അവരുടെ വിശ്വാസം അനുകരിക്കുക | സാറ
ദൈവം സാറയെ “രാജകുമാരി” എന്നു വിളിച്ചു
തന്റെ ജോലികളൊക്കെ ഒതുക്കിയതിനുശേഷം വിദൂരതയിലേക്കു നോക്കി നിൽക്കുകയാണ് സാറ. യജമാനത്തിയുടെ ബുദ്ധിപൂർവകമായ നിർദേശങ്ങൾ അനുസരിച്ചുകൊണ്ടു സന്തോഷത്തോടെയും തിരക്കോടെയും വേലക്കാർ ജോലികൾ ചെയ്യുന്നു. കഠിനാധ്വാനിയായ സാറയും തനിക്കുള്ള ജോലികളൊക്കെ ചെയ്തുതീർത്തിരിക്കുകയാണ്. ഇതിനിടെ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട്, ജോലിചെയ്തു തളർന്ന കൈകളിലെ വേദനകൾ മാറ്റാൻ കൈകൾ മെല്ലെ ഉഴിയുകയാണ് സാറ. ഒരുപക്ഷേ തങ്ങളുടെ കൊച്ചു കൂടാരത്തിന്റെ ശീലകളിലുണ്ടായിരുന്ന ചെറിയചെറിയ കീറലുകൾ സാറ തുന്നിച്ചേർത്തു കഴിഞ്ഞതേ ഉണ്ടാകുകയുള്ളൂ. പരുപരുത്ത ആട്ടുരോമം കൊണ്ടുണ്ടാക്കിയ കൂടാരത്തിന്റെ തുകൽ വർഷങ്ങളായി വെയിലും മഴയും കൊണ്ടു ആകെ മങ്ങിപ്പോയത് സാറയുടെ ശ്രദ്ധയിൽപ്പെട്ടു. നാളുകൾ ഇങ്ങനെ എത്രയായി തങ്ങൾ ഈ കൂടാരവാസം തുടങ്ങിയിട്ടു എന്ന് സാറ ചിന്തിച്ചുകാണും. ഉച്ചവെയിലിന്റെ ശക്തി കുറഞ്ഞു, ചക്രവാളം ചുവന്നുതുടങ്ങി. അബ്രാഹാം a രാവിലെ കൂടാരം വിട്ടുപോയ അതേ ദിശയിലേക്കു കണ്ണുംനട്ടു നോക്കിനിൽക്കുകയാണ് സാറ. അതാ, അടുത്തുള്ള ആ കുന്നിൻചെരുവിലൂടെ തന്റെ പ്രിയതമൻ പയ്യെ നടന്നുവരുന്നു. സാറയുടെ ആ സുന്ദരമുഖത്ത് മെല്ലെ ഒരു ചെറുപുഞ്ചിരി വിരിയാൻതുടങ്ങി.
അബ്രാഹാം തന്റെ വലിയ കുടുംബത്തോടൊപ്പം യൂഫ്രട്ടീസ് നദി കടന്നു കനാനിലെത്തിയിട്ട് ഒരു ദശാബ്ദം കഴിഞ്ഞിരിക്കുന്നു. എങ്ങോട്ടെന്ന് അറിയാത്ത ഈ വലിയ യാത്രയിൽ സാറ തന്റെ ഭർത്താവിനെ മനസ്സോടെ പിന്തുണച്ചു. കാരണം, യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഭാഗമായി ഒരു അനുഗ്രഹിക്കപ്പെട്ട സന്തതിക്കും ജനതയ്ക്കും രൂപം കൊടുക്കുന്നതിൽ അബ്രാഹാമിനുള്ള പങ്കു സാറയ്ക്കു നന്നായി അറിയാമായിരുന്നു. എന്നാൽ, സാറയ്ക്ക് ഇതിലുള്ള പങ്ക് എന്താണ്? 75 വയസ്സായ സാറ ഒരു വന്ധ്യയായിരുന്നു. ഒരുപക്ഷേ, ഇങ്ങനെ അതിശയത്തോടെ സാറ ചിന്തിച്ചുകാണും. ‘ഞാൻ അബ്രാഹാമിന്റെ ഭാര്യയായിരിക്കുന്നിടത്തോളം കാലം യഹോവയുടെ വാഗ്ദാനം എങ്ങനെയാണ് നടക്കാൻ പോകുന്നത്?’ സാറയ്ക്ക് അങ്ങനെ തോന്നിയിരുന്നെങ്കിൽ, അവളുടെ ആ ചിന്തയും അക്ഷമയും നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.
ദൈവം തന്റെ വാഗ്ദാനങ്ങൾ എപ്പോൾ നിറവേറ്റും എന്ന കാര്യത്തിൽ ചിലപ്പോഴൊക്കെ നമുക്കും അതിശയം തോന്നിയേക്കാം. ഈ സാഹചര്യത്തിൽ ക്ഷമ കാണിക്കുന്നത് നമുക്കു വളരെ ബുദ്ധിമുട്ടായിരിക്കാം. പ്രത്യേകിച്ചു നമ്മൾ വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കാനായി കാത്തിരിക്കുമ്പോൾ. വിശ്വാസത്തിന്റെ ഈ അവിസ്മരണീയമാതൃക കാഴ്ചവെച്ച ഈ സ്ത്രീകഥാപാത്രത്തിൽനിന്ന് നമുക്ക് എന്താണ് പഠിക്കാനുള്ളത്?
‘യഹോവ തടഞ്ഞിരിക്കുന്നു’
ഈ കുടുംബം ഈയടുത്താണ് ഈജിപ്തിൽനിന്ന് മടങ്ങിവന്നത്. (ഉൽപത്തി 13:1-4) അവർ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശങ്ങളിൽ കനാന്യർ ലൂസ് എന്നു വിളിച്ചിരുന്ന സ്ഥലത്തു കൂടാരം അടിച്ചു. ഈ ഉയർന്ന സമതലത്തിൽനിന്ന് നോക്കിയാൽ സാറയ്ക്കു വാഗ്ദത്തദേശത്തിന്റെ ഏറിയ ഭാഗവും കാണാനാകുമായിരുന്നു; കനാനിലെ ഗ്രാമങ്ങളും, അവിടെനിന്നു വിദൂരസ്ഥലങ്ങളിലേക്കു ഗ്രാമവാസികൾക്കു പോകുന്നതിനുള്ള പല വഴികളും. എന്നാൽ, ഈ മനോഹരമായ പ്രകൃതിദൃശ്യങ്ങളൊന്നും സാറയുടെ സ്വന്തം നാടിന്റെ അത്രയും വരുമായിരുന്നില്ല. 1,900 കിലോമീറ്റർ അകലെയുള്ള മെസൊപ്പൊത്താമ്യൻ നഗരത്തിലെ ഊർ എന്ന പ്രദേശത്താണ് സാറ വളർന്നത്. ധാരാളം കച്ചവടസ്ഥലങ്ങളും അങ്ങാടികളും ഒക്കെ ഉള്ള തഴച്ചുവളരുന്ന ഒരു നഗരം. അവിടെ കെട്ടുറപ്പുള്ള മതിലും മേൽക്കൂരയും ഉള്ള ഒരു വീട്. ആവശ്യത്തിനുള്ള ജലവിതരണ സംവിധാനങ്ങൾ ഉൾപ്പെടെ മറ്റെല്ലാ സുഖസൗകര്യങ്ങളും. ചുറ്റുവട്ടത്തായി ധാരാളം ബന്ധുക്കൾ. ഇവയെല്ലാം ഉപേക്ഷിച്ചാണ് സാറ ഇപ്പോൾ ഇവിടെയായിരിക്കുന്നത്. കിഴക്കു താൻ ജനിച്ചുവളർന്ന നാട്ടിലെ സുഖസൗകര്യങ്ങളെ ഓർത്തു വിഷാദത്തോടെ നിൽക്കുന്ന സാറയാണ് നമ്മുടെ മനസ്സിലുള്ളതെങ്കിൽ ദൈവഭക്തയായ ഒരു സ്ത്രീയെ മനസ്സിലാക്കാൻ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു.
പിന്നീട്, 2,000 വർഷങ്ങൾക്കു ശേഷം അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതമായി എഴുതിയതു ശ്രദ്ധിക്കുക. അബ്രാഹാമിന്റെയും സാറയുടെയും വിശ്വാസത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു: “തങ്ങൾ എബ്രായർ 11:8, 11, 15) ഉപേക്ഷിച്ചുപോന്ന കാര്യങ്ങളിലേക്കു സാറയും അബ്രാഹാമും ആഗ്രഹത്തോടെ പിന്തിരിഞ്ഞുനോക്കിയില്ല. അങ്ങനെ ചിന്തിച്ചിട്ടുണ്ടായിരുന്നെങ്കിൽ തീർച്ചയായും സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകാൻ അവർ തീരുമാനിച്ചേനേ. അങ്ങനെ ചെയ്തിരുന്നെങ്കിൽ യഹോവ അവർക്കുവേണ്ടി വാഗ്ദാനം ചെയ്തിരുന്ന വിശിഷ്ടപദവി അവർക്കു നഷ്ടമായേനേ. മാത്രമല്ല, ദശലക്ഷങ്ങളുടെ ഹൃദയത്തിൽ വിശ്വാസത്തിന്റെ ജ്വലിക്കുന്ന മാതൃകകളായി ചിരപ്രതിഷ്ഠ നേടാൻ അവർക്കു കഴിയുമായിരുന്നില്ല. മനുഷ്യരുടെ ഓർമയിൽനിന്ന് അവർ പയ്യെപയ്യെ മാഞ്ഞുപോകുമായിരുന്നു.
വിട്ടുപോന്ന ദേശത്തെക്കുറിച്ചായിരുന്നു അവരുടെ ചിന്തയെങ്കിൽ അവിടേക്കു മടങ്ങിപ്പോകാൻ അവർക്ക് അവസരങ്ങളുണ്ടായിരുന്നു.” (പിന്തിരിഞ്ഞു നോക്കുന്നതിനു പകരം സാറ മുന്നോട്ടു നോക്കിയതുകൊണ്ടാണ് പ്രവാസജീവിതത്തിൽ ഭർത്താവിനുവേണ്ട സകല പിന്തുണയും സാറയ്ക്കു നൽകാനായത്. കൂടാരം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു നീക്കിനീക്കി അടിക്കേണ്ടി വന്നപ്പോൾ, സാധനസാമഗ്രികൾ കെട്ടിപ്പെറുക്കാനും ആടുമാടുകളെ തെളിച്ചു മുന്നോട്ടു കൊണ്ടുപോകാനും പുതിയസ്ഥലത്തു വീണ്ടും പാർപ്പുറപ്പിക്കാനും ഒക്കെ സാറ അബ്രാഹാമിനൊപ്പം ഉണ്ടായിരുന്നു. മറ്റു പല ബുദ്ധിമുട്ടുകളും മാറ്റങ്ങളും സാറ സഹിച്ചുനിന്നു. യഹോവ, അബ്രാഹാമിനോടുള്ള തന്റെ വാഗ്ദാനം പുതുക്കി. എന്നാൽ, അതിലൊന്നും സാറയെക്കുറിച്ച് ഒരു പരാമർശംപോലും ഇല്ല!—ഉൽപത്തി 13:14-17; 15:5-7.
തന്റെ മനസ്സിൽ ഉദിച്ച ഒരു പദ്ധതി അബ്രാഹാമിനോട് പറയാൻ ഇനിയും വൈകിച്ചുകൂടാ എന്നു സാറ ഒടുവിൽ തീരുമാനിച്ചു. അബ്രാഹാമിനോട് സാറ പറഞ്ഞു: ‘ദയവുചെയ്ത് ഞാൻ പറയുന്നതു കേൾക്കൂ, എനിക്കു മക്കൾ ഉണ്ടാകുന്നത് യഹോവ തടഞ്ഞിരിക്കുന്നു.’ അതു പറഞ്ഞപ്പോൾ സാറയുടെ മുഖത്തുണ്ടായിരുന്ന സംഘർഷം മനസ്സിൽ കാണാൻ നിങ്ങൾക്കാവുന്നുണ്ടോ? ഭർത്താവിനോട് തന്റെ ദാസിയായ ഹാഗാറിലൂടെ തനിക്കുവേണ്ടി മക്കളെ ജനിപ്പിക്കാൻ സാറ ആവശ്യപ്പെട്ടു. തന്റെ ഭർത്താവിനോടു ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടപ്പോൾ സാറയ്ക്കുണ്ടായ മനോവിഷമം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടോ? അത്തരമൊരു അപേക്ഷ വളരെ വിചിത്രമായി ഇന്നു തോന്നിയേക്കാം. എന്നാൽ, അക്കാലങ്ങളിൽ കുടുംബത്തിന് ഒരു അവകാശിയുണ്ടായിരിക്കാൻ b അന്നത്തെ പുരുഷന്മാർ രണ്ടാം ഭാര്യയെയോ വെപ്പാട്ടിയെയോ എടുക്കുന്നതു സർവസാധാരണമായിരുന്നു. അബ്രാഹാമിന്റെ സന്തതിയിലൂടെ ഒരു ജനതയെ ഉളവാക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ഇങ്ങനെ നടപ്പിലാകുമെന്നു സാറ വിചാരിച്ചിട്ടുണ്ടാകാം. എന്തൊക്കെയായിരുന്നാലും വളരെ ബുദ്ധിമുട്ടേറിയ ഒരു ത്യാഗം ചെയ്യാൻ സാറ സന്നദ്ധയായിരുന്നു. അബ്രാഹാം എന്തു ചെയ്തു? നമ്മൾ ബൈബിളിൽ വായിക്കുന്നത് അബ്രാഹാം “(സാറ) പറഞ്ഞതു കേട്ടു” എന്നാണ്.—ഉൽപത്തി 16:1-3.
ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കാൻ യഹോവയാണ് സാറയെ പ്രേരിപ്പിച്ചതെന്നു ബൈബിൾവിവരണം സൂചിപ്പിക്കുന്നുണ്ടോ? ഇല്ല. ഇത് മാനുഷികകാഴ്ചപ്പാടിൽ രൂപംകൊണ്ട വെറും ഒരു പദ്ധതിയാണ്. തന്റെ ഈ പ്രശ്നത്തിന് ഉത്തരവാദി ദൈവമാണെന്നു സാറ വിചാരിച്ചു. ഇതിനൊരു പരിഹാരം കൊണ്ടുവരാൻ ദൈവത്തിനാകില്ലെന്ന് സാറ ചിന്തിച്ചുകാണും. അങ്ങനെ പ്രശ്നം പരിഹരിക്കാൻ സാറ ഒരു മാർഗം കണ്ടെത്തി. പക്ഷേ അത് വേദനയും കൂടുതൽ കുഴപ്പങ്ങളും മാത്രമാണ് സാറയ്ക്കു സമ്മാനിച്ചത്. എങ്കിലും, ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടതിലൂടെ സാറയുടെ മറ്റൊരു ഗുണം വെളിപ്പെട്ടുവന്നു. നിസ്വാർത്ഥത. മറ്റെല്ലാത്തിനെക്കാളും ഉപരി സ്വന്തം ആഗ്രഹത്തിനു പ്രഥമസ്ഥാനം നൽകുന്ന ഒരു ലോകത്താണു നമ്മൾ ജീവിക്കുന്നത്. സ്വാർത്ഥതയുടെ ഒരു കണികപോലുമില്ലാത്ത സാറയുടെ ഈ മനോഭാവം എത്ര തിളക്കമുള്ളതാണ്! നമ്മുടെ സ്വാർത്ഥതാത്പര്യങ്ങളെക്കാൾ ദൈവത്തിന്റെ ഉദ്ദേശ്യത്തിനു പ്രഥമസ്ഥാനം നൽകാൻ നമ്മൾ മനസ്സോടെ തയ്യാറുകുന്നെങ്കിൽ നമ്മളും സാറയുടെ വിശ്വാസം അനുകരിക്കുകയായിരിക്കും.
“അല്ല, ചിരിച്ചു”
അധികം വൈകാതെ ഹാഗാർ ഗർഭിണിയായി. ഇപ്പോൾ തന്റെ യജമാനത്തിയായ സാറയെക്കാൾ താൻ ഏതോ വിധത്തിൽ പ്രാധാന്യമുള്ളവളാണെന്നു ഹാഗാറിനു തോന്നിയിട്ടുണ്ടാകാം. തന്റെ യജമാനത്തിയെ അവൾ നിന്ദിക്കാൻതുടങ്ങി. വന്ധ്യയായ പാവം സാറയ്ക്കു അത് എത്ര വലിയ തിരിച്ചടിയായിപ്പോയി! എന്നാൽ, ദൈവത്തിന്റെ പിന്തുണയോടെയും അബ്രാഹാമിന്റെ സമ്മതത്തോടെയും സാറ ഹാഗാറിന് ശിക്ഷണം നൽകി. അത് എങ്ങനെയായിരുന്നെന്നു ബൈബിൾ പറയുന്നില്ല. ഒടുവിൽ ഹാഗാറിനു യിശ്മായേൽ എന്ന ആൺകുട്ടി ജനിക്കുന്നു. അങ്ങനെ വർഷങ്ങൾ കടന്നുപോയി. (ഉൽപത്തി 16:4-9, 16) അബ്രാഹാമിനു 99 വയസ്സും സാറയ്ക്കു 89 വയസ്സും ഉണ്ടായിരുന്നപ്പോൾ യഹോവയിൽനിന്നു മറ്റൊരു സന്ദേശം ലഭിച്ചതായി ബൈബിൾവിവരണം പറയുന്നു. അവർക്കു ലഭിച്ചത് അത്ഭുതകരമായ ഒരു സന്ദേശമായിരുന്നു.
യഹോവ തന്റെ സ്നേഹിതനായ അബ്രാഹാമിന് വീണ്ടും ഒരു ഉറപ്പുകൊടുക്കുന്നു, സന്തതിയെ വർദ്ധിപ്പിക്കുമെന്ന്. അബ്രാഹാമിന്റെ പേരും യഹോവ മാറ്റുന്നു. ഇതുവരെ അബ്രാം എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പേര് ‘അനേകം ജനതകൾക്കു പിതാവ്’ എന്ന് അർഥം വരുന്ന അബ്രാഹാം എന്നു യഹോവ മാറ്റി. ഇപ്പോൾ ആദ്യമായി യഹോവയുടെ ഉദ്ദേശ്യത്തിൽ സാറയ്ക്കുള്ള പങ്കു വ്യക്തമായി തെളിഞ്ഞുവരുന്നു. “കലഹിക്കുന്ന” എന്ന് ഒരുപക്ഷേ അർഥം വരുന്ന സാറായി എന്ന പേര് യഹോവ മാറ്റുന്നു. മറിച്ച് നമുക്ക് ഇന്നു സുപരിചിതമായ സാറ എന്ന പേര് യഹോവ അവൾക്കു നൽകുന്നു. സാറ എന്നതിന്റെ അർഥമോ? “രാജകുമാരി!” തനിക്കു പ്രിയയായ ഈ സ്ത്രീക്കു ഇങ്ങനെയൊരു പേര് നൽകിയത് എന്തുകൊണ്ടാണെന്നു യഹോവ പറയുന്നു: “അവളെ ഞാൻ അനുഗ്രഹിക്കുകയും അവളിലൂടെ നിനക്ക് ഒരു മകനെ തരുകയും ചെയ്യും. ഞാൻ അവളെ അനുഗ്രഹിക്കും; അവൾ അനേകം ജനതകൾക്കും രാജാക്കന്മാർക്കും മാതാവായിത്തീരും.”—ഉൽപത്തി 17:5, 15, 16.
എല്ലാ ജനതകളെയും അനുഗ്രഹിക്കാൻ യഹോവ വാഗ്ദാനം ചെയ്തിരുന്ന സന്തതി സാറയുടെ മകനിലൂടെയായിരിക്കും വരുന്നത്. സാറയുടെ മകനു ദൈവം ഇട്ട പേരാണ് യിസ്ഹാക്ക്. അതിന്റെ അർഥം “ചിരി” എന്നാണ്. തനിക്കും സാറയ്ക്കും ഒരു കുഞ്ഞു ജനിക്കാൻപോകുന്നു എന്ന കാര്യം ആദ്യം അറിഞ്ഞപ്പോൾ അബ്രാഹാം “ചിരിച്ചു” എന്നു വിവരണം പറയുന്നു. (ഉൽപത്തി 17:17) അബ്രാഹാമിന് അതിശയവും അടക്കാനാവാത്ത സന്തോഷവും തോന്നി. (റോമർ 4:19, 20) സാറയ്ക്കോ?
അധികം വൈകാതെ മൂന്നു അപരിചിതരായ പുരുഷന്മാർ അബ്രാഹാമിന്റെ കൂടാരത്തിൽ വരുന്നു. നട്ടുച്ചനേരത്താണ് അവരുടെ വരവ്. ഈ വൃദ്ധരായ ദമ്പതികൾ വളരെ ഉത്സാഹത്തോടെ അതിഥികളെ സ്വീകരിച്ച് ഇരുത്തുന്നു. അബ്രാഹാം സാറയോട് പറയുന്നു: “പെട്ടെന്നാകട്ടെ! മൂന്നു പാത്രം നേർത്ത ധാന്യപ്പൊടി കുഴച്ച് അപ്പം ഉണ്ടാക്കൂ.” അന്നൊക്കെ, ഒരു അതിഥിയെ സത്കരിക്കാൻ വീട്ടുകാർക്ക് ഒരുപാട് ജോലി ചെയ്യേണ്ടിയിരുന്നു. എല്ലാ ജോലിയും ഭാര്യയെ ഏൽപ്പിച്ചിട്ട് അബ്രാഹാം വെറുതെ ഇരുന്നില്ല. കാളക്കുട്ടിയെ അറുക്കുന്നതിനു അബ്രാഹാം ഓടി. കൂടാതെ, അവർക്കുവേണ്ടി ആവശ്യത്തിനു ഭക്ഷണവും വെള്ളവും ഒരുക്കി. (ഉൽപത്തി 18:1-8) ആ “പുരുഷന്മാർ” ദൈവദൂതന്മാരായിരുന്നു! ഈ സംഭവം മനസ്സിൽപ്പിടിച്ചുകൊണ്ടായിരിക്കാം അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതിയത്: “ആതിഥ്യം കാണിക്കാൻ മറക്കരുത്. അതുവഴി ചിലർ ദൈവദൂതന്മാരെ ആളറിയാതെ സത്കരിച്ചിട്ടുണ്ട്.” (എബ്രായർ 13:2) അബ്രാഹാമും സാറായും അതിഥിസത്കാരം നടത്തുന്നതിൽ കാണിച്ചിരിക്കുന്ന തിളക്കമുള്ള മാതൃക നിങ്ങൾ അനുകരിക്കുമോ?
സാറ ഒരു മകനു ജന്മം കൊടുക്കും എന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് ദൈവദൂതന്മാർ അബ്രാഹാമിനോടു വീണ്ടും പറയുന്നു. സാറ ഇതൊക്കെ കേട്ടുകൊണ്ട് കൂടാരത്തിന് അകത്തുതന്നെ നിൽപ്പുണ്ടായിരുന്നു. ആ പ്രായത്തിൽ ഒരു കുഞ്ഞിനു ജന്മം നൽകുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ സാറയ്ക്കു ചിരി അടക്കാനായില്ല. സാറ മനസ്സിൽ ഇങ്ങനെ പറഞ്ഞു: “എനിക്കു നല്ല പ്രായമായി, എന്റെ യജമാനനും വയസ്സായി. എനിക്ക് ഇനി ആ ആനന്ദം ഉണ്ടാകുമെന്നോ!” ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾത്തന്നെ കുറിക്കുകൊള്ളുന്ന ഒരു ചോദ്യം ചോദിച്ചുകൊണ്ടു ദൂതൻ സാറയെ തിരുത്തുന്നു. “യഹോവയ്ക്ക് അസാധ്യമായ എന്തെങ്കിലുമുണ്ടോ?” ചോദ്യം കേട്ട് സാറ ഒന്നു ഞെട്ടി, ന്യായീകരിച്ചു സംസാരിക്കാൻതുടങ്ങി. ഈ സ്ഥാനത്ത് വേറെ ആരാണെങ്കിലും അങ്ങനെയേ ചെയ്യൂ. ഒന്നും ചിന്തിക്കാതെ സാറ പെട്ടെന്നു പറഞ്ഞു: “ഞാൻ ചിരിച്ചില്ല.” “അല്ല, ചിരിച്ചു” എന്നു ദൂതൻ പറഞ്ഞു.—ഉൽപത്തി 18:9-15.
സാറ ചിരിച്ചു എന്നതുകൊണ്ട് സാറയ്ക്കു ദൈവവിശ്വാസം കുറവാണെന്നാണോ അതിനർഥം? ഒരിക്കലുമല്ല. ബൈബിൾ പറയുന്നു: “വിശ്വാസത്താൽ സാറയ്ക്ക്, ഗർഭിണിയാകാനുള്ള പ്രായം കഴിഞ്ഞിട്ടും അതിനുള്ള പ്രാപ്തി ലഭിച്ചു. കാരണം തനിക്കു വാഗ്ദാനം നൽകിയ ദൈവം വിശ്വസ്തനാണെന്നു സാറ വിശ്വസിച്ചു.” (എബ്രായർ 11:11) സാറയ്ക്ക് യഹോവയെ നന്നായി അറിയാം. എന്തെങ്കിലും ഒരു വാഗ്ദാനം ചെയ്താൽ ദൈവത്തിന് അത് നടപ്പിലാക്കാനാകും എന്ന കാര്യവും സാറയ്ക്കു അറിയാം. ഇതുപോലുള്ള ശക്തമായ വിശ്വാസം ആഗ്രഹിക്കാത്ത ആരാണുള്ളത്? ബൈബിളിൽ പറഞ്ഞിരിക്കുന്ന ദൈവത്തെ നമ്മളും ഏറെ മെച്ചമായി മനസ്സിലാക്കണം. അങ്ങനെ ചെയ്താൽ സാറയ്ക്ക് ദൈവത്തിൽ ഉണ്ടായിരുന്ന വിശ്വാസം എത്ര ശരിയായിരുന്നെന്നു നമുക്കും ബോധ്യമാകും. വിശ്വസ്തനായ യഹോവ താൻ വാക്കു നൽകിയിരിക്കുന്ന എല്ലാ കാര്യങ്ങളും നിവർത്തിക്കുന്നു. ചിലപ്പോൾ നമ്മളെ അതിശയിപ്പിക്കുന്ന അല്ലെങ്കിൽ നമ്മിൽ ചിരി ഉളവാക്കുന്ന അത്യത്ഭുതകരമായ വിധത്തിൽ കാര്യങ്ങൾ ഇതൾ വിരിയാൻ യഹോവ ഇടയാക്കിയേക്കാം.
“സാറ പറയുന്നതു കേൾക്കുക”
ഒരു കുഞ്ഞിക്കാല് കാണാൻ സാറയ്ക്ക് ഒരു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു. അങ്ങനെ അബ്രാഹാമിന് 100-ഉം സാറയ്ക്ക് 90-ഉം വയസ്സായപ്പോൾ അവർക്കൊരു കുട്ടി ജനിച്ചു. ദൈവം പറഞ്ഞതുപോലെതന്നെ അബ്രാഹാം കുഞ്ഞിന് “ചിരി” എന്ന് ഉൽപത്തി 21:6) ജീവിതാവസാനംവരെ യഹോവയിൽനിന്ന് ലഭിച്ച ഈ അത്ഭുതകരമായ സമ്മാനത്തെക്കുറിച്ച് ഓർക്കുമ്പോൾ സാറയെ അത് ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ടാകും. എന്നാൽ അതോടൊപ്പം സാറയ്ക്കു നിറവേറ്റേണ്ട വലിയ ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നു.
അർഥം വരുന്ന യിസ്ഹാക്ക് എന്ന പേരിട്ടു. ക്ഷീണിതയെങ്കിലും നിറഞ്ഞ പുഞ്ചിരിയോടെ സാറ പറഞ്ഞു: “ഞാൻ ചിരിക്കാൻ ദൈവം ഇടയാക്കിയിരിക്കുന്നു. ഇതെക്കുറിച്ച് കേൾക്കുന്നവരൊക്കെയും എന്നോടൊപ്പം ചിരിക്കും.” (യിസ്ഹാക്കിനു അഞ്ച് വയസ്സായപ്പോൾ, മുലകുടി നിറുത്തിയ ദിവസം അബ്രാഹാം വീട്ടിൽ വലിയ വിരുന്ന് ഒരുക്കി. എന്നാൽ, കാര്യങ്ങൾ ഒക്കെ അത്ര സുഖകരമായിരുന്നില്ല. ഹാഗാറിന്റെ 19 വയസ്സു പ്രായമുള്ള മകൻ യിശ്മായേൽ ഒരു പ്രശ്നക്കാരനായിരുന്നു. കുഞ്ഞായ യിസ്ഹാക്കിനെ അവൻ പലപ്പോഴും “പരിഹസിക്കുന്നതു സാറ കാണുന്നുണ്ടായിരുന്നു.” ഇതു വെറുമൊരു കളിതമാശയായിരുന്നില്ല. അപ്പോസ്തലനായ പൗലോസ് പിന്നീട് ദൈവപ്രചോദിതമായി എഴുതിയത് യിശ്മായേൽ യിസ്ഹാക്കിനെ ഉപദ്രവിച്ചു എന്നായിരുന്നു. തന്റെ മകന്റെ ക്ഷേമത്തിന് ഒരു വലിയ ഭീഷണിയാണ് യിശ്മായേലിന്റെ ഈ ഉപദ്രവം എന്നു സാറ മനസ്സിലാക്കി. സാറയ്ക്കു യിസ്ഹാക്ക് തന്റെ വെറും ഒരു മകൻ മാത്രമല്ല. യഹോവയുടെ ഉദ്ദേശ്യത്തിൽ ഒരു പ്രധാനപ്പെട്ട ഉത്തരവാദിത്വം അവനു ചെയ്യാനുണ്ട്. അതുകൊണ്ട്, ധൈര്യം സംഭരിച്ച് സാറ അബ്രാഹാമിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. ഹാഗാറിനെയും യിശ്മായേലിനെയും വീട്ടിൽനിന്ന് പറഞ്ഞയയ്ക്കാൻ.—ഉൽപത്തി 21:8-10; ഗലാത്യർ 4:22, 23, 29.
അബ്രാഹാം ഇതിനോടു പ്രതികരിച്ചത് എങ്ങനെയാണ്? നമ്മൾ ഇങ്ങനെ വായിക്കുന്നു: “തന്റെ മകനെക്കുറിച്ചു സാറ പറഞ്ഞത് അബ്രാഹാമിന് ഒട്ടും ഇഷ്ടമായില്ല.” യിശ്മായേലിനെ അബ്രാഹാമിനു വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഒരു അപ്പനു മകനോട് തോന്നുന്ന സ്നേഹത്തിന് അപ്പുറം കാണാൻ അബ്രാഹാമിനായില്ല. എന്നാൽ, കാര്യങ്ങളൊക്കെ വ്യക്തമായി കണ്ടിരുന്നതുകൊണ്ട് യഹോവ ഇടപെട്ടു. ‘ദൈവം അബ്രാഹാമിനോടു പറഞ്ഞു: “നിന്റെ ദാസിയെയും മകനെയും കുറിച്ച് സാറ പറയുന്ന കാര്യത്തിൽ ഇഷ്ടക്കേടു തോന്നരുത്. സാറ പറയുന്നതു കേൾക്കുക; കാരണം നിന്റെ സന്തതി എന്ന് അറിയപ്പെടുന്നവൻ വരുന്നതു യിസ്ഹാക്കിലൂടെയായിരിക്കും.”’ ഹാഗാറിനെയും യിശ്മായേലിനെയും കരുതുമെന്നു യഹോവ അബ്രാഹാമിന് ഉറപ്പുകൊടുത്തു. വിശ്വസ്തനായ അബ്രാഹാം സാറ പറഞ്ഞതുപോലെ ചെയ്തു.—ഉൽപത്തി 21:11-14.
സാറ അബ്രാഹാമിനു ഒരു നല്ല ഭാര്യയായിരുന്നു. ഒരു യഥാർഥ തുണ. ഭർത്താവിന് കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രമായിരുന്നില്ല സാറ സംസാരിച്ചത്. തന്റെ കുടുംബത്തിന്റെ ഭാവിയെ സാരമായി ബാധിക്കുന്ന ഒരു പ്രശ്നം കണ്ടപ്പോൾ സാറ ഭർത്താവിനോട് ആ കാര്യങ്ങൾ തുറന്നു സംസാരിച്ചു. അത് ഒരിക്കലും സാറയുടെ പക്ഷത്തുള്ള അനാദരവായി തെറ്റിദ്ധരിച്ചുകൂടാ. കാരണം, തന്റെ ഭർത്താവിനോട് ആഴമായ ബഹുമാനം കാണിച്ച മികച്ച സ്ത്രീ കഥാപാത്രമായിട്ടാണ് ഭാര്യമാർക്കു മുന്നിൽ സാറയെ വിവാഹിതനായിരുന്ന പത്രോസ് അപ്പോസ്തലൻ അവതരിപ്പിക്കുന്നത്. (1 കൊരിന്ത്യർ 9:5; 1 പത്രോസ് 3:5, 6) സത്യത്തിൽ, ഈ പ്രശ്നത്തെക്കുറിച്ചു സാറ മൗനം പാലിച്ചിരുന്നെങ്കിൽ അബ്രാഹാമിനു വേണ്ട ബഹുമാനം കൊടുക്കാൻ സാറ പരാജയപ്പെട്ടുപോയിരുന്നേക്കാം. അതിന്റെ ഫലമായി അബ്രാഹാമിനും മുഴുകുടുംബത്തിനും വലിയ പ്രശ്നം ഉണ്ടായേനേ. പറയേണ്ടകാര്യം സാറ സ്നേഹത്തോടെ അബ്രാഹാമിനോടു പറഞ്ഞു.
സാറയുടെ ഉദാഹരണം പല ഭാര്യമാരും അനുകരിക്കാൻ ആഗ്രഹിക്കുന്നു. ഭർത്താവിനോട് ആദരവോടും സത്യസന്ധതയോടും കൂടെ സംസാരിക്കേണ്ടത് എങ്ങനെയെന്ന് അവർ സാറയിൽനിന്ന് പഠിക്കുന്നു. ചിലപ്പോഴെങ്കിലും സാറയുടെ കാര്യത്തിൽ യഹോവ ഇടപെട്ടതുപോലെ തങ്ങളുടെ കാര്യത്തിൽ ഇടപെട്ടിരുന്നെങ്കിൽ എന്നു ചില ഭാര്യമാർ ആഗ്രഹിക്കുന്നുണ്ടാകും. അങ്ങനെയൊന്നും സംഭവിക്കില്ലെങ്കിലും സാറയുടെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ക്ഷമയുടെയും ഉത്തമമാതൃകയിൽനിന്ന് അവർക്കു പാഠങ്ങൾ ഉൾക്കൊള്ളാനാകും.
“രാജകുമാരി” എന്ന പേര് സാറയ്ക്കു നൽകിയത് യഹോവയാണ്. എങ്കിലും തന്നെ ഒരു രാജകുമാരിയെപ്പോലെ കാണാൻ സാറ ആഗ്രഹിച്ചില്ല
“രാജകുമാരി” എന്ന പേര് സാറയ്ക്കു നൽകിയത് യഹോവയാണ്. എങ്കിലും തന്നെ ഒരു രാജകുമാരിയെപ്പോലെ കാണാൻ സാറ ആഗ്രഹിച്ചില്ല. 127-ാമത്തെ വയസ്സിൽ സാറ മരിച്ചപ്പോൾ “അബ്രാഹാം സാറയെക്കുറിച്ച് ദുഃഖിച്ച് കരഞ്ഞു” c എന്നു ബൈബിളിൽ പറഞ്ഞിരിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല. (ഉൽപത്തി 23:1, 2) തന്റെ “രാജകുമാരി” ഇല്ലാത്ത ജീവിതം അബ്രാഹാമിന് സഹിക്കാനായില്ല. ദൈവമായ യഹോവയ്ക്കും ആ വിയോഗത്തിൽ ദുഃഖമുണ്ട് എന്നതിൽ സംശയം വേണ്ട. ഈ ഭൂമിയിലെ പറുദീസയിൽ വീണ്ടും ഒരു ജീവിതം വിശ്വസ്തയായ സാറയ്ക്കു കൊടുക്കാൻ യഹോവ ആഗ്രഹിക്കുന്നു. സാറയെ കാത്തിരിക്കുന്നത് നിത്യമായ അനുഗ്രഹങ്ങളും ശോഭനമായ ഭാവിയും ആണ്. സാറയുടെ വിശ്വാസത്തെ അനുകരിക്കുന്നവർക്കും അതുതന്നെ.—യോഹന്നാൻ 5:28, 29.
a യഥാർഥത്തിൽ അബ്രാം, സാറ എന്ന പേരിനാലാണ് ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത്. പിന്നീട്, ദൈവം ഇവർക്കു പുതിയ പേരുകൾ നൽകി. എന്നിരുന്നാലും, എളുപ്പത്തിന് ഇവർ പൊതുവെ അറിയപ്പെടുന്ന പേരുകളാണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്.
b ബഹുഭാര്യത്വവും വെപ്പാട്ടികളെ വെക്കുന്നതും യഹോവ കുറച്ചുകാലത്തേക്ക് അനുവദിച്ചു എന്നതു ശരിയാണ്. എന്നാൽ, ഒരു പുരുഷന് ഒരു ഭാര്യ എന്ന് ദൈവം ഏദെനിൽ ഏർപ്പെടുത്തിയ ക്രമീകരണം യേശു പുനഃസ്ഥാപിച്ചു.—ഉൽപത്തി 2:24; മത്തായി 19:3-9.
c ബൈബിളിൽ മരണസമയത്തെ വയസ്സു നൽകിയിരിക്കുന്ന ഒരേ ഒരു സ്ത്രീ സാറയാണ്.