മുഖ്യലേഖനം | ഏറ്റവും നല്ല സമ്മാനം ഏതാണ്?
“എനിക്കു കിട്ടിയ ഏറ്റവും നല്ല സമ്മാനം”
ഒരു 13 വയസ്സുകാരിക്ക് പട്ടിക്കുഞ്ഞിനെ സമ്മാനമായി ലഭിച്ചപ്പോൾ അവൾ പറഞ്ഞത് അങ്ങനെയാണ്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ അച്ഛൻ സമ്മാനമായി വാങ്ങിത്തന്ന ഒരു കമ്പ്യൂട്ടർ തന്റെ ജീവിതം മാറ്റിമറിച്ചു എന്നാണ് ഒരു വലിയ ബിസിനെസ്സുകാരി പറഞ്ഞത്. ആദ്യത്തെ വിവാഹവാർഷികത്തിന് ഭാര്യ ഉണ്ടാക്കിക്കൊടുത്ത കാർഡാണ് തനിക്കു ലഭിച്ച ഏറ്റവും നല്ല സമ്മാനമെന്ന് ഈ അടുത്ത് വിവാഹം കഴിഞ്ഞ ഒരാൾ പറഞ്ഞു.
ഓരോ വർഷവും കൂട്ടുകാരുടെയും ബന്ധുക്കളുടെയും സന്തോഷവേളകളിൽ ഒരു “നല്ല” സമ്മാനം കൊടുക്കുന്നതിനായി പല ആളുകളും ഒരുപാടു സമയവും ശ്രമവും ചെലവഴിക്കുന്നു. അവരൊക്കെ ആമുഖത്തിൽ പറഞ്ഞതുപോലുള്ള അഭിപ്രായങ്ങൾ കേൾക്കാൻ കൊതിക്കുന്നവരാണ്. നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടോ? നല്ല സമ്മാനങ്ങൾ കൊടുക്കാനും മറ്റുള്ളവർ സമ്മാനങ്ങൾ നൽകുമ്പോൾ വിലമതിപ്പോടെ സ്വീകരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ഇതു നല്ല രസമുള്ള പരിപാടിയാണ്. കാരണം ഒരു സമ്മാനം കൊടുക്കുമ്പോൾ അതു കിട്ടുന്ന ആൾക്കു മാത്രമല്ല കൊടുക്കുന്ന ആൾക്കും സന്തോഷം തോന്നുന്നു. ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.” (പ്രവൃത്തികൾ 20:35) കൊടുക്കുന്ന സമ്മാനം മറ്റേ ആൾ വളരെ വിലമതിക്കുന്നെന്ന് അറിയുമ്പോൾ നമുക്കു കൂടുതൽ സന്തോഷം തോന്നുന്നു.
സമ്മാനം കൊടുക്കുമ്പോൾ നിങ്ങൾക്കും, സ്വീകരിക്കുന്ന വ്യക്തിക്കും സന്തോഷം കിട്ടണം. അത് എങ്ങനെ സാധിക്കും? ഒരാൾക്ക് ഏറ്റവും “നല്ല” സമ്മാനം കൊടുക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന ഒരു സമ്മാനം കൊടുക്കാൻ പറ്റുമോ?