മുഖ്യലേഖനം | ആശ്വസിപ്പിക്കാൻ ആർക്കാകും?
ദൈവം എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത്?
‘സർവാശ്വാസത്തിന്റെയും ദൈവമായവൻ’ എന്നും ‘നമ്മുടെ കഷ്ടതകളിലൊക്കെയും നമ്മെ ആശ്വസിപ്പിക്കുന്നവൻ’ എന്നും ആണ് യഹോവയെക്കുറിച്ച് a അപ്പൊസ്തലനായ പൗലോസ് പറയുന്നത്. (2 കൊരിന്ത്യർ 1:3, 4) ദൈവത്തിനു സഹായിക്കാൻ കഴിയാത്തതായി ആരുമില്ലെന്നും നമ്മുടെ സ്വർഗീയ പിതാവിന് ആശ്വസിപ്പിക്കാൻ കഴിയാത്തത്ര വലിയ ദുരന്തങ്ങളില്ലെന്നും ബൈബിൾ നമുക്ക് ഉറപ്പു തരുന്നു.
എന്നാൽ ദൈവത്തിൽനിന്നുള്ള ആശ്വാസം കിട്ടണമെങ്കിൽ നമ്മൾ ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഒരു ഡോക്ടറെ കാണാനുള്ള സമയം പറഞ്ഞൊത്ത് അദ്ദേഹത്തിന്റെ അടുത്ത് ചെന്നില്ലെങ്കിൽ അദ്ദേഹത്തിനു നമ്മളെ സഹായിക്കാൻ കഴിയുമോ? “പറഞ്ഞൊക്കാതെ രണ്ടാളുകൾ ഒരുമിച്ച് നടക്കുമോ” എന്നു പ്രവാചകനായ ആമോസ് ചോദിച്ചു. (ആമോസ് 3:3, ഓശാന.) അതുകൊണ്ടാണു തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നത്: “ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും.”—യാക്കോബ് 4:8.
ദൈവം നമ്മളോട് അടുത്ത് വരുമെന്ന് എന്താണ് ഉറപ്പ്? ഒന്നാമതായി, നമ്മളെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നു ദൈവം ആവർത്തിച്ച് നമ്മളോടു പറയുന്നു. (ലേഖനത്തിലെ ചതുരം കാണുക.) രണ്ടാമതായി, ദൈവം ആശ്വസിപ്പിച്ച അനേകമാളുകളുടെ ബോധ്യപ്പെടുത്തുന്ന സാക്ഷ്യമൊഴികൾ നമുക്കുണ്ട്—കഴിഞ്ഞ കാലങ്ങളിലെയും ഇക്കാലത്തെയും ആളുകൾ അക്കൂട്ടത്തിലുണ്ട്.
ഇന്നു ദൈവത്തിന്റെ സഹായം തേടുന്ന പലരെയുംപോലെയായിരുന്നു ദാവീദും. അദ്ദേഹത്തെയും ദുരന്തങ്ങൾ വിട്ടൊഴിഞ്ഞിരുന്നില്ല. “ഞാൻ . . . നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ” എന്ന് ഒരിക്കൽ ദാവീദ് യഹോവയോട് അപേക്ഷിച്ചു. ദൈവം ഉത്തരം കൊടുത്തോ? തീർച്ചയായും. ദാവീദ് തുടർന്ന് പറഞ്ഞു: ‘എനിക്കു സഹായം ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു.’—സങ്കീർത്തനം 28:2, 7.
ദുഃഖിതരെ ആശ്വസിപ്പിക്കുന്നതിൽ യേശുവിന്റെ പങ്ക്
ആശ്വാസം തരുന്ന കാര്യത്തിൽ യേശുവിന് ഒരു പ്രധാന പങ്കുണ്ടായിരിക്കണമെന്നു ദൈവം ആഗ്രഹിച്ചു. ദൈവം യേശുവിനെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളിൽ ‘ഹൃദയം തകർന്നവരെ മുറികെട്ടുന്നതും’ ‘ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിക്കുന്നതും’ ഉൾപ്പെട്ടിരുന്നു. (യശയ്യ 61:1, 2) മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ യേശു, “ക്ലേശിതരും ഭാരം ചുമക്കുന്നവരും ആയ” ആളുകളിൽ പ്രത്യേകമായ താത്പര്യമെടുത്തു.—മത്തായി 11:28-30.
ജ്ഞാനം നിറഞ്ഞ ഉപദേശങ്ങളാലും ആളുകളോടു ദയയോടെ ഇടപെട്ടുകൊണ്ടും ചിലപ്പോഴൊക്കെ അവരുടെ രോഗം മാറ്റിക്കൊണ്ടും യേശു ആളുകളെ ആശ്വസിപ്പിച്ചു. “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും” എന്ന് ഒരിക്കൽ ഒരു കുഷ്ഠരോഗി യാചനാസ്വരത്തിൽ യേശുവിനോടു പറഞ്ഞു. അതു കേട്ട് അനുകമ്പ തോന്നി യേശു പറഞ്ഞു: “എനിക്കു മർക്കോസ് 1:40, 41) കുഷ്ഠരോഗി അപ്പോൾത്തന്നെ സുഖപ്പെട്ടു.
മനസ്സുണ്ട്; ശുദ്ധനാകുക.” (നമ്മളെ ഓരോരുത്തരെയും നേരിട്ട് കണ്ട് ആശ്വസിപ്പിക്കാൻ ഇന്നു ദൈവപുത്രൻ ഭൂമിയിലില്ല. എന്നാൽ ‘സർവാശ്വാസത്തിന്റെയും ദൈവവും’ യേശുവിന്റെ പിതാവും ആയ യഹോവ ഇന്നും ആളുകൾക്കു വേണ്ട സഹായം നൽകിക്കൊണ്ടിരിക്കുന്നു. (2 കൊരിന്ത്യർ 1:3) ആളുകളെ ആശ്വസിപ്പിക്കാൻ ദൈവം ഉപയോഗിക്കുന്ന നാലു പ്രധാനമാർഗങ്ങൾ നമുക്കു നോക്കാം.
-
ബൈബിൾ. “മുമ്പ് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയുള്ളതാണ്—നമ്മുടെ സഹിഷ്ണുതയാലും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുവേണ്ടി.”—റോമർ 15:4.
-
ദൈവത്തിന്റെ പരിശുദ്ധാത്മാവ്. യേശു മരിച്ച് താമസിയാതെതന്നെ ക്രിസ്തീയസഭയ്ക്ക് കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടായി. എന്തുകൊണ്ട്? ‘പരിശുദ്ധാത്മാവിനാലുള്ള ആശ്വാസം കൈക്കൊണ്ട് യഹോവാഭയത്തിൽ നടന്നതുകൊണ്ട്.’ (പ്രവൃത്തികൾ 9:31) ദൈവത്തിന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവിനു വലിയ ശക്തിയുണ്ട്. ഇത് ഉപയോഗിച്ച് ദൈവത്തിന് ഏതു സാഹചര്യത്തിലുമുള്ള ആരെയും ആശ്വസിപ്പിക്കാനാകും.
-
പ്രാർഥന. “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ട” എന്നാണു ബൈബിൾ നമ്മളെ ഉപദേശിക്കുന്നത്. പകരം, “നിങ്ങളുടെ അപേക്ഷകൾ . . . ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശു മുഖാന്തരം കാത്തുകൊള്ളും.”—ഫിലിപ്പിയർ 4:6, 7.
-
സഹക്രിസ്ത്യാനികൾ. നമ്മുടെ ആത്മാർഥസുഹൃത്തുക്കളായ അവർ നമുക്ക് ആശ്വാസമേകിക്കൊണ്ട് ഒരു താങ്ങും തണലും ആയി നിലകൊള്ളുന്നു. “ഞെരുക്കങ്ങളിലും കഷ്ടങ്ങളിലും” തന്റെ കൂട്ടാളികൾ “ബലപ്പെടുത്തുന്ന സഹായമായിത്തീർന്നു” എന്നാണ് അപ്പൊസ്തലനായ പൗലോസ് പറഞ്ഞത്.—1 തെസ്സലോനിക്യർ 3:7; കൊലോസ്യർ 4:11.
ഇതെല്ലാം പ്രായോഗികമാണോ എന്നു നിങ്ങൾ അതിശയിച്ചേക്കാം. തുടക്കത്തിൽ പറഞ്ഞ പ്രശ്നങ്ങൾ നേരിട്ടവരുടെ അനുഭവങ്ങൾ നമുക്ക് ഒന്ന് അടുത്ത് പരിശോധിക്കാം. അപ്പോൾ, ഒരു “അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്ന ദൈവത്തിന്റെ വാഗ്ദാനം ദൈവം ഇന്നും പാലിക്കുന്നുണ്ട് എന്നു നിങ്ങൾ മനസ്സിലാക്കും.—യശയ്യ 66:13. (wp16-E No. 5)
a ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ പേരാണ് യഹോവ.