2 പ്രശ്നങ്ങൾ പരിഹരിക്കാൻ
ജീവിതത്തിലെ ചില പ്രശ്നങ്ങൾ നീണ്ടുനിൽക്കുന്നവയാണ്, ഒരുപക്ഷേ വർഷങ്ങളോളം. നമ്മൾ തിരിച്ചറിയുന്നതിനു മുമ്പുതന്നെ അവ നമ്മളെ പിടിമുറുക്കിയിട്ടുണ്ടാകാം. അത്തരം നിലനിൽക്കുന്നതും നിരാശപ്പെടുത്തുന്നതും ആയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള എന്തെങ്കിലും നിർദേശങ്ങൾ ബൈബിളിനു തരാനുണ്ടോ? ചില ഉദാഹരണങ്ങൾ:
അമിതമായ ഉത്കണ്ഠ
റോസി പറയുന്നു: “എന്റെ മനസ്സിനെ ഭാരപ്പെടുത്തുന്ന ചില ഉത്കണ്ഠകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഞാൻ. ചില കാര്യങ്ങൾ ഞാൻ വെറുതേ ചിന്തിച്ചുകൂട്ടും. ചിലപ്പോൾ കാര്യങ്ങൾ അങ്ങേയറ്റം വഷളാകുന്നതു ഭാവനയിൽ കണ്ട് ഞാൻ ഉത്കണ്ഠപ്പെടുമായിരുന്നു. പക്ഷേ, കാര്യങ്ങൾ യഥാർഥത്തിൽ അങ്ങനെയൊന്നുമായിരിക്കില്ല.” ഈ പ്രശ്നം പരിഹരിക്കാൻ റോസിയെ സഹായിച്ചത് ഏതു ബൈബിൾവാക്യമാണ്? മത്തായി 6:34. അവിടെ ഇങ്ങനെ പറയുന്നു: “അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.” യേശുവിന്റെ ഈ വാക്കുകൾ, നാളെ എന്ത് സംഭവിച്ചേക്കാമെന്ന് ഓർത്ത് ഉത്കണ്ഠപ്പെടാതിരിക്കാൻ തന്നെ സഹായിക്കുന്നു എന്നാണ് റോസി ഇപ്പോൾ പറയുന്നത്. റോസി കൂട്ടിച്ചേർക്കുന്നു: “ഇപ്പോൾത്തന്നെ എനിക്ക് ആവശ്യത്തിനു പ്രശ്നങ്ങളുണ്ട്. അതിന്റെകൂടെ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുകൂടി ഓർത്ത് ആകുലപ്പെടാൻ ഇനി ഞാനില്ല.”
യാസ്മിന് ഉത്കണ്ഠകൾകൊണ്ട് വീർപ്പുമുട്ടുന്നതുപോലെ തോന്നി. യാസ്മിൻ പറയുന്നു: “പല ദിവസങ്ങളിലും ഞാൻ കരച്ചിൽത്തന്നെയായിരുന്നു. ചില രാത്രികളിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. നിഷേധചിന്തകൾ എന്നെ ജീവനോടെ വിഴുങ്ങുന്നതുപോലെ എനിക്കു തോന്നി.” ഏതു ബൈബിൾവാക്യമാണ് യാസ്മിനെ സഹായിച്ചത്? 1 പത്രോസ് 5:7. അവിടെ ഇങ്ങനെ പറയുന്നു: “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.” യാസ്മിൻ പറയുന്നു: “ഞാൻ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. എന്റെ പ്രാർഥനകൾക്കു ദൈവം ഉത്തരം നൽകി. എന്റെ തോളത്തുനിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. നിഷേധചിന്തകൾ ഇടയ്ക്കിടെ മനസ്സിലേക്കു വരാറുണ്ട്. എന്നാൽ അതിനെ വരുതിയിൽ നിറുത്താൻ ഇപ്പോൾ എനിക്ക് അറിയാം.”
കാര്യങ്ങൾ പിന്നത്തേക്കു വെക്കുന്ന ശീലം
ഇസബെല്ല എന്ന ചെറുപ്പക്കാരി പറയുന്നു: “കാര്യങ്ങൾ പിന്നത്തേക്കു വെക്കുന്ന ശീലം പാരമ്പര്യമായി കിട്ടിയതാണെന്ന് എനിക്കു തോന്നുന്നു. കാരണം എന്റെ ഡാഡി അങ്ങനെയായിരുന്നു. ഞാനും പ്രധാനപ്പെട്ട കാര്യങ്ങൾ യാതൊരു കാരണവുമില്ലാതെ മാറ്റിവെക്കുമായിരുന്നു. ഒന്നുകിൽ വെറുതെ ഇരിക്കും അല്ലെങ്കിൽ ടിവി കാണും. ഒരു കാര്യം ഇങ്ങനെ പിന്നെ ചെയ്യാമെന്നു വെക്കുന്നത് മോശമായ ഒരു ശീലമാണ്. കാരണം അത് ആധി കൂട്ടും, ഒടുവിൽ ചെയ്യേണ്ട കാര്യം എങ്ങനെയെങ്കിലും ഒക്കെ ചെയ്തുതീർക്കേണ്ടിവരും.” ഈ ശീലം മാറ്റാൻ ഇസബെല്ലയെ സഹായിച്ച ഒരു ബൈബിൾതത്ത്വം 2 തിമൊഥെയൊസ് 2:15-ൽ കാണാം. അവിടെ ഇങ്ങനെ പറയുന്നു: “ലജ്ജിക്കാൻ കാരണമില്ലാത്ത പണിക്കാരനായി, ദൈവാംഗീകാരത്തോടെ തിരുസന്നിധിയിൽ നിൽക്കാൻ നിന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുക.” ഇസബെല്ല തുടർന്ന് പറയുന്നു: “ജോലി നീട്ടിനീട്ടി വെച്ച് അവസാനം അത് നന്നായി ചെയ്യാൻ പറ്റാതെവരും. അങ്ങനെ യഹോവയ്ക്കു അപമാനം വരുത്താൻ ഞാൻ ആഗ്രഹിച്ചില്ല.” ഇസബെല്ല അക്കാര്യത്തിൽ വളരെ മെച്ചപ്പെട്ടു.
ഇതുതന്നെയാണ് കെൽസിയുടെയും അഭിപ്രായം. “എനിക്കു ചെയ്യാനുള്ള പ്രോജക്ട് ചെയ്തുതീർക്കാൻ അവസാനനിമിഷംവരെ ഞാൻ കാത്തിരിക്കും. പിന്നെ ടെൻഷനായി, കരച്ചിലായി, ഉറക്കമില്ലാതായി. കാര്യങ്ങൾ പിന്നത്തേക്കു വെക്കുന്ന ശീലം അത്ര നല്ലതല്ല.” സുഭാഷിതങ്ങൾ 13:16-ൽ പറഞ്ഞിരിക്കുന്ന കാര്യം കെൽസിയെ സഹായിച്ചു: “വിവേകിയായ മനുഷ്യൻ അറിവ് നേടി കാര്യങ്ങൾ ചെയ്യുന്നു; എന്നാൽ വിഡ്ഢി തന്റെ വിഡ്ഢിത്തം തുറന്നുകാട്ടുന്നു.” ഈ ബൈബിൾവാക്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചത് തന്നെ എങ്ങനെയാണു സഹായിച്ചതെന്നു കെൽസി പറയുന്നു: “കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് ബുദ്ധി. ഇപ്പോൾ എന്റെ മേശപ്പുറത്ത് ഒരു ഡയറിയുണ്ട്. ചെയ്തുതീർക്കാനുള്ള ജോലികളൊക്കെ ഞാൻ അതിൽ എഴുതിവെക്കും. മുൻകൂട്ടി പ്ലാൻ ചെയ്യാനും കാര്യങ്ങൾ അവസാനനിമിഷത്തേക്ക് മാറ്റി വെക്കാതിരിക്കാനും ഇത് എന്നെ സഹായിക്കുന്നു.”
ഏകാന്തത
“എന്റെ ഭർത്താവ് എന്നെയും നാലു മക്കളെയും ഉപേക്ഷിച്ചുപോയി” എന്നു ക്രിസ്റ്റിൻ പറയുന്നു. ആ സാഹചര്യത്തിൽ ക്രിസ്റ്റിനെ സഹായിച്ച ബൈബിൾതത്ത്വം ഏതാണ്? സുഭാഷിതങ്ങൾ 17:17. അവിടെ പറയുന്നു: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.” യഹോവയുടെ സാക്ഷിയായ ക്രിസ്റ്റിൻ തന്റെ സഭയിലെ അംഗങ്ങളുടെ സഹായം തേടി. എന്തായിരുന്നു ഫലം? “സഭയിലെ എന്റെ കൂട്ടുകാർ എന്നെ സഹായിക്കാൻ എന്റെ ചുറ്റുമുണ്ടായിരുന്നു! ചിലർ ഭക്ഷണസാധനങ്ങൾ കൊണ്ടുവരും, ചിലർ സമ്മാനമായി പൂക്കൾ തരും. ഞങ്ങൾ വീട് മാറിയ മൂന്നു പ്രാവശ്യവും എന്നെയും കുട്ടികളെയും സഹായിക്കാൻ ഒരു കൂട്ടംതന്നെയാണ് എത്തിയത്! ഒരാൾ ഒരു ജോലി കണ്ടെത്താൻ എന്നെ സഹായിച്ചു. എന്തിനും ഏതിനും എന്റെ സുഹൃത്തുക്കൾ എന്നോടൊപ്പമുണ്ടായിരുന്നു.”
മുമ്പു പറഞ്ഞ ഡെൽഫിൻ ഏകാന്തതയുമായി മല്ലിട്ട ആളാണ്. തനിക്ക് എല്ലാം നഷ്ടപ്പെട്ട ആ സമയത്തെക്കുറിച്ച് അവൾ ഓർക്കുന്നു: “മറ്റുള്ളവരൊക്കെ കുടുംബത്തോടൊപ്പം ജീവിക്കുന്നു, എന്നാൽ ഞാൻ ആരോരുമില്ലാത്തവളാണെന്ന് എനിക്കു തോന്നി.” ഡെൽഫിനെ സഹായിച്ച ഒരു ബൈബിൾവാക്യം സങ്കീർത്തനം 68:6 ആണ്. അവിടെ ഇങ്ങനെ വായിക്കുന്നു: “ആരോരുമില്ലാത്തവർക്കു ദൈവം വീടു നൽകുന്നു.” അവൾ പറയുന്നു: “ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന വീട് ശരിക്കുമുള്ള ഒരു വീടല്ല എന്ന് എനിക്ക് അറിയാം. മറിച്ച്, ദൈവം നൽകുന്നത് ആത്മീയകുടുംബമാണ്. യഹോവയെ സ്നേഹിക്കുന്ന, യഥാർഥബന്ധങ്ങൾക്കു വില കല്പിക്കുന്ന, വൈകാരികമായ അടുപ്പവും സുരക്ഷിതത്വവും ഒക്കെയുള്ള ഒരിടം. ആദ്യം യഹോവയോടു കൂടുതൽ അടുത്താലേ ഈ ആത്മീയകുടുംബത്തിലുള്ളവരോട് എനിക്ക് അടുക്കാനാകൂ എന്നു ഞാൻ മനസ്സിലാക്കി. സങ്കീർത്തനം 37:4 എന്നെ സഹായിച്ചെന്നു പറയാം. അവിടെ പറയുന്നു: ‘യഹോവയിൽ അത്യധികം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും.’”
ഡെൽഫിൻ തുടരുന്നു: “യഹോവയോട് ഇനിയും അടുക്കേണ്ടതുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. കാരണം ഏറ്റവും നല്ല സുഹൃത്താണ് ദൈവം. മറ്റുള്ളവരുടെ കൂടെ ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുടെ ഒരു പട്ടിക ഞാൻ ഉണ്ടാക്കി. അങ്ങനെ യഹോവയെ സ്നേഹിക്കുന്നവരോടൊപ്പം നല്ല സുഹൃദ്ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ എനിക്കു കഴിഞ്ഞു. മറ്റുള്ളവരുടെ നന്മ കാണാനും അവരുടെ കുറവുകൾ കണ്ടില്ലെന്നു വെക്കാനും ഞാൻ പഠിച്ചു.”
ദൈവത്തെ സേവിക്കുന്നവരാണെങ്കിലും അവർക്കെല്ലാം കുറവുകളുണ്ട്. യഹോവയുടെ സാക്ഷികൾ മറ്റുള്ളവരെപ്പോലെതന്നെ പല പ്രശ്നങ്ങളുമായി മല്ലടിക്കുന്നവരാണ്. എന്നാൽ ബൈബിളിൽനിന്ന് അവർക്കു കിട്ടുന്ന പരിശീലനം, സാധ്യമാകുമ്പോഴൊക്കെ മറ്റുള്ളവരെ സഹായിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. അത്തരം കൂട്ടുകാരെ നേടാനാകുന്നത് ജ്ഞാനപൂർവമായ ഒരു കാര്യംതന്നെയാണ്. എന്നാൽ ഇന്ന് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുമായി, ഉദാഹരണത്തിന് ഗുരുതരമായ രോഗങ്ങളോ വിഷാദമോ ഒക്കെ ആയി ഒത്തുപോകാൻ ബുദ്ധിമുട്ടാണെങ്കിൽ അതിനു സഹായകമായ ബൈബിൾതത്ത്വങ്ങൾ എന്തെങ്കിലുമുണ്ടോ?
ബൈബിളിലെ ഉപദേശങ്ങൾ അനുസരിക്കുന്നത് നല്ല പിന്തുണയേകുന്ന കൂട്ടുകാരെ കണ്ടെത്താൻ നിങ്ങളെ സഹായിക്കും