മുഖ്യലേഖനം | ദൈവദൂതന്മാർ—വെറും സങ്കൽപ്പമോ?
ദൈവദൂതന്മാരെക്കുറിച്ചുള്ള സത്യം
ദൂതന്മാരെക്കുറിച്ചുള്ള സത്യം അറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടോ? അവർ ആരാണ്? അവർ എങ്ങനെ ഉണ്ടായി? അവർ എന്തു ചെയ്യുന്നു? മറ്റ് ഏതൊരു പുസ്തകത്തെക്കാളും ഇവയ്ക്കുള്ള കൃത്യമായ ഉത്തരം നൽകാൻ ദൈവപ്രചോദിതമായി എഴുതിയ ബൈബിളിനു കഴിയും. (2 തിമൊഥെയൊസ് 3:16) ബൈബിളിനു പറയാനുള്ളത് എന്താണ്?
-
ദൈവത്തിന് ആത്മശരീരം ഉള്ളതുപോലെ ദൂതന്മാർക്കും മനുഷ്യനേത്രങ്ങൾക്ക് അദൃശ്യമായ ആത്മശരീരം ആണ് ഉള്ളത്. അവർക്ക് “മാംസവും അസ്ഥികളും ഇല്ല.” വിശ്വസ്തരായ ആ ദൂതന്മാർ സ്വർഗത്തിൽ വസിക്കുന്നു, ദൈവത്തിന്റെ സ്വർഗീയ സാന്നിധ്യത്തിൽ.—ലൂക്കോസ് 24:39; മത്തായി 18:10; യോഹന്നാൻ 4:24.
-
ചില സമയങ്ങളിൽ ദൈവം കൊടുത്ത നിയമനങ്ങൾ നിർവഹിക്കുന്നതിനുവേണ്ടി ദൂതന്മാർ മനുഷ്യശരീരം എടുത്ത് ഭൂമിയിൽ വരുകയും അതിനു ശേഷം ആ ശരീരം ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.—ന്യായാധിപന്മാർ 6:11-23; 13:15-20.
-
ബൈബിളിൽ ദൂതന്മാരെ പുരുഷന്മാരായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. അങ്ങനെതന്നെയാണ് അവർ എപ്പോഴും ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതും. ദൂതന്മാർക്കിടയിൽ പുരുഷൻ, സ്ത്രീ എന്ന വ്യത്യാസം ഉള്ളതായി ബൈബിൾ സൂചിപ്പിക്കുന്നില്ല. ദൂതന്മാർ തമ്മിൽ വിവാഹം കഴിക്കുകയോ അവർക്കു കുട്ടികൾ ജനിക്കുകയോ ഇല്ല. മാത്രമല്ല, ആദ്യം ഭൂമിയിൽ മനുഷ്യരായി (ശിശുക്കളോ കുട്ടികളോ മുതിർന്നവരോ ആയി) ജീവിച്ച് പിന്നെ സ്വർഗത്തിലേക്കു പോകുന്നവരുമല്ല അവർ. ദൂതന്മാരെ യഹോവ നേരിട്ടു സൃഷ്ടിച്ചതാണ്. അതുകൊണ്ട് ബൈബിൾ അവരെ “സത്യദൈവത്തിന്റെ പുത്രന്മാർ” എന്നു വിളിച്ചിരിക്കുന്നു.—ഇയ്യോബ് 1:6; സങ്കീർത്തനം 148:2, 5.
-
ബൈബിൾ ‘മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളെക്കുറിച്ച്’ സംസാരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ദൂതന്മാർക്ക് ഒരു ഭാഷയുണ്ടെന്നാണ്. അവർ തമ്മിൽ സംസാരിക്കുന്നുണ്ടെന്നാണ്. മനുഷ്യരോടു സംസാരിക്കാൻ ദൈവം ദൂതന്മാരെ ഉപയോഗിച്ചു എന്നത് ശരിയാണ്. എന്നാൽ അവരെ ആരാധിക്കാനോ അവരോടു പ്രാർഥിക്കാനോ ദൈവം അനുവാദം നൽകിയിട്ടില്ല.—1 കൊരിന്ത്യർ 13:1; വെളിപാട് 22:8, 9.
-
പതിനായിരംപതിനായിരം ദൂതന്മാരുണ്ടെന്ന് ബൈബിൾ പറയുന്നു. അതിന്റെ അർഥം ശതകോടിക്കണക്കിന് a ദൂതന്മാർ കണ്ടേക്കാം എന്നാണ്.—ദാനിയേൽ 7:10; വെളിപാട് 5:11.
-
ദൂതന്മാർ ‘അതിശക്തരാണ്.’ മനുഷ്യരെക്കാൾ ബുദ്ധിയിലും ശക്തിയിലും വളരെ ഉയർന്നവർ. മനുഷ്യർക്കു സങ്കൽപ്പിക്കാൻ കഴിയുന്നതിനെക്കാൾ വേഗതയിൽ ദൂതന്മാർ സഞ്ചരിക്കുന്നു.—സങ്കീർത്തനം 103:20; ദാനിയേൽ 9:20-23.
-
മനുഷ്യരെക്കാൾ ഉയർന്ന ബുദ്ധിയും ശക്തിയും ദൂതന്മാർക്കുണ്ടെങ്കിലും അവർക്ക് പരിമിതികൾ ഉണ്ട്, അവർക്ക് അറിയില്ലാത്ത ചില കാര്യങ്ങളും ഉണ്ട്.—മത്തായി 24:36; 1 പത്രോസ് 1:12.
-
വ്യക്തിത്വവും ദൈവികഗുണങ്ങളും ഇച്ഛാസ്വാതന്ത്ര്യവും സഹിതമാണ് ദൈവം ദൂതന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യരെപ്പോലെ അവർക്കും ശരിയും തെറ്റും തിരഞ്ഞെടുക്കാനാകും. സങ്കടകരമെന്നു പറയട്ടെ, ചില ദൂതന്മാർ ദൈവത്തിന് എതിരെ മത്സരിച്ചു.—യൂദ 6.
a പതിനായിരത്തെ പതിനായിരം കൊണ്ടു ഗുണിച്ചാൽ പത്തു കോടി വരും. എന്നാൽ വെളിപാട് 5:11-ൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരാർഥം പതിനായിരങ്ങൾപതിനായിരങ്ങൾ എന്നാണ്. ദശകോടിക്കണക്കിനോ ശതകോടിക്കണക്കിനോ ദൂതന്മാർ വരുമെന്നാണ് ഇതു കാണിക്കുന്നത്.