3 പ്രശ്നങ്ങൾ—എങ്ങനെ ഒത്തുപോകാം?
ഒരിക്കലും ഒഴിവാക്കാനും പരിഹരിക്കാനും കഴിയാത്ത ചില പ്രശ്നങ്ങൾ ഇന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലും മരിക്കുന്നു. അല്ലെങ്കിൽ നിങ്ങൾക്ക് ഗുരുതരമായ ഒരു രോഗം പിടിപെടുന്നു. ഒരുപക്ഷേ ഈ പ്രശ്നങ്ങളുമായി ഒത്തുപോകാനുള്ള വഴികൾ അന്വേഷിക്കാനേ ഇനി കഴിയൂ. ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ബൈബിളിനു നമ്മളെ സഹായിക്കാൻ കഴിയുമോ?
മാറാരോഗം
റോസ് പറയുന്നു: “എനിക്ക് ഒരു ജനിതകരോഗമുണ്ട്. കഠിനവേദന തിന്നാണ് ഞാൻ ജീവിക്കുന്നത്. ഈ രോഗം എന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നു.” ബൈബിൾ പഠിക്കാനും ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ മനസ്സർപ്പിക്കാനും അവൾക്കു കഴിഞ്ഞിരുന്നില്ല. അതായിരുന്നു റോസിനെ ഏറെ വിഷമിപ്പിച്ചത്. എന്നാൽ മത്തായി 19:26-ലെ “ദൈവത്തിന് എല്ലാം സാധ്യം” എന്ന യേശുവിന്റെ വാക്കുകൾ അവളെ ഒരുപാടു സഹായിച്ചു. പല വിധങ്ങളിൽ ബൈബിൾ പഠിക്കാൻ കഴിയുമെന്ന കാര്യം റോസ് മനസ്സിലാക്കി. ചില സമയത്ത് അതിശക്തമായ വേദന കാരണം വായിക്കാൻ ബുദ്ധിമുട്ട് തോന്നുമ്പോൾ ബൈബിളിന്റെയും ബൈബിൾപ്രസിദ്ധീകരണങ്ങളുടെയും ഓഡിയോ റെക്കോർഡിങ്ങുകൾ a റോസ് കേൾക്കാൻതുടങ്ങി. അവൾ പറയുന്നു: “ഇങ്ങനെ ഒരു സഹായം ഇല്ലായിരുന്നെങ്കിൽ ദൈവവുമായുള്ള ബന്ധം ഞാൻ എങ്ങനെ നിലനിറുത്തിപ്പോരുമായിരുന്നു? അത് എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല.”
നേരത്തേ ചെയ്തിരുന്നതുപോലെ ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നു ചിന്തിച്ച് റോസ് വിഷമിച്ചിരിക്കുമ്പോൾ 2 കൊരിന്ത്യർ 8:12-ലെ വാക്കുകൾ അവളെ ആശ്വസിപ്പിക്കും. അവിടെ പറയുന്നു: “മനസ്സൊരുക്കമാണു പ്രധാനം. മനസ്സോടെ കൊടുക്കുന്നെങ്കിൽ അതായിരിക്കും ദൈവത്തിനു കൂടുതൽ സ്വീകാര്യം. ഒരാൾ തന്റെ കഴിവിന് അപ്പുറമല്ല, കഴിവനുസരിച്ച് കൊടുക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്.” റോസ് ചെയ്യുന്ന കാര്യങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നുണ്ടെന്ന് ഈ വാക്കുകൾ അവളെ ഓർമിപ്പിക്കുന്നു. കാരണം തന്റെ പരിമിതിക്കുള്ളിൽനിന്നുകൊണ്ട് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി റോസ് ചെയ്യുന്നു.
ദുഃഖം
ഡെൽഫിൻ ഓർക്കുന്നു: “18 വയസ്സുള്ള എന്റെ മകൾ മരിച്ചപ്പോൾ എനിക്കുണ്ടായ വേദന സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഇനിയങ്ങോട്ട് ജീവിക്കാൻ കഴിയുമോ എന്നുപോലും ചിന്തിച്ചു. അത്ര വലിയ വേദന ഞാൻ അനുഭവിച്ചിട്ടില്ല.” എന്നാൽ സങ്കീർത്തനം 94:19-ലെ വാക്കുകൾ ഡെൽഫിനെ ആശ്വസിപ്പിച്ചു. അവിടെ സങ്കീർത്തനക്കാരൻ ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “ആകുലചിന്തകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.” ഡെൽഫിൻ പറയുന്നു: “എന്റെ വേദന കുറയ്ക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നതിന് എന്നെ സഹായിക്കണേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു.”
മനസ്സോടെ മറ്റുള്ളവരെ സഹായിക്കാനായി ഡെൽഫിൻ മുന്നിട്ടിറങ്ങി. ഒടിഞ്ഞുപോയ ഒരു ചോക്ക് കഷണംപോലെയാണ് താനെന്ന് അവൾക്കു തോന്നി. ഒടിഞ്ഞ ചോക്ക് കഷണം ഉപയോഗിച്ച് വീണ്ടും എഴുതാൻ കഴിയുമല്ലോ. ഇതുപോലെ തന്റെ മനസ്സ് തകർന്നതാണെങ്കിലും, തനിക്കും മറ്റുള്ളവരെ സഹായിക്കാൻ കഴിയുമെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ പറയുന്നു: “മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുമ്പോൾ അവരെ ആശ്വസിപ്പിക്കാനായി ഞാൻ ബൈബിൾതത്ത്വങ്ങൾ ഉപയോഗിക്കാറുണ്ട്. ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ ചിന്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. ശരിക്കും പറഞ്ഞാൽ യഹോവ അതിലൂടെയെല്ലാം എന്നെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്ന് എനിക്കു പെട്ടെന്നു മനസ്സിലായി.” കൂടാതെ, തീവ്രമായ ദുഃഖത്തിന്റെ നാളുകളിലൂടെ കടന്നുപോയ ചില ബൈബിൾകഥാപാത്രങ്ങളുടെ ഒരു പട്ടിക ഡെൽഫിൻ ഉണ്ടാക്കി. അവൾ പറയുന്നു: “ആ ബൈബിൾകഥാപാത്രങ്ങൾക്കെല്ലാം കൂടെക്കൂടെ പ്രാർഥിക്കുന്ന ശീലമുണ്ടായിരുന്നു. ബൈബിൾ വായിച്ചാൽ മാത്രമേ എന്റെ പ്രശ്നങ്ങളുമായി ഒത്തുപോകാൻ കഴിയൂ എന്ന കാര്യവും ഞാൻ മനസ്സിലാക്കി.”
മറ്റൊരു പ്രധാനപ്പെട്ട കാര്യവും ബൈബിൾ ഡെൽഫിനെ പഠിപ്പിച്ചു: പിന്നിലേക്കല്ല, മുന്നിലേക്കു വേണം നോക്കാൻ. പ്രവൃത്തികൾ 24:15-ൽ പറഞ്ഞിരിക്കുന്ന പ്രത്യാശ ഡെൽഫിനെ ഒരുപാട് ആശ്വസിപ്പിക്കുന്നു. അവിടെ ഇങ്ങനെ പറയുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” മകളെ വീണ്ടും ജീവനിലേക്ക് യഹോവ കൊണ്ടുവരുമെന്ന കാര്യത്തിൽ ഡെൽഫിന് ഉറപ്പുണ്ടോ? ഡെൽഫിൻ പറയുന്നു: “എന്റെ മോളെ ഭാവിയിൽ ഞാൻ കാണും. ഞങ്ങൾ കണ്ടുമുട്ടേണ്ട ദിവസം എന്റെ പിതാവായ യഹോവ ഇപ്പോഴേ കുറിച്ചിട്ടിട്ടുണ്ട്! ഞാൻ പൂന്തോട്ടത്തിൽ നിൽക്കുമ്പോൾ അവൾ പുനരുത്ഥാനപ്പെട്ട് എന്റെ മുമ്പിൽ വരുന്നതും അവൾ ജനിച്ചപ്പോൾ എനിക്ക് അവളോടു തോന്നിയ അതേ സ്നേഹവാത്സല്യത്തോടെ അവളെ നോക്കുന്നതും ഒക്കെ എനിക്കു ഭാവനയിൽ കാണാൻ കഴിയുന്നുണ്ട്.”
a jw.org വെബ്സൈറ്റിൽ ഇത്തരത്തിലുള്ള പല റെക്കോർഡിങ്ങുകളും ലഭ്യമാണ്.
ഏറ്റവും ഇരുളടഞ്ഞ സമയങ്ങളിൽപോലും ആശ്വാസത്തിന്റെ വെളിച്ചം പകരാൻ ബൈബിളിനാകും