വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 11

തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ ശക്തി നേടാം?

തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ ശക്തി നേടാം?

‘ദൈവം സഹനശക്തി തരുന്നു.’—റോമ. 15:5.

ഗീതം 94 ദൈവവചനത്തിനായ്‌ നന്ദിയു​ള്ള​വർ

പൂർവാവലോകനം *

1. യഹോ​വ​യു​ടെ ജനത്തിന്‌ ഇന്ന്‌ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടാ​യേ​ക്കാം?

നിങ്ങൾ ഏതെങ്കി​ലും വലി​യൊ​രു പ്രശ്‌നത്തെ നേരി​ടു​ക​യാ​ണോ? ഒരുപക്ഷേ സഭയിൽ ആരെങ്കി​ലും നിങ്ങളെ വേദനി​പ്പി​ച്ചി​രി​ക്കാം. (യാക്കോ. 3:2) അല്ലെങ്കിൽ നിങ്ങൾ യഹോ​വയെ സേവി​ക്കു​ന്ന​തു​കൊണ്ട്‌ കൂടെ ജോലി​ചെ​യ്യു​ന്ന​വ​രോ പഠിക്കു​ന്ന​വ​രോ നിങ്ങളെ കളിയാ​ക്കു​ന്നു​ണ്ടാ​കാം. (1 പത്രോ. 4:3, 4) അതല്ലെ​ങ്കിൽ നിങ്ങളു​ടെ കുടും​ബാം​ഗങ്ങൾ നിങ്ങൾ മീറ്റി​ങ്ങു​കൾക്ക്‌ പോകു​ന്ന​തി​നെ​യും നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​ന്ന​തി​നെ​യും എതിർക്കു​ന്നു​ണ്ടാ​കാം. (മത്താ. 10:35, 36) പരി​ശോ​ധ​നകൾ സഹിക്ക​വ​യ്യാ​താ​കു​മ്പോൾ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​ഞ്ഞാ​ലോ എന്നു​പോ​ലും നിങ്ങൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ ഒരു കാര്യം ഉറപ്പാണ്‌: നിങ്ങൾക്ക്‌ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടെങ്കി​ലും അത്‌ നേരി​ടാ​നുള്ള ജ്ഞാനവും സഹിച്ചു​നിൽക്കാ​നുള്ള ശക്തിയും യഹോവ തരും.

2. റോമർ 15:4 പറയു​ന്ന​ത​നു​സ​രിച്ച്‌ ദൈവ​വ​ചനം വായി​ക്കു​മ്പോൾ നമുക്ക്‌ കിട്ടുന്ന പ്രയോ​ജനം എന്താണ്‌?

2 പ്രശ്‌നങ്ങൾ നേരി​ട്ട​പ്പോൾ അപൂർണ​മ​നു​ഷ്യർ എങ്ങനെ സഹിച്ചു​നി​ന്നു എന്നതി​നെ​ക്കു​റി​ച്ചുള്ള വിവര​ണങ്ങൾ യഹോവ തന്റെ വചനമായ ബൈബി​ളിൽ ഉൾപ്പെ​ടു​ത്തി. എന്തിനു​വേ​ണ്ടി​യാണ്‌ യഹോവ അതു ചെയ്‌തത്‌? അവരിൽനിന്ന്‌ പഠി​ക്കേ​ണ്ട​തിന്‌. അതെക്കു​റി​ച്ചാണ്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി​യ​തും. (റോമർ 15:4 വായി​ക്കുക.) ഇത്തരം ബൈബിൾവി​വ​ര​ണങ്ങൾ വായി​ക്കു​മ്പോൾ നമുക്ക്‌ ആശ്വാ​സ​വും പ്രത്യാ​ശ​യും ലഭിക്കും. എന്നാൽ അതു കിട്ടണ​മെ​ങ്കിൽ നമ്മൾ വെറുതേ ബൈബിൾ വായി​ച്ചാൽ പോരാ. അതിന​നു​സ​രിച്ച്‌ നമ്മുടെ ചിന്തയിൽ മാറ്റം വരുത്തണം. ആ വിവരങ്ങൾ നമ്മുടെ ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലണം. അതിനു നമ്മളെ സഹായി​ക്കുന്ന നാലു കാര്യങ്ങൾ ഇവയാണ്‌: (1) പ്രാർഥി​ക്കുക, (2) ഭാവന​യിൽ കാണുക, (3) ധ്യാനി​ക്കുക, (4) ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കുക. ഇവയിൽ ഓരോ​ന്നി​ലും എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന്‌ നമുക്ക്‌ ഇപ്പോൾ നോക്കാം. * എന്നിട്ട്‌ ദാവീദ്‌ രാജാ​വി​ന്റെ​യും അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ​യും ജീവി​ത​ത്തി​ലെ ചില സംഭവങ്ങൾ ഈ രീതി ഉപയോ​ഗിച്ച്‌ നമുക്ക്‌ ഒന്നു പഠിക്കാം.

1. പ്രാർഥിക്കുക

ബൈബിൾ വായി​ക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ അതിൽനിന്ന്‌ പ്രയോ​ജനം നേടാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക (3-ാം ഖണ്ഡിക കാണുക)

3. ബൈബിൾ വായി​ക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ നിങ്ങൾ എന്തു ചെയ്യണം, എന്തു​കൊണ്ട്‌?

3 (1) പ്രാർഥി​ക്കുക. ബൈബിൾ വായി​ക്കാൻ തുടങ്ങു​ന്ന​തിന്‌ മുമ്പു​തന്നെ വായി​ക്കുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ പ്രയോ​ജനം നേടാൻ സഹായി​ക്ക​ണമേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്കു​ണ്ടായ ഒരു പ്രശ്‌നത്തെ നേരി​ടാ​നുള്ള സഹായം വേണ​മെന്ന്‌ വിചാ​രി​ക്കുക. നിങ്ങളെ സഹായി​ക്കുന്ന തത്ത്വങ്ങൾ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ കണ്ടെത്താൻ നിങ്ങൾക്ക്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കാ​നാ​കും.—ഫിലി. 4:6, 7; യാക്കോ. 1:5.

2. ഭാവനയിൽ കാണുക

വായിക്കുന്ന ബൈബിൾവി​വ​ര​ണ​ത്തി​ലെ പ്രധാ​ന​ക​ഥാ​പാ​ത്രം നിങ്ങളാ​ണെന്നു സങ്കൽപ്പി​ക്കു​ക (4-ാം ഖണ്ഡിക കാണുക)

4. ഒരു ബൈബിൾവി​വ​രണം ശരിക്കും നടന്നതു​പോ​ലെ തോന്നാൻ നമുക്ക്‌ എന്തു ചെയ്യാം?

4 (2) ഭാവന​യിൽ കാണുക. കാര്യങ്ങൾ ഭാവന​യിൽ കാണാ​നുള്ള അതിശ​യ​ക​ര​മായ ഒരു കഴിവ്‌ യഹോവ നമുക്ക്‌ നൽകി​യി​ട്ടുണ്ട്‌. ഒരു ബൈബിൾവി​വ​രണം ശരിക്കും നടന്നതു​പോ​ലെ തോന്നാൻ ആ രംഗങ്ങൾ ഒന്നു ഭാവന​യിൽ കാണുക. നമ്മളാണ്‌ ആ ബൈബിൾക​ഥാ​പാ​ത്രം എന്ന്‌ സങ്കൽപ്പി​ക്കുക. ആ വ്യക്തി കണ്ട കാര്യങ്ങൾ അങ്ങനെ​തന്നെ കാണാൻ ശ്രമി​ക്കുക. അവരുടെ വികാ​രങ്ങൾ അതു​പോ​ലെ​തന്നെ ഉൾക്കൊ​ള്ളുക. അങ്ങനെ ചെയ്‌താൽ ആ ബൈബിൾവി​വ​ര​ണ​ത്തിൽനിന്ന്‌ നിങ്ങൾക്കു കൂടുതൽ പ്രയോ​ജനം നേടാ​നാ​കും.

3. ധ്യാനിക്കുക

വായിക്കുന്ന ഭാഗ​ത്തെ​ക്കു​റി​ച്ചും അതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും നന്നായി ചിന്തി​ക്കു​ക (5-ാം ഖണ്ഡിക കാണുക)

5. എന്താണ്‌ ധ്യാനം, നമുക്ക്‌ എങ്ങനെ ധ്യാനി​ക്കാം?

5 (3) ധ്യാനി​ക്കുക. നിങ്ങൾ വായി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വായി​ക്കുന്ന കാര്യങ്ങൾ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം എന്നതി​നെ​ക്കു​റി​ച്ചും ആഴത്തിൽ ചിന്തി​ക്കു​ന്ന​താണ്‌ ധ്യാനം. അങ്ങനെ ചെയ്യു​ന്നത്‌ ആശയങ്ങൾ തമ്മിലുള്ള ബന്ധം തിരി​ച്ച​റി​യാ​നും ആ വിഷയം നന്നായി മനസ്സി​ലാ​ക്കാ​നും നമ്മളെ സഹായി​ക്കും. ധ്യാനി​ക്കാ​തെ ബൈബിൾ വായി​ക്കു​ന്നത്‌ സ്വാദി​ഷ്ട​മായ ഒരു ഭക്ഷണം ഉണ്ടാക്കാ​നുള്ള ചേരു​വകൾ വെറുതേ ഒരു പാത്ര​ത്തിൽ എടുത്തു​വെ​ക്കു​ന്ന​തു​പോ​ലെ ആയിരി​ക്കും. എന്നാൽ ആ ചേരു​വ​ക​ളെ​ല്ലാം നന്നായി യോജി​പ്പിച്ച്‌ പാകം​ചെ​യ്‌തെ​ങ്കിൽ മാത്രമേ ആ ഭക്ഷണം രുചി​ക​ര​മാ​യി​രി​ക്കു​ക​യു​ള്ളൂ. അതു​പോ​ലെ​ത​ന്നെ​യാണ്‌ ധ്യാന​വും. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം? ഒരു ബൈബിൾവി​വ​രണം വായി​ക്കു​മ്പോൾ ഇതു​പോ​ലുള്ള ചോദ്യ​ങ്ങൾ ചോദിച്ച്‌ ഉത്തരം കണ്ടെത്താൻ ശ്രമി​ക്കുക: ‘ഇതിലെ ആ കഥാപാ​ത്രം തനിക്കു​ണ്ടായ ഒരു പ്രശ്‌നം പരിഹ​രി​ക്കാൻ എന്താണു ചെയ്‌തത്‌? യഹോവ എങ്ങനെ​യാണ്‌ ആ വ്യക്തിയെ സഹായി​ച്ചത്‌? എന്റെ പ്രശ്‌നത്തെ മറിക​ട​ക്കാൻ ഈ വിവരങ്ങൾ എനിക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാം?’

4. ജീവിതത്തിൽ പ്രാവർത്തി​ക​മാ​ക്കുക

പഠിച്ച കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കുക. അപ്പോൾ നമുക്കു ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നാ​കും, നല്ല മനസ്സമാ​ധാ​നം കിട്ടും, നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടും (6-ാം ഖണ്ഡിക കാണുക)

6. പഠിക്കുന്ന കാര്യങ്ങൾ നമ്മൾ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

6 (4) ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കുക. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കാത്ത ഒരാൾ മണലിൽ വീട്‌ പണിയുന്ന ഒരു മനുഷ്യ​നെ​പ്പോ​ലെ​യാ​ണെന്ന്‌ യേശു പറഞ്ഞു. അയാൾ കഠിനാ​ധ്വാ​നം ചെയ്യു​ന്നുണ്ട്‌, പക്ഷേ അതു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. കാരണം കാറ്റ്‌ ആഞ്ഞടി​ക്കു​ക​യും വെള്ള​പ്പൊ​ക്കം ഉണ്ടാകു​ക​യും ചെയ്യു​മ്പോൾ അത്‌ തകരും. (മത്താ. 7:24-27) അതു​പോ​ലെ നമ്മൾ പ്രാർഥി​ക്കു​ക​യും ഭാവന​യിൽ കാണു​ക​യും ധ്യാനി​ക്കു​ക​യും ഒക്കെ ചെയ്‌തിട്ട്‌, പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കു​ന്നി​ല്ലെ​ങ്കിൽ അതു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. പരി​ശോ​ധ​ന​ക​ളും ഉപദ്ര​വ​ങ്ങ​ളും ഒക്കെ ഉണ്ടാകു​മ്പോൾ അവയെ നേരി​ടാൻ മാത്രം ശക്തമാ​യി​രി​ക്കില്ല നമ്മുടെ വിശ്വാ​സം. അതേസ​മയം നമ്മൾ പഠിക്കു​ക​യും പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യു​മ്പോൾ നമുക്ക്‌ ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയും; നമുക്ക്‌ നല്ല സമാധാ​നം കിട്ടും; നമ്മുടെ വിശ്വാ​സം കൂടുതൽ ശക്തമാ​കു​ക​യും ചെയ്യും. (യശ. 48:17, 18) നമ്മൾ ഇപ്പോൾ ചർച്ച ചെയ്‌ത നാലു കാര്യങ്ങൾ ഉപയോ​ഗിച്ച്‌, ദാവീദ്‌ രാജാ​വി​ന്റെ ജീവി​ത​ത്തിൽ ഉണ്ടായ ഒരു സംഭവ​ത്തിൽനിന്ന്‌ എന്തു പഠിക്കാ​നാ​കു​മെന്നു നോക്കാം.

ദാവീദ്‌ രാജാ​വിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7. ഏതു ബൈബിൾവി​വ​ര​ണ​മാണ്‌ നമ്മൾ ഇപ്പോൾ പഠിക്കാൻ പോകു​ന്നത്‌?

7 ഒരു സുഹൃ​ത്തോ കുടും​ബാം​ഗ​മോ നിങ്ങളെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ ദാവീദ്‌ രാജാ​വും മകനായ അബ്‌ശാ​ലോ​മും ഉൾപ്പെട്ട ഈ വിവരണം പഠിക്കു​ന്നത്‌ നിങ്ങൾക്ക്‌ പ്രയോ​ജനം ചെയ്യും. അബ്‌ശാ​ലോം തന്റെ അപ്പനായ ദാവീ​ദി​നെ വഞ്ചിച്ച്‌ ആ രാജസ്ഥാ​നം കൈക്ക​ലാ​ക്കാൻ ശ്രമിച്ചു.—2 ശമു. 15:5-14, 31; 18:6-14.

8. യഹോ​വ​യിൽനിന്ന്‌ സഹായം കിട്ടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

8 (1) പ്രാർഥി​ക്കുക. ഒരു ഭാഗം വായി​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങൾക്കു​ണ്ടായ വിഷമം യഹോ​വ​യോ​ടു പറയുക. (സങ്കീ. 6:6-9) നിങ്ങളു​ടെ ഉള്ളിലു​ള്ള​തെ​ല്ലാം തുറന്ന്‌ പറയണം. എന്നിട്ട്‌ ഈ പ്രശ്‌നത്തെ നേരി​ടാൻ ആവശ്യ​മായ തത്ത്വങ്ങൾ കണ്ടെത്താൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കുക.

9. ദാവീ​ദും അബ്‌ശാ​ലോ​മും ഉൾപ്പെട്ട ആ സംഭവം ചുരു​ക്കി​പ്പ​റ​യുക.

9 (2) ഭാവന​യിൽ കാണുക. ഈ വിവര​ണ​ത്തി​ലെ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. ദാവീദ്‌ രാജാ​വിന്‌ അത്‌ എത്രമാ​ത്രം സങ്കടം ഉണ്ടാക്കി​ക്കാ​ണും എന്ന്‌ ഭാവന​യിൽ കാണുക. ആളുക​ളു​ടെ സ്‌നേഹം പിടി​ച്ചു​പ​റ്റാ​നാ​യി ദാവീ​ദി​ന്റെ മകനായ അബ്‌ശാ​ലോം കുറെ വർഷമാ​യി ശ്രമി​ക്കു​ക​യാണ്‌. (2 ശമു. 15:7) പറ്റിയ സമയം വന്നപ്പോൾ തന്നെ രാജാ​വാ​യി അംഗീ​ക​രി​ക്കാൻ ആളുകളെ ഒരുക്കു​ന്ന​തിന്‌ അബ്‌ശാ​ലോം ഇസ്രാ​യേ​ലി​ലെ​ങ്ങും ചാരന്മാ​രെ അയയ്‌ക്കു​ന്നു. ദാവീ​ദി​ന്റെ ഉറ്റസു​ഹൃ​ത്തും ഉപദേ​ഷ്ടാ​വും ആയ അഹി​ഥോ​ഫെ​ലി​നെ​പ്പോ​ലും തന്റെ പക്ഷത്താ​ക്കാൻ അബ്‌ശാ​ലോ​മി​നു കഴിയു​ന്നു. അബ്‌ശാ​ലോം തന്നെത്തന്നെ ഒരു രാജാ​വാ​യി പ്രഖ്യാ​പി​ക്കു​ന്നു, എന്നിട്ട്‌ ദാവീ​ദി​നെ പിടി​കൂ​ടി കൊല്ലാൻ ശ്രമി​ക്കു​ന്നു. ആ സമയമാ​യ​പ്പോ​ഴേ​ക്കും ദാവീദ്‌ തീരെ സുഖമി​ല്ലാ​തെ കിടക്കു​ക​യാ​യി​രു​ന്നി​രി​ക്കണം. (സങ്കീ. 41:1-9) അബ്‌ശാ​ലോ​മി​ന്റെ ഗൂഢപ​ദ്ധ​തി​യെ​ക്കു​റിച്ച്‌ അറിഞ്ഞ ദാവീദ്‌ യെരു​ശ​ലേ​മിൽനിന്ന്‌ രക്ഷപ്പെ​ടു​ന്നു. അവസാനം അബ്‌ശാ​ലോ​മി​ന്റെ സൈന്യ​വും ദാവീ​ദി​നെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ന്ന​വ​രും തമ്മിൽ ഒരു പോരാ​ട്ടം നടക്കുന്നു. അബ്‌ശാ​ലോ​മി​ന്റെ സൈന്യം പരാജ​യ​പ്പെ​ടു​ക​യും അബ്‌ശാ​ലോം കൊല്ല​പ്പെ​ടു​ക​യും ചെയ്യുന്നു.

10. ദാവീദ്‌ രാജാവ്‌ ഈ സാഹച​ര്യ​ത്തിൽ എന്തു ചെയ്‌തില്ല?

10 അടുത്ത​താ​യി ഇങ്ങനെ​യൊ​ക്കെ സംഭവി​ച്ച​പ്പോൾ ദാവീ​ദിന്‌ എന്തു തോന്നി​ക്കാ​ണു​മെന്ന്‌ ഒന്നു ഭാവന​യിൽ കാണാം. ദാവീ​ദിന്‌ അബ്‌ശാ​ലോ​മി​നെ ഇഷ്ടമാ​യി​രു​ന്നു, അഹി​ഥോ​ഫെ​ലി​നെ പൂർണ വിശ്വാ​സ​മാ​യി​രു​ന്നു. എന്നാൽ ദാവീ​ദി​നോട്‌ അടുപ്പ​മു​ണ്ടാ​യി​രുന്ന ആ രണ്ടു​പേ​രും ദാവീ​ദി​നെ ചതിച്ചു. അവർ ദാവീ​ദി​നെ ഒരുപാട്‌ വേദനി​പ്പി​ച്ചു, കൊല്ലാൻപോ​ലും ശ്രമിച്ചു. ദാവീ​ദിന്‌ വേണ​മെ​ങ്കിൽ ഇങ്ങനെ ചിന്തി​ക്കാ​മാ​യി​രു​ന്നു: ‘തന്റെ മറ്റു സുഹൃ​ത്തു​ക്ക​ളും അബ്‌ശാ​ലോ​മി​ന്റെ കൂടെ ചേർന്നി​രി​ക്കു​മോ, അവരെ തനിക്ക്‌ ഇനി വിശ്വ​സി​ക്കാ​നാ​കു​മോ?’ അങ്ങനെ​യൊ​ക്കെ ചിന്തിച്ച്‌ സ്വന്തം കാര്യം മാത്രം നോക്കി വേണ​മെ​ങ്കിൽ ദാവീ​ദിന്‌ ഒറ്റയ്‌ക്ക്‌ രാജ്യം വിട്ടു​പോ​കാ​മാ​യി​രു​ന്നു. അതല്ലെ​ങ്കിൽ അദ്ദേഹ​ത്തിന്‌ ആകെ നിരു​ത്സാ​ഹി​ത​നാ​യി​ത്തീ​രാ​മാ​യി​രു​ന്നു. എന്നാൽ ദാവീദ്‌ അങ്ങനെ ഒന്നും ചെയ്‌തില്ല. പകരം ദാവീദ്‌ ഈ പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളെ​യെ​ല്ലാം മറിക​ടന്നു. ദാവീ​ദിന്‌ എങ്ങനെ​യാണ്‌ അതിനു കഴിഞ്ഞത്‌?

11. ബുദ്ധി​മു​ട്ടേ​റിയ ഈ സാഹച​ര്യ​ത്തിൽ ദാവീദ്‌ എന്താണു ചെയ്‌തത്‌?

11 (3) ധ്യാനി​ക്കുക. എന്തെല്ലാം തത്ത്വങ്ങൾ ഈ വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ പഠിക്കാം? തനിക്ക്‌ നേരിട്ട പ്രശ്‌നത്തെ മറിക​ട​ക്കാൻ ദാവീദ്‌ എന്താണു ചെയ്‌ത​തെന്ന്‌ ചിന്തി​ക്കുക. ദാവീദ്‌ പരി​ഭ്ര​മി​ക്കു​ക​യോ എടുത്തു​ചാ​ടി ബുദ്ധി​ശൂ​ന്യ​മായ ഒരു തീരു​മാ​ന​മെ​ടു​ക്കു​ക​യോ ചെയ്‌തില്ല. ഇനി ആകെ പേടി​ച്ചു​പോ​യിട്ട്‌ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ പറ്റാതെ പകച്ചു​നി​ന്നു​മില്ല. പകരം സഹായ​ത്തി​നു​വേണ്ടി ദാവീദ്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. കൂടാതെ, അദ്ദേഹം തന്റെ സുഹൃ​ത്തു​ക്ക​ളു​ടെ സഹായ​വും തേടി. ഇനി, എടുത്ത തീരു​മാ​ന​ത്തി​ന​നു​സ​രിച്ച്‌ പെട്ടെന്ന്‌ പ്രവർത്തി​ക്കു​ക​യും ചെയ്‌തു. ദാവീ​ദിന്‌ ഒരുപാട്‌ വേദന തോന്നി​യെ​ങ്കി​ലും ഇനി ആരെയും വിശ്വ​സി​ക്കാൻ കൊള്ളി​ല്ലെന്ന്‌ ചിന്തി​ക്കു​ക​യോ അവരോട്‌ വെറുപ്പ്‌ തോന്നു​ക​യോ ചെയ്‌തില്ല. ദാവീദ്‌ തുടർന്നും യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും തന്റെ സുഹൃ​ത്തു​ക്കളെ വിശ്വ​സി​ക്കു​ക​യും ചെയ്‌തു.

12. ദാവീ​ദി​നെ സഹായി​ക്കാൻ യഹോവ എന്തു ചെയ്‌തു?

12 യഹോവ എങ്ങനെ​യാണ്‌ ദാവീ​ദി​നെ സഹായി​ച്ചത്‌? അൽപ്പം ഗവേഷണം ചെയ്‌തു​നോ​ക്കി​യാൽ ആ പരി​ശോ​ധ​ന​യിൽ സഹിച്ചു​നിൽക്കാൻ ആവശ്യ​മായ ശക്തി യഹോവ ദാവീ​ദിന്‌ നൽകി​യെന്ന്‌ നമുക്കു മനസ്സി​ലാ​കും. (സങ്കീ. 3:1-8; മേലെ​ഴുത്ത്‌) ദാവീദ്‌ എടുത്ത തീരു​മാ​ന​ങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു. ദാവീ​ദി​ന്റെ ഉറ്റ സുഹൃ​ത്തു​ക്കൾ തങ്ങളുടെ രാജാ​വി​നെ പിന്തു​ണ​യ്‌ക്കാ​നാ​യി പോരാ​ടി​യ​പ്പോൾ യഹോവ അവരെ സഹായി​ച്ചു.

13. ഒരു വ്യക്തി ഏതെങ്കി​ലും തരത്തിൽ നിങ്ങളെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ എങ്ങനെ ദാവീ​ദി​നെ അനുക​രി​ക്കാ​നാ​കും? (മത്തായി 18:15-17)

13 (4) ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കുക. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എനിക്ക്‌ എങ്ങനെ ദാവീ​ദി​നെ അനുക​രി​ക്കാം?’ പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നു​വേണ്ടി നിങ്ങൾ ഉടനടി പ്രവർത്തി​ക്കണം. സാഹച​ര്യ​ത്തി​ന​നു​സ​രിച്ച്‌ ഒന്നുകിൽ മത്തായി 18-ാം അധ്യാ​യ​ത്തി​ലെ യേശു​വി​ന്റെ ഉപദേശം അങ്ങനെ​തന്നെ പ്രാവർത്തി​ക​മാ​ക്കാം. അതല്ലെ​ങ്കിൽ അതിലെ തത്ത്വമ​നു​സ​രിച്ച്‌ പ്രവർത്തി​ക്കാം. (മത്തായി 18:15-17 വായി​ക്കുക.) എന്നാൽ വികാ​ര​ത്തി​ന്റെ പുറത്ത്‌ എടുത്തു​ചാ​ടി ഒരു തീരു​മാ​ന​മെ​ടു​ക്ക​രുത്‌. മനസ്സൊന്ന്‌ ശാന്തമാ​കാ​നും പ്രശ്‌നം നന്നായി കൈകാ​ര്യം ചെയ്യാ​നുള്ള ജ്ഞാനം തരാനും വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കാം. നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ട​രുത്‌. പകരം അവരുടെ സഹായം സ്വീക​രി​ക്കാൻ മനസ്സു​കാ​ണി​ക്കുക. (സുഭാ. 17:17) ഇനി ഏറ്റവും പ്രധാ​ന​മാ​യി, യഹോവ തന്റെ വചനത്തി​ലൂ​ടെ തരുന്ന ഉപദേശം അനുസ​രി​ക്കുക.—സുഭാ. 3:5, 6.

പൗലോസ്‌ അപ്പോ​സ്‌ത​ല​നിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14. ഏതു സാഹച​ര്യ​ങ്ങ​ളിൽ 2 തിമൊ​ഥെ​യൊസ്‌ 1:12-16; 4:6-11, 17-22 വായി​ക്കു​ന്നത്‌ ഒരു പ്രോ​ത്സാ​ഹ​ന​മാ​യേ​ക്കാം?

14 യഹോ​വയെ സേവി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങളു​ടെ വീട്ടു​കാ​രിൽനിന്ന്‌ നിങ്ങൾക്ക്‌ എതിർപ്പ്‌ നേരി​ടു​ന്നു​ണ്ടോ? നമ്മുടെ പ്രവർത്ത​ന​ങ്ങൾക്ക്‌ നിയ​ന്ത്ര​ണ​മോ നിരോ​ധ​ന​മോ ഉള്ള ഒരു രാജ്യ​ത്താ​ണോ നിങ്ങൾ ജീവി​ക്കു​ന്നത്‌? അങ്ങനെ​യെ​ങ്കിൽ 2 തിമൊ​ഥെ​യൊസ്‌ 1:12-16; 4:6-11, 17-22 വായി​ക്കു​ന്നത്‌ നിങ്ങൾക്ക്‌ ഒരു പ്രോ​ത്സാ​ഹ​ന​മാ​യേ​ക്കാം. * പൗലോസ്‌ ജയിലിൽ ആയിരു​ന്ന​പ്പോ​ഴാണ്‌ ഈ വാക്യങ്ങൾ എഴുതി​യത്‌.

15. നിങ്ങൾക്ക്‌ യഹോ​വ​യോട്‌ എന്ത്‌ അപേക്ഷി​ക്കാം?

15 (1) പ്രാർഥി​ക്കുക. ആ ബൈബിൾഭാ​ഗം വായി​ക്കു​ന്ന​തി​നു മുമ്പു​തന്നെ നിങ്ങളു​ടെ പ്രശ്‌നം എന്താ​ണെ​ന്നും അത്‌ നിങ്ങളെ എത്രമാ​ത്രം വിഷമി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും യഹോ​വ​യോ​ടു പറയുക. നിങ്ങളു​ടെ ഉള്ളിലു​ള്ളത്‌ എല്ലാം തുറന്നു​പ​റ​യണം. പൗലോ​സി​ന്റെ ഈ സാഹച​ര്യ​ത്തിൽനിന്ന്‌ നമുക്ക്‌ ആവശ്യ​മായ തത്ത്വങ്ങൾ മനസ്സി​ലാ​ക്കാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കുക. നമ്മൾ ഇപ്പോൾ എന്താണ്‌ ചെയ്യേ​ണ്ട​തെന്നു മനസ്സി​ലാ​ക്കാൻ അതു നമ്മളെ സഹായി​ക്കും.

16. പൗലോ​സി​ന്റെ ഇപ്പോ​ഴത്തെ സാഹച​ര്യം എന്താണ്‌?

16 (2) ഭാവന​യിൽ കാണുക. നിങ്ങൾ ഇപ്പോൾ പൗലോ​സി​ന്റെ സാഹച​ര്യ​ത്തി​ലാ​ണെന്ന്‌ ഒന്നു സങ്കൽപ്പി​ക്കുക. പൗലോസ്‌ റോമിൽ ജയിലി​ലാണ്‌. ചങ്ങലകൾകൊണ്ട്‌ അദ്ദേഹത്തെ ബന്ധിച്ചി​രി​ക്കു​ന്നു. അദ്ദേഹം മുമ്പും ജയിലിൽ ആയിരു​ന്നി​ട്ടുണ്ട്‌. എന്നാൽ ഇത്തവണ താൻ കൊല്ല​പ്പെ​ടു​മെന്ന്‌ പൗലോ​സിന്‌ അറിയാം. കൂടെ​യു​ണ്ടാ​യി​രുന്ന പലരും പൗലോ​സി​നെ ഉപേക്ഷി​ച്ചു​പോ​യി. ശാരീ​രി​ക​മാ​യും അദ്ദേഹം ക്ഷീണി​ത​നാണ്‌.—2 തിമൊ. 1:15.

17. പൗലോ​സിന്‌ വേണ​മെ​ങ്കിൽ എങ്ങനെ​യൊ​ക്കെ ചിന്തി​ക്കാ​മാ​യി​രു​ന്നു?

17 പൗലോ​സിന്‌ വേണ​മെ​ങ്കിൽ തന്റെ കഴിഞ്ഞ കാല​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ താൻ ഇങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്ത​തു​കൊ​ണ്ടാ​ണ​ല്ലോ ജയിലിൽ കഴി​യേ​ണ്ടി​വ​ന്നത്‌ എന്ന്‌ ചിന്തി​ക്കാ​മാ​യി​രു​ന്നു. തന്നെ ഉപേക്ഷി​ച്ചു​പോയ ഏഷ്യാ​സം​സ്ഥാ​ന​ത്തു​ള്ള​വ​രോ​ടു ദേഷ്യം തോന്നാ​മാ​യി​രു​ന്നു. ആരെയും വിശ്വ​സി​ക്കാ​നാ​കില്ല എന്ന്‌ പറഞ്ഞ്‌ ബാക്കി​യുള്ള സുഹൃ​ത്തു​ക്ക​ളെ​ക്കൂ​ടി ഒഴിവാ​ക്കാ​മാ​യി​രു​ന്നു. എന്നാൽ പൗലോസ്‌ അങ്ങനെ ഒന്നും ചെയ്‌തില്ല. ബാക്കി​യുള്ള സുഹൃ​ത്തു​ക്കൾ തന്റെകൂ​ടെ നിൽക്കു​മെ​ന്നും യഹോവ തനിക്ക്‌ പ്രതി​ഫലം തരു​മെ​ന്നും പൗലോ​സിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

18. പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ പൗലോസ്‌ എന്താണു ചെയ്‌തത്‌?

18 (3) ധ്യാനി​ക്കുക. തന്റെ പ്രശ്‌നത്തെ മറിക​ട​ക്കാൻ പൗലോസ്‌ എന്തു ചെയ്‌തെന്നു ചിന്തി​ക്കുക. മരണം മുന്നിൽ കണ്ട ആ സമയത്തു​പോ​ലും യഹോ​വ​യ്‌ക്ക്‌ മഹത്ത്വം കരേറ്റുക എന്ന പ്രധാ​ന​പ്പെട്ട കാര്യ​ത്തി​ലാ​യി​രു​ന്നു പൗലോ​സി​ന്റെ ശ്രദ്ധ മുഴുവൻ. കൂടാതെ, മറ്റുള്ള​വരെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​മെ​ന്നും പൗലോസ്‌ ചിന്തിച്ചു. ഇടവി​ടാ​തെ പ്രാർഥി​ച്ചു​കൊണ്ട്‌ അദ്ദേഹം യഹോ​വ​യിൽ ആശ്രയി​ച്ചു. (2 തിമൊ. 1:3) തന്നെ ഉപേക്ഷി​ച്ചു​പോയ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു പകരം തന്നെ ആത്മാർഥ​മാ​യി സ്‌നേ​ഹിച്ച സുഹൃ​ത്തു​ക്കൾ ചെയ്‌തു​തന്ന സഹായ​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ പൗലോസ്‌ നന്ദിയു​ള്ളവൻ ആയിരു​ന്നു. ഇനി, ദൈവ​വ​ചനം പഠിക്കു​ന്ന​തി​നും പൗലോസ്‌ മുടക്കം വരുത്തി​യില്ല. (2 തിമൊ. 3:16, 17; 4:13) ഏറ്റവും പ്രധാ​ന​മാ​യി, യഹോ​വ​യും യേശു​വും തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ പൗലോ​സിന്‌ ഉറച്ച ബോധ്യ​മു​ണ്ടാ​യി​രു​ന്നു. അവർ തന്നെ ഉപേക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും തന്റെ വിശ്വ​സ്‌ത​സേ​വ​ന​ത്തിന്‌ പ്രതി​ഫലം തരു​മെ​ന്നും പൗലോ​സിന്‌ ഉറപ്പാ​യി​രു​ന്നു.

19. യഹോവ എങ്ങനെ​യാണ്‌ പൗലോ​സി​നെ സഹായി​ച്ചത്‌?

19 ഒരു ക്രിസ്‌ത്യാ​നി ആയിരി​ക്കു​ന്ന​തി​ന്റെ പേരിൽ പൗലോ​സിന്‌ ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​മെന്ന്‌ യഹോവ നേര​ത്തേ​തന്നെ അദ്ദേഹ​ത്തോട്‌ പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. (പ്രവൃ. 21:11-13) യഹോവ എങ്ങനെ​യാണ്‌ പൗലോ​സി​നെ സഹായി​ച്ചത്‌? യഹോവ പൗലോ​സി​ന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കൊടു​ത്തു, പൗലോ​സി​നെ ശക്തീക​രി​ച്ചു. (2 തിമൊ. 4:17) തന്റെ ആത്മാർഥ​ശ്ര​മ​ത്തിന്‌ പ്രതി​ഫലം ലഭിക്കു​മെന്ന ഉറപ്പും പൗലോ​സി​നു ലഭിച്ചു. പൗലോ​സിന്‌ ആവശ്യ​മായ സഹായം ചെയ്‌തു​കൊ​ടു​ക്കാൻ അദ്ദേഹ​ത്തി​ന്റെ വിശ്വ​സ്‌ത​സു​ഹൃ​ത്തു​ക്ക​ളെ​യും യഹോവ ഉപയോ​ഗി​ച്ചു.

20. റോമർ 8:38, 39 അനുസ​രിച്ച്‌ പൗലോ​സി​നെ​പ്പോ​ലെ നമുക്കും എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

20 (4) ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കുക. നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘എനിക്ക്‌ എങ്ങനെ പൗലോ​സി​നെ അനുക​രി​ക്കാം?’ പൗലോ​സി​നെ​പ്പോ​ലെ വിശ്വാ​സ​ത്തി​ന്റെ പേരിൽ ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വ​രു​മെന്ന്‌ നമ്മളും പ്രതീ​ക്ഷി​ക്കണം. (മർക്കോ. 10:29, 30) പരി​ശോ​ധ​ന​ക​ളിൽ വിശ്വ​സ്‌ത​രാ​യി ഉറച്ചു​നിൽക്ക​ണ​മെ​ങ്കിൽ പ്രാർഥ​ന​യിൽ യഹോ​വ​യിൽ ആശ്രയി​ക്കണം; നല്ല പഠനശീ​ല​വും ഉണ്ടായി​രി​ക്കണം. യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​താണ്‌ ഏറ്റവും പ്രധാ​ന​സം​ഗ​തി​യെന്ന്‌ നമ്മൾ എപ്പോ​ഴും മനസ്സിൽപ്പി​ടി​ക്കണം. അങ്ങനെ​യൊ​ക്കെ ചെയ്‌താൽ പൗലോ​സി​നെ​പ്പോ​ലെ, യഹോവ നമ്മളെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെ​ന്നും യഹോ​വ​യ്‌ക്ക്‌ നമ്മളോ​ടുള്ള സ്‌നേ​ഹത്തെ തകർക്കാൻ ഒന്നിനും കഴിയി​ല്ലെ​ന്നും നമുക്കും ഉറപ്പു​ണ്ടാ​യി​രി​ക്കാം.—റോമർ 8:38, 39 വായി​ക്കുക; എബ്രാ. 13:5, 6.

മറ്റു ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളിൽനി​ന്നും പഠിക്കാം!

21. തങ്ങൾക്കു​ണ്ടായ പ്രതി​സ​ന്ധി​യെ മറിക​ട​ക്കാൻ അയ്യയെ​യും ഹെക്ടറി​നെ​യും സഹായി​ച്ചത്‌ എന്താണ്‌?

21 നമ്മുടെ സാഹച​ര്യം എന്തുത​ന്നെ​യാ​യാ​ലും ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ നമ്മളെ ബലപ്പെ​ടു​ത്തും. ഉദാഹ​ര​ണ​ത്തിന്‌, ജപ്പാനി​ലെ അയ്യ എന്ന മുൻനി​ര​സേ​വി​ക​യു​ടെ കാര്യം നോക്കാം. പരസ്യ​സാ​ക്ഷീ​ക​രണം നടത്താൻ സഹോ​ദ​രിക്ക്‌ പേടി​യാ​യി​രു​ന്നു. ബൈബി​ളി​ലെ യോന​യു​ടെ ദൃഷ്ടാന്തം ആ ഭയത്തെ മറിക​ട​ക്കാൻ സഹോ​ദ​രി​യെ സഹായി​ച്ചു. ഇനി, ഇൻഡോ​നേ​ഷ്യ​യി​ലെ ഹെക്ടർ എന്ന യുവാ​വി​ന്റെ അപ്പനും അമ്മയും യഹോ​വ​യു​ടെ സാക്ഷികൾ അല്ലായി​രു​ന്നു. ബൈബി​ളി​ലെ രൂത്തിന്റെ മാതൃ​ക​യാണ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാ​നും യഹോ​വ​യ്‌ക്കു​വേണ്ടി പ്രവർത്തി​ക്കാ​നും അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌.

22. ബൈബിൾനാ​ട​ക​ങ്ങ​ളിൽനി​ന്നും “അവരുടെ വിശ്വാ​സം അനുക​രി​ക്കുക” എന്ന പരമ്പര​യി​ലെ ലേഖന​ങ്ങ​ളിൽനി​ന്നും നമുക്ക്‌ എങ്ങനെ പൂർണ​പ്ര​യോ​ജനം നേടാം?

22 നിങ്ങളെ ബലപ്പെ​ടു​ത്തുന്ന ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ വിവരങ്ങൾ എവി​ടെ​നിന്ന്‌ കണ്ടെത്താം? നമ്മുടെ വീഡി​യോ​ക​ളും നാടക ശബ്ദരേ​ഖ​ക​ളും “അവരുടെ വിശ്വാ​സം അനുക​രി​ക്കുക” എന്ന ലേഖന​പ​ര​മ്പ​ര​ക​ളും ബൈബി​ളി​ലെ സംഭവങ്ങൾ അന്നു നടന്നതു​പോ​ലെ കാണാൻ നമ്മളെ സഹായി​ക്കും. * ഇതെല്ലാം കാണു​ക​യും കേൾക്കു​ക​യും നന്നായി ഗവേഷണം ചെയ്‌ത്‌ തയ്യാറാ​ക്കിയ ഇത്തരം ലേഖനങ്ങൾ വായി​ക്കു​ക​യും ചെയ്യു​ന്ന​തി​നു​മുമ്പ്‌ നിങ്ങൾക്കു പ്രവർത്തി​ക​മാ​ക്കാ​നാ​കുന്ന പാഠങ്ങൾ അതിൽനിന്ന്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കുക. നിങ്ങളാണ്‌ അതിലെ പ്രധാന കഥാപാ​ത്രം എന്ന്‌ സങ്കൽപ്പി​ക്കുക. പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ യഹോ​വ​യു​ടെ പ്രിയ​പ്പെട്ട ഈ ദാസന്മാർ എന്തു ചെയ്‌തെ​ന്നും യഹോവ അവരെ എങ്ങനെ സഹായി​ച്ചെ​ന്നും ധ്യാനി​ക്കുക. അതിൽനി​ന്നുള്ള പാഠങ്ങൾ നമ്മുടെ ജീവി​ത​ത്തി​ലേക്ക്‌ പകർത്തുക. ഇതുവരെ ചെയ്‌തു​തന്ന സഹായ​ത്തിന്‌ യഹോ​വ​യ്‌ക്ക്‌ നന്ദി പറയുക. മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സഹായി​ക്കാ​നും മുൻ​കൈ​യെ​ടു​ത്തു​കൊണ്ട്‌, നമുക്കു ലഭിച്ച സഹായ​ത്തിന്‌ നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കുക.

23. യശയ്യ 41:10, 13 പറയു​ന്ന​ത​നു​സ​രിച്ച്‌ യഹോവ നമുക്ക്‌ എന്തു വാഗ്‌ദാ​നം നൽകി​യി​രി​ക്കു​ന്നു?

23 സാത്താന്റെ ലോക​ത്തി​ലെ നമ്മുടെ ജീവിതം വളരെ ബുദ്ധി​മുട്ട്‌ നിറഞ്ഞ​താ​യി​രി​ക്കും; ചില​പ്പോൾ എന്തു ചെയ്യണം എന്നു​പോ​ലും അറിയി​ല്ലാത്ത സ്ഥിതി വരാം. (2 തിമൊ. 3:1) എന്നാൽ അതൊ​ന്നും ഓർത്ത്‌ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ക​യോ പേടി​ക്കു​ക​യോ വേണ്ട. നമ്മൾ അനുഭ​വി​ക്കുന്ന പ്രയാ​സ​ങ്ങ​ളൊ​ക്കെ യഹോവ മനസ്സി​ലാ​ക്കു​ന്നുണ്ട്‌. നമുക്ക്‌ സഹായം ആവശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം ശക്തമായ തന്റെ വലം​കൈ​കൊണ്ട്‌ നമ്മളെ മുറുകെ പിടി​ക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. (യശയ്യ 41:10, 13 വായി​ക്കുക.) നമുക്ക്‌ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായാ​ലും സഹിച്ചു​നിൽക്കാ​നുള്ള ശക്തി ബൈബിൾ നമുക്ക്‌ നൽകും. അതെ, യഹോവ നമ്മളെ സഹായി​ക്കു​മെന്ന്‌ ഉറപ്പാണ്‌.

ഗീതം 96 ദൈവ​ത്തി​ന്റെ സ്വന്തം പുസ്‌തകം—ഒരു നിധി

^ ഖ. 5 യഹോവ തന്റെ ദാസന്മാ​രെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും പരി​ശോ​ധ​നകൾ ഉണ്ടാകു​മ്പോൾ സഹിച്ചു​നിൽക്കാൻ അവരെ സഹായി​ക്കു​മെ​ന്നും പല ബൈബിൾവി​വ​ര​ണ​ങ്ങ​ളും നമ്മളെ പഠിപ്പി​ക്കു​ന്നു. ഒരു ബൈബിൾവി​വ​രണം എങ്ങനെ നന്നായി പഠിക്കാ​മെ​ന്നും അതിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാ​മെ​ന്നും ഈ ലേഖന​ത്തിൽനിന്ന്‌ കാണാം.

^ ഖ. 2 പഠിക്കാനുള്ള ഒരു രീതി​യെ​ക്കു​റി​ച്ചാണ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌. ബൈബിൾ പഠിക്കാ​നുള്ള മറ്റു വിധങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു വേണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യു​ടെ “ബൈബിൾ” എന്നതിനു കീഴി​ലുള്ള “ബൈബിൾ വായിച്ച്‌ മനസ്സി​ലാ​ക്കാം” എന്ന ഉപതല​ക്കെട്ട്‌ കാണുക.

^ ഖ. 14 സഭയിൽ വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തി​ന്റെ സമയത്ത്‌ ഈ വാക്യങ്ങൾ വായി​ക്കേ​ണ്ട​തില്ല.

^ ഖ. 22 jw.org.-ലെ “അവരുടെ വിശ്വാസം അനുകരിക്കുക—ബൈബിൾകഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു” എന്ന പരമ്പര കാണുക. (ബൈബിൾ പഠിപ്പി​ക്ക​ലു​കൾ > ദൈവ​വി​ശ്വാ​സം എന്നതിനു കീഴിൽ നോക്കുക.)