യില്ല. അവസാനം ആ ലക്ഷ്യത്തിൽ എത്തുക​യും ചെയ്‌തു.

യഹോ​വ​യു​ടെ ശിക്ഷണ​ത്തിൽ മക്കളെ വളർത്തുക

ശരിയും തെറ്റും തിരി​ച്ച​റി​യാ​നുള്ള കഴി​വോ​ടെയല്ല കുട്ടികൾ ജനിക്കു​ന്നത്‌; അവർക്കു പരിശീ​ലനം വേണം (8-‍ാ‍ം ഖണ്ഡിക കാണുക)

8-10. കുട്ടികൾ യഹോ​വയെ സേവി​ക്കു​ന്ന​വ​രാ​യി വളർന്നു​വ​രാൻ മാതാ​പി​താ​ക്കൾക്ക് അവരെ എങ്ങനെ സഹായി​ക്കാം? ഒരു ദൃഷ്ടാന്തം പറയുക.

8 ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്ക് “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും” മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള വില​യേ​റിയ ഒരു പദവി​യുണ്ട്. (എഫെ. 6:4) എന്നാൽ ഇതു വളരെ ബുദ്ധി​മു​ട്ടേ​റിയ ഒരു ഉത്തരവാ​ദി​ത്വ​മാണ്‌, പ്രത്യേ​കി​ച്ചും ഇന്നത്തെ ലോക​ത്തിൽ. (2 തിമൊ. 3:1-5) ശരിയും തെറ്റും തിരി​ച്ച​റി​യാ​നുള്ള കഴി​വോ​ടെയല്ല കുട്ടികൾ ജനിക്കു​ന്നത്‌. അവർക്കു മനസ്സാ​ക്ഷി​യെന്ന പ്രാപ്‌തി​യു​ണ്ടെ​ങ്കി​ലും അതിനെ വേണ്ട വിധത്തിൽ പരിശീ​ലി​പ്പി​ക്കണം, അഥവാ അതിനു ശിക്ഷണം കൊടു​ക്കണം. (റോമ. 2:14, 15) ഒരു ബൈബിൾപ​ണ്ഡി​തൻ പറയു​ന്നത്‌, “ശിക്ഷണം” എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു​പദം “കുട്ടി​കളെ പരിശീ​ലി​പ്പി​ക്കൽ” എന്നു വേണ​മെ​ങ്കി​ലും പരിഭാഷ ചെയ്യാ​മെ​ന്നാണ്‌.

9 സ്‌നേ​ഹ​ത്തോ​ടെ​യുള്ള ശിക്ഷണം ലഭിക്കുന്ന കുട്ടി​കൾക്കു സുരക്ഷി​ത​ത്വം തോന്നും. ഇഷ്ടമു​ള്ള​തെ​ല്ലാം ചെയ്യാ​നാ​കി​ല്ലെ​ന്നും സ്വാത​ന്ത്ര്യ​ത്തിന്‌ അതിർവ​ര​മ്പു​ക​ളു​ണ്ടെ​ന്നും അവർ മനസ്സി​ലാ​ക്കും. അതു​പോ​ലെ അവരുടെ തീരു​മാ​ന​ങ്ങൾക്കും പ്രവൃ​ത്തി​കൾക്കും നല്ലതോ മോശ​മോ ആയ ഫലങ്ങളു​ണ്ടെ​ന്നും അവർ പഠിക്കും. ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾ തങ്ങളെ വഴിന​യി​ക്കാ​നാ​യി യഹോ​വ​യി​ലേക്കു നോ​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. കാരണം, കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള ഈ ലോക​ത്തി​ന്‍റെ ആശയങ്ങ​ളും രീതി​ക​ളും ഓരോ നാട്ടി​ലും ഓരോ​ന്നാണ്‌, കാലാ​കാ​ല​ങ്ങ​ളിൽ അതു മാറി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യും. എന്നാൽ, മാതാ​പി​താ​ക്കൾ ദൈവത്തെ അനുസ​രി​ക്കു​ന്നെ​ങ്കിൽ കുട്ടി​കളെ എങ്ങനെ വളർത്തി​ക്കൊ​ണ്ടു​വ​ര​ണ​മെന്ന് അവർക്കു സംശയ​മു​ണ്ടാ​കില്ല, നാട്ടു​ന​ട​പ്പ​നു​സ​രി​ച്ചോ സ്വന്തം അനുഭ​വ​പ​രി​ച​യ​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തി​ലോ അവർ കുട്ടി​കളെ വളർത്താൻ ശ്രമി​ക്കില്ല.

10 ഇക്കാര്യ​ത്തിൽ നമുക്കു നോഹ​യു​ടെ മാതൃക നോക്കാം. യഹോവ നോഹ​യോ​ടു പെട്ടകം പണിയാൻ ആവശ്യ​പ്പെ​ട്ട​പ്പോൾ സ്വന്തം അനുഭ​വ​പ​രി​ച​യ​ത്തിൽ നോഹ​യ്‌ക്ക് ആശ്രയി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. കാരണം നോഹ അതിനു​മുമ്പ് പെട്ടകം പണിതി​രു​ന്നില്ല. യഹോവ പറഞ്ഞ ഓരോ കാര്യ​വും ‘അങ്ങനെ​തന്നെ ചെയ്‌തു​കൊണ്ട്’ നോഹ യഹോ​വ​യിൽ ആശ്രയി​ക്ക​ണ​മാ​യി​രു​ന്നു. (ഉൽപ. 6:22) അതിന്‌ എന്തു നല്ല ഫലമു​ണ്ടാ​യി? ശരിയായ വിധത്തിൽ അതു പണിതു​തീർക്കാൻ നോഹ​യ്‌ക്കു കഴിഞ്ഞു. അങ്ങനെ ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ പ്രളയ​ത്തി​നു മുമ്പ് അത്‌ ഒന്നുകൂ​ടി പണിത്‌ ശരിയാ​ക്കാൻ അവസരം കിട്ടു​മാ​യി​രു​ന്നോ? നോഹ ഒരു നല്ല കുടും​ബ​നാ​ഥ​നു​മാ​യി​രു​ന്നു. ദൈവ​ത്തി​ന്‍റെ ജ്ഞാനത്തിൽ ആശ്രയി​ച്ച​തു​കൊ​ണ്ടാണ്‌ അതിനും നോഹ​യ്‌ക്കു കഴിഞ്ഞത്‌. അതുവഴി കുട്ടി​കൾക്കു നല്ലൊരു മാതൃക വെക്കാ​നും അവരെ നന്നായി പഠിപ്പി​ക്കാ​നും നോഹ​യ്‌ക്കു സാധിച്ചു. പ്രളയ​ത്തി​നു മുമ്പത്തെ ദുഷ്ടത നിറഞ്ഞ കാലത്താ​ണു നോഹ അതെല്ലാം ചെയ്‌ത​തെന്ന് ഓർക്കണം!​—ഉൽപ. 6:5.

11. ദൈവ​വ​ച​ന​ത്തി​നു ചേർച്ച​യിൽ മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌?

11 മാതാ​പി​താ​ക്കളേ, നിങ്ങൾക്ക് എങ്ങനെ നോഹ​യെ​പ്പോ​ലെ “അങ്ങനെ​തന്നെ” ചെയ്യാം? യഹോ​വ​യ്‌ക്ക് അടുത്ത ശ്രദ്ധ​കൊ​ടു​ക്കുക. കുട്ടി​കളെ വളർത്താൻ യഹോ​വ​യു​ടെ സഹായം തേടുക, ദൈവ​വ​ച​ന​ത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും യഹോവ തരുന്ന മാർഗ​നിർദേ​ശങ്ങൾ അനുസ​രി​ക്കുക. കുട്ടികൾ വലുതാ​കു​മ്പോൾ, ഈ വിധത്തിൽ വളർത്തി​യ​തിന്‌ അവർക്കു നിങ്ങ​ളോ​ടു നന്ദിയു​ണ്ടാ​യി​രി​ക്കി​ല്ലേ? ഒരു സഹോ​ദരൻ എഴുതി: “എന്‍റെ പപ്പയും മമ്മിയും എന്നെ വളർത്തിയ വിധ​ത്തെ​ക്കു​റിച്ച് ചിന്തി​ക്കു​മ്പോൾ എനിക്ക് അവരോട്‌ അങ്ങേയറ്റം നന്ദിയുണ്ട്. കാര്യങ്ങൾ എന്‍റെ ഹൃദയ​ത്തിൽ എത്തിക്കാൻ അവർ കഴിവി​ന്‍റെ പരമാ​വധി ചെയ്‌തു. എന്‍റെ ആത്മീയ​പു​രോ​ഗ​തി​യിൽ അവർക്കു വലിയ ഒരു പങ്കുണ്ട്.” എന്നാൽ ചില​പ്പോൾ, മാതാ​പി​താ​ക്കൾ എത്ര ശ്രമം ചെയ്‌താ​ലും ചില കുട്ടികൾ യഹോ​വയെ ഉപേക്ഷിച്ച് പോകും. എങ്കിലും കുട്ടി​യു​ടെ ഹൃദയ​ത്തിൽ സത്യം നടാൻ ശ്രമിച്ച മാതാ​പി​താ​ക്കൾക്ക് ഒരു നല്ല മനസ്സാ​ക്ഷി​യു​ണ്ടാ​യി​രി​ക്കും. വഴി​തെ​റ്റി​പ്പോയ തങ്ങളുടെ കുട്ടി ഒരിക്കൽ യഹോ​വ​യി​ലേക്കു മടങ്ങി​വ​രു​മെന്ന പ്രതീ​ക്ഷ​യോ​ടെ അവർക്കു കാത്തി​രി​ക്കാം.

12, 13. (എ) തങ്ങളുടെ കുട്ടിയെ പുറത്താ​ക്കി​യെ​ങ്കിൽ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്ക് എങ്ങനെ ദൈവ​ത്തോ​ടുള്ള അനുസ​രണം പ്രകട​മാ​ക്കാം? (ബി) മാതാ​പി​താ​ക്കൾ യഹോ​വയെ അനുസ​രി​ച്ച​തു​കൊണ്ട് ഒരു കുടും​ബ​ത്തിന്‌ എങ്ങനെ​യാ​ണു പ്രയോ​ജനം കിട്ടി​യത്‌?

12 മാതാ​പി​താ​ക്കൾ ഒരുപക്ഷേ അനുസ​ര​ണ​ത്തി​ന്‍റെ ഏറ്റവും വലിയ പരി​ശോ​ധന നേരി​ടു​ന്നത്‌ അവരുടെ കുട്ടി പുറത്താ​ക്ക​പ്പെ​ടു​മ്പോ​ഴാ​യി​രി​ക്കും. ഒരു അമ്മയുടെ അനുഭവം നോക്കാം. ആ സഹോ​ദ​രി​യു​ടെ പുറത്താ​ക്ക​പ്പെട്ട മകൾ വീടു വിട്ടു​പോ​യി. സഹോ​ദരി പറയുന്നു: “എന്‍റെ മകളോ​ടും പേരക്കു​ട്ടി​യോ​ടും ഒപ്പമാ​യി​രി​ക്കാൻ എന്തെങ്കി​ലു​മൊ​രു പഴുതു​ണ്ടോ എന്നു കണ്ടെത്തു​ന്ന​തി​നു ഞാൻ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ പരതി. പക്ഷേ മകൾ ഇപ്പോൾ ഞങ്ങളുടെ അധികാ​ര​പ​രി​ധി​യി​ല​ല്ലെ​ന്നും അവളുടെ കാര്യ​ത്തിൽ ഇടപെ​ട​രു​തെ​ന്നും മനസ്സി​ലാ​ക്കാൻ ഭർത്താവ്‌ എന്നെ സഹായി​ച്ചു.”

13 പിന്നീട്‌ മകളെ പുനഃ​സ്ഥി​തീ​ക​രി​ച്ചു. അമ്മ പറയുന്നു: “അവൾ ഇപ്പോൾ എല്ലാ ദിവസ​വും​തന്നെ എന്നെ വിളി​ക്കു​ക​യോ മെസ്സേജ്‌ അയയ്‌ക്കു​ക​യോ ചെയ്യും. ഞാനും ഭർത്താ​വും ദൈവത്തെ അനുസ​രി​ച്ച​തു​കൊണ്ട് അവൾക്കു ഞങ്ങളോ​ടു നല്ല ബഹുമാ​ന​മുണ്ട്. ഞങ്ങൾക്ക് അവളു​മാ​യി ഒരു നല്ല ബന്ധം ആസ്വദി​ക്കാൻ കഴിയു​ന്നു.” നിങ്ങൾക്കു പുറത്താ​ക്ക​പ്പെട്ട ഒരു മകനോ മകളോ ഉണ്ടെങ്കിൽ നിങ്ങൾ ‘പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കാ​തി​രി​ക്കു​ക​യും ചെയ്യു​മോ?’ (സുഭാ. 3:5, 6) ഓർക്കുക: യഹോ​വ​യു​ടെ ശിക്ഷണം യഹോ​വ​യു​ടെ അതുല്യ​മായ സ്‌നേ​ഹ​ത്തി​ന്‍റെ​യും ജ്ഞാനത്തി​ന്‍റെ​യും തെളി​വാണ്‌. നിങ്ങളു​ടെ കുട്ടി ഉൾപ്പെടെ എല്ലാവ​രും രക്ഷപ്പെ​ടു​ന്ന​തി​നു​വേ​ണ്ടി​യാ​ണു ദൈവം തന്‍റെ മകനെ തന്നതെന്ന കാര്യം മറക്കരുത്‌. ആരും നശിച്ചു​പോ​കാൻ ദൈവം ആഗ്രഹി​ക്കു​ന്നില്ല. (2 പത്രോസ്‌ 3:9 വായി​ക്കുക.) അതു​കൊണ്ട് യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും മാർഗ​നിർദേ​ശ​ത്തി​ലും നമുക്കു വിശ്വ​സി​ക്കാം. മാതാ​പി​താ​ക്കളേ, നിങ്ങൾക്കു വേദന തോന്നു​ന്നെ​ങ്കിൽപ്പോ​ലും യഹോവ പറയു​ന്നതു കേൾക്കുക. ദൈവ​ത്തി​ന്‍റെ ശിക്ഷണ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കുക, അല്ലാതെ അതിന്‌ എതിരാ​യി​ട്ടല്ല.

ശിക്ഷണം സഭയിൽ

14. ‘വിശ്വ​സ്‌ത​നായ കാര്യ​സ്ഥ​നി​ലൂ​ടെ’ ലഭിക്കുന്ന മാർഗ​നിർദേ​ശ​ങ്ങ​ളിൽനിന്ന് നമ്മൾ എങ്ങനെ​യാ​ണു പ്രയോ​ജനം നേടു​ന്നത്‌?

14 ക്രിസ്‌തീ​യ​സ​ഭയെ പരിപാ​ലി​ക്കു​മെ​ന്നും സംരക്ഷി​ക്കു​മെ​ന്നും പഠിപ്പി​ക്കു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്. യഹോവ പല മാർഗ​ങ്ങ​ളി​ലൂ​ടെ അതു ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, സഭയുടെ മേൽനോ​ട്ടം യഹോവ തന്‍റെ മകനെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു. സഭയ്‌ക്കു തക്ക സമയത്ത്‌ ആത്മീയാ​ഹാ​രം നൽകാൻ യേശു ‘വിശ്വ​സ്‌ത​നായ കാര്യ​സ്ഥനെ’ നിയമി​ച്ചു. (ലൂക്കോ. 12:42) ആ ‘കാര്യ​സ്ഥ​നി​ലൂ​ടെ’ വിലപ്പെട്ട മാർഗ​നിർദേ​ശങ്ങൾ അഥവാ ശിക്ഷണം നമുക്കു ലഭിക്കു​ന്നു. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘സഭയിൽ കേട്ട പ്രസം​ഗ​ങ്ങ​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്ന ലേഖന​ങ്ങ​ളും എന്‍റെ ചിന്താ​രീ​തി​യി​ലും പെരു​മാ​റ്റ​ത്തി​ലും മാറ്റങ്ങൾ വരുത്താൻ എന്നെ പലപ്പോ​ഴും പ്രേരി​പ്പി​ച്ചി​ട്ടി​ല്ലേ?’ അത്തരം സാഹച​ര്യ​ങ്ങ​ളിൽ വേണ്ട മാറ്റങ്ങൾ വരുത്തി​യെ​ങ്കിൽ നിങ്ങൾക്കു സന്തോ​ഷി​ക്കാം. കാരണം അങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾക്കു ശിക്ഷണം നൽകാൻ നിങ്ങൾ യഹോ​വയെ അനുവ​ദി​ക്കു​ക​യാണ്‌.​—സുഭാ. 2:1-5.

15, 16. (എ) സഭയിലെ മൂപ്പന്മാ​രിൽനിന്ന് നമുക്ക് എങ്ങനെ പ്രയോ​ജനം നേടാം? (ബി) സന്തോ​ഷ​ത്തോ​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ മൂപ്പന്മാ​രെ നമുക്ക് എങ്ങനെ സഹായി​ക്കാം?

15 അതു​പോ​ലെ, ക്രിസ്‌തു സഭയ്‌ക്കു “മനുഷ്യ​രെ സമ്മാന​ങ്ങ​ളാ​യി” തന്നിരി​ക്കു​ന്നു. ആരാണ്‌ അവർ? ദൈവത്തിന്‍റെ ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കുന്ന മൂപ്പന്മാർ. (എഫെ. 4:8, 11-13) ഈ വില​യേ​റിയ ‘സമ്മാന​ങ്ങ​ളിൽനിന്ന്’ എങ്ങനെ പ്രയോ​ജനം നേടാം? അതിനുള്ള ഒരു വഴി അവരുടെ വിശ്വാ​സ​വും നല്ല മാതൃ​ക​യും അനുക​രി​ക്കു​ന്ന​താണ്‌. തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന് അവർ തരുന്ന ഉപദേ​ശങ്ങൾ സ്വീക​രി​ക്കു​ന്ന​താ​ണു മറ്റൊന്ന്. (എബ്രായർ 13:7, 17 വായി​ക്കുക.) ഓർക്കുക: മൂപ്പന്മാർ നമ്മളെ സ്‌നേ​ഹി​ക്കു​ക​യും നമ്മൾ ആത്മീയ​മാ​യി വളരാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഇടയ്‌ക്കൊ​ക്കെ മീറ്റി​ങ്ങു​കൾ മുടക്കു​ന്നെ​ന്നും നിങ്ങളു​ടെ ഉത്സാഹം തണുത്തു​പോ​കു​ന്നെ​ന്നും കാണു​ന്നെ​ങ്കിൽ അവർ സഹായ​ത്തിന്‌ ഓടി​യെ​ത്തും, നമുക്കു പറയാ​നു​ള്ളതു ശ്രദ്ധി​ച്ചു​കേൾക്കും. എന്നിട്ട്, പ്രോ​ത്സാ​ഹ​ന​വാ​ക്കു​ക​ളി​ലൂ​ടെ​യും വേണ്ട തിരു​വെ​ഴു​ത്തു​പ​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും നമ്മളെ സഹായി​ക്കു​ക​യും ചെയ്യും. നിങ്ങ​ളോട്‌ യഹോ​വ​യ്‌ക്കുള്ള സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാ​യി​ട്ടാ​ണോ അത്തരം സഹായത്തെ നിങ്ങൾ കാണു​ന്നത്‌?

16 നമുക്ക് ആവശ്യ​മായ ഉപദേശം തരുന്നതു മൂപ്പന്മാർക്കും അത്ര എളുപ്പ​മാ​യി​രി​ക്കി​ല്ലെന്ന കാര്യം ഓർക്കുക. ഉദാഹ​ര​ണ​ത്തിന്‌, താൻ ചെയ്‌ത ഗുരു​ത​ര​മായ പാപം ഒളിച്ചു​വെ​ക്കാൻ ദാവീദ്‌ രാജാവ്‌ ശ്രമി​ച്ച​പ്പോൾ അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കാൻ നാഥാൻ പ്രവാ​ച​കന്‌ എത്ര ബുദ്ധി​മു​ട്ടു തോന്നി​ക്കാ​ണും. (2 ശമു. 12:1-14) ഇനി, 12 അപ്പോ​സ്‌ത​ല​ന്മാ​രിൽ ഒരാളായ പത്രോസ്‌ ജൂതസ​ഹോ​ദ​ര​ന്മാ​രോ​ടു പക്ഷപാതം കാണിച്ച അവസര​ത്തെ​ക്കു​റിച്ച് ചിന്തി​ക്കുക. അദ്ദേഹത്തെ തിരു​ത്താൻ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നും ധൈര്യം വേണമാ​യി​രു​ന്നു. (ഗലാ. 2:11-14) അങ്ങനെ​യെ​ങ്കിൽ നിങ്ങൾക്ക് എങ്ങനെ സഭയിലെ മൂപ്പന്മാ​രു​ടെ ഭാരം കുറയ്‌ക്കാൻ കഴിയും? താഴ്‌മ​യും നന്ദിയും ഉള്ളവരാ​യി​രി​ക്കുക. മൂപ്പന്മാർക്കു നിങ്ങളെ സമീപി​ക്കാ​നും നിങ്ങ​ളോ​ടു സംസാ​രി​ക്കാ​നും ഒരു ബുദ്ധി​മു​ട്ടും തോന്ന​രുത്‌. അവർ നൽകുന്ന സഹായത്തെ ദൈവ​ത്തി​നു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ തെളി​വാ​യി കാണുക. അതു നിങ്ങൾക്കു പ്രയോ​ജനം ചെയ്യു​മെന്നു മാത്രമല്ല, സന്തോ​ഷ​ത്തോ​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ മൂപ്പന്മാ​രെ സഹായി​ക്കു​ക​യും ചെയ്യും.

17. ഒരു സഹോ​ദ​രി​ക്കു മൂപ്പന്മാർ സ്‌നേ​ഹ​ത്തോ​ടെ കൊടുത്ത സഹായം എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്‌തത്‌?

17 ഒരു സഹോ​ദ​രി​ക്കു ജീവി​ത​ത്തിൽ പണ്ടു നടന്ന സംഭവങ്ങൾ യഹോ​വ​യു​മാ​യി നല്ല ബന്ധമു​ണ്ടാ​യി​രി​ക്കു​ന്ന​തി​നും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തി​നും തടസ്സമാ​യി​രു​ന്നു. സഹോ​ദരി പറയുന്നു: “എന്‍റെ കഴിഞ്ഞ​കാ​ല​വും മറ്റു പ്രശ്‌ന​ങ്ങ​ളും വൈകാ​രി​ക​മാ​യി എന്നെ അങ്ങേയറ്റം തളർത്തി​യി​രു​ന്നു. ഞാൻ മൂപ്പന്മാ​രോ​ടു സംസാ​രി​ക്കേ​ണ്ട​തു​ണ്ടെന്ന് എനിക്ക് അറിയാ​മാ​യി​രു​ന്നു. ഞാൻ അങ്ങനെ ചെയ്‌ത​പ്പോൾ അവർ എന്നോടു ദേഷ്യ​പ്പെ​ടു​ക​യോ എന്നെ വിമർശി​ക്കു​ക​യോ ചെയ്‌തില്ല. പകരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു. എത്ര തിരക്കു​ണ്ടെ​ങ്കി​ലും ഓരോ മീറ്റി​ങ്ങും കഴിഞ്ഞ് അവരിൽ ഒരാ​ളെ​ങ്കി​ലും എന്‍റെ വിശേ​ഷങ്ങൾ തിരക്കും. ജീവി​ത​ത്തി​ലെ പഴയ സംഭവങ്ങൾ ഓർക്കു​മ്പോൾ ദൈവ​ത്തി​ന്‍റെ സ്‌നേ​ഹ​ത്തി​നു ഞാൻ ഒട്ടും യോഗ്യ​യ​ല്ലെന്ന് എനിക്കു തോന്നാ​റുണ്ട്. എന്നാൽ, സഭയെ​യും മൂപ്പന്മാ​രെ​യും ഉപയോ​ഗി​ച്ചു​കൊണ്ട് യഹോവ എന്നെ സ്‌നേ​ഹി​ക്കു​ന്നെന്നു വീണ്ടും​വീ​ണ്ടും ഉറപ്പു നൽകി. യഹോവ എന്നെ ഉപേക്ഷി​ക്കാൻ ഒരിക്ക​ലും ഇടവര​രു​തേ എന്നാണ്‌ എന്‍റെ പ്രാർഥന.”

ശിക്ഷണ​ത്തി​ന്‍റെ വേദന​യെ​ക്കാൾ വേദന​യേ​റിയ ഒന്ന്

18, 19. ശിക്ഷണം​കൊണ്ട് ഉണ്ടാ​യേ​ക്കാ​വുന്ന വേദന​യെ​ക്കാ​ളും വേദനാ​ക​ര​മാ​യത്‌ എന്താണ്‌? ഒരു ദൃഷ്ടാന്തം പറയുക.

18 ശിക്ഷണം വേദനാ​ക​ര​മാ​ണെ​ങ്കി​ലും അതി​നെ​ക്കാൾ വേദനാ​ക​ര​മായ മറ്റൊ​ന്നുണ്ട്. ശിക്ഷണം അവഗണി​ക്കു​ന്ന​തു​കൊണ്ട് ഉണ്ടാകുന്ന ഭവിഷ്യ​ത്തു​കൾ. (എബ്രാ. 12:11) ഇക്കാര്യ​ത്തിൽ നമുക്കു കയീ​ന്‍റെ​യും സിദെ​ക്കിയ രാജാ​വി​ന്‍റെ​യും ദൃഷ്ടാന്തം നോക്കാം. കയീനു ഹാബേ​ലി​നോ​ടു കടുത്ത വെറുപ്പു തോന്നി​യ​പ്പോൾ ദൈവം കയീ​നോ​ടു ചോദി​ച്ചു: “നീ ഇത്ര കോപി​ക്കു​ന്ന​തും നിന്‍റെ മുഖം വാടു​ന്ന​തും എന്തിന്‌? നീ നല്ലതു ചെയ്യാൻ മനസ്സു​വെ​ച്ചാൽ നിനക്കു വീണ്ടും പ്രീതി ലഭിക്കി​ല്ലേ? എന്നാൽ നീ നല്ലതു ചെയ്യു​ന്നി​ല്ലെ​ങ്കിൽ പാപം വാതിൽക്കൽ പതിയി​രി​ക്കു​ന്നു. നിന്നെ കീഴ്‌പെ​ടു​ത്താൻ അതു തീവ്ര​മാ​യി ആഗ്രഹി​ക്കു​ന്നു. എന്നാൽ നീ അതിനെ കീഴട​ക്കണം.” (ഉൽപ. 4:6, 7) പക്ഷേ കയീൻ ശ്രദ്ധി​ച്ചില്ല. എന്തു സംഭവി​ച്ചു? പാപം കയീനെ കീഴടക്കി. അതിന്‍റെ ഫലമായി കയീൻ എത്ര​ത്തോ​ളം വേദന​യും ദുരി​ത​വും അനുഭ​വി​ച്ചെന്നു ചിന്തി​ക്കുക. അതി​ന്‍റെ​യൊ​ന്നും ആവശ്യം കയീനി​ല്ലാ​യി​രു​ന്നു. (ഉൽപ. 4:11, 12) ദൈവ​ത്തി​ന്‍റെ വാക്കു​കൾക്കു ശ്രദ്ധ കൊടു​ത്തി​രു​ന്നെ​ങ്കിൽ കയീന്‌ ഇത്രയ​ധി​കം വേദനി​ക്കേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു.

19 യരുശ​ലേ​മി​ന്‍റെ ചരി​ത്ര​ത്തി​ലെ ഇരുണ്ട നാളു​ക​ളിൽ ആ രാജ്യം ഭരിച്ചി​രുന്ന ദുർബ​ല​നും ദുഷ്ടനും ആയ രാജാ​വാ​യി​രു​ന്നു സിദെ​ക്കിയ. തെറ്റായ പാതയിൽനിന്ന് തിരി​ഞ്ഞു​വ​രാൻ പ്രവാ​ച​ക​നായ യിരെമ്യ സിദെ​ക്കി​യയെ ഉപദേ​ശി​ച്ചു, ഒന്നല്ല പലവട്ടം. പക്ഷേ ശിക്ഷണം സ്വീക​രി​ക്കാൻ രാജാവ്‌ തയ്യാറാ​യില്ല. അദ്ദേഹ​ത്തി​നും ദാരു​ണ​മായ ഫലം അനുഭ​വി​ക്കേ​ണ്ടി​വന്നു. (യിരെ. 52:8-11) നമ്മൾ നമുക്കു​തന്നെ അനാവ​ശ്യ​മായ വേദനകൾ വരുത്തി​വെ​ക്കു​ന്നതു കാണാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല.​—യശയ്യ 48:17, 18 വായി​ക്കുക.

20. ദൈവ​ത്തി​ന്‍റെ ശിക്ഷണം സ്വീക​രി​ക്കു​ന്ന​വ​രു​ടെ​യും അതു നിരാ​ക​രി​ക്കു​ന്ന​വ​രു​ടെ​യും ഭാവി​യെന്ത്?

20 ആത്മശി​ക്ഷണം ഉൾപ്പെടെ ഒരു തരത്തി​ലു​മുള്ള ശിക്ഷണ​വും ആളുകൾ ഇഷ്ടപ്പെ​ടു​ന്നില്ല. എന്നാൽ ഇന്നല്ലെ​ങ്കിൽ നാളെ അവർ ബുദ്ധി​ശൂ​ന്യ​മായ ആ മനോ​ഭാ​വ​ത്തി​ന്‍റെ ഫലം അനുഭ​വി​ക്കും. (സുഭാ. 1:24-31) അതു​കൊണ്ട് നമുക്കു ശിക്ഷണം സ്വീക​രിച്ച് ജ്ഞാനി​ക​ളാ​കാം. സുഭാ​ഷി​തങ്ങൾ 4:13 പറയുന്നു: “ശിക്ഷണം ഉപേക്ഷി​ക്ക​രുത്‌, അതു മുറുകെ പിടി​ക്കുക; അതു കാത്തു​സൂ​ക്ഷി​ക്കുക, അതു നിന്‍റെ ജീവനാണ്‌.”