ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടോ?
എന്റെ പ്രാർഥനകൾ ദൈവം കേൾക്കുമോ എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് മാത്രമല്ല അങ്ങനെ തോന്നിയിട്ടുള്ളത്. കാരണം പലരും തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ദൈവത്തോട് പ്രാർഥിച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രശ്നങ്ങൾ മാറിയിട്ടില്ല. അതിന്റെ അർഥം ദൈവം നമ്മുടെ പ്രാർഥനകൾ ശ്രദ്ധിക്കുന്നേ ഇല്ല എന്നാണോ? ഒരിക്കലുമല്ല! ശരിയായ വിധത്തിൽ പ്രാർഥിക്കുമ്പോൾ ദൈവം കേൾക്കുമെന്നു ബൈബിൾ ഉറപ്പു തരുന്നു. എന്താണു ബൈബിൾ പറയുന്നത്? നമുക്കു നോക്കാം.
ദൈവം കേൾക്കുന്നുണ്ട്.
“പ്രാർഥന കേൾക്കുന്നവനേ, എല്ലാ തരം ആളുകളും അങ്ങയുടെ അടുത്ത് വരും.”—സങ്കീർത്തനം 65:2.
ദൈവം കേൾക്കുന്നുണ്ടോ എന്ന് ഉറപ്പില്ലെങ്കിൽപ്പോലും ചില ആളുകൾ പ്രാർഥിക്കാറുണ്ട്. അവർ പറയുന്നത്, പ്രാർഥിക്കുമ്പോൾ മനസ്സമാധാനം കിട്ടും എന്നാണ്. എന്നാൽ പ്രാർഥന എന്നത് പ്രശ്നങ്ങളുണ്ടാകുമ്പോൾ കേവലം മനസ്സമാധാനം കിട്ടാനുള്ള ഒരു ‘ഒറ്റമൂലി’ ആണോ? അല്ല. കാരണം ബൈബിൾ നമുക്ക് ഈ ഉറപ്പു തരുന്നു: ‘തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, അതെ, ആത്മാർഥതയോടെ തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും, യഹോവ a സമീപസ്ഥൻ. സഹായത്തിനായുള്ള അവരുടെ നിലവിളി ദൈവം കേൾക്കുന്നു.’—സങ്കീർത്തനം 145:18, 19.
അതുകൊണ്ട്, തന്നെ ആരാധിക്കുന്നവരുടെ പ്രാർഥന യഹോവ കേൾക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. കാരണം സ്നേഹത്തോടെ ദൈവം പറയുകയാണ്: “നിങ്ങൾ എന്നെ വിളിക്കും; വന്ന് എന്നോടു പ്രാർഥിക്കും. ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും.”—യിരെമ്യ 29:12.
നമ്മൾ പ്രാർഥിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ട്.
“മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.”—റോമർ 12:12.
‘എപ്പോഴും പ്രാർഥിക്കാനും’ ‘ഏതു സാഹചര്യത്തിലും പ്രാർഥിച്ചുകൊണ്ടിരിക്കാനും’ ആണ് ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. അതെ, തന്നോടു പ്രാർഥിക്കാൻ ദൈവമായ യഹോവ ആഗ്രഹിക്കുന്നു.—മത്തായി 26:41; എഫെസ്യർ 6:18
നമ്മൾ ദൈവത്തോടു പ്രാർഥിക്കാൻ ദൈവം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? ഒന്നു ചിന്തിക്കുക. “ഡാഡീ, എന്നെ ഒന്ന് സഹായിക്കാമോ?” എന്ന് തന്റെ കുട്ടി ചോദിക്കുന്നതു കേൾക്കാൻ ആഗ്രഹിക്കാത്ത ഏതു പിതാവാണുള്ളത്? കുട്ടിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒക്കെ ആ പിതാവിന് നന്നായിട്ട് അറിയാമായിരിക്കും. എങ്കിലും ആ ചോദ്യം കേൾക്കുമ്പോൾ കുട്ടിക്കു തന്നോട് അടുപ്പമുണ്ടെന്നും തന്നിൽ ആശ്രയിക്കുന്നുണ്ടെന്നും പിതാവിനു മനസ്സിലാകും. അതുപോലെ ദൈവമായ യഹോവയോടു പ്രാർഥിക്കുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്നെന്നും ദൈവത്തോട് അടുക്കാൻ ആഗ്രഹിക്കുന്നെന്നും നമ്മൾ കാണിക്കുകയായിരിക്കും.—സുഭാഷിതങ്ങൾ 15:8; യാക്കോബ് 4:8.
ദൈവത്തിന് നിങ്ങളിൽ ശരിക്കും താത്പര്യമുണ്ട്.
“ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.”—1 പത്രോസ് 5:7.
ദൈവം നമ്മളെ സ്നേഹിക്കുകയും നമുക്കുവേണ്ടി കരുതുകയും ചെയ്യുന്നു. അതുകൊണ്ട് നമ്മൾ ദൈവത്തോടു സംസാരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ പ്രശ്നങ്ങളും ഉത്കണ്ഠകളും ഒക്കെ നന്നായി അറിയാവുന്നതുകൊണ്ട് ദൈവത്തിനു നമ്മളെ സഹായിക്കണമെന്നുമുണ്ട്.
ദാവീദ് രാജാവ് തന്റെ ജീവിതത്തിൽ എപ്പോഴും ദൈവമായ യഹോവയോടു സഹായത്തിനായി പ്രാർഥിച്ചു. തന്റെ ചിന്തകളും വികാരങ്ങളും എല്ലാം തുറന്നു പറഞ്ഞു. (സങ്കീർത്തനം 23:1-6) ദാവീദിനെക്കുറിച്ച് ദൈവത്തിന് എന്താണ് തോന്നിയത്? ദാവീദിനെ ദൈവം സ്നേഹിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ പ്രാർഥനകൾ ദൈവം കേട്ടു. (പ്രവൃത്തികൾ 13:22) അതുപോലെ, ദൈവത്തിനു നമ്മളിൽ താത്പര്യമുള്ളതുകൊണ്ട് നമ്മുടെ പ്രാർഥനകളും ദൈവം കേൾക്കും.
“ദൈവം എന്റെ സ്വരം കേൾക്കുന്നതിനാൽ . . . ഞാൻ യഹോവയെ സ്നേഹിക്കുന്നു”
ബൈബിളിലെ സങ്കീർത്തനങ്ങൾ എഴുതിയ ഒരാളുടെ വാക്കുകളാണിത്. ദൈവം തന്റെ പ്രാർഥനകൾ കേട്ടെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പ്രാർഥന അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. അതിലൂടെ ദൈവത്തോടു കൂടുതൽ അടുത്തതായി അദ്ദേഹത്തിനു തോന്നി. കൂടാതെ, ജീവിതത്തിൽ കഷ്ടതകളും കടുത്ത ദുഃഖങ്ങളും ഒക്കെ ഉണ്ടായപ്പോൾ പിടിച്ചുനിൽക്കാനുള്ള ശക്തിയും അദ്ദേഹത്തിനു കിട്ടി.—സങ്കീർത്തനം 116:1-9.
നമ്മുടെ പ്രാർഥനകൾ ദൈവം കേൾക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ നമ്മൾ പ്രാർഥിക്കുന്നതു നിറുത്തില്ല. വടക്കൻ സ്പെയിനിലുള്ള പെഡ്രോയുടെ അനുഭവം ശ്രദ്ധിക്കുക. ഒരു വാഹനാപകടത്തിൽ 19 വയസ്സുള്ള തന്റെ മകനെ അദ്ദേഹത്തിനു നഷ്ടപ്പെട്ടു. തന്റെ ഉള്ളിൽ തോന്നിയ വിഷമങ്ങളെല്ലാം പെഡ്രോ ദൈവത്തെ അറിയിച്ചു, ആശ്വാസത്തിനും പിന്തുണയ്ക്കും ആയി കൂടെക്കൂടെ പ്രാർഥിച്ചു. എന്തായിരുന്നു പ്രയോജനം? പെഡ്രോ പറയുന്നു: “എന്റെ സഹവിശ്വാസികളിലൂടെ എനിക്കും ഭാര്യക്കും വേണ്ട ആശ്വാസവും പിന്തുണയും ഒക്കെ യഹോവ തന്നു. അതായിരുന്നു എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരം.”
മകൻ ജീവനിലേക്ക് തിരിച്ചുവന്നില്ലെങ്കിലും പ്രാർഥന പെഡ്രോയെയും കുടുംബത്തെയും ഒരുപാടു സഹായിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മരിയ കാർമെൻ പറയുന്നത് ഇതാണ്: “ഈ കടുത്ത ദുഃഖം സഹിച്ചുനിൽക്കാൻ പ്രാർഥന എന്നെ സഹായിച്ചു. യഹോവ എന്നെ മനസ്സിലാക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. കാരണം പ്രാർഥിച്ചപ്പോൾ എനിക്ക് വളരെയധികം ആശ്വാസവും സമാധാനവും ഒക്കെ ലഭിക്കുമായിരുന്നു.”
ബൈബിളും ഇതുപോലുള്ള അനുഭവങ്ങളും ഒക്കെ കാണിക്കുന്നത് ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ട് എന്നാണ്. എന്നാൽ എല്ലാ പ്രാർഥനകൾക്കും ദൈവം ഉത്തരം തരുമെന്നു പ്രതീക്ഷിക്കാനാകില്ല. എന്തുകൊണ്ടാണ് ദൈവം ചില പ്രാർഥനകൾക്ക് ഉത്തരം കൊടുക്കുന്നത്? മറ്റു ചിലതിന് ഉത്തരം കൊടുക്കാത്തത്?
a യഹോവ എന്നാണ് ദൈവത്തിന്റെ വ്യക്തിപരമായ പേര്.—സങ്കീർത്തനം 83:18.