ബൈബിൾ—എന്തുകൊണ്ട് ഇത്രയധികം?
ബൈബിളിന് ഇത്രയധികം ഭാഷാന്തരങ്ങളും പരിഭാഷകളും ഉള്ളത് എന്തുകൊണ്ട്? ഇത്തരത്തിലുള്ള പുതിയ ഭാഷാന്തരങ്ങളെ ബൈബിൾ മനസ്സിലാക്കുന്നതിനുള്ള സഹായമായിട്ടാണോ അതോ തടസ്സമായിട്ടാണോ നിങ്ങൾ കാണുന്നത്? അവയുടെ തുടക്കത്തെക്കുറിച്ച് പഠിക്കുന്നത് ഇക്കാര്യങ്ങൾ ജ്ഞാനപൂർവം വിലയിരുത്താൻ നിങ്ങളെ സഹായിക്കും.
ആദ്യംതന്നെ, ബൈബിൾ എഴുതിയെന്ന് ആരാണെന്നും അത് എപ്പോൾ എഴുതിയെന്നും നോക്കാം.
ബൈബിളിന്റെ മൂലപ്രതി
സാധാരണയായി ബൈബിളിനെ നമുക്കു രണ്ടു ഭാഗങ്ങളായി തിരിക്കാം. ആദ്യഭാഗത്തിൽ 39 പുസ്തകങ്ങളുണ്ട്. “ദൈവത്തിന്റെ വിശുദ്ധമായ അരുളപ്പാടുകൾ” ആണ് അതിൽ അടങ്ങിയിരിക്കുന്നത്. (റോമർ 3:2) ഇത് എഴുതുന്നതിനായി വിശ്വസ്തരായ മനുഷ്യരെ ദൈവം തന്റെ ആത്മാവിനാൽ പ്രചോദിപ്പിച്ചു. എഴുത്തു പൂർത്തിയാക്കുന്നതിനായി ബി.സി. 1513 മുതൽ ബി.സി. 443 വരെയുള്ള ഏതാണ്ട് 1,100 വർഷം എടുത്തു. ഭൂരിഭാഗം പുസ്തകങ്ങളും എബ്രായ ഭാഷയിലാണ് എഴുതിയത്. അതുകൊണ്ട് ഇതിനെ എബ്രായതിരുവെഴുത്തുകൾ എന്നു വിളിക്കുന്നു. പഴയ നിയമം എന്ന മറ്റൊരു പേരും ഇതിനുണ്ട്.
രണ്ടാം ഭാഗത്തിൽ 27 പുസ്തകങ്ങളുണ്ട്. അതും “ദൈവവചനം” തന്നെയാണ്. (1 തെസ്സലോനിക്യർ 2:13) ക്രിസ്തുയേശുവിന്റെ വിശ്വസ്തരായ ശിഷ്യന്മാർക്ക് തന്റെ ആത്മാവിനെ നൽകിയാണ് ദൈവം ഇത് എഴുതിച്ചത്. ഇതിന്റെ എഴുത്തു പൂർത്തിയാക്കുന്നതിന് എ.ഡി. 41 മുതൽ എ.ഡി. 98 വരെയുള്ള 60 വർഷം മാത്രമേ എടുത്തുള്ളൂ. ഭൂരിഭാഗം എഴുത്തുകളും ഗ്രീക്ക് ഭാഷയിലായിരുന്നതുകൊണ്ട് ഇതിനെ ഗ്രീക്കുതിരുവെഴുത്തുകൾ എന്നു വിളിക്കുന്നു. പുതിയ നിയമം എന്നും ഇത് അറിയപ്പെടുന്നു.
അങ്ങനെ ഈ 66 പുസ്തകങ്ങൾ കൂടിച്ചേർന്ന് മനുഷ്യവർഗത്തിനുള്ള ദൈവത്തിന്റെ സന്ദേശം അടങ്ങുന്ന സമ്പൂർണബൈബിൾ പൂർത്തിയായി. അങ്ങനെയെങ്കിൽ ബൈബിളിന്റെ മറ്റു ഭാഷാന്തരങ്ങൾ വന്നത് എന്തുകൊണ്ട്? പ്രധാനപ്പെട്ട മൂന്നു കാരണങ്ങൾ ചുവടെ.
-
ആളുകൾക്ക് അവരുടെ മാതൃഭാഷയിൽ ബൈബിൾ വായിക്കുന്നതിന്.
-
പകർപ്പെഴുത്തുകാർ വരുത്തിയ പിശകുകൾ നീക്കി ബൈബിളിന്റെ മൂലപാഠം പുനഃസ്ഥാപിക്കുന്നതിന്.
-
ആധുനികഭാഷയിലേക്കു പരിഷ്കരിക്കുന്നതിന്.
ആദ്യകാലത്തെ രണ്ടു ഭാഷാന്തരങ്ങളിൽ മുൻപേജിൽ പറഞ്ഞ ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു കാണുക.
ഗ്രീക്ക് സെപ്റ്റുവജിന്റ് ഭാഷാന്തരം
യേശുവിനു 300 വർഷം മുമ്പ് ജൂതപണ്ഡിതന്മാർ എബ്രായതിരുവെഴുത്തുകൾ ഗ്രീക്കിലേക്കു പരിഭാഷ ചെയ്യാൻ തുടങ്ങി. ഇതാണ് പിൽക്കാലത്ത് ഗ്രീക്ക് സെപ്റ്റുവജിന്റ് എന്ന് അറിയപ്പെട്ടത്. അതിന്റെ ആവശ്യം എന്തായിരുന്നു? കാരണം അക്കാലത്ത് പല ജൂതന്മാരും എബ്രായ ഭാഷയ്ക്കു പകരം ഗ്രീക്കാണ് ഉപയോഗിച്ചിരുന്നത്. അവരെ സഹായിക്കുന്നതിനാണ് “വിശുദ്ധലിഖിതങ്ങൾ” ഗ്രീക്കിലേക്കു പരിഭാഷ ചെയ്തത്.—2 തിമൊഥെയൊസ് 3:15.
കൂടാതെ സെപ്റ്റുവജിന്റ് ഭാഷാന്തരം ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതരല്ലാത്ത ദശലക്ഷക്കണക്കിന് ആളുകളെയും ബൈബിൾ എന്താണ് പഠിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ സഹായിച്ചു. എങ്ങനെ? അതെക്കുറിച്ച് പ്രൊഫസർ ഡബ്ല്യൂ. എഫ്. ഹൊവാർഡ് ഇങ്ങനെ പറഞ്ഞു: “ഒന്നാം നൂറ്റാണ്ടിന്റെ പകുതിക്കുവെച്ചുതന്നെ ഈ ഭാഷാന്തരം ക്രൈസ്തവസഭയുടെ ബൈബിളായിത്തീർന്നു. ‘തിരുവെഴുത്ത് ഉപയോഗിച്ച് യേശു മിശിഹയാണെന്നു തെളിയിച്ചുകൊണ്ട്’ അവരുടെ മിഷനറിമാർ സിനഗോഗുകൾതോറും യാത്ര ചെയ്തു.” (പ്രവൃത്തികൾ 17:3, 4; 20:20) ഇതാണ് യേശുവിനെ മിശിഹയായി അംഗീകരിക്കാതിരുന്ന ജൂതന്മാർക്ക് “സെപ്റ്റുവജിന്റിൽ താത്പര്യം നഷ്ടപ്പെട്ടതിന്റെ” കാരണങ്ങളിൽ ഒന്ന് എന്ന് ബൈബിൾപണ്ഡിതനായ എഫ്. എഫ്. ബ്രൂസ് അഭിപ്രായപ്പെടുന്നു.
യേശുവിന്റെ ശിഷ്യന്മാർക്ക് ഗ്രീക്കുതിരുവെഴുത്തുകളുടെ പുസ്തകങ്ങൾ പടിപടിയായി ലഭിച്ചപ്പോൾ അവർ അത് എബ്രായതിരുവെഴുത്തുകളുടെ സെപ്റ്റുവജിന്റ് പരിഭാഷയോടൊപ്പം കൂട്ടിച്ചേർത്തു. അങ്ങനെയാണ് അത് നമ്മൾ ഇന്നു കാണുന്ന സമ്പൂർണബൈബിളായിത്തീർന്നത്.
ലാറ്റിൻ വൾഗേറ്റ്
ബൈബിൾ പൂർത്തിയായി ഏതാണ്ട് 300 വർഷങ്ങൾക്കു ശേഷം മതപണ്ഡിതനായ ജെറോം ബൈബിളിന്റെ ഒരു ലത്തീൻഭാഷാന്തരം പുറത്തിറക്കി. അത് പിൽക്കാലത്ത് ലാറ്റിൻ വൾഗേറ്റ് എന്ന് അറിയപ്പെട്ടു. ലത്തീൻഭാഷയിൽ പല ഭാഷാന്തരങ്ങൾ അന്ന് നിലവിലിരിക്കെ ഈ പുതിയ പരിഭാഷയുടെ ആവശ്യകത എന്തായിരുന്നു? “തെറ്റായ പരിഭാഷകളും പ്രകടമായ പിശകുകളും” നേരെയാക്കുക, “അനാവശ്യമായ കൂട്ടിച്ചേർക്കലും വിട്ടുകളയലും” ശരിയാക്കുക എന്നിവയായിരുന്നു ജെറോമിന്റെ ലക്ഷ്യം എന്ന് അന്താരാഷ്ട്ര പ്രാമാണിക ബൈബിൾ വിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു.
ജെറോം പല പിശകുകൾ തിരുത്തുകതന്നെ ചെയ്തു. അങ്ങനെയിരിക്കെയാണ് പള്ളി അധികാരികൾ ഏറ്റവും വലിയ ഒരു അന്യായം പ്രവർത്തിച്ചത്! ലാറ്റിൻ വൾഗേറ്റ് മാത്രമാണ് ഒരേയൊരു അംഗീകൃത ഭാഷാന്തരമെന്ന് അവർ പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളോളം അങ്ങനെതന്നെ തുടരുകയും ചെയ്തു! വൾഗേറ്റ് ഭാഷാന്തരം സാധാരണക്കാരായ ആളുകളെ ബൈബിൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനു പകരം ബൈബിളിനെ ആർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു പുസ്തകമാക്കിത്തീർത്തു. ലത്തീൻഭാഷ ക്രമേണ കാലഹരണപ്പെട്ടുപോയതാണ് കാരണം.
പുതിയ ഭാഷാന്തരങ്ങൾ പെരുകുന്നു
ഇതിനിടെ എ.ഡി. 5-ാം നൂറ്റാണ്ടായപ്പോഴേക്കും ബൈബിളിന്റെ മറ്റു ഭാഷാന്തരങ്ങൾ പുറത്തിറങ്ങിത്തുടങ്ങി. പ്രശസ്തമായ സുറിയാനി പ്ശീത്താ അതിന് ഒരു ഉദാഹരണമാണ്. എന്നാൽ 14-ാം നൂറ്റാണ്ടായപ്പോഴാണ് സാധാരണക്കാരായ ആളുകൾക്ക് അവരുടെ ഭാഷയിൽ തിരുവെഴുത്തുകൾ ലഭിച്ചുതുടങ്ങിയത്.
14-ാം നൂറ്റാണ്ടിന്റെ ഒടുവിൽ, ഇംഗ്ലണ്ടിലെ ജോൺ വിക്ലിഫ്, അസ്തമിച്ചുപോയ ആ ഭാഷയുടെ പിടിയിൽനിന്ന് ബൈബിളിനെ മോചിപ്പിക്കാൻ ശ്രമം തുടങ്ങി. അങ്ങനെ തന്റെ നാട്ടിലെ സാധാരണക്കാർക്കു മനസ്സിലാകുന്ന ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹം ബൈബിൾ പുറത്തിറക്കി. ഇതോടൊപ്പം, ജോഹാൻ ഗുട്ടൻബെർഗിന്റെ അച്ചടിസംവിധാനങ്ങൾ, ബൈബിളിന്റെ പുതിയ ഭാഷാന്തരങ്ങൾ യൂറോപ്പിലുടനീളം നിലവിലിരുന്ന പല ഭാഷകളിൽ പുറത്തിറക്കാനും വിതരണം ചെയ്യാനും ബൈബിൾപണ്ഡിതന്മാർക്ക് വഴി തുറന്നുകൊടുത്തു.
അങ്ങനെ ഇംഗ്ലീഷ് ഭാഷാന്തരങ്ങൾ വർധിച്ചപ്പോൾ, ഒരേ ഭാഷയിൽത്തന്നെ വ്യത്യസ്തഭാഷാന്തരങ്ങൾ പുറത്തിറക്കേണ്ടതുണ്ടോ എന്നു നിരൂപകർ ചോദ്യമുയർത്തി. 18-ാം നൂറ്റാണ്ടിലെ ജോൺ ലൂയിസ് എന്ന ഇംഗ്ലീഷ് പുരോഹിതൻ അതെക്കുറിച്ച് ഇങ്ങനെ എഴുതി: “വർഷങ്ങൾ കഴിയുന്തോറും ഭാഷകൾ കാലഹരണപ്പെടുകയും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് പഴയ ഭാഷാന്തരങ്ങൾ പരിശോധിച്ച് പുതുതലമുറ സംസാരിച്ചുകൊണ്ടിരിക്കുന്ന ഭാഷയ്ക്കു ചേർച്ചയിൽ അത് പരിഷ്കരിക്കണം.”
ഇന്ന്, പഴയ ഭാഷാന്തരങ്ങളുടെ കൃത്യത പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്ന മെച്ചമായ സ്ഥാനത്താണ് ബൈബിൾപണ്ഡിതന്മാർ. അവർക്ക് പുരാതന ബൈബിൾഭാഷകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. മാത്രമല്ല, ഈ അടുത്ത കാലത്ത് കണ്ടെത്തിയ പുരാതന ബൈബിൾ കൈയെഴുത്തുപ്രതികളുടെ ശേഖരവും കൈമുതലായുണ്ട്. ഇവ ബൈബിളിന്റെ മൂലപാഠം എന്താണ് അർഥമാക്കുന്നതെന്നു കൃത്യമായി മനസ്സിലാക്കാൻ അവരെ സഹായിക്കുന്നു.
അതുകൊണ്ട് പുതിയ ബൈബിൾഭാഷാന്തരങ്ങൾക്കു വളരെ മൂല്യമുണ്ട്. എന്നാൽ അവയിൽ ചിലതിനെക്കുറിച്ച് നമ്മൾ ജാഗ്രതയുള്ളവരായിരിക്കണം. a ദൈവത്തോടുള്ള സ്നേഹത്താൽ പ്രേരിതമായാണ് ഒരു ബൈബിൾഭാഷാന്തരം പരിഷ്കരിക്കുന്നതെങ്കിൽ, അവരുടെ ആ പരിശ്രമം നമുക്ക് എല്ലാവർക്കും പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല.
a ഈ മാസികയുടെ 2008 മെയ് 1 ലക്കത്തിലുള്ള “നല്ല ബൈബിൾ പരിഭാഷ എങ്ങനെ തിരഞ്ഞെടുക്കാം” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക.