സഹമനുഷ്യനെ എങ്ങനെ സ്നേഹിക്കാം?
ആദ്യമനുഷ്യനായ ആദാമിന്റെ പിൻതലമുറക്കാരെന്നനിലയിൽ, നമ്മളെല്ലാം ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹവും ബഹുമാനവും കാണിക്കാനാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും ഇന്ന് അങ്ങനെയൊരു സ്നേഹം കാണുന്നില്ല. പക്ഷേ ഇതല്ല സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നത്.
സ്നേഹത്തെക്കുറിച്ച് വിശുദ്ധതിരുവെഴുത്തുകൾ പറയുന്നത്
“നിന്റെ സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.”—ലേവ്യ 19:18.
“ശത്രുക്കളെ സ്നേഹിക്കുക.”—മത്തായി 5:44.
സഹമനുഷ്യനെ സ്നേഹിക്കുക എന്നതിന്റെ അർഥം
ദൈവം തന്റെ വചനത്തിൽ സ്നേഹത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത് 1 കൊരിന്ത്യർ 13:4-7 വരെയുള്ള ഭാഗങ്ങളിൽ കാണാം:
“സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്.”
ചിന്തിക്കുക: മറ്റുള്ളവർ നിങ്ങളോടു ക്ഷമയോടും ദയയോടും കൂടെ ഇടപെടുന്നു, നിങ്ങൾക്കു തെറ്റുപറ്റുമ്പോൾ ദേഷ്യപ്പെടുന്നില്ല. നിങ്ങൾക്ക് എന്തു തോന്നും?
“സ്നേഹം അസൂയപ്പെടുന്നില്ല.”
ചിന്തിക്കുക: മറ്റുള്ളവർ നിങ്ങളെ എപ്പോഴും സംശയിക്കുകയും നിങ്ങളോട് അസൂയയോടെ ഇടപെടുകയും ചെയ്യുന്നു. അപ്പോൾ നിങ്ങൾക്ക് എന്തു തോന്നും?
സ്നേഹം “സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല.”
ചിന്തിക്കുക: മറ്റുള്ളവർ നിങ്ങളുടെ വീക്ഷണത്തെ മാനിക്കുകയും തങ്ങളുടെ അഭിപ്രായം സ്വീകരിക്കണമെന്നു ശഠിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും?
സ്നേഹം “ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല.”
ചിന്തിക്കുക: തെറ്റു ചെയ്തവർ ആത്മാർഥമായി പശ്ചാത്തപിക്കുമ്പോൾ ദൈവം അവരോടു ക്ഷമിക്കുന്നു. “ദൈവം എപ്പോഴും കുറ്റം കണ്ടുപിടിക്കാൻ നോക്കുന്നില്ല; എന്നെന്നും നീരസം വെച്ചുകൊണ്ടിരിക്കുന്നുമില്ല.” (സങ്കീർത്തനം 103:9) നമ്മൾ മറ്റുള്ളവരെ വിഷമിപ്പിച്ചിട്ടും അവർ അതു കാര്യമാക്കാതെ നമ്മളോടു ക്ഷമിക്കുമ്പോൾ നമുക്കു സന്തോഷം തോന്നില്ലേ? അതുകൊണ്ട് മറ്റുള്ളവർ നമ്മളോടു മോശമായി പെരുമാറിയാലും നമ്മൾ അവരോടു ക്ഷമിക്കേണ്ടതല്ലേ?—സങ്കീർത്തനം 86:5.
സ്നേഹം ‘അനീതിയിൽ സന്തോഷിക്കുന്നില്ല.’
ചിന്തിക്കുക: നമുക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മറ്റുള്ളവർ അതിൽ സന്തോഷിക്കാൻ നമ്മൾ ആഗ്രഹിക്കില്ല. അതുപോലെ മറ്റുള്ളവർക്കു ബുദ്ധിമുട്ടുകൾ ഉണ്ടായാൽ നമ്മളും അതിൽ സന്തോഷിക്കരുത്, അവർ നമ്മളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽപ്പോലും.
ദൈവത്തിന്റെ അനുഗ്രഹം ലഭിക്കണമെങ്കിൽ മറ്റുള്ളവരുടെ പ്രായമോ ദേശമോ മതപശ്ചാത്തലമോ ഒന്നും നോക്കാതെ അവരെ സ്നേഹിക്കണം. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതാണ് അതിനുള്ള ഒരു വഴി.