പ്രാർഥിക്കുന്നതിനെക്കുറിച്ച് ചിലരുടെ അഭിപ്രായം
“പ്രാർഥിക്കുമ്പോൾ ദൈവം എന്റെ കൂടെയുള്ളതുപോലെ എനിക്ക് തോന്നും. എന്തു ചെയ്യണമെന്ന് അറിയാത്തപ്പോൾ ദൈവം എന്നെ കൈപിടിച്ച് നടത്തുന്നതുപോലെ എനിക്ക് അനുഭവപ്പെടും.”—മരിയ.
“13 വർഷം കാൻസറിനോടു പൊരുതിയാണ് എന്റെ ഭാര്യ മരിച്ചത്. എല്ലാ ദിവസവും ഞാൻ ദൈവത്തോടു പ്രാർഥിക്കാറുണ്ടായിരുന്നു. എന്റെ വിഷമങ്ങളൊക്കെ ദൈവം കേൾക്കുന്നുണ്ടെന്നു മനസ്സിലായപ്പോൾ എനിക്കു വലിയ ആശ്വാസം തോന്നി.”—റോൾ.
“ദൈവം മനുഷ്യർക്കു തന്നിരിക്കുന്ന വിലയേറിയ ഒരു സമ്മാനമാണു പ്രാർഥന.”—ആർനെ.
മരിയ, റോൾ, ആർനെ എന്നിവരെപ്പോലെ അനേകരും പ്രാർഥനയെ ഒരു വിലയേറിയ സമ്മാനമായി കാണുന്നു. പ്രാർഥനയിലൂടെ ദൈവത്തോടു സംസാരിക്കാനും നന്ദി പറയാനും സഹായം ചോദിക്കാനും ഒക്കെ കഴിയുമെന്ന് അവർ കരുതുന്നു. പ്രാർഥനയെക്കുറിച്ച് ബൈബിൾ പറയുന്ന പിൻവരുന്ന വാക്കുകൾ സത്യമാണെന്ന് അവർ വിശ്വസിക്കുന്നു: “ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക് ഉറപ്പാണ്.”—1 യോഹന്നാൻ 5:14.
എന്നാൽ പ്രാർഥനയെക്കുറിച്ച് ബൈബിൾ പറയുന്ന ഈ വാക്കുകൾ അംഗീകരിക്കാൻ മറ്റു പലർക്കും ബുദ്ധിമുട്ട് തോന്നുന്നു. പ്രാർഥനയെപ്പറ്റി തനിക്ക് എന്താണു തോന്നിയതെന്നു സ്റ്റീവ് പറയുന്നു: “എനിക്ക് 17 വയസ്സുള്ളപ്പോൾ രണ്ട് അപകടങ്ങളിലായി എന്റെ മൂന്നു സുഹൃത്തുക്കൾ മരിച്ചു. രണ്ടുപേർ കടലിൽ മുങ്ങിയും ഒരാൾ കാറപകടത്തിലും.” സ്റ്റീവ് എന്താണു ചെയ്തത്? “ഞാൻ പ്രാർഥിച്ചു, ഇതെല്ലാം എന്തുകൊണ്ടാണു സംഭവിച്ചതെന്ന് ദൈവത്തോടു ചോദിച്ചു. പക്ഷേ എനിക്ക് ഉത്തരം കിട്ടിയില്ല. അതുകൊണ്ട്
ഞാൻ ചിന്തിച്ചു: ‘പ്രാർഥിച്ചിട്ട് എന്താ കാര്യം?’” പ്രാർഥനകൾക്ക് ഉത്തരം കിട്ടാതെവരുമ്പോൾ പ്രാർഥിക്കുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ എന്ന് ഇതുപോലെ പലരും ചിന്തിച്ചുപോകാറുണ്ട്.പ്രാർഥിക്കേണ്ട ആവശ്യമില്ലെന്ന് ആളുകൾക്കു തോന്നാൻ വേറെയും ചില കാരണങ്ങളുണ്ട്. എല്ലാം അറിയാവുന്ന ദൈവത്തിനു നമ്മുടെ ആവശ്യങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും അറിയാം. അതുകൊണ്ട് അതെക്കുറിച്ച് ദൈവത്തോടു പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നുമില്ല എന്ന് അവർ കരുതുന്നു.
ഇനി മറ്റു ചിലർ വിചാരിക്കുന്നതു മുമ്പു ചെയ്ത തെറ്റുകൾ കാരണം ദൈവം തങ്ങളുടെ പ്രാർഥന കേൾക്കില്ല എന്നാണ്. ജെന്നി പറയുന്നു: “എന്റെ ഏറ്റവും വലിയ പ്രശ്നം ഞാൻ വിലകെട്ടവളാണ് എന്ന തോന്നലാണ്. മോശമായ പല കാര്യങ്ങളും ഞാൻ ചെയ്തിട്ടുള്ളതുകൊണ്ട് ദൈവം എന്റെ പ്രാർഥന കേൾക്കുമെന്നു തോന്നുന്നില്ല, അതിനുള്ള യോഗ്യതയും എനിക്കില്ല.”
പ്രാർഥിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്? പ്രാർഥനയെപ്പറ്റി ഇതുപോലുള്ള ചിന്തകളോ സംശയങ്ങളോ നിങ്ങൾക്കുമുണ്ടോ? അവയ്ക്കുള്ള തൃപ്തികരമായ ഉത്തരം ബൈബിളിലുണ്ട് എന്നറിയുന്നതു നിങ്ങളെ ആശ്വസിപ്പിക്കും. പ്രാർഥനയെക്കുറിച്ച് a ബൈബിൾ പറയുന്ന ആ കാര്യങ്ങൾ നമുക്ക് വിശ്വസിക്കാം. പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകും:
-
ദൈവം ശരിക്കും നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടോ?
-
ചില പ്രാർഥനകൾക്ക് ഉത്തരം കിട്ടാത്തത് എന്തുകൊണ്ടാണ്?
-
ദൈവം കേൾക്കുന്ന വിധത്തിൽ നിങ്ങൾക്ക് എങ്ങനെ പ്രാർഥിക്കാം?
-
പ്രാർഥിക്കുന്നതു നിങ്ങളെ എങ്ങനെ സഹായിക്കും?
a പല ദൈവദാസന്മാരുടെയും പ്രാർഥനകൾ ബൈബിളിലുണ്ട്. യേശുക്രിസ്തുവിന്റെ പ്രാർഥനയും അതിൽപ്പെടും. പഴയനിയമം എന്നറിയപ്പെടുന്ന എബ്രായ തിരുവെഴുത്തുകളിൽ 150-ലധികം പ്രാർഥനകളുണ്ട്.