ദൈവരാജ്യത്തിന്റെ നേട്ടങ്ങൾ
ദൈവരാജ്യം വരാൻവേണ്ടി പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. ഇന്നു ഭൂമിയിൽ നടക്കുന്ന പരിതാപകരമായ അവസ്ഥകൾ ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങളല്ല. ഈ പ്രശ്നങ്ങൾക്കുള്ള പോംവഴി കൊണ്ടുവരാൻ ദൈവരാജ്യഗവൺമെന്റിനു മാത്രമേ കഴിയൂ. ദൈവരാജ്യം എന്തൊക്കെ നേട്ടങ്ങൾ കൈവരിക്കും?
ദൈവരാജ്യം ഇതുവരെ എന്തൊക്കെ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്?
മുൻലേഖനത്തിൽ യേശു പറഞ്ഞ അടയാളത്തെക്കുറിച്ച് ചില കാര്യങ്ങൾ നമ്മൾ മനസ്സിലാക്കി. യേശുക്രിസ്തു രാജാവായിട്ടുള്ള ദൈവരാജ്യഗവൺമെന്റ് സ്വർഗത്തിൽ സ്ഥാപിതമായി എന്നതിന്റെ ദൃശ്യമായ തെളിവാണ് ആ അടയാളം.
ബൈബിൾ പറയുന്നത്, അധികാരം ലഭിക്കുമ്പോൾ യേശു സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് പുറത്താക്കും എന്നാണ്. ദൈവരാജ്യം സ്ഥാപിതമായപ്പോൾ യേശു അതാണ് ചെയ്തത്. ഇപ്പോൾ അവരുടെ പ്രവർത്തനം ഭൂമിയിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു. അതാണ് 1914 മുതൽ പ്രശ്നങ്ങൾ ഇത്രയധികം വഷളാകാൻ ഒരു കാരണം.—വെളിപാട് 12:7, 9.
ലോകാവസ്ഥകൾ വളരെ മോശമാണെങ്കിലും ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശു ഭൂമിയിലുള്ള ആളുകളെ സഹായിക്കുന്നതിനുവേണ്ടി ചില കാര്യങ്ങൾ ചെയ്തിരിക്കുന്നു. അതിൽ എടുത്തുപറയേണ്ട ഒന്നാണ് യേശു മുൻകൂട്ടിപ്പറഞ്ഞ ലോകമെങ്ങും നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടി. ഈ പരിപാടിയിലൂടെ അനേകം ആളുകൾ ബൈബിൾതത്ത്വങ്ങൾ പഠിക്കുകയും അത് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. (യശയ്യ 2:2-4) നല്ല തൊഴിൽശീലങ്ങൾ വളർത്തിയെടുക്കാനും മെച്ചപ്പെട്ട കുടുംബജീവിതം നയിക്കാനും വസ്തുവകകൾക്ക് അടിമകളാകാതെ അതിനോടു ശരിയായ മനോഭാവം വെച്ചുപുലർത്താനും ലക്ഷക്കണക്കിന് ആളുകൾ പഠിച്ചിരിക്കുന്നു. അവർ ഇപ്പോൾത്തന്നെ പ്രയോജനപ്രദമായ പല കാര്യങ്ങളും പഠിക്കുന്നു. കൂടാതെ, തന്റെ രാജ്യത്തിലെ പ്രജകൾ ആയിരിക്കാൻ ദൈവം ആഗ്രഹിക്കുന്ന തരം വ്യക്തികളായി അവർ മാറിക്കൊണ്ടിരിക്കുന്നു.
ദൈവരാജ്യം ഉടൻ കൈവരിക്കാൻ പോകുന്ന നേട്ടങ്ങൾ
യേശു ഇതിനോടകം സ്വർഗത്തിൽ ഭരണം തുടങ്ങിയെങ്കിലും ഭൂമിയിൽ ഇപ്പോഴും മനുഷ്യർ തന്നെയാണ് ഭരിക്കുന്നത്. എന്നാൽ ദൈവം യേശുവിനോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “ശത്രുക്കളുടെ ഇടയിലേക്കു ചെന്ന് അവരെ കീഴടക്കി മുന്നേറൂ!” (സങ്കീർത്തനം 110:2) പെട്ടെന്നുതന്നെ യേശു, തന്നെ എതിർക്കുന്ന ഏവരെയും നശിപ്പിക്കും. അതിനു ശേഷം ദൈവത്തെ അനുസരിക്കാൻ മനസ്സൊരുക്കം കാണിക്കുന്ന എല്ലാവർക്കും ആശ്വാസം കൊടുക്കും.
അന്ന് ദൈവരാജ്യം:
-
വ്യാജമതങ്ങളെ ഇല്ലാതാക്കും. ദൈവത്തെക്കുറിച്ച് നുണകൾ പഠിപ്പിച്ചുകൊണ്ട് ആളുകളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടാക്കിത്തീർക്കുന്ന മതങ്ങളെ ഇല്ലാതാക്കും. വ്യാജമതങ്ങളെ ഒരു വേശ്യയായാണു ബൈബിൾ ചിത്രീകരിക്കുന്നത്. അതിന്റെ നാശം അനേകർക്കും ഒരു ഞെട്ടൽത്തന്നെയായിരിക്കും.—വെളിപാട് 17:15, 16.
-
മനുഷ്യഭരണം അവസാനിപ്പിക്കും. ദൈവരാജ്യം മനുഷ്യന്റെ ഭരണത്തിന് അവസാനം വരുത്തും.—വെളിപാട് 19:15, 17, 18.
-
ദുഷ്ടമനുഷ്യരെ ഇല്ലാതാക്കും. തെറ്റ് ചെയ്യുന്നതിൽ തുടരാൻ തീരുമാനിച്ചുറച്ചിരിക്കുന്നവരെയും ദൈവത്തെ അനുസരിക്കാൻ കൂട്ടാക്കാത്തവരെയും എന്തു ചെയ്യും? “ദുഷ്ടന്മാരെ ഭൂമിയിൽനിന്ന് ഇല്ലാതാക്കും.”—സുഭാഷിതങ്ങൾ 2:22.
-
സാത്താനെയും ഭൂതങ്ങളെയും നശിപ്പിക്കും. സാത്താനും ഭൂതങ്ങൾക്കും ‘ഇനി ജനതകളെ വഴിതെറ്റിക്കാനാകില്ല.’—വെളിപാട് 20:3, 10.
ദൈവരാജ്യത്തെ മനസ്സോടെ പിന്തുണയ്ക്കുന്നവർക്ക് ഇത് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
മനുഷ്യർക്കുവേണ്ടി ദൈവരാജ്യം എന്തു ചെയ്യും?
സ്വർഗത്തിലെ രാജാവായി ഭരിക്കുന്ന യേശു ഏതൊരു മനുഷ്യഭരണാധികാരിക്കും നേടാൻ കഴിയുന്നതിനും അപ്പുറമായ നേട്ടങ്ങൾ കൈവരിക്കും. മനുഷ്യരിൽനിന്ന് തിരഞ്ഞെടുത്തിരിക്കുന്ന 1,44,000 പേർ യേശുവിനോടൊപ്പം സഹഭരണാധിപന്മാരായി ഭരിക്കും. (വെളിപാട് 5:9, 10; 14:1, 3) ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ നടപ്പിലാകുന്നുണ്ടെന്ന കാര്യം യേശു ഉറപ്പാക്കും. ദൈവരാജ്യം ഭൂമിയിലെ പ്രജകൾക്കുവേണ്ടി എന്തു ചെയ്യും?
-
രോഗവും മരണവും ഇല്ലാതാക്കും. “‘എനിക്കു രോഗമാണ്’ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.” “മേലാൽ മരണം ഉണ്ടായിരിക്കില്ല.”—യശയ്യ 33:24; വെളിപാട് 21:4.
-
യഥാർഥ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കും. “നിന്റെ പുത്രന്മാർ അളവറ്റ സമാധാനം ആസ്വദിക്കും.” “അവർ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും; ആരും അവരെ പേടിപ്പിക്കില്ല.”—യശയ്യ 54:13; മീഖ 4:4.
-
നല്ല ജോലി ലഭിക്കും. “ഞാൻ തിരഞ്ഞെടുത്തവർ മതിവരുവോളം തങ്ങളുടെ അധ്വാനഫലം ആസ്വദിക്കും. അവരുടെ അധ്വാനം വെറുതേയാകില്ല.”—യശയ്യ 65:22, 23.
-
പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കും. “വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും, മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.”—യശയ്യ 35:1.
-
എന്നേക്കും ജീവിക്കാൻ എന്തു ചെയ്യണം എന്നു പഠിപ്പിക്കും. “ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.”—യോഹന്നാൻ 17:3.
ആ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കാൻ ദൈവം ആഗ്രഹിക്കുന്നു. (യശയ്യ 48:18) ഈ മനോഹരമായ ഭാവിക്കായി നിങ്ങൾക്ക് എന്തു ചെയ്യാം? അടുത്ത ലേഖനം അതെക്കുറിച്ചുള്ളതാണ്.