യേശു കാഴ്ചയ്ക്ക് ശരിക്കും എങ്ങനെയിരുന്നു?
ആരുടെ കൈയിലും യേശുവിന്റെ ഒരു ഫോട്ടോ ഇല്ല. തന്റെ ഒരു ഛായാചിത്രമോ ഒരു ശിൽപമോ ഉണ്ടാക്കുന്നതിന് യേശു ഒരിക്കലും നിന്നുകൊടുത്തിട്ടില്ല. എന്നിട്ടും നൂറ്റാണ്ടുകളിലുടനീളം എണ്ണമറ്റ കലാകാരന്മാർ വരച്ച ചിത്രങ്ങളിലെ നിറസാന്നിധ്യമാണ് യേശു.
യേശു കാണാൻ എങ്ങനെയുള്ള ആളായിരുന്നെന്ന് ആ കലാകാരന്മാർക്ക് ആർക്കും അറിയില്ല എന്നത് ഒരു വസ്തുതയാണ്. സംസ്കാരം, മതവിശ്വാസങ്ങൾ, യേശുവിന്റെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെടുന്ന ആളുകളുടെ താത്പര്യങ്ങൾ ഇവയെല്ലാം ചിത്രകാരന്മാരെ സ്വാധീനിച്ചിരിക്കുന്നു. അവരുടെ ഭാവനകളിൽ വിരിഞ്ഞ ചിത്രങ്ങളും രൂപങ്ങളും യേശുവിനെയും യേശുവിന്റെ പഠിപ്പിക്കലുകളെയും കുറിച്ചുള്ള ആളുകളുടെ വീക്ഷണത്തെ സ്വാധീനിക്കുകയോ വികലമാക്കുകയോ ചെയ്തിട്ടുണ്ട്.
നീട്ടി വളർത്തിയ മുടിയും താടിയും വിഷാദഭാവവും ഉള്ള ദുർബലനായ ഒരാളായി ചില കലാകാരന്മാർ യേശുവിനെ ചിത്രീകരിച്ചിട്ടുണ്ട്. മറ്റു ചിലരാകട്ടെ, ഒരു അമാനുഷനായോ തലയ്ക്കു ചുറ്റും പ്രഭാവലയം ഉള്ളവനായോ ആളുകളുമായി ഇടപഴകാത്തവനായോ ആണ് യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത്. അത്തരം കലാസൃഷ്ടികൾ യേശുവിനെ കൃത്യമായി ചിത്രീകരിക്കുന്നുണ്ടോ? നമുക്ക് എങ്ങനെ അത് കണ്ടുപിടിക്കാനാകും? ഒരു വിധം യേശു കാണാൻ എങ്ങനെയുണ്ടായിരുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന ബൈബിളിലെ ചില പ്രസ്താവനകൾ പരിശോധിക്കുന്നതാണ്. യേശുവിനെക്കുറിച്ചുള്ള ശരിയായ വീക്ഷണമുണ്ടായിരിക്കാനും അവ നമ്മളെ സഹായിക്കും.
“അങ്ങ് എനിക്കായി ഒരു ശരീരം ഒരുക്കി”
ആ വാക്കുകൾ സ്നാനസമയത്ത് യേശു പ്രാർഥനയിൽ പറഞ്ഞവയാണ്. (എബ്രായർ 10:5; മത്തായി 3:13-17) ആ ശരീരം എങ്ങനെ ഉള്ളതായിരുന്നു? 30 വർഷം മുമ്പ് ദൈവദൂതനായ ഗബ്രിയേൽ മറിയയോട് ഇങ്ങനെ പറഞ്ഞിരുന്നു: ‘നീ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. . . . അവൻ ദൈവത്തിന്റെ മകനെന്ന്, വിളിക്കപ്പെടും.’ (ലൂക്കോസ് 1:31, 35) അങ്ങനെ സൃഷ്ടിക്കപ്പെട്ട സമയത്ത് ആദാം പൂർണനായിരുന്നതുപോലെ യേശുവും പൂർണനായിരുന്നു. (ലൂക്കോസ് 3:38; 1 കൊരിന്ത്യർ 15:45) ഇവയുടെ അടിസ്ഥാനത്തിൽ യേശു ഒരു ദൃഢഗാത്രനായ മനുഷ്യനായിരുന്നു എന്ന നിഗമനത്തിലെത്താം. സാധ്യതയനുസരിച്ച് യേശുവിന്റെ ജൂതമാതാവായ മറിയയുടെ രൂപസാദൃശ്യങ്ങളും യേശുവിന് ഉണ്ടായിരുന്നിരിക്കണം.
റോമാക്കാരിൽനിന്ന് വ്യത്യസ്തമായി യേശു ജൂതന്മാരുടെ രീതി അനുസരിച്ച് താടി വെച്ചിരുന്നു. ആദരണീയതയുടെയും അന്തസ്സിന്റെയും അടയാളമായിരുന്നു അത്തരം താടികൾ. അവ നീട്ടിവളർത്തിയതോ വെട്ടിയൊതുക്കാത്തതോ ആയിരുന്നില്ല. തന്റെ താടി വെട്ടിയൊതുക്കാനും തലമുടി ചീകിവെക്കാനും യേശു ശ്രദ്ധിച്ചിരുന്നു എന്നതിനു സംശയമില്ല. ശിംശോനെപ്പോലെ നാസീർവ്രതത്തിലായിരുന്ന ആളുകൾ മാത്രമാണ് മുടി മുറിക്കാതിരുന്നത്.—സംഖ്യ 6:5; ന്യായാധിപന്മാർ 13:5.
യേശു 30 വയസ്സുവരെ ഒരു മരപ്പണിക്കാരനായി ജോലി ചെയ്തിരുന്നു. ഇന്നത്തെ ആധുനിക യന്ത്രങ്ങളുടെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു അതെന്ന് ഓർക്കണം! (മർക്കോസ് 6:3) അതുകൊണ്ട് ബലിഷ്ഠമായ ഒരു ശരീരമായിരിക്കണം യേശുവിനുണ്ടായിരുന്നത്. ഒരിക്കൽ യേശു മറ്റാരുടെയും സഹായം കൂടാതെ ആടുമാടുകളെയും അവ വിൽക്കുന്നവരെയും നാണയം മാറ്റിക്കൊടുക്കുന്നവരെയും “ദേവാലയത്തിനു പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ നാണയങ്ങൾ യേശു ചിതറിച്ചുകളഞ്ഞു, അവരുടെ മേശകൾ മറിച്ചിട്ടു.” (യോഹന്നാൻ 2:14-17) അത്തരം ആയാസകരമായ ഒരു കാര്യം ചെയ്യാൻ നല്ല ആരോഗ്യവും ശക്തിയും ഉള്ള ഒരാൾക്കു മാത്രമേ സാധിക്കൂ. ഇനി “മറ്റു നഗരങ്ങളിലും എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത്” എന്നു യേശു പറഞ്ഞു. ഈ ദൈവദത്തമായ നിയോഗം നിറവേറ്റാൻ ദൈവം തനിക്കായി ഒരുക്കിയ ശരീരം യേശു ഉപയോഗിച്ചു. (ലൂക്കോസ് 4:43) പലസ്തീനിൽ ഉടനീളം ദൈവരാജ്യസന്ദേശം ഘോഷിച്ചുകൊണ്ട് കാൽനടയായി യാത്ര ചെയ്യാൻ അസാധാരണമായ ഊർജവും ഓജസ്സും ഉള്ള വ്യക്തിക്കേ സാധിക്കൂ എന്നു പറയേണ്ടതില്ലല്ലോ!
“എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം”
യേശുവിന്, ഊഷ്മളമായ മുഖഭാവവും പെരുമാറ്റവും ഉള്ളതുകൊണ്ട് മേൽപ്പറഞ്ഞ യേശുവിന്റെ ക്ഷണം ‘കഷ്ടപ്പെടുന്നവർക്കും മത്തായി 11:28-30) മാത്രമല്ല യേശുവിന്റെ ഊഷ്മളതയും ദയയും, അദ്ദേഹത്തിൽനിന്ന് കേട്ടുപഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നവോന്മേഷം പകരുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനത്തിന് അടിവരയിടുന്നു. എന്തിന്, കൊച്ചുകുട്ടികൾപോലും യേശുവിനോടൊപ്പമായിരിക്കാൻ ആഗ്രഹിച്ചു. “യേശു കുട്ടികളെ കൈയിൽ എടുത്തു” എന്നു ബൈബിൾ പറയുന്നു.—മർക്കോസ് 10:13-16.
ഭാരങ്ങൾ ചുമന്ന് വലയുന്നവർക്കും’ വിശേഷാൽ ആകർഷകമായി തോന്നിയിരിക്കണം. (യേശു മരിക്കുന്നതിനു മുമ്പ് കഠോരവേദന അനുഭവിച്ചുവെന്നത് ശരിയാണ്. അതിനർഥം യേശു എല്ലായ്പോഴും വിഷാദിച്ചിരിക്കുന്ന ഒരു വ്യക്തിയായിരുന്നു എന്നല്ല. ഉദാഹരണത്തിന് കാനായിലെ ഒരു വിവാഹവിരുന്നിൽവെച്ച് വെള്ളം വീഞ്ഞാക്കിക്കൊണ്ട് യേശു ആ സന്ദർഭം ഒരു സന്തോഷവേളയാക്കി. (യോഹന്നാൻ 2:1-11) മറ്റു ചില കൂടിവരവുകളിലാകട്ടെ ഒരിക്കലും മറക്കാനാകാത്ത ചില പാഠങ്ങളും യേശു പഠിപ്പിച്ചു.—മത്തായി 9:9-13; യോഹന്നാൻ 12:1-8.
എല്ലാറ്റിനും ഉപരി, നിത്യജീവന്റെ സന്തോഷകരമായ പ്രത്യാശ എല്ലാവരുടെയും എത്തുപാടിലാണെന്ന് മനസ്സിലാക്കാൻ യേശുവിന്റെ പ്രസംഗം സഹായിച്ചു. (യോഹന്നാൻ 11:25, 26; 17:3) ഒരിക്കൽ 70 ശിഷ്യന്മാർ തങ്ങൾ പ്രസംഗിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചപ്പോൾ യേശു “അതിയായ സന്തോഷത്തോടെ” “നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതുകൊണ്ട് സന്തോഷിക്കുക” എന്നു പറഞ്ഞു.—ലൂക്കോസ് 10:20, 21.
“നിങ്ങളോ അങ്ങനെയായിരിക്കരുത്”
യേശുവിന്റെ നാളിലെ മതനേതാക്കൾ തങ്ങളിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കാനും ആളുകളുടെ മേൽ ആധിപത്യം നടത്താനും പല വഴികൾ അന്വേഷിക്കുന്നവരായിരുന്നു. (സംഖ്യ 15:38-40; മത്തായി 23:5-7) അവരിൽനിന്ന് വ്യത്യസ്തമായി മറ്റുള്ളവരുടെ മേൽ ‘ആധിപത്യം നടത്തരുത്’ എന്ന് യേശു അപ്പോസ്തലന്മാരോട് നിർദേശിച്ചു. (ലൂക്കോസ് 22:25, 26) “നീളൻ കുപ്പായങ്ങൾ ധരിച്ച് ചുറ്റിനടക്കാനും ചന്തസ്ഥലങ്ങളിൽ അഭിവാദനം ലഭിക്കാനും” ശ്രമിക്കരുതെന്ന് യേശു മുന്നറിയിപ്പു നൽകുകയും ചെയ്തു.—മർക്കോസ് 12:38.
ചില അവസരങ്ങളിൽ യേശുവിനെ ആൾക്കൂട്ടത്തിൽനിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. (യോഹന്നാൻ 7:10, 11) തന്റെ 11 വിശ്വസ്തരായ അപ്പോസ്തലന്മാരിൽനിന്ന് യേശു വ്യത്യസ്തനായി കാണപ്പെട്ടില്ല. ആൾക്കൂട്ടത്തിൽ നിൽക്കുന്ന യേശുവിനെ കാണിച്ചുകൊടുക്കുന്നതിനുവേണ്ടി ഒറ്റുകാരനായ യൂദാസ് “ഒരു അടയാളം പറഞ്ഞൊത്തിരുന്നു.” താൻ ആരെയാണോ ചുംബിക്കുന്നത് അയാളാണ് യേശു.—മർക്കോസ് 14:44, 45.
യേശുവിനെക്കുറിച്ചുള്ള പല വിവരങ്ങളും നമുക്ക് അറിയില്ലെങ്കിലും, ഇന്ന് പൊതുവെ ചിത്രീകരിക്കപ്പെടുന്ന വിധത്തിലല്ല യേശുവിനെ കാണാൻ എന്നത് വ്യക്തമാണ്. എന്തായാലും യേശു കാണാൻ യഥാർഥത്തിൽ എങ്ങനെയിരുന്നു എന്നതിനെക്കാൾ പ്രധാനം യേശുവിനെ നമ്മൾ ഇപ്പോൾ എങ്ങനെ വീക്ഷിക്കുന്നു എന്നതാണ്.
“അൽപ്പംകൂടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല”
ഈ വാക്കുകൾ ഉച്ചരിച്ച ദിവസംതന്നെ യേശു മരിച്ചു. (യോഹന്നാൻ 14:19) അങ്ങനെ “അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി” യേശു കൊടുത്തു. (മത്തായി 20:28) മൂന്നാം ദിവസം ദൈവം യേശുവിനെ ഒരു “ആത്മവ്യക്തിയായി” ഉയിർപ്പിക്കുകയും ചില ശിഷ്യന്മാരുടെ “മുന്നിൽ പ്രത്യക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തു.” (1 പത്രോസ് 3:18; പ്രവൃത്തികൾ 10:40) ശിഷ്യന്മാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ യേശു കാഴ്ചയ്ക്ക് എങ്ങനെയിരുന്നു? യേശുവിന്റെ അടുത്ത സുഹൃത്തുക്കൾക്കുപോലും യേശുവിനെ പെട്ടെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. യേശുവിനെ കണ്ടപ്പോൾ മഗ്ദലക്കാരി മറിയയ്ക്ക് തോന്നിയത് ഒരു തോട്ടക്കാരനായിട്ടാണ്. എമ്മാവൂസിലേക്കു പോകുന്ന രണ്ട് ശിഷ്യന്മാർക്കാകട്ടെ ഒരു അപരിചിതനായും.—ലൂക്കോസ് 24:13-18; യോഹന്നാൻ 20:1, 14, 15.
ഇന്ന് യേശുവിനെ നമ്മൾ എങ്ങനെ ചിത്രീകരിക്കണം? യേശുവിന്റെ മരണത്തിന് 60 വർഷങ്ങൾക്കു ശേഷം പ്രിയശിഷ്യനായ യോഹന്നാൻ യേശുവിനെ ദർശനങ്ങളിൽ കണ്ടു. സ്തംഭത്തിൽ തൂങ്ങിക്കിടക്കുന്നതായിട്ടല്ല പകരം, “രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും” ആയിട്ടാണ് യോഹന്നാൻ യേശുവിനെ കണ്ടത്. അതായത്, ഭൂതങ്ങളും ദുഷ്ടമനുഷ്യരും അടങ്ങുന്ന ദൈവത്തിന്റെ ശത്രുക്കളെ വേഗത്തിൽ നശിപ്പിച്ചുകൊണ്ട് മനുഷ്യകുടുംബത്തിനു നിത്യമായ അനുഗ്രഹങ്ങൾ കൊണ്ടുവരുന്ന ദൈവരാജ്യത്തിന്റെ രാജാവായിട്ട്.—വെളിപാട് 19:16; 21:3, 4.