മുഖ്യലേഖനം | ദൈവദൂതന്മാർ—വെറും സങ്കൽപ്പമോ?
ദൈവദൂതന്മാർക്ക് നിങ്ങളെ എങ്ങനെ സഹായിക്കാനാകും?
വിശ്വസ്തരായ ദൂതന്മാർ മനുഷ്യരുടെ കാര്യങ്ങളിൽ അതീവതാത്പര്യമുള്ളവരാണ്. കൂടാതെ, യഹോവയുടെ ഇഷ്ടം നടപ്പിലാക്കാൻ അവർ സജീവമായി പ്രവർത്തിക്കുന്നു. ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൂതന്മാർ ‘സന്തോഷിച്ചാർപ്പിട്ടു’. ‘ദൈവപുത്രന്മാർ ആനന്ദഘോഷം മുഴക്കി’ എന്നാണ് ബൈബിൾ വർണിക്കുന്നത്. (ഇയ്യോബ് 38:4, 6) ഭൂമിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള പ്രാവചനികപ്രഖ്യാപനങ്ങൾ ‘മനസ്സിലാക്കാൻ’ ദൈവദൂതന്മാർ എപ്പോഴും അതിയായി ആഗ്രഹിക്കുന്നു.—1 പത്രോസ് 1:11, 12.
ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കാൻ ചില സമയങ്ങളിൽ സത്യാരാധകർക്ക് ഒരു പരിധിവരെയുള്ള സംരക്ഷണം ദൂതന്മാർ നൽകിയിട്ടുണ്ടെന്നു ബൈബിൾ കാണിച്ചുതരുന്നു. (സങ്കീർത്തനം 34:7) ഉദാഹരണത്തിന്:
-
ദുഷ്ടത നിറഞ്ഞ നഗരങ്ങളായിരുന്ന സൊദോമും ഗൊമോറയും നശിപ്പിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ നീതിമാനായ ലോത്തിനെയും കുടുംബത്തെയും അവിടെനിന്ന് ഓടിപ്പോരാൻ ദൂതന്മാർ സഹായിച്ചു.—ഉൽപത്തി 19:1, 15-26.
-
പുരാതന ബാബിലോണിൽ, കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് മൂന്നു എബ്രായ യുവാക്കളെ എറിയാൻ കല്പിച്ചപ്പോൾ ‘സ്വന്തം ദൂതനെ അയച്ച് ദൈവം തന്റെ ദാസന്മാരെ രക്ഷിച്ചു.’—ദാനിയേൽ 3:19-28.
-
വിശന്നുവലഞ്ഞ സിംഹങ്ങളുടെ ഗുഹയിൽ ഒരു രാത്രി കഴിയേണ്ടിവന്ന നീതിമാനായ ദാനിയേൽ പറയുന്നത്, താൻ അവിടെനിന്നു രക്ഷപ്പെട്ടത് ‘ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞതുകൊണ്ടാണെന്നാണ്.’—ദാനിയേൽ 6:16, 22.
ആദ്യകാലത്തെ ക്രിസ്തീയസഭയെ ദൂതന്മാർ സഹായിച്ചു
യഹോവയുടെ ഉദ്ദേശ്യം നിറവേറ്റേണ്ട ചില സാഹചര്യങ്ങളിൽ ദൈവത്തിന്റെ ദൂതന്മാരായ സന്ദേശവാഹകർ ആദിമ ക്രിസ്തീയസഭയുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നു. ഉദാഹരണത്തിന്:
-
ജയിലിലായിരുന്ന അപ്പോസ്തലന്മാരെ ഒരിക്കൽ ഒരു ദൂതൻ വാതിൽ തുറന്നുകൊടുത്തുകൊണ്ടു രക്ഷിച്ചു. എന്നിട്ട്, ദേവാലയത്തിൽ ചെന്നു പ്രസംഗപ്രവർത്തനം തുടരാൻ പറഞ്ഞു.—പ്രവൃത്തികൾ 5:17-21.
-
യരുശലേമിൽനിന്ന് ഗസ്സയിലേക്കുള്ള വഴിയിലേക്കു പോകാൻ സുവിശേഷകനായ ഫിലിപ്പോസിനോട് ഒരു ദൈവദൂതൻ പറഞ്ഞു. മരുഭൂമിയിലൂടെയുള്ള ആ വഴിയിൽ സഞ്ചരിക്കുന്ന എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥനോടു പ്രസംഗിക്കാനായിരുന്നു ഫിലിപ്പോസിനോട് പറഞ്ഞത്. ആ ഉദ്യോഗസ്ഥൻ യരുശലേമിൽ ദൈവത്തെ ആരാധിക്കാൻ പോയതായിരുന്നു.—പ്രവൃത്തികൾ 8:26-33.
-
ജൂതന്മാർ അല്ലാത്തവർ ക്രിസ്ത്യാനികളാകാനുള്ള ദൈവത്തിന്റെ സമയം വന്നപ്പോൾ ഒരു ദൈവദൂതൻ ദർശനത്തിൽ പ്രത്യക്ഷപ്പെട്ട് റോമൻ സൈനിക ഉദ്യോഗസ്ഥനായ കൊർന്നേല്യൊസിനോട് അപ്പോസ്തലനായ പത്രോസിനെ വീട്ടിലേക്കു ക്ഷണിക്കാൻ നിർദേശം കൊടുത്തു.—പ്രവൃത്തികൾ 10:3-5.
-
അപ്പോസ്തലനായ പത്രോസ് തടവിലായപ്പോൾ ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ജയിലിൽനിന്ന് പുറത്തുകൊണ്ടുവന്നു.—പ്രവൃത്തികൾ 12:1-11.
ദൂതന്മാർക്ക് നിങ്ങളെ എങ്ങനെ സഹായിക്കാനാകും?
ബൈബിളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ ഇന്നു ദൈവം ദൂതന്മാരെ ഉപയോഗിച്ച് ആളുകളെ അത്ഭുതകരമായി സഹായിക്കുന്നു എന്നതിനു തെളിവുകളൊന്നുമില്ല. എന്നാൽ നമ്മുടെ കാലത്തെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.” (മത്തായി 24:14) ക്രിസ്തുവിന്റെ ശിഷ്യന്മാർ ഈ വേല ദൂതന്മാരുടെ മേൽനോട്ടത്തിൻ കീഴിലാണു നടത്തുന്നത് എന്ന കാര്യം നിങ്ങൾക്ക് അറിയാമോ?
ദൈവമായ യഹോവയെക്കുറിച്ചും മനുഷ്യരെ സംബന്ധിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും മനസ്സിലാക്കാൻ ലോകമെങ്ങുമുള്ള ആളുകളെ സഹായിക്കുന്നതിനുവേണ്ടി ദൈവദൂതന്മാർ കഠിനമായി പരിശ്രമിക്കുന്നെന്ന് വെളിപാട് പുസ്തകം കാണിച്ചു തരുന്നു. അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: ‘മറ്റൊരു ദൂതൻ ആകാശത്ത് പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിൽ താമസിക്കുന്ന എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും അറിയിക്കാൻ ആ ദൂതന്റെ പക്കൽ എന്നും നിലനിൽക്കുന്ന ഒരു സന്തോഷവാർത്തയുണ്ടായിരുന്നു. ആ ദൂതൻ ഇങ്ങനെ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു: “ദൈവത്തെ ഭയപ്പെടുക; ദൈവത്തിനു മഹത്ത്വം കൊടുക്കുക. ആകാശവും ഭൂമിയും സമുദ്രവും ഉറവകളും ഉണ്ടാക്കിയ ദൈവത്തെ ആരാധിക്കുക. കാരണം ദൈവം ന്യായം വിധിക്കാനുള്ള സമയം വന്നിരിക്കുന്നു!”’ (വെളിപാട് 14:6, 7) പല ആധുനികകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നത് ലോകമെങ്ങും നടക്കുന്ന ദൈവരാജ്യ സുവിശേഷപ്രവർത്തനത്തെ ദൈവദൂതന്മാർ പിന്തുണയ്ക്കുന്നു എന്നാണ്. പാപിയായ ഒരു വ്യക്തി മാനസാന്തരപ്പെട്ട് യഹോവയിലേക്കു തിരിഞ്ഞാൽ ‘ദൈവദൂതന്മാർ സന്തോഷിക്കും.’—ലൂക്കോസ് 15:10.
സുവിശേഷപ്രവർത്തനം പൂർത്തിയായാൽ പിന്നീട് എന്ത് സംഭവിക്കും? “സ്വർഗത്തിലെ” ദൈവദൂതന്മാരുടെ “സൈന്യം” രാജാക്കന്മാരുടെ രാജാവായ യേശുക്രിസ്തുവിനെ ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമായ’ അർമഗെദോനിൽ പിന്തുണയ്ക്കും. (വെളിപാട് 16:14-16; 19:14-16) “നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അനുസരിക്കാത്തവരോടു (യേശു) . . . പ്രതികാരം” ചെയ്യുമ്പോൾ ദൈവത്തിന്റെ വധനിർവാഹകരായി അവർ പ്രവർത്തിക്കും.—2 തെസ്സലോനിക്യർ 1:7, 8.
ഒരു കാര്യം നിങ്ങൾക്ക് ഉറപ്പിക്കാം. ദൂതന്മാർ നിങ്ങളുടെ വ്യക്തിപരമായ കാര്യത്തിൽ താത്പര്യം ഉള്ളവരാണ്. ദൈവത്തെ സേവിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരുടെ ക്ഷേമത്തിൽ അവർക്ക് വലിയ ചിന്തയുണ്ട്. ഭൂമിയിൽ ജീവിക്കുന്ന വിശ്വസ്തരായ ദൈവദാസരെ ബലപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ആയി ദൂതന്മാരെ ദൈവമായ യഹോവ പലപ്പോഴും ഉപയോഗിക്കുന്നു.—എബ്രായർ 1:14.
നമ്മൾ ഓരോരുത്തരും വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ലോകമെങ്ങും പ്രസംഗിക്കപ്പെടുന്ന ദൈവരാജ്യസുവിശേഷം നമ്മൾ ശ്രദ്ധിക്കുകയും അത് അനുസരിച്ച് ജീവിക്കുകയും ചെയ്യുമോ? ദൈവത്തിന്റെ ശക്തരായ ദൂതന്മാരിൽനിന്നുള്ള സ്നേഹപുരസ്സരമായ സഹായം സ്വീകരിക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.