മുഖ്യലേഖനം | ഏറ്റവും നല്ല സമ്മാനം ഏതാണ്?
ഏറ്റവും നല്ല സമ്മാനം ഏതാണ്?
“എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും മുകളിൽനിന്ന്, ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്, വരുന്നു.” (യാക്കോബ് 1:17) ഈ തിരുവെഴുത്ത് നമ്മുടെ ദൈവവും സ്വർഗീയ പിതാവും ആയ യഹോവയുടെ ഉദാരമനസ്സ് തുറന്നുകാണിക്കുന്നു. ഒരുപാട് സമ്മാനങ്ങൾ മനുഷ്യകുടുംബത്തിനു ദൈവം നൽകിയിട്ടുണ്ടെന്നത് സത്യംതന്നെ. അതിൽ ഒരെണ്ണം മറ്റെല്ലാറ്റിനെക്കാളും മികച്ചുനിൽക്കുന്നു. ഏതാണ് അത്? യോഹന്നാൻ 3:16-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ ഏറെ പ്രസിദ്ധമാണ്: “തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.”
ഒരു മനുഷ്യനു ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ സമ്മാനമാണ് ദൈവം നമുക്കായി നൽകിയിരിക്കുന്നത്. ദൈവത്തിന്റെ ഏകജാതനായ മകനെ. ആ സമ്മാനത്തിലൂടെ മാത്രമേ പാപത്തിന്റെയും വാർധക്യത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് ഒരു വ്യക്തിക്ക് മോചിതനാകാൻ കഴിയൂ. (സങ്കീർത്തനം 51:5; യോഹന്നാൻ 8:34) നമ്മൾ എത്രതന്നെ കിണഞ്ഞു പരിശ്രമിച്ചാലും അതിനാവില്ല. എന്നാൽ ദൈവം തന്റെ വലിയ സ്നേഹത്തിലൂടെ അതിൽനിന്ന് വിടുവിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു. ദൈവമായ യഹോവ ഏകജാത മകനായ യേശുക്രിസ്തുവിനെ ഒരു മോചനവിലയായി തന്നതിലൂടെ അനുസരണമുള്ള മനുഷ്യർക്ക് നിത്യം ജീവിക്കാനുള്ള പ്രത്യാശ ലഭിച്ചു. എന്നാൽ എന്താണ് മോചനവില? അത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? അതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം?
നഷ്ടപ്പെട്ടുപോയ എന്തെങ്കിലും തിരികെ വാങ്ങുന്നതിനോ അടിമത്തത്തിൽനിന്ന് മോചനം നേടുന്നതിനോ വേണ്ടി കൊടുക്കുന്ന വിലയാണ് മോചനവില. ബൈബിൾ പറയുന്നത്, നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വയും പാപം ഇല്ലാത്തവരായി സൃഷ്ടിക്കപ്പെട്ടെന്നാണ്. അവർക്കും അവർക്ക് ജനിക്കാൻപോകുന്ന സന്തതികൾക്കും ഭൂമിയിലെ പറുദീസയിൽ എന്നുമെന്നേക്കും ജീവിക്കാനുള്ള അതിമഹത്തായ അവസരമുണ്ടായിരുന്നു. (ഉൽപത്തി 1:26-28) എന്നാൽ ദൈവത്തോട് അനുസരണക്കേട് കാണിച്ചുകൊണ്ട് അവർ അതെല്ലാം കളഞ്ഞുകുളിച്ചു എന്നതാണ് സങ്കടകരമായ കാര്യം. അങ്ങനെ അവർ പാപികളായി. എന്തായിരുന്നു പരിണതഫലം? ബൈബിൾ പറയുന്നു: “ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) തന്റെ മക്കൾക്ക് പൂർണതയുള്ള ഒരു ജീവിതം കൈമാറുന്നതിനു പകരം പാപവും അതിന്റെ ഫലമായി മരണവും ആദാം കൈമാറി.
മോചനവില കൊടുക്കുമ്പോൾ, നഷ്ടപ്പെട്ട കാര്യത്തിന് തുല്യമായ ഒന്നാണ് തിരികെ നൽകേണ്ടത്. ദൈവത്തോട് മനഃപൂർവം അനുസരണക്കേട് കാണിച്ചപ്പോൾ ആദാം പാപം ചെയ്യുകയായിരുന്നു. അതിലൂടെ പൂർണതയുള്ള മനുഷ്യജീവനാണു നഷ്ടപ്പെടുത്തിയത്. അതായത് ആദാമിന്റെ ജീവൻ. ബൈബിൾ പറയുന്നതനുസരിച്ച് അതുകൊണ്ടാണ് ആദാമിന്റെ പിൻതലമുറക്കാർ പാപത്തിനും മരണത്തിനും അടിമകളായിത്തീർന്നത്. എന്നാൽ മറ്റൊരു പൂർണതയുള്ള ഒരു മനുഷ്യജീവൻ, അതായത് യേശുവിന്റെ പൂർണതയുള്ള ജീവൻ, ഒരു ബലിയായി അർപ്പിച്ചതിലൂടെ ആ അടിമത്തത്തിൽനിന്ന് ഒരു വിടുതൽ സാധ്യമായി. (റോമർ 5:19; എഫെസ്യർ 1:7) ദൈവം സ്നേഹപുരസ്സരം ഈ മോചനവില നൽകിയതുകൊണ്ട് മാത്രമാണ് ആദാമും ഹവ്വയും നഷ്ടപ്പെടുത്തിയ പ്രത്യാശ മാനവകുടുംബത്തിനു തിരികെ ലഭിച്ചത്. അതായത് പറുദീസാഭൂമിയിലെ നിത്യജീവൻ.—വെളിപാട് 21:3-5.
മോചനവിലയിലൂടെ സാധ്യമാക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിത്യജീവൻ നേടിത്തരുന്ന ദൈവത്തിന്റെ ആ സമ്മാനമാണ് ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയതെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മുൻലേഖനത്തിൽ, ഒരു സമ്മാനം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ എന്തെല്ലാമാണെന്നു നമ്മൾ ചർച്ച ചെയ്യുകയുണ്ടായി. ആ ഘടകങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ട് ദൈവം തന്ന ആ ‘തികവുറ്റ സമ്മാനത്തെ’ നമുക്ക് ഒന്ന് വിലയിരുത്തിനോക്കാം.
ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നു. എന്നേക്കും ജീവിക്കാനുള്ള ഒരു ആഗ്രഹം മനുഷ്യന് ജന്മനാ ഉണ്ട്. (സഭാപ്രസംഗകൻ 3:11) നമുക്ക് സ്വന്തമായി ആ ആഗ്രഹം തൃപ്തിപ്പെടുത്താൻ കഴിയില്ല. എന്നാൽ മോചനവിലയിലൂടെ നമുക്ക് അത് സാധ്യമാകും. ബൈബിൾ പറയുന്നു: “പാപം തരുന്ന ശമ്പളം മരണം. ദൈവം തരുന്ന സമ്മാനമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനും.”—റോമർ 6:23.
ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നു. മനുഷ്യർക്ക് ആർക്കും മോചനവില കൊടുക്കാനാകില്ല. ബൈബിൾ വിശദീകരിക്കുന്നു: മനുഷ്യനെ “വീണ്ടെടുക്കാനോ അവനുവേണ്ടി ദൈവത്തിനു മോചനവില നൽകാനോ” ആർക്കും കഴിയില്ല. (സങ്കീർത്തനം 49:8) പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് മോചനം ലഭിക്കാൻ നമുക്ക് ദൈവത്തിന്റെ സഹായം കൂടിയേ തീരൂ. അതുകൊണ്ട് ദൈവം “ക്രിസ്തുയേശു നൽകിയ മോചനവിലയാൽ” നമുക്ക് ഏറ്റവും ആവശ്യമായിരുന്ന കാര്യംതന്നെ നമുക്കായി നൽകി.—റോമർ 3:23, 24.
ഉചിതമായ സമയം. ബൈബിൾ പറയുന്നു: “നമ്മൾ പാപികളായിരിക്കുമ്പോൾത്തന്നെയാണു ക്രിസ്തു നമുക്കുവേണ്ടി മരിച്ചത്.” (റോമർ 5:8) “നമ്മൾ പാപികളായിരിക്കുമ്പോൾത്തന്നെ” ദൈവം നമുക്കായി മോചനവില തന്നതുകൊണ്ട് നമ്മളോടുള്ള ദൈവസ്നേഹത്തിന്റെ ആഴം ഇത് വെളിപ്പെടുത്തുന്നു. പാപത്തിന്റെ പരിണതഫലം നമ്മൾ അനുഭവിക്കേണ്ടിവരുമെങ്കിലും പ്രത്യാശയോടെ ഒരു നല്ല ജീവിതത്തിനായി കാത്തിരിക്കാൻ ഇത് നമുക്ക് അവസരമേകുന്നു.
നിസ്സ്വാർഥമായ നല്ല ആന്തരം. തന്റെ പുത്രനെ മോചനവിലയായി കൊടുക്കാൻ ദൈവത്തെ പ്രേരിപ്പിച്ചത് എന്താണെന്ന് ബൈബിൾ വ്യക്തമാക്കുന്നു: “തന്റെ ഏകജാതനിലൂടെ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോകത്തേക്ക് അയച്ചു. ഇതിലൂടെ ദൈവത്തിനു നമ്മളോടുള്ള സ്നേഹം വെളിപ്പെട്ടിരിക്കുന്നു. നമ്മൾ ദൈവത്തെ സ്നേഹിച്ചിട്ടല്ല,” പകരം ദൈവം നമ്മളെ സ്നേഹിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തത്.—1 യോഹന്നാൻ 4:9, 10.
ലഭിക്കാവുന്നതിലേക്കും വെച്ച് ഏറ്റവും വലിയ സമ്മാനത്തെ നിങ്ങൾ വിലമതിക്കുന്നെന്ന് എങ്ങനെ കാണിക്കാനാകും? യോഹന്നാൻ 3:16-ലെ യേശുവിന്റെതന്നെ വാക്കുകൾ അനുസരിച്ച്, യേശുവിൽ “വിശ്വസിക്കുന്ന”വരാണ് രക്ഷപ്പെടുന്നത്. വിശ്വാസം എന്നതിനെക്കുറിച്ച് ബൈബിൾ പറയുന്നത് ഇതാണ്: ‘പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ച ബോധ്യം.’ (എബ്രായർ 11:1) അങ്ങനെ ഒരു ബോധ്യം ഉണ്ടായിരിക്കാൻ സൂക്ഷ്മപരിജ്ഞാനം അത്യന്താപേക്ഷിതമാണ്. ഇക്കാരണത്താൽ ‘തികവുറ്റ സമ്മാനം’ നമുക്കായി നൽകിയ ദൈവമായ യഹോവയെക്കുറിച്ച് പഠിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഒപ്പം യേശുവിന്റെ മോചനവിലയിലൂടെ സാധ്യമാകുന്ന നിത്യജീവൻ ആസ്വദിക്കാൻ നിങ്ങൾ എന്തു ചെയ്യണമെന്നും പഠിക്കുക.
www.pr418.com എന്ന സൈറ്റിലുള്ള തിരുവെഴുത്തുവിവരങ്ങൾ പരിശോധിക്കുന്നെങ്കിൽ നിങ്ങൾക്ക് ഇവയെക്കുറിച്ച് പഠിക്കാനാകും. നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. ലഭിക്കാവുന്നതിലേക്കും വെച്ച് ഏറ്റവും വലിയ സമ്മാനത്തെക്കുറിച്ച് പഠിക്കുന്തോറും “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവത്തിനു നന്ദി!” എന്ന് നിറഞ്ഞ മനസ്സോടെ പറയാൻ നിങ്ങൾ പ്രേരിതരാകുമെന്ന് ഞങ്ങൾക്ക് പൂർണ ഉറപ്പുണ്ട്.—റോമർ 7:25.