മുഖ്യലേഖനം | ഏറ്റവും നല്ല സമ്മാനം ഏതാണ്?
നല്ല സമ്മാനത്തിനു വേണ്ടിയുള്ള അന്വേഷണം
മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ട നല്ലൊരു സമ്മാനം ഏതാണെന്ന് തീരുമാനിക്കുക എളുപ്പമുള്ള പണിയല്ല. കാരണം, സമ്മാനം സ്വീകരിക്കുന്ന വ്യക്തിയാണ് യഥാർഥത്തിൽ അതിന്റെ മൂല്യം നിശ്ചയിക്കുന്നത്. ഒരു വ്യക്തിക്ക് ഏറ്റവും നല്ലതായി തോന്നുന്നത് മറ്റൊരു വ്യക്തിക്ക് അങ്ങനെ ആയിരിക്കണമെന്നില്ല.
ഉദാഹരണത്തിന്, കൗമാരപ്രായത്തിലുള്ള കുട്ടികൾ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരു നല്ല സമ്മാനമായി കാണുന്നു. അതേസമയം, ഒരു മുതിർന്ന വ്യക്തി കുടുംബത്തിൽനിന്ന് പാരമ്പര്യമായി ലഭിക്കുന്ന പൈതൃകസ്വത്തിനെ അമൂല്യസമ്മാനമായി കണക്കാക്കുന്നു. ചില സംസ്കാരങ്ങളിൽ, ചെറുപ്പക്കാരും പ്രായമായവരും മികച്ച സമ്മാനമായി കണക്കാക്കുന്നത് പണത്തെയാണ്. അതാകുമ്പോൾ അവരവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ വാങ്ങിക്കാനാകും.
കാര്യം അൽപ്പം ബുദ്ധിമുട്ടാണെങ്കിലും തങ്ങൾക്കു വേണ്ടപ്പെട്ടവർക്ക് നല്ല ഒരു സമ്മാനം കൊടുക്കണമെന്ന് ആഗ്രഹമുള്ളവരാണ് പലരും. നന്നായി ചിന്തിച്ച് തങ്ങളുടെ പ്രിയപ്പെട്ട വ്യക്തിക്ക് അനുയോജ്യമായ സമ്മാനം ഏതാണെന്ന് തിരഞ്ഞുകണ്ടുപിടിക്കാൻ അവർ താത്പര്യപ്പെടുന്നു. എല്ലായ്പോഴും അതത്ര എളുപ്പമല്ലെങ്കിലും ചില കാര്യങ്ങൾ മനസ്സിൽ പിടിക്കുന്നത് ഉചിതമായ സമ്മാനം തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും. സമ്മാനം സ്വീകരിക്കുന്ന വ്യക്തിക്ക് സംതൃപ്തി നൽകുന്ന സമ്മാനംതന്നെ കൊടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? അതിനുള്ള നാലു വഴികൾ നോക്കാം.
സ്വീകരിക്കുന്നയാളുടെ ആഗ്രഹങ്ങൾ. ഉത്തര അയർലൻഡിലെ ബെൽഫാസ്റ്റിലുള്ള ഒരാൾക്ക് പത്തോ പതിനൊന്നോ വയസ്സുള്ളപ്പോൾ ഒരു റേസിംഗ് സൈക്കിൾ സമ്മാനമായി ലഭിച്ചു. തനിക്കു ലഭിച്ചതിൽ വെച്ച് ഏറ്റവും നല്ല സമ്മാനം അതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കാരണം അങ്ങനെയൊരു സമ്മാനം അദ്ദേഹം ശരിക്കും ആഗ്രഹിച്ചിരുന്നു. ഒരു സമ്മാനം പ്രിയപ്പെടുമോ ഇല്ലയോ എന്നത് ഒരു വ്യക്തിയുടെ ആഗ്രഹവുമായി ബന്ധപ്പെട്ടതാണ്. അതാണ് ആ അഭിപ്രായത്തിൽനിന്ന് നമുക്ക് മനസ്സിലാക്കാനാകുന്നത്. അതുകൊണ്ട് സമ്മാനം കൊടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെക്കുറിച്ച് നന്നായി ചിന്തിക്കുക. അദ്ദേഹം ഏറെ മൂല്യവത്തായി കാണുന്നത് എന്താണെന്ന് തിരിച്ചറിയാൻ ശ്രമിക്കുക. കാരണം അതായിരിക്കും മിക്കപ്പോഴും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ സ്വാധീനിക്കുന്നത്. ഉദാഹരണത്തിന്, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനെ മുത്തശ്ശീമുത്തശ്ശന്മാർ വളരെ മൂല്യവത്തായി കാണുന്നു. കുട്ടികളെയും പേരക്കുട്ടികളെയും കാണണമെന്ന ആഗ്രഹമായിരിക്കും മിക്കപ്പോഴും അവർക്ക് ഉണ്ടായിരിക്കുക. അങ്ങനെയാകുമ്പോൾ കുടുംബം ഒത്തൊരുമിച്ച് അവധിക്കാലം ചെലവിടുന്നതായിരിക്കും മറ്റ് ഏതൊരു സമ്മാനത്തെക്കാളും അവർ പ്രിയപ്പെടാൻ സാധ്യത.
ഒരു വ്യക്തിയുടെ ആഗ്രഹങ്ങൾ എന്താണെന്ന് അറിയാനുള്ള ഒരു എളുപ്പവഴി നല്ലൊരു ശ്രോതാവായിരിക്കുക എന്നതാണ്. ബൈബിൾ നമ്മളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്.” (യാക്കോബ് 1:19) നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒക്കെ ദിവസവും സംസാരിക്കുമ്പോൾ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന സൂചനകൾ എന്തെങ്കിലും കിട്ടുന്നുണ്ടോ എന്നതിനു പ്രത്യേകം ശ്രദ്ധ കൊടുക്കുക. അപ്പോൾ അവർക്ക് ഇഷ്ടപ്പെടുന്ന ഒരു നല്ല സമ്മാനം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
സ്വീകരിക്കുന്നയാളുടെ ആവശ്യങ്ങൾ. ഒരു സമ്മാനം, അത് അത്ര വിലപിടിപ്പുള്ളതല്ലെങ്കിൽപ്പോലും ഒരു വ്യക്തിയുടെ ഒരു പ്രത്യേക ആവശ്യം നിറവേറ്റുന്നെങ്കിൽ അദ്ദേഹം അതിനെ വളരെ മൂല്യവത്തായി വീക്ഷിച്ചേക്കാം. മറ്റൊരാളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് എങ്ങനെ അറിയാൻ കഴിയും?
ആ വ്യക്തിയോടുതന്നെ അദ്ദേഹത്തിന്റെ ആവശ്യങ്ങളോ ആഗ്രഹങ്ങളോ ചോദിച്ച് മനസ്സിലാക്കുന്നതാണ് അതിനുള്ള എളുപ്പവഴി എന്നു തോന്നിയേക്കാം. പക്ഷേ ഇങ്ങനെ ചെയ്യുന്നത് സമ്മാനം കൊടുക്കുന്ന പലരുടെയും സന്തോഷം കളയുന്നു. കാരണം സമ്മാനം സ്വീകരിക്കുന്ന ആളിനെ അവർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന സമ്മാനം കൊടുത്ത് അമ്പരപ്പിക്കാനാണ് മിക്കപ്പോഴും അവർ ആഗ്രഹിക്കുന്നത്. ഇതു മാത്രമല്ല, ചില ആളുകൾ അവരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് പറയാൻ മടിയില്ലാത്തവരാണെങ്കിലും അവരുടെ ആവശ്യങ്ങൾ എന്താണെന്ന് ചോദിച്ചാൽ അവർ മൗനം പാലിച്ചേക്കാം.
അതുകൊണ്ട് നല്ലൊരു നിരീക്ഷകനായിരിക്കുക. വ്യക്തിയുടെ സാഹചര്യങ്ങളെ പ്രത്യേകം കണക്കിലെടുക്കുക. നിങ്ങൾ സമ്മാനം കൊടുക്കുന്നയാൾ ചെറുപ്പമാണോ പ്രായമുള്ളയാളാണോ വിവാഹം കഴിക്കാത്തയാളാണോ വിവാഹം കഴിഞ്ഞയാളാണോ വിവാഹമോചനം നേടിയ ആളാണോ, വിധവയോ വിഭാര്യനോ ആണോ, ജോലിയുണ്ടോ അതോ വിരമിച്ചോ? നിങ്ങളുടെ മനസ്സിലുള്ള വ്യക്തിയുടെ ആവശ്യം എന്തായിരിക്കും എന്നു സമയമെടുത്ത് ചിന്തിക്കുക.
നിങ്ങൾ സമ്മാനം കൊടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആവശ്യങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നേടുന്നതിന് ഇതുപോലുള്ള സാഹചര്യങ്ങളിൽ ആയിരുന്ന മറ്റുള്ളവരോടു കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക. മറ്റുള്ളവർക്ക് പ്രത്യക്ഷത്തിൽ നന്നായി അറിയാൻ കഴിയാത്ത ചില പ്രത്യേക ആവശ്യങ്ങളെക്കുറിച്ച് പറഞ്ഞുതരാൻ അവർക്ക് കഴിഞ്ഞേക്കും. അവരുടെ നിർദേശങ്ങൾ കേൾക്കുന്നത്, മറ്റാരും ചിന്തിച്ചിട്ടുപോലുമില്ലാത്ത ചില സമ്മാനങ്ങൾ കൊടുക്കാൻ നിങ്ങളെ സഹായിക്കും.
കൊടുക്കേണ്ട സമയം. ബൈബിൾ പറയുന്നു: “തക്കസമയത്ത് പറയുന്ന വാക്ക് എത്ര നല്ലത്!” (സുഭാഷിതങ്ങൾ 15:23) പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയേണ്ടതിന്റെ പ്രാധാന്യം ഈ പ്രസ്താവന പ്രദീപ്തമാക്കുന്നു. നമ്മുടെ പ്രവൃത്തിയുടെ കാര്യത്തിലും ഇത് സത്യമാണ്. തക്കസമയത്ത് പറയുന്ന വാക്ക് കേൾക്കുന്ന വ്യക്തിക്ക് പ്രോത്സാഹനം പകരുന്നതുപോലെ കൃത്യമായ സമയത്ത് അല്ലെങ്കിൽ ഉചിതമായ അവസരത്തിൽ കൊടുക്കുന്ന സമ്മാനം അത് സ്വീകരിക്കുന്ന വ്യക്തിയുടെ സന്തോഷം വർധിപ്പിക്കുന്നു.
സുഹൃത്തിന്റെ കല്യാണം വരുന്നു. ഒരു ചെറുപ്പക്കാരൻ സ്കൂൾ പഠനം പൂർത്തിയാക്കാൻ പോകുന്നു. നവദമ്പതികൾ ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു. സമ്മാനം കൊടുക്കാൻ പറ്റിയ ചില അവസരങ്ങളാണ് ഇതെല്ലാം. അടുത്ത വർഷം നടക്കാൻ പോകുന്ന ഇതുപോലുള്ള ചില പ്രത്യേക അവസരങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിവെക്കുന്നത് പ്രായോഗികമാണെന്ന് പലരും കണ്ടെത്തിയിരിക്കുന്നു. അങ്ങനെ ഓരോ അവസരത്തിനും ഇണങ്ങുന്ന നല്ല സമ്മാനങ്ങൾ കൊടുക്കാൻ അവർക്ക് മുന്നമേ ആസൂത്രണം ചെയ്യാനാകുന്നു. a
സമ്മാനം കൊടുക്കുന്നതിനായി ഏതെങ്കിലും പ്രത്യേക അവസരങ്ങൾക്കായി നോക്കിയിരിക്കേണ്ടതില്ല. കൊടുക്കുന്നതിന്റെ സന്തോഷം എപ്പോൾ വേണമെങ്കിലും നമുക്ക് ആസ്വദിക്കാവുന്നതാണ്. എന്നാൽ മനസ്സിൽ പിടിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരു ചെറുപ്പക്കാരൻ കാരണമൊന്നും കൂടാതെ ഒരു സമ്മാനം ചെറുപ്പക്കാരിയായ ഒരു പെൺകുട്ടിക്ക് കൊടുത്താൽ ആ ചെറുപ്പക്കാരന് തന്നോട് എന്തോ പ്രത്യേക താത്പര്യം ഉണ്ടെന്ന് ആ പെൺകുട്ടി ചിന്തിച്ചേക്കാം. അങ്ങനെയൊരു ഉദ്ദേശ്യം ഇല്ലാതിരിക്കെ അത്തരത്തിലുള്ള ഒരു സമ്മാനം കൊടുത്താൽ അത് കൂടുതൽ തെറ്റിദ്ധാരണകൾക്കും പ്രശ്നങ്ങൾക്കും വഴി വെച്ചേക്കാം. ഇത് ഈ വിഷയത്തിന്റെ മറ്റൊരു വശം ചിന്തിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു—കൊടുക്കുന്ന വ്യക്തിയുടെ ആന്തരം.
കൊടുക്കുന്നവരുടെ ആന്തരം. മുകളിലെ ഉദാഹരണത്തിലേതുപോലെ സമ്മാനം സ്വീകരിച്ച ആൾ അത് തന്ന ആളുടെ ആന്തരത്തെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടോ എന്നു ചിന്തിക്കുന്നത് നല്ലതാണ്. അതേസമയം സമ്മാനം കൊടുക്കുന്ന വ്യക്തി തന്റെ ആന്തരം എന്താണെന്നു നന്നായി പരിശോധിക്കുകയും വേണം. നല്ല ഉദ്ദേശ്യത്തോടെയാണ് തങ്ങൾ സമ്മാനങ്ങൾ കൊടുക്കുന്നത് എന്നു ചിന്തിക്കാനാണ് മിക്ക ആളുകളും താത്പര്യപ്പെടുന്നത്. എങ്കിലും ചിലർ ഒരു വർഷത്തിലെ ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് സമ്മാനങ്ങൾ കൊടുക്കാൻ തീരുമാനിക്കുന്നത് അവർ അതിനു നിർബന്ധിതരാകുന്നതുകൊണ്ടാണ്. വേറെ ചിലരാകട്ടെ സമ്മാനം കൊടുത്തതിന്റെ പേരിൽ തങ്ങൾക്കു പ്രത്യേക പരിഗണന ലഭിക്കണമെന്നോ ഇതുപോലൊരു സമ്മാനം തിരിച്ച് ലഭിക്കണമെന്നോ ഉള്ള ആഗ്രഹംകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
സമ്മാനം കൊടുക്കുന്നത് നല്ല ആന്തരത്തോടെയാണെന്ന് ഉറപ്പുവരുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ബൈബിൾ പറയുന്നു: “ചെയ്യുന്നതെല്ലാം സ്നേഹത്തോടെ ചെയ്യുക.” (1 കൊരിന്ത്യർ 16:14) യഥാർഥ സ്നേഹവും, സമ്മാനം സ്വീകരിക്കുന്ന വ്യക്തിയോടുള്ള താത്പര്യവും ആണ് ഒരു സമ്മാനം കൊടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെങ്കിൽ അവർ അത് സന്തോഷത്തോടെ സ്വീകരിക്കും. കൂടാതെ, ഉദാരമനസ്സോടെ കൊടുക്കുന്നതിന്റെ സന്തോഷം നിങ്ങൾക്ക് അനുഭവിച്ചറിയാനും കഴിയും. മാത്രമല്ല നിങ്ങൾ ഹൃദയത്തിൽനിന്ന് കൊടുക്കുമ്പോൾ അത് നമ്മുടെ സ്വർഗീയ പിതാവിനെയും സന്തോഷിപ്പിക്കും. അപ്പോസ്തലനായ പൗലോസ് ഒരിക്കൽ പറഞ്ഞു: “സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്.” പുരാതന കൊരിന്തിലുള്ള ക്രിസ്ത്യാനികൾ യഹൂദ്യയിലെ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനുവേണ്ടി ഉദാരമനസ്കതയോടും സന്തോഷത്തോടും കൂടി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അവരെ അഭിനന്ദിച്ചുകൊണ്ടാണ് അപ്പോസ്തലനായ പൗലോസ് അങ്ങനെ പറഞ്ഞത്.—2 കൊരിന്ത്യർ 9:7.
നമ്മൾ ഇതുവരെ ചിന്തിച്ച വിവരങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നെങ്കിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന സമ്മാനങ്ങൾ കൊടുക്കാൻ നമുക്കു കഴിയും. ഇവയും മറ്റു കാര്യങ്ങളും മനുഷ്യവർഗത്തിനു വേണ്ടിയുള്ള ഏറ്റവും വലിയ സമ്മാനം നൽകാനുള്ള ദൈവത്തിന്റെ ക്രമീകരണത്തിൽ പങ്കു വഹിച്ചിട്ടുണ്ട്. ആ വലിയ സമ്മാനം എന്താണെന്നു മനസ്സിലാക്കാൻ അടുത്ത ലേഖനം വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
a പല ആളുകളും പിറന്നാളിലും മറ്റു വിശേഷദിവസങ്ങളിലും സമ്മാനങ്ങൾ കൊടുക്കാറുണ്ട്. അത്തരം സന്ദർഭങ്ങൾ, മിക്കപ്പോഴും ബൈബിൾ പഠിപ്പിക്കുന്നതിനു വിരുദ്ധമായ ആചാരങ്ങൾ ഉൾപ്പെടുന്നവയാണ്. ഈ മാസികയുടെ “വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ” എന്ന ഭാഗത്തെ “ക്രിസ്തുമസ്സ് ക്രിസ്ത്യാനികൾക്കുള്ളതോ?” എന്ന ലേഖനം കാണുക.