വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നാനം​—ക്രിസ്‌ത്യാ​നി​കൾക്ക് അനിവാ​ര്യം

സ്‌നാനം​—ക്രിസ്‌ത്യാ​നി​കൾക്ക് അനിവാ​ര്യം

“സ്‌നാനം . . . ഇപ്പോൾ നിങ്ങ​ളെ​യും രക്ഷിക്കു​ന്നു.”​—1 പത്രോ. 3:21.

ഗീതങ്ങൾ: 52, 41

1, 2. (എ) കുട്ടി സ്‌നാ​ന​മേൽക്കാൻ ആഗ്രഹം പ്രകടി​പ്പി​ക്കു​മ്പോൾ ചില ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾ എങ്ങനെ​യൊ​ക്കെ ചിന്തി​ച്ചേ​ക്കാം? (ബി) യഹോ​വ​യ്‌ക്കു സമർപ്പണം നടത്തി​യി​ട്ടു​ണ്ടോ എന്നു സ്‌നാ​നാർഥി​ക​ളോ​ടു ചോദി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

മറ്റു സ്‌നാ​നാർഥി​ക​ളോ​ടൊ​പ്പം ആ കൊച്ചു​പെൺകു​ട്ടി​യും എഴു​ന്നേ​റ്റു​നി​ന്നു. നമുക്ക് അവളെ മരിയ എന്നു വിളി​ക്കാം. അവളുടെ മാതാ​പി​താ​ക്ക​ളു​ടെ കണ്ണുകൾ അവളിൽത്ത​ന്നെ​യാ​യി​രു​ന്നു. പ്രസം​ഗകൻ ചോദിച്ച രണ്ടു ചോദ്യ​ങ്ങൾക്കും അവൾ ഉച്ചത്തിൽ വ്യക്തമാ​യി ഉത്തരം പറഞ്ഞു. കുറച്ച് സമയത്തി​നു​ള്ളിൽ അവൾ സ്‌നാ​ന​മേറ്റു.

2 യഹോ​വ​യ്‌ക്കു തന്നെത്തന്നെ സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും മരിയ എടുത്ത തീരു​മാ​ന​ത്തിൽ അവളുടെ മാതാ​പി​താ​ക്കൾക്ക് അഭിമാ​നം തോന്നി. എങ്കിലും, മുമ്പ് അവളുടെ അമ്മയുടെ മനസ്സിനെ ചില ചോദ്യ​ങ്ങൾ അലട്ടി​യി​രു​ന്നു: ‘മോൾക്കു സ്‌നാ​ന​മേൽക്കാ​നുള്ള പ്രായ​മാ​യോ? സ്‌നാ​ന​പ്പെ​ടു​ന്ന​തി​ന്‍റെ ഗൗരവം അവൾക്കു വ്യക്തമാ​യി മനസ്സി​ലാ​യി​ട്ടു​ണ്ടോ? കുറച്ച് നാൾകൂ​ടെ കഴിഞ്ഞിട്ട് സ്‌നാ​ന​മേ​റ്റാൽ പോരേ?’ മകനോ മകളോ സ്‌നാ​ന​പ്പെ​ടാ​നുള്ള ആഗ്രഹം പ്രകടി​പ്പി​ക്കു​മ്പോൾ സ്‌നേ​ഹ​മുള്ള മിക്ക മാതാ​പി​താ​ക്ക​ളു​ടെ​യും മനസ്സി​ലൂ​ടെ ഇങ്ങനെ​യുള്ള ചോദ്യ​ങ്ങൾ കടന്നു​പോ​കാ​റുണ്ട്. (സഭാ. 5:5) ഒരു ക്രിസ്‌ത്യാ​നി​യു​ടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട രണ്ടു പടിക​ളാ​ണു സമർപ്പ​ണ​വും സ്‌നാ​ന​വും.​—“ യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ച്ചി​ട്ടു​ണ്ടോ?” എന്ന ചതുരം കാണുക.

3, 4. (എ) പത്രോസ്‌ അപ്പോ​സ്‌തലൻ എങ്ങനെ​യാ​ണു സ്‌നാ​ന​ത്തി​ന്‍റെ പ്രാധാ​ന്യം ദൃഷ്ടാ​ന്തീ​ക​രി​ച്ചത്‌? (ബി) സ്‌നാ​നത്തെ നോഹ​യു​ടെ കാലത്തെ പെട്ടകം​പ​ണി​യോ​ടു താരത​മ്യ​പ്പെ​ടു​ത്താ​വു​ന്നത്‌ എന്തു​കൊണ്ട്?

3 അപ്പോ​സ്‌ത​ല​നായ പത്രോസ്‌ സ്‌നാ​നത്തെ, നോഹ പെട്ടകം പണിത​തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തി. അദ്ദേഹം ഇങ്ങനെ എഴുതി: ‘അതിനു സമാന​മാ​ണു സ്‌നാനം. സ്‌നാനം ഇപ്പോൾ നിങ്ങ​ളെ​യും രക്ഷിക്കു​ന്നു.’ (1 പത്രോസ്‌ 3:20, 21 വായി​ക്കുക.) നോഹ ദൈ​വേഷ്ടം ചെയ്യാൻ അർപ്പി​ത​നാ​യി​രു​ന്നു എന്നതിന്‍റെ സംശയ​ര​ഹി​ത​വും ദൃശ്യ​വും ആയ തെളി​വാ​യി​രു​ന്നു പെട്ടകം. യഹോവ തന്നെ ഏൽപ്പിച്ച നിയമനം നോഹ വിശ്വ​സ്‌ത​മാ​യി നിറ​വേറ്റി. അതെ, വിശ്വാ​സ​ത്തി​ന്‍റെ ദൃശ്യ​മായ പ്രവൃ​ത്തി​കൾ പ്രളയ​ത്തി​ന്‍റെ സമയത്ത്‌ നോഹ​യു​ടെ​യും കുടും​ബ​ത്തി​ന്‍റെ​യും രക്ഷയിൽ കലാശി​ച്ചു. പത്രോസ്‌ എന്തു​കൊ​ണ്ടാ​ണു സ്‌നാ​നത്തെ പെട്ടകം​പ​ണി​യോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യത്‌?

4 പെട്ടകം നോഹ​യു​ടെ വിശ്വാ​സ​ത്തി​ന്‍റെ തെളി​വാ​യി​രു​ന്ന​തു​പോ​ലെ മറ്റുള്ള​വ​രു​ടെ മുമ്പാകെ നടത്തുന്ന സ്‌നാ​ന​വും ദൃശ്യ​മായ തെളി​വാണ്‌. എന്തിന്‍റെ? പുനരു​ത്ഥാ​ന​പ്പെട്ട ക്രിസ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തിൽ ഒരു ക്രിസ്‌തു​ശി​ഷ്യൻ തന്നെത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ച്ചി​രി​ക്കു​ന്നു എന്ന് അതു തെളി​യി​ക്കു​ന്നു. ദൈവ​ത്തി​നു സമർപ്പി​ച്ചി​രി​ക്കുന്ന ശിഷ്യ​ന്മാർ, നോഹ ചെയ്‌ത​തു​പോ​ലെ ദൈവം തങ്ങൾക്കു തന്നിരി​ക്കുന്ന നിയമനം അനുസ​ര​ണ​ത്തോ​ടെ ചെയ്യുന്നു. പ്രളയ​ത്തി​ന്‍റെ സമയത്ത്‌ നോഹയെ രക്ഷിച്ച​തു​പോ​ലെ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കു​മ്പോൾ യഹോവ സ്‌നാ​ന​മേറ്റ വിശ്വ​സ്‌ത​രെ​യും സംരക്ഷി​ക്കും. (മർക്കോ. 13:10; വെളി. 7:9, 10) സമർപ്പ​ണ​ത്തി​ന്‍റെ​യും സ്‌നാ​ന​ത്തി​ന്‍റെ​യും പ്രാധാ​ന്യ​മല്ലേ ഇതു കാണി​ക്കു​ന്നത്‌? സ്‌നാനം അനാവ​ശ്യ​മാ​യി വൈകി​പ്പി​ക്കുന്ന ഒരാൾ ഒരുപക്ഷേ നിത്യം ജീവി​ക്കാ​നുള്ള അവസര​മാ​യി​രി​ക്കും നഷ്ടപ്പെ​ടു​ത്തു​ന്നത്‌.

5. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

5 സ്‌നാനം എത്ര പ്രധാ​ന​പ്പെ​ട്ട​താ​ണെന്നു മനസ്സി​ലാ​ക്കിയ സ്ഥിതിക്ക്, മൂന്നു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തണം. സ്‌നാ​ന​ത്തെ​ക്കു​റിച്ച് ബൈബിൾ എന്താണു പറയു​ന്നത്‌? സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ് ഒരു വ്യക്തി ഏതൊക്കെ പടികൾ സ്വീക​രി​ക്കണം? തന്‍റെ കുട്ടി​യെ​യോ മറ്റൊരു ബൈബിൾവി​ദ്യാർഥി​യെ​യോ സത്യം പഠിപ്പി​ക്കു​മ്പോൾ, അധ്യാ​പ​കന്‍റെ മനസ്സിൽ സ്‌നാ​ന​ത്തി​ന്‍റെ പ്രാധാ​ന്യം എപ്പോ​ഴും ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

സ്‌നാ​ന​ത്തെ​ക്കു​റിച്ച് ബൈബിൾ പഠിപ്പി​ക്കു​ന്നത്‌

6, 7. (എ) യോഹ​ന്നാൻ നടത്തിയ സ്‌നാ​ന​ങ്ങ​ളു​ടെ അർഥം എന്തായി​രു​ന്നു? (ബി) മറ്റുള്ള​വ​രു​ടേ​തിൽനിന്ന് വ്യത്യ​സ്‌ത​മായ സ്‌നാനം ആരു​ടേ​താ​യി​രു​ന്നു, എന്തു​കൊണ്ട്?

6 സ്‌നാ​പ​ക​യോ​ഹ​ന്നാൻ നടത്തിയ സ്‌നാ​ന​ങ്ങ​ളാ​ണു മറ്റുള്ള​വരെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ലെ ആദ്യപ​രാ​മർശം. (മത്താ. 3:1-6) മോശ​യു​ടെ നിയമ​ത്തിന്‌ എതിരെ ചെയ്‌ത പാപങ്ങ​ളെ​ക്കു​റിച്ച് തങ്ങൾക്കു പശ്ചാത്താ​പ​മു​ണ്ടെന്നു കാണി​ക്കാ​നാ​ണു സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്‍റെ അടുത്ത്‌ വന്ന് ആളുകൾ സ്‌നാ​ന​മേ​റ്റത്‌. എന്നാൽ, യോഹ​ന്നാൻ നടത്തിയ ഏറ്റവും പ്രധാ​ന​പ്പെട്ട സ്‌നാ​ന​ത്തി​നു പശ്ചാത്താ​പ​വു​മാ​യി യാതൊ​രു ബന്ധവു​മി​ല്ലാ​യി​രു​ന്നു. ഏതായി​രു​ന്നു അത്‌? ദൈവ​ത്തി​ന്‍റെ പൂർണ​നായ പുത്രനെ സ്‌നാ​ന​പ്പെ​ടു​ത്താ​നുള്ള അതുല്യ​പ​ദവി യോഹ​ന്നാ​നു ലഭിച്ചു. (മത്താ. 3:13-17) യേശു പാപമി​ല്ലാ​ത്ത​വ​നാ​യി​രു​ന്ന​തു​കൊണ്ട് പശ്ചാത്താ​പം കാണി​ക്കേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു. (1 പത്രോ. 2:22) പിന്നെ എന്തിനാ​ണു യേശു സ്‌നാ​ന​പ്പെ​ട്ടത്‌? ദൈ​വേഷ്ടം ചെയ്യാ​നാ​യി തന്നെത്തന്നെ സമർപ്പി​ച്ച​തി​ന്‍റെ തെളി​വാ​യി​രു​ന്നു യേശു​വി​ന്‍റെ സ്‌നാനം.​—എബ്രാ. 10:7.

7 യേശു​വി​ന്‍റെ ഭൂമി​യി​ലെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ യേശു​വി​ന്‍റെ ശിഷ്യ​ന്മാ​രും ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തി. (യോഹ. 3:22; 4:1, 2) മോശ​യു​ടെ നിയമ​ത്തിന്‌ എതിരെ ചെയ്‌ത പാപങ്ങ​ളെ​പ്രതി തങ്ങൾ പശ്ചാത്ത​പി​ക്കു​ന്നു എന്നതിന്‍റെ തെളി​വാ​യി​ട്ടാണ്‌ അവരും സ്‌നാ​ന​മേ​റ്റത്‌. എന്നാൽ, യേശു​വി​ന്‍റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷം യേശു​വി​നെ അനുഗ​മി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ സ്‌നാ​ന​ത്തി​നു വളരെ വ്യത്യ​സ്‌ത​മായ അർഥമാ​ണു​ള്ളത്‌.

8. (എ) പുനരു​ത്ഥാ​ന​ത്തി​നു ശേഷം യേശു തന്‍റെ അനുഗാ​മി​കൾക്ക് എന്തു കല്‌പ​ന​യാ​ണു കൊടു​ത്തത്‌? (ബി) ക്രിസ്‌തീ​യ​സ്‌നാ​ന​ത്തി​ന്‍റെ പ്രാധാ​ന്യം വിശദീ​ക​രി​ക്കുക.

8 എ.ഡി. 33-ൽ 500-ലധികം വരുന്ന ഒരു കൂട്ടത്തി​നു പുനരു​ത്ഥാ​ന​പ്പെട്ട യേശു പ്രത്യ​ക്ഷ​നാ​യി. പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ഒരുപക്ഷേ കുട്ടി​ക​ളും ആ കൂട്ടത്തി​ലു​ണ്ടാ​യി​രു​ന്നു. ഈ അവസര​ത്തി​ലാ​യി​രി​ക്കാം യേശു പിൻവ​രുന്ന കല്‌പന കൊടു​ത്തത്‌: “അതു​കൊണ്ട് നിങ്ങൾ പോയി എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കു​ക​യും പിതാ​വി​ന്‍റെ​യും പുത്ര​ന്‍റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്‍റെ​യും നാമത്തിൽ അവരെ സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും വേണം.” (മത്താ. 28:19, 20; 1 കൊരി. 15:6) ആളുകളെ ശിഷ്യ​രാ​ക്കാൻ യേശു തന്‍റെ അനുഗാ​മി​ക​ളോ​ടു കല്‌പി​ച്ചു. തന്‍റെ നുകം ഏറ്റെടു​ക്കാൻ, അതായത്‌ തന്‍റെ ശിഷ്യ​നാ​കാൻ, ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും സ്‌നാ​ന​പ്പെ​ട​ണ​മെ​ന്നും യേശു പറഞ്ഞു. (മത്താ. 11:29, 30) സ്വീകാ​ര്യ​മായ വിധത്തിൽ ദൈവത്തെ സേവി​ക്കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും ദൈ​വോ​ദ്ദേ​ശ്യം നിറ​വേ​റ്റു​ന്ന​തിൽ യേശു​വി​നുള്ള പങ്കു മനസ്സി​ലാ​ക്കു​ക​യും അംഗീ​ക​രി​ക്കു​ക​യും വേണം. അങ്ങനെ ചെയ്യുന്ന ഒരു വ്യക്തിക്കു സ്‌നാ​ന​മേൽക്കാം. ദൈവാം​ഗീ​കാ​ര​മുള്ള ഒരേ ഒരു ജലസ്‌നാ​നം ഇതു മാത്ര​മാണ്‌. ഒന്നാം നൂറ്റാ​ണ്ടിൽ ക്രിസ്‌തു​വി​ന്‍റെ ശിഷ്യ​രാ​യി​ത്തീർന്നവർ സ്‌നാ​ന​ത്തി​ന്‍റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച് മനസ്സി​ലാ​ക്കി​യി​രു​ന്നു എന്നതിനു ബൈബി​ളിൽ ധാരാളം തെളി​വു​ക​ളുണ്ട്. അവർ സ്‌നാ​ന​പ്പെ​ടാൻ അനാവ​ശ്യ​മാ​യി കാലതാ​മസം വരുത്തു​ക​യും ചെയ്‌തില്ല.​—പ്രവൃ. 2:41; 9:18; 16:14, 15, 32, 33.

ഒട്ടും വൈക​രുത്‌

9, 10. എത്യോ​പ്യ​ക്കാ​ര​നിൽനി​ന്നും അപ്പോ​സ്‌ത​ല​നായ പൗലോ​സിൽനി​ന്നും നമുക്കു സ്‌നാ​ന​ത്തെ​ക്കു​റിച്ച് എന്തു പഠിക്കാം?

9 പ്രവൃ​ത്തി​കൾ 8:35, 36 വായി​ക്കുക. ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത എത്യോ​പ്യ​ക്കാ​ര​നെ​ക്കു​റിച്ച് ചിന്തി​ക്കാം. അദ്ദേഹം യരുശ​ലേ​മിൽ ആരാധ​ന​യ്‌ക്കു വന്നശേഷം സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. അപ്പോൾ യഹോ​വ​യു​ടെ ഒരു ദൂതൻ ഫിലി​പ്പോ​സി​നെ ആ എത്യോ​പ്യ​ക്കാ​രന്‍റെ അടു​ത്തേക്കു നയിച്ചു. ഫിലി​പ്പോസ്‌ അദ്ദേഹ​ത്തോട്‌ “യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു.” എന്തായി​രു​ന്നു എത്യോ​പ്യ​ക്കാ​രന്‍റെ പ്രതി​ക​രണം? താൻ മനസ്സി​ലാ​ക്കിയ സത്യങ്ങളെ അദ്ദേഹം ഹൃദയം​ഗ​മ​മാ​യി വിലമ​തി​ച്ചു. യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ അദ്ദേഹ​ത്തിന്‌ ആഗ്രഹം തോന്നി, ഒട്ടും വൈകാ​തെ സ്‌നാ​ന​മേറ്റു.

10 അടുത്ത​താ​യി, ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വി​ച്ചി​രുന്ന ഒരു ജൂതന്‍റെ കാര്യം നോക്കാം. ജൂതന്മാർ ദൈവ​ത്തി​നു സമർപ്പി​ച്ചി​രുന്ന ഒരു ജനതയാ​യി​രു​ന്നു. പക്ഷേ അവർക്ക് യഹോ​വ​യു​മാ​യുള്ള പ്രത്യേ​ക​ബന്ധം നഷ്ടപ്പെ​ട്ടി​രു​ന്നു. ആ ജനതയിൽപ്പെട്ട ഒരാളാ​യി​രു​ന്നു ഈ ജൂതൻ. അദ്ദേഹം വളർന്നു​വ​ന്ന​പ്പോൾ ജൂതപാ​ര​മ്പ​ര്യ​ങ്ങൾക്കു​വേണ്ടി ശക്തമായി നില​കൊ​ണ്ടു. പക്ഷേ പിന്നീട്‌ അദ്ദേഹം ഏറെ മെച്ചമായ മറ്റൊരു മാർഗം പഠിച്ചു. പുനരു​ത്ഥാ​ന​പ്പെ​ടു​ക​യും മഹത്ത്വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത യേശു​ക്രി​സ്‌തു​വിൽനിന്ന് അദ്ദേഹ​ത്തി​നു നേരിട്ട് സാക്ഷ്യം ലഭിച്ച​പ്പോ​ഴാ​യി​രു​ന്നു അത്‌. അപ്പോൾ ആ മനുഷ്യൻ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? ക്രിസ്‌തു​ശി​ഷ്യ​നായ അനന്യാ​സി​ന്‍റെ സഹായം സ്വീക​രിച്ച അദ്ദേഹം “എഴുന്നേറ്റ്‌ സ്‌നാനമേറ്റു” എന്നു ബൈബിൾ പറയുന്നു. (പ്രവൃ. 9:17, 18; ഗലാ. 1:14) ആ വ്യക്തി​യാ​ണു പിന്നീട്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എന്ന പേരിൽ അറിയ​പ്പെ​ട്ടത്‌. ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്‍റെ നിവൃ​ത്തി​യിൽ യേശു​വി​ന്‍റെ പങ്കി​നെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്‌ത​പ്പോൾ പൗലോസ്‌ ഉടനടി പ്രവർത്തി​ച്ചു, അദ്ദേഹം ഒട്ടും വൈകാ​തെ സ്‌നാ​ന​മേറ്റു.​—പ്രവൃ​ത്തി​കൾ 22:12-16 വായി​ക്കുക.

11. (എ) സ്‌നാ​ന​പ്പെ​ടാൻ ബൈബിൾവി​ദ്യാർഥി​കളെ എന്താണു പ്രചോ​ദി​പ്പി​ക്കു​ന്നത്‌? (ബി) പുതിയ ശിഷ്യർ സ്‌നാ​ന​മേൽക്കു​ന്നതു കാണു​മ്പോൾ നമുക്ക് എന്തു തോന്നു​ന്നു?

11 ഇന്നത്തെ ബൈബിൾവി​ദ്യാർഥി​കൾ, ചെറു​പ്പ​ക്കാ​രാ​യാ​ലും പ്രായ​മാ​യ​വ​രാ​യാ​ലും, ഇങ്ങനെ​തന്നെ ചെയ്യുന്നു. വിശ്വാ​സ​വും ബൈബിൾസ​ത്യ​ത്തോട്‌ ആത്മാർഥ​മായ വിലമ​തി​പ്പും ഉള്ളവർ ദൈവ​ത്തി​നു തങ്ങളെ​ത്തന്നെ സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും അതിയാ​യി ആഗ്രഹി​ക്കും. സ്‌നാ​നാർഥി​കൾക്കു​വേണ്ടി പ്രത്യേ​ക​മാ​യി നടത്ത​പ്പെ​ടുന്ന പ്രസംഗം എല്ലാ സമ്മേള​ന​ങ്ങ​ളു​ടെ​യും കൺ​വെൻ​ഷ​നു​ക​ളു​ടെ​യും സവി​ശേ​ഷ​ത​യാണ്‌. ഒരു ബൈബിൾവി​ദ്യാർഥി സത്യം സ്വീക​രി​ക്കു​ക​യും പുരോ​ഗതി വരുത്തി സ്‌നാനപ്പെടുകയും ചെയ്യു​ന്നതു കാണു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ എത്ര സന്തോ​ഷി​ക്കു​ന്നെ​ന്നോ! സ്‌നാ​നാർഥി​ക​ളായ പുതിയ ശിഷ്യ​രു​ടെ നിരയിൽ തങ്ങളുടെ കുട്ടി​ക​ളെ​യും കാണു​ന്നതു മാതാ​പി​താ​ക്കളെ സന്തോ​ഷി​പ്പി​ക്കി​ല്ലേ? ഇങ്ങനെ, ശരിയായ ‘മനോ​ഭാ​വ​മുള്ള’ 2,84,000-ത്തിലേറെ ആളുക​ളാണ്‌ 2017 സേവന​വർഷ​ത്തിൽ തങ്ങൾ യഹോ​വ​യ്‌ക്കു സമർപ്പണം നടത്തി​യെന്നു ജലസ്‌നാ​ന​ത്തി​ലൂ​ടെ തെളി​യി​ച്ചത്‌. (പ്രവൃ. 13:48) വ്യക്തമാ​യും, ക്രിസ്‌ത്യാ​നി​കൾക്കുള്ള ഒരു വ്യവസ്ഥ​യാ​ണു സ്‌നാ​ന​മെന്നു ആ പുതിയ ശിഷ്യർ മനസ്സി​ലാ​ക്കി. അങ്ങനെ​യെ​ങ്കിൽ, സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ് അവർ എന്തെല്ലാം പടിക​ളാ​ണു സ്വീക​രി​ച്ചത്‌?

12. സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ് ഒരു ബൈബിൾവി​ദ്യാർഥി ഏതെല്ലാം പടികൾ സ്വീക​രി​ക്കണം?

12 ഒരു ബൈബിൾവി​ദ്യാർഥി സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ്, ദൈവ​ത്തെ​യും ദൈ​വോ​ദ്ദേ​ശ്യ​ത്തെ​യും രക്ഷയ്‌ക്കാ​യുള്ള ദൈവ​ത്തി​ന്‍റെ ക്രമീ​ക​ര​ണ​ത്തെ​യും കുറി​ച്ചുള്ള ശരിയായ അറിവ്‌ നേടണം. ആ അറിവി​ന്‍റെ അടിസ്ഥാ​ന​ത്തിൽ വിശ്വാ​സം വളർത്തി​യെ​ടു​ക്കണം. (1 തിമൊ. 2:3-6) അത്തരം വിശ്വാ​സം, ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാത്ത സ്വഭാ​വ​വും പെരു​മാ​റ്റ​രീ​തി​ക​ളും ഉപേക്ഷി​ക്കാ​നും യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവിതം കൊണ്ടു​വ​രാ​നും വിദ്യാർഥി​യെ പ്രേരി​പ്പി​ക്കും. (പ്രവൃ. 3:19) ഒരാൾ ദൈവ​രാ​ജ്യ​ത്തിന്‌ അയോ​ഗ്യ​നാ​ക്കുന്ന എന്തെങ്കി​ലും ഒരു പ്രവൃത്തി ചെയ്യു​ന്നു​ണ്ടെ​ങ്കിൽ അയാൾ നടത്തുന്ന സമർപ്പണം ദൈവ​മു​മ്പാ​കെ സ്വീകാ​ര്യ​മാ​യി​രി​ക്കില്ല. (1 കൊരി. 6:9, 10) എന്നാൽ, യഹോ​വ​യു​ടെ ഉയർന്ന ധാർമി​ക​നി​ല​വാ​ര​ങ്ങ​ളോ​ടു പറ്റിനി​ന്നാൽ മാത്രം പോരാ. നീതി പിന്തു​ട​രുന്ന ഒരാൾ സഭാ​യോ​ഗ​ങ്ങ​ളിൽ ഹാജരാ​കു​ക​യും ജീവര​ക്ഷാ​ക​ര​മായ പ്രസംഗ-ശിഷ്യ​രാ​ക്കൽവേ​ല​യിൽ പതിവാ​യി പങ്കെടു​ക്കു​ക​യും ചെയ്യും. തന്‍റെ യഥാർഥ​ശി​ഷ്യർ ഈ വേല ചെയ്യു​ന്ന​വ​രാ​ണെന്നു യേശു പറഞ്ഞു. (പ്രവൃ. 1:8) ഈ പടിക​ളെ​ല്ലാം സ്വീക​രി​ച്ച​തി​നു ശേഷമേ ഒരു പുതിയ ശിഷ്യനു വ്യക്തി​പ​ര​മായ പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യ്‌ക്കു തന്നെത്തന്നെ സമർപ്പി​ക്കാ​നും അതിന്‍റെ പ്രതീ​ക​മാ​യി സ്‌നാ​ന​പ്പെ​ടാ​നും കഴിയു​ക​യു​ള്ളൂ.

ബൈബിൾവി​ദ്യാർഥി​ക​ളു​ടെ മുന്നിൽ വെക്കേണ്ട ലക്ഷ്യം

സ്‌നാനത്തിന്‍റെ പ്രാധാ​ന്യം എപ്പോ​ഴും നിങ്ങളു​ടെ മനസ്സി​ലു​ണ്ടോ, അതു നിങ്ങളു​ടെ വിദ്യാർഥി​ക്കു പറഞ്ഞു​കൊ​ടു​ക്കു​ന്നു​ണ്ടോ? (13-‍ാ‍ം ഖണ്ഡിക കാണുക)

13. ബൈബിൾപ​ഠനം നടത്തു​മ്പോൾ സ്‌നാനം ക്രിസ്‌തീ​യ​വ്യ​വ​സ്ഥ​യാ​ണെന്ന കാര്യം നമ്മുടെ മനസ്സിൽ എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

13 ക്രിസ്‌തു​വി​ന്‍റെ യഥാർഥ​ശി​ഷ്യ​നാ​കു​ന്ന​തിന്‌ ഒരാൾ സ്‌നാ​ന​പ്പെ​ടണം. നമ്മുടെ കുട്ടി​ക​ളെ​യും ബൈബിൾവി​ദ്യാർഥി​ക​ളെ​യും പുരോ​ഗ​മി​ക്കാൻ സഹായി​ക്കു​മ്പോൾ ഇക്കാര്യം നമ്മൾ എപ്പോ​ഴും ഓർത്തി​രി​ക്കണം. ഇതു നമ്മുടെ മനസ്സി​ലു​ണ്ടെ​ങ്കിൽ വിദ്യാർഥി​ക​ളോട്‌ ഇതെക്കു​റിച്ച് പറയാൻ നമ്മൾ മടിക്കില്ല. സമർപ്പ​ണ​ത്തി​ന്‍റെ​യും സ്‌നാ​ന​ത്തി​ന്‍റെ​യും പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച് ഉചിത​മായ അവസര​ങ്ങ​ളിൽ നമ്മൾ അവരോ​ടു സംസാ​രി​ക്കും. കാരണം, നമ്മുടെ കുട്ടി​ക​ളും മറ്റു ബൈബിൾവി​ദ്യാർഥി​ക​ളും സ്‌നാ​ന​ത്തി​ന്‍റെ പടി​യോ​ളം പുരോ​ഗ​മി​ക്കു​ന്നതു കാണാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌.

14. സ്‌നാ​ന​പ്പെ​ടാ​നാ​യി മറ്റുള്ള​വ​രു​ടെ മേൽ സമ്മർദം ചെലു​ത്ത​രു​താ​ത്തത്‌ എന്തു​കൊണ്ട്?

14 എന്നാൽ, മാതാ​പി​താ​ക്ക​ളോ ബൈബിൾപ​ഠനം നടത്തു​ന്ന​യാ​ളോ സഭയിലെ മറ്റാ​രെ​ങ്കി​ലു​മോ സ്‌നാ​ന​പ്പെ​ടാ​നാ​യി സമ്മർദം ചെലു​ത്ത​ണ​മെന്നല്ല ഇതിന്‌ അർഥം. അതല്ല യഹോ​വ​യു​ടെ വഴി. (1 യോഹ. 4:8) പകരം, നമ്മൾ ബൈബിൾപ​ഠനം നടത്തു​മ്പോൾ, ദൈവ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധം വളർത്തി​യെ​ടു​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം വിദ്യാർഥി​കളെ ബോധ്യ​പ്പെ​ടു​ത്തണം. സത്യ​ത്തോ​ടുള്ള ഹൃദയം​ഗ​മ​മായ വിലമ​തി​പ്പും ശിഷ്യ​ത്വ​ത്തി​ന്‍റെ നുകം ഏറ്റെടു​ക്കാ​നുള്ള ആഗ്രഹ​വും ആയിരി​ക്കണം സ്‌നാ​ന​പ്പെ​ടാൻ അവരെ പ്രചോ​ദി​പ്പി​ക്കേ​ണ്ടത്‌.​—2 കൊരി. 5:14, 15.

15, 16. (എ) സ്‌നാ​ന​പ്പെ​ടു​ന്ന​തിന്‌ ഒരു പ്രത്യേ​ക​പ്രാ​യം നിശ്ചയി​ച്ചി​ട്ടു​ണ്ടോ? വിശദീ​ക​രി​ക്കുക. (ബി) ഒരു ബൈബിൾവി​ദ്യാർഥി മറ്റൊരു മതത്തി​ലാ​യി​രു​ന്ന​പ്പോൾ സ്‌നാ​ന​മേ​റ്റ​യാ​ളാ​ണെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി സ്‌നാ​ന​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്?

15 സ്‌നാ​ന​മേൽക്കു​ന്ന​തി​നു പ്രത്യേക പ്രായ​മൊ​ന്നും നിശ്ചയി​ച്ചി​ട്ടില്ല. ചിലർ മറ്റുള്ള​വ​രെ​ക്കാൾ വേഗത്തിൽ പുരോ​ഗതി പ്രാപി​ച്ചേ​ക്കാം. മിക്കവ​രും ചെറു​പ്പ​ത്തിൽത്തന്നെ സ്‌നാ​ന​മേൽക്കും, യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്യും. മറ്റു ചില വിദ്യാർഥി​കൾ പ്രായം​ചെ​ന്ന​തി​നു ശേഷമാ​യി​രി​ക്കും ബൈബിൾസ​ത്യം പഠിക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ന്ന​തി​ന്‍റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കു​ക​യും ചെയ്യു​ന്നത്‌. ചിലർ, 100 വയസ്സു കടന്ന​പ്പോ​ഴാ​ണു സ്‌നാ​ന​മേ​റ്റത്‌!

16 ഒരിക്കൽ, പ്രായ​മുള്ള ഒരു ബൈബിൾവി​ദ്യാർഥി തന്നെ ബൈബിൾ പഠിപ്പി​ക്കുന്ന സഹോ​ദ​രി​യോ​ടു താൻ വീണ്ടും സ്‌നാ​ന​പ്പെ​ട​ണോ എന്നു ചോദി​ച്ചു. മുമ്പ് വ്യത്യ​സ്‌ത​മ​ത​ങ്ങ​ളിൽ അംഗമാ​യി​രു​ന്ന​പ്പോൾ ആ സ്‌ത്രീ സ്‌നാ​ന​മേ​റ്റ​താ​യി​രു​ന്നു. ആ സഹോ​ദ​രി​യും വിദ്യാർഥി​യും ഒരുമി​ച്ചി​രുന്ന് സ്‌നാ​ന​ത്തോ​ടു ബന്ധപ്പെട്ട തിരു​വെ​ഴു​ത്തു​കൾ ചർച്ച ചെയ്‌തു. സ്‌നാ​ന​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്‍റെ വ്യവസ്ഥ മനസ്സി​ലാ​ക്കിയ ആ സ്‌ത്രീ പെട്ടെ​ന്നു​തന്നെ സ്‌നാ​ന​മേറ്റു. ‘പ്രായം 80-നോട്‌ അടുത്തി​ല്ലേ, ഇനി സ്‌നാ​ന​പ്പെ​ടേണ്ട ആവശ്യ​മില്ല’ എന്ന് അവർ കരുതി​യില്ല. ഓർക്കുക: യഹോ​വ​യു​ടെ ഇഷ്ടത്തെ​ക്കു​റിച്ച് ശരിയായ അറിവ്‌ നേടി, അതിന്‍റെ അടിസ്ഥാ​ന​ത്തിൽ സ്‌നാ​ന​മേ​റ്റെ​ങ്കിൽ മാത്രമേ യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മാ​കൂ. അതു​കൊണ്ട്, മുമ്പ് മറ്റൊരു മതത്തിന്‍റെ ഭാഗമാ​യി​രു​ന്ന​പ്പോൾ സ്‌നാ​ന​പ്പെ​ട്ട​താ​ണെ​ങ്കി​ലും പുതിയ ശിഷ്യർ സ്‌നാ​ന​പ്പെ​ടേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌.​—പ്രവൃ​ത്തി​കൾ 19:3-5 വായി​ക്കുക.

17. ഒരാളു​ടെ സ്‌നാ​ന​ദി​വ​സ​ത്തിൽ എന്തി​നെ​ക്കു​റിച്ച് ചിന്തി​ക്കു​ന്നതു നല്ലതാണ്‌?

17 സന്തോ​ഷ​ത്തി​ന്‍റെ ഒരു ദിവസ​മാ​ണു സ്‌നാ​ന​ദി​വസം. അതു​പോ​ലെ സമർപ്പ​ണ​ത്തി​ലും സ്‌നാ​ന​ത്തി​ലും ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ഗൗരവ​മാ​യി ചിന്തി​ക്കാ​നുള്ള സമയവു​മാണ്‌ അത്‌. സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തിന്‌ ഒരാൾ കഠിന​ശ്രമം ചെയ്യണം. അതു​കൊ​ണ്ടാ​ണു തന്‍റെ ശിഷ്യ​നാ​യി​രി​ക്കു​ന്ന​തി​നെ ഒരു നുകം വഹിക്കു​ന്ന​തി​നോ​ടു യേശു താരത​മ്യ​പ്പെ​ടു​ത്തി​യത്‌. യേശു​വി​ന്‍റെ ശിഷ്യ​ന്മാർ “ഇനി തങ്ങൾക്കു​വേ​ണ്ടി​യല്ല, തങ്ങൾക്കു​വേണ്ടി മരിച്ച് ഉയിർപ്പി​ക്ക​പ്പെ​ട്ട​വ​നു​വേണ്ടി ജീവി​ക്കണം.”​—2 കൊരി. 5:15; മത്താ. 16:24.

18. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തി​നെ​ക്കു​റിച്ച് ചർച്ച ചെയ്യും?

18 നമ്മൾ തുടക്ക​ത്തിൽ കണ്ട മരിയ​യു​ടെ അമ്മ സ്‌നാ​ന​ത്തി​ന്‍റെ ഗൗരവ​ത്തെ​ക്കു​റിച്ച് ചിന്തി​ച്ചെന്ന് അവരുടെ മനസ്സിൽവന്ന ചോദ്യ​ങ്ങൾ കാണി​ക്കു​ന്നു. നിങ്ങൾ ഒരു മാതാ​വോ പിതാ​വോ ആണെങ്കിൽ ഒരുപക്ഷേ സ്വയം ഇങ്ങനെ ചോദി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും: ‘യഥാർഥ​ത്തിൽ എന്‍റെ കുട്ടി സ്‌നാ​ന​പ്പെ​ടാ​റാ​യോ? ദൈവത്തിനു സ്വീകാ​ര്യ​മായ വിധത്തിൽ സമർപ്പണം നടത്താൻ വേണ്ടത്ര അറിവ്‌ അവൻ നേടി​യി​ട്ടു​ണ്ടോ? വിദ്യാ​ഭ്യാ​സം കഴിഞ്ഞ് ഒരു ജോലി കിട്ടി​യ​ശേഷം കുട്ടി സ്‌നാ​ന​പ്പെ​ട്ടാൽ മതിയോ? അവൻ സ്‌നാ​ന​പ്പെ​ട്ടിട്ട് പിന്നീടു ഗുരു​ത​ര​മായ ഒരു പാപം ചെയ്യാൻ ഇടയാ​യാ​ലോ?’ ഈ ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച് നമ്മൾ അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും. ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്കു സ്‌നാ​ന​ത്തെ​ക്കു​റിച്ച് ഒരു ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ എങ്ങനെ കഴിയും എന്നതി​നെ​ക്കു​റി​ച്ചും നമ്മൾ പഠിക്കും.