മുഖ്യലേഖനം | യേശു യാതനകൾ സഹിച്ച് മരിച്ചത് എന്തുകൊണ്ട്?
അത് വാസ്തവത്തിൽ സംഭവിച്ചതോ?
എ.ഡി. 33-ലെ വസന്തകാലത്ത് നസ്രായനായ യേശു വധിക്കപ്പെട്ടു. രാജ്യദ്രോഹക്കുറ്റം വ്യാജമായി ചുമത്തി ക്രൂരമായി മർദിച്ച് യേശുവിനെ ഒരു സ്തംഭത്തിൽ തറച്ചു. കഠിനവേദന സഹിച്ച് യേശു മരിച്ചു. പക്ഷെ, ദൈവം യേശുവിനെ ജീവനിലേക്ക് ഉയിർപ്പിച്ചു, 40 ദിവസങ്ങൾക്കു ശേഷം യേശു സ്വർഗത്തിലേക്ക് പോയി.
പുതിയനിയമം എന്ന് പൊതുവെ വിളിക്കുന്ന ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ നാല് സുവിശേഷങ്ങളിൽ നിന്നാണ് ഈ അസാധാരണമായ വിവരണം ലഭിക്കുന്നത്. അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ സംഭവിച്ചവയാണോ? വളരെ പ്രസക്തവും ഗൗരവമേറിയതും ആയ ഒരു ചോദ്യമാണ് അത്. കാരണം, അത് വാസ്തവത്തിൽ സംഭവിച്ചതല്ലെങ്കിൽ ക്രിസ്തീയ വിശ്വാസം വിലയില്ലാത്തതായിത്തീരുകയും പറുദീസാഭൂമിയിൽ നിത്യം ജീവിക്കാനുള്ള ആഗ്രഹം കേവലം ഒരു സ്വപ്നമായി അവശേഷിക്കുകയും ചെയ്യും. (1 കൊരിന്ത്യർ 15:14) എന്നാൽ, അവ സംഭവിച്ചവയാണെങ്കിൽ മനുഷ്യകുടുംബത്തിന് ശോഭനമായ ഒരു ഭാവിയായിരിക്കും ലഭിക്കുക; അതിൽ നിങ്ങൾക്കും പങ്കുചേരാനാകും. അങ്ങനെയെങ്കിൽ, സുവിശേഷവിവരണങ്ങൾ യാഥാർഥ്യമോ അതോ കെട്ടുകഥയോ?
വസ്തുതകൾ കാണിക്കുന്നത്. . .
സാങ്കല്പികമായ കെട്ടുകഥകളിൽനിന്ന് വ്യത്യസ്തമായി സുവിശേഷവിവരണങ്ങൾ വളരെ കൃത്യതയുള്ളതും വിശദാംശങ്ങൾക്കുപോലും സൂക്ഷ്മശ്രദ്ധ നൽകിയിരിക്കുന്നതും ആണ്. അതിലെ വിവരണങ്ങളിൽ പറഞ്ഞിരിക്കുന്ന നിരവധി സ്ഥലങ്ങളിൽ പലതും നമുക്ക് ഇന്നും സന്ദർശിക്കാവുന്നതാണ്. കൂടാതെ, ഈ വിവരണങ്ങൾ അന്ന് ജീവിച്ചിരുന്ന അനേകം ആളുകളെക്കുറിച്ച് ലൂക്കോസ് 3:1, 2, 23.
പറയുന്നുണ്ട്. മാത്രമല്ല, അവർ ജീവിച്ചിരുന്നു എന്ന വസ്തുത ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.—ഒന്നാം നൂറ്റാണ്ടിലെയും രണ്ടാം നൂറ്റാണ്ടിലെയും എഴുത്തുകാർ യേശുവിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. a യേശു മരിച്ച വിധത്തെക്കുറിച്ചുള്ള സുവിശേഷവിവരണം അന്ന് നിലവിലിരുന്ന റോമൻ വധശിക്ഷാരീതിയോട് തികച്ചും യോജിപ്പിലാണ്. മാത്രമല്ല, വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയും സത്യസന്ധമായും ആണ് സുവിശേഷങ്ങൾ സംഭവങ്ങൾ വിവരിക്കുന്നത്. എന്തിന്, ചില ശിഷ്യന്മാരുടെ മോശമായ വശങ്ങൾപോലും അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. (മത്തായി 26:56; ലൂക്കോസ് 22:24-26; യോഹന്നാൻ 18:10, 11) ഈ വസ്തുതകളെല്ലാം വ്യക്തമായി സൂചിപ്പിക്കുന്നത് സുവിശേഷ എഴുത്തുകാർ യേശുവിനെക്കുറിച്ച് എഴുതിയ കാര്യങ്ങൾ കലർപ്പില്ലാത്തതും കൃത്യവും ആയിരുന്നെന്നാണ്.
യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്. . .
യേശു ജീവിക്കുകയും മരിക്കുകയും ചെയ്തു എന്നത് പൊതുവെ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെങ്കിലും യേശുവിന്റെ പുനരുത്ഥാനത്തെ ചിലർ ചോദ്യം ചെയ്യുന്നു. അപ്പൊസ്തലന്മാർ പോലും യേശു ജീവനിലേക്ക് മടങ്ങിവന്നെന്ന വിവരം കേട്ടപ്പോൾ ആദ്യം അത് വിശ്വസിച്ചില്ല. (ലൂക്കോസ് 24:11) എന്നിരുന്നാലും, അവരും മറ്റ് ശിഷ്യന്മാരും പുനരുത്ഥാനം പ്രാപിച്ച യേശുവിനെ വ്യത്യസ്ത സന്ദർഭങ്ങളിൽ കണ്ടപ്പോൾ അവരുടെ എല്ലാ സംശയങ്ങളും നീങ്ങിപ്പോയി. ഒരവസരത്തിൽ യേശു പ്രത്യക്ഷപ്പെട്ടപ്പോൾ 500-ലേറെ ദൃക്സാക്ഷികൾ ഉണ്ടായിരുന്നു.—1 കൊരിന്ത്യർ 15:6.
തങ്ങൾ തടവിലാകാനും കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ശിഷ്യന്മാർ ധൈര്യത്തോടെ എല്ലാവരോടും എന്തിന്, യേശുവിനെ വധിച്ചവരോട് പോലും പുനരുത്ഥാനത്തെക്കുറിച്ച് പ്രസ്താവിച്ചു. (പ്രവൃത്തികൾ 4:1-3, 10, 19, 20; 5:27-32) യേശു പുനരുത്ഥാനം പ്രാപിച്ചെന്ന് അത്ര ഉറപ്പില്ലായിരുന്നെങ്കിൽ അതെക്കുറിച്ച് ധൈര്യപൂർവം പ്രസംഗിക്കാൻ ശിഷ്യന്മാർക്ക് കഴിയുമായിരുന്നോ? അന്നും ഇന്നും ക്രിസ്ത്യാനിത്വത്തിന്റെ പിന്നിലെ പ്രചോദകശക്തി വാസ്തവത്തിൽ യേശുവിന്റെ പുനരുത്ഥാനംതന്നെയാണ്.
യേശുവിന്റെ മരണവും പുനരുത്ഥാനവും സംബന്ധിച്ച സുവിശേഷവിവരണങ്ങൾക്ക് ഒരു ആധികാരിക ചരിത്രരേഖയുടെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയിട്ടുണ്ട്. ഈ വിവരണം ശ്രദ്ധാപൂർവം വായിച്ചാൽ അവ സത്യമായും സംഭവിച്ചവയാണെന്ന് നിങ്ങൾക്കും ബോധ്യപ്പെടും. എന്തുകൊണ്ടാണ് അവ സംഭവിച്ചതെന്ന് മനസ്സിലാക്കുന്നത് നിങ്ങളുടെ ബോധ്യം ഊട്ടിയുറപ്പിക്കാൻ സഹായിക്കും. അടുത്ത ലേഖനം അതെക്കുറിച്ച് വിശദീകരിക്കും. (w16-E No.2)
a “തിബെര്യൊസിന്റെ ഭരണകാലത്ത് (ക്രിസ്ത്യാനികൾ) എന്ന പേരിന് കാരണക്കാരനായ ക്രിസ്തുസ്, നാടുവാഴികളിൽ ഒരാളായ പൊന്തിയോസ് പിലാത്തോസിന്റെ കൈകളാൽ വധശിക്ഷ ഏറ്റുവാങ്ങി”യതായി എ.ഡി. 55-നടുത്ത് ജനിച്ച റ്റാസിറ്റസ് എഴുതി. മറ്റ് എഴുത്തുകാരായ സ്യൂട്ടോണിയസ് (ഒന്നാം നൂറ്റാണ്ട്), യഹൂദ ചരിത്രകാരനായ ജോസീഫസ് (ഒന്നാം നൂറ്റാണ്ട്), ബിഥുന്യയിലെ ഗവർണറായിരുന്ന പ്ലിനി ദി യംഗർ (രണ്ടാം നൂറ്റാണ്ടിന്റെ തുടക്കം) എന്നിവരെല്ലാം യേശുവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.