പഠനലേഖനം 13
യഹോവ നമ്മളെ സംരക്ഷിക്കും—എങ്ങനെ?
“കർത്താവ് വിശ്വസ്തനാണ്. കർത്താവ് നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽനിന്ന് സംരക്ഷിക്കുകയും ചെയ്യും.” —2 തെസ്സ. 3:3.
ഗീതം 124 എന്നും വിശ്വസ്തൻ
പൂർവാവലോകനം *
1. തന്റെ ശിഷ്യന്മാരെ കാത്തുകൊള്ളണമെന്നു യേശു യഹോവയോട് അപേക്ഷിച്ചത് എന്തുകൊണ്ടാണ്?
ഭൂമിയിലെ തന്റെ അവസാനരാത്രി യേശു തന്റെ ശിഷ്യന്മാർക്കു നേരിടാൻപോകുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചു. യേശുവിനു തന്റെ ശിഷ്യന്മാരെ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് യേശു പിതാവിനോട് ‘ദുഷ്ടനായവനിൽനിന്ന് അവരെ കാത്തുകൊള്ളണം’ എന്ന് അപേക്ഷിച്ചു. (യോഹ. 17:14, 15) താൻ പെട്ടെന്നുതന്നെ സ്വർഗത്തിലേക്കു പോകുകയാണെന്നും യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുമായും പിശാചായ സാത്താൻ പോരാടുമെന്നും യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് യഹോവയുടെ ജനത്തിനു സംരക്ഷണം ആവശ്യമാണ്.
2. യഹോവ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരുമെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
2 തന്റെ മകനെ ഒരുപാട് ഇഷ്ടമായതുകൊണ്ട് യേശുവിന്റെ ആ പ്രാർഥന യഹോവ കേട്ടു. യഹോവയുടെ ഇഷ്ടം ചെയ്യാൻ നമ്മൾ പരമാവധി ശ്രമിക്കുന്നെങ്കിൽ യഹോവയ്ക്കു നമ്മളെയും ഇഷ്ടമായിരിക്കും. സഹായത്തിനും സംരക്ഷണത്തിനും വേണ്ടി നമ്മൾ പ്രാർഥിക്കുമ്പോൾ യഹോവ ആ പ്രാർഥനയ്ക്ക് ഉത്തരം തരുകയും ചെയ്യും. മക്കളോടു സ്നേഹമുള്ള ഒരു അപ്പനെപ്പോലെയാണ് യഹോവ. അതുകൊണ്ട് നമുക്കു വേണ്ട സംരക്ഷണം യഹോവ തരും. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ യഹോവതന്നെ സ്വന്തം പേരിനു നിന്ദ വരുത്തുകയായിരിക്കും.
3. എന്തുകൊണ്ടാണ് നമുക്ക് ഇന്ന് യഹോവയുടെ സംരക്ഷണം ആവശ്യമായിരിക്കുന്നത്?
3 മുമ്പെന്നത്തെക്കാളും അധികം നമുക്ക് ഇന്ന് യഹോവയുടെ സംരക്ഷണം ആവശ്യമാണ്. സാത്താനെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞിരിക്കുന്നു. അവൻ ഇപ്പോൾ ‘ഉഗ്രകോപത്തിലാണ്.’ (വെളി. 12:12) നമ്മളെ ഉപദ്രവിക്കുന്നവർ “ദൈവത്തിനുവേണ്ടി ഒരു പുണ്യപ്രവൃത്തി ചെയ്യുകയാണെന്നു” ചിന്തിക്കാൻപോലും സാത്താൻ ഇടയാക്കിയിരിക്കുന്നു. (യോഹ. 16:2) ഇനി, ലോകത്തിലെ ആളുകളിൽനിന്ന് നമ്മൾ വ്യത്യസ്തരായി നിൽക്കുന്നതുകൊണ്ട് ദൈവവിശ്വാസമില്ലാത്തവർപോലും നമ്മളെ ഉപദ്രവിക്കാൻ സാത്താൻ ഇടയാക്കുന്നു. ഉപദ്രവങ്ങൾ നേരിടുന്നത് എന്തിന്റെ പേരിലായാലും നമ്മൾ പേടിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ട്? ദൈവവചനം പറയുന്നു: “കർത്താവ് വിശ്വസ്തനാണ്. കർത്താവ് നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽനിന്ന് സംരക്ഷിക്കുകയും ചെയ്യും.” (2 തെസ്സ. 3:3) യഹോവ എങ്ങനെയാണു നമ്മളെ സംരക്ഷിക്കുന്നത്? നമുക്ക് ഇപ്പോൾ രണ്ടു വഴികൾ നോക്കാം.
യഹോവ നമുക്കു സമ്പൂർണപടക്കോപ്പ് തന്നിരിക്കുന്നു
4. എഫെസ്യർ 6:13-17 അനുസരിച്ച് നമ്മളെ സംരക്ഷിക്കാൻ യഹോവ എന്താണു തന്നിരിക്കുന്നത്?
4 സാത്താന്റെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കാൻ യഹോവ നമുക്കു “സമ്പൂർണപടക്കോപ്പ്” നൽകിയിരിക്കുന്നു. (എഫെസ്യർ 6:13-17 വായിക്കുക.) ദൈവം തന്നിരിക്കുന്ന ആ പടക്കോപ്പ് ശക്തമാണ്, ഫലപ്രദവുമാണ്. എന്നാൽ പടക്കോപ്പിന്റെ ഓരോ ഭാഗവും നമ്മൾ ധരിച്ചാൽ മാത്രമേ നമുക്കു സംരക്ഷണം ലഭിക്കുകയുള്ളൂ. അതിലെ ഓരോ ഭാഗത്തെയുംകുറിച്ച് നമുക്ക് ഇപ്പോൾ വിശദമായൊന്നു നോക്കാം.
5. എന്താണ് സത്യം എന്ന അരപ്പട്ട, എന്തുകൊണ്ടാണു നമ്മൾ അതു ധരിക്കേണ്ടത്?
5 സത്യം എന്ന അരപ്പട്ട. ദൈവവചനമാകുന്ന ബൈബിളിലെ സത്യങ്ങളെയാണ് അതു സൂചിപ്പിക്കുന്നത്. നമ്മൾ ഈ അരപ്പട്ട ധരിക്കേണ്ടത് എന്തുകൊണ്ടാണ്? ‘നുണയുടെ അപ്പനായ’ സാത്താനിൽനിന്ന് നമ്മളെ സംരക്ഷിക്കുന്നതിന്. (യോഹ. 8:44) ആയിരക്കണക്കിനു വർഷങ്ങളായി സാത്താൻ നുണ പറയുകയും ‘ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുകയും’ ചെയ്യുന്നു. (വെളി. 12:9) എന്നാൽ അവന്റെ വഞ്ചനയിൽപ്പെടാതിരിക്കാൻ ബൈബിളിൽ കാണുന്ന സത്യങ്ങൾ നമ്മളെ സംരക്ഷിക്കുന്നു. നമ്മൾ എങ്ങനെയാണ് ഈ ആലങ്കാരിക അരപ്പട്ട ധരിക്കുന്നത്? യഹോവയെക്കുറിച്ചുള്ള സത്യം പഠിച്ചുകൊണ്ടും “ദൈവാത്മാവോടെയും സത്യത്തോടെയും” യഹോവയെ ആരാധിച്ചുകൊണ്ടും എല്ലാത്തിലും സത്യസന്ധരായിരുന്നുകൊണ്ടും ആണ് നമ്മൾ ആ അരപ്പട്ട ധരിക്കുന്നത്.—യോഹ. 4:24; എഫെ. 4:25; എബ്രാ. 13:18.
6. എന്താണു നീതി എന്ന കവചം, നമ്മൾ അതു ധരിക്കേണ്ടത് എന്തുകൊണ്ടാണ്?
6 നീതി എന്ന കവചം. യഹോവയുടെ നീതിയുള്ള നിലവാരങ്ങളെയാണ് അതു സൂചിപ്പിക്കുന്നത്. നമ്മൾ എന്തുകൊണ്ടാണു മാറിൽ ഈ കവചം ധരിക്കേണ്ടത്? കുന്തവും മറ്റും തുളച്ചുകയറാതെ കവചം ഒരു പടയാളിയുടെ ഹൃദയത്തെ സംരക്ഷിക്കുന്നതുപോലെ നീതി എന്ന കവചം ഈ ലോകത്തിലെ ദുഷിച്ച സ്വാധീനങ്ങളിൽനിന്ന് ഒരാളുടെ ആലങ്കാരിക ഹൃദയത്തെ സംരക്ഷിക്കുന്നു. (സുഭാ. 4:23) മുഴുഹൃദയത്തോടെ നമ്മൾ യഹോവയെ സ്നേഹിക്കാനും സേവിക്കാനും ആണ് യഹോവ ആഗ്രഹിക്കുന്നത്. (മത്താ. 22:36, 37) അതുകൊണ്ട് യഹോവ വെറുക്കുന്ന, ഈ ലോകത്തിലെ കാര്യങ്ങളെ നമ്മൾ സ്നേഹിക്കാനും മുഴുഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിനു തടയിടാനും ആണ് സാത്താൻ ശ്രമിക്കുന്നത്. (യാക്കോ. 4:4; 1 യോഹ. 2:15, 16) ആ തന്ത്രങ്ങൾ ഫലിക്കാതാകുമ്പോൾ യഹോവയുടെ നിലവാരങ്ങൾക്കെതിരായ കാര്യങ്ങൾ നമ്മളെക്കൊണ്ട് ചെയ്യിക്കാൻ അവൻ ശ്രമിക്കും.
7. നമ്മൾ നീതി എന്ന കവചം എങ്ങനെയാണു ധരിക്കുന്നത്?
7 ശരിയും തെറ്റും സംബന്ധിച്ചുള്ള യഹോവയുടെ നിലവാരങ്ങൾ സ്വീകരിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്തുകൊണ്ട് നമ്മൾ നീതി എന്ന കവചം ധരിക്കുന്നു. (സങ്കീ. 97:10) യഹോവയുടെ നിലവാരങ്ങൾ നമ്മുടെ സ്വാതന്ത്ര്യത്തിന് ഒരു തടസ്സമാണെന്നു ചിലർ വിചാരിച്ചേക്കാം. എന്നാൽ ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതു നിറുത്തിക്കളഞ്ഞാൽ നമുക്ക് അത് അപകടം ചെയ്യും. അങ്ങനെ ചെയ്യുന്നത് ഒരു പടയാളി ഒരു പൊരിഞ്ഞ പോരാട്ടത്തിന് ഇടയിൽ തന്റെ കവചത്തിനു വലിയ ഭാരമാണെന്നു പറഞ്ഞ് അത് ഊരിമാറ്റുന്നതുപോലെയായിരിക്കും. എന്തൊരു മണ്ടത്തരമായിരിക്കും അത്. എന്നാൽ യഹോവയെ സ്നേഹിക്കുന്നവർക്ക് ദൈവത്തിന്റെ കല്പനകൾ ഒരു ‘ഭാരമായി തോന്നുകയില്ല.’ പകരം, അതു തങ്ങളുടെ സംരക്ഷണത്തിനുള്ളതാണെന്ന് അവർ തിരിച്ചറിയും.—1 യോഹ. 5:3.
8. സന്തോഷവാർത്ത അറിയിക്കാനുള്ള ഒരുക്കം ചെരിപ്പായി അണിയുക എന്നു പറയുന്നതിന്റ അർഥം എന്താണ്?
8 സമാധാനത്തിന്റെ സന്തോഷവാർത്ത അറിയിക്കാനുള്ള ഒരുക്കം എന്ന ചെരിപ്പ്. ഈ ചെരിപ്പ് നമ്മുടെ കാലിൽ എപ്പോഴും ഉണ്ടായിരിക്കണമെന്നു പൗലോസ് പറഞ്ഞു. അതായത്, ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കാൻ നമ്മൾ എപ്പോഴും ഒരുങ്ങിയിരിക്കണം. നമ്മൾ ദൈവവചനത്തിലെ സന്ദേശം ആളുകളെ അറിയിക്കുമ്പോൾ നമ്മുടെതന്നെ വിശ്വാസം ബലപ്പെടും. യഹോവയുടെ ജനം സന്തോഷവാർത്ത അറിയിക്കാനുള്ള എല്ലാ അവസരവും ഉപയോഗിക്കുന്നതു കാണുന്നതു ശരിക്കും ഒരു പ്രോത്സാഹനമാണ്. ജോലിസ്ഥലത്തും സ്കൂളിലും കടകളിലും വീടുതോറും പോകുമ്പോഴും സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും വിശ്വാസത്തിലില്ലാത്ത ബന്ധുക്കളെ സന്ദർശിക്കുമ്പോഴും പരിചയക്കാരെ കണ്ടുമുട്ടുമ്പോഴും അവർ സന്തോഷവാർത്ത പ്രസംഗിക്കുന്നു. ഇനി, കുറച്ച് കാലത്തേക്കു വീട്ടിൽനിന്ന് പുറത്ത് ഇറങ്ങാൻ പറ്റാത്ത സാഹചര്യങ്ങളിലാണെങ്കിൽപ്പോലും അവർ അങ്ങനെതന്നെ ചെയ്യുന്നു. പേടിച്ചിട്ട് പ്രസംഗപ്രവർത്തനം നിറുത്തുന്നെങ്കിൽ പോരാട്ടത്തിന് ഇടയിൽ ചെരിപ്പ് ഊരിമാറ്റുന്ന ഒരു പടയാളിപ്പോലെയായിരിക്കും നമ്മൾ. ചെരിപ്പില്ലെങ്കിൽ കാലിനു പരുക്കേൽക്കുമെന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാൽ
ശത്രുക്കളുടെ ആക്രമണമുണ്ടാകുമ്പോൾ അതിനെ ചെറുത്തുനിൽക്കാൻ നമുക്കു ബുദ്ധിമുട്ടായിരിക്കും, മേലുദ്യോഗസ്ഥന്റെ ആജ്ഞയനുസരിച്ച് പ്രവർത്തിക്കാനും കഴിയാതെ വരും.9. വിശ്വാസം എന്ന വലിയ പരിച നമുക്ക് എങ്ങനെയാണു സംരക്ഷണമായിരിക്കുന്നത്?
9 വിശ്വാസം എന്ന വലിയ പരിച. യഹോവയിലുള്ള നമ്മുടെ വിശ്വാസമാണ് ആ പരിച. ദൈവം തന്റെ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്നു നമ്മൾ ഉറച്ച് വിശ്വസിക്കുന്നു. ആ വിശ്വാസം “ദുഷ്ടന്റെ തീയമ്പുകളെ മുഴുവൻ കെടുത്തിക്കളയാൻ” നമ്മളെ സഹായിക്കും. നമുക്ക് എന്തുകൊണ്ടാണ് ഈ വലിയ പരിച ആവശ്യമായിരിക്കുന്നത്? ഈ പരിചയുണ്ടെങ്കിൽ വിശ്വാസത്യാഗികളുടെ പഠിപ്പിക്കലുകളാൽ നമ്മൾ വഞ്ചിതരാകുകയില്ല. നമ്മുടെ വിശ്വാസത്തെപ്രതി ആളുകൾ നമ്മളെ കളിയാക്കുമ്പോൾ നമ്മൾ നിരുത്സാഹിതരാകുകയുമില്ല. യഹോവയുടെ നിലവാരങ്ങളെ ലംഘിക്കാൻ ആളുകൾ നമ്മളെ പ്രേരിപ്പിക്കുമ്പോൾ അതിനെ ചെറുത്തുനിൽക്കണമെങ്കിൽ നമുക്കു വിശ്വാസം വേണം. വിശ്വാസം എന്ന പരിചയുണ്ടെങ്കിൽ സ്കൂളിലോ ജോലിസ്ഥലത്തോ യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ആളുകൾ നമ്മളെ പ്രേരിപ്പിക്കുമ്പോൾ നമുക്കു ചെറുത്തുനിൽക്കാനാകും. (1 പത്രോ. 3:15) വിശ്വാസം എന്ന പരിചയുണ്ടെങ്കിൽ നല്ല ശമ്പളമുള്ള ജോലിയാണെങ്കിലും നമ്മുടെ ആരാധനയ്ക്ക് തടസ്സമാകുന്നെങ്കിൽ നമ്മൾ അതു വേണ്ടെന്നുവെക്കും. (എബ്രാ. 13:5, 6) വിശ്വാസം എന്ന പരിചയുണ്ടെങ്കിൽ എതിർപ്പുകളൊക്കെയുണ്ടെങ്കിലും നമ്മൾ യഹോവയെത്തന്നെ സേവിക്കും.—1 തെസ്സ. 2:2.
10. എന്താണു രക്ഷ എന്ന പടത്തൊപ്പി, എന്തുകൊണ്ടാണു നമ്മൾ അതു ധരിക്കേണ്ടത്?
10 രക്ഷ എന്ന പടത്തൊപ്പി. നമ്മുടെ പ്രത്യാശയാണ് 1 തെസ്സ. 5:8; 1 തിമൊ. 4:10; തീത്തോ. 1:1, 2) പടത്തൊപ്പി ഒരു പടയാളിയുടെ തലയെ സംരക്ഷിക്കുന്നതുപോലെ രക്ഷയുടെ പ്രത്യാശ നമ്മുടെ ചിന്താരീതികളെ സംരക്ഷിക്കുന്നു. എങ്ങനെ? ആ പ്രത്യാശ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രശ്നങ്ങളുണ്ടാകുമ്പോൾ തകർന്നുപോകാതിരിക്കാനും നമ്മളെ സഹായിക്കും. നമുക്ക് എങ്ങനെ ഈ പടത്തൊപ്പി ധരിക്കാം? ദൈവം ചിന്തിക്കുന്നതുപോലെ ചിന്തിച്ചുകൊണ്ട്. ഉദാഹരണത്തിന്, അസ്ഥിരമായ ധനത്തിൽ പ്രത്യാശവെക്കാതെ ദൈവത്തിൽ പ്രത്യാശവെക്കാൻ അതു നമ്മളെ സഹായിക്കുന്നു.—സങ്കീ. 26:2; 104:34; 1 തിമൊ. 6:17.
യഹോവ നൽകുന്ന ഈ പടത്തൊപ്പി. നമ്മൾ യഹോവയുടെ ഇഷ്ടം ചെയ്യുന്നെങ്കിൽ യഹോവ നമുക്കു പ്രതിഫലം തരുമെന്നും നമ്മൾ മരിച്ചുപോയാലും നമ്മളെ പുനരുത്ഥാനത്തിൽ കൊണ്ടുവരുമെന്നും ഉള്ള പ്രത്യാശയാണ് അത്. (11. എന്താണു ദൈവാത്മാവിന്റെ വാൾ, നമ്മൾ അത് ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
11 ദൈവാത്മാവിന്റെ വാൾ. ദൈവവചനമായ ബൈബിളാണ് അത്. വ്യാജോപദേശങ്ങളെ തുറന്നുകാട്ടാനും തെറ്റായ പഠിപ്പിക്കലുകളിൽനിന്നും മോശമായ ശീലങ്ങളിൽനിന്നും ആളുകളെ സ്വതന്ത്രരാക്കാനും അതിനു കഴിയും. (2 കൊരി. 10:4, 5; 2 തിമൊ. 3:16, 17; എബ്രാ. 4:12) വ്യക്തിപരമായി പഠിക്കുന്നതിലൂടെയും ദൈവത്തിന്റെ സംഘടനയിൽനിന്ന് കിട്ടുന്ന പരിശീലനത്തിലൂടെയും ആ വാൾ നന്നായി ഉപയോഗിക്കാൻ നമ്മൾ പഠിക്കുന്നു. (2 തിമൊ. 2:15) നമ്മളെ സംരക്ഷിക്കുന്നതിനായി യഹോവ സമ്പൂർണപടക്കോപ്പ് മാത്രമല്ല മറ്റൊരു സഹായംകൂടെ നൽകിയിട്ടുണ്ട്. എന്താണ് അത്?
പോരാട്ടത്തിൽ നമ്മൾ ഒറ്റയ്ക്കല്ല
12. നമുക്കു മറ്റെന്തുംകൂടെ ആവശ്യമാണ്, എന്തുകൊണ്ട്?
12 വലിയ ഒരു സൈന്യത്തെ ഒറ്റയ്ക്കു നേരിടാനാകില്ലെന്ന് അനുഭവപരിചയമുള്ള ഒരു പടയാളിക്ക് അറിയാം. അതിന് മറ്റു പടയാളികളുടെ സഹായവും ആവശ്യമാണ്. അതുപോലെ, സാത്താനെയും ഭൂതങ്ങളെയും നമുക്ക് ഒറ്റയ്ക്കു ചെറുത്തുതോൽപ്പിക്കാനാകില്ല. നമുക്കു നമ്മുടെ സഹോദരങ്ങളുടെ സഹായം ആവശ്യമാണ്. നമ്മളെ സഹായിക്കാനായി യഹോവ നമുക്കു ലോകവ്യാപകമായുള്ള “സഹോദരസമൂഹത്തെ” തന്നിട്ടുണ്ട്. —1 പത്രോ. 2:17.
13. എബ്രായർ 10:24, 25 അനുസരിച്ച് സഭായോഗങ്ങൾക്കു ഹാജരാകുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കുന്നു?
13 നമുക്കു സഹായം ലഭിക്കുന്ന ഒരു വിധം സഭായോഗങ്ങളാണ്. (എബ്രായർ 10:24, 25 വായിക്കുക.) നമുക്ക് ഇടയ്ക്കൊക്കെ നിരുത്സാഹം തോന്നിയേക്കാം. എന്നാൽ മീറ്റിങ്ങുകൾക്കു ഹാജരാകുന്നത് നമ്മുടെ ഉത്സാഹം വർധിപ്പിക്കും. സഹോദരീസഹോദരന്മാർ മനസ്സുതുറന്ന് അഭിപ്രായങ്ങൾ പറയുമ്പോൾ അതു നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങളും അവതരണങ്ങളും യഹോവയെ സേവിക്കാനുള്ള നമ്മുടെ തീരുമാനത്തെ ശക്തമാക്കുന്നു. പരിപാടികൾ തുടങ്ങുന്നതിനു മുമ്പും അതിനു ശേഷവും സഹോദരങ്ങളോടു സംസാരിക്കുന്നതു നമുക്ക് ഒരു പ്രോത്സാഹനമാണ്. (1 തെസ്സ. 5:14) ഇനി, മീറ്റിങ്ങുകൾക്കു പോകുമ്പോൾ മറ്റുള്ളവരെ സഹായിക്കാനുള്ള അവസരവും നമുക്കു കിട്ടുന്നു. അതും നമുക്കു സന്തോഷം നൽകുന്നു. (പ്രവൃ. 20:35; റോമ. 1:11, 12) മീറ്റിങ്ങുകൾകൊണ്ട് മറ്റു പ്രയോജനങ്ങളുമുണ്ട്. ശുശ്രൂഷയ്ക്കു നമ്മളെ സജ്ജരാക്കിക്കൊണ്ട് ഒരർഥത്തിൽ പോരാട്ടത്തിനുള്ള വൈദഗ്ധ്യം വർധിപ്പിക്കാനും യോഗങ്ങൾ നമ്മളെ സഹായിക്കുന്നു. ഉദാഹരണത്തിന്, പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ എങ്ങനെ നന്നായി ഉപയോഗിക്കാമെന്നു നമ്മൾ പഠിക്കുന്നു. അതുകൊണ്ട് സഭായോഗത്തിനുവേണ്ടി നന്നായി തയ്യാറാകുക. പരിപാടികൾ നടക്കുമ്പോൾ ശ്രദ്ധയോടെ ഇരിക്കുക. അതിനു ശേഷം പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മൾ ക്രിസ്തുയേശുവിന്റെ ‘ഒരു മികച്ച പടയാളിയായിത്തീരും.’—2 തിമൊ. 2:3.
14. മറ്റെന്തു സഹായംകൂടെ നമുക്കുണ്ട്?
14 ഇനി, ശക്തരായ ദൈവദൂതന്മാരുടെ പിന്തുണയും നമുക്കുണ്ട്. ഒരൊറ്റ ദൈവദൂതന്റെതന്നെ ശക്തി നമുക്ക് അറിയാം. (യശ. 37:36) അങ്ങനെയെങ്കിൽ കോടിക്കണക്കിനു ദൈവദൂതന്മാർ ചേർന്ന ഒരു സൈന്യത്തിന്റെ ശക്തിയെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കുക. മനുഷ്യർക്കോ ഭൂതങ്ങൾക്കോ യഹോവയുടെ അതിശക്തമായ ഈ സൈന്യത്തെ നേരിടാനാകില്ല. വിശ്വസ്തനായ ഒരു സാക്ഷിയുടെകൂടെ യഹോവയുമുണ്ടെങ്കിൽ അവർക്കായിരിക്കും ഭൂരിപക്ഷം. (ന്യായാ. 6:16) അതിന് ഒരു സംശയവുമില്ല. കൂടെ ജോലി ചെയ്യുന്നവരോ കൂടെ പഠിക്കുന്നവരോ വിശ്വാസത്തിലില്ലാത്ത ബന്ധുക്കളോ നമ്മളോട് എന്തെങ്കിലും പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ പേടി തോന്നുന്നെങ്കിൽ ഇക്കാര്യം മനസ്സിൽപ്പിടിക്കുക. ഈ പോരാട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല എന്ന് ഓർക്കുക. നിങ്ങൾ പ്രവർത്തിക്കുന്നത് യഹോവയുടെ നിർദേശമനുസരിച്ചാണ്. അതുകൊണ്ട് നിങ്ങൾക്ക് യഹോവയുടെ സംരക്ഷണമുണ്ടായിരിക്കും.
യഹോവ നമ്മളെ തുടർന്നും സംരക്ഷിക്കും
15. യശയ്യ 54:15,17 അനുസരിച്ച് ദൈവജനത്തെ നിശ്ശബ്ദരാക്കാൻ ആർക്കും കഴിയില്ലാത്തത് എന്തുകൊണ്ട്?
15 സാത്താന്റെ ലോകത്തിനു നമ്മളെ വെറുക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. നമ്മൾ രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരായി നിൽക്കുന്നു, യുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല, ദൈവത്തിന്റെ പേര് പ്രസിദ്ധമാക്കുന്നു, ദൈവരാജ്യത്തിലൂടെ മാത്രമേ ഭൂമിയിൽ സമാധാനം കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്നു പ്രസംഗിക്കുന്നു, ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നു. ഈ ലോകത്തിന്റെ ഭരണാധികാരി ദുഷ്ടനും കൊലപാതകിയും ആണെന്നു നമ്മൾ തുറന്നുകാട്ടുന്നു. (യോഹ. 8:44) സാത്താന്റെ ലോകത്തിന്റെ നാശം തൊട്ടടുത്ത് എത്തിയിരിക്കുന്നു എന്ന് നമ്മൾ ആളുകളോടു പറയുന്നു. എന്നാൽ നമ്മളെ നിശ്ശബ്ദരാക്കാൻ സാത്താനോ അവനെ പിന്തുണയ്ക്കുന്നവർക്കോ ഒരിക്കലും കഴിയില്ല. പകരം യഹോവയെ സ്തുതിക്കാനായി നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കും. സാത്താൻ ശക്തനാണെങ്കിലും ദൈവരാജ്യത്തിന്റെ സന്ദേശം ലോകമെങ്ങുമുള്ള ആളുകളുടെ പക്കലെത്തുന്നതിനു തടയിടാൻ സാത്താനു കഴിഞ്ഞിട്ടില്ല. യഹോവയുടെ സംരക്ഷണമുള്ളതുകൊണ്ട് മാത്രമാണു നമുക്ക് അതിനു കഴിഞ്ഞിരിക്കുന്നത്.—യശയ്യ 54:15, 17 വായിക്കുക.
16. മഹാകഷ്ടതയുടെ സമയത്ത് യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നത് എങ്ങനെ?
16 ഇനി, ഭാവിയിൽ എന്തായിരിക്കും നടക്കാൻപോകുന്നത്? മഹാകഷ്ടതയുടെ സമയത്ത് യഹോവ രണ്ടു വിധങ്ങളിൽ നമ്മളെ സംരക്ഷിക്കും. ഒന്ന്, വ്യാജമതലോകസാമ്രാജ്യമായ ബാബിലോൺ എന്ന മഹതിയെ ഭൂമിയിലെ രാജാക്കന്മാർ നശിപ്പിക്കുമ്പോൾ യഹോവ തന്റെ വിശ്വസ്തദാസരെ സംരക്ഷിക്കും. (വെളി. 17:16-18; 18:2, 4) രണ്ട്, അർമഗെദോനിൽ ദൈവം സാത്താന്റെ ലോകത്തിന്റെ ബാക്കി ഭാഗങ്ങളെ നശിപ്പിക്കുമ്പോഴും തന്റെ ജനത്തെ സംരക്ഷിക്കും.—വെളി. 7:9, 10; 16:14, 16.
17. യഹോവയോട് അടുത്തുനിൽക്കുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
17 നമ്മൾ യഹോവയോട് അടുത്തുനിൽക്കുന്നെങ്കിൽ നമുക്ക് നിത്യമായ ഒരു ഹാനി വരുത്താൻ സാത്താന് ഒരിക്കലും കഴിയില്ല. പകരം നിത്യമായ നാശം സംഭവിക്കുന്നത് അവനായിരിക്കും. (റോമ. 16:20) നമുക്കു ചെയ്യാനാകുന്നതു സമ്പൂർണപടക്കോപ്പ് ധരിക്കുക എന്നതാണ്. അത് ഒരിക്കലും ഊരിമാറ്റാതിരിക്കാം. സാത്താനും അവന്റെ ലോകത്തിനും എതിരെയുള്ള പോരാട്ടത്തിൽ ഒറ്റയ്ക്കു പൊരുതി ജയിക്കാമെന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങളുടെ സഹോദരീസഹോദരന്മാരെ പിന്തുണയ്ക്കുക. യഹോവ തരുന്ന നിർദേശങ്ങൾ അനുസരിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങളുടെ സ്നേഹവാനായ സ്വർഗീയപിതാവ് നിങ്ങളെ ശക്തിപ്പെടുത്തും, സംരക്ഷിക്കും, തീർച്ച!—യശ. 41:10.
ഗീതം 149 ഒരു വിജയഗീതം
^ ഖ. 5 യഹോവ നമ്മളെ ശക്തീകരിക്കുമെന്നും യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കുന്നതോ നമുക്കു സ്ഥിരമായ ഹാനി വരുത്തുന്നതോ ആയ എല്ലാ കാര്യങ്ങളിൽനിന്നും നമ്മളെ സംരക്ഷിക്കുമെന്നും ബൈബിൾ ഉറപ്പുതരുന്നു. ഈ ലേഖനത്തിൽ നമ്മൾ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: നമുക്ക് യഹോവയിൽനിന്നുള്ള സംരക്ഷണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? യഹോവ നമ്മളെ എങ്ങനെയാണു സംരക്ഷിക്കുന്നത്? യഹോവയുടെ സഹായത്തിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം?