1 പ്രശ്നങ്ങൾ ഒഴിവാക്കാൻ
ബൈബിളിന്റെ ഉപദേശം ദൈവപ്രചോദിതമാണെന്നും അത് “പഠിപ്പിക്കാനും ശാസിക്കാനും കാര്യങ്ങൾ നേരെയാക്കാനും” സഹായിക്കുമെന്നും ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:16) അത് സത്യമാണോ? ജീവിതത്തിലെ ചില വലിയ പ്രശ്നങ്ങൾ ഏറെ വഷളാകുന്നതിനു മുമ്പ് ഒഴിവാക്കാൻ ബൈബിളിലെ ജ്ഞാനം ചില ആളുകളെ സഹായിച്ചിരിക്കുന്നത് എങ്ങനെയെന്നു നോക്കാം.
മദ്യത്തിന്റെ അമിതമായ ഉപയോഗം
മുൻ ലേഖനത്തിൽ കണ്ട ഡെൽഫിൻ അമിതമായ മദ്യപാനത്തിന്റെ വക്കിലെത്തിയത് ഉത്കണ്ഠകൾ കാരണമാണ്. ബൈബിൾ മദ്യത്തിന്റെ മിതമായ ഉപയോഗത്തെ കുറ്റം വിധിക്കുന്നില്ല. എന്നാൽ “കണക്കിലധികം വീഞ്ഞു കുടിക്കുന്നവരുടെ . . . കൂട്ടത്തിൽ കൂടരുത്” എന്ന് അതു മുന്നറിയിപ്പു തരുന്നു. (സുഭാഷിതങ്ങൾ 23:20) ഓരോ വർഷവും ലക്ഷങ്ങളെ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളിലേക്കും വ്യക്തിബന്ധങ്ങൾ തകരുന്നതിലേക്കും അകാലമരണത്തിലേക്കും ഒക്കെ കൊണ്ടെത്തിച്ചിരിക്കുന്നത് മദ്യത്തിന്റെ അമിതമായ ഉപയോഗമാണ്. ബൈബിളിന്റെ ജ്ഞാനമൊഴികൾ അനുസരിച്ചിരുന്നെങ്കിൽ അവർക്ക് അവയിൽ പലതും ഒഴിവാക്കാമായിരുന്നു.
ഡെൽഫിൻ അത് ചെയ്തു. അവൾ പറയുന്നു: “എന്റെ ഉത്കണ്ഠകൾ പരിഹരിക്കാൻ മദ്യത്തിനാകില്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. ഫിലിപ്പിയർ 4:6, 7-ലെ നിർദേശം ഞാൻ അനുസരിച്ചു. അവിടെ പറയുന്നു: ‘ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ. നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക.’ ചിന്തകളും ഉത്കണ്ഠകളും എന്നെ വീർപ്പുമുട്ടിക്കുന്ന രാത്രികളിൽ ഞാൻ യഹോവയോടു യാചിക്കും. ഞാൻ എന്റെ ദേഷ്യം, വേദന, നിരാശ, അങ്ങനെ എന്നെ അലട്ടുന്ന വികാരങ്ങളെക്കുറിച്ചെല്ലാം ദൈവത്തോടു പറയും. ശുഭചിന്തകൾകൊണ്ട് എന്റെ മനസ്സു നിറയ്ക്കാനുള്ള സഹായത്തിനായി ഞാൻ യാചിക്കും. രാവിലെ ഉണർന്നെണീറ്റശേഷവും നല്ല ചിന്തകൾകൊണ്ട് മനസ്സു നിറയ്ക്കാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. അപ്പോൾ അശുഭചിന്തകൾ എന്നെ കീഴ്പെടുത്തില്ല. ഈ ശീലം എനിക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കാതിരിക്കാനും ഇപ്പോൾ എനിക്കുള്ള അനുഗ്രഹങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നെ സഹായിക്കുന്നു. മദ്യം ഇനിയൊരിക്കലും കുടിക്കില്ലെന്നു ഞാൻ തീരുമാനിച്ചുറച്ചു. കാരണം, ഇപ്പോൾ എനിക്കുള്ള മനസ്സമാധാനം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് അത്ര വിലയേറിയതാണ്!”
ലൈംഗിക അധാർമികത
ഇന്ന് ഏറ്റവും അധികം ഹൃദയവേദനയ്ക്കും ദുരിതത്തിനും കാരണമായിത്തീർന്നിരിക്കുന്നത് ലൈംഗിക അധാർമികതയാണ്. ശൃംഗരിക്കുന്നതും അശ്ലീലം വീക്ഷിക്കുന്നതും ആണ് പലപ്പോഴും അതിലേക്കുള്ള ആദ്യപടികൾ. എന്നാൽ അത്തരം ശീലങ്ങൾ ഒഴിവാക്കാൻ ബൈബിൾതത്ത്വങ്ങൾക്കു നമ്മളെ സഹായിക്കാനാകും. “ശൃംഗരിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു” എന്നാണ് സാമുവൽ എന്ന ചെറുപ്പക്കാരൻ പറയുന്നത്. “ചിലപ്പോൾ ചില പെൺകുട്ടികളോട് എനിക്കു താത്പര്യമൊന്നും തോന്നിയിരുന്നില്ല. എന്നാലും അവർക്ക് എന്നെ ഇഷ്ടമാണെന്ന് അറിയുമ്പോൾ എനിക്കു ശൃംഗരിക്കാൻ തോന്നുമായിരുന്നു.” ശൃംഗരിക്കാത്ത ചില സാഹചര്യങ്ങളിൽപ്പോലും സാമുവൽ ശൃംഗരിച്ചതായി മറ്റുള്ളവർ ആരോപിച്ചു. അങ്ങനെയാണെങ്കിൽ ശൃംഗരിച്ചിട്ടുതന്നെ കാര്യം എന്നായി സാമുവൽ. പക്ഷേ ആ ശീലം സാമുവലിനെ അലട്ടി. “ശൃംഗാരം തെറ്റാണെന്ന് എനിക്ക് അറിയാം. കാരണം സ്വാർഥതയുള്ള മനോഭാവങ്ങൾ വളർന്നുവരാൻ ആ ശീലം ഇടയാക്കും.”
jw.org വെബ്സൈറ്റിലെ യുവജനങ്ങൾക്കുവേണ്ടിയുള്ള ഒരു ലേഖനം സാമുവൽ വായിച്ചു. അവിടെ സുഭാഷിതങ്ങൾ 20:11-ൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സാമുവൽ ചിന്തിച്ചു. അവിടെ ഇങ്ങനെ പറയുന്നു: “ഒരു കൊച്ചുകുഞ്ഞുപോലും അവന്റെ പ്രവൃത്തികൾകൊണ്ട് താൻ നിഷ്കളങ്കനും നേരുള്ളവനും ആണോ എന്നു വെളിപ്പെടുത്തുന്നു.” അത് എങ്ങനെയാണ് സാമുവലിനെ സഹായിച്ചത്? നിഷ്കളങ്കനും നേരുള്ളവനും ആയ ഒരാൾക്കു ചേരുന്നതല്ല ശൃംഗാരം എന്നു സാമുവൽ തിരിച്ചറിഞ്ഞു. ഇപ്പോൾ സാമുവൽ പറയുന്നു: “ശൃംഗരിക്കുന്ന ഒരു യുവാവ് ഭാവിയിൽ ഒരു മോശം വിവാഹിത ഇണയാകാനുള്ള ഗുണങ്ങളാണ് വളർത്തിയെടുക്കുന്നത്. ഞാൻ മറ്റൊരു സ്ത്രീയോടു ശൃംഗരിക്കുന്നത് എന്റെ ഭാവി വധു കണ്ടാൽ അവൾക്ക് എന്നെപ്പറ്റി എന്തു തോന്നും? ഇങ്ങനെ ചിന്തിച്ചത്, ഈ ശീലം മോശമാണെന്ന് തിരിച്ചറിയാൻ എന്നെ സഹായിച്ചു. ശൃംഗരിക്കാൻ എളുപ്പമാണെന്നു കരുതി അത് ശരിയാണെന്ന് അർഥമില്ല.” സാമുവൽ മാറ്റം വരുത്തി. അത് ലൈംഗിക അധാർമികതയിൽ വീഴാതിരിക്കാൻ സാമുവലിനെ സഹായിച്ചു.
ലൈംഗിക അധാർമികത എന്ന വലിയ അപകടത്തിൽ വീഴാതെ കഷ്ടിച്ച് രക്ഷപ്പെട്ട ഒരാളാണ് അന്റോണിയൊ. അദ്ദേഹം അശ്ലീലത്തിന് അടിമയായിരുന്നു. ഭാര്യയെ അതിയായി സ്നേഹിച്ചിരുന്നെങ്കിലും വിവാഹശേഷവും ഈ ശീലത്തിന് വീണ്ടുംവീണ്ടും അന്റോണിയൊ വഴിപ്പെട്ടുപോയി. എന്നാൽ, 1 പത്രോസ് 5:8-ലെ വാക്കുകളെക്കുറിച്ച് ചിന്തിച്ചത് അന്റോണിയൊയെ സഹായിച്ചു എന്ന് അദ്ദേഹം പറയുന്നു. അവിടെ ഇങ്ങനെ പറയുന്നു: “സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക! നിങ്ങളുടെ എതിരാളിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു നോക്കി ചുറ്റിനടക്കുന്നു.” അന്റോണിയൊ പറയുന്നു: “അശ്ലീലം വളരെ വ്യാപകമാണ്. നമുക്കു ചുറ്റും അതുണ്ട്. ആ ചിത്രങ്ങൾ മനസ്സിൽ പതിഞ്ഞുപോകാൻ ഇടയുണ്ട്. ആ ബൈബിൾവാക്യം പ്രലോഭനങ്ങൾ എവിടെനിന്നാണു വരുന്നതെന്ന് ചിന്തിക്കാൻ എന്നെ സഹായിച്ചു. വൃത്തികെട്ട ചിത്രങ്ങൾ കാണുമ്പോൾത്തന്നെ അത് സാത്താനിൽനിന്നാണ് വരുന്നതെന്നു മനസ്സിലാക്കി ഒഴിവാക്കാൻ ഞാൻ പഠിച്ചു. ‘സുബോധമുള്ള ആളായിരിക്കാനും ജാഗ്രതയോടിരിക്കാനും’ യഹോവയ്ക്കു മാത്രമേ എന്നെ സഹായിക്കാൻ കഴിയൂ എന്ന് എനിക്ക് ഇപ്പോൾ അറിയാം. അങ്ങനെ എന്റെ മനസ്സിനെയും ഹൃദയത്തെയും എന്റെ വിവാഹജീവിതത്തെയും ആക്രമിക്കുന്ന ആ ശക്തിക്കെതിരെ പോരാടാൻ എനിക്കു കഴിയുന്നു.” ആ ശീലത്തിൽനിന്ന് പുറത്തു വരാൻ വേണ്ട സഹായങ്ങളൊക്കെ അന്റോണിയൊ സ്വീകരിച്ചു. ഒടുവിൽ അദ്ദേഹം വിജയിച്ചു. അങ്ങനെ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നത് തടയാൻ അന്റോണിയൊയ്ക്ക് കഴിഞ്ഞു.
ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങൾ ബൈബിൾ നൽകുന്നു. എന്നാൽ ആഴത്തിൽ വേരുറച്ചുപോയ, പിഴുതെറിയാൻ ആകാത്ത പ്രശ്നങ്ങളോ? ബുദ്ധിമുട്ടുള്ള അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവത്തിന്റെ വചനം സഹായിക്കുന്നത് എങ്ങനെയെന്നു നോക്കാം.
ബൈബിളിലെ പ്രായോഗിക നിർദേശങ്ങൾ ചില പ്രശ്നങ്ങൾ ഒഴിവാക്കാൻ നമ്മളെ സഹായിക്കും