മുഖ്യലേഖനം | ദൈവദൂതന്മാർ—വെറും സങ്കൽപ്പമോ?
നിങ്ങൾക്ക് ഒരു കാവൽ മാലാഖയുണ്ടോ?
ഓരോ വ്യക്തിയെയും സംരക്ഷിക്കാൻ കാവൽ മാലാഖമാരുണ്ടെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു എന്നത് സത്യമാണ്: “ഈ ചെറിയവരിൽ ഒരാളെപ്പോലും (ക്രിസ്തുവിന്റെ ശിഷ്യന്മാരെ) നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക; കാരണം സ്വർഗത്തിൽ അവരുടെ ദൂതന്മാർ എപ്പോഴും സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം കാണുന്നവരാണെന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 18:10) ഇവിടെ ഓരോ വ്യക്തികൾക്കും ഒരു കാവൽ മാലാഖ ഉണ്ടെന്ന ആശയത്തെക്കുറിച്ചല്ല യേശു പറഞ്ഞത്. മറിച്ച് തന്റെ ഓരോ ശിഷ്യന്മാരിലും ദൂതന്മാർ അഗാധമായ താത്പര്യം കാണിക്കുന്നെന്നു സൂചിപ്പിക്കുകയായിരുന്നു. അതുകൊണ്ട് ദൂതന്മാർ തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്നു വിചാരിച്ച് സത്യാരാധകർ വിവേകമില്ലാതെ അനാവശ്യമോ അപകടം പിടിച്ചതോ ആയ കാര്യങ്ങൾ ചെയ്യാറില്ല.
അതിന്റെ അർഥം ദൂതന്മാർ മനുഷ്യരെ സഹായിക്കുന്നില്ലെന്നാണോ? അല്ല. (സങ്കീർത്തനം 91:11) ദൂതന്മാരിലൂടെ സംരക്ഷണവും വഴിനടത്തിപ്പും ദൈവം തരുന്നുവെന്നു ചിലർ ഉറച്ചു വിശ്വസിക്കുന്നു. മുഖ്യലേഖനത്തിൽ പറഞ്ഞിരിക്കുന്ന കെന്നറ്റും അങ്ങനെതന്നെ വിശ്വസിക്കുന്നു. അത് ഒരുപക്ഷേ ശരിയായിരിക്കാം. യഹോവയുടെ സാക്ഷികൾ അവരുടെ സുവിശേഷ പ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ദൂതന്മാരുടെ ഇടപെടൽ ഉണ്ടായെന്നുള്ളതിന്റെ തെളിവുകൾ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ ദൂതന്മാരെ നമുക്ക് കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും ആളുകളെ സഹായിക്കുന്നതിനുവേണ്ടി ദൈവം അവരെ എത്രത്തോളം ഉപയോഗിക്കുമെന്ന് നമുക്ക് പറയാനും കഴിയില്ല. എങ്കിലും, നമുക്ക് ലഭിക്കുന്ന ഏതൊരു സഹായത്തിനും സർവശക്തനായ ദൈവത്തോടു നന്ദി പറയുന്നത് അധികമാകില്ല.—കൊലോസ്യർ 3:15; യാക്കോബ് 1:17, 18.